52 അത്തൂര്‍

ആമുഖം
നാമം
പ്രാരംഭപ്രദമായ `അത്തൂര്‍` എന്നതുതന്നെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഈ സൂറയുടെയും അവതരണം പ്രവാചകന്റെ മക്കാജീവിതത്തില്‍ സൂറ അദ്ദാരിയാത്ത് അവതരിച്ച കാലത്തുതന്നെയാണെന്നാണ് പ്രതിപാദ്യ വിഷയങ്ങളുടെ ആന്തരിക സാക്ഷ്യത്തില്‍നിന്നു മനസ്സിലാകുന്നത്. ഇതവതരിപ്പിക്കുന്ന കാലത്ത് നബി(സ)ക്കെതിരില്‍ വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും ശരവര്‍ഷമുണ്ടായിരുന്നുവെന്ന് ഇത് വായിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട്. എങ്കിലും അന്ന് അക്രമ മര്‍ദനങ്ങളുടെ ചക്രം ശക്തിയായി കറങ്ങിത്തുടങ്ങിയതായി തോന്നുന്നില്ല. 
ഉള്ളടക്കം
ഇതിലെ പ്രഥമ ഖണ്ഡികയിലെ വിഷയം പരലോകമാണ്. സൂറ അദ്ദാരിയാത്തില്‍ അതിന്റെ സാധ്യതയുടെയും സംഭവ്യതയുടെയും അനിവാര്യതയുടെയും തെളിവുകള്‍ ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. അവ ഇവിടെ ആവര്‍ത്തിച്ചിട്ടില്ല. പരലോകത്തിന് സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ഥ്യങ്ങളെയും അടയാളങ്ങളെയും പിടിച്ചാണയിട്ടുകൊണ്ട് ഇപ്രകാരം ദൃഢപ്രഖ്യാപനം നടത്തിയിരിക്കുകയാണ്: നിശ്ചയമായും അത് സംഭവിക്കാനിരിക്കുന്നത് തന്നെയാണ്. അത് നിലവില്‍വരുന്നത് തടയാന്‍ ആരാലും സാധ്യമല്ല. അനന്തരം അത് വന്നെത്തുമ്പോള്‍ തള്ളിപ്പറഞ്ഞവരുടെ പരിണതി എന്തായിരിക്കുമെന്നും അതിനെയംഗീകരിച്ചുകൊണ്ട് ദൈവഭക്തി കൈക്കൊണ്ടു ജീവിച്ചവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും വിശദീകരിക്കുകയാണ്. തുടര്‍ന്ന് രണ്ടാമത്തെ ഖണ്ഡികയില്‍, ഖുറൈശി തലവന്മാര്‍ നബി(സ)യുടെ പ്രബോധനത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നിലപാടിനെ വിമര്‍ശിക്കുന്നു. അവര്‍ ചിലപ്പോള്‍ തിരുമേനിയെ ജ്യോല്‍സ്യനെന്നു വിളിക്കുന്നു. ചിലപ്പോള്‍ ഭ്രാന്തനെന്നാരോപിക്കുന്നു. ചിലപ്പോള്‍ കവിയായി ചിത്രീകരിക്കുന്നു. സാധാരണക്കാരെ കളിപ്പിക്കാനാണിതൊക്കെ; അവര്‍ പ്രവാചക സന്ദേശത്തെ നിഷ്പക്ഷബുദ്ധ്യാ ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടി. തങ്ങള്‍ക്കു വന്നുപെട്ട അവര്‍ണനീയമായ ഒരാപത്തായിട്ടാണവരദ്ദേഹത്തെ വിലയിരുത്തുന്നത്. അയാള്‍ക്ക് വല്ല ആപത്തും വന്നുഭവിച്ചാല്‍ നമുക്കയാളില്‍നിന്ന് രക്ഷപ്പെടാമെന്ന് അവര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഈ ഖുര്‍ആന്‍ സ്വയം കെട്ടിച്ചമച്ച് ദൈവത്തിന്റെ പേരില്‍ അവതരിപ്പിക്കുന്നതാണെന്നും-മആദല്ലാഹ്-ഇത് അദ്ദേഹം നടത്തുന്ന ഒരു തട്ടിപ്പ് മാത്രമാണെന്നും അവരദ്ദേഹത്തെ ആക്ഷേപിച്ചു. ദൈവത്തിന്റെ പ്രവാചകത്വം ലഭിക്കുകയാണെങ്കില്‍ അതീ പുള്ളിക്കാരനുതന്നെയാണല്ലോ കിട്ടേണ്ടത് എന്ന് നിരന്തരം പരിഹസിക്കുകയും ചെയ്തിരുന്നു അവര്‍. തങ്ങളില്‍നിന്ന് എന്തോ ആവശ്യപ്പെടുന്നതിനുവേണ്ടി അദ്ദേഹം പിന്നാലെ കൂടുകയും രക്ഷപ്പെടുന്നതിനുവേണ്ടി അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്ന മട്ടില്‍ അവരദ്ദേഹത്തിന്റെ പ്രബോധനത്തിലും ഉദ്ബോധനത്തിലും സ്വൈരക്കേട് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ പരിപാടി അവസാനിപ്പിക്കുന്നതിനുള്ള ഉപായം തേടിക്കൊണ്ട് നിരന്തരം ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ എന്തുമാത്രം മൂഢമായ വിശ്വാസങ്ങളിലാണ് തങ്ങളകപ്പെട്ടിരിക്കുന്നതെന്നതു സംബന്ധിച്ച് അവര്‍ക്ക് യാതൊരു ബോധവുമുണ്ടായിരുന്നില്ല. പ്രവാചകനാകട്ടെ, അന്ധകാരത്തില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാനാണ് തികച്ചും നിസ്വാര്‍ഥമായി സ്വജീവിതം ഉഴിഞ്ഞുവെച്ചത്. അവരുടെ ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ഒന്നിനുപിറകെ ഒന്നായി അല്ലാഹു ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവയിലോരോന്നും ഒന്നുകില്‍ അവരുടെ ഏതെങ്കിലും വിമര്‍ശനത്തിനുള്ള മറുപടിയാകുന്നു. അല്ലെങ്കില്‍ അവരുടെ അവിവേകത്തെ തുറന്നുകാണിക്കുന്നു. ഇക്കൂട്ടരെ താങ്കളുടെ പ്രവാചകത്വം അംഗീകരിപ്പിക്കുന്നതിനുവേണ്ടി ഒരു ദിവ്യാദ്ഭുതം കാണിക്കുന്നത് നിഷ്ഫലമാണെന്നാണ് തുടര്‍ന്ന് പറയുന്നത്. എന്തുകൊണ്ടെന്നാല്‍ ഇത്തരം ധിക്കാരികളെ എന്തു ദൃഷ്ടാന്തം കാണിച്ചാലും അതിനെ എങ്ങനെയെങ്കിലുമൊക്കെ വ്യാഖ്യാനിച്ച് അവര്‍ വിശ്വാസത്തില്‍നിന്ന് തെന്നിമാറുകയേയുള്ളൂ. ആ ഖണ്ഡികയുടെ ആരംഭത്തിലും അല്ലാഹു നബി(സ)യെ ഇപ്രകാരം ഉപദേശിക്കുന്നുണ്ട്: ഈ വിരോധികളുടെയും ശഠന്‍മാരുടെയും ആരോപണങ്ങളും വിമര്‍ശനങ്ങളും വകവെക്കാതെ പ്രബോധനത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും പ്രവര്‍ത്തനം നിരന്തരം തുടരുക. അല്ലാഹുവിന്റെ തീരുമാനം വരുന്നതുവരെ എതിര്‍പ്പുകളെ ക്ഷമാപൂര്‍വം നേരിട്ടുകൊണ്ട് മുന്നോട്ടുപോകണമെന്ന് ഒടുവിലും തിരുമേനിയോട് ഊന്നിപ്പറയുന്നുണ്ട്. അതോടൊപ്പം അദ്ദേഹത്തെ ഇപ്രകാരം സമാശ്വസിപ്പിക്കുകയും ചെയ്യുന്നു: താങ്കളെ സത്യനിഷേധികള്‍ക്കെതിരില്‍ നിയോഗിച്ചയച്ചിട്ട് അപ്പടിയങ്ങ് ഉപേക്ഷിച്ചിരിക്കയല്ല. അല്ലാഹു താങ്കളെ ശരിക്കും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ തീരുമാന സമയം ആസന്നമാകുന്നതുവരെ താങ്കള്‍ എല്ലാം സഹിക്കുക, നാഥനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ദൈവിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശക്തിയാര്‍ജിക്കുക.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ത്വൂര്‍ തന്നെ സാക്ഷി.
2_3-വിടര്‍ത്തിവെച്ച തുകലില്‍ എഴുതിയ വേദപുസ്തകം സാക്ഷി.
4-ജനനിബിഡമായ കഅ്ബാ മന്ദിരം സാക്ഷി.
5-ഉയരത്തിലുള്ള ആകാശം സാക്ഷി.
6-തിരതല്ലുന്ന സമുദ്രം സാക്ഷി.
7-നിശ്ചയം, നിന്റെ നാഥന്റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും.
8-അതിനെ തടുക്കുന്ന ആരുമില്ല.
9-ആകാശം അതിഭീകരമാംവിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക.
10-അന്ന് മലകള്‍ ഇളകി നീങ്ങും.
11-സത്യനിഷേധികള്‍ക്ക് അന്ന് കൊടും നാശം!
12-അനാവശ്യകാര്യങ്ങളില്‍ കളിച്ചുരസിക്കുന്നവരാണവര്‍.
13-അവരെ നരകത്തിലേക്ക് പിടിച്ചു തള്ളുന്ന ദിനം.
14-അന്ന് അവരോട് പറയും: "നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകമാണിത്.
15-"അല്ല; ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?
16-"ഇനി നിങ്ങളതില്‍ കിടന്നു വെന്തെരിയുക. നിങ്ങളിത് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്കു സമം തന്നെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനുയോജ്യമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്കു നല്‍കുന്നത്."
17-എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൌഭാഗ്യങ്ങളിലുമായിരിക്കും;
18-തങ്ങളുടെ നാഥന്‍ അവര്‍ക്കേകിയതില്‍ ആനന്ദം അനുഭവിക്കുന്നവരായി. കത്തിക്കാളുന്ന നരകത്തീയില്‍നിന്ന് അവരുടെ നാഥന്‍ അവരെ കാത്തുരക്ഷിക്കും.
19-അന്ന് അവരോട് പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക.
20-വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായിക്കൊടുക്കും.
21-സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും.
22-അവരാഗ്രഹിക്കുന്ന ഏതിനം പഴവും മാംസവും നാമവര്‍ക്ക് നിര്‍ലോഭം നല്കും.
23-അവര്‍ പാനപാത്രം പരസ്പരം കൈമാറിക്കൊണ്ടിരിക്കും. അസഭ്യവാക്കോ ദുര്‍വൃത്തിയോ അവിടെ ഉണ്ടാവുകയില്ല.
24-അവരുടെ പരിചരണത്തിനായി അവരുടെ അടുത്ത് ബാലന്മാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കാത്തുസൂക്ഷിക്കും മുത്തുകള്‍പോലിരിക്കും അവര്‍.
25-പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരന്യോന്യം അഭിമുഖീകരിക്കും.
26-അവര്‍ പറയും: "നിശ്ചയമായും നാം ഇതിന് മുമ്പ് നമ്മുടെ കുടുംബത്തിലായിരുന്നപ്പോള്‍ ആശങ്കാകുലരായിരുന്നു.
27-"അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരക ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ രക്ഷിച്ചു.
28-"നിശ്ചയമായും നാം മുമ്പേ അവനോട് മാത്രമാണ് പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. അവന്‍ തന്നെയാണ് അത്യുദാരനും ദയാപരനും; തീര്‍ച്ച."
29-അതിനാല്‍ നീ ഉദ്ബോധനം തുടര്‍ന്നുകൊണ്ടിരിക്കുക. നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനോ ഭ്രാന്തനോ അല്ല.
30-"ഇയാള്‍ ഒരു കവിയാണ്. ഇയാളുടെ കാര്യത്തില്‍ കാലവിപത്ത് വരുന്നത് നമുക്കു കാത്തിരുന്നു കാണാം" എന്നാണോ അവര്‍ പറയുന്നത്?
31-എങ്കില്‍ നീ പറയുക: ശരി, നിങ്ങള്‍ കാത്തിരിക്കുക; നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ ഞാനുമുണ്ട്.
32-ഇവരുടെ ബുദ്ധി ഇവരോട് ഇവ്വിധം പറയാന്‍ ആജ്ഞാപിക്കുകയാണോ? അതോ; ഇവര്‍ അതിക്രമികളായ ജനത തന്നെയോ?
33-അല്ല; ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ ഇവരാരോപിക്കുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.
34-ഇവര്‍ സത്യവാന്മാരെങ്കില്‍ ഇവ്വിധമൊരു വചനം കൊണ്ടുവരട്ടെ.
35-അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍!
36-അല്ലെങ്കില്‍ ഇവരാണോ ആകാശ ഭൂമികളെ സൃഷ്ടിച്ചത്? എന്നാല്‍ ഇവര്‍ ദൃഢമായി വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.
37-അതല്ല; നിന്റെ നാഥന്റെ ഖജനാവുകള്‍ ഇവരുടെ വശമാണോ? അല്ലെങ്കില്‍ ഇവരാണോ അതൊക്കെയും നിയന്ത്രിച്ചു നടത്തുന്നത്?
38-അതല്ല; വിവരങ്ങള്‍ കേട്ടറിയാനായി ഉപരിലോകത്തേക്ക് കയറാനിവര്‍ക്ക് വല്ല കോണിയുമുണ്ടോ? എങ്കില്‍ അവ്വിധം കേട്ടു മനസ്സിലാക്കുന്നവര്‍ അതിന് വ്യക്തമായ വല്ല തെളിവും കൊണ്ടുവരട്ടെ.
39-അല്ല; അല്ലാഹുവിന് പുത്രിമാരും നിങ്ങള്‍ക്ക് പുത്രന്മാരുമാണെന്നോ?
40-അതല്ല; നീ ഇവരോട് എന്തെങ്കിലും പ്രതിഫലം ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അതിന്റെ കടഭാരത്താല്‍ പ്രയാസപ്പെടുകയാണോ ഇവര്‍?
41-അതല്ല; ഇവര്‍ക്ക് അഭൌതികജ്ഞാനം ലഭിക്കുകയും അങ്ങനെ ഇവരതെഴുതി വെക്കുകയും ചെയ്തിട്ടുണ്ടോ?
42-അതല്ല; ഇവര്‍ വല്ല കുതന്ത്രവും കാണിക്കാന്‍ ഉദ്ദേശിക്കുന്നുവോ? എങ്കില്‍ സത്യനിഷേധികളാരോ, അവര്‍ തന്നെയായിരിക്കും കുതന്ത്രത്തിന്നിരയാകുന്നവര്‍.
43-അതല്ല; ഇവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റു വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.
44-ആകാശത്തിന്റെ ഒരടല് തന്നെ അടര്‍ന്ന് വീഴുന്നത് കണ്ടാലും അത് മേഘമലയാണെന്നായിരിക്കും ഇവര്‍ പറയുക.
45-അതിനാല്‍ ഇവരെ വിട്ടേക്കുക. ബോധരഹിതരായി വീഴുന്ന ദുര്‍ദിനത്തെയിവര്‍ കണ്ടുമുട്ടും വരെ.
46-ഇവരുടെ കുതന്ത്രങ്ങളൊന്നും ഇവര്‍ക്കൊട്ടും ഉപകരിക്കാത്ത ദിനം. ഇവര്‍ക്ക് അന്ന് ഒരു സഹായവും ലഭിക്കുകയില്ല.
47-തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതല്ലാത്ത ശിക്ഷയുമുണ്ട്; ഉറപ്പ്. എങ്കിലും ഇവരിലേറെ പേരും അതറിയുന്നില്ല.
48-അതിനാല്‍ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.
49-ഇരവിലും അവന്റെ വിശുദ്ധിയെ വാഴ്ത്തുക; താരകങ്ങള്‍ പിന്‍വാങ്ങുമ്പോഴും.