12 യൂസുഫ്

ആമുഖം
നാമം
ഈ അധ്യായത്തിന്റെ ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാകുന്നത് തിരുമേനിയുടെ മക്കാജീവിതത്തിന്റെ അവസാനകാലത്താണ് ഇത് അവതരിച്ചതെന്നാണ്. ഖുറൈശികള്‍ തിരുമേനിയെ വധിക്കുകയോ നാടുകടത്തുകയോ ബന്ധനസ്ഥനാക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്ന അവസരമായിരുന്നു അത്. അന്ന് മക്കയിലെ ചില നിഷേധികള്‍ (മിക്കവാറും ജൂതന്മാരുടെ പ്രേരണയാല്‍) തിരുമേനിയെ പരീക്ഷിക്കുന്നതിനുവേണ്ടി, ബനൂഇസ്റാഈല്‍ ഈജിപ്തിലേക്കു, പോകുവാന്‍ കാരണമെന്താണെന്നു തിരുമേനിയോട് ചോദിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ അറബികള്‍ക്ക് ഈ കഥ തികച്ചും അജ്ഞാതമായിരുന്നു. അവര്‍ക്കിടയില്‍ പ്രചാരമുള്ള കഥകളിലൊന്നും അതിന്റെ യാതൊരു സൂചനയും കാണപ്പെട്ടിരുന്നില്ല. ഇതിനുമുമ്പ് തിരുമേനിയുടെ നാവില്‍ നിന്നും അവര്‍ അതേപ്പറ്റി ഒന്നുംതന്നെ കേട്ടിട്ടുമുണ്ടായിരുന്നില്ല. അതിനാല്‍ ഒന്നുകില്‍ തിരുമേനിക്ക് ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ലെന്നോ അല്ലെങ്കില്‍, അതേപ്പറ്റി അവിടുന്ന് സൂത്രത്തില്‍ വല്ലവരോടും ചോദിച്ചറിയാന്‍ ശ്രമിക്കുമെന്നോ ആയിരുന്നു അവര്‍ കരുതിയത്. പക്ഷേ, ഈ പരീക്ഷണത്തില്‍ അവര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഈ ചോദ്യത്തിനുത്തരമായി ഉടനെ യൂസുഫ് നബി(അ)യുടെ കഥ പൂര്‍ണമായി അവരുടെ മുമ്പില്‍, തിരുമേനിയുടെ നാവിലൂടെ, അല്ലാഹു അവതരിപ്പിച്ചു. മാത്രമല്ല, അല്‍പം കൂടി മുമ്പോട്ടു കടന്ന്, യൂസുഫിന്റെ സഹോദരന്മാരെ പ്പോലെ തിരുമേനിയോട് വര്‍ത്തിച്ചിരുന്ന അവരുടെ ദുഷ്പ്രവൃത്തികളെ അനാവരണം ചെയ്യുക കൂടി ചെയ്തു. 
അവതരണോദ്ദേശ്യം
ഇങ്ങനെ സുപ്രധാനമായ രണ്ടുദ്ദേശ്യങ്ങളോടെയാണ് ഈ കഥ അവതീര്‍ണമായത്. ഒന്ന്, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ സ്ഥിരീകരണം; അതും അവരുടെ ആവശ്യാനുസാരം. തിരുമേനി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പറയുകയല്ല, മറിച്ച് യഥാര്‍ഥ ദിവ്യബോധനമാണതെന്ന് അവരുടെ `പരീക്ഷണ`ത്തിലൂടെ തന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കയാണ്. ഇക്കാര്യം അധ്യായാരംഭത്തില്‍ 3, 7 സൂക്തങ്ങളില്‍ വ്യക്തമായി വിവരിച്ചിരിക്കുന്നു. സൂറയുടെ അവസാനത്തിലും, 102-103 സൂക്തങ്ങളിലായി, ഇതേ കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. രണ്ടാമത്തേത് ഇതാണ്: ആ സമയത്ത് ഖുറൈശി നേതൃത്വവും നബി (സ)യും തമ്മിലുണ്ടായിരുന്ന പ്രശ്നം, യൂസുഫ് നബിയും സഹോദരന്മാരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തോടു താരതമ്യം ചെയ്യുക. അതോടൊപ്പം അവരെ ഓര്‍മിപ്പിക്കുന്നു: യൂസുഫി (അ) ന്റെ സഹോദരന്മാര്‍ അദ്ദേഹത്തോടനുവര്‍ത്തിച്ച അതേ നയം തന്നെയാണ് ഖുറൈശികള്‍ അവരുടെ സഹോദരനോടും അനുവര്‍ത്തിക്കുന്നത്. പക്ഷേ, ഏതുവിധത്തില്‍ അവര്‍ ദൈവേഛയാല്‍ തങ്ങളുടെ സമരത്തില്‍ പരാജിതരായോ, നിഷ്കരുണം പൊട്ടക്കിണറ്റില്‍ എറിഞ്ഞ അതേ സഹോദരന്റെ കാല്‍ക്കല്‍ വരുവാന്‍ നിര്‍ബന്ധിതരായോ അതേ വിധത്തില്‍ നിങ്ങളുടെ ശക്തിയും പ്രതാപവുമെല്ലാം അല്ലാഹുവിന്റെ ആസൂത്രണത്തിനു മുമ്പില്‍ പരാജയപ്പെടുക തന്നെ ചെയ്യും. ഇന്നു നിങ്ങള്‍ നാമാവശേഷമാക്കാന്‍ ഇറങ്ങിത്തിരിച്ച ഇതേ സഹോദരന്റെ മുമ്പില്‍ ഒരു ദിവസം നിങ്ങള്‍ ദയാവായ്പിനുവേണ്ടി യാചിക്കേണ്ടിവരും. ഈ ഉദ്ദേശ്യവും അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യൂസുഫിന്റെയും സഹോദരന്മാരുടെയും കഥയില്‍ ഈ ചോദ്യകര്‍ത്താക്കള്‍ക്ക് മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്. യഥാര്‍ഥത്തില്‍ യൂസുഫ് നബി(അ)യുടെ കഥ മുഹമ്മദ് നബി(സ)യുടെയും ഖുറൈശികളുടെയും ഇടയിലുള്ള അവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ട് ഖുര്‍ആന്‍ ഒരു പ്രവചനം നടത്തുകയായിരുന്നു. ശേഷമുള്ള പത്തുവര്‍ഷങ്ങളില്‍ പ്രസ്തുത വചനം പ്രത്യക്ഷരം പുലരുകയും ചെയ്തു. ഈ അധ്യായം അവതരിച്ചതിനു ശേഷം രണ്ടരവര്‍ഷം തികയുന്നതിനു മുമ്പുതന്നെ ഖുറൈശികള്‍, യൂസുഫിന്റെ സഹോദരന്മാരെപ്പോലെ, മുഹമ്മദ് നബിയെ വധിക്കുവാന്‍ ശ്രമിക്കുകയും തിരുമേനിക്ക് ജീവരക്ഷാര്‍ഥം മക്കയില്‍നിന്ന് പലായനം ചെയ്യേണ്ടിവരികയും ചെയ്തു. പിന്നീട് അവരുടെ പ്രതീക്ഷക്ക് തികച്ചും വിരുദ്ധമായിക്കൊണ്ട്, യൂസുഫ് നബി (അ) ക്കുണ്ടായ പോലെത്തന്നെ, തിരുമേനിക്കും പരദേശത്ത് പ്രശസ്തിയും പ്രതാപവുമുണ്ടാവുകയാണ് ചെയ്തത്. അതിനുശേഷം യൂസുഫ് നബി(അ)യുടെ സിംഹാസനത്തിനു മുമ്പില്‍ അവസാനമായി അദ്ദേഹത്തിന്റെ സഹോദരന്മാര്‍ വന്നുനിന്ന ദൃശ്യം, മക്കാവിജയത്തിന്റെ സന്ദര്‍ഭത്തില്‍ ആവര്‍ത്തിക്കുകയുണ്ടായി. അവിടെ യൂസുഫ് നബി(അ)യുടെ സഹോദരങ്ങള്‍ അങ്ങേയറ്റം ദുര്‍ബലരായി; അവശരായി കൈമലര്‍ത്തിക്കൊണ്ട് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു: അങ്ങ് ഞങ്ങള്‍ക്ക് ദാനം ചെയ്യുക. നിശ്ചയമായും ദാനം ചെയ്യുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും. ഈ സന്ദര്‍ഭത്തില്‍ അവരോട് പ്രതികാരം ചെയ്യുവാന്‍ യൂസുഫ് നബിക്ക് കഴിവുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അവര്‍ക്ക് മാപ്പുനല്‍കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങള്‍ക്കെതിരില്‍ ഒരു പ്രതികാരനടപടിയുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ ഏറ്റവും വലിയ കരുണാവാരിധിയാകുന്നു. ഇതുപോലെത്തന്നെയായിരുന്നു പൊട്ടിത്തകര്‍ന്ന് ഛിന്നഭിന്നമായ ഖുറൈശിദുര്‍ഗങ്ങള്‍ മക്കാവിജയത്തില്‍ തിരുമേനിയുടെ മുമ്പില്‍ വന്നുനിന്നത്. അവരുടെ ഓരോ അക്രമത്തിനും പകരംവീട്ടാന്‍ സാധിക്കുമായിരുന്ന തിരുമേനി ആ സന്ദര്‍ഭത്തില്‍ അവരോട് ചോദിച്ചു: ഞാന്‍ നിങ്ങളോട് എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?`` അവര്‍ പറഞ്ഞു: താങ്കള്‍ ഉദാരനായ സഹോദരനാണ്; ഉദാരനായ സഹോദരന്റെ പുത്രനുമാണ്). തിരുമേനി പറഞ്ഞു: യൂസുഫ് തന്റെ സഹോദരന്മാരോടു പറഞ്ഞ മറുപടിയാണ് ഞാന്‍ നിങ്ങളോടു പറയുന്നത്. ഇന്നു നിങ്ങള്‍ക്കെതിരില്‍ ഒരു പ്രതികാരനടപടിയുമില്ല. നിങ്ങള്‍ പൊയ്ക്കൊള്‍ക; നിങ്ങളെല്ലാം സ്വതന്ത്രരാണ്.
ചര്‍ച്ചകളും വിഷയങ്ങളും മുകളില്‍ പറഞ്ഞ രണ്ടു വശങ്ങളും ഈ അധ്യായത്തിന്റെ അവതരണോദ്ദേശ്യമാണ്. പക്ഷേ, ഈ കഥയും ഖുര്‍ആന്‍ കേവലം കഥപറയുകയോ ചരിത്രം വിവരിക്കുകയോ ചെയ്യുവാന്‍ വേണ്ടിയല്ല പറഞ്ഞിരിക്കുന്നത്. മറിച്ച്, പ്രബോധനം എന്ന മൌലികമായ ആവശ്യം നിര്‍വഹിക്കുന്നതിന്നാണ് ഇതും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇബ്റാഹീം(അ), ഇസ്ഹാഖ് (അ), യഅ്ഖൂബ് (അ), യൂസുഫ് (അ) എന്നീ പ്രവാചകന്മരാരുടെയെല്ലാം മതം മുഹമ്മദ് നബി(സ)യുടെ മതം തന്നെയായിരുന്നുവെന്നും ഇന്ന് മുഹമ്മദ് നബി പ്രബോധനം ചെയ്യുന്ന അതേ കാര്യത്തിലേക്കു തന്നെയാണ് അവരെല്ലാം പ്രബോധനം ചെയ്തിരുന്നതെന്നും ഈ കഥയിലുടനീളം സൂചിപ്പിക്കുന്നുണ്ട്. പിന്നീട് ഒരു ഭാഗത്ത് ഹദ്റത്ത് യഅ്ഖൂബിന്റെയും ഹദ്റത്ത് യൂസുഫിന്റെയും പ്രവര്‍ത്തനങ്ങളും മറുഭാഗത്ത് യുസുഫിന്റെ സഹോദരന്മാര്‍, കച്ചവടസംഘം, ഈജിപ്തിലെ രാജാവ്, അദ്ദേഹത്തിന്റെ ഭാര്യ, ഈജിപ്തിലെ, സ്ത്രീകള്‍, ഭരണാധികാരികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും നിരത്തിവെച്ചിരിക്കുന്നു. ഇതു കേള്‍ക്കുകയും കാണുകയും ചെയ്യുന്നവരുടെ മുമ്പില്‍ ആ വിവരണ ശൈലി നിശ്ശബ്ദമായി ഒരു ചോദ്യം ഉന്നയിക്കുകയാണ്: നോക്കൂ, ഒരു ചിത്രമിതാ; ഇസ്ലാം, അതായത്, അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കുകയും പരലോക വിചാരണയില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തന ചിത്രം. മറ്റൊന്ന് കുഫ്റിന്റെയും ജാഹിലിയ്യത്തിന്റെയും ഭൌതികപൂജയുടെയും ദൈവധിക്കാരത്തിന്റെയും പരലോകനിഷേധത്തിന്റെയും ചിത്രമാണ്. ഇനി നിങ്ങള്‍ സ്വയം മനസ്സാക്ഷിയോടു ചോദിച്ചുനോക്കുക; ഇതില്‍ ഏതു ചിത്രമാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന്. ഈ കഥയിലൂടെ അഗാധമായ മറ്റൊരു യാഥാര്‍ഥ്യം കൂടി വിശുദ്ധഖുര്‍ആന്‍ മനുഷ്യനെ ഗ്രഹിപ്പിക്കുന്നുണ്ട്. അല്ലാഹു എന്തൊരു കാര്യം ചെയ്യാന്‍ ഇഛിക്കുന്നുവോ അതവന്‍ പൂര്‍ത്തിയായി നിര്‍വഹിക്കുക തന്നെ ചെയ്യും. മനുഷ്യനു തന്റെ കുതന്ത്രങ്ങളിലൂടെ അതിനെ ലക്ഷ്യസാക്ഷാല്‍ക്കാരത്തില്‍നിന്ന് തടയുവാനോ തെറ്റിക്കുവാനോ സാധ്യമല്ല. എന്നല്ല, മനുഷ്യന്‍ പലപ്പോഴും ഒരു ലക്ഷ്യംവെച്ച് ഒരു കാര്യം പ്രവര്‍ത്തിക്കുന്നു. കൃത്യമായും ലക്ഷ്യസ്ഥാനത്തേക്കു തന്നെയാണ് താന്‍ പോകുന്നതെന്നാണ് അവന്‍ ധരിക്കുന്നത്. പക്ഷേ, അവസാനം അവന്റെ ലക്ഷ്യത്തിനു വിപരീതമായി, അല്ലാഹുവിന്റെ നിശ്ചയത്തിന്നനുസാരമായി അല്ലാഹു അവനെക്കൊണ്ടുതന്നെ പ്രവര്‍ത്തിപ്പിച്ചതായിട്ടാണ് അവന്‍ കാണുക. യൂസുഫ് നബിയുടെ സഹോദരങ്ങള്‍ അദ്ദേഹത്തെ പൊട്ടക്കിണറ്റില്‍ എറിഞ്ഞപ്പോള്‍ തങ്ങളുടെ മാര്‍ഗത്തിലുള്ള ഒരു മുള്ള് എന്നെന്നേക്കുമായി നശിപ്പിച്ചുവെന്നായിരുന്നു അവര്‍ ധരിച്ചിരുന്നത്. പക്ഷേ, അതുവഴി യഥാര്‍ഥത്തില്‍ അവര്‍ ചെയ്തിരുന്നത് യൂസുഫ് നബി ഏതൊരു ഉന്നത പദവിയിലെത്തണമെന്ന് അല്ലാഹു ഇഛിച്ചുവോ ആ പദവിയുടെ ആദ്യത്തെ പടവില്‍ സ്വന്തം കരങ്ങള്‍കൊണ്ട് അദ്ദേഹത്തെ കൊണ്ടുപോയി വെക്കുകയായിരുന്നു. തങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അവര്‍ വല്ലതും നേടിയെങ്കില്‍ അത്, യൂസുഫ് നബി ആ ഉന്നതപദവിയിലെത്തിയ ശേഷം അഭിമാനപൂര്‍വം സ്വസഹോദരനെ സന്ദര്‍ശിക്കാമായിരുന്നതിനു പകരം, അദ്ദേഹത്തിന്റെ മുമ്പില്‍ അത്യന്തം ഖേദത്തോടും ലജ്ജയോടും കൂടി നമ്രശിരസ്കരായി കടന്നുചെല്ലേണ്ടി വരിക എന്നതു മാത്രമാണ്. ഈജിപ്തിലെ പ്രഭ്വി യൂസുഫ് നബിയെ ബന്ധനസ്ഥനാക്കിക്കൊണ്ട്, തന്റെ വീക്ഷണത്തില്‍, അദ്ദേഹത്തോട് പ്രതികാരം ചെയ്തിരിക്കയാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അവര്‍ യൂസുഫിന് രാഷ്ട്രത്തിന്റെ സിംഹാസനത്തിലേക്കുള്ള മാര്‍ഗം തെളിയിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. ഈ കുതന്ത്രം മൂലം സ്വന്തം നിലയില്‍ അവര്‍ നേടിയതോ? അവസരം വരുമ്പോള്‍, അവര്‍ക്കു തന്റെ വളര്‍ത്തു പുത്രനാണ് രാജാവെന്നു പറയാന്‍ കഴിയുന്നതിനു പകരം സ്വന്തം വഞ്ചന പരസ്യമായി സമ്മതിച്ച് ലജ്ജിതയാകേണ്ടിവന്നുവെന്നതു മാത്രം. ഇത് രണ്ടുമൂന്നു ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഈ യാഥാര്‍ഥ്യത്തെ സാക്ഷീകരിക്കുന്ന നിരവധി ഉദാഹരണങ്ങളാല്‍ നിബിഡമാണ് ചരിത്രം. അല്ലാഹു ആരെയെങ്കിലും ഉയര്‍ത്താന്‍ വിചാരിച്ചാല്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും അയാളെ താഴ്ത്താന്‍ സാധ്യമല്ല. എന്നല്ല, താഴ്ത്തുന്നതിനുവേണ്ടി അങ്ങേയറ്റം സൂക്ഷ്മതയോടും ശ്രദ്ധയേടും കൂടിയാണെന്നു കരുതി അവര്‍ നടപ്പില്‍വരുത്തുന്ന അതേ തന്ത്രങ്ങളില്‍ തന്നെ അല്ലാഹു അയാളെ ഉയര്‍ത്താനുള്ള മാര്‍ഗവും ഒരുക്കിയിരിക്കും. അയാളെ താഴ്ത്തിക്കളയാന്‍ ശ്രമിക്കുന്നവര്‍ അവസാനം നിന്ദ്യത മാത്രമേ നേടുകയുള്ളൂ. അതേപോലെ ഇതിനു വിപരീതമായി അല്ലാഹു ഒരാളെ താഴ്ത്തിക്കളയണമെന്നുദ്ദേശിച്ചാല്‍ ഒരു തന്ത്രവും അതില്‍നിന്നയാളെ രക്ഷിക്കുകയില്ല. മാത്രമല്ല, അത്തരം തന്ത്രങ്ങള്‍ വിപരീതഫലങ്ങളുണ്ടാക്കുകയും അവസാനം തന്ത്രം പ്രയോഗിച്ചവന്‍ നിരാശപ്പെടേണ്ടി വരികയും ചെയ്യും. ഈ യാഥാര്‍ഥ്യം പരിഗണിക്കുന്നവര്‍ക്ക് പ്രഥമമായി അതില്‍നിന്നു ഗ്രഹിക്കുവാനുള്ള പാഠമിതാണ്: മനുഷ്യന്‍ തന്റെ ലക്ഷ്യത്തിലും ആസൂത്രണത്തിലുമെല്ലാം ദൈവിക നിയമത്തിന്റെ പരിധികള്‍ അതിലംഘിക്കാന്‍ ആഗ്രഹിക്കരുത്. വിജയവും പരാജയവും അല്ലാഹുവിന്റെ കൈയിലാണ്. പക്ഷേ, പരിശുദ്ധമായ ഒരു ലക്ഷ്യത്തിനുവേണ്ടി നേര്‍ക്കുനേരെയുള്ള അനുവദനീയമായ ആസൂത്രണ മാര്‍ഗങ്ങളിലൂടെ ആര്‍ പ്രവര്‍ത്തിക്കുന്നുവോ, അവര്‍ ഒരു വേള പരാജയപ്പെട്ടാല്‍തന്നെ ഒരിക്കലും അധഃസ്ഥിതിയോ നിന്ദ്യതയോ സഹിക്കേണ്ടി വരില്ല. ഇനി ദുഷ്ട ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, അതിനു വേണ്ടി എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിച്ചാലും അവസാനം പരലോകത്തില്‍ തീര്‍ച്ചയായും നിന്ദ്യരായിത്തീരുമെന്നു മാത്രമല്ല, ദുനിയാവിലും നിന്ദ്യതയില്‍നിന്ന് രക്ഷപ്പെടുവാനുള്ള സാധ്യത വിരളമായിരിക്കും. അല്ലാഹുവില്‍ അര്‍പ്പിക്കുകയും അവനെ ഭരമേല്‍പിക്കുകയും ചെയ്യണമെന്നതാണ് ഇതില്‍നിന്നു ലഭിക്കുന്ന മറ്റൊരു പാഠം. ഒരുവിഭാഗം ആളുകള്‍ സത്യത്തിനുവേണ്ടി ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിക്കുകയും ലോകം മുഴുവന്‍ അവരെ നിര്‍മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ഈ യാഥാര്‍ഥ്യം അവരുടെ മുമ്പിലുണ്ടെങ്കില്‍, അസാധാരണമായ മനസ്സമാധാനം അനുഭവപ്പെടാതിരിക്കില്ല. എതിര്‍കക്ഷിയുടെ ഭീഷണമായ ശ്രമങ്ങള്‍ കണ്ടിട്ട് അവര്‍ ഒട്ടും പതറുകയോ ഭയപ്പെടുകയോ ഇല്ല. മറിച്ച്, അനന്തരഫലം അല്ലാഹുവിന് വിട്ടുകൊടുത്ത് തങ്ങളുടെ ധാര്‍മികചുമതല യഥാവിധി നിര്‍വഹിക്കുകയായിരിക്കും അവര്‍ ചെയ്യുക. എന്നാല്‍, ഈ കഥയില്‍നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്: ഒരു സത്യവിശ്വാസി യഥാര്‍ഥത്തില്‍ തന്നെ ഇസ്ലാമിന്റെ ചര്യ സ്വീകരിക്കുകയും അതോടൊപ്പം തികഞ്ഞ വിജ്ഞാനംകൊണ്ട് അനുഗൃഹീതനാവുകയുമാണെങ്കില്‍ തന്റെ സ്വഭാവമഹിമയുടെ ശക്തികൊണ്ട് അദ്ദേഹത്തിന് ഒരു രാഷ്ട്രം മുഴുവന്‍ വിജയിക്കുവാന്‍ സാധിക്കും. യൂസുഫ് നബിയെ നോക്കൂ; പ്രായം പതിനേഴു വയസ്സ്, തികച്ചും ഏകന്‍, ഒരു സാധന സാമഗ്രിയുമില്ല. തികച്ചും അന്യമായ ഒരു ദേശവും. ദൌര്‍ബല്യത്തിന്റെ അങ്ങേയറ്റമെന്നോണം അടിമയാക്കി വില്‍ക്കപ്പെടുന്നു. അക്കാലത്ത് അടിമകള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം ആര്‍ക്കും അജ്ഞാതമല്ല. ഇതിനെല്ലാം പുറമെ ഗുരുതരമായ ഒരു സ്വഭാവദൂഷ്യത്തിന്റെ കുറ്റം ചുമത്തി അദ്ദേഹം തടവിലാക്കപ്പെടുകയും ചെയ്യുന്നു. ഇത്രത്തോളം ഇടിച്ചുതാഴ്ത്തിയിട്ടും പിന്നീട് അദ്ദേഹം ഈമാനിന്റെയും സ്വഭാവത്തിന്റെയും ശക്തികൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അവസാനം രാഷ്ട്രത്തെ മുഴുവന്‍ കീഴ്പ്പെടുത്തുകയുമാണ് ചെയ്യുന്നത്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥ ഈ കഥ ഗ്രഹിക്കുന്നതിനുവേണ്ടി ഇതോടനുബന്ധിച്ച ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ചില വശങ്ങള്‍ കൂടി മുമ്പിലുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഹദ്റത്ത് യൂസുഫ് (അ) യഅ്ഖൂബ് നബി(അ) യുടെ പുത്രനും ഇസ്ഹാഖ് നബി (അ) യുടെ പൌത്രനും ഇബ്റാഹീം നബി (അ)യുടെ പ്രപൌത്രനുമായിരുന്നു. ബൈബിളിന്റെ വിവരണമനുസരിച്ച് (ഖുര്‍ആനിലെ പരാമര്‍ശം അതിനു പിന്‍ബലം നല്‍കുന്നുണ്ട്) യഅ്ഖൂബ് നബിയുടെ പന്ത്രണ്ട് പുത്രന്മാര്‍, നാലുഭാര്യമാരില്‍ നിന്നുള്ളവരായിരുന്നു. ഹദ്റത്ത് യൂസുഫും അദ്ദേഹത്തിന്റെ സഹോദരനായ ബിന്‍യാമിനും ഒരു ഭാര്യയില്‍നിന്ന്; ബാക്കി പത്തുപേര്‍ ഇതര ഭാര്യമാരില്‍നിന്നും. ഫലസ്തീനില്‍ യഅ്ഖൂബ് നബി താമസിച്ചിരുന്നത് മുമ്പ് ഇസ്ഹാഖ് നബിയും ഇബ്റാഹീം നബിയും താമസിച്ചിരുന്ന `ഹിബ്രോന്‍`, (ഇന്നത്തെ അല്‍ഖലീല്‍) താഴ്വരയിലായിരുന്നു. ഇതിനുപുറമെ `ശെഖേം` N955 (ഇന്നത്തെ നാബുലസ്) ദേശത്തും യഅ്ഖൂബ് നബിക്ക് കുറച്ച് ഭൂമിയുണ്ടായിരുന്നു. ബൈബിള്‍ പണ്ഡിതന്മാരുടെ സൂക്ഷ്മ വിചിന്തനമനുസരിച്ച് യൂസുഫ് നബിയുടെ ജനനം ബി . സി. 1906-നോടടുത്ത കാലത്താണ്. സ്വപ്നം കാണുക, കിണറ്റില്‍ എറിയുക തുടങ്ങി ഈ കഥയുടെ ആരംഭത്തിലുള്ള സംഭവവികാസങ്ങള്‍ നടക്കുന്നത് ബി. സി. 1890-നോടടുത്താണ്. അന്ന് 17 വയസ്സായിരുന്നു യൂസുഫിന്റെ പ്രായം. തല്‍മൂദിന്റെയും ബൈബിളിന്റെയും വിവരണമനുസരിച്ച് യൂസുഫ് നബിയെ എറിഞ്ഞ കിണര്‍ ശെഖേമിന്റെ വടക്കു ഭാഗത്ത് `ദൂഥ`യ്ക്ക് (ഇന്നത്തെ ദൂഥാന്‍) സമീപത്താണ് സ്ഥിതിചെയ്യുന്നത്. `ഗിലെയാദി` (കിഴക്കന്‍ ജോര്‍ഡാന്‍)ല്‍നിന്ന് മിസ്രയീമിലേക്ക് പോവുകയായിരുന്ന കച്ചവടസംഘമാണ് അദ്ദേഹത്തെ കിണറ്റില്‍ നിന്നെടുത്തത്. (ഗിലെയാദിന്റെ പൌരാണികാവശിഷ്ടങ്ങള്‍ ജോര്‍ഡാന്‍ നദിക്ക് കിഴക്ക് അല്‍യാബിസ്താഴ്വരയുടെ തീരത്ത് ഇന്നും കാണപ്പെടുന്നുണ്ട്.) ചരിത്രത്തില്‍ ഇടയരാജാക്കന്മാര്‍ (ഹൈക്സോസ് Kings) എന്ന പേരില്‍ അറിയപ്പെടുന്ന വംശത്തിന്റെ ഭരണമായിരുന്നു അന്ന് ഈജിപ്തില്‍ നിലനിന്നിരുന്നത്. ബി. സി. രണ്ടായിരാമാണ്ടിനോടടുത്ത് ഫലസ്തീനില്‍നിന്നും സിറിയയില്‍ നിന്നും വന്ന് ഈജിപ്ത് കീഴടക്കിയ അറബി വംശജരായിരുന്നു ഇവര്‍. അറബി ചരിത്രകാരന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും `അമാലിഖ്`എന്ന പേരിലാണ് അവരെ വിവരിച്ചിരിക്കുന്നത്. പുതിയ ഈജിപ്ഷ്യന്‍ ചരിത്രഗവേഷണവുമായി ഇത് തികച്ചും യോജിക്കുന്നുമുണ്ട്. വിദേശികളായ ആക്രമണകാരികളുടെ നിലപാടാണ് ഈജിപ്തില്‍ അവര്‍ക്കുണ്ടായിരുന്നത്. ആഭ്യന്തരകലഹം കാരണം അവര്‍ക്ക് വളരെ വേഗത്തില്‍ ഈജിപ്തിന്റെ ഭരണം പിടിച്ചുപറ്റുവാന്‍ സാധിച്ചു. ഇതേ കാരണം തന്നെയാണ് പ്രസ്തുത ഭരണകൂടത്തില്‍ ഉന്നതസ്ഥാനം കരസ്ഥമാക്കുവാന്‍ യൂസുഫ് നബിക്ക് വഴിയൊരുക്കിക്കൊടുത്തതും. പിന്നീട് ബനൂഇസ്രായീല്‍ അവിടെ ഒന്നിനൊന്ന് അഭിവൃദ്ധിപ്പെടുകയും ഫലസമൃദ്ധമായ ഭൂവിഭാഗങ്ങളില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്തു. അവിടെ അവര്‍ക്ക് അനല്‍പമായ സ്ഥാനമാനങ്ങള്‍ ലഭിച്ചിരുന്നു. കാരണം അവരുടെ തന്നെ വര്‍ഗത്തില്‍പെട്ടവരായിരുന്നു. വിദേശികളായ രാജാക്കന്മാരും, ക്രിസ്തുവിന് മുമ്പ് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈജിപ്തില്‍ ഭരണംനടത്തിയിരുന്ന ഇടയരാജാക്കന്മാരുടെ കാലത്ത് മുഴുവന്‍ അധികാരങ്ങളും ഫലത്തില്‍ ബനൂഇസ്രായീലിന്റെ കരങ്ങളിലായിരുന്നു. "അവന്‍ നിങ്ങളില്‍നിന്ന് പ്രവാചകന്മാരെ നിയോഗിക്കുകയും നിങ്ങളെ രാജാക്കന്മാരാക്കുകയും ചെയ്ത സന്ദര്‍ഭം" എന്ന് സൂറ അല്‍മാഇദ 20-ാം 5:20സൂക്തം ഈ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അതിനുശേഷം നാട്ടില്‍ ശക്തിമത്തായ ഒരു ദേശീയപ്രസ്ഥാനം ആവിര്‍ഭവിക്കുകയും അത് ഇടയ സിംഹാസനത്തെ തകിടംമറിക്കുകയും ചെയ്തു. അതോടെ രണ്ടരലക്ഷത്തോളം വരുന്ന അമാലിഖികളെ രാജ്യഭ്രഷ്ടരാക്കുകയും ഖിബ്ത്തിപക്ഷപാതികളായ ഒരു ദേശീയഗോത്രം അധികാരത്തില്‍ വരികയും ചെയ്തു. അവര്‍ അമാലിഖികളുടെ എല്ലാ അടയാളങ്ങളും തുടച്ചുനീക്കുകയും ബനൂഇസ്രായീലിന്റെ മേല്‍ വിവിധതരത്തിലുള്ള ആക്രമണങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിടുകയും ചെയ്തു. അതേപ്പറ്റിയുള്ള പരാമര്‍ശമാണ് മൂസാനബിയുടെ കഥയില്‍ വരുന്നത്. ഈജിപ്ഷ്യന്‍ ചരിത്രത്തില്‍നിന്ന് മറ്റൊരു കാര്യം കൂടി മനസ്സിലാക്കാം: ഈ ഇടയരാജാക്കന്മാര്‍ ഈജിപ്ഷ്യന്‍ ദേവതകളെ അംഗീകരിച്ചിരുന്നില്ല. സിറിയയില്‍നിന്ന് സ്വന്തം ദേവതകളെയും അവര്‍ കൂടെ കൊണ്ടു വന്നിരുന്നു. ഈജിപ്തില്‍ മുഴുവന്‍ തങ്ങളുടെ മതം പ്രചരിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഇതാണ് യൂസുഫ് നബിയുടെ സമകാലീനരായ ഈജിപ്ഷ്യന്‍ രാജാക്കന്മാരെ `ഫിര്‍ഔന്‍` എന്ന പേരില്‍ ഖുര്‍ആന്‍ അനുസ്മരിക്കാതിരിക്കാന്‍ കാരണം. ഫിര്‍ഔന്‍ എന്നത് ഈജിപ്തിലെ മതപരമായ ഒരു സാങ്കേതിക പദമാണ്. ഈ രാജാക്കന്മാര്‍ ഈജിപ്ഷ്യന്‍ മതത്തിന്റെ അനുഗാമികളൊട്ടായിരുന്നില്ല താനും. പക്ഷേ, ബൈബിളില്‍ അവരെയും തെറ്റായി ഫിര്‍ഔന്‍മാരെന്ന് വിവരിച്ചിരിക്കുന്നു. ഒരുവേള, ബൈബിള്‍ ക്രോഡീകരിച്ചവര്‍ ഈജിപ്തിലെ എല്ലാ രാജാക്കന്മാരും ഫറോവമാരായിരുന്നുവെന്ന് തെറ്റുധരിച്ചതായിരിക്കണം. ഈജിപ്തിലെ ഇടയരാജാക്കന്മാരില്‍ അപോഫിസ് (Apohis) എന്ന രാജാവായിരുന്നു യൂസുഫിന്റെ കാലത്തുണ്ടായിരുന്നതെന്നാണ് ബൈബിളും ഈജിപ്ഷ്യന്‍ ചരിത്രവും തമ്മില്‍ താരതമ്യ പഠനം നടത്തിയ ആധുനിക ഗവേഷകന്മാര്‍ പൊതുവായി അഭിപ്രായപ്പെടുന്നത്. അന്ന് ഈജിപ്തിന്റെ തലസ്ഥാനം മന്‍ഫിസ് (മന്‍ഫ്) ആയിരുന്നു. കൈറോവില്‍നിന്ന് 14 മൈല്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്തിരുന്ന അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണപ്പെടുന്നുണ്ട്. 17-18 വയസ്സുള്ളപ്പോഴാണ് യൂസുഫ് നബി അവിടെ എത്തിയത്. രണ്ടു മൂന്നു വര്‍ഷം ഈജിപ്തിലെ പ്രഭുവിന്റെ വീട്ടില്‍ താമസിച്ചു. എട്ടൊമ്പതു വര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടി. മുപ്പതാമത്തെ വയസ്സില്‍ അവിടത്തെ ഭരണാധികാരിയായി. മറ്റാരുടെയും പങ്കാളിത്തമില്ലാതെ എണ്‍പതു വര്‍ഷത്തോളം അദ്ദേഹം ഈജിപ്ത് മുഴുവന്‍ അടക്കിഭരിച്ചു. തനിക്ക് ആധിപത്യം കിട്ടിയതിനുശേഷം ഒമ്പതാമത്തെയോ പത്താമത്തെയോ വര്‍ഷത്തിലാണ് യഅ്ഖൂബ് നബിയെ കുടുംബസഹിതം ഫലസ്തീനില്‍നിന്ന് ഈജിപ്തിലേക്ക് വിളിച്ചത്. അവരെ അദ്ദേഹം `കൈറോ`വിന്റെയും `ദിംയാത്തി`ന്റെയും ഇടയിലുള്ള പ്രദേശത്ത് അധിവസിപ്പിച്ചു. ബൈബിളില്‍ ഈ പ്രദേശത്തിന് `ജൂശന്‍`, അഥവാ `ഗോശന്‍` എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. മൂസാ നബിയുടെ കാലം വരെ അവര്‍ ഈ പ്രദേശത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത്. ബൈബിളിന്റെ വിവരണമനുസരിച്ച് യൂസുഫ് നബി തന്റെ 110-ാമത്തെ വയസ്സില്‍ മരിക്കുകയും മരണസമയത്ത്, ഇസ്രായീല്യര്‍ ഈജിപ്തില്‍നിന്ന് പുറത്തുപോവുകയാണെങ്കില്‍ തന്റെ അസ്ഥികളും മറ്റും കൂടെ കൊണ്ടുപോകണമെന്ന് അവരോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു. യൂസുഫ് നബിയുടെ കഥയെ അധികരിച്ച് ബൈബിളിലും തല്‍മൂദിലും വന്ന വിവരണം വിശുദ്ധ ഖുര്‍ആന്റെ വിവരണത്തില്‍നിന്ന് വളരെയേറെ ഭിന്നമാണ്. പക്ഷേ, കഥയുടെ പ്രധാനഭാഗങ്ങള്‍ മൂന്നിലും ഒന്നുതന്നെ. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഈ ഭിന്നത നാം ചൂണ്ടിക്കാണിക്കുന്നതാണ്.
സൂക്തങ്ങളുടെ ആശയം
അലിഫ്-ലാം-റാഅ്. സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണിവ.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
2- നാമിതിനെ അറബി ഭാഷയില്‍ വായനക്കുള്ള പുസ്തകമായി ഇറക്കിയിരിക്കുന്നു. നിങ്ങള്‍ നന്നായി ചിന്തിച്ചു മനസ്സിലാക്കാന്‍.
3- ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു.
4- യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു."
5- പിതാവു പറഞ്ഞു: "മോനേ, ഈ സ്വപ്നത്തെപ്പറ്റി ഒരിക്കലും നിന്റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിനക്കെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചേക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്."
6- അവ്വിധം നിന്റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കും. നിന്നെ അവന്‍ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. നിനക്കും യഅ്ഖൂബ് കുടുംബത്തിനും അവന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരും; നിന്റെ രണ്ടു പൂര്‍വപിതാക്കളായ ഇബ്റാഹീമിനും ഇസ്ഹാഖിനും അത് പൂര്‍ത്തീകരിച്ചു കൊടുത്തപോലെ. തീര്‍ച്ചയായും നിന്റെ നാഥന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
7- ഉറപ്പായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്മാരിലും അന്വേഷിച്ചറിയുന്നവര്‍ക്ക് നിരവധി തെളിവുകളുണ്ട്.
8- അവര്‍ പറഞ്ഞ സന്ദര്‍ഭം: "യൂസുഫും അവന്റെ സഹോദരനുമാണ് നമ്മെക്കാള്‍ പിതാവിന് പ്രിയപ്പെട്ടവര്‍. നാം വലിയൊരു സംഘമായിരുന്നിട്ടും. നമ്മുടെ പിതാവ് വ്യക്തമായ വഴികേടില്‍തന്നെ.
9- "നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് കൊണ്ടുപോയി തള്ളുക. അതോടെ പിതാവിന്റെ അടുപ്പം നിങ്ങള്‍ക്കു മാത്രമായി കിട്ടും. അതിനു ശേഷം നിങ്ങള്‍ക്ക് നല്ലവരായിത്തീരുകയും ചെയ്യാം."
10- അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: "യൂസുഫിനെ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ കിണറിന്റെ ആഴത്തിലെറിയുക. വല്ല യാത്രാസംഘവും അവനെ കണ്ടെടുത്തുകൊള്ളും."
11- അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, അങ്ങക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ അങ്ങു ഞങ്ങളെ വിശ്വസിക്കാത്തതെന്ത്? തീര്‍ച്ചയായും ഞങ്ങള്‍ അവന്റെ ഗുണകാംക്ഷികളാണ്.
12- "നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവന്‍ തിന്നുരസിച്ചുല്ലസിക്കട്ടെ. ഉറപ്പായും ഞങ്ങളവനെ കാത്തുരക്ഷിച്ചുകൊള്ളും."
13- പിതാവ് പറഞ്ഞു: "നിങ്ങളവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിതനാക്കും. അവനെ ചെന്നായ തിന്നുമോ എന്നാണെന്റെ പേടി. നിങ്ങള്‍ അവനെ ശ്രദ്ധിക്കാതെ പോയേക്കുമെന്നും."
14- അവര്‍ പറഞ്ഞു: "ഞങ്ങള്‍ വലിയ ഒരു സംഘമുണ്ടായിരിക്കെ അവനെ ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കൊടിയ നഷ്ടം പറ്റിയവരായിരിക്കും; തീര്‍ച്ച."
15- അങ്ങനെ അവരവനെ കൊണ്ടുപോയി. കിണറ്റിന്റെ ആഴത്തില്‍ തള്ളാന്‍ കൂട്ടായി തീരുമാനിച്ചു. അപ്പോള്‍ നാം അവന് ബോധനം നല്‍കി: അവരുടെ ഈ ചെയ്തിയെക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുകതന്നെ ചെയ്യും. അവര്‍ അന്നേരം അതേക്കുറിച്ച് ഒട്ടും ബോധവാന്മാരായിരിക്കുകയില്ല.
16- സന്ധ്യാസമയത്ത് അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് കരഞ്ഞുകൊണ്ടു വന്നു.
17- അവര്‍ പറഞ്ഞു: "ഞങ്ങളുടെ ഉപ്പാ, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ നിര്‍ത്തി ഞങ്ങള്‍ മല്‍സരിക്കാന്‍ പോയതായിരുന്നു. അപ്പോള്‍ അവനെ ഒരു ചെന്നായ തിന്നുകളഞ്ഞു. അങ്ങ് ഞങ്ങളെ വിശ്വസിക്കുകയില്ല. ഞങ്ങള്‍ എത്ര സത്യം പറയുന്നവരായാലും.
18- യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോര പുരട്ടിയാണവര്‍ വന്നത്. പിതാവ് പറഞ്ഞു: "നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുകതന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം."
19- ഒരു യാത്രാസംഘം വന്നു. അവര്‍ തങ്ങളുടെ വെള്ളം കോരിയെ അയച്ചു. അയാള്‍ തന്റെ തൊട്ടി ഇറക്കി. അയാള്‍ പറഞ്ഞു: "ഹാ, എന്തൊരദ്ഭുതം! ഇതാ ഒരു കുട്ടി?" അവര്‍ ആ കുട്ടിയെ ഒരു കച്ചവടച്ചരക്കാക്കി ഒളിപ്പിച്ചുവെച്ചു. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
20- അവരവനെ കുറഞ്ഞ വിലയ്ക്ക് വിറ്റു. ഏതാനും നാണയത്തുട്ടുകള്‍ക്ക്. അവനില്‍ ഒട്ടും താല്‍പര്യമില്ലാത്തവരായിരുന്നു അവര്‍.
21- ഈജിപ്തില്‍ നിന്ന് അവനെ വാങ്ങിയവന്‍ തന്റെ പത്നിയോടു പറഞ്ഞു: "ഇവനെ നല്ല നിലയില്‍ പോറ്റി വളര്‍ത്തുക. ഇവന്‍ നമുക്കുപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനായി കണക്കാക്കാം." അങ്ങനെ യൂസുഫിന് നാം അന്നാട്ടില്‍ സൌകര്യമൊരുക്കിക്കൊടുത്തു. സ്വപ്നവ്യാഖ്യാനം അവനെ പഠിപ്പിക്കാന്‍ കൂടിയാണത്. അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.
22- അവന്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചപ്പോള്‍ നാമവന് തീരുമാനശക്തിയും അറിവും നല്‍കി. അങ്ങനെയാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
23- യൂസുഫ് പാര്‍ക്കുന്ന പുരയിലെ പെണ്ണ് അയാളെ വശീകരിക്കാന്‍ ശ്രമിച്ചു. വാതിലുകളടച്ച് അവള്‍ പറഞ്ഞു: "വരൂ." അവന്‍ പറഞ്ഞു: "അല്ലാഹു ശരണം; അവനാണെന്റെ നാഥന്‍. അവനെനിക്കു നല്ല സ്ഥാനം നല്‍കിയിരിക്കുന്നു. അതിക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ല."
24- അവള്‍ അദ്ദേഹത്തെ കാമിച്ചു. തന്റെ നാഥന്റെ പ്രമാണം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹം അവളെയും കാമിക്കുമായിരുന്നു. അവ്വിധം സംഭവിച്ചത് തിന്മയും നീചകൃത്യവും നാം അദ്ദേഹത്തില്‍ നിന്ന് തട്ടിമാറ്റാനാണ്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരില്‍ പെട്ടവനത്രെ.
25- അവരിരുവരും വാതില്‍ക്കലേക്കോടി. അവള്‍ പിന്നില്‍ നിന്ന് അദ്ദേഹത്തിന്റെ കുപ്പായം വലിച്ചുകീറി. വാതില്‍ക്കല്‍ അവളുടെ ഭര്‍ത്താവിനെ ഇരുവരും കണ്ടുമുട്ടി. അവള്‍ പറഞ്ഞു: "നിങ്ങളുടെ ഭാര്യയുടെ നേരെ അരുതായ്മ ആഗ്രഹിച്ച ഇയാള്‍ക്കുള്ള ശിക്ഷയെന്താണ്? ഒന്നുകിലവനെ തടവിലിടണം. അല്ലെങ്കില്‍ നോവേറിയ മറ്റെന്തെങ്കിലും ശിക്ഷ നല്‍കണം."
26- യൂസുഫ് പറഞ്ഞു: "അവളാണെന്നെ വശീകരിക്കാന്‍ ശ്രമിച്ചത്." ആ സ്ത്രീയുടെ ബന്ധുവായ ഒരു സാക്ഷി തെളിവുന്നയിച്ചു: അവന്റെ കുപ്പായം മുന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞത് സത്യമാണ്. അവന്‍ കള്ളം പറഞ്ഞവനും.
27- "അഥവാ, അവന്റെ കുപ്പായം പിന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞത് കള്ളമാണ്. അവന്‍ സത്യം പറഞ്ഞവനും."
28- യൂസുഫിന്റെ കുപ്പായം പിന്‍ഭാഗം കീറിയതായി കണ്ടപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: "ഇത് നിങ്ങള്‍ സ്ത്രീകളുടെ കുതന്ത്രത്തില്‍പ്പെട്ടതാണ്. നിങ്ങളുടെ കുതന്ത്രം ഭയങ്കരം തന്നെ.
29- "യൂസുഫ്, നീയിത് അവഗണിച്ചേക്കുക." സ്ത്രീയോട്: "നീ നിന്റെ തെറ്റിന് മാപ്പിരക്കുക. തീര്‍ച്ചയായും നീയാണ് തെറ്റുകാരി."
30- പട്ടണത്തിലെ പെണ്ണുങ്ങള്‍ പറഞ്ഞു: "പ്രഭുവിന്റെ പത്നി തന്റെ വേലക്കാരനെ വശീകരിക്കാന്‍ നോക്കുകയാണ്. കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. നമ്മുടെ വീക്ഷണത്തില്‍ അവള്‍ വ്യക്തമായ വഴികേടിലാണ്."
31- അവരുടെ തന്ത്രത്തെപ്പറ്റി കേട്ട പ്രഭുപത്നി അവരുടെ അടുത്തേക്ക് ആളെ അയച്ചു. അവര്‍ക്ക് ചാരിയിരിക്കാന്‍ അവള്‍ ഇരിപ്പിടങ്ങളൊരുക്കി. അവരിലോരോരുത്തര്‍ക്കും ഓരോ കത്തി കൊടുക്കുകയും ചെയ്തു. അവള്‍ യൂസുഫിനോടു പറഞ്ഞു: "ആ സ്ത്രീകളുടെ മുന്നിലേക്ക് ചെല്ലുക." അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ വിസ്മയഭരിതരാവുകയും തങ്ങളുടെ കൈകള്‍ സ്വയം മുറിപ്പെടുത്തുകയും ചെയ്തു. അവര്‍ പറഞ്ഞുപോയി: "അല്ലാഹു എത്ര മഹാന്‍! ഇത് മനുഷ്യനല്ല. ഇത് മാന്യനായ ഒരു മലക്കല്ലാതാരുമല്ല"
32- പ്രഭുപത്നി പറഞ്ഞു: "ഇദ്ദേഹത്തിന്റെ കാര്യത്തിലാണ് നിങ്ങളെന്നെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഞാനിദ്ദേഹത്തെ വശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹം വഴങ്ങിയില്ല. ഞാന്‍ കല്‍പിക്കുംവിധം ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞാനിവനെ ജയിലിലടക്കും. അങ്ങനെ ഇവന്‍ നിന്ദ്യനായിത്തീരും."
33- യൂസുഫ് പറഞ്ഞു: "എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പ്പെട്ടവനായേക്കാം."
34- അദ്ദേഹത്തിന്റെ പ്രാര്‍ഥന നാഥന്‍ സ്വീകരിച്ചു. അദ്ദേഹത്തില്‍നിന്ന് അവരുടെ കുതന്ത്രത്തെ അവന്‍ തട്ടിമാറ്റി. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
35- പിന്നീട് യൂസുഫിന്റെ നിരപരാധിത്വത്തിന്റെ തെളിവുകള്‍ കണ്ടറിഞ്ഞ ശേഷവും അദ്ദേഹത്തെ നിശ്ചിത അവധിവരെ ജയിലിലടക്കണമെന്ന് അവര്‍ക്ക് തോന്നി.
36- അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു ചെറുപ്പക്കാരും ജയിലിലകപ്പെട്ടു. അവരിലൊരാള്‍ പറഞ്ഞു: "ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു." മറ്റെയാള്‍ പറഞ്ഞു: "ഞാനെന്റെ തലയില്‍ റൊട്ടി ചുമക്കുന്നതായും പക്ഷികള്‍ അതില്‍ നിന്ന് തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഇതിന്റെ വ്യാഖ്യാനം പറഞ്ഞുതരിക. താങ്കളെ നല്ല ഒരാളായാണ് ഞങ്ങള്‍ കാണുന്നത്."
37- യൂസുഫ് പറഞ്ഞു: "നിങ്ങള്‍ക്ക് തിന്നാനുള്ള അന്നം വന്നെത്തും മുമ്പെ ഞാനതിന്റെ പൊരുള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരാതിരിക്കില്ല. എനിക്കെന്റെ നാഥന്‍ പഠിപ്പിച്ചുതന്നവയില്‍പ്പെട്ടതാണത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായ ഈ ജനത്തിന്റെ മാര്‍ഗം ഞാന്‍ കൈവെടിഞ്ഞിരിക്കുന്നു.
38- "എന്റെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗമാണ് ഞാന്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാന്‍ നമുക്ക് അനുവാദമില്ല. അല്ലാഹു ഞങ്ങള്‍ക്കും മറ്റു മുഴുവന്‍ മനുഷ്യര്‍ക്കും നല്‍കിയ അനുഗ്രഹങ്ങളില്‍പ്പെട്ടതാണിത്. എങ്കിലും മനുഷ്യരിലേറെപ്പേരും നന്ദി കാണിക്കുന്നില്ല.
39- "എന്റെ ജയില്‍ക്കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ?
40- "അവനെക്കൂടാതെ നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല.
41- "എന്റെ ജയില്‍ക്കൂട്ടുകാരേ, നിങ്ങളിലൊരാള്‍ തന്റെ യജമാനന് മദ്യം വിളമ്പിക്കൊണ്ടിരിക്കും. മറ്റയാള്‍ കുരിശിലേറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും. നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു."
42- അവരിരുവരില്‍ രക്ഷപ്പെടുമെന്ന് താന്‍ കരുതിയ ആളോട് യൂസുഫ് പറഞ്ഞു: "നീ നിന്റെ യജമാനനോട് എന്നെപ്പറ്റി പറയുക." എങ്കിലും യജമാനനോട് അതേക്കുറിച്ച് പറയുന്ന കാര്യം പിശാച് അയാളെ മറപ്പിച്ചു. അതിനാല്‍ യൂസുഫ് ഏതാനും കൊല്ലം ജയിലില്‍ കഴിഞ്ഞു.
43- ഒരിക്കല്‍ രാജാവ് പറഞ്ഞു: "ഞാനൊരു സ്വപ്നം കണ്ടിരിക്കുന്നു; ഏഴു തടിച്ചു കൊഴുത്ത പശുക്കള്‍. അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഏഴു പച്ചക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. അതിനാല്‍ വിദ്വാന്മാരേ, എന്റെ ഈ സ്വപ്നത്തിന്റെ പൊരുള്‍ എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ സ്വപ്നവ്യാഖ്യാതാക്കളാണെങ്കില്‍!"
44- അവര്‍ പറഞ്ഞു: "ഇതൊക്കെ പാഴ്ക്കിനാവുകളാണ്. ഞങ്ങള്‍ അത്തരം പാഴ്ക്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല."
45- ആ രണ്ടു ജയില്‍ക്കൂട്ടുകാരില്‍ രക്ഷപ്പെട്ടവന്‍ കുറേക്കാലത്തിനു ശേഷം ഓര്‍മിച്ചു പറഞ്ഞു: "അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരാം. നിങ്ങള്‍ എന്നെ ചുമതലപ്പെടുത്തി അയച്ചാലും."
46- അയാള്‍ പറഞ്ഞു: "സത്യസന്ധനായ യൂസുഫേ, എനിക്ക് ഇതിലൊരു വിധി തരിക. ഏഴു തടിച്ചുകൊഴുത്ത പശുക്കള്‍; ഏഴു മെലിഞ്ഞ പശുക്കള്‍ അവയെ തിന്നുന്നു. പിന്നെ ഏഴു പച്ച കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. ജനങ്ങള്‍ക്ക് കാര്യം ഗ്രഹിക്കാനായി എനിക്ക് ആ വിശദീകരണവുമായി ജനങ്ങളുടെ അടുത്തേക്ക് തിരിച്ചുപോകാമല്ലോ."
47- യൂസുഫ് പറഞ്ഞു: "ഏഴുകൊല്ലം നിങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്യും. അങ്ങനെ നിങ്ങള്‍ കൊയ്തെടുക്കുന്നവ അവയുടെ കതിരില്‍ തന്നെ സൂക്ഷിച്ചുവെക്കുക. നിങ്ങള്‍ക്ക് ആഹരിക്കാനാവശ്യമായ അല്‍പമൊഴികെ.
48- "പിന്നീട് അതിനുശേഷം കഷ്ടതയുടെ ഏഴാണ്ടുകളുണ്ടാകും. അക്കാലത്തേക്കായി നിങ്ങള്‍ കരുതിവെച്ചവ നിങ്ങളന്ന് തിന്നുതീര്‍ക്കും. നിങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുവെച്ച അല്‍പമൊഴികെ.
49- "പിന്നീട് അതിനു ശേഷം ഒരു കൊല്ലംവരും. അന്ന് ആളുകള്‍ക്ക് സുഭിക്ഷതയുണ്ടാകും. അവര്‍ തങ്ങള്‍ക്കാവശ്യമുള്ളത് പിഴിഞ്ഞെടുക്കുകയും ചെയ്യും."
50- രാജാവ് പറഞ്ഞു: "നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്തു കൊണ്ടുവരിക." യൂസുഫിന്റെ അടുത്ത് ദൂതന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "നീ നിന്റെ യജമാനന്റെ അടുത്തേക്കു തന്നെ തിരിച്ചു പോവുക. എന്നിട്ട് അദ്ദേഹത്തോടു ചോദിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തെന്ന്. എന്റെ നാഥന്‍ അവരുടെ കുതന്ത്രത്തെപ്പറ്റി നന്നായറിയുന്നവനാണ്; തീര്‍ച്ച."
51- രാജാവ് സ്ത്രീകളോട് ചോദിച്ചു: "യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവമെന്തായിരുന്നു?" അവര്‍ പറഞ്ഞു: "മഹത്വം അല്ലാഹുവിനു തന്നെ. യൂസുഫിനെപ്പറ്റി മോശമായതൊന്നും ഞങ്ങള്‍ക്കറിയില്ല." പ്രഭുവിന്റെ പത്നി പറഞ്ഞു: "ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശപ്പെടുത്താന്‍ സ്വയം ശ്രമിക്കുകയായിരുന്നു. തീര്‍ച്ചയായും അദ്ദേഹം സത്യവാനാണ്."
52- യൂസുഫ് പറഞ്ഞു: "പ്രഭുവില്ലാത്ത നേരത്ത് ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയാനാണ് ഞാനങ്ങനെ ചെയ്തത്. വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല.
53- "ഞാനെന്റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച."
54- രാജാവ് കല്‍പിച്ചു: "നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്തെത്തിക്കുക. ഞാനദ്ദേഹത്തെ എന്റെ പ്രത്യേകക്കാരനായി സ്വീകരിക്കട്ടെ." അങ്ങനെ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: "താങ്കളിന്ന് നമ്മുടെയടുത്ത് ഉന്നതസ്ഥാനീയനാണ്. നമ്മുടെ വിശ്വസ്തനും."
55- യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്."
56- അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം ഉപയോഗിക്കാന്‍ കഴിയുമാറ് സൌകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്‍കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല.
57- എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവര്‍ക്ക് പരലോകത്തെ പ്രതിഫലമാണ് ഉത്തമം.
58- യൂസുഫിന്റെ സഹോദരന്മാര്‍ വന്നു. അവര്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. എന്നാല്‍ അവര്‍ക്ക് അദ്ദേഹത്തെ മനസ്സിലായില്ല.
59- അദ്ദേഹം അവര്‍ക്കാവശ്യമായ ചരക്കുകളൊരുക്കിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: "നിങ്ങളുടെ പിതാവൊത്ത സഹോദരനെ എന്റെയടുത്ത് കൊണ്ടുവരണം. ഞാന്‍ അളവില്‍ തികവ് വരുത്തുന്നതും ഏറ്റവും നല്ല നിലയില്‍ ആതിഥ്യമരുളുന്നതും നിങ്ങള്‍ കാണുന്നില്ലേ?
60- "നിങ്ങളവനെ എന്റെ അടുത്ത് കൊണ്ടുവന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി ഇവിടെ നിന്ന് ധാന്യം അളന്നു തരുന്നതല്ല. നിങ്ങള്‍ എന്റെ അടുത്ത് വരികയും വേണ്ട."
61- അവര്‍ പറഞ്ഞു: "അവന്റെ കാര്യത്തില്‍ പിതാവിനെ സമ്മതിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. തീര്‍ച്ചയായും ഞങ്ങളങ്ങനെ ചെയ്യാം."
62- യൂസുഫ് തന്റെ ഭൃത്യന്മാരോടു പറഞ്ഞു: "അവര്‍ പകരം തന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ വെച്ചേക്കുക. അവര്‍ തങ്ങളുടെ കുടുംബത്തില്‍ തിരിച്ചെത്തിയാലത് തിരിച്ചറിഞ്ഞുകൊള്ളും. അവര്‍ വീണ്ടും വന്നേക്കും."
63- അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിയെത്തിയപ്പോള്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാല്‍ ഞങ്ങളോടൊത്ത് ഞങ്ങളുടെ സഹോദരനെ കൂടി അയച്ചുതരിക. എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും. തീര്‍ച്ചയായും ഞങ്ങളവനെ വേണ്ടപോലെ കാത്തുരക്ഷിക്കും."
64- പിതാവ് പറഞ്ഞു: "അവന്റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാനാവുമോ? നേരത്തെ അവന്റെ സഹോദരന്റെ കാര്യത്തില്‍ നിങ്ങളെ വിശ്വസിച്ചപോലെയല്ലേ ഇതും? അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമകാരുണികനാകുന്നു."
65- അവര്‍ തങ്ങളുടെ കെട്ടുകള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങള്‍ കൊണ്ടുപോയ ചരക്കുകള്‍ തങ്ങള്‍ക്കു തന്നെ തിരിച്ചുകിട്ടിയതായി കണ്ടു. അപ്പോഴവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, നമുക്കിനിയെന്തുവേണം? നമ്മുടെ ചരക്കുകളിതാ നമുക്കു തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു. ഞങ്ങള്‍ പോയി കുടുംബത്തിന് ആവശ്യമായ ആഹാരസാധനങ്ങള്‍ കൊണ്ടുവരാം. ഞങ്ങളുടെ സഹോദരനെ കാത്തുരക്ഷിക്കുകയും ചെയ്യാം. ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം നമുക്കു കൂടുതല്‍ കിട്ടുമല്ലോ. അത്രയും കൂടുതല്‍ അളന്നുകിട്ടുകയെന്നത് വളരെ വേഗം സാധിക്കുന്ന കാര്യമത്രെ."
66- പിതാവ് പറഞ്ഞു: "നിങ്ങള്‍ വല്ല അപകടത്തിലും അകപ്പെട്ടില്ലെങ്കില്‍ അവനെ എന്റെ അടുത്ത് തിരിച്ചുകൊണ്ടുവരുമെന്ന് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ ഉറപ്പ് തരുംവരെ ഞാനവനെ നിങ്ങളോടൊപ്പം അയക്കുകയില്ല." അങ്ങനെ അവരദ്ദേഹത്തിന് ഉറപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാം ഇപ്പറയുന്നതിന് കാവല്‍ നില്‍ക്കുന്നവന്‍ അല്ലാഹുവാണ്."
67- അദ്ദേഹം അവരോട് പറഞ്ഞു: "എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. ദൈവവിധിയില്‍ നിന്ന്ഒന്നുപോലും നിങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ എനിക്കു സാധ്യമല്ല. വിധിനിശ്ചയം അല്ലാഹുവിന്റേതു മാത്രമാണല്ലോ. ഞാനിതാ അവനില്‍ ഭരമേല്‍പിക്കുന്നു. ഭരമേല്‍പിക്കുന്നവര്‍ അവനിലാണ് ഭരമേല്‍പിക്കേണ്ടത്."
68- അവരുടെ പിതാവ് കല്‍പിച്ചപോലെ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന്ഒന്നും അവരില്‍നിന്ന് തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. യഅ്ഖൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹം അദ്ദേഹം പൂര്‍ത്തീകരിച്ചുവെന്നു മാത്രം. നാം പഠിപ്പിച്ചുകൊടുത്തതിനാല്‍ അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെപ്പേരും അറിയുന്നില്ല.
69- അവര്‍ യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ അടുത്തുവരുത്തി. എന്നിട്ട് അവനോട് പറഞ്ഞു: "ഞാന്‍ നിന്റെ സഹോദരനാണ്. ഇവര്‍ ചെയ്തുകൂട്ടിയതിനെക്കുറിച്ചൊന്നും നീയിനി ദുഃഖിക്കേണ്ടതില്ല."
70- അങ്ങനെ അദ്ദേഹം ചരക്കുകള്‍ ഒരുക്കിക്കൊടുത്തപ്പോള്‍ തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ പാനപാത്രം എടുത്തുവെച്ചു. പിന്നീട് ഒരു വിളംബരക്കാരന്‍ വിളിച്ചുപറഞ്ഞു: "ഹേ, യാത്രാസംഘമേ, നിങ്ങള്‍ കള്ളന്മാരാണ്."
71- അവരുടെ നേരെ തിരിഞ്ഞ് യാത്രാസംഘം ചോദിച്ചു: "എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?"
72- അവര്‍ പറഞ്ഞു: "രാജാവിന്റെ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്നുതരുന്നവന് ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം സമ്മാനമായി കിട്ടും." "ഞാനതിന് ബാധ്യസ്ഥനാണ്."
73- യാത്രാസംഘം പറഞ്ഞു: "അല്ലാഹു സത്യം! നിങ്ങള്‍ക്കറിയാമല്ലോ, നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ല ഞങ്ങള്‍; ഞങ്ങള്‍ കള്ളന്മാരുമല്ല."
74- അവര്‍ ചോദിച്ചു: "നിങ്ങള്‍ കള്ളം പറഞ്ഞവരാണെങ്കില്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടത്?"
75- യാത്രാസംഘം പറഞ്ഞു: "അതിനുള്ള ശിക്ഷയിതാണ്: ആരുടെ ഭാണ്ഡത്തില്‍ നിന്നാണോ അത് കണ്ടുകിട്ടുന്നത് അവനെ പിടിച്ചുവെക്കണം. അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്."
76- യൂസുഫ് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിക്കുന്നതിനു മുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. അവസാനമത് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് പുറത്തെടുത്തു. അവ്വിധം നാം യൂസുഫിനുവേണ്ടി തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് യൂസുഫിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല. നാം ഇച്ഛിക്കുന്നവരെ നാം പല പദവികളിലും ഉയര്‍ത്തുന്നു. അറിവുള്ളവര്‍ക്കെല്ലാം ഉപരിയായി സര്‍വജ്ഞനായി അല്ലാഹുവുണ്ട്.
77- സഹോദരന്മാര്‍ പറഞ്ഞു: "അവന്‍ കട്ടുവെങ്കില്‍ അവന്റെ സഹോദരനും മുമ്പ് കട്ടിട്ടുണ്ട്." യൂസുഫ് ഇതൊക്കെ തന്റെ മനസ്സിലൊളിപ്പിച്ചുവെച്ചു. യാഥാര്‍ഥ്യം അവരോട് വെളിപ്പെടുത്തിയില്ല. അദ്ദേഹം ഇത്രമാത്രം പറഞ്ഞു: "നിങ്ങളുടെ നിലപാട് നന്നെ മോശംതന്നെ. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റിയൊക്കെ നന്നായറിയാവുന്നവനാണ് അല്ലാഹു."
78- അവര്‍ പറഞ്ഞു: "പ്രഭോ, ഇവന് വയോവൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്ന് പകരമായി അങ്ങ് ഞങ്ങളിലാരെയെങ്കിലും പിടിച്ചുവെച്ചാലും. ഞങ്ങള്‍ അങ്ങയെ കാണുന്നത് അങ്ങേയറ്റം സന്മനസ്സുള്ളവനായാണ്."
79- യൂസുഫ് പറഞ്ഞു: "അല്ലാഹുവില്‍ ശരണം! നമ്മുടെ സാധനം ആരുടെ കയ്യിലാണോ കണ്ടെത്തിയത് അവനെയല്ലാതെ മറ്റാരെയെങ്കിലും പിടിച്ചുവെക്കുകയോ? എങ്കില്‍ ഞങ്ങള്‍ അതിക്രമികളായിത്തീരും."
80- സഹോദരനെ സംബന്ധിച്ച് നിരാശരായപ്പോള്‍ അവര്‍ മാറിയിരുന്ന് കൂടിയാലോചിച്ചു. അവരിലെ മുതിര്‍ന്നവന്‍ പറഞ്ഞു: "നിങ്ങള്‍ക്കറിഞ്ഞുകൂടേ; നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയ കാര്യം. മുമ്പ് യൂസുഫിന്റെ കാര്യത്തില്‍ നിങ്ങള്‍ അക്രമം കാണിച്ചിട്ടുണ്ടെന്നും. അതിനാല്‍ എന്റെ പിതാവ് എനിക്കനുവാദം തരികയോ അല്ലെങ്കില്‍ അല്ലാഹു എന്റെ കാര്യം തീരുമാനിക്കുകയോ ചെയ്യുംവരെ ഞാന്‍ ഈ നാട് വിടുകയില്ല. വിധികര്‍ത്താക്കളില്‍ ഉത്തമന്‍ അല്ലാഹുവാണല്ലോ.
81- "നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്ത് മടങ്ങിച്ചെന്ന് പറയുക: "ഞങ്ങളുടെ പിതാവേ, അങ്ങയുടെ മകന്‍ കളവു നടത്തി. ഞങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയില്ലല്ലോ.
82- "ഞങ്ങള്‍ താമസിച്ചുപോന്ന നാട്ടുകാരോട് ചോദിച്ചു നോക്കുക. ഞങ്ങളോടൊന്നിച്ചുണ്ടായിരുന്ന യാത്രാസംഘത്തോടും അങ്ങയ്ക്ക് അന്വേഷിക്കാം. ഞങ്ങള്‍ സത്യമേ പറയുന്നുള്ളൂ."
83- പിതാവ് പറഞ്ഞു: "അല്ല, നിങ്ങളുടെ മനസ്സ് നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ."
84- അദ്ദേഹം അവരില്‍നിന്ന് പിന്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: "ഹാ, യൂസുഫിന്റെ കാര്യമെത്ര കഷ്ടം!" ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്തുവിളറി. അദ്ദേഹം അതീവ ദുഃഖിതനായി.
85- അവര്‍ പറഞ്ഞു: "അല്ലാഹു സത്യം! അങ്ങ് യൂസുഫിനെത്തന്നെ ഓര്‍ത്തുകൊണ്ടേയിരിക്കുകയാണ്. അങ്ങ് പറ്റെ അവശനാവുകയോ ജീവന്‍ വെടിയുകയോ ചെയ്യുമെന്ന് ഞങ്ങളാശങ്കിക്കുന്നു."
86- അദ്ദേഹം പറഞ്ഞു: "എന്റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍നിന്ന് ഞാനറിയുന്നു.
87- "എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല."
88- അങ്ങനെ അവര്‍ യൂസുഫിന്റെ അടുത്ത് കടന്നുചെന്നു. അവര്‍ പറഞ്ഞു: "പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും വറുതി ബാധിച്ചിരിക്കുന്നു. താണതരം ചരക്കുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് അളവ് പൂര്‍ത്തീകരിച്ചുതരണം. ഞങ്ങള്‍ക്ക് ദാനമായും നല്‍കണം. ധര്‍മിഷ്ഠര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും; തീര്‍ച്ച."
89- അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതെന്താണെന്ന് അറിയാമോ?"
90- അവര്‍ ചോദിച്ചു: "താങ്കള്‍ തന്നെയാണോ യൂസുഫ്?" അദ്ദേഹം പറഞ്ഞു: "ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും. അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ആര്‍ സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച."
91- അവര്‍ പറഞ്ഞു: "അല്ലാഹുവാണ് സത്യം! അല്ലാഹു താങ്കള്‍ക്ക് ഞങ്ങളെക്കാള്‍ ശ്രേഷ്ഠത കല്‍പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരുന്നു."
92- അദ്ദേഹം പറഞ്ഞു: "ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. അവന്‍ കാരുണികരില്‍ പരമകാരുണികനല്ലോ.
93- "നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുക. എന്നിട്ടത് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. പിന്നെ നിങ്ങള്‍ നിങ്ങളുടെ എല്ലാ കുടുംബക്കാരെയുംകൊണ്ട് എന്റെയടുത്ത് വരിക."
94- യാത്രാസംഘം അവിടം വിട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: "ഉറപ്പായും യൂസുഫിന്റെ വാസന ഞാനനുഭവിക്കുന്നു. നിങ്ങളെന്നെ ബുദ്ധിഭ്രമം ബാധിച്ചവനായി ആക്ഷേപിക്കുന്നില്ലെങ്കില്‍!"
95- വീട്ടുകാര്‍ പറഞ്ഞു: "അല്ലാഹു തന്നെ സത്യം! അങ്ങ് ഇപ്പോഴും അങ്ങയുടെ ആ പഴയ ബുദ്ധിഭ്രമത്തില്‍ തന്നെ."
96- പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍ വന്നു. അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്തിട്ടുകൊടുത്തു. അദ്ദേഹം കാഴ്ചയുള്ളവനായി. അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നില്ലേ; നിങ്ങള്‍ക്കറിയാത്ത പലതും ഞാന്‍ അല്ലാഹുവില്‍ നിന്ന് അറിയുന്നുവെന്ന്."
97- അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കേണമേ; തീര്‍ച്ചയായും ഞങ്ങള്‍ കുറ്റവാളികളായിരുന്നു."
98- അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ക്കുവേണ്ടി ഞാനെന്റെ നാഥനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കാം. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവും തന്നെ; തീര്‍ച്ച."
99- പിന്നീട് അവരെല്ലാം യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചു. യൂസുഫ് തന്റെ മാതാപിതാക്കളെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തി. അദ്ദേഹം പറഞ്ഞു: "വരിക. നിര്‍ഭയരായി ഈ പട്ടണത്തില്‍ പ്രവേശിച്ചുകൊള്ളുക. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍."
100- അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ പിതാവേ, ഞാന്‍ പണ്ടു കണ്ട ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണിത്. എന്റെ നാഥന്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍ പിശാച് അകല്‍ച്ചയുണ്ടാക്കിയശേഷം അവന്‍ നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന്‍ എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്റെ നാഥന്‍ താനിച്ഛിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.
101- "എന്റെ നാഥാ, നീ എനിക്ക് അധികാരം നല്‍കി. സ്വപ്നകഥകളുടെ വ്യാഖ്യാനം പഠിപ്പിച്ചു. ആകാശഭൂമികളെ പടച്ചവനേ, ഇഹത്തിലും പരത്തിലും നീയാണെന്റെ രക്ഷകന്‍. നീയെന്നെ മുസ്ലിമായി മരിപ്പിക്കേണമേ, സജ്ജനങ്ങളിലുള്‍പ്പെടുത്തേണമേ."
102- നബിയേ, ഇക്കഥ അഭൌതിക ജ്ഞാനങ്ങളില്‍പെട്ടതാണ്. നാമത് നിനക്ക് ബോധനമായി നല്‍കുന്നു. അവര്‍ കൂടിയിരുന്ന് കുതന്ത്രം മെനഞ്ഞ് തങ്ങളുടെ കാര്യം തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.
103- എന്നാല്‍ നീ എത്രതന്നെ ആഗ്രഹിച്ചാലും ജനങ്ങളിലേറെപ്പേരും വിശ്വാസികളാവുകയില്ല.
104- നീ അവരോട് ഇതിന്റെ പേരില്‍ പ്രതിഫലമൊന്നും ചോദിക്കുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഒരുദ്ബോധനം മാത്രമാണ്.
105- ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര അടയാളങ്ങളുണ്ട്. ആളുകള്‍ അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്നു. എന്നിട്ടും അവരവയെ അപ്പാടെ അവഗണിക്കുകയാണ്.
106- അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല; അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ.
107- അവരെ ആവരണം ചെയ്യുന്ന അല്ലാഹുവിന്റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെ സംബന്ധിച്ച് അവര്‍ നിര്‍ഭയരായിരിക്കയാണോ? അല്ലെങ്കില്‍ അവരോര്‍ക്കാത്ത നേരത്ത് പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നുപെടുന്നതിനെപ്പറ്റി?
108- പറയുക: ഇതാണെന്റെ വഴി; തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. ഞാനും എന്നെ അനുഗമിച്ചവരും. അല്ലാഹു എത്ര പരിശുദ്ധന്‍. ഞാന്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പെട്ടവനല്ല; തീര്‍ച്ച.
109- ചില പുരുഷന്മാരെയല്ലാതെ നിനക്കുമുമ്പു നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. നാം അവര്‍ക്ക് ബോധനം നല്‍കി. അവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നിട്ടും ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ചുനോക്കുന്നില്ലേ? അങ്ങനെ അവര്‍ക്കു മുമ്പുണ്ടായിരുന്നവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? ഭക്തി പുലര്‍ത്തുന്നവര്‍ക്ക് കൂടുതലുത്തമം പരലോകഭവനമാണ്. ഇതൊന്നും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
110- അങ്ങനെ ആ ദൈവദൂതന്മാര്‍ ആശയറ്റവരാവുകയും അവര്‍ തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനം കരുതുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തി. അങ്ങനെ നാം ഇച്ഛിച്ചവര്‍ രക്ഷപ്പെട്ടു. കുറ്റവാളികളായ ജനത്തില്‍ നിന്ന് നമ്മുടെ ശിക്ഷ തട്ടിമാറ്റപ്പെടുകയില്ല.
111- അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക്് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും.