96 അല്‍അലഖ്

ആമുഖം
നാമം
രണ്ടാം സൂക്തത്തിലെ عَلَق എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഈ സൂറയ്ക്ക് രണ്ടു ഖണ്ഡമുണ്ട്. പ്രഥമ സൂക്തത്തിലെ إقْرَأْ മുതല്‍ അഞ്ചാം സൂക്തത്തിലെ مَالَمْ يَعْلَمْ വരെയാണ് ഒന്നാം ഖണ്ഡം; كَلاَّ إنَّ الإنْسَانَ لَيَطْغَى എന്നു തുടങ്ങി അവസാനം വരെ രണ്ടാം ഖണ്ഡവും. പ്രഥമ ഖണ്ഡത്തെ സംബന്ധിച്ചിടത്തോളം അവയാണ് റസൂല്‍തിരുമേനിക്ക് ലഭിച്ച പ്രഥമ ദിവ്യ സന്ദേശം എന്ന കാര്യത്തില്‍ സമുദായത്തിലെ മഹാഭൂരിപക്ഷം പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാകുന്നു. ഇവ്വിഷയകമായി ഇമാം അഹ്മദ്, ബുഖാരി, മുസ്ലിം എന്നിവരും ഇതര ഹദീസ്പണ്ഡിതന്‍മാരും ഹ. ആഇശയില്‍നിന്ന് നിരവധി പരമ്പരകളിലൂടെ ഉദ്ധരിച്ചിട്ടുളള ഹദീസ് അതിപ്രബലമായ ഹദീസുകളുടെ ഗണത്തില്‍പെടുന്നു. അതില്‍ ആഇശ(റ) നബി(സ)യില്‍നിന്ന് നേരിട്ട് കേട്ടതുപ്രകാരം ദിവ്യസന്ദേശത്തിന്റെ ആരംഭകഥ വിവരിച്ചിട്ടുണ്ട്. കൂടാതെ തിരുമേനി(സ)ക്ക് അവതരിച്ച പ്രഥമ ഖുര്‍ആന്‍സൂക്തങ്ങള്‍ ഇവ തന്നെയാണെന്ന് ഇബ്നു അബ്ബാസും അബൂമൂസല്‍ അശ്അരിയും  ഉള്‍പ്പെടെയുളള ഒരു സംഘം സഹാബിവര്യന്‍മാരില്‍നിന്നും ഉദ്ധൃതമായിരിക്കുന്നു. രണ്ടാം ഖണ്ഡം അവതരിച്ചത്, പ്രവാചകന്‍ (സ) ഹറമില്‍ നമസ്കരിക്കാന്‍ തുടങ്ങുകയും അബൂജഹ്ല്‍ച5 അദ്ദേഹത്തെ ഭീഷണിപ്പെടുത്തി തടയാന്‍ ശ്രമിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ്. 
ദിവ്യബോധനത്തിന്റെ തുടക്കം
ദിവ്യബോധന(وَحْي)ത്തിന്റെ ആരംഭകഥ ഹദീസ്പണ്ഡിതന്‍മാര്‍ അവരവരുടെ നിവേദന പരമ്പരകളിലൂടെ ഇമാം സുഹ്രിച യില്‍നിന്നും അദ്ദേഹം ഹ. ഉര്‍വതുബ്നു സുബൈറില്‍നിന്നും അദ്ദേഹം തന്റെ മാതുലയായ ഹ. ആഇശയില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു:  പ്രവാചക(സ)ന് വെളിപാടിന്റെ തുടക്കമുണ്ടായത് സത്യ(ചില നിവേദനങ്ങളനുസരിച്ച്, നല്ല) സ്വപ്നദര്‍ശനങ്ങളിലൂടെയാണ്. അദ്ദേഹം കാണുന്ന സ്വപ്നങ്ങളേതും പകല്‍വെളിച്ചത്തില്‍ കാണുന്നതുപോലെയുളള അനുഭവമായിരുന്നു. പിന്നീട് തിരുമേനി ഏകാന്തതപ്രിയനായി. പല ദിനരാത്രങ്ങള്‍ ഹിറാഗുഹയില്‍ ആരാധനയിലേര്‍പ്പെട്ടു കഴിച്ചുകൂട്ടി. (تَحَنُّث എന്ന പദമാണ് ഹ. ആഇശ ഉപയോഗിച്ചിട്ടുളളത്. സുഹ്രി  അതിന് تَعَبُّد ധആരാധനയിലേര്‍പ്പെടല്‍പ എന്നര്‍ഥം കല്‍പിച്ചിരിക്കുന്നു). ഏതോ തരത്തിലുളള ആരാധനയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. കാരണം, അന്ന് അദ്ദേഹം ഇബാദത്തിന്റെ ഇന്നത്തെ ശര്‍ഈരീതി അല്ലാഹുവിങ്കല്‍നിന്ന് പഠിപ്പിക്കപ്പെട്ടിരുന്നില്ലല്ലോ. അദ്ദേഹം തിന്നാനും കുടിക്കാനുമുളള വസ്തുക്കളുമായി അവിടെ ചെന്ന് ഏതാനും നാള്‍ കഴിഞ്ഞുകൂടുമായിരുന്നു. പിന്നെ ഹ. ഖദീജയുടെ അടുത്തേക്ക് തിരിച്ചുവരും. അവരദ്ദേഹത്തിന് കൂടുതല്‍ ദിവസത്തേക്കുളള പാഥേയം ഒരുക്കിക്കൊടുത്തിരുന്നു. ഒരുനാള്‍ അദ്ദേഹം ഹിറാഗുഹയിലായിരിക്കെ പെട്ടെന്നദ്ദേഹത്തിന് ദിവ്യസന്ദേശമിറങ്ങി. മലക്ക് വന്ന് അദ്ദേഹത്തോടു പറഞ്ഞു: `വായിക്കുക.` അനന്തരം ഹ. ആഇശ റസൂല്‍തിരുമേനിയുടെ വാക്കുകള്‍തന്നെ ഉദ്ധരിക്കുകയാണ്: "ഞാന്‍ പറഞ്ഞു: `ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.` അപ്പോള്‍ ആ മലക്ക് എന്നെ പിടിച്ച്, ഞാന്‍ കഠിനമായി ഞെരിയുമാറ് ആശ്ളേഷിച്ചു. പിന്നെ അത് എന്നെ മോചിപ്പിച്ചുകൊണ്ട് പറഞ്ഞു: `വായിക്കുക.` ഞാന്‍ പറഞ്ഞു:`ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.` അതെന്നെ രണ്ടാമതും പിടിച്ചാശ്ളേഷിച്ചു. ഞാന്‍ കഠിനമായി ഞെരിയുമാറായി. പിന്നെ അതെന്നെ മോചിപ്പിച്ചു. എന്നിട്ടു പറഞ്ഞു: `വായിക്കുക.` ഞാന്‍ വീണ്ടും പറഞ്ഞു. `ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.` അത് മൂന്നാമതും, ഞാന്‍ കഠിനമായി ഞെരിയുമാറ് പിടിച്ചാശ്ളേഷിച്ചു. പിന്നെ എന്നെ മോചിപ്പിച്ചുകൊണ്ട് اقْرَأْ بِاسْمِ رَبِّكَ الَّذي خَلَقَ (വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍) മുതല്‍ مَا لَمْ يَعْلَمْ (അവന്‍ അറിഞ്ഞിട്ടില്ലാത്തത്) എന്നുവരെ ഓതി. ആഇശ(റ)പറയുന്നു: അനന്തരം റസൂല്‍(സ) ഭയന്നുവിറച്ചുകൊണ്ട് അവിടെനിന്ന് ഹ. ഖദീജ(റ) യുടെ സമീപത്തെത്തിയിട്ട് പറഞ്ഞു: `എനിക്ക് പുതച്ചുതരൂ, പുതച്ചുതരൂ.` അവരദ്ദേഹത്തിന് പുതച്ചുകൊടുത്തു. ഭയവിഭ്രമം ഒന്നു ശമിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: `ഓ ഖദീജാ, എനിക്കെന്തോ സംഭവിച്ചിരിക്കുന്നു.` തുടര്‍ന്നദ്ദേഹം നടന്നതെല്ലാം അവരെ കേള്‍പ്പിച്ചിട്ട് പറഞ്ഞു: `ഞാന്‍ മരിക്കുകയാണ്.` അവര്‍ പറഞ്ഞു: `ഒരിക്കലുമല്ല, അങ്ങ് സൌഭാഗ്യവാനാകും. ദൈവം അങ്ങയെ നിന്ദിക്കുകയില്ല. അങ്ങ് ബന്ധുക്കളോട് നന്നായി പെരുമാറുന്നു. സത്യം പറയുന്നു. (ഒരു നിവേദനത്തില്‍ `ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു` എന്നുകൂടിയുണ്ട്). നിസ്സഹായരുടെ ഭാരം ചുമക്കുന്നു. അവശരായവര്‍ക്ക് സമ്പാദിച്ചു കൊടുക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. സത്കാര്യങ്ങളില്‍ സഹകരിക്കുന്നു.` അനന്തരം അവര്‍ തിരുമേനിയെയും കൂട്ടി തന്റെ പിതൃവ്യപുത്രനായ വറഖതുബ്നു നൌഫലിന്റെ അടുത്തേക്കുപോയി. അദ്ദേഹം ജാഹിലീകാലത്ത് ക്രിസ്ത്യാനിയായിരുന്നു. അറബിയിലും ഹിബ്രുഭാഷയിലും പുതിയനിയമം എഴുതിയിരുന്നു. പ്രായാധിക്യം മൂലം അന്ധത ബാധിച്ചിരുന്നു അദ്ദേഹത്തിന്. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: `സഹോദരാ, അങ്ങയുടെ സ്യാലന്റെ കഥയൊന്നുകേള്‍ക്കൂ.` വറഖഃ തിരുമേനിയോട് ചോദിച്ചു: `അളിയാ എന്തുണ്ടായി?` റസൂല്‍തിരുമേനി നടന്ന കാര്യങ്ങളൊക്കെ വറഖഃയെ ധരിപ്പിച്ചു. വറഖഃ പറഞ്ഞു: `അല്ലാഹു മൂസാ (അ)യുടെ അടുത്തേക്ക് നിയോഗിച്ച അതേ നാമൂസ് (ദിവ്യസന്ദേശവാഹകന്‍) തന്നെയാണത്. കഷ്ടം, അങ്ങ് പ്രവാചകനാകുന്ന കാലത്ത് ഞാന്‍ കരുത്തുളള യുവാവായിരുന്നെങ്കില്‍! കഷ്ടം, അങ്ങയുടെ ജനം അങ്ങയെ ആട്ടിപ്പായിക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍!` റസൂല്‍ (സ)ചോദിച്ചു: `എന്ത്, ഈ ജനം എന്നെ ആട്ടിപ്പായിക്കുമെന്നോ?` വറഖഃ: `അതെ, അങ്ങ് കൊണ്ടുവന്ന ഈ സന്ദേശം കൊണ്ടുവന്നവരാരും ശത്രുതയ്ക്ക് വിധേയരാവാതിരുന്നിട്ടില്ല. അന്ന് ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അങ്ങയെ ശക്തിയുക്തം പിന്തുണയ്ക്കും.` പക്ഷേ, ഏറെനാള്‍ കഴിയുന്നതിനുമുമ്പ് വറഖഃ നിര്യാതനാവുകയാണുണ്ടായത്. ഈ കഥ തിരുമുഖത്തുനിന്നുതന്നെ പറയുന്നതാണ്. അതായത്, മലക്കിന്റെ ആഗമനത്തിനു ഒരു നിമിഷം മുമ്പുപോലും താന്‍ പ്രവാചകനാവാന്‍ പോകുന്നു എന്നതിനെക്കുറിച്ച് നബി(സ)ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അത് തേടുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നതു പോകട്ടെ, തന്നില്‍ അങ്ങനെ വല്ലതും സംഭവിച്ചേക്കുമെന്ന നേരിയ ഊഹംപോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ദിവ്യസന്ദേശത്തിന്റെ അവതരണവും മലക്കിന്റെ ആഗമനവും തിരുമേനിയെ സംബന്ധിച്ചിടത്തോളം തികച്ചും യാദൃഛികമായ ഒരു മഹാ സംഭവമായിരുന്നു. നിനച്ചിരിക്കാതെ ഇത്രയും ഗംഭീരമായ ഒരു സംഭവത്തെ അഭിമുഖീകരിക്കേണ്ടിവരുന്ന മനുഷ്യനില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രത്യാഘാതംതന്നെയാണത് അദ്ദേഹത്തില്‍ ഉണ്ടാക്കിയതും. ഇതേ കാരണത്താലാണ് ഇസ്ലാമിക പ്രബോധനവുമായി രംഗത്തുവന്നപ്പോള്‍ അദ്ദേഹത്തിനുനേരെ പലവിധ വിമര്‍ശനങ്ങളുമുന്നയിച്ച മക്കാവാസികളില്‍ ആരും തന്നെ ഇങ്ങനെ പറയാതിരുന്നതും: ഞങ്ങള്‍ നേരത്തേ ആശങ്കിച്ചതായിരുന്നു, താന്‍ എന്തോ വാദവുമായി വരാന്‍പോവുകയാണെന്ന്. എന്തുകൊണ്ടെന്നാല്‍ താന്‍ കുറേക്കാലമായിട്ട് നബിയായിത്തീരാന്‍ തയ്യാറെടുക്കുകയായിരുന്നുവല്ലോ. പ്രവാചകത്വത്തിനുമുമ്പ് തിരുമേനിയുടെ ജീവിതം എന്തുമാത്രം വിശുദ്ധവും സ്വഭാവചര്യകള്‍ എത്രമാത്രം വിശിഷ്ടവുമായിരുന്നുവെന്നുകൂടി ഈ കഥയില്‍നിന്ന് വ്യക്തമാകുന്നു. ഹ. ഖദീജ(റ)അന്ന് ഒരു ചെറുപ്പക്കാരിയായിരുന്നില്ല. സംഭവകാലത്ത് അവര്‍ക്ക് 55 വയസ്സായിരുന്നു. പതിനഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു അവര്‍ തിരുമേനിയുടെ ജീവിതപങ്കാളിയായിട്ട്. ഭാര്യക്ക് ഭര്‍ത്താവിന്റെ ദൌര്‍ബല്യങ്ങള്‍ അജ്ഞാതമായിരിക്കില്ലല്ലോ. സുദീര്‍ഘമായ ആ ദാമ്പത്യജീവിതത്തില്‍ അവര്‍ക്ക് അദ്ദേഹം ഔന്നത്യമാര്‍ന്ന ഒരു വ്യക്തിത്വമായിട്ടാണനുഭവപ്പെട്ടിട്ടുളളത്. അതുകൊണ്ട് തിരുമേനി ഹിറാഗുഹയിലെ  സംഭവം കേള്‍പ്പിച്ചപ്പോള്‍, അദ്ദേഹത്തെ ദിവ്യസന്ദേശവുമായി സമീപിച്ചത് അല്ലാഹുവിങ്കല്‍നിന്നുളള മലക്കുതന്നെയാണെന്ന് അവര്‍ സംശയലേശമന്യേ അംഗീകരിച്ചു. ഇതേപ്രകാരം വറഖതുബ്നു നൌഫല്‍ മക്കയിലെ ഒരു വയോധികനായ പൌരനായിരുന്നു. കുട്ടിക്കാലം മുതലേ പ്രവാചകന്റെ ജീവിതം കണ്ടുവരുന്ന ഒരാള്‍. പതിനഞ്ചുകൊല്ലമായി തന്റെ അടുത്തബന്ധു എന്ന നിലയ്ക്ക് അദ്ദേഹം തിരുമേനിയുടെ സ്ഥിതിഗതികള്‍ കൂടുതല്‍ അടുത്തറിഞ്ഞിരുന്നു. അദ്ദേഹത്തിനും ഈ സംഭവം കേട്ടപ്പോള്‍ ഒരു സന്ദേഹവും തോന്നിയില്ല. കേട്ടമാത്രയില്‍തന്നെ അദ്ദേഹം പറഞ്ഞു, അത് മൂസാ(അ)യുടെ അടുക്കല്‍ വന്ന نَامُوس(ദിവ്യസന്ദേശവാഹകന്‍) തന്നെയാണെന്ന്. വറഖയുടെ ദൃഷ്ടിയിലും തിരുമേനിയുടെ വ്യക്തിത്വം, പ്രവാചകത്വ പദവി അരുളപ്പെടുന്നതിലദ്ഭുതപ്പെടാനില്ലാത്തവണ്ണം ഉന്നതവും വിശിഷ്ടവുമായിരുന്നുവെന്നാണിതിന്നര്‍ഥം. റണ്ടാംഖണ്ഡത്തിന്റെ അവതരണപശ്ചാത്തലം തിരുമേനി(സ) മസ്ജിദുല്‍ ഹറാമില്‍ ഇസ്ലാമിക രീതിയില്‍ നമസ്കരിച്ചു തുടങ്ങുകയും അബൂജഹ്ല്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് അത് തടയാന്‍ തുനിയുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സൂറയുടെ രണ്ടാം ഖണ്ഡം അവതരിച്ചത്. പ്രവാചകത്വലബ്ധിക്കു ശേഷം, പരസ്യമായി ഇസ്ലാമികപ്രബോധനം തുടങ്ങുന്നതിനുമുമ്പായി, അല്ലാഹു തന്നെ പഠിപ്പിച്ച പ്രകാരം മസ്ജിദുല്‍ഹറാമില്‍ നമസ്കാരമനുഷ്ഠിച്ചുതുടങ്ങുകയാണ് നബി(സ) ചെയ്തതെന്ന് മനസ്സിലാകുന്നുണ്ട്. അതോടുകൂടിയാണ് മുഹമ്മദ്(സ) ഒരു പുതിയ മതത്തിന്റെ അനുവര്‍ത്തകനായിരിക്കുന്നുവെന്ന് ഖുറൈശികള്‍ക്ക് തോന്നിയത്. മറ്റുളളവര്‍ അദ്ദേഹത്തെ അദ്ഭുതദൃഷ്ടികളോടെ നോക്കിനിന്നു. എന്നാല്‍, അബൂജഹ്ലിന്റെ  ജാഹിലീസിരകള്‍ തുടിച്ചുണര്‍ന്നു. അയാള്‍ മുമ്പോട്ടുവന്ന് ഇമ്മട്ടില്‍ ഹറമില്‍ ആരാധന നടത്താന്‍ പാടില്ലെന്ന് തിരുമേനിയെ ഭീഷണസ്വരത്തില്‍ വിലക്കി. അബൂജഹ്ലിന്റെ ഈ അവിവേക നടപടിയെ പരാമര്‍ശിക്കുന്ന അനേകം ഹദീസുകള്‍ ഹ. അബ്ദുല്ലാഹിബ്നു അബ്ബാസ്,ഹ.അബൂഹുറയ്റ എന്നിവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹ. അബൂഹുറയ്റ പറയുന്നു: അബൂജഹ്ല്‍ ഖുറൈശികളോട് ചോദിച്ചു: `മുഹമ്മദ്(സ) നിങ്ങളുടെ മുമ്പില്‍വെച്ച് അവന്റെ മുഖം മണ്ണില്‍ കുത്തുന്നുവോ?` ആളുകള്‍ പറഞ്ഞു: `അതെ.` അയാള്‍: `ലാത്തയും ഉസ്സയുമാണ, അവന്‍ അങ്ങനെ നമസ്കരിക്കുന്നത് ഞാനെങ്ങാനും കാണുകയാണെങ്കില്‍ അവന്റെ പിടലിയില്‍ ചവിട്ടി അവന്റെ മുഖം മണ്ണില്‍ തേമ്പിക്കളയും.` പിന്നീട് ഒരിക്കല്‍ നബി(സ) നമസ്കരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ പിരടിയില്‍ ചവിട്ടാന്‍ ഒരുമ്പെട്ടുകൊണ്ട് അടുത്തുചെല്ലുകയുണ്ടായി. പക്ഷേ, പെട്ടെന്നയാള്‍ സ്വന്തം മുഖം എന്തില്‍നിന്നോ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ട് പിന്നോട്ടടിച്ച് അകന്നുപോരുന്നതാണ് ആളുകള്‍ കണ്ടത്. `എന്തുപറ്റി`യെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: `എനിക്കും അവന്നും ഇടയില്‍ ഒരു തീക്കിടങ്ങും ഭീബത്സമായ ഒരു സാധനവും ഉണ്ടായിരുന്നു, കുറെ തൂവലുകളും.` തിരുമേനി(സ) പറഞ്ഞു: `അയാള്‍ എന്റെ അടുത്തെത്തിയിരുന്നെങ്കില്‍ മലക്കുകള്‍ അയാളുടെ വസ്ത്രങ്ങളൂരുമായിരുന്നു.` (അഹ്മദ്, മുസ്ലിം, നസാഇ, ഇബ്നു ജരീര്‍, ഇബ്നു അബീഹാതിം, ഇബ്നുല്‍ മുന്‍ദിര്‍, ഇബ്നു മര്‍ദവൈഹി, അബൂനുഐം, ഇസ്ഫഹാനി, ബൈഹഖി) ബുഖാരി യും തിര്‍മിദിയും നസാഇയും ഇബ്നുജരീറും അബ്ദുര്‍റസാഖും അബ്ദുബ്നു ഹുമൈദും ഇബ്നുല്‍മുന്‍ദിറും ഇബ്നു മര്‍ദവൈഹിയും ഇബ്നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: അബൂജഹ്ല്‍ പറഞ്ഞു: `മുഹമ്മദ് കഅ്ബക്കടുത്ത് നമസ്കരിക്കുന്നത് കണ്ടാല്‍ ഞാനവന്റെ പിടലി ചവിട്ടിത്താഴ്ത്തും.` നബി(സ) ഈ വിവരമറിഞ്ഞപ്പോള്‍ പറഞ്ഞു: `അയാള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അപ്പോള്‍ മലക്കുകള്‍ പരസ്യമായിവന്ന് അയാളെ പിടികൂടും.` അഹ്മദും തിര്‍മിദിയും നസാഇയും ഇബ്നുജരീറും ഇബ്നു അബീശൈബയും ഇബ്നുല്‍ മുന്‍ദിറും ത്വബറാനിയും ഇബ്നുമര്‍ദവൈഹിയും ഇബ്നു അബ്ബാസില്‍നിന്നുദ്ധരിക്കുന്ന മറ്റൊരു നിവേദനം ഇങ്ങനെയാണ്: ഒരിക്കല്‍ റസൂല്‍(സ) മഖാമു ഇബ്റാഹീമില്‍ നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി കടന്നുപോവുകയായിരുന്ന അബൂജഹ്ല്‍ പറഞ്ഞു: `ഹേ മുഹമ്മദേ, ഞാനിത് നിന്നോട് വിലക്കിയതല്ലേ?` തുടര്‍ന്ന് അയാള്‍ നബി(സ)യെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നബി(സ) അയാളെ ശാസിച്ചു. അതുകേട്ട് അബൂജഹ്ല്‍ പറഞ്ഞു: `ഹേ മുഹമ്മദ്, നീ എന്തുകണ്ടിട്ടാണ് എന്നെ പേടിപ്പിക്കുന്നത്? ഈ നാട്ടില്‍ എന്റെ ആള്‍ക്കാരാണ് ഏറ്റം കൂടുതലുള്ളത്.` ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സൂറയുടെ كَلاَّ إنَّ الإنْسانَ لَيَطْغَى എന്നു തുടങ്ങുന്ന ഖണ്ഡം അവതരിച്ചത്. സ്വാഭാവികമായും ഈ ഖണ്ഡത്തിന്റെ സ്ഥാനമാകേണ്ടത് ഖുര്‍ആനിലെ ഈ സൂറയില്‍തന്നെയാണ്. എന്തുകൊണ്ടെന്നാല്‍, പ്രഥമ വെളിപാടിറങ്ങിയ ശേഷം തിരുമേനി ആദ്യമായി ഇസ്ലാമിനെ പ്രകടമാക്കിയത് നമസ്കാരത്തിലൂടെയായിരുന്നു. അവിശ്വാസികള്‍ തിരുമേനിയുമായുളള ഏറ്റുമുട്ടലിന് തുടക്കം കുറിച്ചതും ഈ സംഭവത്തോടു കൂടിത്തന്നെ. 
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
2-ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
3-വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
4-പേനകൊണ്ടു പഠിപ്പിച്ചവന്‍.
5-മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.
6-സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു.
7-തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍.
8-നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്.
9_തടയുന്നവനെ നീ കണ്ടോ?
10-നമ്മുടെ ദാസനെ, അവന്‍ നമസ്കരിക്കുമ്പോള്‍
11-നീ കണ്ടോ? ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്;
12-അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്!
13-നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്!
14-അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ.
15-സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും.
16-കള്ളം പറയുകയും; പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ!
17-അപ്പോഴവന്‍ തന്റെ ആളുകളെ വിളിക്കട്ടെ.
18-നാം നമ്മുടെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരെയും വിളിക്കാം.
19-അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക