മുഖവുര

ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര

ഇതെഴുതുമ്പോള്‍ നമ്മുടെ മുമ്പില്‍ രണ്ടുദ്ദേശ്യമാണുള്ളത്:
ഒന്ന്, ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതിനു മുമ്പായി ഒരു സാമാന്യ വായനക്കാരന്‍ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക. പഠനമാര്‍ഗം സുഗമവും സുകരവുമാകുവാന്‍ അവ ആദ്യമേ ഗ്രഹിച്ചിരിക്കേണ്ടതാവശ്യമാണ്. അല്ലാത്തപക്ഷം പാരായണമധ്യേ ആ പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നു മാത്രമല്ല, പലപ്പോഴും അവ മനസ്സിലാക്കാത്തതുകൊണ്ടു മാത്രം ഖുര്‍ആനിക ജ്ഞാനത്തിന്റെ ആഴങ്ങളിലിറങ്ങാന്‍ വഴികാണാതെ വായനക്കാരന്‍ വര്‍ഷങ്ങളോളം ഉപരിതലത്തില്‍ കറങ്ങിത്തിരിയുകയും ചെയ്യും.
രണ്ട്, ഖുര്‍ആന്‍പഠനമധ്യേ പൊതുവേ ജനഹൃദയങ്ങളിലുയര്‍ന്നുവരാറുള്ള ചില ചോദ്യങ്ങള്‍ക്ക് ആദ്യമേ മറുപടി നല്‍കുക. ആദ്യമാദ്യം എന്റെ തന്നെ മനസ്സില്‍ പൊങ്ങിവന്നതോ പില്‍ക്കാലത്ത് അന്യരില്‍ നിന്നെനിക്കു നേരിടേണ്ടിവന്നതോ ആയ പ്രശ്നങ്ങള്‍ മാത്രമേ ഞാനിവിടെ കൈകാര്യം ചെയ്യുന്നുള്ളൂ. അവ കൂടാതെ വേറെയും ചില ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നതായുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നഭ്യര്‍ഥിക്കുന്നു. അടുത്ത പതിപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍-ഇന്‍ശാഅല്ലാ-അവയ്ക്കുള്ള മറുപടി ഈ മുഖവുരയില്‍ ചേര്‍ക്കുന്നതാണ്.
നിസ്തുല ഗ്രന്ഥം
പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ സവിശേഷക്രമത്തില്‍ തുടരെ വിവരിച്ചിരിക്കും. ഇക്കാരണത്താല്‍, ഖുര്‍ആനെക്കുറിച്ച് അപരിചിതനായ ഒരാള്‍ ആദ്യമായത് വായിക്കാനുദ്യമിക്കുമ്പോള്‍, ഒരു ഗ്രന്ഥമെന്ന നിലയില്‍ സാധാരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായംതന്നെ അതിലും സ്വീകരിച്ചിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കുക. അതായത്, ആദ്യമായി പ്രതിപാദ്യം എന്തെന്ന് നിര്‍ണയിച്ചിരിക്കും; തുടര്‍ന്ന്, മുഖ്യവിഷയം വിവിധ അധ്യായങ്ങളും ഉപശീര്‍ഷകങ്ങളുമായി വിഭജിച്ച് യഥാക്രമം ഓരോ പ്രശ്നവും ചര്‍ച്ചചെയ്തിരിക്കും; അതേപോലെ, ബഹുമുഖമായ ജീവിതത്തിന്റെ ഓരോ വകുപ്പും ഓരോ മേഖലയും വേറിട്ടെടുത്ത് തല്‍സംബന്ധമായ നിയമനിര്‍ദേശങ്ങളെല്ലാം ക്രമത്തില്‍ പ്രതിപാദിച്ചിരിക്കും- ഇതൊക്കെയാവും അയാളുടെ പ്രതീക്ഷ. പക്ഷേ, വായിച്ചുതുടങ്ങുമ്പോള്‍ ഇതിനെല്ലാം തീരെ വിപരീതമായി, തനിക്കിതുവരെ അന്യവും അപരിചിതവുമായ മറ്റൊരു പ്രതിപാദനരീതിയാണ് ഖുര്‍ആനില്‍ അയാള്‍ കണ്ടുമുട്ടുന്നത്. ഇവിടെ വിശ്വാസപരമായ പ്രശ്നങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത്വിധികള്‍, ആദര്‍ശപ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപ-വിമര്‍ശനങ്ങള്‍, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് സൂചനകള്‍ എന്നിവയെല്ലാം ഇടവിട്ട്, മാറിമാറി വരുന്നു; ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു; വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മൂന്നാമതൊന്നും പൊടുന്നനെയാണ് ആരംഭിക്കുന്നത്. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന്, മറ്റൊരു വിഷയം കടന്നുവരുന്നു; സംബോധകനും സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു; വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണ്‍മാനില്ല. ചരിത്രമാണ് വിവരിക്കുന്നതെങ്കില്‍ ചരിത്രാഖ്യാനരീതിയിലല്ല; തത്ത്വശാസ്ത്രമോ ദൈവശാസ്ത്രമോ ആണ് പ്രതിപാദ്യമെങ്കില്‍ പ്രകൃത ശാസ്ത്രങ്ങളുടെ ഭാഷയിലല്ല പ്രതിപാദനം. മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും കുറിച്ച പരാമര്‍ശം പദാര്‍ഥ- ശാസ്ത്രവിവരണരീതിയിലോ, നാഗരിക - രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ പ്രതിപാദനം സാമൂഹിക വിജ്ഞാനീയങ്ങള്‍ പ്രതിപാദിക്കുന്ന വിധത്തിലോ അല്ല. നിയമവിധികളും നിയമങ്ങളുടെ മൌലികതത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിതാരുടെതില്‍നിന്ന് തീരെ ഭിന്നമായ ഭാഷയിലാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യതിരിക്തമായ വിധത്തിലത്രേ ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍നിന്നു നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു. അനുകൂലവീക്ഷണഗതിക്കാരാകട്ടെ, അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട് സംശയനിവൃത്തിക്ക് കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന 'ക്രമരാഹിത്യ'ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്കി സ്വയം സംതൃപ്തിയടയുന്നു, ചിലപ്പോളവര്‍. വേറെചിലപ്പോള്‍ കൃത്രിമമാര്‍ഗേണ വാക്യങ്ങള്‍ക്ക് പരസ്പരബന്ധം കണ്ടുപിടിച്ച് വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു. ചിലപ്പോള്‍ 'ശാകലികത്വം' ഒരു സിദ്ധാന്തമായിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഫലമോ? ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്, രചയിതാവിന്റെ ഉദ്ദേശ്യത്തിനു വിപരീതമായ അര്‍ഥ കല്പനകള്‍ക്കിരയായി ഭവിക്കുന്നു!
ചില പ്രാഥമിക യാഥാര്‍ഥ്യങ്ങള്‍
ഒരു ഗ്രന്ഥം നല്ലപോലെ ഗ്രഹിക്കാന്‍ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും വായനക്കാരന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആ ഗ്രന്ഥത്തിന്റെ പ്രതിപാദനരീതി, സാങ്കേതികഭാഷ, സവിശേഷമായ ആവിഷ്കാര ശൈലി എന്നിവയെക്കുറിച്ചും അയാള്‍ക്കറിവുണ്ടായിരിക്കണം. പ്രത്യക്ഷവാക്യങ്ങള്‍ക്കു പിന്നിലായി, അതിലെ പ്രതിപാദനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും അയാളുടെ ദൃഷ്ടിയിലിരിക്കുകയും വേണം. സാധാരണ നാം വായിച്ചുവരാറുള്ള ഗ്രന്ഥങ്ങളില്‍ ഈ വസ്തുതകളെല്ലാം അയത്ന ലഭ്യമായതുകൊണ്ട് പ്രതിപാദ്യവിഷയത്തിന്റെ ആഴത്തിലിറങ്ങിച്ചെല്ലാന്‍ നമുക്ക് വിശേഷിച്ചൊരു വിഷമവും നേരിടാറില്ല. എന്നാല്‍, ഇതര കൃതികളില്‍ കണ്ടു പരിചയിച്ച വിധത്തില്‍ ഇവയൊന്നും വിശുദ്ധഖുര്‍ആനില്‍ അനായാസം കണ്ടെത്തുന്നില്ലെന്നതാണ് പരമാര്‍ഥം. ആകയാല്‍, ഒരു ശരാശരി വായനക്കാരന്റെ മനസ്സുമായി ഖര്‍ആന്‍പാരായണം ആരംഭിക്കുന്ന ഒരാള്‍ക്ക് ആ ഗ്രന്ഥത്തിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യലക്ഷ്യങ്ങളും കണ്ടെത്താന്‍ കഴിയുന്നില്ല; പ്രതിപാദനരീതിയും ആവിഷ്കരണശൈലിയും ഏറക്കുറേ അപരിചിതമായിതോന്നുകയും ചെയ്യുന്നു. മിക്ക സ്ഥലങ്ങളിലും വാക്യങ്ങളുടെ പശ്ചാത്തലം അവ്യക്തവുമാണ്. നാനാ സൂക്തങ്ങളില്‍ ചിതറിപ്പരന്ന സാര-സത്യങ്ങള്‍ ഏതാണ്ടൊക്കെ ആസ്വദിക്കുന്നുവെങ്കിലും ദിവ്യവചനങ്ങളുടെ സാക്ഷാല്‍ ചൈതന്യം നുകരുന്നതില്‍ അനുവാചകന്‍ പരാജയപ്പെടുന്നു എന്നതാണിതിന്റെ ഫലം. ശരിയായ ഗ്രന്ഥപരിജ്ഞാനം നേടാന്‍ കഴിയാതെ, ഗ്രന്ഥത്തിലങ്ങിങ്ങു ചിതറിക്കിടന്ന ഏതാനും തത്ത്വരത്നങ്ങള്‍കൊണ്ട് അയാള്‍ തൃപ്തിയടയേണ്ടിവരുന്നു. ഖുര്‍ആന്‍ പാരായണംചെയ്ത് സംശയഗ്രസ്തരായിത്തീരുന്ന പലരെയും സംബന്ധിച്ചിടത്തോളം, ഈ ഗ്രന്ഥത്തിന്റെ പഠനത്തിന് അവശ്യം ആവശ്യമായ പ്രാഥമിക കാര്യങ്ങളറിയാത്തതാണ് അവരുടെ മാര്‍ഗഭ്രംശത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. ഈ പ്രാഥമിക പരിജ്ഞാനത്തിന്റെ അഭാവത്തില്‍ ഖുര്‍ആന്‍ വായിച്ചുനീങ്ങുമ്പോള്‍ ഗ്രന്ഥത്താളുകളില്‍ അവിടവിടെ ഭിന്നവിഷയങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമെന്നല്ലാതെ, നിരവധി സൂക്തങ്ങളുടെ ഉദ്ദേശ്യം അവരെ സംബന്ധിച്ചേടത്തോളം വ്യക്തമാകാതിരിക്കുന്നു; അനേകം വാക്യങ്ങളില്‍ മുത്തുമണികളുടെ വെട്ടിത്തിളക്കം ദൃശ്യമാണെങ്കിലും വാചകഘടനയില്‍ അവ തീരെ ചേര്‍ച്ചയില്ലാതെ തോന്നുന്നു; പ്രതിപാദനരീതിയും ഭാഷാശൈലിയും വശമില്ലാത്തതിനാല്‍ ഒട്ടനേകം സ്ഥലങ്ങളില്‍ സാക്ഷാലുദ്ദേശ്യത്തില്‍നിന്ന് എങ്ങോ വഴുതിപ്പോവുകയും, പശ്ചാത്തല പരിജ്ഞാനമില്ലായ്ക മൂലം പലേടത്തും ഗുരുതരമായ തെറ്റുധാരണകള്‍ക്ക് വശംവദരായിത്തീരുകയും ചെയ്യുന്നു.
എങ്ങനെയുള്ള ഗ്രന്ഥം?
എന്തുതരം ഗ്രന്ഥമാണ് ഖുര്‍ആന്‍? അതിന്റെ അവതരണവും ക്രോഡീകരണവും എവ്വിധമായിരുന്നു? അതിന്റെ പ്രതിപാദ്യം എന്ത്? എല്ലാ ചര്‍ച്ചകളും ഏതു ലക്ഷ്യത്തിലേക്ക് നയിക്കുന്നു? വൈവിധ്യമാര്‍ന്ന അനേകം വിഷയങ്ങള്‍ ഏതൊരു കേന്ദ്രവിഷയവുമായി ബന്ധിച്ചിരിക്കുന്നു? ആശയപ്രകാശനത്തിന് ഏതൊരു ശൈലിയും സമര്‍ഥനരീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്? ഇതുപോലുള്ള ഒട്ടനേകം പ്രധാന ചോദ്യങ്ങള്‍ക്ക് തുടക്കത്തില്‍ത്തന്നെ വ്യക്തവും വളച്ചുകെട്ടില്ലാത്തതുമായ മറുപടി ലഭിക്കുന്നപക്ഷം ഖുര്‍ആന്റെ വായനക്കാരന് ഒട്ടുവളരെ അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാവുന്നതാണ്. അയാളുടെ പഠന-പരിചിന്തനസരണി തുറസ്സായിത്തീരുകയും ചെയ്യും. സാധാരണമായ ഗ്രന്ഥരചനാക്രമം ഖുര്‍ആനില്‍ അന്വേഷിച്ച്, കണ്ടെത്താതെ പുസ്തകപേജില്‍ തപ്പിത്തടയുന്ന ഒരാളുടെ അമ്പരപ്പിന്റെ മൂലകാരണം ഖുര്‍ആന്‍ പഠനസംബന്ധമായ പ്രസ്തുത പ്രാഥമിക കാര്യങ്ങളറിഞ്ഞുകൂടായ്കതന്നെയാണ്. 'മതപരമായൊരു ഗ്രന്ഥം' എന്ന സങ്കല്പത്തിലാണയാള്‍ വായന ആരംഭിക്കുന്നത്. അയാളുടെ മനസ്സില്‍ 'മത'ത്തിന്റെയും 'ഗ്രന്ഥ'ത്തിന്റെയും സങ്കല്പം പൊതുവെ അത് രണ്ടിനെയും കുറിച്ച് നിലവിലുള്ള സങ്കല്പം തന്നെ! പക്ഷേ ആ സാങ്കല്പികചിത്രത്തിന് പാടെ വിപരീതമായി ഇവിടെ മറ്റൊരു വസ്തുതയെ അഭിമുഖീകരിക്കുമ്പോള്‍ അയാള്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുകയും ഏതോ അപരിചിതമായ മഹാനഗരത്തിന്റെ ഇടവഴിയില്‍പെട്ട പരദേശിയെപ്പോലെ വഴിതെറ്റി, വിഷയതന്തു കൈയില്‍കിട്ടാതെ വരികള്‍ക്കിടയില്‍ ഉഴലുകയും ചെയ്യുന്നു. ഈ മാര്‍ഗഭ്രംശത്തില്‍നിന്ന് അയാളെ രക്ഷിക്കാമായിരുന്നു, വിശ്വസാഹിത്യത്തില്‍തന്നെ മാതൃകയില്ലാത്ത, അതിന്റെതായ രൂപത്തിലുള്ള ഒരേയൊരു ഗ്രന്ഥമാണ് താന്‍ വായിക്കാന്‍ പോകുന്നതെന്ന യാഥാര്‍ഥ്യം നേരത്തെ അയാളെ ധരിപ്പിച്ചിരുന്നുവെങ്കില്‍. അതെ, ലോകത്തെ മറ്റെല്ലാ ഗ്രന്ഥങ്ങളില്‍നിന്നും ഭിന്നമായൊരു സവിശേഷരീതിയിലാണ് ഖുര്‍ആന്‍ ക്രോഡീകൃതമായിട്ടുള്ളത്. പ്രതിപാദനം, ഉള്ളടക്കം, രചന എന്നിതുകളിലെല്ലാം അത് നിസ്തുലമാണ്. നാളിതുവരെയുള്ള ഗ്രന്ഥപരിചയത്തില്‍നിന്ന് മനസ്സില്‍ പതിഞ്ഞിരിക്കുന്ന 'പുസ്തക സങ്കല്‍പം' ഈ ഗ്രന്ഥത്തെ മനസ്സിലാക്കാന്‍ സഹായകമല്ലെന്ന് മാത്രമല്ല, ഒട്ടേറെ പ്രതിബന്ധമായിരിക്കുകയും ചെയ്യും. ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ നേരത്തെ രൂപീകരിച്ചുവച്ച സങ്കല്‍പങ്ങള്‍ എടുത്തുമാറ്റി, ഇതിന്റെതായ അത്ഭുതസവിശേഷതകള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കേണ്ടതാണ്.
ഖുര്‍ആന്റെ അടിസ്ഥാനം
ഈ വിഷയകമായി, വായനക്കാരന്‍ ഏറ്റവും മുമ്പേ ഖുര്‍ആന്റെ അന്തസ്സത്ത-അതു സമര്‍പ്പിക്കുന്ന അടിസ്ഥാന ആദര്‍ശം- അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. അയാളത് അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ. ഏതു നിലയ്ക്കും, ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ പ്രാരംഭബിന്ദു എന്ന നിലയില്‍ ഖുര്‍ആനും അതിന്റെ പ്രബോധകനായ മുഹമ്മദ്നബി തിരുമേനിയും വിവരിച്ചിരിക്കുന്ന അടിസ്ഥാനംതന്നെ അയാള്‍ അടിസ്ഥാനമായി സ്വീകരിക്കേണ്ടതാണ്.
1.
അഖില പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും വിധികര്‍ത്താവുമായ ഏകദൈവം തന്റെ അനന്തവിസ്തൃത സാമ്രാജ്യത്തിന്റെ ഒരു ഭാഗമായ ഭൂതലത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. അവന് അറിയുവാനും ചിന്തിക്കുവാനും ഗ്രഹിക്കുവാനുമുള്ള കഴിവുകള്‍ പ്രദാനംചെയ്തു. നന്മ- തിന്മകള്‍ വിവേചിച്ചറിയാനുള്ള യോഗ്യത നല്കി. ഇഛാസ്വാതന്ത്യ്രവും വിവേചനസ്വാതന്ത്യ്രവും കൈകാര്യാധികാരങ്ങളും നല്കി. അങ്ങനെ, മൊത്തത്തില്‍ ഒരു വിധത്തിലുള്ള സ്വയംഭരണം നല്കിക്കൊണ്ട് അവനെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിച്ചു.
2.
ഈ സമുന്നതപദവിയില്‍ മനുഷ്യരെ നിയോഗിക്കുമ്പോള്‍ ദൈവം ഒരുകാര്യം അവരെ നല്ലപോലെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു; അതിതാണ്:
നിങ്ങളുടെയും നിങ്ങളുള്‍ക്കൊള്ളുന്ന സമസ്ത ലോകത്തിന്റെയും ഉടമസ്ഥനും ആരാധ്യനും ഭരണാധിപനും ഞാനാകുന്നു. എന്റെ ഈ സാമ്രാജ്യത്തില്‍ നിങ്ങള്‍ സ്വാധികാരികളല്ല; ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനയ്ക്കും അനുസരണത്തിനും അടിമത്തത്തിനും അര്‍ഹനായി ഞാന്‍ മാത്രമേയുള്ളൂ. നിങ്ങളെ സ്വാതന്ത്യ്രവും സ്വയംഭരണാധികാരവും നല്കി നിയോഗിച്ചിരിക്കുന്ന ഈ ഭൂതലത്തിലെ ജീവിതം നിങ്ങള്‍ക്കൊരു പരീക്ഷണമാണ്. ഇതിനുശേഷം, നിങ്ങള്‍ എന്റെ സവിധത്തില്‍ മടങ്ങിവരേണ്ടതായുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണിശമായി പരിശോധിച്ച്, ആര്‍ പരീക്ഷയില്‍ വിജയംവരിച്ചുവെന്നും ആരെല്ലാം പരാജിതരായെന്നും അപ്പോള്‍ ഞാന്‍ വിധികല്പിക്കും. നിങ്ങളെ സംബന്ധിച്ചിടത്തോളം, അതിനാല്‍, ശരിയായ കര്‍മനയം ഒന്നുമാത്രമേയുള്ളൂ; എന്നെ നിങ്ങളുടെ ഒരേയൊരു ആരാധ്യനും വിധികര്‍ത്താവുമായംഗീകരിക്കുക; ഞാന്‍ നല്കുന്ന സാന്മാര്‍ഗിക നിര്‍ദേശമനുസരിച്ച് മാത്രം ഭൂലോകത്ത് പ്രവര്‍ത്തിക്കുക; നശ്വരമായ ഐഹികജീവിതം പരീക്ഷണാലയമാണെന്നറിഞ്ഞുകൊണ്ട് എന്റെ അന്തിമതീരുമാനത്തില്‍ വിജയികളാവുകയാണ് നിങ്ങളുടെ സാക്ഷാല്‍ ലക്ഷ്യമെന്ന ബോധത്തോടുകൂടി ജീവിതം നയിക്കുക. ഇതിനു വിപരീതമായുള്ള ഏതൊരു ജീവിതനയവും നിങ്ങളെ സംബന്ധിച്ചിടത്തോളം അബദ്ധം മാത്രമാണ്. ആദ്യത്തെ നയമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ (അതു തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് സമാധാനവും സംതൃപ്തിയും ലഭ്യമാകും; എന്റെയടുത്ത് തിരിച്ചുവരുമ്പോള്‍, അനശ്വര സുഖാനന്ദത്തിന്റെ ഗേഹമായ സ്വര്‍ഗലോകം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. അഥവാ മറ്റൊരു നയമാണ് സ്വീകരിക്കുന്നതെങ്കില്‍ (അത് സ്വീകരിക്കുവാനും നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് നാശവും അസ്വാസ്ഥ്യവും അനുഭവിക്കേണ്ടിവരും; ഐഹികലോകം പിന്നിട്ട് പാരത്രികലോകത്ത് വരുമ്പോഴാകട്ടെ ശാശ്വതമായ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഗര്‍ത്തമായ നരകത്തില്‍ തള്ളപ്പെടുകയുംചെയ്യും.
3.
വസ്തുതകളെല്ലാം വേണ്ടപോലെ ബോധ്യപ്പെടുത്തിക്കൊണ്ടാണ്, പ്രപഞ്ചാധിപന്‍ മനുഷ്യവര്‍ഗത്തിന്ന് ഭൂമിയില്‍ സ്ഥാനം നല്‍കിയത്. ഈ വര്‍ഗത്തിലെ ആദിമ ദമ്പതികള്‍ (ആദം, ഹവ്വ)ക്ക് ഭൂമിയില്‍ തങ്ങളുടെ സന്തതികള്‍ പ്രവര്‍ത്തിക്കേണ്ടതിന്നാധാരമായ മാര്‍ഗനിര്‍ദേശവും നല്‍കുകയുണ്ടായി. ഈ ആദിമ മനുഷ്യര്‍ അജ്ഞതയിലും അന്ധകാരത്തിലുമല്ല ഭൂജാതരായിരുന്നത്. പ്രത്യുത, പൂര്‍ണമായ പ്രകാശത്തിലാണ് ദൈവം ഭൂമിയില്‍ അവരുടെ അധിവാസത്തിനാരംഭം കുറിച്ചത്. യാഥാര്‍ഥ്യത്തെക്കുറിച്ച് തികച്ചും ബോധവാാരായിരുന്നു അവര്‍. അവരുടെ ജീവിതനിയമം അവര്‍ക്കറിയിച്ചുകൊടുത്തിരുന്നു. ദൈവികാനുസരണം (ഇസ്ലാം) ആയിരുന്നു അവരുടെ ജീവിതമാര്‍ഗം. ഇതേ കാര്യം, ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളായി-മുസ്ലിംകളായി-ജീവിക്കണമെന്ന വസ്തുത അവര്‍ സ്വസന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടുള്ള നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ഈ ശരിയായ ജീവിതപഥ(ദീന്‍)ത്തില്‍നിന്ന് വ്യതിചലിച്ച് നാനാവിധമായ അബദ്ധനയങ്ങള്‍ അവലംബിക്കുകയാണുണ്ടായത്. അവര്‍ അശ്രദ്ധയാല്‍ അതിനെ വിനഷ്ടമാക്കുകയും, അന്യായമായി അതിനെ അലങ്കോലപ്പെടുത്തുകയും ചെയ്തു. അവര്‍ ഏകനായ ദൈവത്തിന് പങ്കാളികളെ കല്‍പിച്ചു; മനുഷ്യരും മനുഷ്യേതരരുമായ, ഭൌതികവും ഭാവനാപരവുമായ, ആകാശ-ഭൂമികളിലെ അനേകമനേകം അസ്തിത്വങ്ങളില്‍ അവര്‍ ദിവ്യത്വം ആരോപിച്ചു. ദൈവദത്തമായ യാഥാര്‍ഥ്യജ്ഞാനത്തില്‍ (അല്‍ഇല്‍മ്) അവര്‍ പലതരം ഊഹ-അനുമാനങ്ങളും തത്ത്വശാസ്ത്രങ്ങളും ആദര്‍ശ-സിദ്ധാന്തങ്ങളും കലര്‍ത്തി, അസംഖ്യം മതങ്ങള്‍ പടച്ചുവിട്ടു. ദൈവം നിര്‍ദേശിച്ചുതന്ന നീതിനിഷ്ഠമായ ധാര്‍മിക-നാഗരിക നിയമങ്ങളെ (ശരീഅത്) പരിവര്‍ജിച്ചുകൊണ്ടോ വികൃതമാക്കിക്കൊണ്ടോ സ്വേഛകള്‍ക്കും സ്വാര്‍ഥത്തിനും പക്ഷപാതങ്ങള്‍ക്കും അനുസൃതമായുള്ള ജീവിതനിയമങ്ങള്‍ കെട്ടിച്ചമച്ചു. തദ്ഫലമായി ദൈവത്തിന്റെ ഭൂമിയില്‍ അക്രമവും അനീതിയും നടമാടി.
4.
ദൈവം മനുഷ്യന് പരിമിതമായ സ്വാധികാരം നല്‍കിയിരുന്നതിന്റെ വെളിച്ചത്തില്‍, ഈ വഴിതെറ്റിയ മനുഷ്യരെ തന്റെ പ്രകൃത്യതീതമായ ഇടപെടല്‍മൂലം സത്യപഥത്തിലേക്ക് ബലാല്‍ക്കാരം തിരിച്ചുകൊണ്ടുവരിക ഉചിതമായിരുന്നില്ല. മനുഷ്യവര്‍ഗത്തിന്- അവരിലുള്ള വിവിധ ജനസമുദായങ്ങള്‍ക്ക്-ഭൂലോകത്ത് പ്രവര്‍ത്തിക്കാന്‍ അവധി നിശ്ചയിച്ചിരുന്നത് പരിഗണിക്കുമ്പോള്‍, രാജദ്രോഹം പ്രകടമായ ഉടന്‍ മനുഷ്യരെ ദൈവം നശിപ്പിച്ചുകളയുക എന്നതും ശരിയായിരുന്നില്ല. ഇതെല്ലാം വച്ചുകൊണ്ട്, മനുഷ്യാരംഭം മുതല്‍ക്കേ ദൈവം ഏറ്റെടുത്ത ബാധ്യത മനുഷ്യന്റെ സ്വാധികാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭൂലോകത്തെ പ്രവര്‍ത്തനാവധിയുടെ ഇടവേളയില്‍ അവന് ഉചിതമായ മാര്‍ഗദര്‍ശനത്തിനേര്‍പ്പാട് ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു. ദൈവം സ്വയം ഏറ്റെടുത്ത ഈ ബാധ്യതയുടെ നിര്‍വഹണത്തിനായി അവനില്‍ വിശ്വസിക്കുന്നവരും അവന്റെ പ്രീതിയെ പിന്‍തുടരുന്നവരുമായ ഉത്തമമനുഷ്യരെതന്നെ അവന്‍ ഉപയോഗപ്പെടുത്തിവന്നു. അവരെ തന്റെ പ്രതിനിധികളായി നിശ്ചയിച്ചു; തന്റെ സന്ദേശങ്ങള്‍ അവര്‍ക്കയച്ചുകൊടുത്തു. അവര്‍ക്ക് യാഥാര്‍ഥ്യജ്ഞാനം നല്‍കി; ശരിയായ ജീവിതനിയമം പഠിപ്പിച്ചുകൊടുത്തു. ഏതൊന്നില്‍നിന്ന് മാനവകുലം വ്യതിചലിച്ചുപോയിരുന്നുവോ അതേ സന്‍മാര്‍ഗത്തിലേക്ക് വീണ്ടും അവരെ ക്ഷണിക്കുവാന്‍ ആ മഹാത്മാക്കളെ നിയോഗിക്കുകയും ചെയ്തു.
5.
ഈ ദൈവിക പ്രവാചകന്മാര്‍ വിവിധ രാജ്യങ്ങളിലും ജനസമുദായങ്ങളിലും ആഗതരായിക്കൊണ്ടിരുന്നു. അവരുടെ ആഗമനത്തിന്റെ സുവര്‍ണശൃംഖല സഹസ്രാബ്ദങ്ങളോളം തുടര്‍ന്നു. അങ്ങനെ, ആയിരമായിരം പ്രവാചകന്മാര്‍ നിയോഗിതരായി. അവരുടെയെല്ലാം 'ദീന്‍' ഒന്നുതന്നെയായിരുന്നു-പ്രഥമ ദിവസംതൊട്ട് മനുഷ്യന്നറിയിക്കപ്പെട്ടിരുന്ന ശരിയായ ജീവിതനയം തന്നെ. അവരെല്ലാം ഒരേ സന്മാര്‍ഗത്തെ-പ്രാരംഭത്തില്‍ മനുഷ്യന് നിര്‍ദേശിച്ചുകൊടുത്തിരുന്ന ശാശ്വതമായ ധാര്‍മിക-നാഗരിക തത്ത്വങ്ങളെ-പിന്‍പറ്റിയവരായിരുന്നു. അവരുടെയെല്ലാം ദൌത്യവും ഒന്നുതന്നെയായിരുന്നു. അതെ, സത്യദീനിലേക്കും സന്‍മാര്‍ഗത്തിലേക്കും സമസൃഷ്ടികളെ ക്ഷണിക്കുക, ഈ ക്ഷണം സ്വീകരിച്ച് മുന്നോട്ട് വരുന്നവരെ സംഘടിപ്പിക്കുക, അവരെ ദൈവികനിയമത്തിന് വിധേയരും ലോകത്ത് ദൈവികനിയമത്തിന് വിധേയമായി ഒരു സാമൂഹികവ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ദൈവികനിയമത്തിന്റെ ലംഘനത്തെ തടയുവാന്‍ സദാ സന്നദ്ധരുമായ ഒരു സമുദായമായി വാര്‍ത്തെടുക്കുക. പ്രവാചകന്മാര്‍ അവരവരുടെ കാല-ദേശങ്ങളില്‍ ഈ മഹത്തായ ദൌത്യം ഏറ്റവും ഭംഗിയായി നിറവേറ്റിപ്പോന്നു. പക്ഷേ, സംഭവിച്ചത് എല്ലായ്പ്പോഴും മറ്റൊന്നായിരുന്നു. മനുഷ്യരില്‍ വലിയൊരു വിഭാഗം പ്രവാചകപ്രബോധനം കൈക്കൊള്ളാന്‍ മുന്നോട്ടുവന്നതേയില്ല; അത് കൈയേറ്റ് ഇസ്ലാമികസമുദായം എന്ന നിലപാട് അംഗീകരിച്ചവര്‍തന്നെ കാലാന്തരത്തില്‍ സത്യപഥത്തില്‍നിന്ന് വ്യതിചലിച്ചുപോവുകയും ചെയ്തു. അവരില്‍ ചില ജനവിഭാഗങ്ങള്‍ ദൈവികസന്മാര്‍ഗത്തെ തീരെ കളഞ്ഞുകുളിച്ചപ്പോള്‍ വേറെ ചിലര്‍ ദൈവികനിര്‍ദേശങ്ങളെ മാറ്റിമറിക്കുകയും സ്വയംകൃതാദര്‍ശങ്ങളുടെ സങ്കലനംകൊണ്ട് അതിനെ വികൃതമാക്കുകയും ചെയ്തു.
6.
അവസാനമായി, പ്രപഞ്ചാധിപന്‍, മുഹമ്മദ് നബിയെ പൂര്‍വപ്രവാചകന്മാര്‍ നിര്‍വഹിച്ചുപോന്നിരുന്ന അതേ ദൌത്യനിര്‍വഹണത്തിനായി അറേബ്യയില്‍ നിയോഗിച്ചു. തിരുമേനിയുടെ സംബോധന പൂര്‍വപ്രവാചകന്മാരുടെ വഴിപിഴച്ച അനുയായികളോടും മനുഷ്യവര്‍ഗത്തോട് പൊതുവിലുമായിരുന്നു. അവരെയെല്ലാം ശരിയായ ജീവിതനയത്തിലേക്ക് ക്ഷണിക്കുക, അവര്‍ക്കെല്ലാം വീണ്ടും ദൈവികസന്മാര്‍ഗനിര്‍ദേശം എത്തിച്ചുകൊടുക്കുക, ആ ബോധനവും മാര്‍ഗദര്‍ശനവും അംഗീകരിക്കുന്നവരെ ഒരു സംഘടിതസമൂഹമായി വാര്‍ത്തെടുക്കുക-ഇതായിരുന്നു അവിടത്തെ ദൌത്യം. ഈ നവസമൂഹം സ്വന്തം ജീവിതവ്യവസ്ഥ ദൈവികസന്മാര്‍ഗത്തില്‍ കെട്ടിപ്പടുക്കാനും അതേ മാര്‍ഗമവലംബിച്ച് ലോകസംസ്കരണത്തിന് പ്രയത്നിക്കുവാനും ബാധ്യസ്ഥമായിരുന്നു. ഈ പ്രബോധനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ആധാരഗ്രന്ഥമത്രേ മുഹമ്മദ് നബി തിരുമേനിക്ക് അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുര്‍ആന്‍.
പ്രതിപാദ്യവും പ്രമേയവും
ഖുര്‍ആന്റെ ഈ മൌലികസ്വഭാവം മനസ്സിലായിക്കഴിഞ്ഞാല്‍ അതിന്റെ പ്രതിപാദ്യവും കേന്ദ്രവിഷയവും ഉദ്ദേശ്യ ലക്ഷ്യങ്ങളും മനസ്സിലാക്കുക എളുപ്പമാണ്.
ഖുര്‍ആന്റെ പ്രതിപാദ്യം മനുഷ്യനാണ്; യാഥാര്‍ഥ്യനിഷ്ഠമായ വിലയിരുത്തലില്‍ അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ സ്ഥിതിചെയ്യുന്നുവെന്ന് വീക്ഷിച്ചുകൊണ്ട്.
ഉപരിപ്ളവ വീക്ഷണത്തിനും ഊഹാനുമാനങ്ങള്‍ക്കും സ്വാര്‍ഥ-പക്ഷപാതങ്ങള്‍ക്കും വിധേയനായി മനുഷ്യന്‍ ദൈവത്തെയും പ്രാപഞ്ചികവ്യവസ്ഥയെയും സ്വന്തം അസ്തിത്വത്തെയും ഐഹികജീവിതത്തെയും കുറിച്ച് കെട്ടിച്ചമച്ചിരിക്കുന്ന സിദ്ധാന്തങ്ങളും ആ സിദ്ധാന്തങ്ങളവലംബമാക്കി കൈക്കൊണ്ടിരിക്കുന്ന കര്‍മ-നയങ്ങളുമെല്ലാം യാഥാര്‍ഥ്യത്തിന്റെ പരിഗണനയില്‍ അബദ്ധവും അന്ത്യഫലം വെച്ചുനോക്കുമ്പോള്‍ സ്വയംകൃതാനര്‍ഥവുമാകുന്നു. മനുഷ്യനെ പ്രതിനിധിയായി നിയോഗിക്കവെ ദൈവം അറിയിച്ചുകൊടുത്തതെന്തോ അതാണ്, അതുമാത്രമാണ് യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം, നേരത്തെ നാം ശരിയായ നയമെന്നപേരില്‍ വിവരിച്ചിട്ടുള്ളതുമാത്രമാണ്. ഇതത്രേ ഖുര്‍ആന്റെ കേന്ദ്രവിഷയം.
ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അവന്‍ അശ്രദ്ധകൊണ്ട് വിനഷ്ടമാക്കിയതും ധിക്കാരംകൊണ്ട് വികൃതമാക്കിയതുമായ ദൈവികസന്മാര്‍ഗത്തെ വീണ്ടും അവന്റെ മുമ്പില്‍ വ്യക്തമായി സമര്‍പ്പിക്കുകയുമാണ് ഖുര്‍ആന്റെ ലക്ഷ്യം.
മാലയില്‍ കോര്‍ത്ത മുത്തുമണികള്‍
ഈ മൂന്നു മൌലികവസ്തുതകള്‍ മുമ്പില്‍വെച്ച് ഖുര്‍ആന്‍ പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമായി കാണാവുന്നതാണ്, അത് ഒരിടത്തും അതിന്റെ പ്രതിപാദ്യത്തില്‍നിന്നും കേന്ദ്രവിഷയത്തില്‍നിന്നും പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നും മുടിനാരിഴ വ്യതിചലിച്ചിട്ടില്ലെന്ന്; ചെറുതും വലുതുമായ അനേകം വര്‍ണസുന്ദര രത്നമണികള്‍ ഒരു മാലച്ചരടിലെന്നപോലെ, അതിലെ ബഹുവിധമായ വിഷയങ്ങളെല്ലാം കേന്ദ്രവിഷയവുമായി ആദ്യന്തം കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നുവെന്ന്. ആകാശ-ഭൂമികളുടെ അത്ഭുതസംവിധാനവും മനുഷ്യന്റെ സൃഷ്ടിവൈശിഷ്ട്യവും ചക്രവാളചിഹ്നങ്ങളുടെ പഠനപരിവേക്ഷണവും പൂര്‍വികസമുദായങ്ങളുടെ ചരിത്രസംഭവങ്ങളുമൊക്കെ ഖുര്‍ആന്റെ ചര്‍ച്ചാവിഷയങ്ങളാണ്. നാനാജന-സമുദായങ്ങളുടെ ആദര്‍ശവിശ്വാസങ്ങളെയും ആചാര-വിചാരങ്ങളെയും കര്‍മ- ധര്‍മങ്ങളെയും അതു വിമര്‍ശിക്കുന്നു; പ്രകൃത്യതീത പ്രശ്നങ്ങളും അഭൌമികയാഥാര്‍ഥ്യങ്ങളും ഒട്ടനേകം മറ്റു കാര്യങ്ങളും പരാമര്‍ശിക്കുന്നു. അതൊന്നും പക്ഷേ, പ്രകൃതിശാസ്ത്രമോ ചരിത്രമോ തത്ത്വശാസ്ത്രമോ മറ്റേതെങ്കിലും ശാസ്ത്ര-കലകളോ പഠിപ്പിക്കാന്‍വേണ്ടിയല്ല; പിന്നെയോ, യാഥാര്‍ഥ്യത്തെക്കുറിച്ച് മനുഷ്യന്റെ തെറ്റിദ്ധാരണകളകറ്റാന്‍; യാഥാര്‍ഥ്യം മനുഷ്യമനസ്സില്‍ പ്രതിഷ്ഠിക്കാന്‍; യാഥാര്‍ഥ്യവിരുദ്ധനയത്തിന്റെ അബദ്ധവും അനര്‍ഥവും തെളിച്ചുകാട്ടാന്‍; യാഥാര്‍ഥ്യത്തിലധിഷ്ഠിതവും സത്പരിണാമ പ്രദായകവുമായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കാന്‍. ഓരോ കാര്യവും, ഇക്കാരണത്താല്‍തന്നെ, ലക്ഷ്യത്തിനാവശ്യമായത്രയും ആവശ്യമായ വിധത്തിലും മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ; അപ്രസക്തമായ വിശദാംശങ്ങള്‍ വര്‍ജിച്ചുകൊണ്ട് കാര്യങ്ങള്‍ അവശ്യമാത്രമായി പരാമര്‍ശിച്ച് എപ്പോഴും ലക്ഷ്യത്തിലേക്കും കേന്ദ്രവിഷയത്തിലേക്കും മടങ്ങിച്ചെല്ലുന്നു; എല്ലാ പ്രതിപാദനങ്ങളും തികഞ്ഞ ഏകതാനതയോടും ഐകരൂപ്യത്തോടും മൌലികപ്രബോധനത്തിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടുമിരിക്കുന്നു.
അവതരണഘട്ടങ്ങള്‍
എന്നാല്‍, ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്‌.
അല്ലാഹു ഒരിക്കല്‍ മുഹമ്മദ്നബിക്ക്‌ എഴുതി അയച്ചുകൊടുക്കുകയും അത്‌ പ്രസിദ്ധീകരിച്ച്‌ ഒരു സവിശേഷ ജീവിതരീതിയിലേക്ക്‌ ജനങ്ങളെ ക്ഷണിക്കണമെന്നുദ്ബോധിപ്പിക്കുകയും ചെയ്തുവെന്നതല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്റെ സ്വഭാവം. പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അതവതരിച്ചിട്ടുള്ളത്‌. അതിനാല്‍, ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല. യഥാര്‍ഥത്തില്‍ ഖുര്‍ആന്റെ അവതരണം ചുവടെ വിവരിക്കുംവിധമാണുണ്ടായത്‌.
ഒന്നാംഘട്ടം
അറേബ്യയിലെ മക്കാ പട്ടണത്തില്‍ ദൈവം തന്റെ ഒരു ദാസനെ പ്രവാചകത്വ ദൗത്യത്തിനായി തെരഞ്ഞെടുത്തു. പ്രബോധനം ആരംഭിക്കുന്നത്‌ സ്വന്തം പട്ടണത്തിലും ഗോത്ര(ഖുറൈശ്‌)ത്തിലും തന്നെ വേണമെന്ന്‌ അദ്ദേഹത്തോട്‌ ആജ്ഞാപിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനത്തിന്‌ പ്രാരംഭമായി വേണ്ടിയിരുന്ന നിര്‍ദേശങ്ങള്‍ മാത്രമേ അപ്പോള്‍ നല്‍കപ്പെട്ടുള്ളൂ. അവ മിക്കവാറും മൂന്നു വിഷയങ്ങളടങ്ങിയതായിരുന്നു:
1.
മഹത്കൃത്യത്തിന്‌ സ്വയം തയ്യാറെടുക്കേണ്ടതെങ്ങനെയെന്നും പ്രവര്‍ത്തനം ഏതു രീതിയില്‍ വേണമെന്നും പ്രവാചകനെ പഠിപ്പിക്കുക.
2.
യാഥാര്‍ഥ്യത്തെക്കുറിച്ച പ്രാരംഭ പരാമര്‍ശം; ചുറ്റുപാടുമുള്ള ജനങ്ങളില്‍ സ്ഥലംപിടിച്ചിരുന്നതും അവരുടെ അബദ്ധനയത്തിനു പ്രേരകമായി വര്‍ത്തിച്ചിരുന്നതുമായ തെറ്റിദ്ധാരണകളുടെ പൊതുവായ ഖണ്ഡനം.
3.
ശരിയായ നയത്തിന്റെ പ്രബോധനം; മനുഷ്യന്റെ വിജയ-സൗഭാഗ്യത്തിന്‌ നിദാനമായ ദൈവികമാര്‍ഗദര്‍ശനത്തിന്റെ പ്രാഥമിക തത്ത്വങ്ങളേയും മൗലികധര്‍മങ്ങളേയും കുറിച്ച പ്രതിപാദനം.
പ്രബോധനാരംഭത്തിന്‌ ചേര്‍ന്നവിധം അതീവസുന്ദരമായ ഏതാനും കൊച്ചുകൊച്ചു വചനങ്ങളായിരുന്നു ഈ ആദ്യകാല സന്ദേശങ്ങള്‍. അവയുടെ ഭാഷ അത്യന്തം സ്ഫുടവും ശക്തവും സരളവുമായിരുന്നു. അനുവാചകാഭിരുചിക്കനുഗുണമായി, അവ ഏറ്റവും മുന്തിയ കലാഭംഗിയില്‍ കടഞ്ഞെടുത്തതായിരുന്നു. ഹൃദയങ്ങളില്‍ അവ അമ്പുപോലെ ആഞ്ഞുതറക്കുന്നു; രചനാസൗകുമാര്യത്തില്‍ മതിമറന്ന്‌ ചുണ്ടിണകള്‍ അവ സ്വയം ഉരുവിട്ടുപോകുന്നു. പ്രാദേശികച്ചുവ തുലോം കൂടുതലായിരുന്നു ഈ പ്രാരംഭവാക്യങ്ങളില്‍. സാര്‍വലൗകിക സത്യങ്ങളാണ്‌ ഉള്ളടക്കമെങ്കിലും തെളിവുകളും സാക്ഷ്യങ്ങളും ഉപമകളും അലങ്കാരങ്ങളുമൊക്കെ അനുവാചകവൃന്ദത്തിന്‌ സുപരിചിതമായ സമീപ ചുറ്റുപാടുകളില്‍ നിന്നെടുത്തിട്ടുള്ളതായിരുന്നു. അവരുടെ ചരിത്ര-പാരമ്പര്യങ്ങളും അനുദിനം അവര്‍ക്ക്‌ ദൃശ്യമായിരുന്ന ദൃഷ്ടാന്തങ്ങളും അവരുടെതന്നെ വിശ്വാസപരവും ധാര്‍മികവും സാമൂഹികവുമായ വൈകല്യങ്ങളുമാണവയില്‍ പ്രതിപാദിച്ചിരുന്നത്‌. എങ്കിലേ, അവ അവരെ സ്വാധീനിക്കുമായിരുന്നുള്ളൂ.
പ്രാരംഭഘട്ടം ഉദ്ദേശം നാലഞ്ചു വര്‍ഷം തുടര്‍ന്നു. ഈ ഘട്ടത്തില്‍ തിരുമേനിയുടെ പ്രബോധനത്തിന്റെ പ്രതിധ്വനി മൂന്നു രൂപങ്ങളില്‍ പ്രകടമായി:
ഒന്ന്‌: ഏതാനും നല്ല മനുഷ്യര്‍ ഈ പ്രബോധനം സ്വീകരിച്ച്‌ മുസ്ലിം പാര്‍ട്ടിയായി രൂപംകൊള്ളുവാന്‍ സന്നദ്ധരായി.
രണ്ട്‌: വലിയൊരു വിഭാഗം ആളുകള്‍ അജ്ഞതകൊണ്ടോ സ്വാര്‍ഥംകൊണ്ടോ പൂര്‍വാചാര പ്രതിപത്തികൊണ്ടോ എതിര്‍പ്പിന്‌ മുന്നോട്ടുവന്നു.
മൂന്ന്‌: മക്കയുടെയും ഖുറൈശികളുടെയും അതിരുകള്‍ കടന്ന്‌ ഈ നൂതന പ്രബോധനത്തിന്റെ ശബ്ദം കുറേക്കൂടി വ്യാപകമായ വൃത്തങ്ങളില്‍ എത്തിത്തുടങ്ങി.
രണ്ടാംഘട്ടം
ഇവിടംമുതല്‍ പ്രബോധനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി. ഇസ്ലാമിക പ്രസ്ഥാനവും പഴഞ്ചന്‍ 'ജാഹിലിയ്യതും' തമ്മില്‍ ഈ ഘട്ടത്തില്‍ അതികഠിനമായ ഒരു ജീവന്‍മരണസമരംതന്നെ നടന്നു. ആ പരമ്പര എട്ടൊമ്പതു വര്‍ഷത്തോളം തുടര്‍ന്നു. മക്കയില്‍ മാത്രമല്ല, ഖുറൈശി ഗോത്രത്തില്‍ മാത്രമല്ല, അറേബ്യയുടെ മിക്കഭാഗങ്ങളിലും പഴഞ്ചന്‍ യാഥാസ്തിതികത്വം നിലനിറുത്താനാഗ്രഹിച്ചിരുന്നവര്‍ ഈ പ്രസ്ഥാനത്തെ ശക്തികൊണ്ട്‌ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങി. അതിനെ അടിച്ചമര്‍ത്താന്‍ എല്ലാ അടവുകളും അവര്‍ പ്രയോഗിച്ചു. വ്യാജപ്രചാരണങ്ങള്‍ നടത്തി. ദൂഷ്യാരോപണങ്ങളുടെയും ദുഷ്ഠര്‍ക്കങ്ങളുടെയും കെട്ടഴിച്ചുവിട്ടു. ബഹുജനങ്ങളില്‍ പലവിധ സംശയങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചു. വിവരമില്ലാത്ത ജനങ്ങളെ നബിയുടെ സന്ദേശങ്ങള്‍ ശ്രവിക്കുന്നതില്‍നിന്ന്‌ തടയാന്‍ ശ്രമിച്ചു. ഇസ്ലാം ആശ്ലേഷിക്കുന്നവരെ ക്രൂരവും മൃഗീയവുമായ മര്‍ദനപീഡനങ്ങള്‍ക്കിരയാക്കി. അവര്‍ക്കെതിരെ സാമ്പത്തികോപരോധവും സാമൂഹിക ബഹിഷ്കരണവും ഏര്‍പ്പെടുത്തി. അവരെ എത്രമേല്‍ ക്ലേശിപ്പിച്ചു എന്നാല്‍, അനേകമാളുകള്‍ സ്വഗേഹങ്ങളുപേക്ഷിച്ച്‌ രണ്ടുവട്ടം അബിസീനിയായിലേക്ക്‌ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഒടുവില്‍ മൂന്നാംവട്ടം അവര്‍ക്കെല്ലാം മദീനയിലേക്ക്‌ ഹിജ്‌റ (പലായനം) ചെയ്യേണ്ടതായും വന്നു. എന്നാല്‍, ഈ അതിശക്തവും അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരുന്നതുമായ എതിര്‍പ്പുകളെല്ലാം ഉണ്ടായിരുന്നിട്ടും പ്രസ്ഥാനം വളരുകയായിരുന്നു. ഏതെങ്കിലുമൊരാള്‍ ഇസ്ലാം സ്വീകരിക്കാതെ ഒരു വീടോ ഒരു ഗോത്രമോ മക്കയില്‍ അവശേഷിച്ചില്ല. തങ്ങള്‍ക്ക്‌ ബന്ധപ്പെട്ട പലരും ഇസ്ലാം ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നു എന്നതായിരുന്നു, ഒട്ടനേകം വിരുദ്ധന്‍മാരുടെ ശത്രുത ശക്തിപ്പെടാന്‍ തന്നെ കാരണം. തങ്ങളുടെ സഹോദരീസന്മോദരന്മാ‍രും മക്കളും ജാമാതാക്കളുമായ പലരും ഇസ്ലാമികപ്രബോധനം അംഗീകരിച്ചു എന്നു മാത്രമല്ല, പ്രസ്ഥാനത്തിന്റെ സന്നദ്ധ ഭടന്മാ‍രായിത്തീരുകയും ചെയ്തിരുന്നു. തങ്ങളുടെ രക്തത്തിന്റെയും മാംസത്തിന്റെയും ഭാഗമായ അരുമക്കിടാങ്ങളിതാ, തങ്ങളുടെ നേരെത്തന്നെ സമരോത്സുകരായി നില്‍ക്കുന്നു! മറ്റൊരു പ്രത്യേകതകൂടി: പഴകിയളിഞ്ഞ 'ജാഹിലിയ്യതു'മായി ബന്ധം വിടുത്തി വളരുന്ന നൂതനപ്രസ്ഥാനത്തിലേക്കാനയിക്കപ്പെട്ടുകൊണ്ടിരുന്നവര്‍ ആദ്യമേ സമൂഹത്തില്‍ ഏറ്റവും നല്ലവരായി അംഗീകാരം നേടിയവരായിരുന്നു: പ്രസ്ഥാനത്തില്‍ വന്നുകഴിഞ്ഞ ശേഷമാകട്ടെ അവര്‍ പൂര്‍വോരി നന്മയും പരിശുദ്ധസ്വഭാവചര്യകളുമാര്‍ജിച്ച സാത്വികരായി മാറി. ഇത്തരം നല്ല മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കുകയും അവരെ ഇത്രമേല്‍ നല്ലവരായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിന്റെ മഹിമയും മേന്മയും മനസ്സിലാക്കാതിരിക്കാന്‍ ലോകത്തിന്ന്‌ സാധ്യമായിരുന്നില്ല.
തീവ്രവും ദീര്‍ഘവുമായ ഈ സംഘട്ടനത്തിനിടയില്‍ സന്ദര്‍ഭോചിതവും അവശ്യാനുസൃതവുമായ ഏതാനും ഉജ്ജ്വല പ്രഭാഷണങ്ങള്‍ അല്ലാഹു പ്രവാചകന്‌ അവതരിപ്പിച്ചുകൊണ്ടിരുന്നു. നദീജലത്തിന്റെ ഒഴുക്കും കൊടുങ്കാറ്റിന്റെ ഉഗ്രതയും തീജ്വാലകളുടെ ആക്രമണശേഷിയുമുള്ള പ്രൗഢവും ആവേശനിര്‍ഭരവുമായ പ്രഭാഷണങ്ങള്‍; വാഗ്ധാരകളിലൂടെ, ഒരുവശത്ത്‌, വിശ്വാസികള്‍ക്ക്‌ അവരുടെ പ്രാരംഭചുമതലകള്‍ അറിയിച്ചുകൊടുത്തു; അവരില്‍ സംഘടനാബോധം വളര്‍ത്തി; അവര്‍ക്ക്‌ ഭക്തിയുടെയും ധാര്‍മിക മേന്മയുടെയും സ്വഭാവപരിശുദ്ധിയുടെയും ശിക്ഷണങ്ങള്‍ നല്‍കി. സത്യദീനിന്റെ ബോധനരീതികള്‍ വിവരിച്ചുകൊടുത്തു. വിജയത്തിന്റെ വാഗ്ദാനങ്ങളും സ്വര്‍ഗത്തെക്കുറിച്ച സന്തോഷവാര്‍ത്തയുംകൊണ്ട്‌ അവരില്‍ ആത്മബലം പകര്‍ന്നു; ക്ഷമയോടും ധൈര്യത്തോടും ഉയര്‍ന്ന മനോവീര്യത്തോടും ദൈവമാര്‍ഗത്തില്‍ കഠിനാധ്വാനം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. എന്തെന്തു വിഷമങ്ങള്‍ തരണംചെയ്യാനും എതിര്‍പ്പുകളുടെ എത്രവലിയ കൊടുങ്കാറ്റുകളോടെതിരിടാനും സദാ സന്നദ്ധരാകുമാറ്‌, ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും ശക്തമായ ആവേശ-വികാരങ്ങള്‍ അവരില്‍ ഉദ്ദീപിപ്പിച്ചു. മറുവശത്ത്‌, അതേ പ്രഭാഷണങ്ങളില്‍, പ്രതിയോഗികളെയും ആലസ്യനിദ്രയില്‍ ലയിച്ചിരിക്കുന്ന സന്‍മാര്‍ഗവിമുഖരെയും പൂര്‍വജനസമുദായങ്ങളുടെ ദുരന്തകഥകളനുസ്മരിപ്പിച്ചുകൊണ്ട്‌ കഠിനമായി താക്കീത്‌ ചെയ്യുകയുണ്ടായി-ആ പൂര്‍വികചരിത്രമാവട്ടെ, തങ്ങള്‍ക്കറിവുള്ളതായിരുന്നു. തങ്ങള്‍ നിത്യവും കടന്നുപോകാറുള്ള, തകര്‍ന്നടിഞ്ഞ നാടുകളുടെ നഷ്ടാവശിഷ്ടങ്ങള്‍ കണ്ട്‌ പാഠം പഠിക്കാന്‍ അവരെ ശക്തിയായി ഉദ്ബോധിപ്പിച്ചു. ആകാശ-ഭൂമികളില്‍ ദൃശ്യമായിരുന്നതും സ്വജീവിതത്തില്‍ സദാ അനുഭവപ്പെട്ടിരുന്നതുമായ സുവ്യക്ത ദൃഷ്ടാന്തങ്ങള്‍ നിരത്തിക്കൊണ്ട്‌ ഏകദൈവത്വത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും സാധുത സമര്‍ഥിക്കപ്പെട്ടു. ബഹുദൈവത്വത്തിന്റെയും പരലോകനിഷേധത്തിന്റെയും മനുഷ്യന്റെ സ്വാധികാരവാദത്തിന്റെയും അനാശാസ്യത, ആഴത്തിലിറങ്ങിച്ചെല്ലുന്ന പ്രസ്പഷ്ടമായ തെളിവുകള്‍കൊണ്ട്‌ വ്യക്തമാക്കപ്പെട്ടു. അതോടൊപ്പം എതിരാളികളുടെ ഓരോ സംശയവും ദൂരീകരിക്കുകയും ഓരോ ആക്ഷേപത്തിനും വ്യക്തമായി മറുപടി നല്‍കുകയും ചെയ്തു. തങ്ങള്‍ സ്വയം കുടുങ്ങിയിരുന്നതോ അന്യരെ കുടുക്കാനുപയോഗിച്ചിരുന്നതോ ആയ ഓരോ കുരുക്കും അങ്ങനെ സമര്‍ഥമായി അഴിച്ചുമാറ്റപ്പെട്ടു. ചുരുക്കത്തില്‍, 'ജാഹിലിയ്യതി'നെ നാനാഭാഗത്തുനിന്ന്‌ വലയംചെയ്ത്‌ പരമാവധി ഇടുക്കുകയും രക്ഷപ്പെടാന്‍ പഴുതില്ലാത്തവിധം കെണിയില്‍പെടുത്തുകയും ചെയ്തു. ബുദ്ധിയുടെയും യുക്തിബോധത്തിന്റെയും മേഖലയില്‍ അതിന്‌ ഒട്ടും നില്‍ക്കപ്പൊറുതിയില്ലെന്നായി. അതേസമയം, ദൈവത്തിന്റെ കോപ- ശാപങ്ങളെക്കുറിച്ച്‌ സത്യനിഷേധികള്‍ക്ക്‌ മുന്നറിയിപ്പുനല്‍കി. അന്ത്യനാളിന്റെ ഭയങ്കരതകളെയും നരകശിക്ഷയുടെ കാഠിന്യത്തെയുംകുറിച്ച്‌ അവരെ ഭയപ്പെടുത്തി. അവരുടെ ദുഷിച്ച സ്വഭാവ-ചര്യകളെയും സത്യവിരോധത്തെയും സത്യവിശ്വാസികളുടെ നേരെയുള്ള മര്‍ദനങ്ങളെയും ശക്തിയായി അപലപിച്ചു; ദൈവാഭീഷ്ടത്തിലധിഷ്ഠിതമായ ഉത്തമസംസ്കാര-നാഗരികതകളുടെ നിര്‍മാണത്തിന്‌ എക്കാലത്തും നിദാനമായിരുന്നിട്ടുള്ള സുപ്രധാന ധാര്‍മിക തത്ത്വങ്ങള്‍ അവരുടെ മുമ്പാകെ സമര്‍പ്പിക്കപ്പെടുകയും ചെയ്തു.
ഈ ഘട്ടം, പല ഉപഘട്ടങ്ങളടങ്ങിയതായിരുന്നു. അതിലോരോ ഘട്ടത്തിലും, പ്രബോധനം കൂടുതല്‍ വ്യാപകമായിക്കൊണ്ടിരുന്നു. പ്രവര്‍ത്തനവും ഒപ്പം പ്രതിരോധവും ശക്തിയാര്‍ജിച്ചുവന്നു. വിശ്വാസാദര്‍ശങ്ങളിലും കര്‍മരീതികളിലും വ്യത്യസ്തരായ ജനപദങ്ങളുമായി ഇടപെടേണ്ടതായിവന്നു. ഇതിനെല്ലാം അനുയോജ്യമായി അല്ലാഹുവിങ്കല്‍നിന്ന്‌ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങളില്‍ വിഷയങ്ങള്‍ക്ക്‌ വൈവിധ്യം കൂടിക്കൊണ്ടുവരികയുംചെയ്തു-ഇതത്രേ വിശുദ്ധഖുര്‍ആനില്‍ മക്കാ ജീവിതഘട്ടത്തിന്റെ പശ്ചാത്തലം.
മൂന്നാംഘട്ടം
മക്കയില്‍ പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകിക്കൊണ്ട്‌ പതിമൂന്നുവര്‍ഷം പിന്നിട്ടുകഴിഞ്ഞിരുന്നു. അപ്പോഴാണ്‌ അതിന്‌ പൊടുന്നനെ മദീനയില്‍ ഒരു കേന്ദ്രം കൈവരുന്നത്‌. അവിടെ പ്രസ്ഥാനത്തിന്‌ തദനുയായികളെ അറേബ്യയുടെ എല്ലാഭാഗങ്ങളില്‍നിന്നും ഏകീകരിച്ച്‌ ഒരിടത്ത്‌ ശക്തിസംഭരിക്കുവാന്‍ സാധ്യമായി. നബിയും ഭൂരിഭാഗം മുസ്ലിംകളും ഹിജ്‌റചെയ്ത്‌ മദീനയിലെത്തി. പ്രബോധനം, ഇതോടെ മൂന്നാമത്തെ ഘട്ടത്തില്‍ പ്രവേശിക്കുകയായി.
സ്ഥിതിഗതികളുടെ ചിത്രം, ഈ ഘട്ടത്തില്‍ പാടെ മാറിക്കഴിഞ്ഞിരുന്നു. മുസ്ലിംസമൂഹം വ്യവസ്ഥാപിതമായി ഒരു രാഷ്ട്രത്തിന്നടിത്തറ പാകുന്നതില്‍ വിജയംവരിച്ചു. പഴമയുടെ-ജാഹിലിയ്യതിന്റെ-ദ്വജവാഹകരുമായി സായുധസംഘട്ടനങ്ങള്‍ നടന്നു. പൂര്‍വപ്രവാചകന്മാ‍രുടെ സമുദായങ്ങളു (ജൂതരും ക്രിസ്ത്യാനികളും) മായി ഇടപെടേണ്ടിവന്നു. മുസ്ലിം സംഘടനയുടെ ഉള്ളില്‍ത്തന്നെ പലതരം കപടവിശ്വാസികള്‍ (മുനാഫിഖുകള്‍) കടന്നുകൂടുകയും അവരെ നേരിടേണ്ടതായി വരുകയുംചെയ്തു. അങ്ങനെ, പത്തുവര്‍ഷത്തെ കഠിനമായ സംഘട്ടനങ്ങള്‍ തരണംചെയ്ത്‌, ഒടുവില്‍ പ്രസ്ഥാനം വിജയത്തിന്റെ ഒരുഘട്ടത്തിലെത്തിയപ്പോള്‍ അറേബ്യ മുഴുക്കെ അതിന്റെ കൊടിക്കൂറയില്‍ വന്നുകഴിയുകയും സാര്‍വലൗകികമായ പ്രബോധനസംരംഭങ്ങളുടെ കവാടം തുറക്കപ്പെടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിനും പല ഉപഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടത്തിലും പ്രസ്ഥാനത്തിന്‌ സവിശേഷമായ ആവശ്യങ്ങളുമുണ്ടായി. ഈ ആവശ്യങ്ങള്‍ക്കനുസൃതമായ പ്രഭാഷണങ്ങളാണ്‌ അല്ലാഹു തിരുമേനിക്ക്‌ അവതരിപ്പിച്ചുകൊണ്ടിരുന്നത്‌. അവ ചിലപ്പോള്‍ തീപ്പൊരി പ്രസംഗങ്ങളുടെ രീതിയിലാണെങ്കില്‍, ചിലപ്പോള്‍ രാജകീയ വിളംബരങ്ങളുടെ രൂപത്തിലായിരുന്നു. അവയില്‍ ചിലത്‌ ശിക്ഷണനിര്‍ദേശങ്ങളാണങ്കില്‍ മറ്റുചിലത്‌ സംസ്കരണപ്രധാനമായ സാരോപദേശങ്ങളായിരുന്നു.
സമൂഹത്തിന്റെ ഘടനയും രാഷ്ട്രത്തിന്റെ നിര്‍മാണവും നാഗരികതയുടെ സംവിധാനവും ഏതുവിധത്തില്‍ വേണം; ജീവിതത്തിന്റെ ബഹുമുഖമായ മേഖലകള്‍ എന്തെന്തു തത്ത്വങ്ങളിലധിഷ്ഠിതമാവണം; കപടവിശ്വാസികളോടനുവര്‍ത്തിക്കേണ്ട നയമെന്ത്‌; രാഷ്ട്രത്തിന്‌ വിധേയരായ വിമതസ്ഥരോ(ദിമ്മികള്‍ച499)ടെങ്ങനെ വര്‍ത്തിക്കണം; വേദക്കാരോടുള്ള സമീപനത്തിന്റെ സ്വഭാവമെന്ത്‌; യുദ്ധാവസ്ഥയിലുള്ള ശത്രുജനതകളോടും ഉടമ്പടി ചെയ്ത സമുദായങ്ങളോടും എന്തു നയം കൈക്കൊള്ളണം; സര്‍വോപരി, വിശ്വാസികളുടേതായ ഈ സന്നദ്ധസംഘം ഭൂലോകത്ത്‌ ജഗന്നിയന്താവിന്റെ പ്രതിനിധികളെന്ന നിലയ്ക്കുള്ള ബാധ്യതകളുടെ നിര്‍വഹണത്തിന്‌ തങ്ങളെത്തന്നെ എവ്വിധമെല്ലാം പാകപ്പെടുത്തണം- ഇതെല്ലാമായിരുന്നു ആ പ്രഭാഷണങ്ങളിലെ പ്രമേയങ്ങള്‍. അവയിലൂടെ മുസ്ലിംകള്‍ക്ക്‌ അവശ്യം ആവശ്യമായ പരിശീലനമുറകള്‍ അഭ്യസിപ്പിച്ചു. അവരുടെ വൈകല്യങ്ങളും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിച്ചു. ദൈവമാര്‍ഗത്തില്‍ ജീവ-ധനത്യാഗത്തിന്‌ അവരെ ഉദ്യുക്തരാക്കി. വിജയത്തിലും പരാജയത്തിലും, സന്തോഷത്തിലും സന്താപത്തിലും, സുസ്ഥിതിയിലും ദുസ്ഥിതിയിലും, സമാധാനാന്തരീക്ഷത്തിലും അടിയന്തിരഘട്ടങ്ങളിലും-അങ്ങനെ ഭിന്നങ്ങളായ പരിതസ്ഥിതികളില്‍ അതതിന്നനുയുക്തമായ സദാചാര ശിക്ഷണങ്ങള്‍ അവര്‍ക്ക്‌ നല്‍കപ്പെട്ടു. തദ്വാരാ, നബിതിരുമേനിയുടെ വിയോഗാനന്തരം അവിടത്തെ പ്രതിപുരുഷന്മാരായി സത്യപ്രബോധന ദൗത്യവും ലോകോദ്ധാരണ കൃത്യവും യഥായോഗ്യം നിര്‍വഹിക്കുവാന്‍ അവരെ സര്‍വഥാ സന്നദ്ധരാക്കി. മറുവശത്ത്‌, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അന്ധവിശ്വാസികള്‍ക്കുമെല്ലാം അവരുടെ അവസ്ഥാന്തരങ്ങള്‍ പരിഗണിച്ച്‌, യാഥാര്‍ഥ്യം ഗ്രഹിപ്പിക്കുവാന്‍ പരമാവധി ശ്രമിച്ചുപോന്നു. മധുര-മൃദുലമായി ഉപദേശിച്ചും കര്‍ക്കശമായി ഗുണദോഷിച്ചും ദൈവശിക്ഷയെക്കുറിച്ച്‌ ഭയപ്പെടുത്തിയും ശ്രദ്ധേയങ്ങളായ സംഭവങ്ങളില്‍നിന്ന്‌ പാഠംപഠിക്കുവാന്‍ ഉദ്ബോധിപ്പിച്ചും നാനാവിധേന, അവരില്‍ പ്രബോധനബാദ്ധ്യത പൂര്‍ത്തീകരിക്കുവാന്‍ ശ്രമിച്ചുവന്നു.
ഇതത്രേ, വിശുദ്ധഖുര്‍ആനില്‍ 'മദനി' അധ്യായങ്ങളുടെ പശ്ചാത്തലം.
പ്രബോധകഗ്രന്ഥം
ഈ വിവരണത്തില്‍നിന്ന്‌, ഖുര്‍ആന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ്‌ ആരംഭിച്ചതെന്ന വസ്തുത വ്യക്തമാകുന്നുണ്ട്‌. പ്രാരംഭം മുതല്‍ പരിപൂര്‍ത്തിവരെയുള്ള ഇരുപത്തിമൂന്ന്‌ സംവത്സരത്തിനകം ഈ പ്രബോധനം പിന്നിട്ട ഓരോരോ ഘട്ടങ്ങളിലും ഉപഘട്ടങ്ങളിലും അവയുടെ ബഹുവിധമായ ആവശ്യങ്ങള്‍ക്കനുഗുണമായി ഖുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുകയായിരുന്നു. ഇവ്വിധമൊരു ഗ്രന്ഥത്തില്‍ ഡോക്ടറേറ്റുബിരുദത്തിന്റെ തിസീസിലെന്നപോലുള്ള രചനാരീതി കാണുകയില്ലെന്നത്‌ സ്പഷ്ടമാണ്‌. പ്രബോധനത്തിന്റെ വികാസ- പരിണാമങ്ങള്‍ക്കൊപ്പം അവതരിച്ചുകൊണ്ടിരുന്ന ഖുര്‍ആന്റെ ചെറുതുംവലുതുമായ ഭാഗങ്ങള്‍ തന്നെ പ്രബന്ധങ്ങളുടെ രൂപത്തില്‍ പ്രകാശനം ചെയ്യപ്പെടുകയായിരുന്നില്ല. പ്രത്യുത, പ്രഭാഷണങ്ങളായി അവതരിക്കുകയും അതേരൂപത്തില്‍ പ്രചരിപ്പിക്കപ്പെടുകയുമാണ്‌ ചെയ്തത്‌. അതുകൊണ്ടുതന്നെ അവ ശൈലി പ്രഭാഷണശൈലിയിലാണ്‌. ഈ പ്രഭാഷണങ്ങളാവട്ടെ ഒരു കോളേജ്‌ പ്രഫസറുടെ ലക്ചര്‍ രീതിയിലായിരുന്നില്ല; ഒരു ആദര്‍ശപ്രബോധകന്റെ പ്രഭാഷണങ്ങളായിരുന്നു. അദ്ദേഹത്തിന്‌ ഹൃദയത്തേയും മസ്തിഷ്കത്തേയും വിചാരത്തേയും വികാരത്തേയും ഒരേസമയം വശീകരിക്കേണ്ടതുണ്ടായിരുന്നു, ഭിന്നരുചികളേയും ഭിന്ന മനസ്സുകളേയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രാസ്ഥാനികപ്രവര്‍ത്തനങ്ങള്‍ക്കു മധ്യേ അസംഖ്യം ഭിന്ന പരിതസ്ഥിതികളഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ വാദം, സാധ്യമായ എല്ലാ വശങ്ങളിലൂടെയും ജനമനസ്സില്‍ പ്രതിഷ്ഠിക്കുക, വിചാരഗതികളില്‍ വിപ്ലവാത്മകമായ മാറ്റംവരുത്തുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുക, പ്രതിപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊടിക്കുക, അനുയായികള്‍ക്ക്‌ സംസ്കരണ പരിശീലനങ്ങള്‍ നല്‍കുക, അവരില്‍ ആവേശവും ആത്മധൈര്യവും വളര്‍ത്തുക, ശത്രുക്കളെ മിത്രങ്ങളും നിഷേധികളെ വിശ്വാസികളുമായി മാറ്റുക, പ്രതിയോഗികളുടെ വാദമുഖങ്ങളെ തകര്‍ക്കുകയും അവരുടെ ധാര്‍മികശക്തി നശിപ്പിക്കുകയും ചെയ്യുക-അങ്ങനെ ഒരാദര്‍ശത്തിന്റെ പ്രബോധകന്‌, ഒരു പ്രസ്ഥാനത്തിന്റെ നേതാവിന്‌ അവശ്യം ആവശ്യമായ എല്ലാം അദ്ദേഹത്തിന്‌ ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അല്ലാഹു പ്രവാചകന്നവതരിപ്പിച്ച പ്രഭാഷണങ്ങള്‍ തീര്‍ച്ചയായും ഒരു ആദര്‍ശ പ്രബോധനത്തിന്‌ പോന്നവിധമായിരിക്കും-ആയിരിക്കുകയും വേണം. കോളേജ്‌ ലക്ചററുടെ രീതി അതിലന്വേഷിക്കുന്നത്‌ ശരിയല്ല.
ആവര്‍ത്തനം എന്തുകൊണ്ട്?
ഖുര്‍ആനില്‍ വിഷയങ്ങളുടെ ഇത്രയേറെ ആവര്‍ത്തനം എന്തുകൊണ്ടാണെന്ന കാര്യവും ഇവിടെവെച്ച്‌ നല്ലപോലെ മനസ്സിലാക്കാവുന്നതാണ്‌. ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ താല്‍പര്യം, അത്‌ ഏത്‌ ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത്‌ ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രെ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്‌. കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങള്‍തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍, ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍, അതത്‌ ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച്‌ പറയേണ്ട സംഗതികള്‍തന്നെ ഓരോ പ്രാവശ്യവും പുതിയപുതിയ വാക്യങ്ങളിലും, നവംനവമായ ശൈലികളിലും, പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലംപിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം പ്രബോധനത്തിനടിസ്ഥാനാമായ ആദര്‍ശ-സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്‌; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ കാരണങ്ങളാലാണ്‌, ഇസ്ലാമിക പ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിച്ച ഖര്‍ആനികാധ്യായങ്ങളിലെല്ലാം ഒരേതരം വിഷയങ്ങള്‍, വാക്കുകളും ശൈലികളും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്‌. അതോടൊപ്പം ദൈവത്തിന്റെ ഏകത്വം, ദിവ്യഗുണങ്ങള്‍, മരണാനന്തരജീവിതം, ദൈവസന്നിധിയിലുള്ള വിചാരണ, രക്ഷാ-ശിക്ഷകള്‍, പ്രവാചകദൗത്യം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഭക്തി, ക്ഷമ, ദൈവാര്‍പ്പണം തുടങ്ങി പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കാനരുതാത്ത മൗലികവിഷയങ്ങള്‍ ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മൗലികവിശ്വാസാദര്‍ശങ്ങള്‍ അല്‍പമെങ്കിലും ദുര്‍ബലമായാല്‍ പ്രസ്ഥാനം അതിന്റെ ശരിയായ ചൈതന്യത്തോടുകൂടി മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്നതുതന്നെ കാരണം.
ക്രോഡീകരണം
അല്‍പം ചിന്തിക്കുന്നപക്ഷം, നബിതിരുമേനി ഖുര്‍ആന്‍ അവതരിച്ച ക്രമത്തില്‍ തന്നെ അത്‌ ക്രോഡീകരിക്കാതിരുന്നതെന്തുകൊണ്ട്‌ എന്ന പ്രശ്നവും ഇതേ വിവരണംകൊണ്ട്‌ പരിഹൃതമാവുന്നുണ്ട്‌.
ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലം ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്നത്‌ പ്രബോധനം ആരംഭിക്കുകയും വികസിക്കുകയും ചെയ്ത ക്രമത്തിലാണെന്ന്‌ മുകളിലെ വിവരണത്തില്‍നിന്ന്‌ മനസ്സിലായിക്കഴിഞ്ഞുവല്ലോ. പ്രബോധനത്തിന്റെ വളര്‍ച്ചക്കനുസരിച്ചുള്ള ഈ ക്രമം പ്രസ്ഥാനം പരിപൂര്‍ണത പ്രാപിച്ചശേഷവും ഉചിതമായിരിക്കയില്ലെന്ന്‌ അതിനാല്‍ സ്പഷ്ടമാണ്‌. അനന്തര സ്ഥിതിവിശേഷങ്ങള്‍ക്കനുഗുണമായ മറ്റൊരു ക്രമീകരണമാണ്‌ പ്രബോധന പരിപൂര്‍ത്തിക്കുശേഷം ആവശ്യമായിട്ടുളളത്‌. ഖുര്‍ആന്റെ പ്രഥമ സംബോധിതര്‍ ഇസ്ലാമിനെക്കുറിച്ച്‌ തീരെ അജ്ഞരും അപരിചിതരുമായിരുന്നതുകൊണ്ട്‌ പ്രാരംഭ ബിന്ദുവില്‍നിന്നുതന്നെ അധ്യാപനം തുടങ്ങേണ്ടതുണ്ടായിരുന്നു. പ്രബോധന പരിപൂര്‍ത്തിക്ക്‌ ശേഷമാവട്ടെ, അവര്‍ ഖുര്‍ആനില്‍ വിശ്വസിച്ച്‌ ഒരു പാര്‍ട്ടിയായി രൂപംകൊണ്ട ജനമായിത്തീര്‍ന്നിരുന്നു. പ്രവാചകന്‍ താത്വികമായും പ്രായോഗികമായും സമ്പൂര്‍ണമാക്കി തങ്ങളെ വഹിപ്പിച്ച ബാധ്യത തുടര്‍ന്ന്‌ നിര്‍വഹിക്കുവാന്‍ അവര്‍ ബാധ്യസ്ഥരുമായിരുന്നു. അതിനാല്‍, ഇപ്പോള്‍ പ്രഥമവും പ്രധാനവുമായ ആവശ്യം, വിശ്വാസികളുടെ ഈ സമൂഹം സ്വന്തം ബാധ്യതകളും ജീവിത നിയമങ്ങളും പൂര്‍വപ്രവാചകരുടെ സമുദായങ്ങളില്‍ പ്രകടമായിരുന്ന വൈകല്യങ്ങളും നല്ലപോലെ അറിഞ്ഞിരിക്കുകയും, അങ്ങനെ ഇസ്ലാമിനെക്കുറിച്ച്‌ അപരിചിതമായ ലോകത്തിന്‌ ദൈവികനിര്‍ദേശം എത്തിച്ചുകൊടുക്കാന്‍ മുന്നോട്ടു വരുകയും ചെയ്യുക എന്നതായിത്തീര്‍ന്നു.
വിശുദ്ധഖുര്‍ആന്‍ എവ്വിധമുള്ള ഗ്രന്ഥമാണെന്ന്‌ മനസ്സിലായിക്കഴിഞ്ഞാല്‍, ഓരോ വിഷയം ഓരോ സ്ഥലത്തായി സ്വരൂപിക്കുകയെന്നത്‌ അതിന്റെ പ്രകൃതിയുമായി പൊരുത്തപ്പെടുന്നതല്ലെന്ന്‌ സ്വയംതന്നെ വ്യക്തമാവുന്നതാണ്‌. മദീനാകാലത്തെ പ്രതിപാദനങ്ങള്‍ മക്കാജീവിതാധ്യാപനങ്ങള്‍ക്ക്‌ മധ്യേയും 'മക്കീ'കാലഘട്ടത്തിലെ പ്രമേയങ്ങള്‍ 'മദനീ' ശിക്ഷണങ്ങള്‍ക്കിടയിലും പ്രാരംഭകാല പ്രഭാഷണങ്ങള്‍ പില്‍ക്കാല പ്രബോധനങ്ങള്‍ക്ക്‌ നടുവിലും മറിച്ചും മാറിമാറി വന്നുകൊണ്ടിരിക്കണമെന്നാണ്‌ ഖുര്‍ആന്റെ പ്രകൃതി താല്‍പര്യപ്പെടുന്നത്‌. അങ്ങനെ, സമ്പൂര്‍ണ ഇസ്ലാമിന്റെ സമഗ്രമായൊരു ചിത്രം അനുവാചകദൃഷ്ടിയില്‍ തെളിഞ്ഞുവരണം; ഒരിക്കലും ഒരിടത്തും അത്‌ അപൂര്‍ണമോ ഭാഗികമോ ആവരുത്‌. ഖുര്‍ആനിക പ്രബോധനം അതിന്റെ സമ്പൂര്‍ണതക്ക്‌ ശേഷം ഇതാണാവശ്യപ്പെടുന്നത്‌.
ഇനി, ഖുര്‍ആന്‍ അവതരണക്രമത്തില്‍ ക്രോഡീകരിച്ചാല്‍തന്നെ പില്‍ക്കാലത്തെ ജനങ്ങള്‍ക്കത്‌ പ്രയോജനപ്രദമാകണമെങ്കില്‍ ഓരോ സൂക്തവും അവതരിച്ച കാലവും തിയ്യതിയും അവതരണ പശ്ചാത്തലവും പരിതഃസ്ഥിതിയും രേഖപ്പെടുത്തി, ഖുര്‍ആന്റെ അഭേദ്യമായ ഒരനുബന്ധമായി പ്രസിദ്ധീകരിക്കേണ്ടിവരുമായിരുന്നു. ഇതാകട്ടെ, ദിവ്യവചനങ്ങളുടെ ഒരു സമാഹാരം എന്നെന്നേക്കുമായി ക്രോഡീകരിച്ചു സുരക്ഷിതമാക്കിവച്ചതുകൊണ്ട്‌ അല്ലാഹു ഉദ്ദേശിച്ചതെന്തോ അതിനുതന്നെ വിരുദ്ധമായിട്ടുള്ളതാണ്‌. അന്യവചനങ്ങളുടെ യാതൊരു കലര്‍പ്പും പങ്കാളിത്തവുമില്ലാതെ ദിവ്യവചനങ്ങള്‍ തനതായ സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിക്കപ്പെടണമെന്നാണ്‌ അല്ലാഹു ഉദ്ദശിച്ചിരുന്നത്‌. കുട്ടികളും വൃദ്ധരും, സ്ത്രീകളും പുരുഷന്മാ‍രും നഗരവാസികളും ഗ്രാമീണരും പണ്ഡിതരും പാമരരുമെല്ലാം അതുവായിക്കണം; എല്ലാ കാലത്തും എല്ലാദേശത്തും എല്ലാതരം പരിതഃസ്ഥിതികളിലും അതു വായിക്കപ്പെടണം; ധൈഷണികമായും വൈജ്ഞാനികമായും ഭിന്നവിതാനങ്ങളിലുള്ള മനുഷ്യര്‍, തങ്ങളില്‍നിന്ന്‌ ദൈവം എന്താഗ്രഹിക്കുന്നു, എന്താഗ്രഹിക്കുന്നില്ല എന്നെങ്കിലും അതുമുഖേന അറിഞ്ഞിരിക്കണം-ഇതായിരുന്നു അല്ലാഹുവിന്റെ ഇംഗിതം. ദിവ്യവചനങ്ങളുടെ ഇത്തരമൊരു സമാഹാരത്തോടൊപ്പം ഒരു നീണ്ട ചരിത്രവും എഴുതിപ്പിടിപ്പിക്കേണ്ടിവന്നാല്‍, അനിവാര്യമായി അതും വായിക്കണമെന്നുവന്നാല്‍, പ്രസ്തുത ദൈവികാഭീഷ്ടംതന്നെ വിഫലമായിത്തീരുമെന്ന്‌ വ്യക്തമാണ്‌.
ഖുര്‍ആന്റെ നിലവിലുള്ള ക്രോഡീകരണക്രമത്തെ വിമര്‍ശിക്കുന്നവര്‍ക്ക്‌ ആ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടെന്നതാണ്‌ പരമാര്‍ഥം. കേവലം ചരിത്ര-സാമൂഹികശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുവേണ്ടി അവതീര്‍ണമായൊരു ഗ്രന്ഥമാണിതെന്നുവരെ അവര്‍ ധരിച്ചുവെച്ചതായി തോന്നുന്നു.
ഖുര്‍ആന്റെ ക്രമത്തെ സംബന്ധിച്ച്‌ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പില്‍ക്കാലക്കാരല്ല അതിന്റെ കര്‍ത്താക്കളെന്നതാണ്‌. പ്രത്യുത, നബിതിരുമേനി തന്നെയാണ്‌ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്‌. ഒരധ്യായം അവതരിക്കുമ്പോള്‍ തന്നെ തിരുമേനി തന്റെ എഴുത്തുകാരില്‍ ഒരാളെ വിളിപ്പിച്ച്‌ അത്‌ എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില്‍ അല്ലെങ്കില്‍ മുമ്പില്‍ ചേര്‍ക്കണമെന്ന്‌ നിര്‍ദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാന്‍ ഉദ്ദേശിക്കപ്പെടാതെ വല്ല ഭാഗവുമാണവതരിക്കുന്നതെങ്കില്‍ അത്‌ ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത്‌ രേഖപ്പെടുത്തണമെന്ന്‌ അവിടന്ന്‌ നിര്‍ദേശം നല്‍കും. അനന്തരം അതേ ക്രമമനുസരിച്ച്‌ തിരുമേനി തന്നെ നമസ്കാരത്തിലും മറ്റു സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. അതേക്രമത്തില്‍ അവിടത്തെ സഖാക്കളും അത്‌ ഹൃദിസ്ഥമാക്കി. ഇതായിരുന്നു ഖുര്‍ആന്റെ ക്രോഡീകരണത്തിന്‌ സ്വീകരിച്ചുവന്ന സമ്പ്രദായം. ആകയാല്‍, വിശുദ്ധഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായിട്ടുണ്ടെന്നത്‌ ഒരു അംഗീകൃത ചരിത്രയാഥാര്‍ഥ്യമാണ്‌. അതിന്റെ അവതാരകനായ അല്ലാഹു തന്നെയാണ്‌ അതിന്റെ സമാഹര്‍ത്താവും. അത്‌ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പ്രവാചകന്റെ കൈയായിത്തന്നെയാണ്‌ അത്‌ ക്രോഡീകരിക്കപ്പെട്ടത്‌. ഇതിലൊന്നും ആര്‍ക്കും കൈകടത്താന്‍ കഴിയുമായിരുന്നില്ല.
ഗ്രന്ഥാവിഷ്കരണം
മുസ്ലിംകള്‍ക്ക്‌ പ്രാരംഭഘട്ടത്തില്‍ത്തന്നെ നമസ്കാരം നിര്‍ബന്ധമാക്കപ്പെട്ടിരുന്നു.*(നബിയ്ക്ക്‌ പ്രവാചകത്വം ലഭിച്ച്‌ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമായതെങ്കിലും പൊതുവില്‍ നമസ്കാരം ആ ദിവസം തൊട്ടേ നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. നമസ്കാരം നിര്‍ബന്ധമല്ലാതിരുന്ന ഒരു സമയവും ഇസ്ലാമില്‍ ഉണ്ടായിരുന്നിട്ടില്ല.)* ഖുര്‍ആന്‍പാരായണം നമസ്കാരത്തിന്റെ ഒരു അവശ്യഘടകമായും നിശ്ചയിച്ചിരുന്നു. തന്നിമിത്തം ഖുര്‍ആന്റെ അവതരണത്തിനൊപ്പം അത്‌ മനഃപാഠമാക്കുന്ന പതിവും മുസ്ലിംകളില്‍ നടപ്പില്‍വന്നു. ഓരോ ഭാഗം അവതരിക്കുംതോറും അവരത്‌ ഹൃദിസ്ഥമാക്കി. അങ്ങനെ, നബിതിരുമേനി തന്റെ എഴുത്തുകാരെക്കൊണ്ട്‌ ഖുര്‍ആന്‍ രേഖപ്പെടുത്തിവെപ്പിച്ചിരുന്ന ഈന്തപ്പനമട്ടലുകളിലും എല്ലിന്‍കഷണങ്ങളിലും തോല്‍തുണ്ടുകളിലും പരിമിതമായില്ല അതിന്റെ സുരക്ഷിതത്വം. പ്രത്യുത, അവതരിച്ചുകൊണ്ടിരിക്കെത്തന്നെ ദശക്കണക്കിനും ശതക്കണക്കിനും തുടര്‍ന്ന്‌ ആയിരക്കണക്കിനും മനുഷ്യഹൃദയങ്ങളില്‍ അത്‌ മുദ്രിതമായി; ഒരു ചെകുത്താന്നും ഒരക്ഷരം മാറ്റിമറിക്കാന്‍ ഇടമുണ്ടായില്ല.
നബിതിരുമേനിയുടെ വിയോഗാനന്തരം അറേബ്യയില്‍ മതംമാറ്റക്കുഴപ്പം തലപൊക്കുകയും അതിനെ നേരിടാനുള്ള യത്നത്തില്‍ അവിടത്തെ സഖാക്കള്‍ക്ക്‌ രക്തരൂഷിതമായ പോരാട്ടങ്ങള്‍ നടത്തേണ്ടിവരികയും ചെയ്തപ്പോള്‍ ഖുര്‍ആന്‍ ആദ്യന്തം മനഃപാഠമാക്കിയിരുന്ന ഒട്ടേറെ 'സഹാബി'കള്‍ പോര്‍ക്കളങ്ങളില്‍ രക്തസാക്ഷികളായി. ഇതേത്തുടര്‍ന്ന്‌, ഖുര്‍ആന്റെ സംരക്ഷണത്തിന്‌ ഏകമാര്‍ഗം ആശ്രയിക്കുന്നത്‌ യുക്തമല്ലെന്നും ഹൃദയഫലകങ്ങളിലെന്നപോലെ ഗ്രന്ഥത്താളുകളിലും അതെഴുതി സൂക്ഷിക്കാന്‍ ഏര്‍പ്പാടുചെയ്യണമെന്നും ഉമര്‍ ചിന്തിച്ചുറച്ചു. ഈ കാര്യം ഒന്നാം ഖലീഫ അബൂബക്‌റിന്‌ വിശദീകരിച്ചുകൊടുത്തപ്പോള്‍, അല്‍പം ആലോചിച്ചശേഷം അദ്ദേഹവും അതിനോടു യോജിക്കുകയും നബിതിരുമേനിയുടെ സെക്രട്ടറി (കാതിബ്‌) ആയിരുന്ന സൈദുബ്നു സാബിതിനെ ഈ സേവനത്തിന്‌ നിയോഗിക്കുകയും ചെയ്തു.
നബിതിരുമേനി ലിഖിതരൂപത്തില്‍ ഇട്ടേച്ചുപോയ ഖുര്‍ആന്റെ എല്ലാ ഭാഗങ്ങളും ശേഖരിക്കുക, സഹാബികളില്‍ ആരുടെയെല്ലാം പക്കല്‍ ദിവ്യഗ്രന്ഥം മുഴുവനായോ ഭാഗികമായോ എഴുതിവെക്കപ്പെട്ടതായുണ്ടോ അതും കരസ്ഥമാക്കുക, *(നബിതിരുമേനിയുടെ ജീവിതകാലത്തുതന്നെ ശിഷ്യന്‍മാരില്‍ പലരും ഖുര്‍ആന്‍ പൂര്‍ണമായോ ഭാഗികമായോ എഴുതി സൂക്ഷിച്ചിരുന്നതായി വിശ്വാസയോഗ്യമായ നിവേദനങ്ങളില്‍നിന്നും മനസ്സിലാകുന്നുണ്ട്‌. ഇങ്ങനെ എഴുതിവെച്ചവരില്‍ ഹ.ഉസ്മാന്‍ച197, അലിച47, ഹുദൈഫച1220, സൈദുബ്നു സാബിത്ച1486, മുആദുബ്നു ജബല്‍ചഃ25, ഉബയ്യുബ്നു കഅ്ബ്‌,1511 അബൂസൈദ്‌, ഖൈസുബ്നു സകന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.)* കൂടാതെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരുടെ സഹകരണം തേടുകയും ചെയ്യുക. ഈ മൂന്നു മാധ്യമങ്ങളുടെയും സംയുക്ത സാക്ഷ്യത്താല്‍ പരിപൂര്‍ണ സുബദ്ധത ഉറപ്പുവരുത്തിയശേഷം ഖുര്‍ആന്റെ ഓരോ വാക്കും സനിഷ്കര്‍ഷം 'മുസ്വ്ഹഫി'ല്‍ രേഖപ്പെടുത്തുക-ഇതായിരുന്നു നിശ്ചിത വ്യവസ്ഥ. ഇപ്രകാരം വിശുദ്ധ ഖുര്‍ആന്റെ ആധികാരികമായ ഒരു കോപ്പി എഴുതിത്തയ്യാറാക്കി, നബി തിരുമേനിയുടെ പത്നി ഹഫ്സയുടെച1523 പക്കല്‍ സൂക്ഷിക്കാനേല്‍പിച്ചു. പ്രസ്തുത കോപ്പി പകര്‍ത്താനും തങ്ങളുടെ കൈവശമുള്ള കോപ്പികള്‍ അതുമായി ഒത്തുനോക്കി ശരിപ്പെടുത്തുവാനും ജനങ്ങള്‍ക്ക്‌ പൊതു അനുവാദം നല്‍കുകയും ചെയ്തു.
അറേബ്യയില്‍ എല്ലായിടത്തും അറബിതന്നെയായിരുന്നു ഭാഷ. എന്നാല്‍ വിവിധ പ്രദേശങ്ങളുടെയും ഗോത്രങ്ങളുടെയും സംസാരഭാഷകളില്‍ അല്‍പസ്വല്‍പ വ്യത്യാസങ്ങളുണ്ടായിരുന്നു. നമ്മുടെ നാടുകളില്‍ ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍തന്നെ വിവിധ നഗരങ്ങളിലും ജില്ലകളിലുമൊക്കെ വ്യത്യാസങ്ങള്‍ ഉള്ളതുപോലെ. ഖുര്‍ആന്‍ അവതരിച്ചത്‌ മക്കയില്‍ ഖുറൈശികള്‍ സംസാരിച്ചുവന്ന ഭാഷയിലായിരുന്നു. എങ്കിലും ഇതര പ്രദേശക്കാര്‍ക്കും ഗോത്രക്കാര്‍ക്കും അവരവരുടെ ഉച്ചാരണ പ്രയോഗരീതികളനുസരിച്ച്‌ അത്‌ വായിച്ചുകൊള്ളാന്‍ ആദ്യത്തില്‍ അനുവാദം നല്‍കിയിരുന്നു. വാക്കുകള്‍ തങ്ങള്‍ക്ക്‌ പരിചിതമായ ഉച്ചാരണരീതിയില്‍ വായിക്കുന്നു എന്നതല്ലാതെ, ഇതുമൂലം അര്‍ഥവ്യത്യാസങ്ങളൊന്നും സംഭവിക്കുമായിരുന്നില്ല. എന്നാല്‍, അചിരേണ ഇസ്ലാമിന്നു പ്രചാരം സിദ്ധിച്ചുവന്നപ്പോള്‍ പൂര്‍വസ്ഥിതി തുടരുന്നത്‌ അനാശാസ്യമായിത്തോന്നി. മരുഭൂമികള്‍ താണ്ടി അറബികള്‍ ലോകത്തിന്റെ വലിയൊരു ഭാഗം അധീനപ്പെടുത്തി. ഇതര ജനപദങ്ങള്‍ ഇസ്ലാമില്‍ പ്രവേശിച്ചുകൊണ്ടിരുന്നു; അറബി-അനറബി സങ്കലനം അറബിഭാഷയെ ഗണ്യമായി സ്വാധീനിച്ചു. മേലിലും ഇതര ഉച്ചാരണരീതികളനുസരിച്ച്‌ ഖുര്‍ആന്‍ വായിക്കാന്‍ അനുവദിക്കുന്നത്‌ പല കുഴപ്പങ്ങള്‍ക്കും കാരണമായേക്കുമെന്ന്‌ ന്യായമായും ആശങ്കകളുണ്ടായി. ഉദാഹരണത്തിന്‌, ഒരുവന്‍ അപരന്ന്‌ പഥ്യമല്ലാത്ത രീതിയില്‍ പാരായണം ചെയ്യുമ്പോള്‍ ദിവ്യവചനങ്ങള്‍ ബോധപൂര്‍വം അലങ്കോലപ്പെടുത്തുകയാണെന്നു ധരിച്ച്‌ പരസ്പരം വഴക്കുണ്ടായേക്കാം. കേവലം ഭാഷാപരമായ ഈ ലഘുവ്യത്യാസങ്ങള്‍തന്നെ കാലാന്തരത്തില്‍ മാറ്റത്തിരുത്തലുകള്‍ക്ക്‌ വാതില്‍ തുറന്നുകൊടുത്തെന്നും വരാം; അറബി-അനറബി സങ്കലനംകൊണ്ട്‌ ഭാഷാവൈകൃതം സംഭവിച്ചാല്‍ വികലഭാഷയില്‍ കൈകാര്യം ചെയ്യുകമൂലം ഖുര്‍ആന്റെ ഭാഷാഭംഗി വിനഷ്ടമാവുകയും ചെയ്തേക്കാം. ഈ വക കാരണങ്ങളാല്‍, ഖലീഫ അബൂബക്‌റിന്റെച1314 നിര്‍ദേശപ്രകാരം ആധികാരികമായി രേഖപ്പെടുത്തപ്പെട്ട ഖുര്‍ആന്റെ അംഗീകൃതകോപ്പിയുടെ ശരിപ്പകര്‍പ്പുകള്‍ മാത്രമേ ഇസ്ലാമിക രാഷ്ട്രാതിര്‍ത്തിക്കുള്ളിലെവിടെയും പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്നും ഉച്ചാരണഭേദങ്ങളോടെ എഴുതപ്പെട്ട എല്ലാ മുസ്വ്ഹഫുകളുടെയും പ്രസാധനം നിരോധിക്കണമെന്നും ഹഃ ഉസ്മാന്‍ പ്രമുഖ സഹാബികളുമായി കൂടിയാലോചിച്ച്‌ തീരുമാനിച്ചു.
ഉസ്മാന്‍ച197, ഔദ്യോഗികതലത്തില്‍ പകര്‍ത്തിച്ച്‌ നാനാരാജ്യങ്ങളിലേക്കും കോപ്പികള്‍ അയച്ചുകൊടുത്തിരുന്ന, സിദ്ദീഖുല്‍ അക്ബറിന്റെച1314 ആധികാരിക മുസ്വ്ഹഫുമായി പ്രത്യക്ഷരം യോജിച്ചതത്രേ ഇപ്പോള്‍ നമ്മുടെ കയ്യിലിരിക്കുന്ന ഖുര്‍ആന്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രസ്തുത ആധികാരിക കോപ്പികള്‍ ഇന്നും സ്ഥിതിചെയ്യുന്നുണ്ട്‌. ഖുര്‍ആന്റെ സുരക്ഷിതത്വത്തില്‍ ആര്‍ക്കെങ്കിലും അണുവോളം സംശയമുണ്ടെങ്കില്‍ സംശയനിവൃത്തിവരുത്തുക സുസാധ്യമാണ്‌. പശ്ചിമാഫ്രിക്കയിലെ ഒരു പുസ്തകക്കടയില്‍നിന്നും ഒരുകോപ്പി വാങ്ങിച്ച്‌, ജാവയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരാള്‍ പാരായണം ചെയ്യുന്നതുമായി അതിനെ തട്ടിച്ചുനോക്കട്ടെ; അഥവാ, ലോകത്തിലെ വന്‍കിട ലൈബ്രറികളില്‍ സൂക്ഷിച്ചിരിക്കുന്ന, ഹഃ ഉസ്മാന്റെ കാലംതൊട്ടിന്നോളം പല നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട മുസ്വ്ഹഫുകളുമായൊത്തുനോക്കട്ടെ. ആരെങ്കിലും വള്ളിപുള്ളി വ്യത്യാസം കാണുന്ന പക്ഷം, ചരിത്രപ്രധാനമായ ആ മഹാ കണ്ടുപിടുത്തം ലോകത്തെ അറിയിക്കുവാന്‍ തീര്‍ച്ചയായും അയാള്‍ ബാധ്യസ്ഥനാണ്‌! ഖുര്‍ആന്‍ ദൈവദത്തമായ ഗ്രന്ഥമോ എന്ന്‌ ഒരാള്‍ക്ക്‌ സംശയിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്‌; പക്ഷേ, നമ്മുടെ കൈവശമിരിക്കുന്ന ഖുര്‍ആന്‍ യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ, മുഹമ്മദ്നബി ലോകസമക്ഷം സമര്‍പ്പിച്ചിരുന്ന ഖുര്‍ആന്‍തന്നെ എന്ന വസ്തുത ഒട്ടും സംശയത്തിനിടമില്ലാത്ത ഒരു ചരിത്രയാഥാര്‍ഥ്യം മാത്രമാണ്‌. മാനവചരിത്രത്തില്‍ ഇത്രമേല്‍ സ്ഥിരപ്പെട്ട മറ്റൊരുകാര്യവും കാണുകയില്ല. ഇതിന്റെ സുബദ്ധതയില്‍ സംശയംപുലര്‍ത്തുന്ന ഒരാള്‍ക്ക്‌, റോമന്‍ എംപയര്‍ എന്നൊരു സാമ്രാജ്യം ലോകത്തുണ്ടായിരുന്നോ എന്നും മുഗളന്മാ‍ര്‍ ഇന്ത്യ ഭരിച്ചിരുന്നോ എന്നും നെപ്പോളിയന്‍ എന്നൊരാള്‍ ജീവിച്ചിരുന്നോ എന്നും സംശയിക്കാവുന്നതാണ്‌. ഇത്തരം ചരിത്രയാഥാര്‍ഥ്യങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത്‌ അറിവിന്റെയല്ല, അറിവുകേടിന്റെ ലക്ഷണമാണ്‌.
പഠനരീതി
വിശുദ്ധ ഖുര്‍ആന്‍ പോലൊരു ഗ്രന്ഥത്തെ അനേകായിരമാളുകള്‍ ഭിന്നങ്ങളായ അനേകം ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്‌. ഈ എല്ലാ തരക്കാരുടേയും ഉദ്ദേശ്യതാല്‍പര്യങ്ങള്‍ കണക്കിലെടുത്ത്‌ ഒരുപദേശം നല്‍കുക സാധ്യമായ കാര്യമല്ല. അന്വേഷകരുടെ ഈ ഘോഷയാത്രയില്‍, ഖുര്‍ആന്‍ മനസ്സിലാക്കാനും മനുഷ്യന്റെ ജീവിതപ്രശ്നങ്ങളില്‍ എന്തു മാര്‍ഗനിര്‍ദേശമാണത്‌ നല്‍കുന്നതെന്നറിയാനും ആഗ്രഹിക്കുന്ന സത്യാന്വേഷകരില്‍ മാത്രമേ എനിക്ക്‌ താല്‍പര്യമുള്ളൂ. അങ്ങനെയുള്ളവര്‍ക്ക്‌ ഖുര്‍ആന്‍ പഠനസംബന്ധമായി ചില ഉപദേശങ്ങള്‍ നല്‍കുവാനും പൊതുവില്‍ ഈ വിഷയകമായി നേരിടാവുന്ന ചില പ്രയാസങ്ങള്‍ പരിഹരിക്കാനും ഞാന്‍ ശ്രമിക്കാം.
ഒരാള്‍-ഖുര്‍ആനില്‍ വിശ്വസിക്കട്ടെ, വിശ്വസിക്കാതിരിക്കട്ടെ-ഈ ഗ്രന്ഥം മനസ്സിലാക്കാന്‍ യഥാര്‍ഥത്തിലാഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി ചെയ്യേണ്ടത്‌ നേരത്തെ രൂപവല്‍കൃതമായ ധാരണകളില്‍നിന്നും സിദ്ധാന്തങ്ങളില്‍നിന്നും അനുകൂലമോ പ്രതികൂലമോ ആയ താല്‍പര്യങ്ങളില്‍ നിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുകയും ഗ്രഹിക്കാനുദ്ദേശിച്ചു മാത്രം തുറന്നഹൃദയത്തോടെ പഠനം ആരംഭിക്കുകയുമാണ്‌. അങ്ങനെയല്ലാതെ, ചില പ്രത്യേക ചിന്താഗതികള്‍ മനസ്സില്‍വെച്ച്‌ പാരായണം ചെയ്യുന്നവര്‍ ഖുര്‍ആന്റെ വരികളില്‍ സ്വന്തം ചിന്താഗതികളാണ്‌ വായിക്കുക. ഖുര്‍ആന്റെ ഗന്ധംപോലും അവരെ സ്പര്‍ശിക്കുകയില്ല. ഒരു ഗ്രന്ഥത്തെസംബന്ധിച്ചും ആശാസ്യമല്ല ഈ പഠനരീതി. വിശേഷിച്ച്‌, ഖുര്‍ആന്‍ ഇത്തരം വായനക്കാര്‍ക്ക്‌ അതിന്റെ ആശയപ്രപഞ്ചത്തിലേക്ക്‌ വാതില്‍ തുറന്നുകൊടുക്കുകയേ ഇല്ല.
ഖുര്‍ആനില്‍ സാമാന്യമായൊരു ജ്ഞാനം മാത്രമേ ഒരാള്‍ക്കുദ്ദേശ്യമുള്ളൂവെങ്കില്‍ ഒരാവൃത്തി വായിച്ചാല്‍ മതിയെന്നുവരാം. എന്നാല്‍ ആ മഹദ്ഗ്രന്ഥത്തിന്റെ ആഴങ്ങളിലിറങ്ങിച്ചെല്ലാനാഗ്രഹിക്കുന്നവര്‍ രണ്ടോ നാലോ തവണ വായിച്ചാലും മതിയാകുന്നതല്ല. പല പ്രാവശ്യം, ഓരോ തവണയും ഓരോ പ്രത്യേക രീതിയില്‍ വായിക്കേണ്ടതുണ്ട്‌. ഒരു വിദ്യാര്‍ഥിയെപ്പോലെ പെന്‍സിലും നോട്ടുബുക്കും കയ്യില്‍കരുതി ആവശ്യമായ പോയിന്റുകള്‍ കുറിച്ചെടുക്കുകയും വേണം. ഇപ്രകാരം വായിക്കാന്‍ സന്നദ്ധതയുള്ളവര്‍, ഖുര്‍ആന്‍ ഉന്നയിക്കുന്ന ചിന്താ-കര്‍മ പദ്ധതിയെക്കുറിച്ച്‌ പൊതുവായൊരു വീക്ഷണം ഉദ്ദേശിച്ചുകൊണ്ടുമാത്രം രണ്ടുതവണയെങ്കിലും ആദ്യന്തം വായിച്ചുനോക്കേണ്ടതാണ്‌. ഈ പ്രാരംഭ പഠനമധ്യേ ഖുര്‍ആന്റെ സമ്പൂര്‍ണചിത്രം സമഗ്രമായൊന്നു നിരീക്ഷിക്കുവാനും അതുന്നയിക്കുന്ന മൗലിക സിദ്ധാന്തങ്ങള്‍ എന്തെല്ലാമാണെന്ന്‌ കാണുവാനും അവയില്‍ പ്രതിഷ്ഠിതമാകുന്ന ജീവിത വ്യവസ്ഥിതിയുടെ സ്വഭാവമെന്താണെന്ന്‌ മനസ്സിലാക്കാനും ശ്രദ്ധിക്കേണ്ടതാണ്‌. ഇതിനിടയില്‍ വല്ലേടത്തും വല്ല ചോദ്യവും മനസ്സിലുദിക്കുന്ന പക്ഷം അതെപ്പറ്റി അപ്പോള്‍ അവിടെവെച്ചുതന്നെ ധൃതിപ്പെട്ട്‌ ഒരു തീരുമാനമെടുക്കാതെ, അത്‌ കുറിച്ചുവെക്കുകയും ക്ഷമാപൂര്‍വം വായന തുടരുകയും ചെയ്യുക; തീര്‍ച്ചയായും മുന്നോട്ടെവിടെയെങ്കിലും അതിന്നുള്ള മറുപടി ലഭിക്കാനാണ്‌ സാധ്യത. മറുപടി ലഭിച്ചുകഴിഞ്ഞാല്‍ ചോദ്യത്തോടൊപ്പം അതും കുറിച്ചുവയ്ക്കുക. അഥവാ, പ്രഥമ വായനയില്‍ തന്റെ ചോദ്യത്തിനുത്തരം ലഭിച്ചില്ലെങ്കില്‍ ക്ഷമാപൂര്‍വം രണ്ടാമതും വായിച്ചുനോക്കുക. സ്വാനുഭവം വെച്ചുപറഞ്ഞാല്‍, അവഗാഹമായ രണ്ടാമത്തെ പാരായണത്തില്‍ അപൂര്‍വമായി മാത്രമേ ഏതെങ്കിലും ചോദ്യത്തിനുത്തരം ലഭിക്കാതിരുന്നിട്ടുള്ളൂ.
സവിസ്തര പഠനം
ഇവ്വിധം ഖുര്‍ആനെക്കുറിച്ച്‌ ഒരു സമഗ്രവീക്ഷണം സാധിച്ചശേഷം സവിസ്തരമായ പഠനം ആരംഭിക്കേണ്ടതാകുന്നു. ഇവിടെ വായനക്കാരന്‍ ഖുര്‍ആനിക ശിക്ഷണങ്ങളുടെ ഓരോ വശവും പഠിച്ച്‌ നോട്ടുചെയ്യേണ്ടതാണ്‌. ഉദാഹരണമായി, മാനുഷ്യകത്തിന്റെ ഏത്‌ മാതൃകയാണ്‌ ഖുര്‍ആന്‍ അഭിലഷണീയമായിക്കാണുന്നതെന്നും ഏതു മാതൃകയിലുള്ള മനുഷ്യനാണതിന്റെ ദൃഷ്ടിയില്‍ അനഭിലഷണീയനെന്നും മനസ്സിലാക്കാനാഗ്രഹിക്കുന്നുവെന്നിരിക്കട്ടെ, വിഷയം സുഗ്രഹമാകേണ്ടതിന്നായി, അഭിലഷണീയവും അനഭിലഷണീയവുമായ മനുഷ്യമാതൃകകളുടെ ഭിന്ന സവിശേഷതകള്‍ തന്റെ കോപ്പിയില്‍ കുറിച്ചുവെക്കേണ്ടതാണ്‌. അപ്രകാരംതന്നെ ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യമോക്ഷത്തിനു നിദാനമായ കാര്യങ്ങളേതെല്ലാമാണെന്ന്‌ അറിയുകയാണുദ്ദേശ്യമെന്നിരിക്കട്ടെ, ഇതും വ്യക്തതയോടെ വിശദമായി അറിയാനുള്ള ക്രമം, തന്റെ നോട്ടില്‍ മോക്ഷഹേതുക്കളെന്നും നാശഹേതുക്കളെന്നും രണ്ടു ശീര്‍ഷകങ്ങള്‍ പരസ്പരാഭിമുഖമായി കുറിക്കുകയും ദിവസേന ഖുര്‍ആന്‍ പാരായണ മധ്യേ രണ്ടുതരം കാര്യങ്ങളും നോട്ടുചെയ്തുപോരുകയുമാകുന്നു. ഇങ്ങനെ വിശ്വാസം, സദാചാരം, അവകാശബാധ്യതകള്‍, സാമൂഹികത, നാഗരികത, സാമ്പത്തികം, രാഷ്ട്രീയം, നിയമം, സംഘടന, യുദ്ധം, സന്ധി എന്നുവേണ്ട ജീവിതപ്രശ്നങ്ങളോരോന്നിനെക്കുറിച്ചുമുള്ള ഖുര്‍ആനികാധ്യാപനങ്ങള്‍ കുറിച്ചുവെക്കുകയും ഓരോ ജീവിതമേഖലയുടെയും പൊതുവായ ചിത്രമെന്തെന്നും ആ എല്ലാ ചിത്രങ്ങളും സമുച്ചയിക്കപ്പെടുമ്പോള്‍ രൂപപ്പെടുന്ന സമ്പൂര്‍ണ ജീവിതചിത്രം മനസ്സിലാക്കാന്‍ ശ്രദ്ധിക്കുകയും വേണ്ടതാണ്‌.
ഇനി, ഏതെങ്കിലും ഒരു പ്രത്യേക ജീവിതപ്രശ്നത്തില്‍ ഖുര്‍ആന്റെ വീക്ഷണഗതി കണ്ടെത്താനാണ്‌ ഒരാള്‍ക്ക്‌ ഉദ്ദേശ്യമെങ്കില്‍ അതിന്‌ ഏറ്റവും മെച്ചമായ പഠനരീതി ഇതാണ്‌. ആദ്യമായി ബന്ധപ്പെട്ട പ്രശ്നം എന്താണെന്ന്‌, തദ്വിഷയകമായുള്ള പ്രാചീനവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ വിലയിരുത്താന്‍ ശ്രദ്ധിക്കുക; പ്രശ്നത്തിന്റെ മൗലികബിന്ദുക്കള്‍ എന്തെല്ലാമാണ്‌? മനുഷ്യര്‍ തല്‍സംബന്ധമായി ഇന്നോളം എന്തെല്ലാം ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്‌? എന്നിട്ടും അപരിഹാര്യമായി അവശേഷിക്കുന്ന വസ്തുതകള്‍ എന്തെല്ലാം? പ്രശ്നത്തില്‍ എവിടെച്ചെന്നാണ്‌ മനുഷ്യചിന്ത ഗതിമുട്ടിനില്‍ക്കുന്നത്‌? എന്നെല്ലാം വ്യക്തമായി മനസ്സിലാക്കുക; അനന്തരം, പരിഹാരാര്‍ഹങ്ങളായ പ്രശ്നങ്ങള്‍ മുമ്പില്‍വെച്ച്‌ ഖുര്‍ആന്‍ പാരായണം ചെയ്യുക. ഇങ്ങനെയൊരു പ്രശ്നത്തിന്റെ പരിഹാരാര്‍ഥം ഖുര്‍ആന്‍ വായിക്കാനിരുന്നാല്‍ അതിനുമുമ്പ്‌ പലവട്ടം വായിച്ചിരിക്കാവുന്ന സൂക്തങ്ങളില്‍തന്നെ ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിക്കുമെന്നതാണ്‌ വ്യക്തിപരമായി എന്റെ അനുഭവം. ഈയൊരു വിഷയവും അവിടെ മറഞ്ഞിരിപ്പുണ്ടായിരുന്നു എന്ന ചിന്ത അതിന്‌ മുമ്പൊരിക്കലും മനസ്സിലുദിച്ചിരിക്കയേ ഇല്ല!
പഠനം പ്രയോഗവല്‍ക്കരണത്തിലൂടെ
ഈ പഠനമാര്‍ഗങ്ങളെല്ലാം അവലംബിച്ചാലും, ഖുര്‍ആന്‍ വന്നത്‌ എന്തിന്‌ വേണ്ടിയോണോ ആ പ്രവര്‍ത്തനം സ്വയം നടത്താതിരിക്കുന്നിടത്തോളം ഖുര്‍ആനിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുകയില്ല. ഒരു ഈസീചെയറിലിരുന്നു വായിച്ചു ഗ്രഹിക്കാന്‍ പറ്റുന്ന തരത്തിലുള്ള, കേവലമായ ആദര്‍ശ-സിദ്ധാന്തങ്ങളുടെ ഗ്രന്ഥമല്ല ഖുര്‍ആന്‍. നേരത്തെ സൂചിപ്പിച്ചതുപോലെ, പൊതുവേ ലോകത്തറിയപ്പെടുന്ന മതസങ്കല്‍പങ്ങള്‍ക്കനുസൃതമായ ഒരു തനി മതഗ്രന്ഥവുമല്ല. അതിനാല്‍ പള്ളികളിലും പള്ളിക്കൂടങ്ങളിലും വെച്ച്‌ അതിലെ യുക്തി- ജ്ഞാന-രഹസ്യങ്ങളെല്ലാം ചുരുളഴിച്ചുകളയാമെന്ന്‌ കരുതുന്നതും ശരിയല്ല. ഖുര്‍ആന്‍ ഒരു പ്രബോധനഗ്രന്ഥമാണ്‌; ഒരു പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്‌. അത്‌ വന്നപാടേ, നിശ്ശബ്ദ പ്രകൃതനായ ഒരു നല്ല മനുഷ്യനെ ഏകാന്തതയില്‍നിന്നു പുറത്തുകൊണ്ടുവന്നു; ദൈവധിക്കാരിയായ ലോകത്തിന്നഭിമുഖമായി നിര്‍ത്തി; അസത്യത്തിന്നെതിരില്‍ ശക്തിയായി ശബ്ദമുയര്‍ത്തുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും ധ്വജവാഹകര്‍ക്കെതിരെ അദ്ദേഹത്തെ സമരരംഗത്തിറക്കി. ഓരോ വീട്ടില്‍നിന്നും ശുദ്ധപ്രകൃതരും നിസ്വാര്‍ഥരുമായ നല്ല മനുഷ്യരെ ആ ഗ്രന്ഥം ആകര്‍ഷിക്കുകയും അവരെയെല്ലാം പ്രവാചകന്റെ കൊടിക്കൂറയിന്‍കീഴില്‍ ഏകീകരിക്കുകയും ചെയ്തു. നാട്ടിന്റെ എല്ലാ മുക്കുമൂലകളിലും കലഹകുതുകികളായ തിന്മയുടെ ശക്തികളെ അത്‌ ഇളക്കിവിട്ടു. സത്യസേവകര്‍ക്കെതിരെ അവരെ യുദ്ധത്തിനിറക്കി. ഒരു വ്യക്തിയുടെ ആഹ്വാനത്തില്‍നിന്ന്‌ പ്രവര്‍ത്തനമാരംഭിച്ച ഈ ഗ്രന്ഥം, നീണ്ട ഇരുപത്തിമൂന്നു വര്‍ഷം, ദൈവികരാഷ്ട്രത്തിന്റെ സംസ്ഥാപനം വരെ, ആ മഹല്‍പ്രസ്ഥാനത്തിന്‌ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. സത്യവും അസത്യവുമായി നെടുനാളത്തെ ഘോര സമരങ്ങളുടെ ഓരോ ഘട്ടത്തിലും നിര്‍ണായകമായ ഓരോ വഴിത്തിരിവിലും അത്‌ സംഹാര-നിര്‍മാണങ്ങളുടെ രൂപരേഖ വരച്ചുകാട്ടി. നാമാകട്ടെ, വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘട്ടനത്തില്‍, ഇസ്ലാമിന്റെയും ജാഹിലിയ്യതിന്റെയും രണാങ്കണത്തില്‍ കാലെടുത്തുവെക്കുകപോലും ചെയ്യുന്നില്ല. പ്രസ്തുത സമരത്തിന്റെ ഒരു ഘട്ടത്തിലൂടെയും കടന്നുപോകാന്‍ നമുക്ക്‌ സന്ദര്‍ഭമുണ്ടാകുന്നില്ല എന്നിരിക്കെ, ഖുര്‍ആന്റെ പദങ്ങള്‍ വായിച്ചതുകൊണ്ടു മാത്രം ആ ജീവല്‍ഗ്രന്ഥത്തിലെ യാഥാര്‍ഥ്യങ്ങളെല്ലാം നമുക്കെങ്ങനെ അനാവരണം ചെയ്യപ്പെടും? ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കാന്‍, അതും കയ്യിലേന്തി കര്‍മരംഗത്തിറങ്ങുകയും സത്യപ്രബോധനദൗത്യം നിര്‍വഹിച്ചുതുടങ്ങുകയും നാനാ ജീവിതമേഖലകളില്‍ ഖുര്‍ആനിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി മുന്നോട്ടുനീങ്ങുകയും വേണ്ടതാകുന്നു. അപ്പോള്‍ ഖുര്‍ആന്റെ അവതരണഘട്ടത്തില്‍ നേരിട്ട എല്ലാ അനുഭവങ്ങളും പരീക്ഷണങ്ങളും നമുക്കും നേരിടേണ്ടിവരുന്നതാണ്‌. മക്കയുടെ, അബിസീനിയയുടെ, ത്വാഇഫിന്റെ രംഗങ്ങള്‍ നമുക്ക്‌ ദൃശ്യമാകും; ബദ്‌റും ഉഹുദും മുതല്‍ ഹുനൈനും തബുക്കും വരെ എല്ലാ ഘട്ടങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകും; വഴിമധ്യേ അബൂജഹ്ലിനെയുംച5 അബൂലഹബിനെയുംച1324 നാം കണ്ടുമുട്ടും; കപടവിശ്വാസികളും യഹൂദന്മാരും നമ്മോടെതിരിടും; പ്രഥമവിശ്വാസികള്‍ മുതല്‍ അമുസ്ലിം അനുഭാവികള്‍ വരെ, പല മാതൃകയിലുള്ള മനുഷ്യരുമായി നമുക്കിടപെടേണ്ടതായിവരും. തീര്‍ച്ചയായും ഇതൊരു പ്രത്യേകതരം 'ജ്ഞാനമാര്‍ഗം'തന്നെയാണ്‌. ഖുര്‍ആനിക മാര്‍ഗമെന്ന്‌ ഞാനതിനെ വിശേഷിപ്പിക്കട്ടെ. ഈ ജ്ഞാനമാര്‍ഗത്തില്‍ ഏത്‌ ഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോഴും ഖുര്‍ആനിലെ ചില സൂക്തങ്ങളും അധ്യായങ്ങളും മുന്നോട്ടുവന്ന്‌, അവ ആ ഘട്ടത്തില്‍ അവതരിച്ചതാണെന്നും ഇന്നയിന്ന മാര്‍ഗനിര്‍ദേശങ്ങളുമായി അവതരിച്ചതാണെന്നും നമ്മോട്‌ പറയുന്നുവെന്നത്‌ ഇതിന്റെ ഒരു സവിശേഷതയത്രെ. ഇവിടെ ഭാഷയും വ്യാകരണവുമായും സാഹിത്യാംശങ്ങളുമായും ബന്ധപ്പെട്ട എന്തെങ്കിലും സൂചനകള്‍ അനുവാചക ദൃഷ്ടിയില്‍ പക്ഷേ, പെട്ടില്ലെന്ന്‌ വരാമെങ്കിലും ഖുര്‍ആന്‍ അതിന്റെ അന്തഃസത്ത ആ ജ്ഞാനപഥികനു പകര്‍ന്നുകൊടുക്കുന്നതില്‍ ഒട്ടുംതന്നെ പിശുക്കു കാട്ടുകയില്ലെന്ന്‌ തീര്‍ച്ച.
ഈ പൊതുതത്ത്വമനുസരിച്ച്‌, ഖുര്‍ആന്റെ നിയമവിധികളും ധാര്‍മിക- സദാചാര ശിക്ഷണങ്ങളും സാമ്പത്തിക-സാമൂഹികാധ്യാപനങ്ങളും നാനാ ജീവിതമേഖലകളെ സ്പര്‍ശിക്കുന്ന മൗലികസിദ്ധാന്തങ്ങളും, അവയെല്ലാം അതത്‌ വേദികളില്‍ പ്രാവര്‍ത്തികമാക്കുമ്പോഴല്ലാതെ യഥായോഗ്യം മനസ്സിലാവുകയില്ല. സ്വകാര്യജീവിതത്തില്‍ ഖുര്‍ആനെ പിന്തുടരാത്ത ഒരു വ്യക്തിക്കും, തങ്ങളുടെ സാമൂഹികസ്ഥാപനങ്ങളെല്ലാം ഖുര്‍ആനിക നയത്തിനു വിപരീതമായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമുദായത്തിനും ഈ ഗ്രന്ഥം ഗ്രഹിക്കുക സാധ്യമല്ല; അവര്‍ മാറ്റത്തിനു തയ്യാറല്ലെങ്കില്‍!
മാനുഷ്യകത്തിന് മാര്‍ഗദര്‍ശകം
ഖുര്‍ആന്‍ അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്‌. എന്നാല്‍, അവതരണകാലഘട്ടത്തിലെ അറബികളോടാണ്‌ ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുര്‍ആന്‍ വായിച്ചുനോക്കുന്ന ഒരാള്‍ക്ക്‌ കാണാന്‍കഴിയുന്നത്‌. ചിലപ്പോഴൊക്കെ അത്‌ മാനവകുലത്തെ പൊതുവായി ആഹ്വാനം ചെയ്യുന്നുവെങ്കിലും അറബികളുടെ അഭിരുചികളും ആചാരവിചാരങ്ങളുമായി, അറേബ്യയുടെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്റെ പ്രതിപാദനങ്ങളധികവും. ഇതൊക്കെ കാണുമ്പോള്‍ മനുഷ്യവര്‍ഗത്തിന്‌ മാര്‍ഗദര്‍ശകമായി വന്ന ഒരു ഗ്രന്ഥത്തില്‍ ഇത്രയേറെ ആനുകാലികതയും ദേശീയ-സാമുദായികച്ചുവയും എന്തുകൊണ്ടാണെന്ന്‌ വായനക്കാരന്‍ ചിന്തിച്ചുപോവുന്നു. പ്രശ്നത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകാത്തതിന്റെ ഫലമായി, ഖുര്‍ആന്‍ സമകാലികരായ അറബികളുടെ ഉദ്ധാരണാര്‍ഥം അവതരിപ്പിച്ചതാണെന്നും പിന്നീടതിനെ വലിച്ചുനീട്ടി മാനുഷ്യകത്തിന്റെ ശാശ്വത മാര്‍ഗദര്‍ശകഗ്രന്ഥമായി പ്രതിഷ്ഠിച്ചതായിരിക്കണമെന്നും അയാള്‍ സംശയിക്കാനിടവരുന്നു.
കേവലം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരുടെ കാര്യം ഇരിക്കട്ടെ; പ്രശ്നം യഥാര്‍ഥമായും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവരോട്‌ എനിക്ക്‌ ഉപദേശിക്കാനുള്ളത്‌, ആദ്യമായി ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചുനോക്കണമെന്നാണ്‌. അറബികള്‍ക്ക്‌ പ്രത്യേകമെന്നോ സ്ഥലകാലപരിതഃസ്ഥിതികള്‍കൊണ്ട്‌ പരിമിതമെന്നോ സത്യത്തില്‍ തോന്നാവുന്ന വല്ല ആദര്‍ശസിദ്ധാന്തവും ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെ വല്ല സദാചാരതത്ത്വമോ നിയമചട്ടമോ വിവരിച്ചിട്ടുണ്ടെങ്കില്‍ അതത്‌ സ്ഥാനങ്ങളില്‍ അതെല്ലാം ഒന്ന്‌ അടയാളപ്പെടുത്തട്ടെ.
ഒരു പ്രത്യേക ഭൂഭാഗത്തിലെയും കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്‌ അവരുടെ ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളെ ഖണ്ഡിക്കുന്നുവെന്നതും, ന്യായസമര്‍ഥനത്തിന്‌ അവര്‍ക്കു ചുറ്റിലുമുള്ള വസ്തുതകളവലംബിച്ചുകൊണ്ട്‌ ഏകദൈവത്വത്തെ സ്ഥാപിക്കുന്നുവെന്നതും ഖുര്‍ആന്റെ സന്ദേശം കാലികമോ പ്രാദേശികമോ ആണെന്ന്‌ വിധികല്‍പിക്കാന്‍ മതിയായ കാരണങ്ങളല്ല. പരിഗണനീയമായ വസ്തുത ഇതാണ്‌: ബഹുദൈവത്വഖണ്ഡനമായി ഖുര്‍ആന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അറേബ്യന്‍ മുശ്‌രിക്കുകളുടെയെന്നപോലെ ലോകത്തിലെ മറ്റേതു ബഹുദൈവത്വവിശ്വാസത്തിനും തുല്യനിലയില്‍ ബാധകമാകുന്നില്ലേ? അപ്രകാരംതന്നെ, ഏകദൈവത്വ സ്ഥാപനത്തിന്‌ ഖുര്‍ആന്‍ സമര്‍പ്പിച്ച ന്യായങ്ങള്‍ സ്ഥലകാലപരമായ ചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ. 'അതെ' എന്നാണ്‌ മറുപടിയെങ്കില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക സമുദായത്തെ അഭിമുഖീകരിച്ച്‌ ഉന്നീതമായി എന്നതുകൊണ്ടുമാത്രം ഒരു സാര്‍വലൗകികസന്ദേശത്തെ കാലികവും പ്രാദേശികവുമായി മുദ്രകുത്താന്‍ യാതൊരു ന്യായീകരണവുമില്ല. ആദ്യന്തം നിരപേക്ഷമായി (അയെ‍്മരി‍) ഉന്നയിക്കപ്പെട്ടതും ഏതെങ്കിലുമൊരു പരിതഃസ്ഥിതിയുമായി സംയോജിപ്പിക്കാതെ വിശദീകരിക്കപ്പെട്ടതുമായ യാതൊരു പ്രത്യയശാസ്ത്രവും ജീവിതവ്യവസ്ഥയും ചിന്താപ്രസ്ഥാനവും ഇന്നോളം ലോകത്തുണ്ടായിട്ടില്ലെന്നതാണ്‌ പരമാര്‍ഥം. ഒന്നാമത്‌: അത്രമേല്‍ സമ്പൂര്‍ണമായ നിരപേക്ഷത സാധ്യമല്ല. സാധ്യമെങ്കില്‍തന്നെ, ആ രീതിയില്‍ ഉന്നീതമായ ആദര്‍ശസിദ്ധാന്തങ്ങള്‍ ഗ്രന്ഥത്താളുകളില്‍ അവശേഷിക്കുകയല്ലാതെ തലമുറകളുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന്‌ ഒരു പ്രായോഗിക ജീവിതവ്യവസ്ഥയായി രൂപംകൊള്ളുക തീരെ അസംഭവ്യവുമാണ്‌.
ചിന്താപരവും ധാര്‍മികവും നാഗരികവുമായ ഒരു പ്രസ്ഥാനത്തെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യമാണെങ്കില്‍ തുടക്കത്തില്‍തന്നെ അതിനെ തികച്ചും രാഷ്ട്രാന്തരീകരിക്കാന്‍ ശ്രമിച്ചുകൊള്ളണമെന്നില്ല. അത്‌ ഫലപ്രദവുമല്ല എന്നതാണ്‌ പരമാര്‍ഥം. മാനവജീവിത വ്യവസ്ഥിതിക്കടിസ്ഥാനമായി ആ പ്രസ്ഥാനം ഉന്നയിക്കുന്ന ആദര്‍ശസിദ്ധാന്തങ്ങളെയും മൗലികതത്ത്വങ്ങളെയും പ്രസ്ഥാനത്തിന്റെ ജന്മഭൂമിയില്‍തന്നെ പൂര്‍ണശക്തിയോടെ സമര്‍പ്പിക്കുകയാണ്‌ യഥാര്‍ഥത്തിലേറ്റവും ശരിയായ മാര്‍ഗം. ആരുടെ ഭാഷയും ആചാര-വിചാരങ്ങളും സ്വഭാവചര്യകളുമായി പ്രസ്ഥാനനായകന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ ആ ജനതയുടെ മനസ്സില്‍ അതിനെ കരുപ്പിടിപ്പിക്കുകയെന്നതാവണം അയാളുടെ പ്രഥമപ്രവര്‍ത്തനം. അങ്ങനെ തന്റെ സിദ്ധാന്തങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കുകയും തദടിസ്ഥാനത്തില്‍ ഒരു ജീവിതവ്യവസ്ഥ വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്യുകവഴി ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃക സമര്‍പ്പിക്കുകയാണ്‌ കരണീയമായിട്ടുള്ളത്‌. അപ്പോള്‍, അന്യരാജ്യങ്ങളും ജനങ്ങളും അങ്ങോട്ട്‌ ശ്രദ്ധതിരിക്കുന്നതും ചിന്താശീലരായ ആളുകള്‍ മുന്നോട്ടുവന്ന്‌ പ്രസ്ഥാനത്തെ മനസ്സിലാക്കാനും അവരവരുടെ നാടുകളില്‍ അതിനെ നടപ്പില്‍വരുത്താനും ശ്രമിക്കുന്നതുമാണ്‌. ചുരുക്കത്തില്‍, ഒരു ചിന്താ-കര്‍മപദ്ധതി ആരംഭത്തില്‍ ഒരു പ്രത്യേകജനതയില്‍ സമര്‍പ്പിക്കപ്പെട്ടതും ന്യായസമര്‍ഥനശേഷി മുഴുക്കെ ആ ജനതയെ ബോധവാന്മാ‍രാക്കാന്‍ നിയോഗിക്കപ്പെട്ടതും പ്രസ്തുത പദ്ധതി കേവലം സാമുദായികമോ ദേശീയമോ ആയിരുന്നുവെന്നതിന്‌ തെളിവാകുന്നില്ല. ഒരു ദേശീയ-സാമുദായിക വ്യവസ്ഥയെ സാര്‍വദേശീയവും സാര്‍വജനീനവുമായ വ്യവസ്ഥയില്‍നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വതസ്വഭാവമുള്ള ഒരു വ്യവസ്ഥയില്‍നിന്നും വേര്‍തിരിക്കുന്ന സവിശേഷതകള്‍ യഥാര്‍ഥത്തില്‍ ഇവയാണ്‌: ദേശീയ-സാമുദായികവ്യവസ്ഥ ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും അഭ്യുന്നതിക്കുവേണ്ടി അവരുടെ പ്രത്യേക അവകാശതാല്‍പര്യങ്ങള്‍ക്കുവേണ്ടിയും ബാധിക്കുന്നു. ഇതര ജനസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനരുതാത്ത ആദര്‍ശ-സിദ്ധാന്തങ്ങളെയായിരിക്കും അതു പ്രതിനിധാനം ചെയ്യുന്നത്‌. ഇതിന്‌ വിപരീതമായി, സാര്‍വദേശീയ വ്യവസ്ഥ എല്ലാ മനുഷ്യര്‍ക്കും തുല്യപദവിയും തുല്യാവകാശങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ ആദര്‍ശ-സിദ്ധാന്തങ്ങളില്‍ സാര്‍വലൗകികത ഉള്‍കൊളളുകയും ചെയ്യുന്നു. അപ്രകാരംതന്നെ, കാലികമായ ഒരു വ്യവസ്ഥ അനിവാര്യമായും കാലത്തിന്റെ ചില തകിടംമറിച്ചിലുകള്‍ക്കും ശേഷം തികച്ചും അപ്രായോഗികമായിത്തീരുന്ന ആദര്‍ശ-സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കും. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത്‌ ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട്‌ അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്‍പത്തിന്‌ വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന്‌ ശ്രദ്ധാപൂര്‍വം ഒന്ന്‌ ശ്രമിച്ചുനോക്കുക!
വിശദാംശങ്ങളുടെ ഗ്രന്ഥമല്ല
ഖുര്‍ആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാ‍ര്‍ഗിക പുസ്തകവും നിയമസംഹിതയുമാണെന്ന്‌ ഒരു ശരാശരി വായനക്കാരന്‍ നേരത്തെ ധരിച്ചുവെച്ചിരിക്കുന്നു. പക്ഷേ, അയാളത്‌ വായിച്ചുനോക്കുമ്പോള്‍ സാമൂഹിക-നാഗരിക-രാഷ്ട്രീയ-സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച സുവിശദമായ നിയമാവലികള്‍ അതില്‍ കാണുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ആവര്‍ത്തിച്ചൂന്നുന്ന നമസ്കാരം, സകാത്‌ മുതലായ നിര്‍ബന്ധ കര്‍മങ്ങളെക്കുറിച്ചുപോലും ആവശ്യമായ വിശദാംശങ്ങളുടെ ഒരു നിയമാവലി അത്‌ സമര്‍പ്പിച്ചിട്ടില്ലെന്നതാണ്‌ വസ്തുത. ഇതും വായനക്കാരന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഖുര്‍ആന്‍ ഏതര്‍ഥത്തിലുള്ള സാന്മാ‍ര്‍ഗിക ഗ്രന്ഥമാണെന്ന്‌ അയാള്‍ ചിന്തിച്ചുപോകുന്നു.
വസ്തുതയുടെ ഒരു വശം നമ്മുടെ കാഴ്ചപ്പാടില്‍ തീരെ പെടാതിരുന്നതാണ്‌ ഈ ചിന്താക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്‌. ദൈവം ഒരു ഗ്രന്ഥം അവതരിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്‌; ആ ഗ്രന്ഥത്തിന്റെ വക്താവും പ്രയോക്താവുമായി ഒരു പ്രവാചകനെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാണാവശം. ജനങ്ങള്‍ക്ക്‌ ഒരു പ്ലാന്‍ നല്‍കി, തദനുസൃതമായ കെട്ടിടം അവര്‍തന്നെ നിര്‍മിച്ചുകൊള്ളണമെന്നായിരുന്നു ദൈവഹിതമെങ്കില്‍ തീര്‍ച്ചയായും നിര്‍മാണത്തിന്റെ എല്ലാ വിശദാംശങ്ങളും അവര്‍ക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, നിര്‍മാണസംബന്ധമായ നിര്‍ദേശങ്ങള്‍ക്കൊപ്പം ഔദ്യോഗികമായിത്തന്നെ ഒരു എഞ്ചിനീയറെക്കൂടി നിശ്ചയിച്ചുതരുകയും നിര്‍ദിഷ്ടപദ്ധതിയനുസരിച്ച്‌ അദ്ദേഹം കെട്ടിടനിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിച്ചുതരുകയും ചെയ്തിട്ടുണ്ടെന്നിരിക്കട്ടെ; എഞ്ചിനീയറെയും അദ്ദേഹത്താല്‍ നിര്‍മിതമായ കെട്ടിടത്തെയും അവഗണിച്ചുകൊണ്ട്‌, രൂപരേഖയില്‍തന്നെ ശാഖാപരമായ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതും അതവിടെയില്ലെന്നുകണ്ട്‌ ആ രൂപരേഖയുടെ അപൂര്‍ണതയെ പഴിക്കുന്നതും തെറ്റാണ്‌. ഖുര്‍ആന്‍ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലികതത്ത്വങ്ങളുടെ ഗ്രന്ഥമാണ്‌. ഇസ്ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാര്‍മികവുമായ അടിത്തറകളെ പൂര്‍ണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമര്‍ഥനംകൊണ്ടും വൈകാരികമായ സമീപനംകൊണ്ടും അവയെ മേല്‍ക്കുമേല്‍ ഭദ്രമാക്കുകയുമാണ്‌ അതിന്റെ സാക്ഷാല്‍ കൃത്യം. അതിനപ്പുറം, ഇസ്ലാമിക ജീവിതത്തിന്റെ പ്രായോഗികരൂപത്തെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം ഓരോ ജീവിതത്തെയുംപറ്റി സവിസ്തരം നിയമ-ചട്ടങ്ങള്‍ പഠിപ്പിച്ചുകൊണ്ടല്ല; പ്രത്യുത, ജീവിതത്തിന്റെ ഓരോ മേഖലയുടെയും നാലതിരുകള്‍ നിര്‍ണയിക്കുകയും ചില പ്രത്യേകസ്ഥാനങ്ങളില്‍ പ്രകടമാംവണ്ണം നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട്‌ ആ ജീവിതമേഖലകള്‍ ദൈവഹിതാനുസാരം എങ്ങനെ സംവിധാനിക്കപ്പെടണമെന്നു നിര്‍ദേശിച്ചുതരുകയാണതു ചെയ്യുന്നത്‌. ഈ നിര്‍ദ്ദേശാനുസൃതമായി ഇസ്ലാമികജീവിതത്തിന്‌ പ്രാവര്‍ത്തികരൂപം നല്‍കുക പ്രവാചകന്റെ കര്‍ത്തവ്യമായിരുന്നു. അതായത്‌, ഖുര്‍ആന്‍ അവതരിപ്പിച്ച മൗലികതത്ത്വങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട്‌ വൈയക്തിക സ്വഭാവ-ചര്യകളുടെയും സാമൂഹിക-രാഷ്ട്രീയ സംവിധാനത്തിന്റെയും സമൂര്‍ത്തമാതൃകകള്‍ സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്റെ ദൗത്യം. അതിനുവേണ്ടിയായിരുന്നു, അവിടന്ന്‌ നിയോഗിതനായതുതന്നെ.
വ്യാഖ്യാനഭേദങ്ങള്‍
ഖുര്‍ആനെ സംബന്ധിച്ച്‌ പൊതുവേ ജനമനസ്സില്‍ തറച്ചുനില്‍ക്കുന്ന മറ്റൊരു ചോദ്യമിതാണ്‌: ദൈവികഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുര്‍ആന്‍ അതികഠിനായി ഭര്‍ത്സിക്കുന്നുണ്ട്‌; അതേസമയം, ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായ അഭിപ്രായഭിന്നതകള്‍ കാണപ്പെടുകയും ചെയ്യുന്നു. പില്‍ക്കാല പണ്ഡിതന്മാ‍ര്‍ക്കിടയില്‍ മാത്രമല്ല, പൂര്‍വികരായ 'ഇമാമു'കള്‍ക്കും 'താബിഇ'കള്‍ക്കും ഇടയില്‍തന്നെ, നബിയുടെ സഖാക്കള്‍ക്കിടയില്‍പോലും! ഇതെത്രത്തോളമെന്നാല്‍, നിയമപ്രധാനമായ ഒരു സൂക്തത്തിനെങ്കിലും സര്‍വാംഗീകൃതമായ ഒരു വ്യാഖ്യാനമുള്ളതായി കാണുന്നില്ല. അപ്പോള്‍ മതഭിന്നതയെ സംബന്ധിച്ച ഖുര്‍ആനികാധിക്ഷേപം ഇവര്‍ക്കെല്ലാം ബാധകമാണോ? അല്ലെങ്കില്‍ ഖുര്‍ആന്‍ വിരോധിച്ച കക്ഷിത്വവും ഭിന്നതയും എവ്വിധമുള്ളതാണ്‌!
ഇതൊരു വിപുലമായ പ്രശ്നമാണ്‌. സവിസ്തര ചര്‍ച്ചക്ക്‌ സന്ദര്‍ഭമില്ലാത്തതുകൊണ്ട്‌ ഒരു സാമാന്യവായനക്കാരന്റെ സംശയനിവൃത്തിക്കാവശ്യമായ ചില കാര്യങ്ങള്‍ മാത്രമേ ഞാനിവിടെ സൂചിപ്പിക്കുന്നുള്ളൂ. ദീനില്‍ യോജിച്ചവരും ഇസ്ലാമിക സംഘടനയില്‍ ഒന്നിച്ചവരുമായിരിക്കെ, കേവലം നിയമവിധികളുടെ വ്യാഖ്യാനങ്ങളില്‍ സത്യസന്ധമായ ഗവേഷണഫലമായുണ്ടാകാവുന്ന ആരോഗ്യകരമായ അഭിപ്രായഭിന്നതകള്‍ക്ക്‌ ഖുര്‍ആന്‍ ഒരിക്കലും എതിരല്ല. മറിച്ച്‌ വക്രവീക്ഷണത്തില്‍നിന്നുയിര്‍കൊണ്ടതും കക്ഷിമാത്സര്യത്തിലേക്ക്‌ നയിക്കുന്നതുമായ സ്വേഛാ പ്രേരിതമായ ഭിന്നിപ്പിനെയാണത്‌ ഭര്‍ത്സിക്കുന്നത്‌. ഈ രണ്ടുതരം ഭിന്നതകള്‍ അതതിന്റെ സ്വഭാവത്തില്‍ വ്യത്യസ്തമായതുപോലെ, അനന്തരഫലങ്ങളെ വിലയിരുത്തുമ്പോഴും അവതമ്മില്‍ തീരെ സാമ്യതയില്ല. അതുകൊണ്ടുതന്നെ അവയെ ഒരേ മാനദണ്ഡംകൊണ്ടളക്കാനും പാടുള്ളതല്ല. ആദ്യം പറഞ്ഞ ഭിന്നത ഉദ്ഗമനത്തിന്റെ അന്തസ്സത്തയും ചലനബദ്ധമായ ജീവിതത്തിന്റെ ചൈതന്യവുമാണ്‌. പ്രത്യുല്‍പന്നമതികളും പ്രതിഭാശാലികളുമടങ്ങിയ ഏതു സമൂഹത്തിലും അതുണ്ടായിരിക്കും. ബുദ്ധിയുള്ള മനുഷ്യരുടെയല്ലാത്ത കേവലം പൊങ്ങുതടികളുടേതായ സമൂഹം മാത്രമേ അതില്‍നിന്നൊഴിവാകൂ. പക്ഷേ, അങ്ങനെയല്ല, രണ്ടാമതു പറഞ്ഞ ഭിന്നത. അതേതൊരു ജനവിഭാഗത്തില്‍ തലപൊക്കിയിട്ടുണ്ടെങ്കിലും അവരെ ശിഥിലമാക്കിക്കളഞ്ഞിട്ടുണ്ട്‌. അത്തരം ഭിന്നതകള്‍ ആരോഗ്യത്തിന്റെ ലക്ഷണമല്ല; രോഗലക്ഷണമാണ്‌. അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു സമുദായത്തിനും ഗുണപ്രദമായിരിക്കുകയുമില്ല. ഈ ദ്വിവിധമായ ഭിന്നതകളുടെ അന്തരം വ്യക്തമായി മനസ്സിലാക്കപ്പെടേണ്ടതാണ്‌.
ഭിന്നത രണ്ടുവിധം
ഈ വിഷയകമായി സംഭാവ്യമായ രണ്ടു രൂപങ്ങളില്‍ ഒന്ന്‌ ഇതാണ്‌: ദൈവത്തിനും ദൈവദൂതന്നുമുള്ള അനുസരണത്തില്‍ സമുദായാംഗങ്ങളെല്ലാം ഏകാഭിപ്രായക്കാരായിരിക്കുന്നു; നിയമങ്ങള്‍ക്ക്‌ അടിസ്ഥാനങ്ങളായി ഖുര്‍ആനും സുന്നത്തും സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനന്തരം, ഏതെങ്കിലുമൊരു ശാഖാപ്രശ്നത്തിന്റെ പഠനനിരീക്ഷണത്തില്‍ രണ്ടു പണ്ഡിതന്മാ‍ര്‍-അഥവാ, ഒരു കേസിന്റെ വിധിയില്‍ രണ്ടു ന്യായാധിപന്മാ‍ര്‍-പരസ്പരം വിയോജിക്കുന്നു; പക്ഷേ, ഇവരിലൊരാളുംതന്നെ ആ പ്രശ്നത്തെയും തല്‍സംബന്ധമായ തന്റെ അഭിപ്രായത്തെയും ദീനിന്റെ അടിസ്ഥാനമായി വ്യാഖ്യാനിക്കുകയോ തന്നോട്‌ വിയോജിക്കുന്നവര്‍ ദീനില്‍നിന്ന്‌ പുറത്താണെന്ന്‌ ധരിക്കുകയോ ചെയ്യുന്നില്ല. രണ്ടുപേരും അവനവന്റെ തെളിവുകള്‍ സമര്‍പ്പിച്ചുകൊണ്ട്‌ തങ്ങളെ സംബന്ധിച്ചേടത്തോളം ഗവേഷണബാധ്യത നിറവേറ്റുന്നു എന്നുമാത്രം. രണ്ടില്‍ ഏതഭിപ്രായം സ്വീകരിക്കണം. അഥവാ രണ്ടും സ്വീകാര്യമാണോ എന്ന പ്രശ്നം പൊതുജനഹിതത്തിന്‌- കോടതിക്കാര്യമാണെങ്കില്‍ നാട്ടിലെ അന്തിമനീതിപീഠത്തിനും സാമൂഹികപ്രശ്നമാണെങ്കില്‍ സംഘടനക്കും-വിട്ടുകൊടുക്കുകയും ചെയ്യുന്നു.
ദീനിന്റെ അടിസ്ഥാനങ്ങളില്‍തന്നെ അഭിപ്രായഭിന്നത പ്രകടമാക്കുകയത്രേ രണ്ടാമത്തെ രൂപം. അല്ലെങ്കില്‍, അല്ലാഹുവും റസൂലും ദീനിന്റെ അടിസ്ഥാനമായി അംഗീകരിച്ചിട്ടില്ലാത്ത ഒരു പ്രശ്നത്തില്‍ ഏതെങ്കിലും 'ആലി'മോ 'സൂഫി'യോ 'മുഫ്തി'യോ 'മുതവല്ലി'യോ 'ലീഡറോ' ഒരഭിപ്രായം സ്വീകരിക്കുകയും അതിനെ അനാവശ്യമായി വലിച്ചുനീട്ടി ദീനിന്റെ മൗലികപ്രശ്നമാക്കുകയും ചെയ്യുക; അതിലദ്ദേഹത്തോട്‌ വിയോജിക്കുന്നവരെ മതഭ്രഷ്ടരും സമുദായഭ്രഷ്ടരുമായി മുദ്രകുത്തുകയും തന്നോട്‌ കൂറുള്ളവരുടെ ഒരു സംഘം രൂപവല്‍ക്കരിച്ച്‌, ഇവരാണ്‌ സാക്ഷാല്‍ മുസ്ലിം സമുദായമെന്നും മറ്റുള്ളവരെല്ലാം നരകപാപികളാണെന്നും വാദിക്കുകയും, മുസ്ലിമാണെങ്കില്‍ ഈ സംഘത്തില്‍ വന്നുകൊള്ളണമെന്നും അല്ലാത്തവരൊന്നും മുസ്ലിമല്ലെന്നും ഘോഷിക്കുകയും ചെയ്യുക!
എവിടെയൊക്കെ ഖുര്‍ആന്‍ ഭിന്നതയെയും കക്ഷിമാത്സര്യത്തെയും എതിര്‍ത്തിട്ടുണ്ടോ അവിടെയൊക്കെ ഈ രണ്ടാമത്തെ ഭിന്നതയാണുദ്ദേശിച്ചിട്ടുള്ളത്‌. ആദ്യം പറഞ്ഞതരം ഭിന്നതകളാകട്ടെ- നബിതിരുമേനിയുടെ സന്നിധിയില്‍തന്നെ അതിന്റെ ഒട്ടേറെ അതിന്റെ ഉദാഹരണങ്ങള്‍ വന്നിരുന്നതാണ്‌- തിരുമേനി അതിനെ അനുവദിക്കുകയുണ്ടായെന്നു മാത്രമല്ല അനുമോദിക്കുകകൂടിചെയ്തു. കാരണം, സമുദായത്തില്‍ ചിന്താശക്തിയും ഗവേഷണതൃഷ്ണയും പഠനപാടവവും ഉണ്ടെന്നാണത്‌ കുറിക്കുന്നത്‌. സമുദായത്തിലെ ബുദ്ധിജീവികള്‍ക്ക്‌ തങ്ങളുടെ ദീനിലും ദീനിന്റെ നിയമങ്ങളിലും താല്‍പര്യമുണ്ടെന്ന്‌ അത്‌ തെളിയിക്കുന്നു. ജീവിതപ്രശ്നങ്ങളുടെ പരിഹാരം ദീനിന്നകത്തുതന്നെ കണ്ടെത്താന്‍ അവരുടെ ബുദ്ധിശക്തി ശ്രമിക്കുന്നതിന്റെ ലക്ഷണമാണത്‌. അങ്ങനെ, അടിസ്ഥാനങ്ങളില്‍ യോജിക്കുകവഴി സമുദായത്തിന്റെ ഏകീഭാവം നിലനിര്‍ത്തുകയും അതേസമയം ന്യായമായ പരിധിക്കുള്ളില്‍ പണ്ഡിതന്മാ‍ര്‍ക്കും ചിന്തകന്‍മാര്‍ക്കും ഗവേഷണസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട്‌ പുരോഗതിക്കുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്ന വിലപ്പെട്ട തത്ത്വം സമുദായം പൊതുവെ അംഗീകരിക്കുന്നു. ഇതത്രേ ശരിയായ മാര്‍ഗം!
هذا ما عندي والعلم عند الله, عليه توكلت واليه أنيب
അവലംബം: www.thafheem.net