65 അത്ത്വലാഖ്

ആമുഖം
നാമം
`അത്ത്വലാഖ്` അധ്യായനാമം മാത്രമല്ല, ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാണ്. ത്വലാഖിന്റെ-വിവാഹമോചനത്തിന്റെ-നിയമംതന്നെയാണ് ഇതിലെ പ്രതിപാദ്യം. ഹ: അബ്ദുല്ലാഹിബ്നു മസ്ഊദ്  ഈ അധ്യായത്തെ സൂറത്തുന്നിസാഇല്‍ ഖുസ്റാ (ചെറിയ സൂറത്തുന്നിസാഅ്) എന്നും വിളിക്കാറുണ്ടായിരുന്നു. 
അവതരണകാലം
സൂറ അല്‍ബഖറയില്‍ ആദ്യവട്ടം വിവാഹമോചന നിയമങ്ങള്‍ പരാമര്‍ശിച്ച സൂക്തങ്ങള്‍ക്കുശേഷമാണ് ഈ സൂറ അവതരിച്ചതെന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ്  വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന്റെ ആന്തരികസാക്ഷ്യവും അതുതന്നെയാണ് വെളിപ്പെടുത്തുന്നത്. ഇതിന്റെ അവതരണനാളുകള്‍ കൃത്യമായി നിര്‍ണയിക്കുക വിഷമകരമാണെങ്കിലും നിവേദനങ്ങളില്‍നിന്ന് ഇപ്രകാരം ബോധ്യമാകുന്നുണ്ട്: സൂറ അല്‍ബഖറയില്‍ പറഞ്ഞ നിയമങ്ങള്‍ മനസ്സിലാക്കുന്നതില്‍ ആളുകള്‍ക്ക് പല അബദ്ധങ്ങളും പറ്റാറുണ്ടായിരുന്നു. പ്രായോഗികരംഗത്തും അതുമൂലം കുഴപ്പങ്ങളുണ്ടാകാന്‍ തുടങ്ങിയപ്പോള്‍ അതു പരിഹരിക്കുന്നതിനുവേണ്ടി അല്ലാഹു അവതരിപ്പിച്ച നിര്‍ദേശങ്ങളാണിത്. 
ഉള്ളടക്കം
ഈ സൂറയിലെ നിയമങ്ങള്‍ ഗ്രഹിക്കുന്നതിന് ത്വലാഖും ഇദ്ദയും സംബന്ധിച്ച് നേരത്തെ വന്നിട്ടുള്ള നിര്‍ദേശങ്ങള്‍ നന്നായി ഓര്‍ത്തിരിക്കേണ്ടതാണ്. "ത്വലാഖ് രണ്ടുവട്ടമാകുന്നു. പിന്നെ മാന്യമായി കൂടെ പൊറുപ്പിക്കുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ചെയ്യണം``(അല്‍ബഖറ: 229) "വിവാഹമുക്തകള്‍ മൂന്ന് മാസമുറകള്‍ സ്വയം കാത്തിരിക്കണം...അവരുടെ ഭര്‍ത്താക്കന്‍മാര്‍ ബന്ധം നല്ലനിലയിലാക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഈ കാലയളവില്‍ അവരെ തിരിച്ചെടുക്കാന്‍ ഏറ്റം അവകാശമുള്ളവരാകുന്നു``(അല്‍ബഖറ:228). "വീണ്ടും അയാള്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അനന്തരം അവളെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നതുവരെ അയാള്‍ക്കനുവദയമാകുന്നില്ല`` (അല്‍ബഖറ:230). കൂടാതെ സൂറ അല്‍അഹ്സാബില്‍ അല്ലാഹു പറഞ്ഞു: "നിങ്ങള്‍ വിശ്വാസിനികളെ വിവാഹം ചെയ്യുകയും എന്നിട്ട് പരസ്പരം സ്പര്‍ശിക്കുന്നതിനുമുമ്പ് ത്വലാഖ് ചൊല്ലുകയും ചെയ്താല്‍ നിങ്ങള്‍ക്കുവേണ്ടി ഇദ്ദയാചരിക്കുവാന്‍ അവര്‍ക്കു ബാധ്യതയില്ല`` (അല്‍ അഹ്സാബ്: 49). "നിങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ മരിച്ചുപോകുന്ന ഭാര്യമാര്‍ നാലുമാസവും പത്തു നാളും സ്വയം കാത്തിരിക്കേണ്ടതാകുന്നു`` (അല്‍ബഖറ: 234) ഈ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ ഇവയാണ്: 1) ഒരാള്‍ക്ക് തന്റെ ഭാര്യയെ ഏറിയാല്‍ മൂന്നു ത്വലാഖേ ചെയ്യാന്‍ കഴിയൂ. 2) ഒന്നോ രണ്ടോ ത്വലാഖ് ചെയ്തശേഷം ഇദ്ദാവേളയില്‍ ഭാര്യയെ തിരിച്ചെടുക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരിക്കും. ഇദ്ദാവേള കഴിഞ്ഞശേഷവും വേണമെങ്കില്‍ ആ സ്ത്രീയെത്തന്നെ വീണ്ടും നിക്കാഹ് ചെയ്ത് ഭാര്യയാക്കാവുന്നതാണ്. അതിനു തഹ്ലീല്‍ ആവശ്യമില്ല. എന്നാല്‍, സ്ത്രീ മൂന്നു ത്വലാഖ് ചെയ്യപ്പെട്ടാല്‍ ഇദ്ദാവേളയില്‍ തിരിച്ചെടുക്കാനുള്ള പുരുഷന്റെ അവകാശം ദുര്‍ബലപ്പെടുന്നു. ആ സ്ത്രീയെ വേറൊരാള്‍ വിവാഹം ചെയ്യുകയും സ്വേച്ഛയാ അയാള്‍ അവളെ ത്വലാഖ് ചെയ്യുകയും ചെയ്തശേഷമല്ലാതെ ഇദ്ദക്കുശേഷവും ഒന്നാമത്തെ ഭര്‍ത്താവിന് അവളെ വീണ്ടും വിവാഹം ചെയ്യാന്‍ പാടില്ല. 3) സഹശയനം നടന്നിട്ടുള്ള, മാസമുറയുള്ള സ്ത്രീകളുടെ ഇദ്ദാകാലം മൂന്ന് മാസമുറ പിന്നിടുകയാണ്. ഒന്നോ രണ്ടോ ത്വലാഖിനുശേഷമുള്ള ഈ ഇദ്ദാവേളയുടെ അര്‍ഥം, സ്ത്രീ അക്കാലത്തും ആ ഭര്‍ത്താവിന്റെ ഭാര്യതന്നെയാണെന്നും ഇദ്ദ തീരുന്നതിനുള്ളില്‍ അയാള്‍ക്ക് അവളെ തിരികെ സ്വീകരിക്കാവുന്നതാണെന്നുമാകുന്നു. എന്നാല്‍, മൂന്നു ത്വലാഖും കഴിഞ്ഞശേഷമുള്ള ഇദ്ദ തിരികെ സ്വീകരിക്കപ്പെടാനുള്ള അവസരമായിട്ടുള്ളതല്ല; മറിച്ച്, സ്ത്രീ മറ്റൊരു ഭര്‍ത്താവുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് വിലക്കപ്പെട്ട അവസരം മാത്രമായിട്ടുള്ളതാണ്. 4) ഭര്‍ത്താവിനാല്‍ സ്പര്‍ശിക്കപ്പെടുന്നതിനുമുമ്പുതന്നെ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ ഇദ്ദ ആചരിക്കേണ്ടതില്ല. അവള്‍ക്കു വേണമെങ്കില്‍ ഉടന്‍തന്നെ മറ്റൊരു വിവാഹത്തിലേര്‍പ്പെടാവുന്നതാണ്. 5) ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദ നാല് മാസവും പത്ത് ദിവസവുമാകുന്നു. മേല്‍പറഞ്ഞ നിയമങ്ങളെ ദുര്‍ബലപ്പെടുത്താനോ ഭേദഗതി ചെയ്യാനോ വേണ്ടി അവതരിച്ചതല്ല സൂറ അത്ത്വലാഖ് എന്ന കാര്യം ഇവിടെ നല്ലവണ്ണം ഗ്രഹിച്ചിരിക്കേണ്ടതാണ്. പ്രത്യുത, രണ്ടു ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണിതവതരിച്ചത്. ഒന്ന്, ഭാര്യയെ ത്വലാഖ് ചെയ്യാനുള്ള പുരുഷന്റെ അധികാരം ഉപയോഗിക്കുന്നതിന്റെ യുക്തിപൂര്‍വമായ രീതി വിശദീകരിക്കുക. അതുവഴി സ്ത്രീ വിരഹിണിയായിത്തീരാനുള്ള സന്ദര്‍ഭം ഇല്ലാതാക്കുക. അഥവാ അവസരം ഉണ്ടാവുകയാണെങ്കില്‍ പരസ്പരം യോജിക്കാനുള്ള എല്ലാ സാധ്യതയും അവസാനിച്ചശേഷമായിരിക്കുക. എന്തുകൊണ്ടെന്നാല്‍ ദൈവിക ശരീഅത്തില്‍ വിവാഹമോചനത്തിനുള്ള പഴുത് അനാശാസ്യമായ ഒരനിവാര്യത എന്ന നിലക്കാണനുവദിച്ചിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമിടയില്‍ സ്ഥാപിതമാകുന്ന ദാമ്പത്യബന്ധം പിന്നീട് ഛേദിക്കപ്പെടുന്നതില്‍ അല്ലാഹു കടുത്ത അപ്രീതി പ്രകടിപ്പിച്ചിട്ടുണ്ട്. നബി(സ) പ്രസ്താവിച്ചു:  "അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ അവന്ന് ഏറ്റം കോപകരമായതാണ് ത്വലാഖ്`` (അബൂദാവൂദ്). "അല്ലാഹുവിന് ഏറ്റം അപ്രീതികരമായ അനുവദനീയ കാര്യമാകുന്നു ത്വലാഖ്``(അബൂദാവൂദ്). രണ്ടാമത്തെ ലക്ഷ്യമിതാണ്: സൂറ അല്‍ബഖറയിലെ നിയമങ്ങള്‍ക്കുശേഷം പരിഹാരമാവശ്യമുള്ളതായി അവശേഷിച്ച അനേകം പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ഇസ്ലാമിന്റെ കുടുംബ നിയമശാഖ സമ്പൂര്‍ണമാക്കുക. സഹശയനത്തിനുശേഷം വിവാഹമോചനം ചെയ്യപ്പെടുന്ന, മാസമുറ നിന്നുപോയ, അല്ലെങ്കില്‍ മാസമുറയുണ്ടാവാന്‍ തുടങ്ങിയിട്ടില്ലാത്ത സ്ത്രീയുടെ ഇദ്ദ കണക്കാക്കേണ്ടതെങ്ങനെയെന്നും ഗര്‍ഭിണിയായ വിവാഹമുക്തയുടെ, അല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ചുപോയ ഗര്‍ഭിണിയുടെ ഇദ്ദ എത്രകാലമാണെന്നും വിവിധ രീതികളില്‍ വിവാഹമുക്തകളായിത്തീരുന്ന സ്ത്രീകളുടെ ജീവനാംശവും പാര്‍പ്പിട സൌകര്യവും ഏര്‍പ്പെടുത്തേണ്ടതെങ്ങനെയെന്നും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശിശുക്കളുടെ മുലകുടിക്ക് എന്തെല്ലാം ഏര്‍പ്പാടുകള്‍ ചെയ്യണമെന്നും എല്ലാം ഈ സൂറയില്‍ വ്യക്തമാക്കിയിരിക്കുന്നു.
സൂക്തങ്ങളുടെ ആശയം
1-നബിയേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദഃ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. 1 ഇദ്ദ കാലം 2 നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് പുറംതള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്റെ നിയമപരിധികളാണിവ. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവന്‍ തന്നോടു തന്നെയാണ് അക്രമം ചെയ്യുന്നത്. അതിനുശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്തേക്കാം; നിനക്കത് അറിയില്ല. 3
2-അവരുടെ ഇദ്ദാ കാലാവധി എത്തിയാല്‍ നല്ല നിലയില്‍ അവരെ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളില്‍ നീതിമാന്‍മാരായ രണ്ടുപേരെ അതിനു സാക്ഷികളാക്കുക. "സാക്ഷികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നേരാംവിധം സാക്ഷ്യം വഹിക്കുക." അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണിത്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും.
3-അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.
4-നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അറിയുക: അവരുടെ ഇദ്ദാകാലം മൂന്നു മാസമാണ്. ഋതുമതികളായിട്ടില്ലാത്തവരുടേതും ഇതുതന്നെ. ഗര്‍ഭിണികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നതുവരെയാകുന്നു. ആര്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്റെ കാര്യം അല്ലാഹു എളുപ്പമാക്കും.
5-ഇത് നിങ്ങള്‍ക്കായി അല്ലാഹു അവതരിപ്പിച്ച കല്‍പനയാണ്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്റെ പാപങ്ങള്‍ അല്ലാഹു മായിച്ചുകളയുകയും അവന്റെ പ്രതിഫലം അവന്ന് മെച്ചപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.
6-നിങ്ങളുടെ കഴിവിനൊത്തവിധം ഇദ്ദാവേളയില്‍ അവരെ നിങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ താമസിപ്പിക്കുക. 4 അവര്‍ക്ക് ഇടുക്കമുണ്ടാക്കുംവിധം നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നത് വരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക. അവര്‍ നിങ്ങള്‍ക്കായി കുഞ്ഞുങ്ങളെ മുലയൂട്ടുന്നുവെങ്കില്‍ അവര്‍ക്ക് അതിനുള്ള പ്രതിഫലവും നല്‍കുക. അക്കാര്യം നിങ്ങള്‍ നല്ല നിലയില്‍ അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കുക. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും അത് പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുലയൂട്ടട്ടെ.
7-സമ്പന്നന്‍ തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്‍കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.
8-എത്രയോ നാടുകള്‍, അവയുടെ നാഥന്റെയും അവന്റെ ദൂതന്‍മാരുടെയും കല്‍പനകള്‍ നിരാകരിച്ച് ധിക്കാരം പ്രവര്‍ത്തിച്ചു. അപ്പോള്‍ നാം അവയെ കര്‍ക്കശമായ വിചാരണക്കു വിധേയമാക്കി. കൊടിയ ശിക്ഷ നല്‍കുകയും ചെയ്തു.
9-അങ്ങനെ അവ ആ ചെയ്തികളുടെ കെടുതികളനുഭവിച്ചു. കൊടിയ നഷ്ടമായിരുന്നു അതിന്റെ അന്ത്യം.
10-അല്ലാഹു അവര്‍ക്ക് കഠിന ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അതിനാല്‍ സത്യവിശ്വാസം സ്വീകരിച്ച ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിശ്ചയം, അല്ലാഹു നിങ്ങള്‍ക്കായി ഒരുദ്ബോധനം നല്‍കിയിരിക്കുകയാണ്.
11-അല്ലാഹുവിന്റെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു ദൂതനെ അവന്‍ നിയോഗിച്ചിരിക്കുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ, അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അല്ലാഹു അവന് വിശിഷ്ട വിഭവങ്ങളാണ് നല്‍കുക.
12-ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് അല്ലാഹു. ഭൂമിയില്‍നിന്നും അതുപോലെയുള്ളവയെ അവന്‍ സൃഷ്ടിച്ചു. അവയ്ക്കിടയില്‍ അവന്റെ കല്‍പനകളിറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്നും അവന്റെ അറിവ് സകല സംഗതികളെയും ചൂഴ്ന്നുനില്‍ക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കാനാണ് ഇവ്വിധം വിശദീകരിക്കുന്നത്.