01 അല്‍ഫാതിഹഃ

ആമുഖം
നാമം
ഈ അധ്യായത്തിനു `അല്‍ഫാതിഹ` എന്നു നാമം ലഭിച്ചത് ഇതിലെ വിഷയം പരിഗണിച്ചാണ്. ഒരു ലേഖനമോ ഗ്രന്ഥമോ മറ്റേതെങ്കിലും കാര്യമോ ആരംഭിക്കുന്നതെന്തുകൊണ്ടാണോ അതിനു `ഫാതിഹ` എന്നു പറയുന്നു. മറ്റൊരു വിധം പറഞ്ഞാല്‍ ആമുഖം, മുഖവുര എന്നിവയുടെ പര്യായമാണ് ഫാതിഹ.  
അവതരണ കാലം
മുഹമ്മദ് നബി(സ)യുടെ ദൌത്യത്തിന്റെ ഏറ്റവും ആദ്യകാലത്ത് അവതരിച്ചതാണ് ഈ അധ്യായം. എന്നല്ല ഒരു പൂര്‍ണ അധ്യായമെന്ന നിലയില്‍ നബി (സ) തിരുമേനിക്ക് ആദ്യമായി അവതരിച്ചിട്ടുള്ളത് ഈ അധ്യായമാണെന്നു വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാകുന്നുണ്ട്. `അല്‍അലഖ്`, `അല്‍മുസ്സമ്മില്‍`, `അല്‍മുദ്ദസിര്‍` മുതലായ അധ്യായങ്ങളില്‍പെട്ട ഏതാനും സുക്തങ്ങളേ ഇതിനു മുമ്പ് അവതരിച്ചിരുന്നുള്ളൂ.  
ഉള്ളടക്കം
തന്റെ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനാരംഭിക്കുന്ന ഓരോ മനുഷ്യനും അല്ലാഹു പഠിപ്പിച്ച പ്രാര്‍ഥനയാണ് ഈ അധ്യായം. ഇത് ഗ്രന്ഥത്തിന്റെ പ്രാരംഭമായി വെച്ചതിന്റെ ഉദ്ദേശ്യം, യഥാര്‍ഥത്തില്‍ ഈ വിശുദ്ധഗ്രന്ഥം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ലോകനിയന്താവോട് ഈ പ്രാര്‍ഥന ചെയ്യണമെന്നാണ്. മനുഷ്യന്‍ ഒരു വസ്തുവിന്നുവേണ്ടി പ്രാര്‍ഥിക്കണമെങ്കില്‍ സ്വാഭാവികമായും അതിനെക്കുറിച്ചുള്ള ആശയും ആവേശവും അവന്റെ ഹൃദയത്തില്‍ അടിയുറച്ചിരിക്കണം. പ്രാര്‍ഥിക്കുന്നത് ആരോടാണോ അവന്റെ അധികാരവലയത്തിലാണ് ഉദ്ദിഷ്ട വസ്തു ഉള്ളതെന്ന ബോധം അവന്നുണ്ടായിരിക്കുകയും വേണം. അതിനാല്‍ വിശുദ്ധ ഖുര്‍ആന്റെ പ്രാരംഭത്തില്‍ തന്നെ ഈ പ്രാര്‍ഥന പഠിപ്പിച്ചുകൊണ്ട് അല്ലാഹു മനുഷ്യനെ ഉല്‍ബോധിപ്പിക്കുകയാണ്, ഈ ഗ്രന്ഥം സന്മാര്‍ഗം കണ്ടെത്തുവാനായി സത്യാന്വേഷണ മനഃസ്ഥിതിയോടെ പാരായണം ചെയ്യണമെന്ന്; ജ്ഞാനത്തിന്റെ ഉറവിടം ലോകനിയന്താവാണെന്ന് ഗ്രഹിച്ചും അതിനാല്‍ അവനോട് മാര്‍ഗദര്‍ശനത്തിന്നപേക്ഷിച്ചും പാരായണം ആരംഭിക്കണമെന്ന്. ഇത്രയും ഗ്രഹിക്കുന്നതുകൊണ്ട് ഒരു കാര്യം വ്യക്തമായി: ഖുര്‍ആനും `സുറത്തുല്‍ ഫാത്തിഹ`യുമായുള്ള യഥാര്‍ഥ ബന്ധം ഒരു ഗ്രന്ഥവും അതിന്റെ മുഖവുരയുമായുള്ള ബന്ധമല്ല; പ്രത്യുത, പ്രാര്‍ഥനയും പ്രത്യുത്തരവും തമ്മിലുള്ള ബന്ധമാണ്. `സൂറത്തുല്‍ ഫാതിഹ` അടിമയുടെ ഭാഗത്തുനിന്ന് അല്ലാഹുവോടുള്ള പ്രാര്‍ഥന; ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രത്യുത്തരവും. `നാഥാ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും` എന്ന് അടിമ പ്രാര്‍ഥിക്കുന്നു. അതിന്നുത്തരമായി `നീ എന്നില്‍നിന്ന് അര്‍ഥിക്കുന്ന സന്മാര്‍ഗമിതാ` എന്ന നിലക്ക് അവന്റെ മുമ്പില്‍ മുഴുവന്‍ ഖുര്‍ആനും അല്ലാഹു അവതരിപ്പിക്കുന്നു.
സൂക്തങ്ങളുടെ ആശയം
1-പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
2-സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.
3-പരമകാരുണികന്‍. ദയാപരന്‍.
4-വിധിദിനത്തിന്നധിപന്‍.
5-നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
6-ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.
7-നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.