ആമുഖം
നാമം
|
പ്രഥമ സൂക്തത്തിലെ تَبَارَكَ الذِى بِيَدِهِ الْمُلْكُഎന്ന വാക്യത്തില്‍ നിന്നുള്ള പദമാണ് അധ്യായനാമം.
അവതരണകാലം
ഈ സൂറ അവതരിച്ചതെന്നാണെന്ന് പ്രബലമായ നിവേദനങ്ങളില്‍ നിന്നൊന്നും വ്യക്തമാകുന്നില്ല. എങ്കിലും ഇത് നബി(സ)യുടെ മക്കാ ജീവിതത്തിലെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണെന്ന് ഉള്ളടക്കത്തില്‍നിന്നും ശൈലിയില്‍നിന്നും വ്യക്തമാകുന്നുണ്ട്.
ഉള്ളടക്കം
ഇതില്‍ ഒരുവശത്ത് ഇസ്ലാമികാധ്യാപനങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയിരിക്കുന്നു. മറുവശത്ത് പ്രജ്ഞാശൂന്യതയില്‍ വിഹരിക്കുന്ന ആളുകളെ ഉള്ളില്‍ത്തട്ടുംവണ്ണം താക്കീതു ചെയ്തിരിക്കുകയാണ്. ഇസ്ലാമികാധ്യാപനങ്ങളുടെ സാകല്യവും മുഹമ്മദ് നബിയുടെ നിയോഗലക്ഷ്യവും അവതരിപ്പിക്കുക എന്നത് മക്കീ സൂറകളുടെ സവിശേഷതയാണ്. വിശദമായിട്ടല്ല, സംക്ഷിപ്തമായി അത് ക്രമേണ ജനമനസ്സുകളിലടിയുറയ്ക്കുന്നതിനു വേണ്ടിയാണങ്ങനെ ചെയ്യുന്നത്. അതോടൊപ്പം അവയില്‍ ജനങ്ങളുടെ പ്രജ്ഞാരാഹിത്യം ദൂരീകരിക്കുന്നതിനും അവരെ ചിന്തിക്കാന്‍ പ്രേരിതരാക്കുന്നതിനും അവരുടെ ഉറങ്ങിക്കിടക്കുന്ന മനഃസാക്ഷിയെ ഉണര്‍ത്തുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. 1 മുതല്‍ 5 വരെ 67:15 സൂക്തങ്ങളില്‍, മനുഷ്യരെ അവര്‍ നിവസിക്കുന്ന ഈ പ്രപഞ്ചം അത്യന്തം വ്യവസ്ഥാപിതവും സുഭദ്രവുമായ ഒരു സാമ്രാജ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ്. അതിലെവിടെയും എത്ര പരതിനോക്കിയാലും ഒരു കുറ്റമോ കുറവോ വൈകല്യമോ കാണാവതല്ല. ശൂന്യതയില്‍ നിന്ന് പ്രപഞ്ചത്തിന് ഉണ്‍മയേകിയത് അല്ലാഹു മാത്രമാകുന്നു. അതിന്റെ ആസൂത്രണത്തിന്റെയും സംവിധാനത്തിന്റെയും ഭരണത്തിന്റെയും സര്‍വാധികാരങ്ങളും അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു. അവന്റെ കഴിവുകള്‍ അറ്റമില്ലാത്തതാണ്. അതോടൊപ്പം യുക്തിബന്ധുരമായ ഈ സംവിധാനത്തില്‍ മനുഷ്യന്‍ അലക്ഷ്യമായി സൃഷ്ടിക്കപ്പെട്ടവനല്ല എന്നുകൂടി ജനങ്ങളെ ധരിപ്പിക്കുന്നു. അവനിവിടെ പരീക്ഷാര്‍ഥം നിയോഗിക്കപ്പെട്ടവനാകുന്നു. തന്റെ സല്‍പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ പരീക്ഷയില്‍ വിജയം നേടാന്‍ കഴിയൂ. 6 മുതല്‍ 11 വരെ 67:6 സൂക്തങ്ങളില്‍, സത്യനിഷേധത്തിന് പരലോകത്ത് പ്രത്യക്ഷപ്പെടുന്ന ഭയാനകമായ അനന്തര ഫലങ്ങള്‍ വര്‍ണിച്ചിരിക്കുന്നു. അല്ലാഹു പ്രവാചകന്‍മാരെ അയച്ച് ഈ അനന്തര ഫലത്തെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇനി നിങ്ങള്‍ പ്രവാചക സന്ദേശം കൈക്കൊണ്ട് സ്വന്തം നിലപാടു ശരിപ്പെടുത്തുന്നില്ലെങ്കില്‍ പരലോകത്ത് നിങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷയ്ക്ക് യഥാര്‍ഥത്തില്‍ നിങ്ങള്‍ അര്‍ഹര്‍ തന്നെയാണെന്ന് സ്വയം സമ്മതിക്കേണ്ടിവരും. 12 മുതല്‍ 14 വരെ 67:12 സൂക്തങ്ങളില്‍, സ്രഷ്ടാവ് ഒരിക്കലും അവന്റെ സൃഷ്ടികളെക്കുറിച്ച് അശ്രദ്ധനാവുകയില്ല എന്ന യാഥാര്‍ഥ്യം ഊന്നിപ്പറഞ്ഞിരിക്കുകയാണ്. അവന്‍ നിങ്ങളുടെ പരസ്യവും പരോക്ഷവുമായ ഏതു കാര്യവും, എന്തിനേറെ, നിങ്ങളുടെ വിചാരങ്ങള്‍ പോലും അറിയുന്നു. അതിനാല്‍, സദാദര്‍ശിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ വിചാരണയെ ഭയപ്പെട്ടുകൊണ്ട് തിന്മകളില്‍ നിന്നകന്ന് വര്‍ത്തിക്കുക എന്നതാണ് സ്വഭാവ ധര്‍മങ്ങളുടെ സാധുവായ അടിത്തറ. ഇഹലോകത്ത് ഏതെങ്കിലും ശക്തി അതിന്റെ പേരില്‍ തന്നെ ശിക്ഷിക്കുമോ എന്നതും ഈ ലോകത്ത് അതിന്റെ പേരില്‍ തനിക്ക് വല്ല നഷ്ടവും വന്നേക്കുമോ എന്നതും അതില്‍ പ്രസക്തമായിക്കൂടാ. ഈ കര്‍മരീതി സ്വീകരിക്കുന്നവര്‍ മാത്രമാണ് പരലോകത്ത് അനുഗൃഹീതരും മഹത്തായ പ്രതിഫലത്തിനര്‍ഹരുമായിത്തീരുന്നത്. 15 മുതല്‍ 23 വരെ 67:1 സൂക്തങ്ങളില്‍, മനുഷ്യന്‍ കാര്യമായി ശ്രദ്ധിക്കാതെ സര്‍വസാധാരണമെന്നു കരുതി അവഗണിക്കുന്ന ചില പ്രാഥമിക യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ആവര്‍ത്തിച്ചുള്ള സൂചനകളിലൂടെ അവയെക്കുറിച്ച് ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. അല്ലാഹു പറയുന്നു: "നിങ്ങള്‍ സമാധാനത്തോടെ നടക്കുന്ന ഈ ഭൂമി നോക്കൂ. അതില്‍ നിന്ന് നിങ്ങള്‍ വിഭവങ്ങള്‍ നേടുന്നു. അല്ലാഹുവാണ് അതിനെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്. ഇല്ലെങ്കില്‍ ഏതു സമയത്തും നിങ്ങള്‍ മണ്ണായിപ്പോകാവുന്ന ഭൂകമ്പമുണ്ടാകാം. അല്ലെങ്കില്‍ നിങ്ങളെ കുഴച്ചു മറിച്ചുകളയുന്ന കൊടുങ്കാറ്റുണ്ടാകാം. നിങ്ങള്‍ക്കു മീതെ പറന്നുകൊണ്ടിരിക്കുന്ന പക്ഷികളെ നോക്കൂ. ദൈവം തന്നെയാണ് അവയെ അന്തരീക്ഷത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. നിങ്ങളുടെ ഉപകരണങ്ങളെയും ഉപാധികളെയുമെല്ലാം കുറിച്ച് ചിന്തിച്ചു നോക്കൂ. ദൈവം നിങ്ങളെ ദുരിതത്തിലാഴ്ത്തുകയാണെങ്കില്‍ ആര്‍ക്കാണ് നിങ്ങളെ രക്ഷിക്കാന്‍ കഴിയുക? ദൈവം നിങ്ങളുടെ വിഭവകവാടങ്ങള്‍ അടച്ചിട്ടാല്‍ ആര്‍ക്കാണത് തുറന്നുതരാനാവുക? നിങ്ങളെ യാഥാര്‍ഥ്യബോധമുള്ളവരാക്കാന്‍ ഈ സംഗതികളൊക്കെയുണ്ട്. പക്ഷേ, നിങ്ങള്‍ ദൃശ്യങ്ങളില്‍ നിന്ന് അനന്തരഫലം ഗ്രഹിക്കാന്‍ കഴിയാത്ത മൃഗങ്ങളെപ്പോലെയാണ് അവയെ നോക്കുന്നത്. മനുഷ്യരെന്ന നിലയില്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ കേള്‍വിയെയും കാഴ്ചയെയും ചിന്താശക്തിയെയും നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. അതുകൊണ്ട് മാത്രമാണ് നിങ്ങള്‍ സന്മാര്‍ഗം കണ്ടെത്താത്തത്.`` 24 മുതല്‍ 27 വരെ 67:24 സൂക്തങ്ങളില്‍, ഒടുവില്‍ അനിവാര്യമായും നിങ്ങളെല്ലാവരും ദൈവത്തിന്റെ മുമ്പില്‍ ഹാജരാകേണ്ടിവരുമെന്നുണര്‍ത്തുകയാണ്. അതിന്റെ കാലവും തിയ്യതിയും നിങ്ങള്‍ക്ക് പറഞ്ഞുതരുകയല്ല നബിയുടെ ദൌത്യം. അത് വന്നെത്തും മുമ്പ് അതേക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമാണ് അദ്ദേഹത്തിന്റെ ദൌത്യം. ഇന്ന് നിങ്ങളതു വിശ്വസിക്കുന്നില്ല. ആ സമയം ഇങ്ങു കൊണ്ടുവന്ന് നിങ്ങളെ കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അത് ആഗതമാവുകയും നേരില്‍ കാണാറാവുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ബോധംകെട്ടുപോകും. അപ്പോള്‍ നിങ്ങളോടു പറയപ്പെടും: "ഇതാണ് വന്നെത്താന്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ആ സംഭവം.`` 28, 29 67:28 സൂക്തങ്ങള്‍ നബി(സ)യെയും, ശിഷ്യന്മാരെയും എതിര്‍ത്തുകൊണ്ടിരിക്കുന്ന മക്കാ മുശ്രിക്കുകള്‍ക്കുള്ള മറുപടിയാണ്. അവര്‍ പ്രവാചകനെ ശപിച്ചുകൊണ്ടിരുന്നു. പ്രവാചക ശിഷ്യന്മാരുടെ നാശത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അതേപ്പറ്റി അരുളുകയാണ്: നിങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഒരുപക്ഷേ, നാശമണഞ്ഞാല്‍ തന്നെ അല്ലാഹു അവര്‍ക്ക് കരുണ ചൊരിഞ്ഞുകൊടുക്കും. അതുകൊണ്ട് എങ്ങനെയാണ് നിങ്ങളുടെ ഭാഗധേയത്തില്‍ മാറ്റമുണ്ടാവുക? നിങ്ങള്‍ നിങ്ങളെക്കുറിച്ചു തന്നെ ചിന്തിക്കുക. നിങ്ങളെ ദൈവശിക്ഷ ബാധിച്ചാല്‍ ആരാണ് രക്ഷിക്കുക? സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവത്തില്‍ സര്‍വം സമര്‍പ്പിക്കുകയും ചെയ്തവരെ നിങ്ങള്‍ മാര്‍ഗഭ്രഷ്ടരായി കരുതിയിരിക്കുകയാണല്ലോ. എന്നാല്‍, യഥാര്‍ഥത്തില്‍ മാര്‍ഗഭ്രഷ്ടരായത് ആരാണെന്ന് വെളിപ്പെടുന്ന ഒരു നാള്‍ വരുന്നുണ്ട്. അവസാനമായി, ജനങ്ങളുടെ മുമ്പില്‍ ഒരു ചോദ്യമുന്നയിച്ചുകൊണ്ട് അവരെ അതേക്കുറിച്ച് ചിന്തിക്കാന്‍ വിട്ടിരിക്കുകയാണ്: "അറേബ്യന്‍ മരുഭൂമിയിലും പര്‍വത പ്രദേശങ്ങളിലും നിങ്ങളുടെ ജീവിതത്തിന്റെ സര്‍വാവലംബം ഭൂമിയിലവിടവിടെ ഉറവെടുക്കുന്ന ജലമാണല്ലോ. ഈ ജലം ഭൂമിയിലേക്ക് ആണ്ടിറങ്ങി അപ്രത്യക്ഷമാവുകയാണെങ്കില്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് നിങ്ങള്‍ക്ക് ജീവജലം തിരികെ കൊണ്ടുവന്നു തരാനാവുക``
|
സൂക്തങ്ങളുടെ ആശയം
|
1-ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന്നുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
2-മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും.
3-ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ?
4-വീണ്ടും വീണ്ടും നോക്കൂ. നിന്റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്കു തന്നെ തിരികെ വരും, തീര്‍ച്ച.
5-തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.
6-തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്തതന്നെ.
7-അതിലേക്ക് എറിയപ്പെടുമ്പോള്‍ അതിന്റെ ഭീകര ഗര്‍ജനം അവര്‍ കേള്‍ക്കും. അത് തിളച്ചുമറിയുകയായിരിക്കും.
8-ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും. ഓരോ സംഘവും അതില്‍ വലിച്ചെറിയപ്പെടുമ്പോള്‍ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിച്ചുകൊണ്ടിരിക്കും: "നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരാരും വന്നിരുന്നില്ലേ?"
9-അവര്‍ പറയും: "ഞങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങളിങ്ങനെ വാദിക്കുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടില്‍ തന്നെയാണ്."
10-അവര്‍ കേണുകൊണ്ടിരിക്കും: "അന്നത് കേള്‍ക്കുകയോ, അതേക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ നരകത്തീയില്‍ അകപ്പെട്ടവരില്‍ പെടുമായിരുന്നില്ല."
11-അങ്ങനെ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. നരകത്തീയിന്റെ ആള്‍ക്കാര്‍ക്കു ശാപം!
12-തങ്ങളുടെ നാഥനെ കാണാതെ തന്നെ ഭയപ്പെട്ടു ജീവിക്കുന്നവരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.
13-നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുക. തീര്‍ച്ചയായും മനസ്സിലുള്ളതെല്ലാം അറിയുന്നവനാണവന്‍.
14-സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ! അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്.
15-അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചെല്ലുന്നതും അവങ്കലേക്കുതന്നെ.
16-ഉപരിലോകത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെയും അപ്പോള്‍ ഭൂമി ഇളകി മറിയുന്നതിനെയും സംബന്ധിച്ച് നിങ്ങളൊട്ടും ഭയപ്പെടുന്നില്ലേ?
17-അതല്ല; ഉപരിലോകത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരലുകള്‍ ചൊരിയുന്ന കാറ്റിനെ അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ക്കൊരു പേടിയുമില്ലേ? നമ്മുടെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ അറിയുകതന്നെ ചെയ്യും.
18-അവര്‍ക്ക് മുമ്പുണ്ടായിരുന്നവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എവ്വിധമായിരുന്നു എന്റെ ശിക്ഷ.
19-തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ. അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതാരുമല്ല. അവന്‍ എല്ലാ കാര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച.
20-പരമകാരുണികനായ ദൈവമല്ലാതെ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സൈന്യമേതുണ്ട്? ഉറപ്പായും ഈ സത്യനിഷേധികള്‍ വഞ്ചനയിലകപ്പെട്ടിരിക്കുകയാണ്.
21-അല്ലാഹു അവന്റെ വിഭവം വിലക്കിയാല്‍ നിങ്ങള്‍ക്ക് അന്നം നല്‍കാന്‍ ആരുണ്ട്? യഥാര്‍ഥത്തില്‍ അവര്‍ ധിക്കാരത്തിലും പകയിലും ആണ്ടുപൂണ്ടിരിക്കുകയാണ്.
22-അല്ല, മുഖം നിലത്തുകുത്തി നടക്കുന്നവനോ നേര്‍വഴി പ്രാപിച്ചവന്‍? അതല്ല, സത്യപാതയിലൂടെ നിവര്‍ന്ന് നടക്കുന്നവനോ?
23-പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളൂ.
24-പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചു വളര്‍ത്തിയത്. അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.
25-അവര്‍ ചോദിക്കുന്നു: നിങ്ങള്‍ സത്യവാദികളെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദാനം പുലരുക?
26-പറയുക: ആ അറിവ് അല്ലാഹുവിന്റെ അടുക്കല്‍ മാത്രം. ഞാന്‍ വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനല്ലാതാരുമല്ല.
27-മുന്നറിയിപ്പായി പറയുന്ന കാര്യം അടുത്തെത്തിയതായി കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖം വിഷാദമൂകമായി മാറും. അപ്പോള്‍ അവരോട് പറയും: "ഇതുതന്നെയാണ് നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്."
28-ചോദിക്കുക: "നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണ കാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്?
29-പറയുക: അവനാണ് ദയാപരന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അവനെതന്നെയാണ് ഞങ്ങള്‍ ഭരമേല്‍പിച്ചതും. ആരാണ് വ്യക്തമായ വഴികേടിലെന്ന് വഴിയെ നിങ്ങളറിയുകതന്നെ ചെയ്യും.
30-ചോദിക്കുക: നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് തെളിനീരുറവ എത്തിക്കുക?
|
Showing posts with label 067 അല്‍മുല്‍ക്ക്. Show all posts
Showing posts with label 067 അല്‍മുല്‍ക്ക്. Show all posts
67 അല്‍മുല്‍ക്ക്
Subscribe to:
Posts (Atom)