28 അല്‍ഖസ്വസ്വ്

ആമുഖം
നാമം
25-ാം സൂക്തത്തിലെ وَقَصَّ عَلَيْهِ الْقَصَصَ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് അധ്യായനാമം. അല്‍ഖസ്വസ്വ് എന്ന പദമുള്ള അധ്യായമെന്ന് താല്‍പര്യം. സംഭവങ്ങളുടെ ക്രമപ്രകാരമുള്ള വിവരണം എന്നാണ് അല്‍ ഖസ്വസ്വിന്റെ ഭാഷാര്‍ഥം. ആ നിലക്ക് വാക്കര്‍ഥം പരിഗണിച്ചും ഈ പദം സൂറയുടെ ശീര്‍ഷകമായിരിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍, ഇതില്‍ ഹദ്റത്ത് മൂസായുടെ ചരിത്രം വിസ്തരിച്ചിട്ടുണ്ട്. 
അവതരണകാലം
അശ്ശുഅറാഅ്, അന്നംല്, അല്‍ ഖസ്വസ്വ് എന്നിവ ഒന്നിനു പിറകെ ഒന്നായി അവതരിച്ച സൂറകളാണെന്ന ഇബ്നു അബ്ബാസിന്റെയും ജാബിറുബ്നു സൈദിന്റെയും അഭിപ്രായങ്ങള്‍ നാം സൂറ അന്നംലിന്റെ ആമുഖത്തിലുദ്ധരിച്ചിട്ടുണ്ടല്ലോ. ഈ മൂന്ന് സൂറകളുടെയും അവതരണകാലം ഏറെക്കുറെ ഒന്നുതന്നെയാണെന്ന് അവയുടെ ഭാഷ, പ്രതിപാദനശൈലി, ഉള്ളടക്കം എന്നിവയില്‍നിന്നുകൂടി വ്യക്തമാകുന്നുണ്ട്. മൂസാനബിയുടെ ചരിത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നവ എന്ന നിലക്കും ഇവ തമ്മില്‍ അടുത്ത ബന്ധമുണ്ട്. അവ സമുച്ചയിക്കപ്പെടുമ്പോള്‍ ഹദ്റത്ത് മൂസായുടെ പൂര്‍ണ ചരിത്രമായിത്തീരുന്നു. സൂറ അശ്ശുഅറാഇല്‍ പ്രവാചകദൌത്യം ഏറ്റെടുക്കുന്നതിന് ഒഴികഴിവു സമര്‍പ്പിച്ചുകൊണ്ട് മൂസാ (അ) പറയുന്നു: `ഫറവോന്‍ സമുദായം എന്നിലൊരു കുറ്റം ചുമത്തിയിട്ടുണ്ട്. അതിനാല്‍ അവിടെ ചെന്നാല്‍ അവരെന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.` പിന്നീട് ഹദ്റത്ത് മൂസാ ഫറവോന്റെ സന്നിധിയില്‍ ചെന്നപ്പോള്‍ അവന്‍ പറഞ്ഞു: `ശൈശവത്തില്‍ നിന്നെ ഞങ്ങള്‍ പോറ്റി വളര്‍ത്തിയില്ലേ? നീ വളരെ വര്‍ഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. പിന്നെ നീ ഒരു കടുംകൈ ചെയ്തിട്ടുമുണ്ട്.` ഈ സംഭവങ്ങളുടെ വിശദാംശങ്ങളൊന്നും അവിടെ പറയുന്നില്ല. ഈ സൂറയില്‍ അത് വിശദമായി വിസ്തരിക്കുന്നു. അതേപ്രകാരം സൂറ അന്നംലില്‍ പെട്ടെന്ന് മൂസാചരിത്രം ഇങ്ങനെ തുടങ്ങുന്നു: അദ്ദേഹം സ്വകുടുംബത്തെയും കൂട്ടി സഞ്ചരിക്കുകയായിരുന്നു. യാദൃഛികമായി ഒരു അഗ്നികണ്ടു.` അദ്ദേഹം എങ്ങോട്ടാണ് പോയ്കൊണ്ടിരിക്കുന്നതെന്നും എവിടന്നാണ് വരുന്നതെന്നും എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നും ഒന്നും അവിടെ പറയുന്നില്ല. അതെല്ലാം ഈ അധ്യായത്തിലാണ് വിവരിക്കുന്നത്. ഈ വിധം ഈ മൂന്ന് സൂറകളും കൂടി ഹദ്റത്ത് മൂസായുടെ ചരിത്രം പൂര്‍ത്തീകരിക്കുന്നു. 
ഉള്ളടക്കം
നബി(സ)യുടെ ദൌത്യത്തിനെതിരെ ഉന്നീതമായ സന്ദേഹങ്ങളുടെയും വിമര്‍ശനങ്ങളുടെയും പ്രതിരോധവും സത്യവിശ്വാസം സ്വീകരിക്കാതിരിക്കാന്‍ മുന്നോട്ടുവെച്ചിരുന്ന ഒഴികഴിവുകളുടെ ഖണ്ഡനവുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. ഇതിനുവേണ്ടി, ഒന്നാമതായി ഹദ്റത്ത് മൂസായുടെ കഥ വിവരിച്ചിരിക്കുന്നു. അവതരണ സാഹചര്യവുമായി കൂടിച്ചേര്‍ന്നുകൊണ്ട് അത് ശ്രോതാക്കളെ ചില യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഒന്ന്, അല്ലാഹു എന്തുദ്ദേശിക്കുന്നുവോ അതിനുവേണ്ടി അവന്‍ അഗോചര മാര്‍ഗങ്ങളിലൂടെ നിമിത്തങ്ങളും ഉപാധികളും സജ്ജീകരിക്കുന്നു. ഫറോവ സ്വകരങ്ങള്‍കൊണ്ട് പോറ്റിവളര്‍ത്തിയ കുട്ടിതന്നെ ഒടുവില്‍ അവന്റെ സിംഹാസനം തട്ടിത്തെറിപ്പിക്കേണ്ടതുണ്ടായിരുന്നു. ആ കുട്ടിയെ വളര്‍ത്തുമ്പോള്‍, താന്‍ ആരെയാണ് പോറ്റുന്നതെന്ന് ഫറവോന് അറിഞ്ഞുകൂടായിരുന്നു. ഇങ്ങനെയുള്ള ദൈവത്തിന്റെ ഇഛയോട് മല്‍സരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? ആരുടെ സാമര്‍ഥ്യമാണ് അവനോട് വിജയിക്കുക? രണ്ട്, ഒരാള്‍ക്ക് പ്രവാചകത്വം ലഭിക്കുന്നത് ഒരു മഹാസഭയില്‍വെച്ച് ആകാശഭൂമികളെ കിടിലംകൊള്ളിക്കുന്ന ഒരു മഹാപ്രഖ്യാപനത്തോടു കൂടിയൊന്നുമല്ല. മുഹമ്മദി(സ)ന് ആരുമറിയാതെ ഈ പ്രവാചകത്വം ലഭിച്ചതെവിടന്നാണെന്നും അദ്ദേഹം എങ്ങനെ പ്രവാചകനായിത്തീര്‍ന്നുവെന്നും നിങ്ങള്‍ അത്ഭുതപ്പെടുന്നു. لَوْلاَ أُوتِىَ مِثْلَ مَا أُوتِىَ مُوسَى എന്ന് നിങ്ങള്‍ പ്രമാണമാക്കുന്ന മൂസാ (അ) ഉണ്ടല്ലോ, അദ്ദേഹത്തിനും ഇതുപോലെ, രാത്രിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രവാചകത്വം ലഭിച്ചത്. അന്ന് തൂര്‍സീനാ താഴ്വരയില്‍ എന്തു നടന്നുവെന്ന് ആരുമറിഞ്ഞിരുന്നില്ല. തനിക്കെന്താണ് ലഭിക്കാന്‍ പോവുന്നതെന്ന് ഒരു നിമിഷം മുമ്പുവരെ മൂസാക്കുപോലും അറിവുണ്ടായിരുന്നില്ല. അദ്ദേഹം തീ കൊണ്ടുവരാന്‍ പോയി, പ്രവാചകത്വം ലഭിച്ചു. മൂന്ന്, അല്ലാഹു ഒരു ദാസനിലൂടെ വല്ലതും ചെയ്യാനുദ്ദേശിക്കുമ്പോള്‍ അയാളെ വലിയ പടയും പരിവാരങ്ങളും സാധനസാമഗ്രികളും കൊടുത്തിട്ടൊന്നുമല്ല അയയ്ക്കുക. അയാള്‍ക്ക് സഹായികളൊന്നുമുണ്ടായിരിക്കുകയില്ല. പ്രത്യക്ഷത്തില്‍ യാതൊരു ശക്തിയും അയാളുടെ കൈയിലുണ്ടാവില്ല. പക്ഷേ, വമ്പിച്ച ആളും അര്‍ഥവുമായി അദ്ദേഹത്തെ നേരിടാനൊരുമ്പെടുന്നവരൊക്കെ ഒടുവില്‍ തകര്‍ന്നുപോകുന്നു. ഇന്ന് നിങ്ങള്‍ക്കും മുഹമ്മദി(സ)നും ഇടയില്‍ കാണപ്പെടുന്നതിലേറെ ശാക്തികമായ അസന്തുലിതത്വമുണ്ടായിരുന്നു ഫറവോന്നും മൂസാ (അ) ക്കുമിടയില്‍. പക്ഷേ, നോക്കൂ; ഒടുവില്‍ ആരാണ് വിജയിച്ചത്? ആരാണ് പരാജയപ്പെട്ടത്? നാല്, നിങ്ങള്‍ മൂസായെ പ്രമാണമാക്കിക്കൊണ്ട്, മുഹമ്മദിന് എന്തുകൊണ്ട് മൂസാക്ക് ലഭിച്ചത് - വടിയും തിളങ്ങുന്ന ഹസ്തവും മറ്റു ദൃഷ്ടാന്തങ്ങളും- ലഭിച്ചില്ല എന്ന് നിരന്തരം ചോദിക്കുന്നുണ്ടല്ലോ. ഇതുകേട്ടാല്‍ തോന്നും ഇത്തരം ദൃഷ്ടാന്തങ്ങള്‍ കണ്ടാലുടനെ വിശ്വസിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നിങ്ങളെന്ന്. പക്ഷേ, ആ ദൃഷ്ടാന്തങ്ങളെല്ലാം കാണിക്കപ്പെട്ടവര്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവ കണ്ടിട്ടും അവര്‍ വിശ്വസിച്ചില്ല. സത്യനിഷേധത്തിലും ദുഃശാഠ്യത്തിലും അകപ്പെട്ടതിനാല്‍ ഇതൊക്കെ ആഭിചാരങ്ങളാണെന്ന് പറയുകയാണുണ്ടായത്. ഇതേ രോഗം തന്നെയാണ് നിങ്ങളെയും ബാധിച്ചിട്ടുള്ളത്. എന്നിരിക്കെ അത്തരത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ട് വിശ്വസിക്കാന്‍ വിസമ്മതിച്ചവരുടെ പരിണതിയെന്തായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? അവസാനം അല്ലാഹു അവരെ നശിപ്പിച്ചു. ഇനി നിങ്ങളും സത്യനിഷേധികളായിക്കൊണ്ട് ദൈവികദൃഷ്ടാന്തങ്ങള്‍ തേടി ആപത്ത് വിളിച്ചുവരുത്തുകയാണോ? മക്കയിലെ സത്യനിഷേധത്തിന്റെ ചുറ്റുപാടില്‍ ഈ കഥ കേള്‍ക്കുന്നവരുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സംഗതികള്‍ ഇതൊക്കെയായിരുന്നു. കാരണം, അന്ന് മുഹമ്മദിനും മക്കയിലെ നിഷേധികള്‍ക്കുമിടയില്‍ മൂസാക്കും ഫറവോനും ഇടയില്‍ നടന്നതുപോലുള്ള ഒരു സംഘര്‍ഷം നടക്കുകയായിരുന്നു. പ്രസ്തുത ഘട്ടത്തില്‍ ഈ കഥ കേള്‍പ്പിക്കുന്നതിന്റെ അര്‍ഥം അതിന്റെ ഓരോ ഘടകവും സന്ദര്‍ഭത്തിന്റെ സ്വഭാവങ്ങളുമായി നന്നായി യോജിക്കുന്നു എന്നാണ്. കഥയുടെ ഏതു ഭാഗം സന്ദര്‍ഭത്തിന്റെ ഏതു സ്വഭാവവുമായി യോജിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പദംപോലും അതില്‍ പറഞ്ഞിട്ടില്ല. അനന്തരം അഞ്ചാം ഖണ്ഡികയില്‍ മൌലിക വിഷയത്തെകുറിച്ച് നേരിട്ട് സംസാരിച്ചുതുടങ്ങുന്നു. ആദ്യമായി മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെ സ്ഥിരീകരിക്കുന്ന ഒരു സംഗതി ഇതുതന്നെയാണ്. എന്തെന്നാല്‍ അദ്ദേഹം ഒരു നിരക്ഷരനാണ്. അതോടൊപ്പം രണ്ടായിരം വര്‍ഷം മുമ്പ് കഴിഞ്ഞുപോയ ചരിത്രസംഭവങ്ങള്‍ കൃത്യമായും വിശദമായും അദ്ദേഹം കേള്‍പ്പിക്കുന്നു. അത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനുതകുന്ന യാതൊരു ഉപാധിയും അദ്ദേഹത്തിന്റെ കൈവശമില്ലെന്ന് നാട്ടുകാര്‍ക്കും സമുദായത്തിനും നന്നായറിയാം. പിന്നെ അദ്ദേഹത്തെ പ്രവാചകനാക്കുക വഴി അല്ലാഹു അവര്‍ക്ക് മഹത്തായ അനുഗ്രഹം ചെയ്തിരിക്കുകയാണെന്ന് സ്ഥിരപ്പെടുത്തുന്നു. അവര്‍ പ്രജ്ഞാശൂന്യതയിലകപ്പെട്ടിരുന്നു. അല്ലാഹു അവര്‍ക്ക് സന്‍മാര്‍ഗദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അനന്തരം, അവര്‍ സദാ ഉന്നയിച്ചുകൊണ്ടിരിക്കുന്ന, `ഈ പ്രവാചകന്‍, മൂസാ കാണിച്ചതുപോലുള്ള ദിവ്യാദ്ഭുതങ്ങള്‍ കാണിക്കാത്തതെന്തുകൊണ്ട്` എന്ന വിമര്‍ശനത്തിന് മറുപടി നല്‍കുന്നു. അവരോട് പറയുന്നു: ഇപ്പോള്‍ ഈ നബിയില്‍നിന്ന് ദൃഷ്ടാന്തങ്ങളാവശ്യപ്പെടുന്ന നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നവനെന്ന് നിങ്ങള്‍തന്നെ അംഗീകരിക്കുന്ന മൂസായില്‍ എന്നാണ് വിശ്വസിച്ചിട്ടുള്ളത്? ജഡികേഛകള്‍ക്കടിപ്പെട്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍തന്നെ നിങ്ങള്‍ക്ക് സത്യം കാണാന്‍ കഴിയും. പക്ഷേ, നിങ്ങള്‍ ആ രോഗത്തിനടിപ്പെട്ടിരിക്കുന്നുവെങ്കില്‍ ദൃഷ്ടാന്തങ്ങള്‍ വന്നാലും കണ്ണ് തുറക്കാനാവില്ല. തുടര്‍ന്ന് അക്കാലത്ത് മക്കയില്‍ കുറേ ക്രിസ്ത്യാനികള്‍ വന്നതിനെ സ്പര്‍ശിച്ചുകൊണ്ട് നിഷേധികളെ ഉദ്ബുദ്ധരാക്കുകയും ലജ്ജിതരാക്കുകയും ചെയ്യുന്നു. അവര്‍ ഖുര്‍ആന്‍ കേള്‍ക്കുകയും നബി(സ)യില്‍ വിശ്വസിക്കുകയും ചെയ്തു. പക്ഷേ, മക്കാനിവാസികള്‍ തങ്ങളുടെ മൂക്കിനു മുന്നില്‍ വന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നില്ല. പ്രത്യുത, അവരുടെ കൂട്ടത്തിലുള്ള അബൂജഹ്ല്‍  അതിനെ പരസ്യമായി അവഹേളിക്കുകയാണ് ചെയ്തത്. അവസാനമായി നബി(സ)യില്‍ വിശ്വസിക്കാതിരിക്കാന്‍ മക്കാനിവാസികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന അടിസ്ഥാന ന്യായം പരിശോധിക്കുകയാണ്. അവരുടെ വാദമിതായിരുന്നു: ഞങ്ങള്‍ അറബികളുടെ ബഹുദൈവമതമുപേക്ഷിച്ച് ഏകദൈവത്വം സ്വീകരിച്ചാല്‍, അറബികള്‍ക്കിടയില്‍ ഞങ്ങള്‍ക്കുള്ള മതപരവും രാഷ്ട്രീയവും സാംസ്കാരികവുമായ മേധാവിത്വം പെട്ടെന്ന് നഷ്ടപ്പെട്ടുപോകും. പിന്നെ അറബികളിലെ ഏറ്റം ശ്രേയസ്സും പ്രതാപവുമുള്ള ഗോത്രം എന്ന നിലയില്‍നിന്ന് ഞങ്ങള്‍ ഭൂമിയില്‍ യാതൊരു ഗതിയുമില്ലാത്ത നിരാലംബരായിത്തീരും. ഖുറൈശികളെ സത്യവിരോധത്തിന് പ്രേരിപ്പിച്ച അടിസ്ഥാനകാരണം ഇതാണ്. മറ്റു സന്ദേഹങ്ങളെല്ലാം അവര്‍ സാമാന്യ ജനങ്ങളെ വശീകരിക്കുന്നതിനുവേണ്ടി മെനഞ്ഞെടുത്തവയാണ്. അതുകൊണ്ട് സൂറയുടെ അവസാനംവരെ ഇതിനെപറ്റി വിശദമായി സംസാരിച്ചിരിക്കുന്നു. ഖുര്‍ആന്‍ ഈ പ്രശ്നത്തിന്റെ എല്ലാ വശങ്ങളിലേക്കും വെളിച്ചംവീശിക്കൊണ്ട്, ഈ ആളുകളെ ഭൌതികതാല്‍പര്യങ്ങളുടെ വീക്ഷണകോണിലൂടെ സത്യാസത്യങ്ങള്‍ നിര്‍ണയിക്കാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാന ദൌര്‍ബല്യം അങ്ങേയറ്റം യുക്തിപരമായ രീതിയില്‍ ചികില്‍സിക്കുകയാണിവിടെ.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1- ത്വാ-സീന്‍-മീം.
2- സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണിത്.
3- മൂസായുടെയും ഫറവോന്റെയും ചില വൃത്താന്തങ്ങള്‍ നാം നിന്നെ വസ്തുനിഷ്ഠമായി ഓതിക്കേള്‍പ്പിക്കാം. വിശ്വസിക്കുന്ന ജനത്തിനുവേണ്ടിയാണിത്.
4- ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച.
5- എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും.
6- അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും.
7- മൂസായുടെ മാതാവിനു നാം സന്ദേശം നല്‍കി: "അവനെ മുലയൂട്ടുക. അഥവാ, അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലെറിയുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും."
8- അങ്ങനെ ഫറവോന്റെ ആള്‍ക്കാര്‍ ആ കുട്ടിയെ കണ്ടെടുത്തു. അവസാനം അവന്‍ അവരുടെ ശത്രുവും ദുഃഖകാരണവുമാകാന്‍. സംശയമില്ല; ഫറവോനും ഹാമാനും അവരുടെ പട്ടാളക്കാരും തീര്‍ത്തും വഴികേടിലായിരുന്നു.
9- ഫറവോന്റെ പത്നി പറഞ്ഞു: "എന്റെയും നിങ്ങളുടെയും കണ്ണിനു കുളിര്‍മയാണിവന്‍. അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്. നമുക്ക് ഇവന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനാക്കാമല്ലോ." അവര്‍ ആ കുട്ടിയെസംബന്ധിച്ച നിജസ്ഥിതി അറിഞ്ഞിരുന്നില്ല.
10- മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്.
11- അവള്‍ ആ കുട്ടിയുടെ സഹോദരിയോടു പറഞ്ഞു: "നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക." അങ്ങനെ അവള്‍ അകലെനിന്ന് അവനെ വീക്ഷിച്ചു. ഇതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല.
12- ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസായുടെ സഹോദരി പറഞ്ഞു: "നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരെ പരിചയപ്പെടുത്തി തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ഈ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യും."
13- ഇങ്ങനെ നാം മൂസായെ അവന്റെ മാതാവിന് തിരിച്ചേല്‍പിച്ചു. അവളുടെ കണ്ണു കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവളറിയാനും. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നവരല്ല.
14- അങ്ങനെ മൂസ കരുത്തു നേടുകയും പക്വത പ്രാപിക്കുകയും ചെയ്തപ്പോള്‍ നാം അവന്ന് തീരുമാനശക്തിയും വിജ്ഞാനവും നല്‍കി. അവ്വിധമാണ് സച്ചരിതര്‍ക്കു നാം പ്രതിഫലം നല്‍കുക.
15- നഗരവാസികള്‍ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവനാണ്. അപരന്‍ ശത്രുവിഭാഗത്തിലുള്ളവനും. തന്റെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോള്‍ മൂസ അയാളെ ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസ പറഞ്ഞു: "ഇതു പിശാചിന്റെ ചെയ്തികളില്‍പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും."
16- അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, തീര്‍ച്ചയായും ഞാനെന്നോടു തന്നെ അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്കു പൊറുത്തുതരേണമേ." അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.
17- അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, നീയെനിക്ക് ധാരാളം അനുഗ്രഹം തന്നല്ലോ. അതിനാല്‍ ഞാനിനിയൊരിക്കലും കുറ്റവാളികള്‍ക്ക് തുണയാവുകയില്ല."
18- അടുത്ത പ്രഭാതത്തില്‍ പേടിയോടെ പാത്തും പതുങ്ങിയും മൂസ പട്ടണത്തില്‍ പ്രവേശിച്ചു. അപ്പോഴതാ തലേന്നാള്‍ തന്നോടു സഹായം തേടിയ അതേയാള്‍ അന്നും സഹായത്തിനായി മുറവിളികൂട്ടുന്നു. മൂസ അയാളോട് പറഞ്ഞു: "നീ വ്യക്തമായും ദുര്‍മാര്‍ഗി തന്നെ."
19- അങ്ങനെ അദ്ദേഹം അവരിരുവരുടെയും ശത്രുവായ ആളെ പിടികൂടാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: "ഇന്നലെ നീയൊരുവനെ കൊന്നപോലെ ഇന്ന് നീയെന്നെയും കൊല്ലാനുദ്ദേശിക്കുകയാണോ? ഇന്നാട്ടിലെ ഒരു മേലാളനാകാന്‍ മാത്രമാണ് നീ ആഗ്രഹിക്കുന്നത്. നന്മ വരുത്തുന്ന നല്ലവനാകാനല്ല."
20- അപ്പോള്‍ പട്ടണത്തിന്റെ മറ്റേ അറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: "ഓ, മൂസാ, താങ്കളെ കൊല്ലാന്‍ നാട്ടിലെ പ്രധാനികള്‍ ആലോചിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ താങ്കളിവിടെനിന്ന് പുറത്തുപോയി രക്ഷപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളിലൊരാളാണ്."
21- അങ്ങനെ മൂസ പേടിയോടും കരുതലോടും കൂടി അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: "എന്റെ നാഥാ, അക്രമികളായ ഈ ജനതയില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തേണമേ."
22- മദ്യന്റെ നേരെ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ നാഥന്‍ എന്നെ ശരിയായ വഴിയിലൂടെ നയിച്ചേക്കാം."
23- മദ്യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതുകണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞുനിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: "നിങ്ങളുടെ പ്രശ്നമെന്താണ്?" അവരിരുവരും പറഞ്ഞു: "ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്."
24- അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: "എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരുനന്മയ്ക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍."
25- അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: "താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്." അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തി, തന്റെ കഥകളൊക്കെയും വിവരിച്ചുകൊടുത്തു. അതുകേട്ട് ആ വൃദ്ധന്‍ പറഞ്ഞു: "പേടിക്കേണ്ട. അക്രമികളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടുകഴിഞ്ഞു."
26- ആ രണ്ടു സ്ത്രീകളിലൊരുവള്‍ പറഞ്ഞു: "പിതാവേ, അങ്ങ് ഇദ്ദേഹത്തെ നമ്മുടെ കൂലിക്കാരനാക്കിയാലും. തീര്‍ച്ചയായും അങ്ങ്കൂലിക്കാരായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനാണ്."
27- വൃദ്ധന്‍ പറഞ്ഞു: "എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ നിനക്കു വിവാഹം ചെയ്തുതരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനുള്ള വ്യവസ്ഥയിതാണ്: എട്ടു കൊല്ലം നീയെനിക്ക് കൂലിപ്പണിയെടുക്കണം. അഥവാ പത്തുകൊല്ലം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അതു നിന്റെയിഷ്ടം. ഞാന്‍ നിന്നെ ഒട്ടും കഷ്ടപ്പെടുത്താനുദ്ദേശിക്കുന്നില്ല. ഞാന്‍ നല്ലവനാണെന്ന് നിനക്കു കണ്ടറിയാം. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍!"
28- മൂസ പറഞ്ഞു: "നമുക്കിടയിലുള്ള വ്യവസ്ഥ അതുതന്നെ. രണ്ട് അവധികളില്‍ ഏതു പൂര്‍ത്തീകരിച്ചാലും പിന്നെ എന്നോട് വിഷമം തോന്നരുത്. നാം ഇപ്പറയുന്നതിന് അല്ലാഹു സാക്ഷി."
29- അങ്ങനെ മൂസ ആ അവധി പൂര്‍ത്തിയാക്കി. പിന്നെ തന്റെ കുടുംബത്തെയും കൂട്ടി യാത്ര തിരിച്ചു. അപ്പോള്‍ ആ മലയുടെ ഭാഗത്തുനിന്ന് അദ്ദേഹം തീ കണ്ടു. മൂസ തന്റെ കുടുംബത്തോടു പറഞ്ഞു: "നില്‍ക്കൂ. ഞാന്‍ തീ കാണുന്നുണ്ട്. അവിടെ നിന്നു വല്ല വിവരവുമായി വരാം. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു തീക്കൊള്ളി കൊണ്ടുവന്നുതരാം. നിങ്ങള്‍ക്കു തീ കായാമല്ലോ."
30- അങ്ങനെ അദ്ദേഹം അതിനടുത്തെത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തെ താഴ്വരയുടെ വലതുവശത്തെ വൃക്ഷത്തില്‍നിന്ന് ഒരശരീരിയുണ്ടായി. "മൂസാ, സംശയം വേണ്ട; ഞാനാണ് അല്ലാഹു. സര്‍വലോകസംരക്ഷകന്‍.
31- "നിന്റെ വടി താഴെയിടൂ." അതോടെ അത് പാമ്പിനെപ്പോലെ ഇഴയാന്‍ തുടങ്ങി. ഇതുകണ്ട് അദ്ദേഹം പേടിച്ച് പിന്തിരിഞ്ഞോടി. തിരിഞ്ഞുനോക്കിയതുപോലുമില്ല. അല്ലാഹു പറഞ്ഞു: "മൂസാ, തിരിച്ചുവരിക. പേടിക്കേണ്ട. നീ തികച്ചും സുരക്ഷിതനാണ്.
32- "നീ നിന്റെ കൈ കുപ്പായത്തിന്റെ മാറിലേക്ക് കടത്തിവെക്കുക. ന്യൂനതയൊന്നുമില്ലാതെ വെളുത്തുതിളങ്ങുന്നതായി അതു പുറത്തുവരും. പേടി വിട്ടുപോകാന്‍ നിന്റെ കൈ ശരീരത്തോടു ചേര്‍ത്ത് പിടിക്കുക. ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക്, നിന്റെ നാഥനില്‍ നിന്നുള്ള തെളിവുകളാണ് ഇവ രണ്ടും. അവര്‍ ഏറെ ധിക്കാരികളായ ജനം തന്നെ."
33- മൂസ പറഞ്ഞു: "എന്റെ നാഥാ, അവരിലൊരുവനെ ഞാന്‍ കൊന്നിട്ടുണ്ട്. അതിനാല്‍ അവരെന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
34- "എന്റെ സഹോദര്‍ ഹാറൂന്‍ എന്നെക്കാള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയുന്നവനാണ്. അതിനാല്‍ അവനെ എന്നോടൊപ്പം എനിക്കൊരു സഹായിയായി അയച്ചുതരിക. അവന്‍ എന്റെ സത്യത ബോധ്യപ്പെടുത്തിക്കൊള്ളും. അവരെന്നെ തള്ളിപ്പറയുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു."
35- അല്ലാഹു പറഞ്ഞു: "നിന്റെ സഹോദരനിലൂടെ നിന്റെ കൈക്കു നാം കരുത്തേകും. നിങ്ങള്‍ക്കിരുവര്‍ക്കും നാം സ്വാധീനമുണ്ടാക്കും. അതിനാല്‍ അവര്‍ക്കു നിങ്ങളെ ദ്രോഹിക്കാനാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം നിങ്ങളും നിങ്ങളെ പിന്തുടര്‍ന്നവരും തന്നെയായിരിക്കും വിജയികള്‍."
36- അങ്ങനെ നമ്മുടെ വളരെ പ്രകടമായ അടയാളങ്ങളുമായി മൂസ അവരുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: "ഇതു കെട്ടിച്ചമച്ച ജാലവിദ്യയല്ലാതൊന്നുമല്ല. നമ്മുടെ പൂര്‍വപിതാക്കളില്‍ ഇങ്ങനെയൊന്ന് നാം കേട്ടിട്ടേയില്ലല്ലോ."
37- മൂസ പറഞ്ഞു: "എന്റെ നാഥന് നന്നായറിയാം; അവന്റെ അടുത്തുനിന്ന് നേര്‍വഴിയുമായി വന്നത് ആരാണെന്ന്. ഈ ലോകത്തിന്റെ അന്ത്യം ആര്‍ക്കനുകൂലമാകുമെന്നും. തീര്‍ച്ചയായും അതിക്രമികള്‍ വിജയിക്കുകയില്ല."
38- ഫറവോന്‍ പറഞ്ഞു: "അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാല്‍ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസയുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവന്‍ കള്ളം പറയുന്നവനാണെന്ന് ഞാന്‍ കരുതുന്നു."
39- അവനും അവന്റെ പടയാളികളും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവര്‍ വിചാരിച്ചത്.
40- അതിനാല്‍ അവനെയും അവന്റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ; ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
41- അവരെ നാം നരകത്തിലേക്കു വിളിക്കുന്ന നായകന്മാരാക്കി. ഒന്നുറപ്പ്; ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല.
42- ഈ ലോകത്ത് ശാപം അവരെ പിന്തുടരുന്ന അവസ്ഥ നാം ഉണ്ടാക്കി. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഉറപ്പായും അവര്‍ തന്നെയായിരിക്കും അങ്ങേയറ്റം നീചന്മാര്‍.
43- മൂസാക്കു നാം വേദപുസ്തകം നല്‍കി. മുന്‍തലമുറകളെ നശിപ്പിച്ചശേഷമാണത്. ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയും നേര്‍വഴിയും അനുഗ്രഹവുമായാണത്. ഒരു വേള, അവര്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ.
44- മൂസാക്കു നാം നിയമ പ്രമാണം നല്‍കിയപ്പോള്‍ ആ പശ്ചിമ ദിക്കില്‍ നീ ഉണ്ടായിരുന്നില്ല. അതിനു സാക്ഷിയായവരിലും നീയുണ്ടായിരുന്നില്ല.
45- എന്നല്ല; പിന്നീട് പല തലമുറകളെയും നാം കരുപ്പിടിപ്പിച്ചു. അവരിലൂടെ കുറേകാലം കടന്നുപോയി. നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് മദ്യന്‍കാരിലും നീ ഉണ്ടായിരുന്നില്ല. എങ്കിലും നാം നിനക്കു സന്ദേശവാഹകരെ അയക്കുകയായിരുന്നു.
46- നാം മൂസയെ വിളിച്ചപ്പോള്‍ ആമലയുടെ ഭാഗത്തും നീയുണ്ടായിരുന്നില്ല. എന്നാല്‍, നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ ഇതൊക്കെ നിനക്കറിയിച്ചുതരികയാണ്. ഒരു ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. നിനക്കുമുമ്പ് ഒരു മുന്നറിയിപ്പുകാരനും അവരില്‍ വന്നെത്തിയിട്ടില്ല. അവര്‍ ചിന്തിച്ചു മനസ്സിലാക്കിയേക്കാം.
47- തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ല വിപത്തും അവരെ ബാധിച്ചാല്‍ അവര്‍ ഇങ്ങനെ പറയാതിരിക്കാനാണ് നാം നിന്നെ അയച്ചത്: "ഞങ്ങളുടെ നാഥാ, ഞങ്ങളിലേക്ക് ഒരു ദൂതനെ നിനക്ക് നിയോഗിച്ചുകൂടായിരുന്നോ? എങ്കില്‍ ഞങ്ങള്‍ നിന്റെ കല്‍പനകള്‍ പിന്‍പറ്റുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്യുമായിരുന്നല്ലോ."
48- എന്നാല്‍ നമ്മില്‍ നിന്നുള്ള സത്യം വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: "മൂസാക്കു ലഭിച്ചതുപോലുള്ള ദൃഷ്ടാന്തം ഇവനു കിട്ടാത്തതെന്ത്?" എന്നാല്‍ മൂസാക്കു ദൃഷ്ടാന്തം കിട്ടിയിട്ടും ജനം അദ്ദേഹത്തെ തള്ളിപ്പറയുകയല്ലേ ചെയ്തത്? അവര്‍ പറഞ്ഞു: "പരസ്പരം പിന്തുണക്കുന്ന രണ്ടു ജാലവിദ്യക്കാര്‍!" അവര്‍ ഇത്രകൂടി പറഞ്ഞു: "ഞങ്ങളിതാ ഇതിനെയൊക്കെ തള്ളിപ്പറയുന്നു."
49- പറയുക: "ഇവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്ന ഒരു ഗ്രന്ഥം അല്ലാഹുവിങ്കല്‍ നിന്നിങ്ങ് കൊണ്ടുവരൂ. ഞാനത് പിന്‍പറ്റാം. നിങ്ങള്‍ സത്യവാദികളെങ്കില്‍!"
50- അഥവാ, അവര്‍ നിനക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനമൊന്നുമില്ലാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.
51- നാമവര്‍ക്ക് നമ്മുടെ വചനം അടിക്കടി എത്തിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ.
52- ഇതിനുമുമ്പ് നാം വേദപുസ്തകം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നു.
53- ഇത് അവരെ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: "ഞങ്ങളിതില്‍ വിശ്വസിച്ചിരിക്കുന്നു. സംശയമില്ല; ഇതു ഞങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെ. തീര്‍ച്ചയായും ഇതിനു മുമ്പുതന്നെ ഞങ്ങള്‍ മുസ്ലിംകളായിരുന്നുവല്ലോ."
54- അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ തിന്മയെ നന്മകൊണ്ടു നേരിടുന്നവരാണ്. നാം അവര്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും.
55- പാഴ്മൊഴികള്‍ കേട്ടാല്‍ അവരതില്‍ നിന്ന് വിട്ടകലും. എന്നിട്ടിങ്ങനെ പറയും: "ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്; നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. അവിവേകികളുടെ കൂട്ട് ഞങ്ങള്‍ക്കുവേണ്ട. നിങ്ങള്‍ക്കു സലാം."
56- സംശയമില്ല; നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍.
57- അവര്‍ പറയുന്നു: "ഞങ്ങള്‍ നിന്നോടൊപ്പം നീ നിര്‍ദേശിക്കുംവിധം നേര്‍വഴി സ്വീകരിച്ചാല്‍ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍നിന്ന് പിഴുതെറിയും." എന്നാല്‍ നിര്‍ഭയമായ ഹറം നാം അവര്‍ക്ക് വാസസ്ഥലമായി ഒരുക്കിക്കൊടുത്തിട്ടില്ലേ? എല്ലായിനം പഴങ്ങളും ശേഖരിച്ച് നാമവിടെ കൊണ്ടെത്തിക്കുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമാണത്. പക്ഷേ, അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.
58- എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അവിടത്തുകാര്‍ ജീവിതാസ്വാദനത്തില്‍ മതിമറന്ന് അഹങ്കരിക്കുന്നവരായിരുന്നു. അതാ അവരുടെ പാര്‍പ്പിടങ്ങള്‍! അവര്‍ക്കുശേഷം അല്‍പംചിലരല്ലാതെ അവിടെ താമസിച്ചിട്ടില്ല. അവസാനം അവയുടെ അവകാശി നാം തന്നെയായി.
59- നിന്റെ നാഥന്‍ ഒരു നാടിനെയും നശിപ്പിക്കുകയില്ല. ജനങ്ങള്‍ക്ക് നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്ന ദൂതനെ നാടിന്റെ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടല്ലാതെ. നാട്ടുകാര്‍ അതിക്രമികളായിരിക്കെയല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല.
60- നിങ്ങള്‍ക്ക് കൈവന്നതെല്ലാം കേവലം ഐഹികജീവിതവിഭവങ്ങളും അതിന്റെ അലങ്കാരവസ്തുക്കളുമാണ്. അല്ലാഹുവിന്റെ അടുത്തുള്ളതാണ് അത്യുത്തമം. അനശ്വരമായിട്ടുള്ളതും അതുതന്നെ. എന്നിട്ടും നിങ്ങളെന്തുകൊണ്ട് ചിന്തിക്കുന്നില്ല?
61- നാം ഒരാള്‍ക്ക് നല്ലൊരു വാഗ്ദാനം നല്‍കി. ആ വാഗ്ദാനം അയാള്‍ക്ക് സഫലമാകും. മറ്റൊരാളെ നാം ഐഹികജീവിതവിഭവങ്ങള്‍ ആസ്വദിപ്പിച്ചു. പിന്നീട് അയാളെ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നോവേറിയ ശിക്ഷക്കായി ഹാജരാക്കും. ഇരുവരും ഒരേപോലെയാണോ?
62- അല്ലാഹു അവരെ വിളിക്കുന്ന ദിവസം. എന്നിട്ടിങ്ങനെ ചോദിക്കും: "എനിക്കു നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്ന ആ പങ്കാളികളെവിടെ?"
63- ശിക്ഷാവചനം ബാധകമായത് ആരിലാണോ അവര്‍ അന്ന് പറയും: "ഞങ്ങളുടെ നാഥാ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്. ഞങ്ങള്‍ വഴിപിഴച്ചപോലെ ഞങ്ങളിവരെയും പിഴപ്പിച്ചു. ഞങ്ങളിതാ നിന്റെ മുന്നില്‍ ഉത്തരവാദിത്തമൊഴിയുന്നു. ഞങ്ങളെയല്ല ഇവര്‍ പൂജിച്ചുകൊണ്ടിരുന്നത്."
64- അന്ന് ഇവരോടിങ്ങനെ പറയും: "നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ." അപ്പോഴിവര്‍ അവരെ വിളിച്ചുനോക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുകയില്ല. ഇവരോ ശിക്ഷ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ നേര്‍വഴിയിലായിരുന്നെങ്കില്‍!
65- അല്ലാഹു അവരെ വിളിക്കുന്ന ദിവസത്തെ ഓര്‍ക്കുക: അന്ന് അവന്‍ ചോദിക്കും: "ദൈവദൂതന്മാര്‍ക്ക് എന്ത് ഉത്തരമാണ് നിങ്ങള്‍ നല്‍കിയത്?"
66- അന്നാളില്‍ വര്‍ത്തമാനമൊന്നും പറയാന്‍ അവര്‍ക്കാവില്ല. അവര്‍ക്കൊന്നും പരസ്പരം ചോദിക്കാന്‍പോലും കഴിയില്ല.
67- എന്നാല്‍ പശ്ചാത്തപിച്ചു മടങ്ങുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ വിജയികളിലുള്‍പ്പെട്ടേക്കാം.
68- നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൊരു പങ്കുമില്ല. അല്ലാഹു ഏറെ പരിശുദ്ധനാണ്. അവര്‍ പങ്കുചേര്‍ക്കുന്നവയ്ക്കെല്ലാം അതീതനും.
69- അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നതും അവര്‍ വെളിപ്പെടുത്തുന്നതുമെല്ലാം നിന്റെ നാഥന്‍ നന്നായറിയുന്നു.
70- അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. കല്‍പനാധികാരവും അവനുതന്നെ. നിങ്ങളൊക്കെ മടങ്ങിച്ചെല്ലുക അവങ്കലേക്കാണ്.
71- പറയുക: നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ അല്ലാഹു നിങ്ങളില്‍ രാവിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ അല്ലാഹുഅല്ലാതെ നിങ്ങള്‍ക്കു വെളിച്ചമെത്തിച്ചുതരാന്‍ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കേള്‍ക്കുന്നില്ലേ?
72- പറയുക: നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ അല്ലാഹു നിങ്ങളില്‍ പകലിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ നിങ്ങള്‍ക്കു വിശ്രമത്തിനു രാവിനെ കൊണ്ടുവന്നുതരാന്‍ അല്ലാഹുവെക്കൂടാതെ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കണ്ടറിയുന്നില്ലേ?
73- അവന്റെ അനുഗ്രഹത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാപ്പകലുകള്‍ നിശ്ചയിച്ചുതന്നു. നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ?
74- ഒരു ദിനം വരും. അന്ന് അല്ലാഹു അവരെ വിളിക്കും. എന്നിട്ടിങ്ങനെ ചോദിക്കും: "നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്ന ആ പങ്കാളികളെവിടെ?"
75- ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം അന്ന് രംഗത്ത് വരുത്തും. എന്നിട്ട് നാം അവരോടു പറയും: "നിങ്ങള്‍ നിങ്ങളുടെ തെളിവുകൊണ്ടുവരൂ!" സത്യം അല്ലാഹുവിന്റേതാണെന്ന് അപ്പോള്‍ അവരറിയും. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരില്‍നിന്ന് തെന്നിമാറുകയും ചെയ്യും.
76- ഖാറൂന്‍ മൂസയുടെ ജനതയില്‍ പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു. നാം അവന്ന് ധാരാളം ഖജനാവുകള്‍ നല്‍കി. ഒരുകൂട്ടം മല്ലന്മാര്‍പോലും അവയുടെ താക്കോല്‍കൂട്ടം ചുമക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അയാളുടെ ജനത ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: "നീ അഹങ്കരിക്കരുത്. അഹങ്കരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
77- "അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല."
78- ഖാറൂന്‍ പറഞ്ഞു: "എനിക്കിതൊക്കെ കിട്ടിയത് എന്റെ വശമുള്ള വിദ്യകൊണ്ടാണ്." അവനറിഞ്ഞിട്ടില്ലേ; അവനു മുമ്പ് അവനെക്കാള്‍ കരുത്തും സംഘബലവുമുണ്ടായിരുന്ന അനേകം തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്. കുറ്റവാളികളോട് അവരുടെ കുറ്റങ്ങളെക്കുറിച്ച് ചോദിക്കുകപോലുമില്ല.
79- അങ്ങനെ അവന്‍ എല്ലാവിധ ആര്‍ഭാടങ്ങളോടുംകൂടി ജനത്തിനിടയിലേക്ക് ഇറങ്ങിത്തിരിച്ചു. അതുകണ്ട് ഐഹികജീവിതസുഖം കൊതിക്കുന്നവര്‍ പറഞ്ഞു: "ഖാറൂന് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍! ഖാറൂന്‍ മഹാ ഭാഗ്യവാന്‍ തന്നെ."
80- എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞതിങ്ങനെയാണ്: "നിങ്ങള്‍ക്കു നാശം! സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏറ്റം നല്ലത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അതു ലഭ്യമല്ല."
81- അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തി. അപ്പോള്‍ അല്ലാഹുവെക്കൂടാതെ അവനെ സഹായിക്കാന്‍ അവന്റെ കക്ഷികളാരുമുണ്ടായില്ല. സ്വന്തത്തിന് സഹായിയാകാന്‍ അവനു സാധിച്ചതുമില്ല.
82- അതോടെ ഇന്നലെ അവന്റെ സ്ഥാനം മോഹിച്ചിരുന്ന അതേ ആളുകള്‍ പറഞ്ഞു: "കഷ്ടം! അല്ലാഹു തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനം ഉദാരമായി നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുകയും ചെയ്യുന്നു. അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ നമ്മെയും അവന്‍ ഭൂമിയില്‍ ആഴ്ത്തിക്കളയുമായിരുന്നു. കഷ്ടം! സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല."
83- ആ പരലോകഭവനം നാം ഏര്‍പ്പെടുത്തിയത് ഭൂമിയില്‍ ധിക്കാരമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ഒന്നുറപ്പ്; അന്തിമവിജയം ദൈവഭക്തന്മാര്‍ക്കു മാത്രമാണ്.
84- നന്മയുമായി വരുന്നവന് അതിനെക്കാള്‍ മെച്ചമായതു പ്രതിഫലമായി കിട്ടും. എന്നാല്‍ ആരെങ്കിലും തിന്മയുമായി വരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പ്രതിഫലമേ അവര്‍ക്കുണ്ടാവുകയുള്ളൂ.
85- നിശ്ചയമായും നിനക്ക് ഈ ഖുര്‍ആന്‍ ജീവിതക്രമമായി നിശ്ചയിച്ചവന്‍ നിന്നെ മഹത്തായ ഒരു പരിണതിയിലേക്കു നയിക്കുക തന്നെ ചെയ്യും. പറയുക: എന്റെ നാഥന് നന്നായറിയാം; നേര്‍വഴിയുമായി വന്നവനാരെന്ന്. വ്യക്തമായ വഴികേടിലകപ്പെട്ടവനാരെന്നും.
86- നിനക്ക് ഈ വേദപുസ്തകം ഇറക്കപ്പെടുമെന്ന് നീയൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിന്റെ നാഥനില്‍ നിന്നുള്ള കാരുണ്യമാണിത്. അതിനാല്‍ നീ സത്യനിഷേധികള്‍ക്ക് തുണയാകരുത്.
87- അല്ലാഹുവിന്റെ വചനങ്ങള്‍ നിനക്കിറക്കിക്കിട്ടിയശേഷം സത്യനിഷേധികള്‍ നിന്നെ അതില്‍നിന്ന് തെറ്റിക്കാതിരിക്കട്ടെ. നീ ജനങ്ങളെ നിന്റെ നാഥനിലേക്കു ക്ഷണിക്കുക. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുത്.
88- അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുന്നവരാണ്.