104 അല്‍ഹുമസ:

ആമുഖം
നാമം
പ്രഥമ സൂക്തത്തിലുളള هُمَزَة എന്ന പദമാണ് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 
അവതരണകാലം
ഈ സൂറ മക്കയിലവതരിച്ചതാണെന്ന കാര്യത്തില്‍ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും യോജിച്ചിരിക്കുന്നു. ഉളളടക്കവും ശൈലിയും പരിശോധിച്ചാലും മക്കയിലെ  ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് മനസ്സിലാവും. 
ഉള്ളടക്കം
ജാഹിലിയ്യാ സമൂഹത്തിലെ ധനപൂജകരായ സമ്പന്നരില്‍ കണ്ടുവന്നിരുന്ന ചില ധാര്‍മിക ദൂഷ്യങ്ങളെ ആക്ഷേപിച്ചിരിക്കുകയാണിതില്‍. ആ തിന്മകള്‍ തങ്ങളുടെ സമൂഹത്തില്‍ നടമാടുന്നതായി ഓരോ അറബിക്കും അറിയാമായിരുന്നതാണ്. അവ തിന്മകള്‍തന്നെയാണെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതൊക്കെ നല്ലതാണെന്ന വിചാരം ആര്‍ക്കുമുണ്ടായിരുന്നില്ല. ആ ജുഗുപ്സാവഹമായ ചെയ്തികള്‍ എടുത്തുകാണിച്ചശേഷം അവ അനുവര്‍ത്തിക്കുന്നവരുടെ പാരത്രിക പര്യവസാനം എന്തായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുകയാണ്. അത്തരം നടപടികളുടെ അനന്തരഫലം അതുതന്നെയാണ് ആയിരിക്കേണ്ടത് എന്ന ബോധത്തില്‍ അനുവാചക മനസ്സ് സ്വയം എത്തിച്ചേരുന്ന രീതിയിലാണ് ഈ രണ്ടു കാര്യങ്ങളും (ആ ചെയ്തികളും അവയുടെ പാരത്രിക പര്യവസാനവും) വിവരിച്ചിട്ടുളളത്. ഈ വക തിന്മകളനുവര്‍ത്തിക്കുന്നവര്‍ ഭൌതികലോകത്ത് യാതൊരു ശിക്ഷയുമനുഭവിക്കാതെ സുഖിച്ചു മദിക്കുന്നതായി കാണപ്പെടുന്നതിനാല്‍ പരലോകത്തെങ്കിലും തീര്‍ച്ചയായും അതനുഭവിക്കേണ്ടത് അനിവാര്യമാണെന്ന് ചിന്താശക്തിയുളളവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല. ഈ സൂറയെ, സൂറ അസ്സില്‍സാല്‍ മുതല്‍ ഇതുവരെയുളള സൂറകളുടെ നിരയില്‍വെച്ചു പരിശോധിച്ചാല്‍ മക്കയിലെ  ആദ്യനാളുകളില്‍ ഇസ്ലാമികാദര്‍ശങ്ങളും അതിന്റെ ധാര്‍മികാധ്യാപനങ്ങളും ഏതു രീതിയിലാണ് ജനങ്ങളെ ഗ്രഹിപ്പിച്ചിരുന്നതെന്ന് നമുക്കു വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. സൂറ അസ്സില്‍സാലില്‍ പറഞ്ഞു: പരലോകത്ത് മനുഷ്യന്റെ കര്‍മരേഖകളത്രയും അവന്റെ മുമ്പില്‍ ഹാജരാക്കപ്പെടും. ഇഹലോകത്ത് അവനില്‍നിന്നുണ്ടായ അണുഅളവ് നന്മയോ തിന്മയോ അതില്‍നിന്നു വിട്ടുപോയിട്ടുണ്ടാവില്ല. സൂറ അല്‍ആദിയാത്തില്‍, അറബികള്‍ക്കിടയില്‍ സര്‍വത്ര നടമാടിയിരുന്ന കൊളളയും കവര്‍ച്ചയും കൊലയും സംഘട്ടനങ്ങളും സൂചിപ്പിച്ചിരിക്കുന്നു. പിന്നെ ദൈവത്തിങ്കല്‍നിന്നു ലഭിച്ച കഴിവുകളെ ഈ വിധം വിനിയോഗിക്കുന്നത് ഗുരുതരമായ നന്ദികേടാണെന്ന ബോധമുണര്‍ത്തിയ ശേഷം ജനങ്ങളോടു പറയുന്നു: ഈ നടപടികളൊന്നും ഈ ലോകംകൊണ്ട് അവസാനിച്ചുപോകുന്നില്ല. മരണാനന്തര ജീവിതത്തില്‍ നിങ്ങളുടെ കര്‍മങ്ങള്‍ മാത്രമല്ല, അവയ്ക്കു പിന്നിലുളള ഉദ്ദേശ്യങ്ങള്‍ പോലും കണിശമായി പരിശോധിക്കപ്പെടുന്നതാണ്. ആര്, എന്തു സമീപനമര്‍ഹിക്കുന്നുവെന്ന് നിങ്ങളുടെ റബ്ബിന് നന്നായറിയാം. സൂറ അല്‍ഖാരിഅഃയില്‍ അന്ത്യനാളിനെ വര്‍ണിച്ചശേഷം മനുഷ്യരോടുണര്‍ത്തുന്നു: പരലോകത്ത് മനുഷ്യന്റെ പരിണതി നല്ലതോ ചീത്തയോ ആകുന്നത് അവന്റെ നന്മകളുടെ തട്ട് ഭാരിച്ചതോ ഭാരശൂന്യമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സൂറ അത്തകാസുറില്‍, ആളുകളെ അന്ത്യശ്വാസംവരെ പരസ്പരം മത്സരിച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ ഐഹികലാഭങ്ങളും സുഖാഡംബരങ്ങളും സ്ഥാനമാനങ്ങളും വാരിക്കൂട്ടാന്‍ ത്വരിപ്പിക്കുന്ന ഭൌതികപൂജാപരമായ മാനസികാവസ്ഥയെ വിമര്‍ശിച്ചിരിക്കുന്നു. തുടര്‍ന്ന് ഈ പ്രജ്ഞാശൂന്യതയുടെ അനന്തരഫലം ഇപ്രകാരമായിരിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു: ഈ ലോകം, ആര്‍ക്കും എങ്ങനെ വേണമെങ്കിലും എത്ര വേണമെങ്കിലും കൈയിട്ടുവാരാവുന്ന ഒരനാഥക്കുടമൊന്നുമല്ല. ഇവിടെ ലഭിക്കുന്ന ഓരോ അനുഗ്രഹത്തിനും നിങ്ങളതെങ്ങനെ ആര്‍ജിച്ചുവെന്നും, ആര്‍ജിച്ചത് എങ്ങനെയൊക്കെയാണ് വിനിയോഗിച്ചതെന്നും നിങ്ങള്‍ റബ്ബിനോട് ഉത്തരം പറയേണ്ടതുണ്ട്. സൂറ അല്‍ അസ്വ്റില്‍ തികച്ചും അസന്ദിഗ്ധമായ ശൈലിയില്‍ പ്രസ്താവിക്കുന്നു: മനുഷ്യവംശത്തിലെ ഓരോ വ്യക്തിയും ഓരോ സമുദായവും, അങ്ങനെ മുഴുവന്‍ മാനുഷ്യകവും മഹാനഷ്ടത്തിലകപ്പെടുന്നു-അതിലെ അംഗങ്ങള്‍ സത്യം വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും അവരുടെ സമൂഹത്തില്‍ പരസ്പരം സത്യമുപദേശിക്കുകയും ക്ഷമയും സഹനവും പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായം പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍. അനന്തരം സൂറ അല്‍ഹുമസയില്‍ ജാഹിലിയ്യാ നേതൃത്വത്തിന്റെ പ്രകടമായ ചില ദുശ്ശീലങ്ങള്‍-അത്തരം ദുശ്ശീലങ്ങളനുവര്‍ത്തിക്കുന്നവര്‍ നഷ്ടത്തിലകപ്പെടാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കുന്നതുപോലെ-ജനങ്ങളുടെ മുന്നില്‍ എടുത്തുകാട്ടിയിരിക്കുകയാണ്.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!
2-അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.
3-ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു.
4-സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
5-ഹുത്വമ എന്തെന്ന് നിനക്കറിയാമോ?
6-അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.
7-ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.
8-അത് അവരുടെ മേല്‍ മൂടിയിരിക്കും;
9-നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.