പരിമിതികള്‍

വിവര്‍ത്തന-വ്യാഖ്യാനങ്ങളെക്കുറിച്ച് രണ്ടു വാക്ക്


പദാനുപദ വിവര്‍ത്തനത്തിന്റെ രീതി വെടിഞ്ഞ് സ്വതന്ത്രമായ ആശയ വിവര്‍ത്തന രീതിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പദനിഷ്ഠയോടെ വിവര്‍ത്തനം ചെയ്യുന്നത് തെറ്റാണെന്ന് വിചാരിക്കുന്നതുകൊണ്ടല്ല അത്. മറിച്ച് അത്തരം പരിഭാഷകള്‍ നേരത്തേതന്നെ ഒട്ടേറെ മഹാന്മാര്‍ നന്നായി നിര്‍വഹിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ടും ആ രംഗത്ത് ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടുമാണ്. എന്നാല്‍ പദാനുപദ വിവര്‍ത്തനത്തിലൂടെ പരിഹൃതമാകാത്തതും ആവുക സാധ്യമല്ലാത്തതുമായ വേറെയും ചില ആവശ്യങ്ങളുണ്ടല്ലോ. അവയാണ് ഈ ഭാഷ്യത്തിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
ഖുര്‍ആന്‍ പദാനുപദം അര്‍ഥം അറിയാനും ഓരോ സൂക്തത്തിനും ചുവടെ അതിന്റെ തര്‍ജമ വായിച്ച് അതില്‍ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാനും കഴിയുന്നു എന്നതാണ് പദാനുപദ തര്‍ജമയുടെ ഗുണം. ഈ ഗുണത്തോടൊപ്പം ഈ രീതിക്ക് ചില പോരായ്മകളുമുണ്ട്. അവ കാരണം അറബിഭാഷാ പരിജ്ഞാനമില്ലാത്ത വായനക്കാര്‍ക്ക് ഖുര്‍ആന്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വരുന്നു.
വായിക്കുമ്പോള്‍ വാക്കുകളുടെ ഒഴുക്കും ശക്തിയും ഭാഷാഭംഗിയും സ്വാധീനശേഷിയും ചോര്‍ന്നുപോയതായി തോന്നുന്നുവെന്നതാണ് പദാനുപദ തര്‍ജമയുടെ ഒന്നാമത്തെ കുറവ്. ഖുര്‍ആന്റെ വരികള്‍ക്കു താഴെ നിര്‍ജീവമായ വാക്കുകളാണ് വായനക്കാരന് കിട്ടുന്നത്. അത് വായിക്കുമ്പോള്‍ അയാളില്‍ അനുഭൂതികളുണരുന്നില്ല; രോമാഞ്ചമുണ്ടാകുന്നില്ല; നയനങ്ങള്‍ സജലങ്ങളാകുന്നില്ല; വികാരങ്ങളില്‍ കോളിളക്കമുണ്ടാകുന്നില്ല; തന്റെ ചിന്തയെയും ബുദ്ധിയെയും കീഴ്പ്പെടുത്തിക്കൊണ്ട് എന്തോ ഒന്ന് ഹൃദയാന്തരാളങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതായി അയാള്‍ക്കനുഭവപ്പെടുന്നുമില്ല. ഇത്തരം പ്രതികരണങ്ങളുളവാകുന്നതുപോകട്ടെ, 'ഇതുപോലൊരു ഗ്രന്ഥം രചിക്കുവിന്‍' എന്ന് ലോകത്തെ ആകമാനം വെല്ലുവിളിച്ച ആ മഹാഗ്രന്ഥം ഇതുതന്നെയോ എന്ന് പലപ്പോഴും അയാള്‍ ചിന്തിച്ചുപോവുകയും ചെയ്യുന്നു. പദാനുപദ വിവര്‍ത്തനത്തിന്റെ ചക്ക് ഔഷധത്തിന്റെ ശുഷ്കഘടകങ്ങള്‍ മാത്രമേ അതിനുള്ളിലൂടെ കടത്തിവിടുന്നുള്ളൂ എന്നതാണതിന് കാരണം. ഖുര്‍ആന്റെ മൂലവാക്യങ്ങളില്‍ നിറഞ്ഞുതുളുമ്പുന്ന സാഹിത്യത്തിന്റെ ആ തീക്ഷ്ണമായ ചൈതന്യത്തിന്റെ യാതൊരംശവും അത്തരം തര്‍ജമയില്‍ ദൃശ്യമാവുകയില്ല. അതൊക്കെ ഈ ചക്കിനു മീതെ എങ്ങോ പറന്നുപോകുന്നു. എന്നാള്‍ ഖുര്‍ആന്റെ സ്വാധീനശക്തിയില്‍ അതിന്റെ പാവനമായ അധ്യാപനങ്ങള്‍ക്കും മഹത്തായ ആശയങ്ങള്‍ക്കും ഉള്ളതില്‍ ഒട്ടും കുറയാത്ത പങ്ക് അതിന്റെ സാഹിത്യത്തിനുമുണ്ട്. ആ സാഹിത്യമാണ് ശിലാഹൃദയങ്ങളെ അലിയിച്ചതും അറേബ്യന്‍ ജനപദങ്ങളെ പ്രകമ്പനംകൊള്ളിച്ചതും. മനുഷ്യ മനസ്സുകളിലേക്കിറങ്ങിച്ചെല്ലാനുള്ള അതിന്റെ ശക്തി ബദ്ധവിരോധികള്‍ പോലും അംഗീകരിക്കുകയും, വശീകരണശക്തിയുള്ള ഈ വചനങ്ങള്‍ കേള്‍ക്കാനിടയാകുന്നവര്‍ അതിന്റെ വശ്യതയില്‍ കുടുങ്ങിപ്പോകുമെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. ഖുര്‍ആന്ന് ഈ ഗുണം ഉണ്ടായിരുന്നില്ലെങ്കില്‍, തര്‍ജമയില്‍ കാണുന്നതുപോലെ ശുഷ്കമായ ഭാഷയില്‍ തന്നെയാണ് അതിന്റെ മൂലവചനങ്ങളും അവതരിച്ചിരുന്നതെങ്കില്‍ ചരിത്രത്തില്‍ സംഭവിച്ചതുപോലെ അറേബ്യന്‍ മനസ്സുകളെ സ്വാധീനിക്കാനോ തരളിതമാക്കാനോ അതിനൊരിക്കലും കഴിയുമായിരുന്നില്ല.
പദാനുപദ തര്‍ജമകള്‍ക്ക് ബോധമണ്ഡലത്തില്‍ അനുരണനം സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ മറ്റൊരു കാരണം, സാധാരണയായി തര്‍ജമകള്‍ ഖുര്‍ആന്‍ വരികള്‍ക്കിടയില്‍ തിരുകിവച്ചോ അല്ലെങ്കില്‍ പുതിയ സമ്പ്രദായമനുസരിച്ച് ഏടുകളെ രണ്ടായി പകുത്ത് ഖുര്‍ആന്‍ വാക്യങ്ങളും അതിന്റെ പരിഭാഷയും ഇടത്തും വലത്തും എന്ന ക്രമത്തിലോ അച്ചടിക്കുന്നു എന്നതാണ്. പദാനുപദം അര്‍ഥം പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ രീതി അനുയോജ്യം തന്നെ. ഓരോ പദത്തിന്റെയും സൂക്തത്തിന്റെയും അര്‍ഥം അതിനു ചുവടെ തന്നെ കാണാമല്ലോ. പക്ഷേ, ഒരു വായനക്കാരന് ഇതര ഗ്രന്ഥങ്ങള്‍ വായിച്ചുള്‍ക്കൊള്ളുന്നതുപോലെ വായിച്ചുള്‍ക്കൊള്ളാന്‍ ഈ തര്‍ജമ ഉതകുകയില്ല എന്നൊരു കുറവും അതിനുണ്ട്. ഒരന്യഭാഷയിലെ വാക്കുകള്‍ അയാളുടെ പാരായണത്തെ അടിക്കടി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. ഇംഗ്ളീഷ് തര്‍ജമകളുടെ ആകര്‍ഷകത്വം ഇതിനെക്കാള്‍ കുറഞ്ഞുപോകാനുള്ള ഒരു കാരണം ബൈബിള്‍ തര്‍ജമകളെ അനുകരിച്ച് ഓരോ ഖുര്‍ആന്‍ സൂക്തവും വെവ്വേറെ അക്കമിട്ട് എഴുതുന്ന സമ്പ്രദായം സ്വീകരിച്ചതാണ്. നിങ്ങള്‍ അതിവിശിഷ്ടമായ ഒരു പ്രബന്ധമെടുത്ത് അതിലെ വാചകങ്ങള്‍ ഓരോന്നും വേര്‍പെടുത്തി മുന്നിലും പിന്നിലും അക്കമിട്ടെഴുതിയശേഷം ഒന്നു വായിച്ചു നോക്കുക. അഖണ്ഡവും ശൃംഖലിതവുമായ വാക്യസമുച്ചയം അനുവാചക മനസ്സിലുണര്‍ത്തിയിരുന്ന പ്രതികരണത്തിന്റെ പകുതിപോലും ഈ ഒറ്റയൊറ്റ വാക്യങ്ങള്‍ ഉണര്‍ത്തുന്നില്ലെന്ന് സ്വയം ബോധ്യമാകും.
ഖുര്‍ആന്റെ ഘടന പ്രബന്ധശൈലിയിലല്ല, പ്രഭാഷണശൈലിയിലാണ് എന്നതത്രെ പദാനുപദ വിവര്‍ത്തനത്തിന്റെ ഫലക്കുറവിനുള്ള മറ്റൊരു പ്രധാന കാരണം. അത് ഉദ്ധരിക്കുമ്പോള്‍ പ്രഭാഷണശൈലിയെ പ്രബന്ധശൈലിയാക്കി മാറ്റാതെ അതേപടി വിവര്‍ത്തനം ചെയ്തുവിട്ടാല്‍ വാക്യങ്ങളാസകലം വിഘടിതമായിപ്പോകുന്നു. പ്രാരംഭഘട്ടത്തില്‍ ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല എന്നത് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ഇസ്ലാമിക പ്രബോധത്തിന്റെ പ്രയാണത്തില്‍ സന്ദര്‍ഭവും ആവശ്യവുമനുസരിച്ച് പ്രവാചകന് അപ്പപ്പോള്‍ ഓരോ പ്രഭാഷണം അവതരിക്കുകയും പ്രവാചകന്‍ പ്രസംഗങ്ങളിലൂടെ അത് ജനങ്ങളെ കേള്‍പ്പിക്കുകയുമായിരുന്നു. പ്രസംഗഭാഷയും പ്രബന്ധഭാഷയും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. ഉദാഹരണമായി, പ്രബന്ധത്തില്‍ ഒരു സംശയം ഉദ്ധരിച്ച് അതിനു മറുപടി പറയുന്നു. പ്രഭാഷണത്തിലാകട്ടെ സംശയാലുക്കള്‍ മുന്നില്‍ തന്നെ ഉണ്ടായിരിക്കും. അതുകൊണ്ട് പ്രഭാഷകന് പലപ്പോഴും 'ആളുകള്‍ ഇങ്ങനെ ചോദിക്കുന്നു' എന്നു പറയേണ്ട ആവശ്യമേ നേരിടുന്നില്ല. അയാള്‍ പ്രസംഗത്തിനിടയില്‍ തന്നെ ആ സംശയങ്ങള്‍ക്ക്് മറുപടിയാകുംവിധം ഒരു വാചകമങ്ങ് പറയുന്നു. പ്രബന്ധത്തില്‍, വിഷയത്തില്‍ നിന്ന് മാറിയതും എന്നാല്‍ അതിനോട് അടുത്ത ബന്ധമുള്ളതുമായ ഒരു കാര്യം പറയേണ്ടിവന്നാല്‍ അതിനെ ഇടവാക്യമായി ഏതെങ്കിലും രൂപത്തില്‍ വചനശൃംഖലയില്‍നിന്ന് വേര്‍തിരിച്ചെഴുതുന്നു. വാചകങ്ങളുടെ പരസ്പര ബന്ധം അറ്റുപോകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. പ്രഭാഷണത്തിലാകട്ടെ സ്വരവും ഭാവവും മാറ്റിക്കൊണ്ടുമാത്രം പ്രഭാഷകന് നെടുനെടുങ്കന്‍ ഇടവാചകങ്ങള്‍ പറഞ്ഞുപോകാം. പരസ്പരബന്ധമില്ലായ്മ ഒട്ടും അനുഭവപ്പെടുകയില്ല. പ്രബന്ധങ്ങളില്‍ പ്രതിപാദനത്തെ പശ്ചാത്തലവുമായി യോജിപ്പിക്കാന്‍ പദങ്ങളുപയോഗിക്കേണ്ടിവരുന്നു. പ്രഭാഷണത്തിലാകട്ടെ പശ്ചാത്തലം പ്രതിപാദനവുമായി സ്വയം ബന്ധിതമായിരിക്കും. പശ്ചാത്തലം ചൂണ്ടിക്കാണിക്കാതെ പരാമര്‍ശിക്കുന്ന കാര്യങ്ങളില്‍ ഒരു വിടവും തോന്നുകയില്ല. പ്രഭാഷണത്തില്‍ ഉത്തമ പുരുഷനും പ്രഥമ പുരുഷനും അടിക്കടി മാറിക്കൊണ്ടിരിക്കുന്നു. പ്രഭാഷകന്‍ സന്ദര്‍ഭാനുസൃതം ഒരു വിഭാഗത്തെ ചിലപ്പോള്‍ മധ്യമ പുരുഷന്‍മാരായി പരാമര്‍ശിക്കുന്നു. ചിലപ്പോള്‍ അവരെത്തന്നെ പ്രഥമ പുരൂഷാരായി സങ്കല്‍പിച്ച് നേരിട്ടഭിസംബോധന ചെയ്യുന്നു. ചിലപ്പോള്‍ ഏകവചനം പ്രയോഗിക്കുന്നു. ചിലപ്പോള്‍ ബഹുവചനവും. ചിലപ്പോള്‍ ഉത്തമപുരുഷന്‍ അയാള്‍ തന്നെയാകുന്നു. ചിലപ്പോള്‍ മറ്റൊരു വിഭാഗത്തിനുവേണ്ടി സംസാരിക്കുന്നു. ചിലപ്പോള്‍ ഒരത്യുന്നത ശക്തിയെ പ്രതിനിധീകരിക്കുന്നു. പിന്നെ ആ ഉന്നത ശക്തി അയാളുടെ നാവിലൂടെ സ്വയം സംസാരിച്ചു തുടങ്ങുന്നതു കാണാം. ഇതെല്ലാം പ്രഭാഷണത്തിന് ഒരുതരം ആകര്‍ഷകത്വമണയ്ക്കുന്നു. പക്ഷേ, ഇതേ സംഗതി തന്നെ പ്രബന്ധത്തിലാകുമ്പോള്‍ ശിഥിലതയായിത്തീരുന്നു. അതുകൊണ്ടാണ് ഒരു പ്രഭാഷണം അതേപടി പ്രബന്ധമാക്കിയാല്‍ അനുവാചകന് ഒരുവക പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുന്നത്. അയാള്‍ മൂല പ്രഭാഷണത്തിന്റെ സന്ദര്‍ഭ പശ്ചാത്തലങ്ങളില്‍നിന്ന് എത്രത്തോളം അകലെയാകുന്നുവോ അത്രത്തോളം ഈ അനുഭവം വര്‍ധിക്കുന്നു. ചില അജ്ഞാര്‍ അറബി ഖുര്‍ആനില്‍തന്നെ പരസ്പര ബന്ധമില്ലായ്മ ആരോപിക്കാന്‍ കാരണമിതാണ്. അറബി ഖുര്‍ആനില്‍ വിശദീകരണങ്ങളിലൂടെ വാക്യങ്ങളുടെ പരസ്പര ബന്ധം വ്യക്തമാക്കുകയല്ലാതെ അത് ദൂരീകരിക്കുവാന്‍ മറ്റു മാര്‍ഗമൊന്നുമില്ല. കാരണം ഖുര്‍ആന്റെ മൂലത്തില്‍ വല്ലതും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണല്ലോ. പക്ഷേ, ഖുര്‍ആന്‍ മറ്റൊരു ഭാഷയിലേക്ക് ആശയവിവര്‍ത്തനം ചെയ്യുമ്പോള്‍ പ്രഭാഷണഭാഷയെ സൂക്ഷ്മതയോടെ പ്രബന്ധഭാഷയാക്കി മാറ്റുകയാണെങ്കില്‍ ഈ പരസ്പര ബന്ധമില്ലായ്മ എളുപ്പത്തില്‍ ദൂരീകരിക്കപ്പെടുന്നതാണ്.
ഇതിനുംപുറമെ മുകളില്‍ സൂചിപ്പിച്ചതുപോലെ ഖുര്‍ആനിലെ ഓരോ അധ്യായവും ഇസ്ലാമികപ്രബോധനത്തിന്റെ ഓരോ ഘട്ടങ്ങളില്‍, സവിശേഷ സന്ദര്‍ഭങ്ങളില്‍ അവതീര്‍ണമായ പ്രഭാഷണങ്ങളാണ്. ഓരോന്നിനും ഓരോ പ്രത്യേക പശ്ചാത്തലമുണ്ടായിരുന്നു. ചില അവസ്ഥാവിശേഷങ്ങളുടെ താല്‍പര്യമായിരുന്നു അതിന്റെ അവതരണം. അതിന്റെ അവതരണത്തിലൂടെ നിവര്‍ത്തിക്കപ്പെടേണ്ട ചില ആവശ്യങ്ങളുമുണ്ടായിരുന്നു. ഈ അവസ്ഥാവിശേഷങ്ങളോടും അവതരണ പശ്ചാത്തലങ്ങളോടും ഖുര്‍ആനിക അധ്യായങ്ങള്‍ക്കുള്ള ബന്ധം അത്യഗാധമാകുന്നു. എത്രത്തോളമെന്നാല്‍ അതിനെ അവയില്‍നിന്നു മാറ്റിനിറുത്തി പദങ്ങളുടെ തര്‍ജമ മാത്രം വായിക്കുന്ന ഒരാള്‍ക്ക് പല കാര്യങ്ങളും തീരെ മനസ്സിലാകാതെ പോകുന്നു. ചില കാര്യങ്ങള്‍ നേരെ വിപരീതമായി മനസ്സിലാവുകയും ചെയ്യും. ഖുര്‍ആന്റെ സന്ദേശ സാകല്യം അയാള്‍ക്ക് ഒട്ടും പിടികിട്ടിയില്ലെന്നും വരാം. അറബിഖുര്‍ആനില്‍ ഈ പ്രതിസന്ധി തരണംചെയ്യാന്‍ വ്യാഖ്യാനങ്ങളുടെ സഹായം തേടുകയല്ലാതെ മാര്‍ഗമില്ല. കാരണം ഖുര്‍ആന്റെ മൂലത്തില്‍ യാതൊന്നും കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍ ഇതര ഭാഷകളിലേക്ക് ഖുര്‍ആന്‍ ആശയവിവര്‍ത്തനം ചെയ്യുമ്പോള്‍ വാക്യങ്ങളെ അവയുടെ അവതരണ പശ്ചാത്തലവുമായി ഒരളവോളമെങ്കിലും ബന്ധിച്ചു കൊണ്ടുപോകാനും അങ്ങനെ അത് വായനക്കാരന് സമ്പൂര്‍ണമായി ഗ്രാഹ്യമാക്കാനും നമുക്ക് സ്വാതന്ത്യ്രമെടുക്കാവുന്നതാണ്.
ഇനി ഒരു കാര്യവും കൂടിയുണ്ട്: അതായത്, ഖുര്‍ആന്‍ അവതരിച്ചത് തെളിഞ്ഞ അറബി ഭാഷയിലാണെങ്കിലും അതിന് സ്വകീയമായ ഒരു സവിശേഷ സാങ്കേതികഭാഷയുമുണ്ട്. നിരവധി വാക്കുകളെ അവയുടെ മൌലികമായ ഭാഷാര്‍ഥത്തില്‍നിന്ന് വ്യതിരിക്തമായ പ്രത്യേക അര്‍ഥത്തില്‍ ഉപയോഗിച്ചതായി കാണാം. ഒട്ടേറെ പദങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വ്യത്യസ്ത ആശയങ്ങളിലും ഉപയോഗിച്ചിരിക്കുന്നു. പദാനുപദപ്രധാനമായ തര്‍ജമകളില്‍ ഈ സാങ്കേതികഭാഷ പരിഗണിക്കുക എളുപ്പമല്ല. പരിഗണിക്കപ്പെടാതിരുന്നാലോ അനുവാചകന്‍ പലപ്പോഴും ആശയക്കുഴപ്പങ്ങളിലും തെറ്റിദ്ധാരണകളിലും അകപ്പെടുകയും ചെയ്യും. ഉദാഹരണമായി 'കുഫ്റ്' എന്ന പദമെടുക്കാം. കുഫ്റിന് അറബിഭാഷയിലും നമ്മുടെ പണ്ഡിതന്‍മാരുടെയും വചനശാസ്ത്രകാരന്‍മാരുടെയും സാങ്കേതികഭാഷയിലും ഉള്ളതില്‍നിന്ന് വ്യത്യസ്തമായ അര്‍ഥമാണ് ഖുര്‍ആന്റെ സാങ്കേതികഭാഷയില്‍ ഉള്ളത്. കൂടാതെ ഖുര്‍ആന്‍തന്നെ ഈ പദം എല്ലായിടത്തും ഒരേ അര്‍ഥത്തിലല്ല ഉപയോഗിച്ചിട്ടുള്ളത്. ഒരിടത്ത് തികഞ്ഞ അവിശ്വാസമാണുദ്ദേശ്യമെങ്കില്‍ മറ്റൊരിടത്ത് നിഷേധമായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ നന്ദികേട്, ഉപകാരസ്മരണയില്ലായ്മ എന്നീ അര്‍ഥങ്ങളിലാണുപയോഗിച്ചിട്ടുള്ളത്. മറ്റു ചില സന്ദര്‍ഭങ്ങളില്‍ സത്യവിശ്വാസത്തിന്റെ താല്‍പര്യങ്ങളില്‍ വല്ലതും പൂര്‍ത്തീകരിക്കാതിരിക്കുന്നതിനെ സംബന്ധിച്ചും'കുഫ്റ്' എന്നു പറഞ്ഞിരിക്കുന്നു. ഇനിയും ചില സന്ദര്‍ഭങ്ങളില്‍ ആദര്‍ശപരമായി സമ്മതിക്കുകയും പക്ഷേ പ്രവൃത്തിപദത്തില്‍ നിഷേധവും ധിക്കാരവുമനുവര്‍ത്തിക്കുകയും ചെയ്യുന്നതിനെ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ബാഹ്യമായി അനുസരണം പുലര്‍ത്തുകയും ആദര്‍ശപരമായി നിഷേധമനുവര്‍ത്തിക്കുകയും ചെയ്യുന്നതിനെയാണ് ചിലേടങ്ങളില്‍ കുഫ്റ് എന്നു വ്യവഹരിച്ചിട്ടുള്ളത്. ഈ വ്യത്യസ്ത സന്ദര്‍ഭങ്ങളിലെല്ലാം നാം കുഫ്റിനെ കുഫ്റ് എന്നു തന്നെയോ അല്ലെങ്കില്‍ മറ്റൊരു പ്രത്യേക പദത്തില്‍ മാത്രമോ തര്‍ജമ ചെയ്യുകയാണെങ്കില്‍ തര്‍ജമ സ്വന്തം നിലക്കു ശരിയാകുമെങ്കിലും അനുവാചകന് യഥാര്‍ഥ ആശയം ലഭിക്കാതെ പോകുന്നു. ചിലപ്പോള്‍ അയാള്‍ തെറ്റിദ്ധാരണക്ക് വിധേയനാവുകയോ ആശയക്കുഴപ്പത്തിലകപ്പെടുകയോകൂടി ചെയ്യുന്നു.
പദാനുപദ വിവര്‍ത്തനത്തിന്റെ ഈ കുഴപ്പങ്ങളൊഴിവാക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ആശയ വിവര്‍ത്തനശൈലി സ്വീകരിച്ചിട്ടുള്ളത്. ഖുര്‍ആനിലെ പദങ്ങളെ ഉര്‍ദുവിന്റെ ഉടുപ്പണിയിക്കുന്നതിന് പകരം, ഒരു ഖുര്‍ആന്‍വാക്യം വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്ന ആശയം, എന്റെ മനസ്സില്‍ പതിയുന്ന അര്‍ഥം കഴിയുന്നത്ര ശരിയായ രൂപത്തില്‍ സ്വന്തം ഭാഷയില്‍ ഉദ്ധരിക്കാനാണ് ഞാനിതില്‍ ശ്രമിച്ചിട്ടുള്ളത്. വിവരണശൈലിയില്‍ പരിഭാഷച്ചുവയുണ്ടാവരുത്, തെളിഞ്ഞ അറബിമൂലത്തിന്റെ തെളിഞ്ഞ ഉര്‍ദുഭാഷ്യമാകണം, പ്രഭാഷണത്തിലെ പരസ്പരബന്ധം സ്വാഭാവിക രീതിയില്‍ പ്രബന്ധഭാഷയിലും പ്രകടമാവണം, ദൈവിക വചനങ്ങളുടെ ആശയ സന്ദേശങ്ങള്‍ സുസ്പഷ്ടമാകുന്നതോടൊപ്പം അതിന്റെ രാജകീയ പ്രൌഡിയും ഗാംഭീര്യവും കഴിയുന്നത്ര ഭാഷ്യത്തിലും പ്രതിഫലിക്കണം. ഇവ്വിധം സ്വതന്ത്രമായ ഒരു പരിഭാഷക്ക് പദങ്ങളുടെ കെട്ടിക്കുടുക്കുകളില്‍നിന്ന് പുറത്തുകടന്ന് ആശയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ധൈര്യപ്പെടാതെ നിവൃത്തിയില്ല. എന്നാല്‍ പ്രശ്നം ദൈവിക വചനങ്ങളുടേതാണല്ലോ. അതുകൊണ്ട് വളരെ പേടിച്ചുപേടിച്ചേ ഞാനീ സ്വാതന്ത്യ്രം ഉപയോഗിച്ചിട്ടുള്ളൂ. ഖുര്‍ആന്റെ മൂലവാക്യങ്ങള്‍ സ്വതന്ത്രഭാഷ്യത്തിന് അനുവദിക്കുന്ന പഴുത് എത്രത്തോളമാണോ അത് ഒട്ടും വിട്ടുകടക്കാതിരിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്.
ഇനിയും ഖുര്‍ആനിക സന്ദേശങ്ങള്‍ നന്നായി ഗ്രഹിക്കുന്നതിന് അതിലെ അരുളപ്പാടുകളുടെ പശ്ചാത്തലവുംകൂടി അനുവാചകന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാകുന്നു. തര്‍ജമയില്‍ അത് വ്യക്തമായി പ്രകടിപ്പിക്കുക സാധ്യമല്ല. അതുകൊണ്ട് ഓരോ അധ്യായത്തിന്റെയും ആരംഭത്തില്‍ ഞാനൊരു ആമുഖം എഴുതിച്ചേര്‍ത്തിരിക്കയാണ്. ആ അധ്യായം ഏതു കാലത്ത്, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏതു ദശയില്‍ അവതരിച്ചു, അന്നത്തെ സ്ഥിതിഗതികളെന്തായിരുന്നു, പ്രശ്നങ്ങളും പ്രയാസങ്ങളും എന്തൊക്കെയായിരുന്നു എന്നു തുടങ്ങിയ കാര്യങ്ങള്‍ എന്നാല്‍ കഴിയുന്നത്ര സൂക്ഷ്മതയോടെ വിശദീകരിക്കാന്‍ അതില്‍ ശ്രമിച്ചിരിക്കുന്നു.