ആമുഖം
നാമം
ഈ അധ്യായത്തിനു `അല്‍ഫാതിഹ` എന്നു നാമം ലഭിച്ചത് ഇതിലെ വിഷയം പരിഗണിച്ചാണ്. ഒരു ലേഖനമോ ഗ്രന്ഥമോ മറ്റേതെങ്കിലും കാര്യമോ ആരംഭിക്കുന്നതെന്തുകൊണ്ടാണോ അതിനു `ഫാതിഹ` എന്നു പറയുന്നു. മറ്റൊരു വിധം പറഞ്ഞാല്‍ ആമുഖം, മുഖവുര എന്നിവയുടെ പര്യായമാണ് ഫാതിഹ. അവതരണ കാലം മുഹമ്മദ് നബി(സ)യുടെ ദൌത്യത്തിന്റെ ഏറ്റവും ആദ്യകാലത്ത് അവതരിച്ചതാണ് ഈ അധ്യായം. എന്നല്ല ഒരു പൂര്‍ണ അധ്യായമെന്ന നിലയില്‍ നബി (സ) തിരുമേനിക്ക് ആദ്യമായി അവതരിച്ചിട്ടുള്ളത് ഈ അധ്യായമാണെന്നു വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാകുന്നുണ്ട്. `അല്‍അലഖ്`, `അല്‍മുസ്സമ്മില്‍`, `അല്‍മുദ്ദസിര്‍` മുതലായ അധ്യായങ്ങളില്‍പെട്ട ഏതാനും സുക്തങ്ങളേ ഇതിനു മുമ്പ് അവതരിച്ചിരുന്നുള്ളൂ. ഉള്ളടക്കം തന്റെ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനാരംഭിക്കുന്ന ഓരോ മനുഷ്യനും അല്ലാഹു പഠിപ്പിച്ച പ്രാര്‍ഥനയാണ് ഈ അധ്യായം. ഇത് ഗ്രന്ഥത്തിന്റെ പ്രാരംഭമായി വെച്ചതിന്റെ ഉദ്ദേശ്യം, യഥാര്‍ഥത്തില്‍ ഈ വിശുദ്ധഗ്രന്ഥം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ലോകനിയന്താവോട് ഈ പ്രാര്‍ഥന ചെയ്യണമെന്നാണ്. മനുഷ്യന്‍ ഒരു വസ്തുവിന്നുവേണ്ടി പ്രാര്‍ഥിക്കണമെങ്കില്‍ സ്വാഭാവികമായും അതിനെക്കുറിച്ചുള്ള ആശയും ആവേശവും അവന്റെ ഹൃദയത്തില്‍ അടിയുറച്ചിരിക്കണം. പ്രാര്‍ഥിക്കുന്നത് ആരോടാണോ അവന്റെ അധികാരവലയത്തിലാണ് ഉദ്ദിഷ്ട വസ്തു ഉള്ളതെന്ന ബോധം അവന്നുണ്ടായിരിക്കുകയും വേണം. അതിനാല്‍ വിശുദ്ധ ഖുര്‍ആന്റെ പ്രാരംഭത്തില്‍ തന്നെ ഈ പ്രാര്‍ഥന പഠിപ്പിച്ചുകൊണ്ട് അല്ലാഹു മനുഷ്യനെ ഉല്‍ബോധിപ്പിക്കുകയാണ്, ഈ ഗ്രന്ഥം സന്മാര്‍ഗം കണ്ടെത്തുവാനായി സത്യാന്വേഷണ മനഃസ്ഥിതിയോടെ പാരായണം ചെയ്യണമെന്ന്; ജ്ഞാനത്തിന്റെ ഉറവിടം ലോകനിയന്താവാണെന്ന് ഗ്രഹിച്ചും അതിനാല്‍ അവനോട് മാര്‍ഗദര്‍ശനത്തിന്നപേക്ഷിച്ചും പാരായണം ആരംഭിക്കണമെന്ന്. ഇത്രയും ഗ്രഹിക്കുന്നതുകൊണ്ട് ഒരു കാര്യം വ്യക്തമായി: ഖുര്‍ആനും `സുറത്തുല്‍ ഫാത്തിഹ`യുമായുള്ള യഥാര്‍ഥ ബന്ധം ഒരു ഗ്രന്ഥവും അതിന്റെ മുഖവുരയുമായുള്ള ബന്ധമല്ല; പ്രത്യുത, പ്രാര്‍ഥനയും പ്രത്യുത്തരവും തമ്മിലുള്ള ബന്ധമാണ്. `സൂറത്തുല്‍ ഫാതിഹ` അടിമയുടെ ഭാഗത്തുനിന്ന് അല്ലാഹുവോടുള്ള പ്രാര്‍ഥന; ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രത്യുത്തരവും. `നാഥാ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും` എന്ന് അടിമ പ്രാര്‍ഥിക്കുന്നു. അതിന്നുത്തരമായി `നീ എന്നില്‍നിന്ന് അര്‍ഥിക്കുന്ന സന്മാര്‍ഗമിതാ` എന്ന നിലക്ക് അവന്റെ മുമ്പില്‍ മുഴുവന്‍ ഖുര്‍ആനും അല്ലാഹു അവതരിപ്പിക്കുന്നു. |
സൂക്തങ്ങളുടെ ആശയം
|
1-പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
2-സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.
3-പരമകാരുണികന്‍. ദയാപരന്‍.
4-വിധിദിനത്തിന്നധിപന്‍.
5-നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
6-ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.
7-നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല.
|
01 അല്‍ഫാതിഹഃ
52 അത്തൂര്‍
ആമുഖം
|
നാമം
പ്രാരംഭപ്രദമായ `അത്തൂര്‍` എന്നതുതന്നെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
അവതരണകാലം
ഈ സൂറയുടെയും അവതരണം പ്രവാചകന്റെ മക്കാജീവിതത്തില്‍ സൂറ അദ്ദാരിയാത്ത് അവതരിച്ച കാലത്തുതന്നെയാണെന്നാണ് പ്രതിപാദ്യ വിഷയങ്ങളുടെ ആന്തരിക സാക്ഷ്യത്തില്‍നിന്നു മനസ്സിലാകുന്നത്. ഇതവതരിപ്പിക്കുന്ന കാലത്ത് നബി(സ)ക്കെതിരില്‍ വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും ശരവര്‍ഷമുണ്ടായിരുന്നുവെന്ന് ഇത് വായിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട്. എങ്കിലും അന്ന് അക്രമ മര്‍ദനങ്ങളുടെ ചക്രം ശക്തിയായി കറങ്ങിത്തുടങ്ങിയതായി തോന്നുന്നില്ല.
ഉള്ളടക്കം
ഇതിലെ പ്രഥമ ഖണ്ഡികയിലെ വിഷയം പരലോകമാണ്. സൂറ അദ്ദാരിയാത്തില്‍ അതിന്റെ സാധ്യതയുടെയും സംഭവ്യതയുടെയും അനിവാര്യതയുടെയും തെളിവുകള്‍ ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. അവ ഇവിടെ ആവര്‍ത്തിച്ചിട്ടില്ല. പരലോകത്തിന് സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ഥ്യങ്ങളെയും അടയാളങ്ങളെയും പിടിച്ചാണയിട്ടുകൊണ്ട് ഇപ്രകാരം ദൃഢപ്രഖ്യാപനം നടത്തിയിരിക്കുകയാണ്: നിശ്ചയമായും അത് സംഭവിക്കാനിരിക്കുന്നത് തന്നെയാണ്. അത് നിലവില്‍വരുന്നത് തടയാന്‍ ആരാലും സാധ്യമല്ല. അനന്തരം അത് വന്നെത്തുമ്പോള്‍ തള്ളിപ്പറഞ്ഞവരുടെ പരിണതി എന്തായിരിക്കുമെന്നും അതിനെയംഗീകരിച്ചുകൊണ്ട് ദൈവഭക്തി കൈക്കൊണ്ടു ജീവിച്ചവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും വിശദീകരിക്കുകയാണ്. തുടര്‍ന്ന് രണ്ടാമത്തെ ഖണ്ഡികയില്‍, ഖുറൈശി തലവന്മാര്‍ നബി(സ)യുടെ പ്രബോധനത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നിലപാടിനെ വിമര്‍ശിക്കുന്നു. അവര്‍ ചിലപ്പോള്‍ തിരുമേനിയെ ജ്യോല്‍സ്യനെന്നു വിളിക്കുന്നു. ചിലപ്പോള്‍ ഭ്രാന്തനെന്നാരോപിക്കുന്നു. ചിലപ്പോള്‍ കവിയായി ചിത്രീകരിക്കുന്നു. സാധാരണക്കാരെ കളിപ്പിക്കാനാണിതൊക്കെ; അവര്‍ പ്രവാചക സന്ദേശത്തെ നിഷ്പക്ഷബുദ്ധ്യാ ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടി. തങ്ങള്‍ക്കു വന്നുപെട്ട അവര്‍ണനീയമായ ഒരാപത്തായിട്ടാണവരദ്ദേഹത്തെ വിലയിരുത്തുന്നത്. അയാള്‍ക്ക് വല്ല ആപത്തും വന്നുഭവിച്ചാല്‍ നമുക്കയാളില്‍നിന്ന് രക്ഷപ്പെടാമെന്ന് അവര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഈ ഖുര്‍ആന്‍ സ്വയം കെട്ടിച്ചമച്ച് ദൈവത്തിന്റെ പേരില്‍ അവതരിപ്പിക്കുന്നതാണെന്നും-മആദല്ലാഹ്-ഇത് അദ്ദേഹം നടത്തുന്ന ഒരു തട്ടിപ്പ് മാത്രമാണെന്നും അവരദ്ദേഹത്തെ ആക്ഷേപിച്ചു. ദൈവത്തിന്റെ പ്രവാചകത്വം ലഭിക്കുകയാണെങ്കില്‍ അതീ പുള്ളിക്കാരനുതന്നെയാണല്ലോ കിട്ടേണ്ടത് എന്ന് നിരന്തരം പരിഹസിക്കുകയും ചെയ്തിരുന്നു അവര്‍. തങ്ങളില്‍നിന്ന് എന്തോ ആവശ്യപ്പെടുന്നതിനുവേണ്ടി അദ്ദേഹം പിന്നാലെ കൂടുകയും രക്ഷപ്പെടുന്നതിനുവേണ്ടി അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്ന മട്ടില്‍ അവരദ്ദേഹത്തിന്റെ പ്രബോധനത്തിലും ഉദ്ബോധനത്തിലും സ്വൈരക്കേട് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ പരിപാടി അവസാനിപ്പിക്കുന്നതിനുള്ള ഉപായം തേടിക്കൊണ്ട് നിരന്തരം ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ എന്തുമാത്രം മൂഢമായ വിശ്വാസങ്ങളിലാണ് തങ്ങളകപ്പെട്ടിരിക്കുന്നതെന്നതു സംബന്ധിച്ച് അവര്‍ക്ക് യാതൊരു ബോധവുമുണ്ടായിരുന്നില്ല. പ്രവാചകനാകട്ടെ, അന്ധകാരത്തില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാനാണ് തികച്ചും നിസ്വാര്‍ഥമായി സ്വജീവിതം ഉഴിഞ്ഞുവെച്ചത്. അവരുടെ ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ഒന്നിനുപിറകെ ഒന്നായി അല്ലാഹു ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവയിലോരോന്നും ഒന്നുകില്‍ അവരുടെ ഏതെങ്കിലും വിമര്‍ശനത്തിനുള്ള മറുപടിയാകുന്നു. അല്ലെങ്കില്‍ അവരുടെ അവിവേകത്തെ തുറന്നുകാണിക്കുന്നു. ഇക്കൂട്ടരെ താങ്കളുടെ പ്രവാചകത്വം അംഗീകരിപ്പിക്കുന്നതിനുവേണ്ടി ഒരു ദിവ്യാദ്ഭുതം കാണിക്കുന്നത് നിഷ്ഫലമാണെന്നാണ് തുടര്‍ന്ന് പറയുന്നത്. എന്തുകൊണ്ടെന്നാല്‍ ഇത്തരം ധിക്കാരികളെ എന്തു ദൃഷ്ടാന്തം കാണിച്ചാലും അതിനെ എങ്ങനെയെങ്കിലുമൊക്കെ വ്യാഖ്യാനിച്ച് അവര്‍ വിശ്വാസത്തില്‍നിന്ന് തെന്നിമാറുകയേയുള്ളൂ. ആ ഖണ്ഡികയുടെ ആരംഭത്തിലും അല്ലാഹു നബി(സ)യെ ഇപ്രകാരം ഉപദേശിക്കുന്നുണ്ട്: ഈ വിരോധികളുടെയും ശഠന്‍മാരുടെയും ആരോപണങ്ങളും വിമര്‍ശനങ്ങളും വകവെക്കാതെ പ്രബോധനത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും പ്രവര്‍ത്തനം നിരന്തരം തുടരുക. അല്ലാഹുവിന്റെ തീരുമാനം വരുന്നതുവരെ എതിര്‍പ്പുകളെ ക്ഷമാപൂര്‍വം നേരിട്ടുകൊണ്ട് മുന്നോട്ടുപോകണമെന്ന് ഒടുവിലും തിരുമേനിയോട് ഊന്നിപ്പറയുന്നുണ്ട്. അതോടൊപ്പം അദ്ദേഹത്തെ ഇപ്രകാരം സമാശ്വസിപ്പിക്കുകയും ചെയ്യുന്നു: താങ്കളെ സത്യനിഷേധികള്‍ക്കെതിരില്‍ നിയോഗിച്ചയച്ചിട്ട് അപ്പടിയങ്ങ് ഉപേക്ഷിച്ചിരിക്കയല്ല. അല്ലാഹു താങ്കളെ ശരിക്കും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ തീരുമാന സമയം ആസന്നമാകുന്നതുവരെ താങ്കള്‍ എല്ലാം സഹിക്കുക, നാഥനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ദൈവിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശക്തിയാര്‍ജിക്കുക.
|
സൂക്തങ്ങളുടെ ആശയം
|
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ത്വൂര്‍ തന്നെ സാക്ഷി.
2_3-വിടര്‍ത്തിവെച്ച തുകലില്‍ എഴുതിയ വേദപുസ്തകം സാക്ഷി.
4-ജനനിബിഡമായ കഅ്ബാ മന്ദിരം സാക്ഷി.
5-ഉയരത്തിലുള്ള ആകാശം സാക്ഷി.
6-തിരതല്ലുന്ന സമുദ്രം സാക്ഷി.
7-നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും.
8-അതിനെ തടുക്കുന്ന ആരുമില്ല.
9-ആകാശം അതിഭീകരമാംവിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക.
10-അന്ന് മലകള്‍ ഇളകി നീങ്ങും.
11-സത്യനിഷേധികള്‍ക്ക് അന്ന് കൊടും നാശം!
12-അനാവശ്യകാര്യങ്ങളില്‍ കളിച്ചുരസിക്കുന്നവരാണവര്‍.
13-അവരെ നരകത്തിലേക്ക് പിടിച്ചു തള്ളുന്ന ദിനം.
14-അന്ന് അവരോട് പറയും: "നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകമാണിത്.
15-"അല്ല; ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?
16-"ഇനി നിങ്ങളതില്‍ കിടന്നു വെന്തെരിയുക. നിങ്ങളിത് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്കു സമം തന്നെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനുയോജ്യമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്കു നല്‍കുന്നത്."
17-എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൌഭാഗ്യങ്ങളിലുമായിരിക്കും;
18-തങ്ങളുടെ നാഥന്‍ അവര്‍ക്കേകിയതില്‍ ആനന്ദം അനുഭവിക്കുന്നവരായി. കത്തിക്കാളുന്ന നരകത്തീയില്‍നിന്ന് അവരുടെ നാഥന്‍ അവരെ കാത്തുരക്ഷിക്കും.
19-അന്ന് അവരോട് പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക.
20-വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായിക്കൊടുക്കും.
21-സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും.
22-അവരാഗ്രഹിക്കുന്ന ഏതിനം പഴവും മാംസവും നാമവര്‍ക്ക് നിര്‍ലോഭം നല്കും.
23-അവര്‍ പാനപാത്രം പരസ്പരം കൈമാറിക്കൊണ്ടിരിക്കും. അസഭ്യവാക്കോ ദുര്‍വൃത്തിയോ അവിടെ ഉണ്ടാവുകയില്ല.
24-അവരുടെ പരിചരണത്തിനായി അവരുടെ അടുത്ത് ബാലന്മാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കാത്തുസൂക്ഷിക്കും മുത്തുകള്‍പോലിരിക്കും അവര്‍.
25-പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരന്യോന്യം അഭിമുഖീകരിക്കും.
26-അവര്‍ പറയും: "നിശ്ചയമായും നാം ഇതിന് മുമ്പ് നമ്മുടെ കുടുംബത്തിലായിരുന്നപ്പോള്‍ ആശങ്കാകുലരായിരുന്നു.
27-"അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരക ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ രക്ഷിച്ചു.
28-"നിശ്ചയമായും നാം മുമ്പേ അവനോട് മാത്രമാണ് പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. അവന്‍ തന്നെയാണ് അത്യുദാരനും ദയാപരനും; തീര്‍ച്ച."
29-അതിനാല്‍ നീ ഉദ്ബോധനം തുടര്‍ന്നുകൊണ്ടിരിക്കുക. നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനോ ഭ്രാന്തനോ അല്ല.
30-"ഇയാള്‍ ഒരു കവിയാണ്. ഇയാളുടെ കാര്യത്തില്‍ കാലവിപത്ത് വരുന്നത് നമുക്കു കാത്തിരുന്നു കാണാം" എന്നാണോ അവര്‍ പറയുന്നത്?
31-എങ്കില്‍ നീ പറയുക: ശരി, നിങ്ങള്‍ കാത്തിരിക്കുക; നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ ഞാനുമുണ്ട്.
32-ഇവരുടെ ബുദ്ധി ഇവരോട് ഇവ്വിധം പറയാന്‍ ആജ്ഞാപിക്കുകയാണോ? അതോ; ഇവര്‍ അതിക്രമികളായ ജനത തന്നെയോ?
33-അല്ല; ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ ഇവരാരോപിക്കുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.
34-ഇവര്‍ സത്യവാന്മാരെങ്കില്‍ ഇവ്വിധമൊരു വചനം കൊണ്ടുവരട്ടെ.
35-അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍!
36-അല്ലെങ്കില്‍ ഇവരാണോ ആകാശ ഭൂമികളെ സൃഷ്ടിച്ചത്? എന്നാല്‍ ഇവര്‍ ദൃഢമായി വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.
37-അതല്ല; നിന്റെ നാഥന്റെ ഖജനാവുകള്‍ ഇവരുടെ വശമാണോ? അല്ലെങ്കില്‍ ഇവരാണോ അതൊക്കെയും നിയന്ത്രിച്ചു നടത്തുന്നത്?
38-അതല്ല; വിവരങ്ങള്‍ കേട്ടറിയാനായി ഉപരിലോകത്തേക്ക് കയറാനിവര്‍ക്ക് വല്ല കോണിയുമുണ്ടോ? എങ്കില്‍ അവ്വിധം കേട്ടു മനസ്സിലാക്കുന്നവര്‍ അതിന് വ്യക്തമായ വല്ല തെളിവും കൊണ്ടുവരട്ടെ.
39-അല്ല; അല്ലാഹുവിന് പുത്രിമാരും നിങ്ങള്‍ക്ക് പുത്രന്മാരുമാണെന്നോ?
40-അതല്ല; നീ ഇവരോട് എന്തെങ്കിലും പ്രതിഫലം ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അതിന്റെ കടഭാരത്താല്‍ പ്രയാസപ്പെടുകയാണോ ഇവര്‍?
41-അതല്ല; ഇവര്‍ക്ക് അഭൌതികജ്ഞാനം ലഭിക്കുകയും അങ്ങനെ ഇവരതെഴുതി വെക്കുകയും ചെയ്തിട്ടുണ്ടോ?
42-അതല്ല; ഇവര്‍ വല്ല കുതന്ത്രവും കാണിക്കാന്‍ ഉദ്ദേശിക്കുന്നുവോ? എങ്കില്‍ സത്യനിഷേധികളാരോ, അവര്‍ തന്നെയായിരിക്കും കുതന്ത്രത്തിന്നിരയാകുന്നവര്‍.
43-അതല്ല; ഇവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റു വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.
44-ആകാശത്തിന്റെ ഒരടല് തന്നെ അടര്‍ന്ന് വീഴുന്നത് കണ്ടാലും അത് മേഘമലയാണെന്നായിരിക്കും ഇവര്‍ പറയുക.
45-അതിനാല്‍ ഇവരെ വിട്ടേക്കുക. ബോധരഹിതരായി വീഴുന്ന ദുര്‍ദിനത്തെയിവര്‍ കണ്ടുമുട്ടും വരെ.
46-ഇവരുടെ കുതന്ത്രങ്ങളൊന്നും ഇവര്‍ക്കൊട്ടും ഉപകരിക്കാത്ത ദിനം. ഇവര്‍ക്ക് അന്ന് ഒരു സഹായവും ലഭിക്കുകയില്ല.
47-തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതല്ലാത്ത ശിക്ഷയുമുണ്ട്; ഉറപ്പ്. എങ്കിലും ഇവരിലേറെ പേരും അതറിയുന്നില്ല.
48-അതിനാല്‍ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.
49-ഇരവിലും അവന്റെ വിശുദ്ധിയെ വാഴ്ത്തുക; താരകങ്ങള്‍ പിന്‍വാങ്ങുമ്പോഴും.
|
40 ഗാഫിര്‍ - അല്‍മുഅ്മിന്‍
ആമുഖം
|
നാമം
28-ാം സൂക്തത്തില്‍നിന്നാണ് അധ്യായത്തിന് ഈ നാമം വന്നത്. ഒരു സവിശേഷ വിശ്വാസിയെക്കുറിച്ച് പരാമര്‍ശമുള്ള സൂറ എന്നര്‍ഥം.
അവതരണകാലം
ഇബ്നു അബ്ബാസിന്റെയും ജാബിറുബ്നു സൈദിന്റെയും പ്രസ്താവനയനുസരിച്ച്, സൂറതുസ്സുമറിനുശേഷം തുടര്‍ന്ന് അവതരിച്ചതാണ് ഈ സൂറ. ഖുര്‍ആനില്‍ ഈ സൂറയുടെ നിലവിലുള്ള സ്ഥാനക്രമം തന്നെയാണ് അവതരണം പരിഗണിക്കുമ്പോഴും ഇതിന്റെ സ്ഥാനക്രമം.
അവതരണ പശ്ചാത്തലം
ഈ അധ്യായത്തിന്റെ അവതരണ പശ്ചാത്തലത്തിലേക്ക് ഇതിന്റെ ഉള്ളടക്കം സൂചന നല്‍കുന്നുണ്ട്. അന്ന് മക്കയിലെ നിഷേധികള്‍ തിരുമേനി(സ)ക്കെതിരില്‍ രണ്ടുതരം പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. ഒന്ന്: എങ്ങും ബഹളങ്ങളും വാഗ്വാദങ്ങളും സൃഷ്ടിച്ച് പലതരം തലതിരിഞ്ഞ ചോദ്യങ്ങളും വിതണ്ഡവാദങ്ങളുമുയര്‍ത്തി വിശുദ്ധ ഖുര്‍ആനെയും ഇസ്ലാമിക പ്രബോധനത്തെയും നബി(സ)യെത്തന്നെയും സംബന്ധിച്ച് ജനഹൃദയങ്ങളില്‍ അനേകം സന്ദേഹങ്ങളുണ്ടാക്കുകയും അവ വിശദീകരിച്ചുവിശദീകരിച്ച് തിരുമേനിയെയും ശിഷ്യന്മാരെയും വശംകെടുത്തുകയും ചെയ്യുക. രണ്ട്, തിരുമേനിയുടെ വധത്തിന് കളമൊരുക്കുക. അതിനുവേണ്ടി അവര്‍ എത്രയോ ഗൂഢാലോചനകള്‍ നടത്തിനോക്കി. ഒരു ഘട്ടത്തില്‍ ആ ഗൂഢാലോചന പ്രയോഗത്തില്‍ വരുത്താന്‍തന്നെ ശ്രമിക്കുകയും ചെയ്തു. ഹ. അബ്ദുല്ലാഹിബ്നു അംറിബ്നില്‍ ആസ്വില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ഒരുനാള്‍ നബി(സ) മസ്ജിദുല്‍ ഹറാമില്‍ നമസ്കരിക്കുകയായിരുന്നു. പെട്ടെന്ന് ഉഖ്ബതുബ്നു അബീമുഐത്ത് അവിടെ എത്തി. അയാള്‍ തിരുമേനിയുടെ കഴുത്തില്‍ മുണ്ടിട്ടുമുറുക്കാന്‍ തുടങ്ങി. തിരുമേനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, അപ്പോഴേക്കും ഹ. അബൂബക്കര്‍ (റ) അവിടെ എത്തി. അദ്ദേഹം ഉഖ്ബത്തിനെ തള്ളിമാറ്റി. ഹ. അബ്ദുല്ലായുടെ നിവേദനപ്രകാരം, അബൂബക്കര്‍ (റ) ആ മര്‍ദകനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും അപ്പോള്‍ ഇപ്രകാരം പറയുകയും ചെയ്തു: أَتَقْتُلُونَ رَجُلاً أَن يَقُولَ رَبِّيَ اللهُ (എന്റെ നാഥന്‍ അല്ലാഹുവാകുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ മാത്രം നിങ്ങള്‍ ഒരാളെ കൊല്ലുകയോ?) ചില്ലറ വ്യതാസങ്ങളോടെ ഈ നിവേദനം സീറത്തു ഇബ്നി ഹിശാം, നസാഇ, ഇബ്നു അബീഹാതിം എന്നിവരും ഉദ്ധരിച്ചിട്ടുണ്ട്.
പ്രതിപാദ്യ വിഷയം
സാഹചര്യത്തിന്റെ മേല്‍പ്പറഞ്ഞ രണ്ടു സ്വഭാവങ്ങളും അധ്യായാരംഭത്തില്‍ തന്നെ പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് അവ രണ്ടിനെയും ആഴത്തില്‍ ചിന്തോദ്ദീപകമായി നിരീക്ഷിക്കുകയാണ്. വധശ്രമത്തിന് മറുപടിയായി ഫറവോന്‍ കുടുംബത്തിലെ വിശ്വാസിയുടെ കഥ പറയുന്നു (23 മുതല്‍ 55 വരെ സൂക്തങ്ങള്‍). ഈ കഥയിലൂടെ മൂന്നു കൂട്ടര്‍ക്ക് മൂന്ന് വ്യത്യസ്ത പാഠങ്ങള്‍ നല്‍കിയിരിക്കുന്നു. 1. സത്യനിഷേധികളോട് പറയുന്നു: നിങ്ങള്‍ മുഹമ്മദി(സ)നോട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, സ്വന്തം ശക്തിയില്‍ അഹങ്കരിച്ച ഫറവോന്‍ ഹ. മൂസാ(അ)യോടും ചെയ്യാനൊരുമ്പെട്ടിരുന്നു. ഈ ചെയ്തികള്‍ വഴി ഫറവോന്നുണ്ടായ അനന്തരഫലം തന്നെയാണോ നിങ്ങളും ആഗ്രഹിക്കുന്നത്? 2. മുഹമ്മദ് നബി(സ)യെയും ശിഷ്യന്മാരെയും പഠിപ്പിക്കുന്നു: ഈ മര്‍ദകര്‍ പ്രത്യക്ഷത്തില്‍ എത്രതന്നെ ശക്തരും ശൂരരുമാവട്ടെ, അവരെയപേക്ഷിച്ച് നിങ്ങള്‍ എത്ര ദുര്‍ബലരും അവശരുമാവട്ടെ, ഏതൊരു ദൈവത്തിന്റെ വചനമാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത്, ആ ദൈവത്തിന്റെ കഴിവും കരുത്തും മറ്റാരുടെ ശക്തിയെക്കാളും വര്‍ധിച്ചതാകുന്നു എന്ന് മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. അതിനാല്‍, ഈയാളുകള്‍ എത്ര ഭയങ്കരമായി ഭീഷണിപ്പെടുത്തിയാലും നിങ്ങള്‍ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. അനന്തരം നിര്‍ഭയരായി സ്വകര്‍ത്തവ്യങ്ങളില്‍ മുഴുകുക. ദൈവഭക്തനെ സംബന്ധിച്ചിടത്തോളം മര്‍ദകരുടെ ഏതു ഭീഷണിക്കും ഒരേ ഒരു മറുപടിയാണുള്ളത്. അതിതാണ്: إِنِّى عُذْتُ بِرِبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لاَّ يُؤْمِنُ بِيَوْمِ الْحِسَابِ (വിചാരണ നാളില്‍ വിശ്വസിക്കാത്ത അഹങ്കാരികളില്‍ നിന്നെല്ലാം ഞാന്‍ എന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടുന്നു.) ഈ വിധം അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ആപത്തുകളെ കൂസാതെ കര്‍മനിരതരായാല്‍ അവസാനം ദൈവിക സഹായം വന്നെത്തുക തന്നെ ചെയ്യും. ഇന്നലത്തെ ഫറവോന്‍ കണ്ടതെന്തോ അതു തന്നെയാണ് ഇന്നത്തെയും ഫറവോന്‍ കാണാന്‍ പോകുന്നത്. ആ സന്ദര്‍ഭം സമാഗതമാകുന്നതുവരെ അവര്‍ സൃഷ്ടിക്കുന്ന മര്‍ദന പീഡനങ്ങളുടെ പ്രളയത്തെ സഹനത്തോടെ നേരിടുക തന്നെ വേണം. 3. ഈ രണ്ടു വിഭാഗങ്ങള്‍ക്കും പുറമെ ഒരു മൂന്നാം കക്ഷിയും ആ സമൂഹത്തിലുണ്ടായിരുന്നു. സത്യം മുഹമ്മദിന്റെ (സ) ഭാഗത്തു തന്നെയാണെന്നും നിഷേധികള്‍ കാണിക്കുന്നതത്രയും അക്രമമാണെന്നും മനസ്സിലാക്കിയവരാണവര്‍. പക്ഷേ, ഇതറിയാമായിരുന്നിട്ടും അവര്‍ മൌനം ദീക്ഷിക്കുകയും ആ സത്യാസത്യ സംഘട്ടനത്തില്‍ തമാശ കാണുകയുമായിരുന്നു. അല്ലാഹു അവരുടെ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തുകയാണ്. സത്യവിരോധികള്‍ നിങ്ങളുടെ മുമ്പില്‍വെച്ച് ഇത്ര വലിയ അക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ട് നിങ്ങളിപ്പോഴും അടങ്ങിയിരുന്ന് തമാശ കാണുക മാത്രം ചെയ്യുന്നത് വലിയ അനീതിയാണ്. മനസ്സാക്ഷി മരിച്ചുകഴിഞ്ഞിട്ടില്ലാത്തവര്‍ ഈ സന്ദര്‍ഭത്തില്‍ കര്‍ത്തവ്യനിര്‍വഹണത്തിനായി മുന്നോട്ടു വരേണ്ടതാണ് -ഫറവോന്‍ മൂസാ(അ)യെ വധിക്കാനൊരുമ്പെട്ടപ്പോള്‍ ഫറവോന്റെ രാജസദസ്സില്‍ നിന്നുതന്നെ സച്ചരിതനായ ഒരാള്‍ അത് തടയാന്‍ മുന്നോട്ടുവന്നതുപോലെ. ഏതെല്ലാം താല്‍പര്യങ്ങള്‍ നിങ്ങളുടെ നാവിന് വിലങ്ങായിത്തീര്‍ന്നിട്ടുണ്ടോ ആ താല്‍പര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ മുമ്പിലും ഉയര്‍ന്നുനിന്നിരുന്നു أُفَوِّضُ أَمْرِى إِلَى اللهِ (എന്റെ കാര്യങ്ങളെല്ലാം ഞാന്‍ അല്ലാഹുവിങ്കല്‍ സമര്‍പ്പിക്കുന്നു) എന്നു പറഞ്ഞുകൊണ്ട് ആ പ്രലോഭനങ്ങളെയെല്ലാം അദ്ദേഹം തരണംചെയ്തു. എന്നിട്ട്, നോക്കൂ; ഫറവോന് അദ്ദേഹത്തെ ഒന്നും ചെയ്യാനായില്ല. ഇനിയുള്ളത് സത്യത്തെ പരാജയപ്പെടുത്തുന്നതിന് വിശുദ്ധ മക്കയില്‍ രാപ്പകല്‍ നടന്നുകൊണ്ടിരുന്ന തര്‍ക്കങ്ങളാണല്ലോ. അതിനു മറുപടിയായി ഒരു വശത്ത് ഏകദൈവത്വത്തിന്റെയും പരലോകത്തിന്റെയും തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവ സംബന്ധിച്ച, പ്രവാചകന്റെ വിശ്വാസങ്ങള്‍ സത്യമാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ വിശ്വാസമാണല്ലോ നബി(സ)യും അവിശ്വാസികളും തമ്മിലുള്ള വടംവലിയുടെ മൌലിക കാരണം. ഈയാളുകള്‍ യാതൊരു തെളിവിന്റെയും പ്രമാണത്തിന്റെയും പിന്‍ബലമില്ലാതെ ഈ സത്യങ്ങള്‍ക്കെതിരില്‍ വെറുതെ വാചാടോപം നടത്തുകയാണെന്ന് തുറന്നുപറയുകയും ചെയ്തിരിക്കുന്നു. മറുവശത്ത് അവരുടെ എതിര്‍പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ പ്രേരകങ്ങളെ അനാവരണം ചെയ്തിട്ടുമുണ്ട്. തിരുമേനി(സ)യുടെ പ്രവാചകത്വവാദത്തില്‍ തങ്ങള്‍ക്ക് ചില സംശയങ്ങളുള്ളതുകൊണ്ടാണ് തങ്ങളതില്‍ വിശ്വസിക്കാത്തത് എന്ന അവരുടെ നാട്യം ഒരു കപട തന്ത്രമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അത് അധികാര മല്‍സരമായിരുന്നു. 56-ാം സൂക്തത്തില്‍ യാതൊരു വളച്ചുകെട്ടുമില്ലാതെ അക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. അതായത്, നിങ്ങളുടെ എതിര്‍പ്പിന് കാരണം നിങ്ങളുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അഹന്തയാണ്. മുഹമ്മദി(സ)നെ അംഗീകരിച്ചാല്‍ പിന്നെ സ്വന്തം മേല്‍ക്കോയ്മക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് നിങ്ങള്‍ കരുതുന്നു. അതിനാല്‍ അദ്ദേഹത്തെ ഒതുക്കാന്‍ വിമര്‍ശനങ്ങളും മര്‍ദനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇവ്വിഷയകമായി അവിശ്വാസികളെ തുടര്‍ച്ചയായി താക്കീത് ചെയ്തിട്ടുമുണ്ട്. എന്തെന്നാല്‍, ദൈവികസൂക്തങ്ങളോട് തര്‍ക്കിക്കുന്നതില്‍നിന്ന് അകന്നുനില്‍ക്കുക. ഇല്ലെങ്കില്‍ പൂര്‍വിക സമുദായങ്ങള്‍ക്ക് നേരിടേണ്ടിവന്ന അതേ ദുരന്തംതന്നെ നിങ്ങള്‍ക്കും നേരിടേണ്ടിവരും. അതിനേക്കാള്‍ ദുഷിച്ച ഫലമായിരിക്കും പരലോകത്തില്‍ വിധിക്കപ്പെട്ടിരിക്കുക. അന്നേരം നിങ്ങള്‍ പശ്ചാത്തപിച്ചേക്കാം. എന്നാല്‍, ആ പശ്ചാത്താപം ഒരു ഗുണവും ചെയ്യില്ല.
|
സൂക്തങ്ങളുടെ ആശയം
|
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍
1-ഹാ - മീം.
2-ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവില്‍ നിന്നാണ്.
3-അവന്‍ പാപം പൊറുക്കുന്നവനാണ്. പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്. അതിരുകളില്ലാത്ത കഴിവുകളുള്ളവനും. അവനല്ലാതെ ദൈവമില്ല. അവങ്കലേക്കാണ് എല്ലാറ്റിന്റെയും മടക്കം.
4-സത്യത്തെ തള്ളിപ്പറഞ്ഞവരല്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാട്ടിലെങ്ങുമുള്ള അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.
5-ഇവര്‍ക്കു മുമ്പ് നൂഹിന്റെ ജനതയും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവര്‍ക്കു പിറകെ വന്ന പല ജനപദങ്ങളും അതുതന്നെ ചെയ്തു. ഓരോ ജനപദവും തങ്ങളുടെ ദൈവദൂതനെ പിടികൂടാന്‍ ഒരുമ്പെട്ടു. അസത്യമുപയോഗിച്ച് സത്യത്തെ തകര്‍ക്കാന്‍ അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഞാനവരെ പിടികൂടി. അപ്പോള്‍ എന്റെ ശിക്ഷ എത്രമാത്രം കഠിനമായിരുന്നു!
6-അങ്ങനെ സത്യനിഷേധികള്‍ നരകാവകാശികളാണെന്ന നിന്റെ നാഥന്റെ വചനം സ്ഥാപിതമായി.
7-സിംഹാസനം വഹിക്കുന്നവരും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി വാഴ്ത്തുന്നു. അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നു. വിശ്വാസികളുടെ പാപമോചനത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: "ഞങ്ങളുടെ നാഥാ, നിന്റെ അനുഗ്രഹവും അറിവും സകല വസ്തുക്കളെയും വലയം ചെയ്തു നില്‍ക്കുന്നവയാണല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ പാത പിന്തുടരുകയും ചെയ്തവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കേണമേ.
8-"ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ വാഗ്ദാനം ചെയ്ത നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കേണമേ. അവരുടെ മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍ എന്നിവരിലെ സച്ചരിതരെയും. നിശ്ചയം നീയാണ് പ്രതാപിയും യുക്തിമാനും.
9-"അവരെ നീ തിന്മകളില്‍നിന്ന് അകറ്റിനിര്‍ത്തേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നീ ആരെ തിന്മയില്‍ നിന്ന് കാക്കുന്നുവോ, അവനോട് നീ തീര്‍ച്ചയായും കരുണ കാണിച്ചിരിക്കുന്നു. അതിമഹത്തായ വിജയവും അതുതന്നെ."
10-സത്യത്തെ തള്ളിപ്പറഞ്ഞവരോട് അന്ന് വിളിച്ചുപറയും: "ഇന്ന് നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ കഠിനമായ വെറുപ്പുണ്ട്. എന്നാല്‍ നിങ്ങളെ സത്യവിശ്വാസത്തിലേക്ക് വിളിക്കുകയും നിങ്ങളതിനെ തള്ളിക്കളയുകയും ചെയ്തപ്പോഴുള്ള അല്ലാഹുവിന്റെ വെറുപ്പ് ഇതിനെക്കാള്‍ എത്രയോ രൂക്ഷമായിരുന്നു."
11-അവര്‍ പറയും: "ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ടുതവണ മരിപ്പിച്ചു. രണ്ടു തവണ ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറയുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഇവിടെനിന്ന് പുറത്തുകടക്കാന്‍ വല്ല വഴിയുമുണ്ടോ?"
12-ഈ അവസ്ഥക്കു കാരണമിതാണ്. ഏകനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളത് നിരാകരിച്ചു. അവനില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തപ്പോള്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. എന്നാലിന്ന് വിധിത്തീര്‍പ്പ് മഹാനും അത്യുന്നതനുമായ ദൈവത്തിന്റേതാണ്.
13-അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്. ആകാശത്തു നിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവന്‍ മാത്രമാണ് ചിന്തിച്ചു മനസ്സിലാക്കുന്നത്.
14-അതിനാല്‍ കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി അവനോട് പ്രാര്‍ഥിക്കുക. സത്യനിഷേധികള്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും!
15-അവന്‍ ഉന്നത പദവികളുടെ ഉടമയാണ്. സിംഹാസനത്തിനധിപനും. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് തന്റെ സന്ദേശത്തിന്റെ ചൈതന്യം അവന്‍ നല്‍കുന്നു. കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി മുന്നറിയിപ്പ് നല്‍കാനാണിത്.
16-എല്ലാവരും പുറത്തുവരുന്ന ദിനമാണ് അതുണ്ടാവുക. അന്ന് അവരുടെ ഒരു കാര്യവും അല്ലാഹുവില്‍ നിന്നൊളിഞ്ഞിരിക്കുകയില്ല. ആര്‍ക്കാണ് അന്ന് ആധിപത്യം? ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിനു മാത്രം.
17-അന്ന് ഓരോ വ്യക്തിക്കും അവന്‍ സമ്പാദിച്ചതിന്റെ പ്രതിഫലം നല്‍കും. അന്ന് ഒരനീതിയുമുണ്ടാവില്ല. അല്ലാഹു വളരെവേഗം വിചാരണ ചെയ്യുന്നവനാണ്.
18-അടുത്തെത്തിക്കഴിഞ്ഞ ആ നാളിനെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹൃദയങ്ങള്‍ തൊണ്ടക്കുഴികളിലേക്കുയര്‍ന്നുവരികയും ജനം കൊടിയ ദുഃഖിതരാവുകയും ചെയ്യുന്ന സന്ദര്‍ഭമാണത്. അക്രമികള്‍ക്ക് അന്ന് ആത്മ മിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടാവുകയില്ല.
19-കണ്ണുകളുടെ കട്ടുനോട്ടവും മനസ്സുകള്‍ മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.
20-അല്ലാഹു സത്യനിഷ്ഠമായ വിധി ത്തീര്‍പ്പുണ്ടാക്കുന്നു. അവനെയല്ലാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരുംതന്നെ ഒന്നിലും ഒരു തീര്‍പ്പും കല്‍പിക്കുന്നില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
21-ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൌഢമായ പാരമ്പര്യംകൊണ്ടും ഇവരെക്കാളേറെ പ്രബലന്മാരായിരുന്നു. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
22-അതിനു കാരണമിതാണ്. അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തെത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ ആ ദൂതന്മാരെ തള്ളിപ്പറഞ്ഞു. അതിനാല്‍ അല്ലാഹു അവരെ പിടികൂടി. നിശ്ചയം അല്ലാഹു അതിശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.
23-മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി നാം അയക്കുകയുണ്ടായി.
24-ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ജാലവിദ്യക്കാരനാണ്."
25-അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യവുമായി അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍കുട്ടികളെ നിങ്ങള്‍ കൊന്നുകളയുക. പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുക." എന്നാല്‍ സത്യനിഷേധികളുടെ തന്ത്രം പിഴച്ചുപോയി.
26-ഫറവോന്‍ പറഞ്ഞു: "എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു."
27-മൂസ പറഞ്ഞു: "വിചാരണ നാളില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍നിന്നും എന്റെയും നിങ്ങളുടെയും നാഥനില്‍ ഞാന്‍ ശരണം തേടുന്നു."
28-സത്യവിശ്വാസിയായ ഒരാള്‍ പറഞ്ഞു -അയാള്‍ ഫറവോന്റെ വംശത്തില്‍പെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാളായിരുന്നു: "എന്റെ നാഥന്‍ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും! അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ ആ കളവിന്റെ ദോഷഫലം അദ്ദേഹത്തിനു തന്നെയാണ്. മറിച്ച് സത്യവാനാണെങ്കിലോ, അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്ന ശിക്ഷകളില്‍ ചിലതെങ്കിലും നിങ്ങളെ ബാധിക്കും. തീര്‍ച്ചയായും പരിധി വിടുന്നവരെയും കള്ളം പറയുന്നവരെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
29-"എന്റെ ജനമേ, ഇന്ന് നിങ്ങള്‍ക്കിവിടെ ആധിപത്യമുണ്ട്. നാട്ടില്‍ ജയിച്ചുനില്‍ക്കുന്നവരും നിങ്ങള്‍ തന്നെ. എന്നാല്‍ ദൈവശിക്ഷ വന്നെത്തിയാല്‍ നമ്മെ സഹായിക്കാന്‍ ആരാണുണ്ടാവുക?" ഫറവോന്‍ പറഞ്ഞു: "എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്. നേര്‍വഴിയില്‍ തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്."
30-ആ സത്യവിശ്വാസി പറഞ്ഞു: "എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
31-"നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല.
32-"എന്റെ ജനമേ, അന്യോന്യം വിളിച്ച് അലമുറയിടേണ്ടി വരുന്ന ഒരു ദിനം നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
33-"നിങ്ങള്‍ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.
34-"വ്യക്തമായ തെളിവുകളുമായി മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളില്‍ നിങ്ങള്‍ സംശയിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞു: "ഇദ്ദേഹത്തിനുശേഷം അല്ലാഹു ഇനിയൊരു ദൂതനെയും അയക്കുകയേ ഇല്ലെ"ന്ന്. ഇവ്വിധം അതിരുവിടുന്നവരെയും സംശയാലുക്കളെയും അല്ലാഹു വഴികേടിലാക്കുന്നു."
35-അല്ലാഹുവില്‍നിന്ന് വന്നുകിട്ടിയ ഒരുവിധ തെളിവുമില്ലാതെ അവന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരാണവര്‍. ഇക്കാര്യം അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും അടുത്ത് വളരെ വെറുക്കപ്പെട്ടതാണ്. അത്തരം അഹങ്കാരികളും ഗര്‍വിഷ്ഠരുമായ എല്ലാവരുടെയും ഹൃദയങ്ങള്‍ക്ക് അല്ലാഹു ഇവ്വിധം മുദ്രവെക്കുന്നു.
36-ഫറവോന്‍ പറഞ്ഞു: "ഹാമാന്‍, എനിക്ക് ഒരു ഗോപുരം ഉണ്ടാക്കിത്തരിക. ഞാന്‍ ആ വഴികളിലൊന്ന് എത്തട്ടെ.
37-"ആകാശത്തിന്റെ വഴികളില്‍. അങ്ങനെ മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. നിശ്ചയമായും മൂസ നുണപറയുകയാണെന്നാണ് ഞാന്‍ കരുതുന്നത്." അവ്വിധം ഫറവോന്ന് അവന്റെ ചെയ്തികള്‍ ചേതോഹരമായി തോന്നി. അവന്‍ നേര്‍വഴിയില്‍നിന്ന് തടയപ്പെടുകയും ചെയ്തു. ഫറവോന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു.
38-ആ വിശ്വാസി പറഞ്ഞു: "എന്റെ ജനമേ, നിങ്ങളെന്നെ പിന്‍പറ്റുക. ഞാന്‍ നിങ്ങളെ വിവേകത്തിന്റെ വഴിയിലൂടെ നയിക്കാം.
39-"എന്റെ ജനമേ, ഈ ഐഹിക ജീവിതസുഖം താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം."
40-ആ കാവല്‍ക്കാര്‍ തിന്മ ചെയ്താല്‍ അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ക്കവിടെ കണക്കറ്റ ജീവിതവിഭവം ലഭിച്ചുകൊണ്ടിരിക്കും.
41-"എന്റെ ജനമേ, എന്തൊരവസ്ഥയാണെന്റേത്? ഞാന്‍ നിങ്ങളെ രക്ഷയിലേക്കു ക്ഷണിക്കുന്നു. നിങ്ങളോ എന്നെ നരകത്തിലേക്ക് വിളിക്കുന്നു.
42-"ഞാന്‍ അല്ലാഹുവെ ധിക്കരിക്കണമെന്നും എനിക്കൊട്ടും അറിഞ്ഞുകൂടാത്തവയെ ഞാനവനില്‍ പങ്കുചേര്‍ക്കണമെന്നുമാണല്ലോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്. ഞാന്‍ നിങ്ങളെ വിളിക്കുന്നതോ പ്രതാപിയും ഏറെ പൊറുക്കുന്നവനുമായ ദൈവത്തിലേക്കും.
43-"സംശയമില്ല; ഏതൊന്നിലേക്കാണോ നിങ്ങളെന്നെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിന് ഇഹലോകത്ത് ഒരു സന്ദേശവും നല്‍കാനില്ല. പരലോകത്തുമില്ല. നമ്മുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. തീര്‍ച്ചയായും അതിക്രമികള്‍ തന്നെയാണ് നരകാവകാശികള്‍.
44-"ഇപ്പോള്‍ ഞാന്‍ പറയുന്നത് പിന്നെയൊരിക്കല്‍ നിങ്ങളോര്‍ക്കുക തന്നെ ചെയ്യും. എന്റെ സര്‍വവും ഞാനിതാ അല്ലാഹുവില്‍ സമര്‍പ്പിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവന്റെ ദാസന്മാരെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണ്."
45-അപ്പോള്‍ അവരുണ്ടാക്കിയ കുതന്ത്രങ്ങളുടെ ദുരന്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. ഫറവോന്റെ ആള്‍ക്കാര്‍ കടുത്ത ശിക്ഷാവലയത്തിലകപ്പെടുകയും ചെയ്തു.
46-കത്തിയാളുന്ന നരകത്തീ! രാവിലെയും വൈകുന്നേരവും അവരെ അതിനുമുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരു ഉത്തരവുണ്ടാകും: "ഫറവോന്റെ ആളുകളെ കൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക."
47-നരകത്തില്‍ അവര്‍ അന്യോന്യം കശപിശ കൂടുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. അപ്പോള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നവര്‍ കേമന്മാരായി നടിച്ചിരുന്നവരോടു പറയും: "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റിക്കഴിയുകയായിരുന്നു. അതിനാല്‍ ഞങ്ങളെ ഈ നരകശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്കാകുമോ?"
48-കേമത്തം നടിച്ചവര്‍ പറയും: "തീര്‍ച്ചയായും നാമൊക്കെ ഇവിടെ ഈ അവസ്ഥയിലാണ്. അല്ലാഹു തന്റെ ദാസന്മാര്‍ക്കിടയില്‍ വിധി നടപ്പാക്കിക്കഴിഞ്ഞു."
49-നരകാവകാശികള്‍ അതിന്റെ കാവല്‍ക്കാരോടു പറയും: "നിങ്ങള്‍ നിങ്ങളുടെ നാഥനോടൊന്നു പ്രാര്‍ഥിച്ചാലും. അവന്‍ ഒരു ദിവസത്തെ ശിക്ഷയെങ്കിലും ഞങ്ങള്‍ക്ക് ലഘൂകരിച്ചുതന്നാല്‍ നന്നായേനെ."
50-ആ കാവല്‍ക്കാര്‍ ചോദിക്കും: "നിങ്ങള്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ?" അവര്‍ പറയും: "അതെ." അപ്പോള്‍ ആ കാവല്‍ക്കാര്‍ പറയും: "എങ്കില്‍ നിങ്ങള്‍തന്നെ പ്രാര്‍ഥിച്ചുകൊള്ളുക." സത്യനിഷേധികളുടെ പ്രാര്‍ഥന തീര്‍ത്തും നിഷ്ഫലമത്രെ.
51-തീര്‍ച്ചയായും നമ്മുടെ ദൂതന്മാരെയും സത്യവിശ്വാസികളെയും നാം സഹായിക്കും. ഈ ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്തുവരുന്ന അന്ത്യനാളിലും.
52-അന്ന് അക്രമികള്‍ക്ക് അവരുടെ ഒഴികഴിവുകള്‍ ഒട്ടും ഉപകരിക്കുകയില്ല. അവര്‍ക്കാണ് കൊടും ശാപം. വളരെ ചീത്തയായ പാര്‍പ്പിടമാണ് അവര്‍ക്കുണ്ടാവുക.
53-മൂസാക്കു നാം നേര്‍വഴി നല്‍കി. ഇസ്രയേല്‍ മക്കളെ നാം വേദപുസ്തകത്തിന്റെ അവകാശികളാക്കി.
54-അത് വിചാരമതികള്‍ക്ക് വഴികാട്ടിയും ഉത്തമമായ ഉദ്ബോധനവുമായിരുന്നു.
55-അതിനാല്‍ നീ ക്ഷമിക്കുക. സംശയമില്ല; അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നിന്റെ പാപങ്ങള്‍ക്ക് മാപ്പിരക്കുക. രാവിലെയും വൈകുന്നേരവും നിന്റെ നാഥനെ വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക.
56-ഒരു തെളിവുമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ, ഉറപ്പായും അവരുടെ ഹൃദയങ്ങളില്‍ അഹങ്കാരം മാത്രമേയുള്ളൂ. എന്നാല്‍ അവര്‍ക്കാര്‍ക്കും ഉയരങ്ങളിലെത്താനാവില്ല. അതിനാല്‍ നീ അല്ലാഹുവോട് രക്ഷതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
57-ആകാശഭൂമികളുടെ സൃഷ്ടി മനുഷ്യസൃഷ്ടിയെക്കാള്‍ എത്രയോ വലിയ കാര്യമാണ്. പക്ഷേ, അധികമാളുകളും അതറിയുന്നില്ല.
58-കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയല്ല. സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മം പ്രവര്‍ത്തിച്ചവരും ചീത്ത ചെയ്തവരും സമമാവുകയില്ല. നിങ്ങള്‍ വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ.
59-ആ അന്ത്യസമയം വന്നെത്തുകതന്നെ ചെയ്യും. അതിലൊട്ടും സംശയം വേണ്ട. എന്നാല്‍ മനുഷ്യരിലേറെ പേരും വിശ്വസിക്കുന്നില്ല.
60-നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.
61-അല്ലാഹുവാണ് നിങ്ങള്‍ക്ക് രാവൊരുക്കിത്തന്നത്, നിങ്ങള്‍ ശാന്തി നേടാന്‍. പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.
62-അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. സകല വസ്തുക്കളുടെയും സ്രഷ്ടാവ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങനെ വഴിതെറ്റിപ്പോകുന്നു?
63-അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ ഇങ്ങനെത്തന്നെയാണ് വഴിതെറ്റിപ്പോകുന്നത്.
64-അല്ലാഹു തന്നെയാണ് നിങ്ങള്‍ക്കു ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കിയത്. മാനത്തെ മേല്‍പ്പുരയാക്കിയതും അവന്‍ തന്നെ. അവന്‍ നിങ്ങള്‍ക്കു രൂപമേകി. ആ രൂപത്തെ ഏറെ മികവുറ്റതാക്കി. വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തന്നു. ആ അല്ലാഹു തന്നെയാണ് നിങ്ങളുടെ നാഥന്‍. പ്രപഞ്ചനാഥനായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.
65-അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ ആത്മാര്‍ഥതയോടെ അവനു മാത്രം കീഴ്പ്പെടുക. അവനോടു മാത്രം പ്രാര്‍ഥിക്കുക. പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് സര്‍വസ്തുതിയും.
66-പറയുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവയെ പൂജിക്കാന്‍ എനിക്കനുവാദമില്ല. എനിക്കെന്റെ നാഥനില്‍ നിന്നു വ്യക്തമായ തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. പ്രപഞ്ചനാഥന്ന് സമസ്തവും സമര്‍പ്പിക്കാനാണ് അവനെന്നോടു കല്‍പിച്ചിരിക്കുന്നത്.
67-അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജകണത്തില്‍ നിന്ന്. പിന്നീട് ഭ്രൂണത്തില്‍നിന്നും. തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അതിനുശേഷം നിങ്ങള്‍ കരുത്തുനേടാനാണിത്. അവസാനം നിങ്ങള്‍ വൃദ്ധരായിത്തീരാനും. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അവധിയിലെത്താനുമാണിത്. ഒരുവേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ.
68-അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവനൊരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ "ഉണ്ടാവട്ടെ" എന്ന് പറയുകയേ വേണ്ടൂ, അതുണ്ടാവുന്നു.
69-അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരെ നീ കണ്ടിട്ടില്ലേ. അവരെങ്ങനെയാണ് വഴിതെറ്റിപ്പോകുന്നതെന്ന്.
70-വേദപുസ്തകത്തെയും നമ്മുടെ ദൂതന്മാരോടൊപ്പം നാമയച്ച സന്ദേശത്തെയും തള്ളിപ്പറഞ്ഞവരാണവര്‍. ഏറെ വൈകാതെ എല്ലാം അവരറിയും.
71-72-അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളും വീഴുമ്പോഴായിരിക്കുമത്. ചുട്ടുപൊള്ളുന്ന വെള്ളത്തിലൂടെഅവര്‍ വലിച്ചിഴക്കപ്പെടും. പിന്നെയവര്‍ നരകത്തീയില്‍ എരിയും.
73-74-പിന്നീട് അവരോടിങ്ങനെ ചോദിക്കും: "അല്ലാഹുവെക്കൂടാതെ നിങ്ങളവനില്‍ പങ്കുചേര്‍ത്തിരുന്നവരെവിടെ?" അവര്‍ പറയും: "ആ പങ്കാളികള്‍ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. അല്ല; ഞങ്ങള്‍ മുമ്പ് ഒന്നിനെയും വിളിച്ചുപ്രാര്‍ഥിച്ചിരുന്നില്ല." ഇങ്ങനെയാണ് അല്ലാഹു സത്യനിഷേധികളെ വഴികേടിലാക്കുന്നത്.
75-നിങ്ങള്‍ ഭൂമിയില്‍ അനര്‍ഹമായി പൊങ്ങച്ചം കാണിച്ചതിനാലും അഹങ്കരിച്ചതിനാലുമാണിത്.
76-ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ.
77-അതിനാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നാം അവര്‍ക്കു വാഗ്ദാനം ചെയ്യുന്ന ശിക്ഷകളില്‍ ചിലത് നിന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനു മുമ്പെ നിന്നെ നാം മരിപ്പിച്ചേക്കാം. ഏതായാലും അവര്‍ തിരിച്ചുവരിക നമ്മുടെ അടുത്തേക്കാണ്.
78-നിനക്കു മുമ്പ് നിരവധി ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിനക്കു നാം വിവരിച്ചുതന്നിരിക്കുന്നു. വിവരിച്ചുതരാത്ത ചിലരുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹുവിന്റെ കല്‍പന വന്നാല്‍ ന്യായമായ വിധിത്തീര്‍പ്പുണ്ടാവും. അതോടെ അസത്യവാദികള്‍ കൊടും നഷ്ടത്തിലകപ്പെടും.
79-നിങ്ങള്‍ക്കു കന്നുകാലികളെ സൃഷ്ടിച്ചുതന്നത് അല്ലാഹുവാണ്. അവയില്‍ ചിലത് നിങ്ങള്‍ക്കു സവാരി ചെയ്യാനാണ്. ചിലത് ആഹരിക്കാനും.
80-അവകൊണ്ട് നിങ്ങള്‍ക്ക് വളരെയേറെ പ്രയോജനമുണ്ട്. അവയിലൂടെ നിങ്ങളുടെ മനസ്സിലെ പല ആഗ്രഹങ്ങളും നിങ്ങള്‍ എത്തിപ്പിടിക്കുന്നു. അവയുടെ പുറത്തിരുന്നും കപ്പലുകളിലുമാണല്ലോ നിങ്ങള്‍ യാത്ര ചെയ്യുന്നത്.
81-അല്ലാഹു തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കിതാ കാണിച്ചുതരുന്നു. എന്നിട്ടും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
82-അവര്‍ ഭൂമിയില്‍ സഞ്ചരിച്ച് അവരുടെ മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കി മനസ്സിലാക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ അംഗബലമുള്ളവരായിരുന്നു. കരുത്തുകൊണ്ടും ഭൂമിയില്‍ ശേഷിപ്പിച്ച പൈതൃകം കൊണ്ടും കൂടുതല്‍ പ്രബലരായിരുന്നു. എന്നിട്ടും അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
83-അങ്ങനെ അവര്‍ക്കുള്ള ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു ചെന്നപ്പോള്‍ തങ്ങളുടെ വശമുള്ള വിജ്ഞാനംകൊണ്ട് അവര്‍ പുളകംകൊള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന ശിക്ഷ അവരെ ആവരണം ചെയ്തു.
84-നമ്മുടെ ശിക്ഷ നേരില്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളിതാ ഏകനായ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നു. അവനില്‍ പങ്കുചേര്‍ത്തിരുന്ന സകലതിനെയും ഞങ്ങളിതാ തള്ളിപ്പറയുന്നു."
85-എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍ കൊടിയ നഷ്ടത്തിലകപ്പെടുന്നു.
|
Subscribe to:
Posts (Atom)