35 ഫാത്വിര്‍

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ `ഫാത്വിര്‍` എന്ന പദമാണ് ഈ സൂറയുടെ ശീര്‍ഷകമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. `ഫാത്വിര്‍` എന്ന പദമുള്ള അധ്യായം എന്നേ അതിനര്‍ഥമുള്ളൂ. `അല്‍മലാഇക്ക` എന്നാണ് മറ്റൊരു പേര്‍. ഈ വാക്കും പ്രഥമ സൂക്തത്തില്‍ ഉള്ളതാണ്. 
അവതരണകാലം
ഈ സൂറ മിക്കവാറും പ്രവാചകന്റെ മക്കാവാസകാലത്തിന്റെ മധ്യത്തില്‍, പ്രതിയോഗികളുടെ എതിര്‍പ്പ് ഏറ്റം രൂക്ഷമായിത്തീരുകയും ഇസ്ലാമിക പ്രബോധനം പരാജയപ്പെടുത്താന്‍ അതിനീചമായ കുതന്ത്രങ്ങള്‍വരെ അരങ്ങേറിക്കൊണ്ടിരിക്കുകയും ചെയ്ത ഘട്ടത്തില്‍ അവതരിച്ചതായിരിക്കണമെന്നാണ് വചനരീതിയുടെ ആന്തരിക സ്വഭാവത്തില്‍നിന്ന് വ്യക്തമാകുന്നത്. 
പ്രതിപാദ്യ വിഷയം
പ്രഭാഷണത്തിന്റെ ഉന്നം ഇതാണ്: നബി(സ)യുടെ തൌഹീദ് സന്ദേശത്തിനെതിരെ അക്കാലത്തെ മക്കാവാസികളും അവരുടെ നേതാക്കളും സ്വീകരിച്ച നിലപാടിനെ ഗുണകാംക്ഷാപൂര്‍വം താക്കീതു ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുക, ഗുരുവിനെപ്പോലെ അവരെ ബോധനം ചെയ്യുക. ഉള്ളടക്കത്തെ ഇങ്ങനെ സംഗ്രഹിപ്പിക്കാം: ഹേ, അവിവേകികളേ, ഈ പ്രവാചകന്‍ നിങ്ങളെ ക്ഷണിക്കുന്നത് നിങ്ങളുടെ തന്നെ നന്മയിലേക്കാകുന്നു. അദ്ദേഹത്തിനെതിരെയുള്ള നിങ്ങളുടെ രോഷവും കുതന്ത്രങ്ങളും അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള കുല്‍സിതവൃത്തികളുമൊന്നും വാസ്തവത്തില്‍ അദ്ദേഹത്തിനെതിരായല്ല ഭവിക്കുന്നത്. പിന്നെയോ, നിങ്ങള്‍ക്കെതിരില്‍ തന്നെയാണ്. നിങ്ങള്‍ അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചില്ലെങ്കില്‍ അതിന്റെ ദോഷം അദ്ദേഹത്തിനല്ല, നിങ്ങള്‍ക്കാണ്. അദ്ദേഹം നിങ്ങളോടു പറയുന്ന കാര്യങ്ങളെക്കുറിച്ച് നന്നായാലോചിച്ചുനോക്കുക. അതിലേതാണ് അബദ്ധമായിട്ടുള്ളത്? അദ്ദേഹം ബഹുദൈവത്വത്തെ നിരാകരിക്കുന്നു; നിങ്ങള്‍ കണ്ണുതുറന്നു നോക്കൂ, ബഹുദൈവത്വത്തിന് യുക്തിസഹമായ വല്ല അടിസ്ഥാനവുമുണ്ടോ? അദ്ദേഹം തൌഹീദിലേക്ക് ക്ഷണിക്കുന്നു; നിങ്ങള്‍ സ്വയം ചിന്തിച്ചുനോക്കുക, ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിനെക്കൂടാതെ, ദിവ്യത്വത്തിന്റെ ഗുണങ്ങളും അധികാരങ്ങളുമുള്ള വല്ല അസ്തിത്വവുമുണ്ടോ? നിങ്ങള്‍ ഈ ലോകത്ത് യാതൊരുത്തരവാദിത്വവുമില്ലാത്തവരല്ലെന്നും ഇവിടെ നിങ്ങള്‍ ചെയ്തതിനെല്ലാം ദൈവത്തോട് സമാധാനം ബോധിപ്പിക്കേണ്ടതുണ്ടെന്നും മരണാനന്തരം നിങ്ങള്‍ക്ക് സ്വന്തം കര്‍മഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. ഇതേപ്പറ്റി നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ എന്തുമാത്രം ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് ഒന്നാലോചിച്ചുനോക്കൂ. രാപ്പകല്‍ സൃഷ്ടിയുടെ ആവര്‍ത്തനം നടന്നുവരുന്നത് നിങ്ങള്‍ കാണുന്നില്ലേ? എന്നിരിക്കെ, നിങ്ങളെ ക്ഷുദ്രമായ ഒരു ബീജകണത്തില്‍നിന്ന് സൃഷ്ടിച്ച ദൈവത്തിന് അതാവര്‍ത്തിക്കുക അസാധ്യമായിരിക്കുമോ? നന്മതിന്മകള്‍ തുല്യമല്ലെന്ന് നിങ്ങളുടെ മനസ്സാക്ഷിതന്നെ പറയുന്നില്ലേ? എങ്കില്‍ സല്‍ക്കര്‍മത്തിന്റെയും ദുഷ്കര്‍മത്തിന്റെയും ഫലം ഒന്നാവുക, അഥവാ മണ്ണടിഞ്ഞു നശിച്ചുപോവുക എന്നത് യുക്തിസഹമാണോ? അതോ സല്‍ക്കര്‍മത്തിന് നയും ദുഷ്കര്‍മത്തിന് തിന്മയും പ്രതിഫലം ലഭിക്കുക എന്നതോ യുക്തിസഹം? ബുദ്ധിപൂര്‍വകമായ ഈ യാഥാര്‍ഥ്യങ്ങളൊന്നും അംഗീകരിക്കാതെ, കൃത്രിമ ദൈവങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടും ഉത്തരവാദിത്വമുക്തരായിക്കൊണ്ടും കടിഞ്ഞാണില്ലാതെ ജീവിക്കാനാണ് നിങ്ങളിഷ്ടപ്പെടുന്നതെങ്കില്‍ പ്രവാചകന് അതുകൊണ്ടെന്തു നഷ്ടം? നഷ്ടം സംഭവിക്കുക നിങ്ങള്‍ക്കു തന്നെയാണ്. മനസ്സിലാക്കിത്തരേണ്ട ഉത്തരവാദിത്വമേ പ്രവാചകന്നുള്ളൂ. അതദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു. പ്രഭാഷണത്തിനിടയില്‍ നബി(സ)യെ ആവര്‍ത്തിച്ച് ആശ്വസിപ്പിക്കുന്നുണ്ട്: സദുപദേശം ചെയ്യുകയെന്ന ചുമതല താങ്കള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദുര്‍മാര്‍ഗത്തില്‍ അടിയുറച്ച ആളുകള്‍ അത് സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ യാതൊരുത്തരവാദിത്വവും താങ്കള്‍ക്കില്ല. അതോടൊപ്പം തിരുമേനിയെ ഇപ്രകാരം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു: വിശ്വസിക്കാനാഗ്രഹിക്കാത്തവരെച്ചൊല്ലി ദുഃഖിക്കേണ്ടതില്ല. അവര്‍ നേര്‍വഴിക്ക് വരാത്തതിനെക്കുറിച്ച് വിചാരപ്പെട്ട് താങ്കള്‍ ജീവന്‍ കളയുകയും വേണ്ട. സന്ദേശം ശ്രവിക്കാന്‍ താല്‍പര്യമുള്ളവരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. വിശ്വാസം കൈക്കൊള്ളുന്നവര്‍ക്കും ഈ അധ്യായത്തില്‍ മഹത്തായ സുവാര്‍ത്തകളുണ്ട്. അവരുടെ മനോബലം വര്‍ധിക്കുന്നതിനും അല്ലാഹുവിന്റെ വാഗ്ദാനങ്ങളെ അവലംബിച്ച് സത്യമാര്‍ഗത്തില്‍ സ്ഥൈര്യത്തോടെ നിലകൊള്ളുന്നതിനും അത് പ്രചോദനമേകുന്നു. 
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍
1-സര്‍വ സ്തുതിയും അല്ലാഹുവിന്. ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനും. സൃഷ്ടിയില്‍ താനിച്ഛിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
2-അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.
3-മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്ന അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ദൈവമില്ല. പിന്നെയെങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിപ്പോകുന്നത്?
4-അവര്‍ നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അറിയുക: നിനക്കു മുമ്പും ധാരാളം ദൈവദൂതന്മാരെ കള്ളമാക്കി തള്ളിയിട്ടുണ്ട്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.
5-മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഇഹലോക ജീവിതം നിങ്ങളെ ചതിക്കാതിരിക്കട്ടെ. പെരുംവഞ്ചകനായ ചെകുത്താനും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ.
6-തീര്‍ച്ചയായും ചെകുത്താന്‍ നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ നിങ്ങളവനെ ശത്രുവായിത്തന്നെ കാണുക. അവന്‍ തന്റെ സംഘത്തെ ക്ഷണിക്കുന്നത് അവരെ നരകാവകാശികളാക്കിത്തീര്‍ക്കാനാണ്.
7-സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.
8-എന്നാല്‍ തന്റെ ചീത്തപ്രവൃത്തി ചേതോഹരമായി തോന്നുകയും അങ്ങനെ അതു നല്ലതായി കാണുകയും ചെയ്തവന്റെ സ്ഥിതിയോ? സംശയമില്ല; അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലുമാക്കുന്നു. അതിനാല്‍ അവരെക്കുറിച്ചോര്‍ത്ത് കൊടും ദുഃഖത്താല്‍ നീ നിന്റെ ജീവന്‍ കളയേണ്ടതില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
9-കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കുന്നു. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.
10-ആരെങ്കിലും അന്തസ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്. നല്ല വാക്കുകള്‍ കയറിപ്പോകുന്നത് അവങ്കലേക്കാണ്. സല്‍പ്രവൃത്തികളെ അവന്‍ സമുന്നതമാക്കുന്നു. എന്നാല്‍ കുടിലമായ കുതന്ത്രങ്ങള്‍ കാണിക്കുന്നവര്‍ക്ക് കഠിനശിക്ഷയുണ്ട്. അവരുടെ കുതന്ത്രം തകരുകതന്നെ ചെയ്യും.
11-അല്ലാഹു നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍നിന്നും. അതിനുശേഷം അവന്‍ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല. ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല. അല്ലാഹുവിന് ഇതൊക്കെയും വളരെ എളുപ്പമാണ്.
12-രണ്ടു ജലാശയങ്ങള്‍; അവയൊരിക്കലും ഒരേപോലെയല്ല. ഒന്ന് ശുദ്ധവും ദാഹമകറ്റുന്നതും കുടിക്കാന്‍ രുചികരവുമാണ്. മറ്റൊന്ന് ചവര്‍പ്പുള്ള ഉപ്പുവെള്ളവും. എന്നാല്‍ രണ്ടില്‍ നിന്നും നിങ്ങള്‍ക്കു തിന്നാന്‍ പുതുമാംസം ലഭിക്കുന്നു. നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങളും നിങ്ങളവയില്‍നിന്ന് പുറത്തെടുക്കുന്നു. അവ പിളര്‍ന്ന് കപ്പലുകള്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ക്കു കാണാം. അതിലൂടെ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹം തേടാനാണത്. നിങ്ങള്‍ നന്ദിയുള്ളവരാകാനും.
13-അവന്‍ രാവിനെ പകലില്‍ കടത്തിവിടുന്നു. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നു. സൂര്യചന്ദ്രന്മാര്‍ അവന്റെ അധീനതയിലാണ്. അവയെല്ലാം ഒരു നിശ്ചിത അവധിവരെ ചരിക്കുന്നു. അങ്ങനെയെല്ലാമുള്ള അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവന്റേതു മാത്രമാണ്. അവനെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരോ, ഈത്തപ്പഴക്കുരുവിന്റെ പാടപോലും അവരുടെ ഉടമസ്ഥതയിലില്ല.
14-നിങ്ങളവരെ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുക പോലുമില്ല. അഥവാ കേട്ടാലും നിങ്ങള്‍ക്ക് ഉത്തരമേകാന്‍ അവര്‍ക്കാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കും. അല്ലാഹുവല്ലാതെ ഇങ്ങനെ സൂക്ഷ്മജ്ഞാനിയെപ്പോലെ നിങ്ങള്‍ക്ക് ഇത്തരം വിവരംതരുന്ന ആരുമില്ല.
15-മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനും.
16-അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തൂത്തുമാറ്റി പകരം പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരും.
17-അത് അല്ലാഹുവിന് ഒട്ടും പ്രയാസകരമല്ല.
18-പാപഭാരം പേറുന്ന ആരും അപരന്റെ ഭാരം വഹിക്കുകയില്ല. ഭാരത്താല്‍ ഞെരുങ്ങുന്നവന്‍ തന്റെ ചുമട് വഹിക്കാനാരെയെങ്കിലും വിളിച്ചാല്‍ അതില്‍നിന്ന് ഒന്നുംതന്നെ ആരും ഏറ്റെടുക്കുകയില്ല. അതാവശ്യപ്പെടുന്നത് അടുത്ത ബന്ധുവായാല്‍പ്പോലും. നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക തങ്ങളുടെ നാഥനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അത് തന്റെ സ്വന്തം നന്മക്കുവേണ്ടി തന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്.
19-കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല.
20-ഇരുളും വെളിച്ചവും സമമല്ല.
21-തണലും വെയിലും ഒരുപോലെയല്ല.
22-ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല.
23-നീയൊരു മുന്നറിയിപ്പുകാരന്‍ മാത്രം.
24-നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.
25-ഈ ജനം നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അവര്‍ക്കു മുമ്പുള്ളവരും അവ്വിധം തള്ളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളും പ്രമാണങ്ങളും വെളിച്ചം നല്‍കുന്ന വേദപുസ്തകവുമായി അവര്‍ക്കുള്ള ദൂതന്മാര്‍ അവരുടെയടുത്ത് ചെന്നിട്ടുണ്ടായിരുന്നു.
26-പിന്നീട് സത്യത്തെ തള്ളിപ്പറഞ്ഞവരെ നാം പിടികൂടി. അപ്പോഴെന്റെ ശിക്ഷ എവ്വിധമായിരുന്നു!
27-അല്ലാഹു മാനത്തുനിന്ന് മഴ വീഴ്ത്തുന്നത് നീ കാണുന്നില്ലേ? അതുവഴി നാനാ നിറമുള്ള പലയിനം പഴങ്ങള്‍ നാം ഉല്‍പ്പാദിപ്പിക്കുന്നു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ വ്യത്യസ്ത വര്‍ണമുള്ള വഴികള്‍. കറുത്തിരുണ്ടതുമുണ്ട്.
28-മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വ്യത്യസ്ത വര്‍ണമുള്ളവയുണ്ട്. തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്. സംശയമില്ല; അല്ലാഹു പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.
29-ദൈവികഗ്രന്ഥം പാരായണം ചെയ്യുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും നഷ്ടം പറ്റാത്ത കച്ചവടം കൊതിക്കുന്നവരാണ്.
30-അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായും നല്‍കാനാണിത്. തന്റെ അനുഗ്രഹത്തില്‍നിന്ന് കൂടുതലായി കൊടുക്കാനും. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. വളരെ നന്ദിയുള്ളവനും.
31-നാം നിനക്കു ബോധനമായി നല്‍കിയ വേദപുസ്തകം സത്യമാണ്. അതിനു മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും. നിശ്ചയം അല്ലാഹു തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും എല്ലാം കാണുന്നവനുമാണ്.
32-പിന്നീട് നമ്മുടെ ദാസന്മാരില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവരെ നാം ഈ വേദപുസ്തകത്തിന്റെ അവകാശികളാക്കി. അവരില്‍ തങ്ങളോടുതന്നെ അതിക്രമം കാട്ടുന്നവരുണ്ട്. മധ്യനിലപാട് പുലര്‍ത്തുന്നവരുണ്ട്. ദൈവഹിതത്തിനൊത്ത് നന്മകളില്‍ മുന്നേറുന്നവരും അവരിലുണ്ട്. ഇതു തന്നെയാണ് അതിമഹത്തായ അനുഗ്രഹം.
33-അവര്‍ നിത്യജീവിതത്തിനുള്ള സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടും. അവിടെ അവര്‍ ധരിക്കുക പട്ടുവസ്ത്രമായിരിക്കും.
34-അവര്‍ പറയും: "ഞങ്ങളില്‍ നിന്ന് ദുഃഖമകറ്റിയ അല്ലാഹുവിനു സ്തുതി. ഞങ്ങളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനാണ്; വളരെ നന്ദിയുള്ളവനും.
35-"തന്റെ അനുഗ്രഹത്താല്‍ നമ്മെ നിത്യവാസത്തിനുള്ള വസതിയില്‍ കുടിയിരുത്തിയവനാണവന്‍. ഇവിടെ ഇനി നമ്മെ ഒരുവിധ പ്രയാസവും ബാധിക്കുകയില്ല. നേരിയ ക്ഷീണംപോലും നമ്മെ സ്പര്‍ശിക്കില്ല."
36-സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകത്തീ. അവര്‍ക്ക് അവിടെ മരണമില്ല. അതുണ്ടായിരുന്നെങ്കില്‍ മരിച്ചു രക്ഷപ്പെടാമായിരുന്നു. നരകശിക്ഷയില്‍നിന്ന് അവര്‍ക്കൊട്ടും ഇളവു കിട്ടുകയില്ല. അവ്വിധമാണ് നാം എല്ലാ നന്ദികെട്ടവര്‍ക്കും പ്രതിഫലം നല്‍കുന്നത്.
37-അവരവിടെ വച്ച് ഇങ്ങനെ അലമുറയിടും: "ഞങ്ങളുടെ നാഥാ, ഞങ്ങളെയൊന്ന് പുറത്തയക്കേണമേ. ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്തുകൊള്ളാം." അല്ലാഹു പറയും: "പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ മാത്രം നാം ആയുസ്സ് നല്‍കിയിരുന്നില്ലേ? നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിട്ടുമുണ്ടായിരുന്നില്ലേ? അതിനാലിനി അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്കിവിടെ സഹായിയായി ആരുമില്ല."
38-തീര്‍ച്ചയായും അല്ലാഹു ആകാശഭൂമികളില്‍ ഒളിഞ്ഞു കിടക്കുന്നവയൊക്കെയും അറിയുന്നവനാണ്. സംശയമില്ല, മനസ്സുകള്‍ ഒളിപ്പിച്ചുവെക്കുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.
39-നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍ ആ അവിശ്വാസത്തിന്റെ ദോഷം അവനു തന്നെയാണ്. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം തങ്ങളുടെ നാഥന്റെയടുത്ത് അവന്റെ കോപമല്ലാതൊന്നും വര്‍ധിപ്പിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം നഷ്ടമല്ലാതൊന്നും പെരുപ്പിക്കുകയില്ല.
40-പറയുക: "അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്താണ് അവര്‍ സൃഷ്ടിച്ചതെന്ന് എനിക്കൊന്നു കാണിച്ചുതരൂ. അല്ലെങ്കില്‍ ആകാശങ്ങളിലവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ലെങ്കില്‍ നാം അവര്‍ക്കെന്തെങ്കിലും പ്രമാണം നല്‍കിയിട്ടുണ്ടോ? അതില്‍നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്?" എന്നാല്‍ അതൊന്നുമല്ല; അക്രമികള്‍ അന്യോന്യം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത് വെറും വഞ്ചന മാത്രമാണ്.
41-അല്ലാഹു ആകാശഭൂമികളെ നീങ്ങിപ്പോകാതെ പിടിച്ചുനിര്‍ത്തുന്നു. അഥവാ, അവ നീങ്ങിപ്പോവുകയാണെങ്കില്‍ അവനെക്കൂടാതെ അവയെ പിടിച്ചുനിര്‍ത്തുന്ന ആരുമില്ല. അവന്‍ സഹനശാലിയും ഏറെ പൊറുക്കുന്നവനുമാണ്.
42-ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്കാവും വിധം അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു, തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ വന്നെത്തിയാല്‍ തങ്ങള്‍ മറ്റേതു സമുദായത്തെക്കാളും സന്മാര്‍ഗം സ്വീകരിക്കുന്നവരാകുമെന്ന്. എന്നാല്‍ മുന്നറിയിപ്പുകാരന്‍ അവരുടെ അടുത്തു ചെന്നപ്പോള്‍ അത് അവരില്‍ വെറുപ്പ് മാത്രമേ വര്‍ധിപ്പിച്ചുള്ളൂ.
43-അവര്‍ ഭൂമിയില്‍ അഹങ്കരിച്ചു നടന്നതിനാലാണിത്. ഹീനതന്ത്രങ്ങളിലേര്‍പ്പെട്ടതിനാലും. കുടിലതന്ത്രം അതു പയറ്റുന്നവരെത്തന്നെയാണ് ബാധിക്കുക. അതിനാല്‍ മുന്‍ഗാമികളുടെ കാര്യത്തിലുണ്ടായ ദുരന്താനുഭവങ്ങളല്ലാതെ മറ്റെന്താണ് അവര്‍ക്ക് കാത്തിരിക്കാനുള്ളത്? അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല.
44-ഇക്കൂട്ടര്‍ ഭൂമിയിലൂടെ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അവര്‍ ഇവരെക്കാള്‍ എത്രയോ കരുത്തരായിരുന്നു. അറിയുക: അല്ലാഹുവെ തോല്‍പിക്കുന്ന ഒന്നുമില്ല. ആകാശത്തുമില്ല. ഭൂമിയിലുമില്ല. തീര്‍ച്ചയായും അവന്‍ സകലം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
45-അല്ലാഹു മനുഷ്യരെ, അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെ കണ്ടറിയുന്നതാണ്.