03 ആലുഇംറാന്‍

ആമുഖം
നാമം
ഈ സൂറയില്‍ ഒരിടത്ത് `ആലുഇംറാനെ` (ഇംറാന്‍ കുടുംബത്തെ)ക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് ഒരു സൂചികയെന്നോണം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കയാണ്. 
അവതണവും ഉള്ളടക്കവും
ഈ സൂറ നാല് പ്രഭാഷണങ്ങളുള്‍ക്കൊള്ളുന്നു. ഒന്നാം പ്രഭാഷണം സൂറയുടെ തുടക്കം മുതല്‍ നാലാം ഖണ്ഡികയുടെ ആരംഭത്തിലെ രണ്ടു വാക്യങ്ങള്‍ വരെയാണ്. മിക്കവാറും ബദ്ര്‍യുദ്ധം കഴിഞ്ഞ് അധികം താമസിയാതെയാണ് അതവതരിച്ചത്. 
രണ്ടാം പ്രഭാഷണം
إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ (ആദമിനെയും നൂഹിനെയും ഇബ്റാഹീംകുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും അല്ലാഹു മുഴുവന്‍ ലോകരില്‍വെച്ച് തന്റെ ദൌത്യത്തിനുവേണ്ടി സവിശേഷം തെരഞ്ഞെടുത്തിരിക്കുന്നു) എന്ന വാക്യം മുതലാരംഭിച്ച് ആറാം ഖണ്ഡികയുടെ അന്ത്യത്തില്‍ അവസാനിക്കുന്നു. ഇത് ഹിജ്റ ഒമ്പതാം വര്‍ഷം നജ്റാന്‍ നിവേദകസംഘം നബി(സ) തിരുമേനിയുടെ അടുക്കല്‍ വന്ന സന്ദര്‍ഭത്തിലാണവതരിച്ചത്. മൂന്നാം പ്രഭാഷണം ഏഴാം ഖണ്ഡികയുടെ ആരംഭം മുതല്‍ പന്ത്രണ്ടാം ഖണ്ഡികയുടെ അവസാനം വരെ പോകുന്നു. ഒന്നാം പ്രഭാഷണത്തോട് തൊട്ടു തന്നെയാണ് ഇതവതരിച്ചതെന്നും മനസ്സിലാവുന്നു. നാലാം പ്രഭാഷണം പതിമൂന്നാം ഖണ്ഡിക മുതല്‍ സൂറയുടെ അവസാനം വരെയാണ്. ഇത് ഉഹുദ്യുദ്ധത്തിന് ശേഷമാണ് അവതരിച്ചത്. 
സംബോധനവും പ്രതിപാദ്യവിഷയങ്ങളും
ഈ വിവിധ പ്രഭാഷണങ്ങളെ കൂട്ടിയിണക്കി ഒരേക അധ്യായമാക്കിത്തീര്‍ക്കുന്നത് ഉദ്ദേശ്യലക്ഷ്യങ്ങളുടെയും കേന്ദ്രവിഷയത്തിന്റെയും ഏകീഭാവമാണ്. സൂറയുടെ സംബോധനം പ്രത്യേകമായി രണ്ടു വിഭാഗത്തോടാണ്- വേദക്കാരും (ജൂതരും ക്രിസ്ത്യാനികളും) മുഹമ്മദ് നബി(സ)യില്‍ വിശ്വസിച്ച മുസ്ലിംകളും. ഒന്നാം വിഭാഗത്തെ, സൂറതുല്‍ബഖറയില്‍ തുടങ്ങിവെച്ച രീതിയില്‍ കൂടുതല്‍ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ആദര്‍ശപരമായ മാര്‍ഗഭ്രംശത്തെയും ധാര്‍മികദൂഷ്യങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട് അവരെ ഉദ്ബോധിപ്പിച്ചു: ആരംഭംതൊട്ട് സകല പ്രവാചകന്മാരും ക്ഷണിച്ചുകൊണ്ടിരുന്നതും അല്ലാഹുവിന്റെ പ്രകൃതിനിയമത്തിനൊത്തുള്ള ഏക ദീനുമായ ഇസ്ലാമിലേക്കാണ് ഈ ദൂതനും ഈ ഖുര്‍ആനും ക്ഷണിക്കുന്നത്. ഈ ദീനാകുന്ന ഋജുമാര്‍ഗത്തെവിട്ട് നിങ്ങള്‍ കൈക്കൊണ്ട മാര്‍ഗങ്ങള്‍ നിങ്ങളംഗീകരിച്ച വേദഗ്രന്ഥങ്ങള്‍ അനുസരിച്ചുതന്നെ ശരിയല്ല. അതിനാല്‍ നിങ്ങള്‍ക്ക് തന്നെ നിഷേധിക്കാനാവാത്ത ഈ സത്യം സ്വീകരിക്കുക. ഉത്തമ സമുദായമെന്നനിലക്ക് ഇപ്പോള്‍ സത്യത്തിന്റെ ധ്വജവാഹകരും ലോകസംസ്കരണത്തിന് ബാധ്യസ്ഥരുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രണ്ടാം വിഭാഗത്തിന് സൂറതുല്‍ബഖറയില്‍ തുടങ്ങിവെച്ച വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. പൂര്‍വസമുദായങ്ങളുടെ മതപരവും ധാര്‍മികവുമായ അധഃപതനത്തിന്റെ അപകടകരമായ ചിത്രം വരച്ചുകാണിച്ചുകൊണ്ട് അവരുടെ കാലടികളെ പിന്‍പറ്റുന്നത് മുസ്ലിംകള്‍ സൂക്ഷിക്കണമെന്ന് താക്കീത് നല്‍കുന്നു. പരിഷ്കര്‍ത്താക്കളുടെ ഒരു സംഘമെന്ന നിലക്ക് അവര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാനാവിധ പ്രതിബന്ധങ്ങള്‍ തുടരെത്തുടരെ വലിച്ചിട്ടുകൊണ്ടിരുന്ന വേദക്കാരോടും മുനാഫിഖുകളോടും എങ്ങനെ ഇടപെടണമെന്നും അവരെ പഠിപ്പിക്കുന്നു. ഉഹുദ്യുദ്ധത്തില്‍ പ്രകടമായ തങ്ങളുടെ ബലഹീനതകള്‍ ദൂരീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇവ്വിധം, ഈ സൂറ അതിലെ വ്യത്യസ്ത ഘടകങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നുണ്ടെന്ന് മാത്രമല്ല, സൂറതുല്‍ബഖറയുമായി ഇതിന് അടുത്ത ബന്ധമുള്ളതായും കാണാവുന്നതാണ്. അല്‍ബഖറയുടെ സമാപനമെന്നുതന്നെ പറയാവുന്ന ഈ സൂറയുടെ സ്വാഭാവികമായ സ്ഥാനം സൂറതുല്‍ബഖറയോട് തൊട്ടടുത്തുതന്നെയാണെന്നും സ്പഷ്ടമാകുന്നുണ്ട്. 
പശ്ചാത്തലം
ഈ സൂറയുടെ ചരിത്രപരമായ പശ്ചാത്തലമിതാണ്: 1. സത്യദീനില്‍ വിശ്വസിക്കുന്നവര്‍ക്ക് നേരിടാനിരിക്കുന്ന കഷ്ടനഷ്ടങ്ങളെയും പരീക്ഷണഘട്ടങ്ങളെയും കുറിച്ച് സൂറതുല്‍ബഖറയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതെല്ലാം പൂര്‍ണശക്തിയില്‍ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ സത്യവിശ്വാസികള്‍ വിജയംവരിച്ചുവെങ്കിലും ആ യുദ്ധം വാസ്തവത്തില്‍ കടന്നല്‍ കൂട്ടിലേക്ക് കല്ലെറിഞ്ഞതിനു തുല്യമായിരുന്നു. ഈ പ്രഥമ സായുധസംഘട്ടനം, വളര്‍ന്നുവരുന്ന ഇസ്ലാമിക പ്രസ്ഥാനത്തോട് ശത്രുത പുലര്‍ത്തിക്കൊണ്ടിരുന്ന അറേബ്യയിലെ മുഴുവന്‍ ശക്തികളെയും തട്ടിയുണര്‍ത്തി. കൊടുങ്കാറ്റിന്റെയും ജലപ്രളയത്തിന്റെയും ലക്ഷണങ്ങള്‍ സര്‍വത്ര പ്രകടമായി. നിരന്തര ഭയത്തിന്റെയും അസ്വാസ്ഥ്യത്തിന്റെയും ചുറ്റുപാടിലാണ് മുസ്ലിംകള്‍ കഴിഞ്ഞുകൂടിയിരുന്നത്. ചുറ്റുപാടുമുള്ള ലോകത്തോട് മുഴുവന്‍ യുദ്ധവും ശത്രുതയും വിലയ്ക്കുവാങ്ങിയ മദീനയാകുന്ന ചെറുരാജ്യം ഭൂമുഖത്തുനിന്ന് എന്നേക്കുമായി തുടച്ചുനീക്കപ്പെട്ടേക്കാമെന്ന് തോന്നി. ഈ പരിതഃസ്ഥിതി മദീനയുടെ സാമ്പത്തികാവസ്ഥയെയും സാരമായി ബാധിച്ചിരുന്നു. മൂന്നക്കങ്ങള്‍കൊണ്ടെണ്ണാവുന്ന വീടുകള്‍ മാത്രമുള്ള ആ ചെറുപട്ടണത്തിലേക്ക് വന്‍തോതിലുണ്ടായ അഭയാര്‍ഥിപ്രവാഹം അവിടത്തെ സാമ്പത്തിക സമനില അപകടത്തിലാക്കിയിരുന്നു. അതിന് പുറമെ യുദ്ധാവസ്ഥ കൂടുതല്‍ കെടുതികള്‍ വരുത്തിവെക്കുകയും ചെയ്തു. 2.ഹിജ്റക്ക് ശേഷം മദീനയുടെ പരിസരപ്രദേശങ്ങളിലെ ജൂതഗോത്രങ്ങളുമായി നബി(സ) തിരുമേനി ചെയ്ത ഉടമ്പടികള്‍ അവരൊട്ടും പാലിച്ചില്ല. ബദ്ര്‍യുദ്ധത്തില്‍, ആ വേദക്കാരുടെ അനുഭാവം, ഏകദൈവത്തിലും പ്രവാചകത്വത്തിലും ദൈവഗ്രന്ഥത്തിലും പരലോകത്തിലും വിശ്വസിക്കുന്ന മുസ്ലികളോടായിരുന്നില്ല. വിഗ്രഹപൂജകരായ മുശ്രിക്കുകളോടായിരുന്നു. ബദ്ര്‍ യുദ്ധത്തിനുശേഷമാകട്ടെ, അവര്‍ പരസ്യമായിത്തന്നെ ഖുറൈശികളെയും മറ്റു അറേബ്യന്‍ ഗോത്രങ്ങളെയും മുസ്ലിംകള്‍ക്ക് നേരെ ഇളക്കിവിട്ട് പ്രതികാരത്തിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ചും `ബനുന്നളീര്‍` ഗോത്രത്തലവനായ കഅ്ബുബ്നു അശ്റഫ് തല്‍വിഷയകമായുള്ള തന്റെ പരിശ്രമങ്ങളെ അന്ധമായ ശത്രുതയുടെയും കുടിലതയുടെയും അതിര്‍ത്തിയോളമെത്തിച്ചു. മദീനാ നിവാസികളുമായി നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന അയല്‍വാസത്തിന്റെയും മൈത്രിയുടെയും ബന്ധങ്ങളെ ജൂതന്മാര്‍ തീരെ അവഗണിച്ചുകളഞ്ഞു. അവസാനം അവരുടെ അകൃത്യങ്ങളും ഉടമ്പടി ലംഘനങ്ങളും അസഹ്യമായിത്തീര്‍ന്നപ്പോള്‍, ബദ്ര്‍യുദ്ധം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം പ്രസ്തുത ജൂതഗോത്രങ്ങളില്‍ ഏററവും കൂടുതല്‍ ദ്രോഹികളായിരുന്ന'`ബനൂ ഖൈനുഖാഇ`നു നേരെ നബി(സ) തിരുമേനി ആക്രമണം നടത്തുകയും മദീനയുടെ പരിസരത്തുനിന്ന് അവരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍, ഇതോടെ ഇതര ജൂതഗോത്രങ്ങളുടെ വിദ്വേഷാഗ്നി കൂടുതല്‍ ശക്തിയില്‍ ആളിക്കത്തുകയാണുണ്ടായത്. അവര്‍ മദീനയിലെ മുനാഫിഖുകളുമായും ഹിജാസിലെ മുശ്രിക്കുഗോത്രങ്ങളുമായും ഗൂഢാലോചനകള്‍ നടത്തി ഇസ്ലാമിന്നും മുസ്ലിംകള്‍ക്കും സര്‍വത്ര ആപത്തുകള്‍ സൃഷ്ടിച്ചുവിട്ടു. എന്തിനേറെ, നബി(സ) തിരുമേനിയുടെ ജീവന്‍ പോലും ഏത് നിമിഷത്തിലും അപകടത്തിലാണെന്ന പ്രതീതി ഉളവായി. തിരുമേനിയുടെ നേരെ വധോദ്യമം നടന്നേക്കുമെന്ന് സദാ ഭീതിയുണ്ടായിരുന്നു. തിരുമേനിയുടെ സഖാക്കള്‍ അക്കാലത്ത് ആയുധം ധരിച്ചുകൊണ്ടാണുറങ്ങിയിരുന്നത്. രാത്രികാലത്ത് പൊടുന്നനവെ ഉണ്ടാകുന്ന ആക്രമണത്തെ'ഭയന്ന് അവര്‍ കാവലേര്‍പ്പാടു ചെയ്തിരുന്നു. അല്‍പസമയത്തേക്കെങ്കിലും നബി (സ) തിരുമേനി അവരുടെ ദൃഷ്ടിയില്‍നിന്നും മറഞ്ഞുപോകുന്നപക്ഷം അവര്‍ പരിഭ്രമിച്ച് തിരുമേനിയെ തേടി പുറപ്പെട്ടിരുന്നു. 3. ബദ്റിലെ പരാജയത്തിനുശേഷം ഖുറൈശികളുടെ ഹൃദയത്തില്‍ കത്തിജ്ജ്വലിച്ചുകൊണ്ടിരുന്ന പ്രതികാരാഗ്നിയില്‍ ജൂതന്മാര്‍ എണ്ണയൊഴിച്ചു. അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും മക്കയില്‍നിന്ന് മുവ്വായിരം പേരടങ്ങിയ ഒരു പ്രബല സൈന്യം മദീനയെ ആക്രമിക്കുകയും ഉഹുദ് താഴ്വരയില്‍ വെച്ച് ഭയങ്കര പോരാട്ടം നടത്തുകയും ചെയ്തു. ഇതാണ് പ്രസിദ്ധമായ ഉഹുദ് യുദ്ധം. ഈ യുദ്ധത്തിന് നബി(സ)യോടൊന്നിച്ച്, മദീനയില്‍നിന്ന് ആയിരം പേര്‍ പുറപ്പെട്ടുവെങ്കിലും വഴിമധ്യേ മുന്നൂറു മുനാഫിഖുകള്‍ പൊടുന്നനെ മദീനയിലേക്ക് തിരിച്ചുപോയി. അവശേഷിച്ച 700 പേരില്‍പോലും മുനാഫിഖുകളുടെ ഒരു ചെറുഭാഗമുണ്ടായിരുന്നു. യുദ്ധവേളയില്‍ മുസ്ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ സാധ്യമാകുന്നതെല്ലാം അവര്‍ ചെയ്തു. സ്വന്തം വീടിനുള്ളില്‍തന്നെ ഇത്രയധികം വിഷപ്പാമ്പുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അവര്‍ പുറത്തുള്ള ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് സ്വസഹോദരങ്ങള്‍ക്ക് ഇവ്വിധം നാശനഷ്ടങ്ങളേല്‍പിക്കുവാന്‍ തുനിഞ്ഞിരിക്കുകയാണെന്നും മുസ്ലിംകള്‍ക്ക് പ്രത്യക്ഷത്തില്‍ മനസ്സിലായ ആദ്യസന്ദര്‍ഭമായിരുന്നു അത്. 4. ഉഹുദ് യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് നേരിട്ട പരാജയത്തില്‍ മുനാഫിഖുകളുടെ കുതന്ത്രങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടായിരുന്നെങ്കിലും മുസ്ലിംകളുടെ തന്നെ ബലഹീനതകളുടെ പങ്കും ഒട്ടും കുറവായിരുന്നില്ല. ഒരു പ്രത്യേക ചിന്താരീതിയുടെയും ധാര്‍മിക വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ പുതുതായി ഉടലെടുത്ത ഒരു പാര്‍ട്ടിയായിരുന്നു അവര്‍. അവരുടെ ധാര്‍മിക സംസ്കരണം ഇനിയും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ആദര്‍ശസിദ്ധാന്തങ്ങളുടെ സംരക്ഷണത്തിനായി സമരം ചെയ്യേണ്ടിവന്ന രണ്ടാമത്തെ സന്ദര്‍ഭമായിരുന്നു അത്. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ബലഹീനതകള്‍ പ്രത്യക്ഷപ്പെട്ടു എന്നത് സ്വാഭാവികം മാത്രമായിരുന്നു. അതിനാല്‍, നടന്ന മുഴുവന്‍ സംഭവങ്ങളെക്കുറിച്ചും യുദ്ധത്തിനുശേഷം വിശദമായി നിരൂപണം നടത്തുകയും ഇസ്ലാമിക വീക്ഷണ ഗതിയനുസരിച്ച് മുസ്ലിംകളില്‍ കാണപ്പെട്ട ബലഹീനതകളോരോന്നായി ചൂണ്ടിക്കാണിച്ചുകൊണ്ട് തല്‍പരിഹാരാര്‍ഥമുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാവശ്യമായി വന്നു. യുദ്ധത്തെക്കുറിച്ചുള്ള ഖുര്‍ആന്റെ നിരൂപണം ഭൌതികന്മാരായ സൈനിക നേതാക്കള്‍ യുദ്ധത്തിനുശേഷം നടത്താറുള്ള നിരൂപണങ്ങളില്‍നിന്ന് എന്തുമാത്രം വ്യത്യസ്തമാണെന്ന വസ്തുത ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്..
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-അലിഫ്-ലാം-മീം. 
2- അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍.
3- സത്യസന്ദേശവുമായി ഈ വേദം നിനക്ക്  ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. തൌറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു.
4- അത് ഇതിനു മുമ്പാണ്. ഇതെല്ലാം മനുഷ്യര്‍ക്ക് വഴികാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ ഇനിയും അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ശിക്ഷ നടപ്പാക്കുന്നവനുമാകുന്നു.
5- മണ്ണിലോ മാനത്തോ അല്ലാഹുവിന്റെ കാഴ്ചയില്‍ പെടാത്ത ഒന്നും തന്നെയില്ല; തീര്‍ച്ച.
6- അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിച്ഛിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. അവന്‍ പ്രതാപിയാണ്. യുക്തിമാനും.
7- അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത  ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
8- അവര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചുകളയരുതേ! നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, നീ തന്നെയാണ് അത്യുദാരന്‍".
9- "ഞങ്ങളുടെ നാഥാ! തീര്‍ച്ചയായും ഒരു നാള്‍ നീ ജനങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. നിശ്ചയമായും അല്ലാഹു കരാര്‍ ലംഘിക്കുകയില്ല."
10- സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷകിട്ടാന്‍ അവരുടെ സ്വത്തോ സന്താനങ്ങളോ തീരെ ഉപകരിക്കുകയില്ല. അവരാണ് നരകത്തീയിലെ വിറകായിത്തീരുന്നവര്‍.
11- ഫറവോന്റെ ആള്‍ക്കാരുടെയും അവര്‍ക്ക് മുമ്പുള്ളവരുടെയും അനുഭവം തന്നെയാണ് ഇവര്‍ക്കുമുണ്ടാവുക. അവരെല്ലാം നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
12- സത്യനിഷേധികളോടു പറയുക: ഒട്ടും വൈകാതെ നിങ്ങളെ കീഴടക്കി കൂട്ടത്തോടെ നരകത്തീയിലേക്ക് നയിക്കും. അതെത്ര ചീത്ത സ്ഥലം!
13- പരസ്പരം ഏറ്റുമുട്ടിയ  രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു. മറു വിഭാഗം സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ഗുണപാഠമുണ്ട്.
14- ഭാര്യമാര്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു.
15- പറയുക: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാനറിയിച്ചുതരട്ടെയോ? ഭക്തി പുലര്‍ത്തിയവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്; ഒപ്പം ദൈവപ്രീതിയും. അല്ലാഹു തന്റെ അടിമകളുടെ അവസ്ഥകളൊക്കെ കണ്ടറിയുന്നവനാണ്.
16- ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണവര്‍: "ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ."
17- അവര്‍ ക്ഷമ പാലിക്കുന്നവരാണ്. സത്യസന്ധരാണ്. ദൈവഭക്തരാണ്. ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരാണ്. രാവിന്റെ അവസാന യാമങ്ങളില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവരും.
18- താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.
19- ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാംതന്നെ. വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍നിന്ന് തെന്നിമാറിയത് അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു അതിവേഗം വിചാരണ നടത്തുന്നവനാണ്.
20- അഥവാ, അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: "ഞാന്‍ എന്നെ പൂര്‍ണമായും അല്ലാഹുവിന് സമര്‍പ്പിച്ചിരിക്കുന്നു; എന്നെ പിന്തുടര്‍ന്നവരും." വേദഗ്രന്ഥം ലഭിച്ചവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും നീ ചോദിക്കുക: "നിങ്ങള്‍ ദൈവത്തിന് കീഴ്പ്പെട്ടോ?" അവര്‍ കീഴ്പ്പെട്ടു കഴിഞ്ഞാല്‍ ഉറപ്പായും അവര്‍ നേര്‍വഴിയിലായി. അവര്‍ പിന്തിരിഞ്ഞു പോയാലോ അവര്‍ക്ക് സന്മാര്‍ഗം എത്തിക്കേണ്ട ബാധ്യതയേ നിനക്കുള്ളൂ. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യം സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ്.
21- അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറയുകയും അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും നീതി പാലിക്കാന്‍ കല്‍പിക്കുന്നവരെ വധിക്കുകയും ചെയ്യുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് ‎‎"സുവാര്‍ത്ത" അറിയിക്കുക.
22- തങ്ങളുടെ കര്‍മങ്ങളെല്ലാം ഇഹത്തിലും പരത്തിലും പാഴായിപ്പോയവരാണവര്‍. അവര്‍ക്കു സഹായികളായി ആരുമുണ്ടാവില്ല.
23- വേദവിജ്ഞാനത്തില്‍നിന്ന് ഒരു വിഹിതം കിട്ടിയ കൂട്ടരെ ക്കുറിച്ച് നീ അറിഞ്ഞില്ലേ? അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍  അല്ലാഹുവിന്റെ വേദത്തിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ ഒരു വിഭാഗം ഒഴിഞ്ഞു മാറി പിന്തിരിഞ്ഞുപോകുന്നു.
24- നിര്‍ണിതമായ ഏതാനും നാളുകളല്ലാതെ നരകത്തീ തങ്ങളെ തൊടില്ലെന്ന് വാദിച്ചതിനാലാണ് അവരങ്ങനെയായത്. അവര്‍ സ്വയം കെട്ടിച്ചമച്ച വാദങ്ങള്‍ അവരുടെ മതകാര്യത്തിലവരെ വഞ്ചിതരാക്കിയിരിക്കുന്നു.
25- ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും. അന്ന് അവരുടെ അവസ്ഥ എന്തായിരിക്കും? അങ്ങനെ സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല. അന്ന് ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കും. ആരോടും ഒട്ടും അനീതിയുണ്ടാവില്ല.
26- പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
27- നീ രാവിനെ പകലിലേക്ക് കടത്തിവിടുന്നു. പകലിനെ രാവിലേക്കും കടത്തിവിടുന്നു. നീ ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതിനെ ഉണ്ടാക്കുന്നു. ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറപ്പെടുവിക്കുന്നു. നീ ഇച്ഛിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ കൊടുക്കുന്നു.
28- സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ആത്മമിത്രങ്ങളാ ക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.
29- പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും തെളിയിച്ചുകാട്ടിയാലും അല്ലാഹു അറിയും. ആകാശഭൂമികളിലുള്ളതെല്ലാം അവനറിയുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
30- ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.
31- പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ  പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
32- പറയുക: അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ വിസമ്മതിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുകയില്ല; തീര്‍ച്ച.
33- ആദം, നൂഹ്, ഇബ്റാഹീംകുടുംബം, ഇംറാന്‍കുടുംബം ഇവരെയൊക്കെ നിശ്ചയമായും ലോകജനതയില്‍ നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു.
34- അവരെല്ലാം ഒരേ വംശപരമ്പരയിലെ സന്തതികളാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
35- ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ."
36- പിന്നീട് ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‎‎"എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്- അവള്‍ പ്രസവിച്ചത് ആരെയെന്ന് നന്നായറിയുന്നവനാണ് അല്ലാഹു.-ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞിനെപ്പോലെയല്ലല്ലോ. ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്നു പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നിലഭയം തേടുന്നു."
37- അങ്ങനെ അവളുടെ നാഥന്‍ അവളെ  നല്ല നിലയില്‍ സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബി ല്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള്‍ അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കറ്റ് കൊടുക്കുന്നു."
38- അവിടെവെച്ച് സകരിയ്യാ തന്റെ നാഥനോട് പ്രാര്‍ഥിച്ചു: ‎‎"എന്റെ നാഥാ, എനിക്കു നീ നിന്റെ വകയായി നല്ലവരായ മക്കളെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലോ."
39- അങ്ങനെ അദ്ദേഹം "മിഹ്റാബില്‍" പ്രാര്‍ഥിച്ചുകൊണ്ടു നില്‍ക്കെ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ‎‎"നിശ്ചയമായും അല്ലാഹു നിന്നെ യഹ്യാ യെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവില്‍നിന്നുള്ള വചന ത്തെ സത്യപ്പെടുത്തുന്നവനായാണ് അവന്‍ വരിക. അവന്‍ നേതാവും ആത്മസംയമനം പാലിക്കുന്നവനും സദ്വൃത്തരില്‍പ്പെട്ട പ്രവാചകനുമായിരിക്കും."
40- സകരിയ്യാ ചോദിച്ചു: "എന്റെ നാഥാ! എനിക്കെങ്ങനെ ഇനിയൊരു പുത്രനുണ്ടാകും? ഞാന്‍ കിഴവനായിക്കഴിഞ്ഞു. എന്റെ ഭാര്യയോ വന്ധ്യയും." അല്ലാഹു അറിയിച്ചു: "അതൊക്കെ ശരി തന്നെ. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു."
41- അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ! എനിക്കു നീ ഒരടയാളം കാണിച്ചുതന്നാലും." അല്ലാഹു അറിയിച്ചു: ‎‎"നിനക്കുള്ള അടയാളം മൂന്നുനാള്‍ ആംഗ്യഭാഷയിലല്ലാതെ ജനങ്ങളോട് സംസാരിക്കാതിരിക്കലാണ്. നിന്റെ നാഥനെ ആവോളം സ്മരിക്കുക. രാവിലെയും വൈകുന്നേരവും അവന്റെ വിശുദ്ധി വാഴ്ത്തുക."
42- മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു".
43- "മര്‍യം, നീ നിന്റെ നാഥനോട് ഭക്തി പുലര്‍ത്തുക. അവനെ സാഷ്ടാംഗം പ്രണമിക്കുക. തല കുനിക്കുന്നവരോടൊപ്പം നമിക്കുക."
44- നാം നിനക്ക്  ബോധനംനല്‍കുന്ന അഭൌതിക വിവരങ്ങളില്‍പെട്ടതാണിത്. തങ്ങളില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍  എറിഞ്ഞപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല. അക്കാര്യത്തിലവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ അവിടെയുണ്ടായിരുന്നില്ല.
45- മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: "മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ്  ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും".
46- "തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന്‍ സദാ സദ്വൃത്തനായിരിക്കും."
47- അവള്‍  ചോദിച്ചു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!" അല്ലാഹു അറിയിച്ചു: "അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ‎‎"ഉണ്ടാവുക" എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു."
48- അവനെ  അല്ലാഹു വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിക്കും.
49- ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന്‍ പറയും: "ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍!
50- "തൌറാത്തില്‍ നിന്ന് എന്റെ മുമ്പിലുള്ളതിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്. നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക.
51- "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി."
52- പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: "ദൈവമാര്‍ഗത്തില്‍ എനിക്കു സഹായികളായി ആരുണ്ട്?" ഹവാരികള്‍ പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും".
53- "ഞങ്ങളുടെ നാഥാ, നീ ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ ഉള്‍പ്പെടുത്തേണമേ."
54- സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ.
55- അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിന്നെ നാം വിശുദ്ധനാക്കും. നിന്നെ പിന്‍പറ്റിയവരെ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ സത്യനിഷേധികളെക്കാള്‍ ഉന്നതരാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും.
56- എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് തുണയായി ആരുമുണ്ടാവില്ല.
57- അതോടൊപ്പം, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
58- നിനക്കു  നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ഉദ്ബോധനത്തില്‍നിന്നുള്ളവയും.
59- സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് "ഉണ്ടാവുക" എന്ന് കല്‍പിച്ചു. അങ്ങനെ അദ്ദേഹം  ഉണ്ടായി.
60- ഇതെല്ലാം നിന്റെ നാഥനില്‍ നിന്ന് കിട്ടിയ സത്യസന്ദേശമാണ്. അതിനാല്‍ നീ സംശയാലുക്കളില്‍പ്പെടാതിരിക്കുക.
61- നിനക്ക്  യഥാര്‍ഥ ജ്ഞാനം വന്നെത്തിയശേഷം ഇക്കാര്യത്തില്‍ ആരെങ്കിലും നിന്നോട് തര്‍ക്കിക്കാന്‍ വരുന്നുവെങ്കില്‍ അവരോടു പറയുക: "നിങ്ങള്‍ വരൂ! നമ്മുടെ ഇരുകൂട്ടരുടെയും മക്കളെയും സ്ത്രീകളെയും നമുക്കു വിളിച്ചുചേര്‍ക്കാം. നമുക്ക് ഒത്തുചേര്‍ന്ന്, കൂട്ടായി അകമഴിഞ്ഞ് പ്രാര്‍ഥിക്കാം: "കള്ളം പറയുന്നവര്‍ക്ക് ദൈവശാപം ഉണ്ടാവട്ടെ"
62- ഇത് സത്യസന്ധമായ സംഭവവിവരണമാണ്; തീര്‍ച്ച. അല്ലാഹു അല്ലാതെ ദൈവമില്ല. ഉറപ്പായും അല്ലാഹു തന്നെയാണ് പ്രതാപിയും യുക്തിമാനും.
63- ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ഓര്‍ക്കുക: തീര്‍ച്ചയായും അല്ലാഹു നാശകാരികളെപ്പറ്റി നന്നായറിയുന്നവനാണ്.
64- പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: "അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക." ഇനിയും അവര്‍പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: "ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക."
65- വേദവിശ്വാസികളേ, ഇബ്റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൌറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിനുശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്?
66- നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് തര്‍ക്കിച്ചു. ഇപ്പോള്‍ നിങ്ങളെന്തിന് അറിയാത്ത കാര്യത്തിലും തര്‍ക്കിക്കുന്നു? അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ ഒന്നും അറിയുന്നുമില്ല.
67- ഇബ്റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല.
68- തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു.
69- വേദക്കാരിലൊരു കൂട്ടര്‍ നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിക്കുന്നു. സത്യത്തില്‍ അവര്‍ അവരെത്തന്നെയാണ് വഴിതെറ്റിക്കുന്നത്. പക്ഷേ അവരതറിയുന്നില്ല.
70- വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം വഹിച്ചവരല്ലോ.
71- വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു?
72- വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: "ഈ വിശ്വാസികള്‍ക്ക് അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലറുതിയില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം".
73- "നിങ്ങളുടെ മതത്തെ പിന്‍പറ്റുന്നവരെയല്ലാതെ ആരെയും നിങ്ങള്‍ വിശ്വസിക്കരുത്". പറയുക: "അല്ലാഹുവിന്റെ സന്മാര്‍ഗം മാത്രമാണ് യഥാര്‍ഥ സത്യപാത". "നിങ്ങള്‍ക്കു തന്നത് മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നോ നിങ്ങളുടെ നാഥന്റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ നിങ്ങള്‍ വിശ്വസിക്കരുതെ"ന്നും ആ വേദക്കാര്‍ പറഞ്ഞു. പറയുക:  അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്; എല്ലാം അറിയുന്നവനും.
74- അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ അനുഗ്രഹത്തിന് പ്രത്യേകം തെരഞ്ഞെടുക്കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്.
75- വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്പിച്ചാല്‍പോലും നിനക്ക് അവരത് മടക്കിത്തരില്ല- നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ. അതിനു കാരണം അവരിങ്ങനെ വാദിച്ചുകൊണ്ടിരിക്കുന്നതാണ്: "ഈ നിരക്ഷരരുടെ  കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റമുണ്ടാവാനിടയില്ല." അവര്‍ ബോധപൂര്‍വം അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.
76- അല്ല; ആരെങ്കിലും തന്റെ പ്രതിജ്ഞ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെ ഇഷ്ടപ്പെടുന്നു.
77- അല്ലാഹുവോടുള്ള പ്രതിജ്ഞയും സ്വന്തം ശപഥങ്ങളും നിസ്സാര വിലയ്ക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ നോക്കുകയോ സംസ്കരിക്കുകയോ ഇല്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
78- വേദം വായിക്കുമ്പോള്‍ നാവ് കോട്ടുന്ന ചിലരും അക്കൂട്ടത്തിലുണ്ട്; അതൊക്കെ വേദപുസ്തകത്തിലുള്ളതാണെന്ന് നിങ്ങള്‍ ധരിക്കാനാണത്. എന്നാലതൊന്നും വേദപുസ്തകത്തിലുള്ളതല്ല. അതൊക്കെ ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന് അവരവകാശപ്പെടും. യഥാര്‍ഥത്തില്‍ അതൊന്നും ദൈവത്തിങ്കല്‍ നിന്നുള്ളതല്ല. അവര്‍ ബോധപൂര്‍വം അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.
79- ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുക; എന്നിട്ട് അയാള്‍ ജനങ്ങളോട് ‎‎"നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനുപകരം എന്റെ അടിമകളാവുക" എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക "നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തരാവുക" എന്നായിരിക്കും.
80- നിങ്ങള്‍ മലക്കുകളെയും പ്രവാചകന്മാരെയും രക്ഷകരാക്കണമെന്ന് അയാള്‍ ഒരിക്കലും നിങ്ങളോട് കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായ ശേഷം സത്യനിഷേധികളാകാന്‍ ഒരു പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുകയോ?
81- ഓര്‍ക്കുക: അല്ലാഹു പ്രവാചകന്മാരോടിങ്ങനെ ഉറപ്പ് വാങ്ങിയ സന്ദര്‍ഭം: "ഞാന്‍ നിങ്ങള്‍ക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും നല്‍കി. പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന്‍ നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം." അല്ലാഹു അവരോടു ചോദിച്ചു: "നിങ്ങളിതംഗീകരിക്കുകയും അതനുസരിച്ച് എന്നോടുള്ള കരാര്‍ ഒരു ബാധ്യതയായി ഏറ്റെടുക്കുകയും ചെയ്തില്ലേ?" അവര്‍ അറിയിച്ചു: "അതെ, ഞങ്ങളംഗീകരിച്ചിരിക്കുന്നു." അല്ലാഹു പറഞ്ഞു: "എങ്കില്‍ നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായുണ്ട്."
82- അതിനുശേഷം ആരെങ്കിലും പിന്തിരിഞ്ഞുകളഞ്ഞാല്‍ അവര്‍ തന്നെയാണ് കുറ്റവാളികള്‍.
83- അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയല്ലാത്ത മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനുമാത്രം കീഴ്പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്കും അവങ്കലേക്കു തന്നെ.
84- പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത്- എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട മുസ്ലിംകളാണ്.
85- ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ പരാജിതരിലുമായിരിക്കും.
86- സത്യവിശ്വാസം സ്വീകരിച്ചശേഷം വീണ്ടും സത്യനിഷേധികളായ ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? ദൈവദൂതന്‍ സത്യവാനാണെന്ന് സ്വയം സാക്ഷ്യം വഹിച്ചവരാണിവര്‍. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
87- അവര്‍ക്കുള്ള പ്രതിഫലം അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമാണ്. ഉറപ്പായും അവര്‍ക്കതുണ്ടാവും.
88- അവര്‍ എന്നെന്നും ശപിക്കപ്പെട്ടവരായി നിലനില്‍ക്കും. ശിക്ഷയില്‍ അവര്‍ക്കൊരിളവുമില്ല. ശിക്ഷ നടപ്പാക്കുന്നതില്‍ ഒട്ടും അവധി കിട്ടുകയുമില്ല.
89- പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്കൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
90- സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളായി മാറുകയും തുടര്‍ന്ന് സത്യനിഷേധത്തില്‍ അടിക്കടി വര്‍ധനവ് വരുത്തുകയും ചെയ്തവരുടെ പശ്ചാത്താപം അല്ലാഹു ഒരിക്കലും സ്വീകരിക്കുകയില്ല. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.
91- സത്യനിഷേധികളായി ജീവിക്കുകയും സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരില്‍ ആരെങ്കിലും ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാലും അവരില്‍നിന്നത് സ്വീകരിക്കുന്നതല്ല; അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. അവര്‍ക്ക് തുണയായി ആരുമുണ്ടാവില്ല.
92- ഏറെ പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു.
93- എല്ലാ ആഹാരപദാര്‍ഥങ്ങളും  ഇസ്രയേല്‍  മക്കള്‍ക്ക് അനുവദനീയമായിരുന്നു. തൌറാത്തിന്റെ അവതരണത്തിനുമുമ്പ് ഇസ്രയേല്‍ തന്റെമേല്‍ നിഷിദ്ധമാക്കിയവയൊഴികെ. പറയുക: നിങ്ങള്‍ തൌറാത്ത് കൊണ്ടുവന്ന് വായിച്ചു കേള്‍പ്പിക്കുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍.
94- അതിനുശേഷവും ആരെങ്കിലും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.
95- പറയുക: അല്ലാഹു അരുളിയത് സത്യം തന്നെ. അതിനാല്‍ നിര്‍മല ഹൃദയനായ ഇബ്റാഹീമിന്റെ പാത നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.
96- തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.
97- അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.
98- ചോദിക്കുക: വേദക്കാരേ, നിങ്ങളെന്തിനാണ് ദൈവത്തിന്റെ വേദവാക്യങ്ങള്‍ നിഷേധിച്ചുതള്ളുന്നത്? നിങ്ങള്‍ ചെയ്യുന്നതിനെല്ലാം അല്ലാഹു സാക്ഷിയാണ്.
99- പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് വിശ്വസിച്ചവരെ ദൈവ മാര്‍ഗത്തില്‍നിന്ന് തടയുന്നത്? അതാണ് നേര്‍വഴിയെന്ന് നിങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കെ നിങ്ങളെന്തിനത് വികലമാക്കാന്‍ ശ്രമിക്കുന്നു? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു തീരെ അശ്രദ്ധനല്ല.
100- വിശ്വസിച്ചവരേ, വേദം കിട്ടിയവരിലൊരു വിഭാഗത്തിന്റെ വാദം നിങ്ങള്‍ സ്വീകരിച്ചാല്‍, നിങ്ങള്‍ സത്യവിശ്വാസികളായ ശേഷം നിങ്ങളെ വീണ്ടുമവര്‍ അവിശ്വാസികളാക്കിമാറ്റും.
101- നിങ്ങളെ ദൈവവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കെ, നിങ്ങളെങ്ങനെ അവിശ്വാസികളാകും? നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ട്താനും. ആര്‍ അല്ലാഹുവെ മുറുകെപ്പിടിക്കുന്നുവോ, അവന്‍ ഉറപ്പായും നേര്‍വഴിയില്‍ നയിക്കപ്പെടും.
102- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ശരിയാംവിധം ഭക്തി പുലര്‍ത്തുക. നിങ്ങള്‍ മുസ്ലിംകളായല്ലാതെ മരിക്കരുത്.
103- നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരാകാന്‍.
104- നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവര്‍ തന്നെയാണ് വിജയികള്‍.
105- വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷം ഭിന്നിച്ച് പല കക്ഷികളായിപ്പിരിഞ്ഞവരെപ്പോലെ നിങ്ങളാവരുത്. അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്.
106- ചില മുഖങ്ങള്‍ പ്രസന്നമാവുകയും മറ്റുചില മുഖങ്ങള്‍ ഇരുളുകയും ചെയ്യുന്ന ദിനമാണതുണ്ടാവുക. അന്ന് മുഖം ഇരുണ്ടവരോട് ഇങ്ങനെ പറയും: "സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളാവുകയല്ലേ നിങ്ങള്‍ ചെയ്തത്? അവ്വിധം സത്യനിഷേധികളായതിനാല്‍ നിങ്ങളിന്ന് കൊടിയ ശിക്ഷ അനുഭവിച്ചുകൊള്ളുക."
107- എന്നാല്‍ പ്രസന്നമായ മുഖമുള്ളവര്‍ അന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തിലായിരിക്കും. അവരെന്നെന്നും അതേ അവസ്ഥയിലാണുണ്ടാവുക.
108- ഇതൊക്കെയും അല്ലാഹുവിന്റെ വചനങ്ങളാണ്. നാമവ നിനക്ക് യഥാവിധി ഓതിക്കേള്‍പ്പിക്കുന്നു. ലോകജനതയോട് ഒരനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. 
109- ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. എല്ലാം ഒടുവില്‍ മടങ്ങിയെത്തുന്നതും അവങ്കലേക്കു തന്നെ.
110- മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇവ്വിധം വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കതെത്ര നന്നായേനെ! അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്. എന്നാല്‍ ഏറെപേരും കുറ്റവാളികളാണ്.
111- നേരിയ ചില ശല്യമല്ലാതെ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അഥവാ, അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ഉറപ്പായും അവര്‍ പിന്തിരിഞ്ഞോടും. പിന്നെ അവര്‍ക്ക് എവിടെനിന്നും ഒരു സഹായവും കിട്ടുകയില്ല.
112- അല്ലാഹുവില്‍ നിന്നോ ജനങ്ങളില്‍ നിന്നോ എന്തെങ്കിലും അവലംബം കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്മാരെ കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്റെയും അതിക്രമത്തിന്റെയും ഫലവും.
113- അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
114- അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നല്ല കാര്യങ്ങളില്‍ ഉത്സുകരാകുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാണ്.
115- അവരെന്തു നന്മ ചെയ്താലും അതിന്റെ ഫലം അവര്‍ക്കു ലഭിക്കാതിരിക്കില്ല. അല്ലാഹു യഥാര്‍ഥ ഭക്തന്മാരെ തിരിച്ചറിയുന്നവനാകുന്നു.
116- എന്നാല്‍ സത്യനിഷേധികളോ, അവരുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ തീരെ രക്ഷിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ നിത്യവാസികളായിരിക്കും.
117- ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ കൊടുംതണുപ്പുള്ള ഒരു ശീതക്കാറ്റിന്റെതാണ്. അത് സ്വന്തത്തോട് അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തെ ബാധിച്ചു. അങ്ങനെയത് ആ കൃഷിയെ നിശ്ശേഷം നശിപ്പിച്ചു. അല്ലാഹു അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു.
118- വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ നിങ്ങള്‍ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്‍ക്ക് വിപത്തുവരുത്തുന്നതില്‍ അവരൊരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് അവര്‍ക്കിഷ്ടം. നിങ്ങളോടുള്ള വെറുപ്പ് അവരുടെ വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഭീകരമത്രെ. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍.
119- നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്നേഹിക്കുന്നു. അവരോ നിങ്ങളെ സ്നേഹിക്കുന്നുമില്ല. നിങ്ങള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." നിങ്ങളില്‍നിന്ന് പിരിഞ്ഞുപോയാലോ നിങ്ങളോടുള്ള വെറുപ്പുകാരണം അവര്‍ വിരല്‍ കടിക്കുന്നു. പറയുക: നിങ്ങള്‍ നിങ്ങളുടെ വെറുപ്പുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായറിയുന്നുണ്ട്.
120- നിങ്ങള്‍ക്ക് എന്തെങ്കിലും നന്മയുണ്ടാവുന്നത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിക്കുന്നതോ, അതവരെ സന്തോഷിപ്പിക്കും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു വിപത്തും വരുത്തുകയില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
121- സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിന്  താവളമൊരുക്കാനായി നീ നിന്റെ കുടുംബത്തില്‍നിന്ന് പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച കാര്യം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
122- ഓര്‍ക്കുക: നിങ്ങളിലെ രണ്ടു വിഭാഗം; ഇരുകൂട്ടരുടെയും രക്ഷാധികാരി അല്ലാഹുവാണ്. എന്നിട്ടും അവര്‍ ഭയന്നോടാന്‍ ഭാവിച്ച സന്ദര്‍ഭം. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.
123- നിങ്ങള്‍ നന്നെ ദുര്‍ബലരായിരിക്കെ ബദ്റി ല്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
124- നീ സത്യവിശ്വാസികളോടു പറഞ്ഞ സന്ദര്‍ഭം: "നിങ്ങളുടെ നാഥന്‍ മുവ്വായിരം മലക്കുകളെ ഇറക്കി നിങ്ങളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ?"
125- സംശയം വേണ്ടാ,  നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും നിങ്ങളുടെ നാഥന്‍, തിരിച്ചറിയാന്‍ കഴിയുന്ന അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും.
126- അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായാണ്; നിങ്ങളുടെ മനസ്സുകള്‍ ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.
127- സത്യനിഷേധികളില്‍ നിന്നൊരു സംഘത്തെ ഉന്മൂലനം ചെയ്യുകയോ ആശയറ്റ് പിന്തിരിയാന്‍ സ്വയം പ്രേരിതരാകുമാറ് അവരെ ഒതുക്കുകയോ ചെയ്യാനാണത്. 
128- തീരുമാനമെടുക്കുന്നതില്‍ നിനക്കൊ രു പങ്കുമില്ല. അല്ലാഹു ഒരുപക്ഷേ, അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികള്‍ തന്നെയാണ്.
129- ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമ ദയാലുവും.
130- വിശ്വസിച്ചവരേ, നിങ്ങള്‍ കൊള്ളപ്പലിശ തിന്നാതിരിക്കുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം.
131- സത്യനിഷേധികള്‍ക്കായി ഒരുക്കിയ നരകത്തീയിനെ സൂക്ഷിക്കുക.
132- നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യകാരുണ്യം കിട്ടിയേക്കാം.
133- നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടാനായി നിങ്ങള്‍ ധൃതിയില്‍ മുന്നോട്ടുവരിക. ഭക്തന്മാര്‍ക്കായി തയ്യാറാക്കിയതാണത്.
134- ധന്യതയിലും ദാരിദ്യ്രത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍ക്കര്‍മികളെ അല്ലാഹു സ്നേഹിക്കുന്നു.
135- വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല.
136- അവര്‍ക്കുള്ള പ്രതിഫലം, തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതം.
137- നിങ്ങള്‍ക്കുമുമ്പ് എന്തെല്ലാം നടപടിക്രമങ്ങള്‍ ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്! അതിനാല്‍ നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് സത്യനിഷേധികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.
138- ഇത് സകല ജനത്തോടുമുള്ള വിളംബരമാണ്. ദൈവഭക്തര്‍ക്കുള്ള മാര്‍ഗദര്‍ശനവും സദുപദേശവും.
139- നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
140- നിങ്ങള്‍ക്കിപ്പോള്‍  ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ്  അവര്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍  ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്.  നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.
141- അല്ലാഹുവിന് സത്യവിശ്വാസികളെ കറകളഞ്ഞെടുക്കാനാണിത്. സത്യനിഷേധികളെ തകര്‍ക്കാനും.
142- അല്ല; നിങ്ങള്‍ വെറുതെയങ്ങ് സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് കരുതുന്നുണ്ടോ, നിങ്ങളില്‍നിന്ന് ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെയും ക്ഷമയവലംബിക്കുന്നവരെയും തിരിച്ചറിഞ്ഞിട്ടല്ലാതെ?
143- മരണത്തെ നേരില്‍ കാണുംമുമ്പെ നിങ്ങളത് കൊതിക്കുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നോക്കിനില്‍ക്കെ തന്നെ നിങ്ങളതിനെ നേരില്‍ കണ്ടിരിക്കുന്നു.
144- മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.
145- ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും മരിക്കാനാവില്ല. മരണസമയം സുനിശ്ചിതമാണ്. ആരെങ്കിലും ഇഹലോകത്തിലെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവനത് നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് കൊതിക്കുന്നതെങ്കില്‍ നാമവന് അതും കൊടുക്കും. നന്ദി കാണിക്കുന്നവര്‍ക്ക് നാം നല്ല പ്രതിഫലം നല്‍കും.
146- എത്രയോ പ്രവാചകന്മാരുണ്ടായിട്ടുണ്ട്. അവരോടൊപ്പം നിരവധി ദൈവഭക്തന്മാര്‍ പോരാടിയിട്ടുമുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍കൊണ്ടൊന്നും അവര്‍ തളര്‍ന്നില്ല. അവര്‍ ദുര്‍ബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.
147- അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുപോയ അതിരുകവിച്ചിലുകളും ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ!"
148- അതിനാല്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി; കൂടുതല്‍ മെച്ചമായ പാരത്രിക ഫലവും. സല്‍ക്കര്‍മികളെ അല്ലാഹു സ്നേഹിക്കുന്നു.
149- വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെ അനുസരിച്ചു ജീവിച്ചാല്‍ അവര്‍ നിങ്ങളെ പിറകോട്ടു തിരിച്ചുകൊണ്ടുപോകും. അങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരും.
150- നിങ്ങളുടെ രക്ഷകന്‍ അല്ലാഹുവാണ്. സഹായികളില്‍ ഏറെ നല്ലവനും അവന്‍ തന്നെ.
151- സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കും. അല്ലാഹുവിന്റെ പങ്കാളികളാണെന്നതിന് അവനൊരു തെളിവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവര്‍ അവന്റെ പങ്കാളികളാക്കിയതിനാലാണിത്. നാളെ അവരുടെ താവളം നരകമത്രെ. അക്രമികളുടെ വാസസ്ഥലം എത്ര ചീത്ത!
152- അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതി പ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത്  അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു.  നിങ്ങളില്‍ ഐഹിക താത്പര്യങ്ങളുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ അവരില്‍നിന്ന് പിന്‍തിരിപ്പിച്ചു; നിങ്ങളെ പരീക്ഷിക്കാന്‍. അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അവന്‍ സത്യവിശ്വാസികളോട് അത്യുദാരന്‍ തന്നെ.
153- ഓര്‍ക്കുക: ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടിക്കയറുകയായിരുന്നു. ദൈവദൂതന്‍ പിന്നില്‍നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നിങ്ങള്‍ക്ക് കൈവിട്ടുപോയ നേട്ടത്തിന്റെയോ നിങ്ങളെ ബാധിക്കുന്ന വിപത്തിന്റെയോ പേരില്‍ നിങ്ങള്‍ ദുഃഖിതരാവാതിരിക്കാനാണിത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
154- പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്‍കി. നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്റെ ശാന്തത അനുഭവിച്ചു. മറ്റൊരു വിഭാഗം സ്വന്തത്തെപ്പറ്റി മാത്രം ചിന്തിച്ച് അസ്വസ്ഥരായി. അവര്‍ അല്ലാഹുവെ സംബന്ധിച്ച് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ചോദിക്കുന്നു: "കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് വല്ല പങ്കുമുണ്ടോ?" പറയുക: "കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ അധീനതയിലാണ്." അറിയുക: അവര്‍ നിന്നോട് വെളിപ്പെടുത്താത്ത ചിലത് മനസ്സുകളിലൊളിപ്പിച്ചുവെക്കുന്നുണ്ട്. അവര്‍ പറയുന്നു: ‎‎"കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് പങ്കുണ്ടായിരുന്നെങ്കില്‍ നാം ഇവിടെ വെച്ച് നശിക്കുമായിരുന്നില്ല." പറയുക: "നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാല്‍ പോലും വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലത്തേക്ക് സ്വയം പുറപ്പെട്ടുവരുമായിരുന്നു. ഇപ്പോള്‍ നടന്നതെല്ലാം, നിങ്ങളുടെ നെഞ്ചകത്തുള്ളതിനെ അല്ലാഹു പരീക്ഷിക്കാനും നിങ്ങളുടെ മനസ്സിലുള്ളത് കറകളഞ്ഞെടുക്കാനുമാണ്. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു."
155- രണ്ടു കൂട്ടര്‍ ഏറ്റുമുട്ടിയ ദിവസം;  നിങ്ങളില്‍നിന്ന് പിന്തിരിഞ്ഞുപോയവരെ തങ്ങളുടെ തന്നെ ചില ചെയ്തികള്‍ കാരണം പിശാച് വഴിപിഴപ്പിക്കുകയായിരുന്നു. അല്ലാഹു അവര്‍ക്ക് മാപ്പേകിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനും തന്നെ.
156- വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെയാവരുത്. തങ്ങളുടെ സഹോദരങ്ങള്‍ കച്ചവടത്തിന് ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തിനു പുറപ്പെടുകയോ ചെയ്ത് മരണമടഞ്ഞാല്‍ അവര്‍ പറയും: "ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നു." ഇതൊക്കെയും അല്ലാഹു അവരുടെ മനസ്സുകളില്‍ ഖേദത്തിന് കാരണമാക്കിവെക്കുന്നു. ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.
157- നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടുകയോ മരിക്കുകയോ ആണെങ്കില്‍ ഉറപ്പായും അതിലൂടെ നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്നുള്ള പാപമോചനവും അനുഗ്രഹവും ലഭിക്കും. അവര്‍ ഒരുക്കൂട്ടിവെക്കുന്നതിനെക്കാളൊക്കെ മഹത്തരം അതാണ്.
158- നിങ്ങള്‍ മരിക്കട്ടെ, അല്ലെങ്കില്‍ വധിക്കപ്പെടട്ടെ; രണ്ടായാലും എല്ലാവരെയും ഒടുവില്‍ ഒരുമിച്ചുകൂട്ടുക അല്ലാഹുവിങ്കലാണ്.
159- അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ  അവരോട് സൌമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
160- അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അവനില്‍ ഭരമേല്‍പിക്കട്ടെ. 
161- വഞ്ചന നടത്തുകയെന്നത് ഒരു പ്രവാചകനില്‍നിന്നുമുണ്ടാവില്ല. ആരെങ്കിലും വല്ലതും വഞ്ചിച്ചെടുത്താല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അയാള്‍ തന്റെ ചതിക്കെട്ടുമായാണ് ദൈവസന്നിധിയിലെത്തുക. പിന്നീട് എല്ലാ ഓരോരുത്തര്‍ക്കും താന്‍ നേടിയതിന്റെ ഫലം പൂര്‍ണമായി നല്‍കും. ആരോടും ഒരനീതിയും കാണിക്കുകയില്ല.
162- അല്ലാഹുവിന്റെ പ്രീതി പിന്തുടര്‍ന്നവന്‍ ദൈവകോപത്തിലാണ്ടുപോയവനെപ്പോലെയാണോ? അവന്റെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!
163- അവര്‍ അല്ലാഹുവിന്റെ അടുത്ത് പല പദവികളിലാണ്. അവര്‍ ചെയ്യുന്നതൊക്കെ കണ്ടറിയുന്നവനാണ് അല്ലാഹു.
164- തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്കരിച്ചെടുക്കുന്നു. വേദപുസ്തകവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.
165- നിങ്ങളെ ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും "ഇതെങ്ങനെ സംഭവിച്ചു"വെന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കേല്‍പിച്ചിട്ടുണ്ട്. പറയുക: "ഇത് നിങ്ങളുടെ ഭാഗത്തുനിന്നുതന്നെ സംഭവിച്ചതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്."
166- രണ്ടു വിഭാഗം ഏറ്റുമുട്ടിയ ദിവസം നിങ്ങളെ ബാധിച്ച വിപത്ത് ദൈവഹിതമനുസരിച്ചു തന്നെയാണ്. നിങ്ങളിലെ യഥാര്‍ഥ വിശ്വാസികളാരെന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണത്.
167- കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും. "നിങ്ങള്‍ വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ; അല്ലെങ്കില്‍ ചെറുത്തുനില്‍ക്കുകയെങ്കിലും ചെയ്യൂ" എന്ന് കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ പിന്തുടരുമായിരുന്നു." അന്ന് അവര്‍ക്ക് സത്യവിശ്വാസത്തേക്കാള്‍ അടുപ്പം സത്യനിഷേധത്തോടായിരുന്നു. അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
168- യുദ്ധത്തിനുപോകാതെ വീട്ടിലിരുന്നവരാണവര്‍; എന്നിട്ട് തങ്ങളുടെ സഹോദരങ്ങളെ പ്പറ്റി "ഞങ്ങള്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ വധിക്കപ്പെടുമായിരുന്നില്ല" എന്നു പറഞ്ഞവരും.  പറയുക: "എങ്കില്‍ നിങ്ങള്‍ നിങ്ങളില്‍നിന്ന് മരണത്തെ തട്ടിമാറ്റുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!"
169- അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിത വിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും.
170- അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കേകിയ തില്‍ അവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്ന് അവരറിയുന്നതിനാലാണിത്.
171- അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കാരണം അവര്‍ ആഹ്ളാദഭരിതരാണ്. സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫലം അല്ലാഹു തീരേ പാഴാക്കുകയില്ല; തീര്‍ച്ച.
172- പോരാട്ടത്തില്‍ പരിക്കുപറ്റിയ ശേഷവും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക്ഉത്തരം നല്‍കിയവരുണ്ട്. അവരിലെ, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ട്.
173- "നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം" എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ‎‎"ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്."
174- അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ബുദ്ധിമുട്ടൊന്നുമുണ്ടാവാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അനുധാവനം ചെയ്തു മുന്നേറി. അതിമഹത്തായ ഔദാര്യത്തിനുടമയാണ് അല്ലാഹു.
175- അത്  പിശാചു തന്നെ. അവന്‍ തന്റെ മിത്രങ്ങളെ ക്കാണിച്ച് നിങ്ങളെ ഭയപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
176- സത്യനിഷേധത്തില്‍ ധൃതിയില്‍ മുന്നേറുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അല്ലാഹുവിന് ഒരുപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. പരലോകത്ത് അവര്‍ക്കൊരു വിഹിതവും നല്‍കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. കൊടിയ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
177- സത്യവിശ്വാസം വിറ്റ് പകരം സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദോഷവും വരുത്തുന്നില്ല. അവര്‍ക്ക് നോവുറ്റ ശിക്ഷയുണ്ട്.
178- സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവരൊരിക്കലും കരുതേണ്ടതില്ല. അവര്‍ തങ്ങളുടെ കുറ്റം പെരുപ്പിച്ചുകൊണ്ടിരിക്കാന്‍ മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്. ഏറ്റം നിന്ദ്യമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
179- സത്യവിശ്വാസികളെ അവര്‍ ഇന്നുള്ള അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല; നല്ലതില്‍നിന്ന് തിയ്യതിനെ വേര്‍തിരിച്ചെടുക്കാതെ. അഭൌതിക കാര്യങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില്‍നിന്ന് അവനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
180- അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും. ആകാശഭൂമികളുടെ അന്തിമമായ അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.
181- അല്ലാഹു ദരിദ്രനും തങ്ങള്‍ ധനികരുമാണെന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ അങ്ങനെ പറഞ്ഞതും അന്യായമായി പ്രവാചകന്മാരെ കൊന്നതും നാം രേഖപ്പെടുത്തിവെക്കുന്നുണ്ട്. നാമവരോട് പറയും: "കത്തിയെരിയും നരകത്തീ അനുഭവിച്ചുകൊള്ളുക.
182- "ഇത് നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുവെച്ചതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ അടിമകളോട് അനീതി കാണിക്കുന്നവനല്ലല്ലോ."
183- ഞങ്ങളുടെ മുന്നില്‍വച്ച് ഒരു ബലിനടത്തി അതിനെ തീ വന്നു തിന്നുംവരെ ഒരു ദൈവദൂതനിലും വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു ഞങ്ങളോട് കരാര്‍ ചെയ്തിരിക്കുന്നുവെന്ന് വാദിക്കുന്നവരോട് പറയുക: വ്യക്തമായ തെളിവുകളോടെയും നിങ്ങളിപ്പറഞ്ഞതൊക്കെ ചെയ്തുകാണിച്ചും ദൈവദൂതന്മാര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ. എന്നിട്ടും നിങ്ങളവരെ കൊന്നതെന്തിന്? നിങ്ങള്‍ സത്യവാദികളെങ്കില്‍!
184- അതിനാല്‍ നിന്നെ അവര്‍ തള്ളിപ്പറയുന്നുവെങ്കില്‍ നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവര്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവരൊക്കെയും വ്യക്തമായ തെളിവുകളും ഏടുകളും പ്രകാശം പരത്തുന്ന വേദപുസ്തകവുമായി വന്നവരായിരുന്നു.
185- എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കും. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല.
186- തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമപാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ.
187- ഓര്‍ക്കുക: വേദം കിട്ടിയവരോട് അവരത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും അത് ഒളിപ്പിച്ചുവെക്കരുതെന്നും അല്ലാഹു ഉറപ്പ് വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ.
188- സ്വന്തം ചെയ്തികളില്‍ ഊറ്റം കൊള്ളുകയും, ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ പ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍നിന്നൊഴിവാകുമെന്ന് നീ കരുതരുത്. അവര്‍ക്കാണ് നോവേറിയ ശിക്ഷയുള്ളത്.
189- ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
190- ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
191- നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ‎‎"ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ.
192- "ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തിലേക്കയച്ചാല്‍ അവനെ നീ നിന്ദിച്ചതു തന്നെ. അതിക്രമികള്‍ക്ക് തുണയായി ആരുമുണ്ടാവുകയില്ല.
193- "ഞങ്ങളുടെ നാഥാ! സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്ന ഒരു വിളിയാളന്‍ "നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിക്കുവിന്‍" എന്നു വിളംബരംചെയ്യുന്നത്് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ നാഥാ! അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ. ഞങ്ങളുടെ തിന്മകളെ മായ്ച്ചുകളയുകയും സല്‍ക്കര്‍മികളായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
194- "ഞങ്ങളുടെ നാഥാ; നിന്റെ ദൂതന്മാരിലൂടെ നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതൊക്കെയും ഞങ്ങള്‍ക്കു നല്‍കേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഞങ്ങളെ നീ നിന്ദിക്കരുതേ. നിശ്ചയമായും നീ വാഗ്ദാനംലംഘിക്കുകയില്ല."
195- അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: ‎‎"പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്. അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ നാട് വെടിഞ്ഞവര്‍; സ്വന്തം വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ടവര്‍; ദൈവമാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍; യുദ്ധത്തിലേര്‍പ്പെടുകയും വധിക്കപ്പെടുകയും ചെയ്തവര്‍- എല്ലാവരുടെയും തിന്മകളെ നാം മായ്ച്ചില്ലാതാക്കും; തീര്‍ച്ച. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നാമവരെ പ്രവേശിപ്പിക്കും. ഇതൊക്കെയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ്. അല്ലാഹുവിന്റെയടുത്ത് മാത്രമാണ് ഉത്തമമായ പ്രതിഫലമുള്ളത്."
196- നാടെങ്ങുമുള്ള സത്യനിഷേധികളുടെ വിളയാട്ടം നിന്നെ വഞ്ചിക്കാതിരിക്കട്ടെ.
197- അത് നന്നെ തുച്ഛമായ സുഖോത്സവം മാത്രം. പിന്നെ അവര്‍ ചെന്നെത്തുന്ന താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!
198- എന്നാല്‍ തങ്ങളുടെ നാഥനോട് ഭക്തിപുലര്‍ത്തിയവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിങ്കലുള്ളതാണ് സജ്ജനങ്ങള്‍ക്ക് ഏറ്റം ഉത്തമം.
199- വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും അവര്‍ക്കവതീര്‍ണമായ വേദത്തിലും വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വില്‍ക്കുകയില്ല. അവര്‍ക്കു തന്നെയാണ് അവരുടെ നാഥന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്.
200- വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുക. അസത്യവാദികള്‍ക്കെതിരെ സ്ഥൈര്യമുള്ളവരാവുക. സത്യസേവനത്തിന് സന്നദ്ധരാവുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം.