05 അല്‍മാഇദ

ആമുഖം
നാമം
ഭക്ഷണത്തളിക എന്നര്‍ഥമുള്ള ഈ അധ്യായത്തിന്റെ നാമം (അല്‍മാഇദ) പതിനഞ്ചാം ഖണ്ഡികയിലെ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ എന്ന സൂക്തത്തില്‍ നിന്നെടുത്തതാണ്. വിശുദ്ധ ഖുര്‍ആനിലെ മിക്ക അധ്യായങ്ങളുടെയും നാമം പോലെ ഇതിനും അധ്യായത്തിലെ മുഖ്യവിഷയവുമായി പ്രത്യേക ബന്ധമൊന്നുമില്ല. ഇതര അധ്യായങ്ങളില്‍നിന്ന് വേര്‍തിരിക്കാനുള്ള ഒരടയാളമെന്ന നിലയില്‍ ഈ പേര്‍ സ്വീകരിച്ചുവെന്നേയുള്ളൂ. 
അവതരണകാലം
അധ്യായത്തിന്റെ ഉള്ളടക്കം ദ്യോതിപ്പിക്കുകയും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നതുപോലെ `ഹുദൈബിയാ`സന്ധിക്കുശേഷം, ഹിജ്റ 6-ാം കൊല്ലത്തിന്റെ ഒടുവിലോ, 7-ാം കൊല്ലത്തിന്റെ തുടക്കത്തിലോ ആണ് ഇതവതരിച്ചത്. നബി (സ) തിരുമേനി 1400 മുസ്ലിംകളോടൊന്നിച്ച് ഹി: 6 ദുല്‍ഖഅദഃ മാസം മക്കയിലേക്ക് `ഉംറ` നിര്‍വ്വഹിക്കാനായി പുറപ്പെട്ടു. എന്നാല്‍ ശത്രുതകൊണ്ടന്ധരായ ഖുറൈശികള്‍ അറബികളുടെ പൌരാണിക മതപാരമ്പര്യത്തിനെതിരായി തീര്‍ഥാടകസംഘത്തെ തടയുകയാണുണ്ടായത്. തിരുമേനി (സ) യെ ഉംറ ചെയ്യാന്‍ അനുവദിച്ചില്ല. വളരെയധികം തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു ശേഷം, അടുത്തകൊല്ലം തിരുമേനി(സ)ക്ക് കഅ്ബാ സന്ദര്‍ശനം നടത്താമെന്ന് അവര്‍ സമ്മതിച്ചു. ഇത്തരുണത്തില്‍, ഒരു വശത്ത് കഅ്ബാസന്ദര്‍ശനയാത്രയുടെ മുറകള്‍ മുസ്ലിംകളെ പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. കാരണം, എങ്കില്‍ മാത്രമേ അടുത്തവര്‍ഷം യാത്ര ചെയ്യുമ്പോള്‍ അതിന്റെ ഇസ്ലാമിക സ്വഭാവം തികച്ചും പാലിക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളു. മറുവശത്ത്, മുസ്ലീംകളുടെ തീര്‍ഥാടനം തടയാന്‍ അവിശ്വാസികള്‍ സ്വീകരിച്ച അതിക്രമനടപടികള്‍ക്ക് പ്രതികാരമായി യാതൊരു അനാശാസ്യപ്രവര്‍ത്തനവും ചെയ്തുപോവരുതെന്ന് അവരെ പ്രത്യേകം തെര്യപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. എന്തെന്നാല്‍ മക്കാ  തീര്‍ഥാടനത്തിന് പല അമുസ്ലിം ഗോത്രങ്ങള്‍ക്കും പോകാനുളള മാര്‍ഗ്ഗം ഇസ്ലാമിന്നധീനപ്പെട്ട പ്രദേശങ്ങളിലൂടെയായിരുന്നു. കഅ്ബാ സന്ദര്‍ശനത്തില്‍നിന്ന് തങ്ങളെ തടഞ്ഞതുപോലെ മറുപക്ഷത്തെ തടയുവാന്‍ മുസ്ലിംകള്‍ക്കും സാധിക്കുമായിരുന്നു. ഇതത്രെ ഈ അധ്യായത്തിന്റെ തുടക്കത്തിലുള്ള ആമുഖ പ്രഭാഷണത്തിന്റെ സന്ദര്‍ഭൌചിത്യം. മുന്നോട്ട,് പതിമൂന്നാം ഖണ്ഡികയിലും ഇതേ പ്രശ്നം വീണ്ടും പരാമര്‍ശിച്ചിട്ടുണ്ട്. ആദ്യ ഖണ്ഡിക മുതല്‍ 14-ാം ഖണ്ഡിക വരെ ഒരേ പ്രഭാഷണ പരമ്പരയാണ് തുടരുന്നതെന്ന് അത് തെളിയിക്കുന്നു. ഇതിനുപുറമെ ഈ അധ്യായത്തിലുള്ള മറ്റെല്ലാ വിഷയങ്ങളും അതേകാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഒറ്റ തവണ അവതരിച്ച പ്രഭാഷണമാണ് ഈ അധ്യായം മുഴുവന്‍ എന്ന് പ്രതിപാദന ക്രമത്തില്‍നിന്ന് ഏറക്കുറെ അനുമാനിക്കാവുന്നതാണ്. എന്നാല്‍ ഏതാനും ചില ആയത്തുകള്‍ പിന്നീട് അവതരിച്ചതും വിഷയപ്പൊരുത്തം നോക്കി യഥാസ്ഥാനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചതുമാകാന്‍ സാധ്യതയുണ്ട്. പക്ഷേ, ഒന്നിലധികം പ്രഭാഷണങ്ങളുടെ സമാഹാരമാണീ അധ്യായമെന്ന് അനുമാനിക്കാവുന്നവിധം പ്രതിപാദന പരമ്പരയില്‍ ലഘുവായൊരു വിടവുപോലും ഒരിടത്തും അനുഭവപ്പെടുന്നില്ല. 
പശ്ചാത്തലം.
ആലുഇംറാന്‍, അന്നിസാഅ് എന്നീ അധ്യായങ്ങള്‍ അവതരിച്ചതുമുതല്‍ ഈ സൂറത്ത് ഇറങ്ങുന്നതുവരെയുള്ള കാലത്തിനിടയില്‍ സ്ഥിതിഗതികള്‍ക്ക് വലിയ പരിവര്‍ത്തനം സംഭവിക്കുകയുണ്ടായി. ഉഹുദ് യുദ്ധത്തില്‍ പറ്റിയ ക്ഷതംമൂലം മദീനയുടെ അടുത്ത അയല്‍ പ്രദേശങ്ങള്‍കൂടി അപകടമേഖലയായിമാറിയ ഒരു കാലഘട്ടം മുസ്ലിംകള്‍ക്ക് തരണം ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോഴാകട്ടെ, ഇസ്ലാം അപ്രതിരോധ്യമായ ഒരു ശക്തിയായി അറേബ്യയില്‍ വളര്‍ന്നിരിക്കയാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തി, നജ്ദുവരെയും, സിറിയയുടെ സമീപം വരെയും ചെങ്കടല്‍, മുതല്‍ മക്കയുടെ പരിസരം വരെയും വികസിച്ചു കഴിഞ്ഞു. ഉഹുദിലെ ക്ഷതം മുസ്ലിംകളുടെ ധൈര്യം ക്ഷയിപ്പിക്കുകയല്ല, അവരുടെ മനോദാര്‍ഢ്യത്തിന് ഒരു വെല്ലുവിളിയായി അനുഭവപ്പെടുകയാണുണ്ടായത്. അവര്‍ മുറിവേറ്റ വ്യാഘ്രത്തെപ്പോലെ കുതിച്ചുചാടി. അങ്ങനെ മൂന്നു കൊല്ലം കൊണ്ട് ചിത്രം മാററിവരച്ചു. അവരുടെ നിരന്തര യത്നവും അവിശ്രമപരിശ്രമവും മദീനയുടെ ചുറ്റുപാടില്‍ ഏതാണ്ട ് 150, 200 നാഴികയോളം ഇസ്ലാമിന്റെ ശക്തി ഉറപ്പിക്കുകയും ശത്രുഗോത്രങ്ങളുടെ വീര്യം കെടുത്തുകയും ചെയ്തു. മദീനയെ സദാ ഭീഷണിപ്പെടുത്തിയിരുന്ന യഹൂദ വിപത്ത് നിശ്ശേഷം നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു. ഹിജാസിന്റെ ഇതരഭാഗങ്ങളില്‍ നിവസിച്ചിരുന്ന യഹൂദഗോത്രങ്ങളെല്ലാം മദീനാഗവണ്‍മെന്റിന് കപ്പം കൊടുക്കുന്ന കീഴ് ഘടകങ്ങളായിത്തീര്‍ന്നു. ഇസ്ലാമിനെ നശിപ്പിക്കാനുള്ള ഖുറൈശി മുശ്രിക്കുകളുടെ അവസാന ശ്രമം നടന്നത് ഖന്ദഖ് യുദ്ധാവസരത്തിലാണ്. അതിലവര്‍ ദയനീയമായി പരാജയപ്പെട്ടു. ഇതില്‍ പിന്നെ അറബികള്‍ക്ക് തികച്ചും ബോധ്യമായി, ഇനിയാര്‍ക്കും നശിപ്പിക്കാന്‍ കഴിയാത്ത ഒരജയ്യശക്തിയാണ് ഇസ്ലാമെന്ന്. ഇപ്പോള്‍ ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുന്ന കേവലമൊരു വിശ്വാസമോ ആദര്‍ശമോ മാത്രമായിരുന്നില്ല ഇസ്ലാം. പ്രത്യുത, ഒരു സ്റേറ്റുകൂടിയായിരുന്നു. അതിന്റെ അതിര്‍ത്തിക്കകത്ത് നിവസിക്കുന്ന എല്ലാവരുടെയും ജീവിതത്തിന്മേല്‍ അത് ഫലത്തില്‍തന്നെ ആധിപത്യം വാണിരുന്നു. തങ്ങള്‍ വിശ്വസിക്കുന്ന മതമനുസരിച്ച് നിര്‍ബാധം ജീവിക്കാനും മറ്റൊരു വിശ്വാസമോ മതമോ നിയമമോ സ്വന്തം ജീവിത പരിധിയില്‍ കൈകടത്താതിരിക്കുവാനും തക്കവിധം മുസ്ലിംകള്‍ ശക്തിപ്രാപിച്ചുകഴിഞ്ഞിരുന്നു. ഇത്രയും കാലംകൊണ്ട് മുസ്ലിംകളില്‍ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലും ഇതര ജനതകളുടേതില്‍നിന്ന് വ്യത്യസ്തമായി, ഇസ്ലാമിക വീക്ഷണഗതിക്കൊത്ത തങ്ങളുടേതായ ഒരു സ്വതന്ത്രസംസ്കാരം രൂപംകൊണ്ടു. സദാചാരം, നാഗരികത, സാമൂഹ്യഘടന അങ്ങനെ എല്ലാ തുറകളിലും അമുസ്ലിംകളുടേതില്‍നിന്നു തീരെ വ്യതിരിക്തമായിരുന്നു അത്. ഇസ്ലാമിന്റെ അധീനപ്രദേശങ്ങളിലെല്ലാം പള്ളികളും സംഘടിത നമസ്കാരവ്യവസ്ഥയും സ്ഥാപിതമായി. ഓരോ ഗ്രാമത്തിലും ഗോത്രത്തിലും ഇമാമുകളെ നിശ്ചയിച്ചു. ഇസ്ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഒട്ടൊക്കെ വിശദമായിത്തന്നെ ആവിഷ്കരിക്കപ്പെടുകയും ഇസ്ലാമിക കോടതികള്‍ മുഖേന നടപ്പാക്കിവരികയും ചെയ്തു. കൊള്ളക്കൊടുക്കയുടെയും ധനവിനിമയത്തിന്റെയും പഴയ സമ്പ്രദായങ്ങള്‍ അവസാനിച്ചു. പരിഷ്കൃത സമ്പ്രദായങ്ങള്‍ നടപ്പിലായി. പിന്തുടര്‍ച്ചാവകാശത്തിന് ഒരു സ്വതന്ത്ര പദ്ധതിതന്നെ നിലവില്‍ വന്നു. വിവാഹ, വിവാഹമോചന നിയമങ്ങള്‍, ഇസ്ലാമിക പര്‍ദാസമ്പ്രദായം, പരഗൃഹപ്രവേശത്തിന് അനുവാദം ചോദിക്കുന്ന സമ്പ്രദായം, വ്യഭിചാരത്തിന്റെയും അപവാദത്തിന്റെയും ശിക്ഷാവിധികള്‍ മുതലായവ നടപ്പില്‍വരുത്തുക വഴി മുസ്ലിംകളുടെ സാമൂഹ്യജീവിതം ഒരു സവിശേഷ മൂശയില്‍ വാര്‍ക്കപ്പെട്ടതായിത്തീര്‍ന്നു. അവരുടെ സഭാചട്ടം, സംഭാഷണരീതി, അന്നപാനമര്യാദ, വസ്ത്രധാരണരൂപം, പെരുമാറ്റ മുറകള്‍ എല്ലാം തന്നെ ഒരു സ്വതന്ത്രാകൃതി കൈക്കൊണ്ടു. ഇസ്ലാമിക ജീവിതത്തിന് ഇങ്ങനെയൊരു പൂര്‍ണ്ണ രൂപം ഉണ്ടായിക്കഴിഞ്ഞപ്പോള്‍ അമുസ്ലിം ലോകത്തിന്, വല്ലകാലത്തെങ്കിലും തങ്ങളുടെ കൂട്ടത്തില്‍ മുസ്ലിംകള്‍ വന്നുചേരുമെന്ന പ്രതീക്ഷ നശിച്ചു. സ്വന്തമായൊരു സ്വതന്ത്ര സംസ്കാരം രൂപപ്പെട്ടുകഴിഞ്ഞ ഒരു ജനതയുടെ തിരിച്ചുവരവിനെക്കുറിച്ച് അവര്‍ പറ്റെ നിരാശരായിരുന്നു. ഹുദൈബിയാ സന്ധിവരെ മുസ്ലിംകളുടെ മാര്‍ഗ്ഗത്തിലുണ്ടായിരുന്ന വലിയൊരു പ്രതിബന്ധം ഖുറൈശികളുമായുള്ള നിരന്തര സംഘര്‍ഷമായിരുന്നു. തന്നിമിത്തം മുസ്ലിംകള്‍ക്ക് തങ്ങളുടെ പ്രബോധന വൃത്തം കൂടുതല്‍ വികസിപ്പിക്കുവാനവസരം ലഭിച്ചിരുന്നില്ല. ഹുദൈബിയയില്‍ മുസ്ലിംകള്‍ക്കുണ്ടായ ബാഹ്യപരാജയം- എന്നാല്‍ യഥാര്‍ഥവിജയം- പ്രസ്തുത പ്രതിബന്ധത്തെ തട്ടിനീക്കുകയാണുണ്ടായത്. അതുവഴി തങ്ങളുടെ രാഷ്ട്രാതിര്‍ത്തിയിലുടനീളം സമാധാനം കൈവന്നു. മാത്രമല്ല, പരിസരപ്രദേശങ്ങളില്‍ ഇസ്ലാമിക സന്ദേശം എത്തിക്കാന്‍ അതവര്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഇറാന്‍, റോമ, ഈജിപ്ത്, അറേബ്യ എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ക്കും രാഷ്ട്രത്തലവന്മാര്‍ക്കും കത്തുകളയച്ചുകൊണ്ടാണ് തിരുമേനി ആ പ്രബോധന സംരംഭമാരംഭിച്ചത്. അതോടൊപ്പം വിവിധ ഗോത്രങ്ങളിലും ജനപഥങ്ങളിലും മുസ്ലിം പ്രബോധകന്മാര്‍ മതപ്രബോധന കൃത്യം നിര്‍വഹിച്ചുപോന്നു. 
പ്രതിപാദ്യവിഷയം
അല്‍മാഇദ സൂറത്ത് അവതരിച്ച സാഹചര്യമാണ് മുകളില്‍ വിവരിച്ചത്. മൂന്നു സുപ്രധാന വിഷയങ്ങളാണ് ഈ സൂറത്ത് ഉള്‍ക്കൊള്ളുന്നത്. 1. മുസ്ലിംകളുടെ മതപരവും നാഗരികവും രാഷ്ട്രീയവുമായ ജീവിതത്തെ സംബന്ധിച്ച കൂടുതല്‍ നിയമങ്ങളും നിര്‍ദേശങ്ങളും. ഈ ഇനത്തില്‍ ഹജ്ജ് തീര്‍ഥാടനമുറകള്‍, ദൈവിക ചിഹ്നങ്ങളെ മാനിക്കുക, കഅ്ബാ സന്ദര്‍ശകരെ ഉപദ്രവിക്കാതിരിക്കുക, ഭക്ഷണപാനീയങ്ങളില്‍ ഹറാം- ഹലാലിന്റെ കണിശമായ പരിധികള്‍, ജാഹിലിയ്യാ ഘട്ടത്തിലെ സ്വയംകൃത നിയമബന്ധനങ്ങളുടെ ഉന്മൂലനം, വേദക്കാരുമൊത്ത് ഭക്ഷണം കഴിക്കാനും അവരുടെ സ്ത്രീകളെ വിവാഹം ചെയ്യാനും അനുവാദം, വുദുവിന്റെയും കുളിയുടെയും തയമ്മുമിന്റെയും ഉപാധികള്‍, അട്ടിമറി, കലാപം, മോഷണം, എന്നിവക്കുള്ള ശിക്ഷാവിധികള്‍, മദ്യനിരോധം, ചൂതാട്ടനിരോധം, ശപഥ ലംഘനത്തിന്റെ പ്രായശ്ചിത്തം, സാക്ഷ്യനിയമത്തില്‍ കൂടുതല്‍ വകുപ്പുകള്‍ എന്നിതുകളെല്ലാം ഉള്‍പ്പെടുന്നു. 2. മുസ്ലിംകള്‍ക്ക് സദുപദേശം. മുസ്ലിംകളിപ്പോള്‍ ഒരു ഭരണാധികാരി വിഭാഗമായി തീര്‍ന്നിരിക്കുന്നു. ജനസമുദായങ്ങളെ ലഹരിപിടിപ്പിച്ച് വഴിതെറ്റിച്ചിട്ടുള്ള അധികാരത്തിന്റെ ശക്തിപ്രതാപം തങ്ങള്‍ക്ക് കൈവരികയും മര്‍ദന ഘട്ടം അവസാനിച്ച് അതിലുപരി പരീക്ഷണാത്മകമായ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്ത ഈ സന്ദര്‍ഭത്തില്‍ അവരെ അഭിസംബോധനചെയ്തുകൊണ്ട് അല്ലാഹു നിരന്തരം ഉപദേശിക്കുകയാണ്: നീതിപാലിക്കുക, മുന്‍ഗാമികളായ വേദക്കാരുടെ കീഴ്വഴക്കം പിന്തുടരാതിരിക്കുക, അല്ലാഹുവെ അനുസരിക്കുക, അവന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുമെന്ന കരാറിലുറച്ചുനില്‍ക്കുക, ജൂത-ക്രൈസ്തവരെപ്പോലെ അത് ലംഘിച്ചുകൊണ്ട് അവര്‍ക്ക് നേരിട്ട പരിണാമം നിങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ സൂക്ഷിക്കുക, എല്ലാ ജീവിത ഇടപാടുകളിലും ദൈവഗ്രന്ഥത്തിന് വിധേയരായി നിലകൊള്ളുക, കപടനയം പരിവര്‍ജ്ജിക്കുക. 3. ജൂത- ക്രൈസ്തവരോടുള്ള ഉല്‍ബോധനം. യഹൂദരുടെ ശക്തി ക്ഷയിച്ചുകഴിഞ്ഞിരുന്നു. ഉത്തര അറേബ്യയിലെ മിക്കവാറും ജൂത പ്രദേശങ്ങള്‍ മുസ്ലിംകള്‍ക്ക് അധീനപ്പെട്ടിരുന്നു. ഈ അവസരത്തില്‍ അവരുടെ അബദ്ധനയത്തെപ്പറ്റി ഒരിക്കല്‍ക്കൂടി അല്ലാഹു താക്കീതുചെയ്യുകയും അവരെ സത്യപന്ഥാവിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഹുദൈബിയാസന്ധിയുടെ ഫലമായി അറേബ്യയിലും അയല്‍നാടുകളിലും ഇസ്ലാമിക പ്രബോധനം പ്രചരിപ്പിക്കാന്‍ മുസ്ലിംകള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ക്രിസ്ത്യാനികളെ പ്രത്യേകം അഭിസംബോധന ചെയ്ത് തങ്ങളുടെ അബദ്ധവിശ്വാസങ്ങളെ ചൂണ്ടിക്കാണിക്കുകയും അവരെ നബി(സ) തിരുമേനിയില്‍ വിശ്വസിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. അയല്‍രാജ്യങ്ങളില്‍ വിഗ്രഹാരാധകരും അഗ്നിയാരാധകരുമായ ജനവിഭാഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ ഇതില്‍ നേരിട്ട് അഭിസംബോധന ചെയ്തിട്ടില്ല. കാരണം, തുല്യമതക്കാരായ അറബിമുശ്രിക്കുകളെ അഭിമുഖീകരിച്ച് മക്കയില്‍ അവതരിച്ച പ്രഭാഷണങ്ങള്‍ തന്നെ തികച്ചും മതിയായിരുന്നു അവരുടെ മാര്‍ഗദര്‍ശനത്തിന്.
സൂക്തങ്ങളുടെ ആശയം
വിശ്വസിച്ചവരേ, കരാറുകള്‍ പാലിക്കുക. നാല്‍ക്കാലികളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; വഴിയെ വിവരിക്കുന്നവ ഒഴികെ. എന്നാല്‍ ഇഹ്റാമിലായിരിക്കെ വേട്ടയാടുന്നത് അനുവദനീയമായി ഗണിക്കരുത്. അല്ലാഹു അവനിച്ഛിക്കുന്നത് വിധിക്കുന്നു.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
2- വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമാസം; ബലിമൃഗങ്ങള്‍; അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്‍; തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹലേക്ക് പോകുന്നവര്‍- ഇവയെയും നിങ്ങള്‍ അനാദരിക്കരുത്. ഇഹ്റാമില്‍ നിന്നൊഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയിലേര്‍പ്പെടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കിയവരോടുള്ള വെറുപ്പ് അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. പുണ്യത്തിലും ദൈവഭക്തിയിലും പരസ്പരം സഹായികളാവുക. പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
3- ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്. അമ്പുകള്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ളേഛമാണ്. സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ നേരിടുന്നതില്‍ ഇന്ന് നിരാശരായിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന്‍ നിര്‍ബന്ധിതനായാല്‍, അവന്‍ തെറ്റുചെയ്യാന്‍ തല്‍പരനല്ലെങ്കില്‍, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
4- അവര്‍ നിന്നോടു ചോദിക്കുന്നു: എന്തൊക്കെയാണ് തങ്ങള്‍ക്ക് തിന്നാന്‍ പാടുള്ളതെന്ന്. പറയുക: നിങ്ങള്‍ക്ക് നല്ല വസ്തുക്കളൊക്കെയും തിന്നാന്‍ അനുവാദമുണ്ട്. അല്ലാഹു നിങ്ങള്‍ക്കേകിയ അറിവുപയോഗിച്ച് നിങ്ങള്‍ പരിശീലിപ്പിച്ച വേട്ടമൃഗം നിങ്ങള്‍ക്കായി പിടിച്ചുകൊണ്ടുവന്നു തരുന്നതും നിങ്ങള്‍ക്ക് തിന്നാം. എന്നാല്‍ ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉരുവിടണം. അല്ലാഹുവെ സൂക്ഷിക്കുക. സംശയം വേണ്ട; അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാണ്.
5- ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്. സത്യവിശ്വാസത്തെ നിഷേധിക്കുന്നവന്റെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. പരലോകത്ത് അവന്‍ പാപ്പരായിരിക്കും.
6- വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ ഇരുകരങ്ങളും കഴുകുക. തല തടവുകയും ഞെരിയാണിവരെ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കില്‍ കുളിച്ചു ശുദ്ധിയാവുക. രോഗികളോ യാത്രക്കാരോ ആണെങ്കിലും നിങ്ങളിലാരെങ്കിലും വിസര്‍ജിച്ചുവരികയോ സ്ത്രീസംസര്‍ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും ശുദ്ധിവരുത്താന്‍ മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില്‍ കയ്യടിച്ച് മുഖവും കൈകളും തടവുക. നിങ്ങളെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
7- അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അവന്‍ നിങ്ങളോട് കരുത്തുറ്റ കരാര്‍ വാങ്ങിയ കാര്യവും. അഥവാ, "ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു" വെന്ന് നിങ്ങള്‍ പറഞ്ഞ കാര്യം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളതൊക്കെയും നന്നായറിയുന്നവനാണ്.
8- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.
9- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.
10- എന്നാല്‍ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും ചെയ്തവരോ, അവരാണ് നരകാവകാശികള്‍.
11- വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വസ്വം സമര്‍പ്പിക്കട്ടെ.
12- അല്ലാഹു ഇസ്രയേല്‍ മക്കളോട് കരാര്‍ വാങ്ങിയിരുന്നു. അവരില്‍ പന്ത്രണ്ടുപേരെ മുഖ്യന്മാരായി നാം നിയോഗിക്കുകയും ചെയ്തു. അല്ലാഹു അവരോടു പറഞ്ഞു: "തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. എന്റെ ദൂതന്മാരില്‍ വിശ്വസിക്കുക. അവരെ സഹായിക്കുക. അല്ലാഹുവിന് ശ്രേഷ്ഠമായ കടം കൊടുക്കുകയും ചെയ്യുക. എങ്കില്‍ ഞാന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും; താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും; തീര്‍ച്ച. എന്നാല്‍ അതിനുശേഷം നിങ്ങളാരെങ്കിലും നിഷേധികളാവുകയാണെങ്കില്‍ അവന്‍ നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയതുതന്നെ.
13- പിന്നീട് അവരുടെ കരാര്‍ ലംഘനം കാരണമായി നാമവരെ ശപിച്ചു. അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തു. അവര്‍ വേദവാക്യങ്ങള്‍ വളച്ചൊടിക്കുന്നു. നാം നല്‍കിയ ഉദ്ബോധനങ്ങളില്‍ വലിയൊരു ഭാഗം മറക്കുകയും ചെയ്തു. അവരില്‍ അല്‍പം ചിലരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന നീ കണ്ടുകൊണ്ടേയിരിക്കും. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരോടു വിട്ടുവീഴ്ച കാണിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടും; തീര്‍ച്ച.
14- ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് അവകാശപ്പെടുന്നവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്.
15- വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.
16- തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു.
17- മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
18- യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ ദൈവത്തിന്റെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. വിണ്ണിന്റെയും മണ്ണിന്റെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ.
19- വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് ശുഭവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ.
20- മൂസാ തന്റെ ജനത്തോടു പറഞ്ഞ സന്ദര്‍ഭം: "എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: അവന്‍ നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരില്‍ മറ്റാര്‍ക്കും നല്‍കാത്ത പലതും അവന്‍ നിങ്ങള്‍ക്കു നല്‍കി.
21- "എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയില്‍ പ്രവേശിക്കുക. പിറകോട്ട് തിരിച്ചുപോകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പരാജിതരായിത്തീരും."
22- അവര്‍ പറഞ്ഞു: "ഹേ, മൂസാ, മഹാ മല്ലന്മാരായ ജനമാണ് അവിടെയുള്ളത്. അവര്‍ പുറത്തുപോകാതെ ഞങ്ങളവിടെ പ്രവേശിക്കുകയില്ല. അവര്‍ അവിടം വിട്ടൊഴിഞ്ഞാല്‍ ഞങ്ങളങ്ങോട്ടുപോകാം."
23- ദൈവഭയമുള്ളവരും ദിവ്യാനുഗ്രഹം ലഭിച്ചവരുമായ രണ്ടുപേര്‍ മുന്നോട്ടുവന്നു. അവര്‍ പറഞ്ഞു: "പട്ടണവാതിലിലൂടെ നിങ്ങളവിടെ കടന്നുചെല്ലുക. അങ്ങനെ പ്രവേശിച്ചാല്‍ തീര്‍ച്ചയായും നിങ്ങളാണ് വിജയികളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക."
24- എന്നാല്‍ അവര്‍ ഇതുതന്നെ പറയുകയാണുണ്ടായത്: "മൂസാ, അവരവിടെ ഉള്ളേടത്തോളം കാലം ഞങ്ങളങ്ങോട്ട് പോവുകയില്ല. അതിനാല്‍ താനും തന്റെ ദൈവവും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം."
25- മൂസാ പ്രാര്‍ഥിച്ചു: "എന്റെ നാഥാ, എന്റെയും എന്റെ സഹോദരന്റെയും മേലല്ലാതെ എനിക്കു നിയന്ത്രണമില്ല. അതിനാല്‍ ധിക്കാരികളായ ഈ ജനത്തില്‍നിന്ന് നീ ഞങ്ങളെ വേര്‍പെടുത്തേണമേ."
26- അല്ലാഹു മൂസായെ അറിയിച്ചു: "തീര്‍ച്ചയായും നാല്‍പതു കൊല്ലത്തേക്ക് ആ പ്രദേശം അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അക്കാലമത്രയും അവര്‍ ഭൂമിയില്‍ അലഞ്ഞുതിരിയും. ധിക്കാരികളായ ഈ ജനത്തിന്റെ പേരില്‍ നീ ദുഃഖിക്കേണ്ടതില്ല."
27- നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: "ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും." അപരന്‍ പറഞ്ഞു: "ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
28- "എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു.
29- "എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ."
30- എന്നിട്ടും അവന്റെ മനസ്സ് തന്റെ സഹോദരനെ വധിക്കാന്‍ തയ്യാറായി. അങ്ങനെ അവന്‍ അയാളെ കൊന്നു. അതിനാല്‍ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി.
31- പിന്നീട് അവന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് മണ്ണില്‍ ഒരു കുഴിയുണ്ടാക്കുകയായിരുന്നു. ഇതുകണ്ട് അയാള്‍ വിലപിച്ചു: "കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ." അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു.
32- അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്‍പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും." നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.
33- അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. ഇത് അവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതേക്കാള്‍ കടുത്ത ശിക്ഷയാണുണ്ടാവുക.
34- എന്നാല്‍ നിങ്ങള്‍ അവരെ പിടികൂടി നടപടിയെടുക്കാന്‍ തുടങ്ങുംമുമ്പെ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ ശിക്ഷ ബാധകമല്ല. നിങ്ങളറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
35- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവനിലേക്ക് അടുക്കാനുള്ള വഴിതേടുക. അവന്റെ മാര്‍ഗത്തില്‍ പരമാവധി ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
36- ഭൂമിയിലുള്ളതൊക്കെയും അത്രതന്നെ വേറെയും സത്യനിഷേധികളുടെ വശമുണ്ടാവുകയും, ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ ശിക്ഷയില്‍ നിന്നൊഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കാനൊരുങ്ങുകയും ചെയ്താലും അവരില്‍ നിന്ന് അതൊന്നും സ്വീകരിക്കുകയില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയാണുണ്ടാവുക.
37- നരകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ കൊതിക്കും. പക്ഷേ അതില്‍നിന്നു പുറത്തുകടക്കാനാവില്ല. സ്ഥിരമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.
38- കക്കുന്നവരുടെ - ആണായാലും പെണ്ണായാലും - കൈകള്‍ മുറിച്ചുകളയുക.  അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്; അല്ലാഹുവില്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയും. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
39- എന്നാല്‍ അതിക്രമം ചെയ്തശേഷം ആരെങ്കിലും പശ്ചാത്തപിക്കുകയും നന്നാവുകയും ചെയ്താല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
40- നിനക്കറിഞ്ഞുകൂടേ, ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണെന്ന്? അവനിച്ഛിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
41- പ്രവാചകരേ, സത്യനിഷേധത്തില്‍ കുതിച്ചു മുന്നേറുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവര്‍ "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു"വെന്ന് വായകൊണ്ട് വാദിക്കുന്നവരാണ്. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ വിശ്വസിച്ചിട്ടില്ല. യഹൂദരില്‍പെട്ടവരോ, അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിന്റെ അടുത്തുവരാത്ത മറ്റുള്ളവരുടെ വാക്കുകള്‍ക്ക് കാതുകൂര്‍പ്പിക്കുന്നവരും. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ മാറ്റിമറിക്കുന്നു. അവര്‍ പറയുന്നു: "നിങ്ങള്‍ക്ക് ഈ നിയമമാണ് നല്‍കുന്നതെങ്കില്‍ അതു സ്വീകരിക്കുക. അതല്ല നല്‍കുന്നതെങ്കില്‍ നിരസിക്കുക." അല്ലാഹു ആരെയെങ്കിലും നാശത്തിലകപ്പെടുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് അയാള്‍ക്ക് യാതൊന്നും നേടിക്കൊടുക്കാന്‍ നിനക്കാവില്ല. അത്തരക്കാരുടെ മനസ്സുകളെ നന്നാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് മാനക്കേടാണുണ്ടാവുക. പരലോകത്തോ കൊടിയ ശിക്ഷയും.
42- അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിഷിദ്ധധനം ധാരാളമായി തിന്നുന്നവരും. അവര്‍ നിന്റെ അടുത്തുവരികയാണെങ്കില്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുക. അവരെ അവഗണിച്ചാല്‍ നിനക്കൊരു ദ്രോഹവും വരുത്താന്‍ അവര്‍ക്കാവില്ല. എന്നാല്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധിക്കുക. സംശയമില്ല; നീതി നടത്തുന്നവരെ അല്ലാഹു സ്നേഹിക്കുന്നു.
43- എന്നാല്‍ അവരെങ്ങനെ നിന്നെ വിധികര്‍ത്താവാക്കും? അവരുടെ വശം തൌറാത്തുണ്ട്; അതില്‍ ദൈവിക നിയമങ്ങളുമുണ്ട്. എന്നിട്ടും അതില്‍നിന്ന് സ്വയം പിന്തിരിഞ്ഞവരാണവര്‍. അവര്‍ വിശ്വാസികളേ അല്ല.
44- നാം തന്നെയാണ് തൌറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു വേദപുസ്തകത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍.
45- നാം അവര്‍ക്ക് അതില്‍ ഇവ്വിധം നിയമം നല്‍കിയിരിക്കുന്നു; ജീവനു ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയാണെങ്കില്‍ അത് അവന്നുള്ള പ്രായശ്ചിത്തമാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര്‍ തന്നെയാണ് അതിക്രമികള്‍.
46- ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൌറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി. അത് തൌറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും.
47- ഇഞ്ചീലിന്റെ അനുയായികള്‍ അല്ലാഹു അതിലവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തട്ടെ. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാകുന്നു അധര്‍മികള്‍.
48- പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.
49- അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നീ അവരുടെ തോന്നിവാസങ്ങളെ പിന്‍പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിത്തന്ന ഏതെങ്കിലും നിയമങ്ങളില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. അഥവാ, അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവരുടെ ചില തെറ്റുകള്‍ കാരണമായി അവരെ ആപത്തിലകപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ജനങ്ങളിലേറെ പേരും കടുത്ത ധിക്കാരികളാണ്.
50- അനിസ്ലാമിക വ്യവസ്ഥയുടെ വിധിയാണോ അവരാഗ്രഹിക്കുന്നത്. അടിയുറച്ച സത്യവിശ്വാസികള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവായി ആരുണ്ട്?
51- വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മമിത്രങ്ങളാണ്. നിങ്ങളിലാരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
52- എന്നാല്‍ ദീനംപിടിച്ച മനസ്സുള്ളവര്‍ അവരുമായി കൂട്ടുകൂടുന്നതിന് തിടുക്കം കൂട്ടുന്നതായി കാണാം. തങ്ങള്‍ക്കു വല്ല വിപത്തും വന്നുപെട്ടേക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് അതിനവര്‍ കാരണം പറയുക. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കിയേക്കാം. അല്ലെങ്കില്‍ അവന്റെ ഭാഗത്തുനിന്ന് മറ്റുവല്ല നടപടിയും ഉണ്ടായേക്കാം. അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സ് മറച്ചുവെക്കുന്നതിനെ സംബന്ധിച്ച് ഖേദിക്കുന്നവരായിത്തീരും.
53- അന്നേരം സത്യവിശ്വാസികള്‍ ചോദിക്കും: "ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണെ"ന്ന് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറഞ്ഞിരുന്ന അക്കൂട്ടര്‍ തന്നെയാണോ ഇവര്‍? അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. അങ്ങനെ അവര്‍ പരാജിതരാവുകയും ചെയ്തിരിക്കുന്നു.
54- വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കില്‍ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ഒരാളുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും.
55- നിങ്ങളുടെ ആത്മമിത്രങ്ങള്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെ മാത്രം നമിക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും.
56- അല്ലാഹുവെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും ആത്മമിത്രങ്ങളാക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം വരിക്കുന്നവര്‍.
57- വിശ്വസിച്ചവരേ, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുപോന്ന, നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരെയും സത്യനിഷേധികളെയും ഉറ്റമിത്രങ്ങളാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അല്ലാഹുവോട് ഭയഭക്തിയുള്ളവരാവുക.
58- നിങ്ങള്‍ നമസ്കാരത്തിന് വിളിച്ചാല്‍ അവരതിനെ പരിഹാസവും കളിയുമാക്കുന്നു. അവര്‍ ആലോചിച്ചറിയാത്ത ജനമായതിനാലാണത്.
59- ചോദിക്കുക: വേദക്കാരേ, നിങ്ങള്‍ ഞങ്ങളോടു ശത്രുത പുലര്‍ത്താന്‍ വല്ല കാരണവുമുണ്ടോ, അല്ലാഹുവിലും ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഞങ്ങള്‍ക്കുമുമ്പ് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നതല്ലാതെ? നിങ്ങളിലേറെപ്പേരും ധിക്കാരികളാണെന്നതും?
60- ചോദിക്കുക: അല്ലാഹുവിങ്കല്‍ അതിനെക്കാള്‍ ഹീനമായ പ്രതിഫലമുള്ളവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അല്ലാഹു ശപിച്ചവര്‍; അല്ലാഹു കോപിച്ചവര്‍; അല്ലാഹു കുരങ്ങന്മാരും പന്നികളുമാക്കിയവര്‍; ദൈവേതര ശക്തികള്‍ക്ക് അടിപ്പെട്ടവര്‍- ഇവരൊക്കെയാണ് ഏറ്റം നീചമായ സ്ഥാനക്കാര്‍. നേര്‍വഴിയില്‍നിന്ന് തീര്‍ത്തും തെറ്റിപ്പോയവരും അവര്‍ തന്നെ.  
61- നിങ്ങളുടെ അടുത്ത് വരുമ്പോള്‍ "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു"വെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഉറപ്പായും അവര്‍ വരുന്നത് സത്യനിഷേധവുമായാണ്. തിരിച്ചുപോവുന്നതും സത്യനിഷേധവുമായിത്തന്നെ. അവര്‍ മറച്ചുവെക്കുന്നവയെക്കുറിച്ചൊ ക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
62- അവരില്‍ ഒട്ടേറെയാളുകള്‍ പാപവൃത്തികളിലും അതിക്രമങ്ങളിലും ആവേശത്തോടെ മുന്നേറുന്നതും നിഷിദ്ധ ധനം തിന്നുതിമര്‍ക്കുന്നതും നിനക്കു കാണാം. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് നന്നെ നീചം തന്നെ.
63- അവരുടെ പാപഭാഷണങ്ങളെയും നിഷിദ്ധ ഭോജനത്തെയും പുണ്യവാളന്മാരും പണ്ഡിതന്മാരും തടയാത്തതെന്ത്? അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
64- ദൈവത്തിന്റെ കൈകള്‍ കെട്ടിപ്പൂട്ടിയിരിക്കുകയാണെന്ന് ജൂതന്മാര്‍ പറയുന്നു. കെട്ടിപ്പൂട്ടിയത് അവരുടെ കൈകള്‍ തന്നെയാണ്. അങ്ങനെ പറഞ്ഞത് കാരണം അവര്‍ അഭിശപ്തരായിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഹസ്തങ്ങള്‍ തുറന്നുവെച്ചവയാണ്. അവനിച്ഛിക്കും പോലെ അവന്‍ ചെലവഴിക്കുന്നു. നിനക്ക് നിന്റെ നാഥനില്‍നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ അധിക പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു. അവര്‍ യുദ്ധത്തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
65- വേദക്കാര്‍ വിശ്വസിക്കുകയും ഭക്തി പുലര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഉറപ്പായും അവരുടെ തിന്മകള്‍ നാം മായ്ച്ചുകളയുകയും അവരെ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
66- തൌറാത്തും ഇഞ്ചീലും, തങ്ങളുടെ നാഥനില്‍ നിന്ന് ഇറക്കിക്കിട്ടിയ മറ്റു സന്ദേശങ്ങളും യഥാവിധി പ്രയോഗത്തില്‍ വരുത്തിയിരുന്നുവെങ്കില്‍ അവര്‍ക്ക് മുകള്‍ഭാഗത്തുനിന്നും കാല്‍ച്ചുവട്ടില്‍നിന്നും ആഹാരം കിട്ടുമായിരുന്നു. അവരില്‍ നേര്‍വഴി കൈക്കൊണ്ട ചിലരുണ്ട്. എന്നാല്‍ ഏറെ പേരുടെയും ചെയ്തികള്‍ തീര്‍ത്തും നീചമാണ്.
67- ദൈവദൂതരേ, നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ അവന്‍ ഏല്‍പിച്ച ദൌത്യം നിറവേറ്റാത്തവനായിത്തീരും. ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ രക്ഷിക്കും. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
68- പറയുക: വേദവാഹകരേ, തൌറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് അവതരിച്ചുകിട്ടിയ സന്ദേശങ്ങളും യഥാവിധി നിലനിര്‍ത്തുംവരെ നിങ്ങളുടെ നിലപാടുകള്‍ക്ക് ഒരടിസ്ഥാനവും ഉണ്ടാവുകയില്ല. എന്നാല്‍ നിനക്ക് നിന്റെ നാഥനില്‍നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ ഏറെ പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യും. അതിനാല്‍ നീ സത്യനിഷേധികളായ ജനത്തെയോര്‍ത്ത് ദുഃഖിക്കേണ്ടതില്ല.
69- സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
70- ഇസ്രയേല്‍ മക്കളോട് നാം കരാര്‍ വാങ്ങിയിട്ടുണ്ട്. അവരിലേക്ക് നാം ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഓരോ ദൈവദൂതനും അവരുടെ മനസ്സിനിണങ്ങാത്ത സന്ദേശങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോഴെല്ലാം അവര്‍ ആ ദൈവദൂതന്മാരില്‍ ചിലരെ തള്ളിപ്പറയുകയും മറ്റുചിലരെ കൊല്ലുകയുമാണുണ്ടാത്.
71- ഇതിനാല്‍ ഒരു കുഴപ്പവുമുണ്ടാവില്ലെന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ അവര്‍ അന്ധരും ബധിരരുമായിത്തീര്‍ന്നു. പിന്നീട് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. എന്നാല്‍ പിന്നെയും അവരിലേറെപ്പേരും അന്ധരും ബധിരരുമാവുകയാണുണ്ടായത്. അവര്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി കണ്ടറിയുന്നവനാണ് അല്ലാഹു.
72- മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവെ മാത്രം ആരാധിക്കുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല."
73- ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ അല്ലാഹുവല്ലാതെ ദൈവമില്ല. തങ്ങളുടെ വിടുവാദങ്ങളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും.
74- ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ.
75- മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെന്നിമാറിപ്പോകുന്നത്.
76- ചോദിക്കുക: നിങ്ങള്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാനാവാത്ത വസ്തുക്കളെയാണോ അല്ലാഹുവെക്കൂടാതെ നിങ്ങള്‍ ആരാധിക്കുന്നത്? എന്നാല്‍ അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
77- പറയുക: വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യങ്ങളില്‍ അന്യായമായി അതിരുകവിയാതിരിക്കുക. നേരത്തെ പിഴച്ചുപോവുകയും വളരെ പേരെ പിഴപ്പിക്കുകയും നേര്‍വഴിയില്‍നിന്ന് തെന്നിമാറുകയും ചെയ്ത ജനത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്.
78- ഇസ്രയേല്‍ മക്കളിലെ സത്യനിഷേധികളെ ദാവൂദും മര്‍യമിന്റെ മകന്‍ ഈസായും ശപിച്ചിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണത്.
79- അവര്‍ ചെയ്തുകൊണ്ടിരുന്ന ദുര്‍വൃത്തികളെ അവരന്യോന്യം വിലക്കിയിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നത് തീര്‍ത്തും നീചമാണ്.
80- അവരിലേറെപേരും സത്യനിഷേധികളുമായി ഉറ്റചങ്ങാത്തം പുലര്‍ത്തുന്നത് നിനക്കു കാണാം. അവര്‍ തങ്ങള്‍ക്കായി തയ്യാര്‍ ചെയ്തുവച്ചത് വളരെ ചീത്ത തന്നെ. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവര്‍ എക്കാലവും ശിക്ഷയനുഭവിക്കുന്നവരായിരിക്കും.
81- അല്ലാഹുവിലും പ്രവാചകനിലും അദ്ദേഹത്തിന് ഇറക്കിക്കിട്ടിയതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരൊരിക്കലും സത്യനിഷേധികളുമായി ഇവ്വിധം ചങ്ങാത്തം സ്ഥാപിക്കുമായിരുന്നില്ല. എന്നാല്‍ അവരിലേറെ പേരും ധിക്കാരികളാകുന്നു.
82- മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും ലോകപരിത്യാഗികളായ പുരോഹിതന്മാരുമുണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം.
83- സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ.
84- "ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരിലുള്‍പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്‍ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം?"
85- അവരിങ്ങനെ പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്.
86- സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവര്‍ തന്നെയാണ് നരകാവകാശികള്‍.
87- വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ അതിരുകവിയരുത്. അതിരുകവിയുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.
88- അല്ലാഹു നിങ്ങള്‍ക്കു നല്‍കിയവയില്‍ നിന്ന് അനുവദനീയമായവയും നല്ലതും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവുണ്ടല്ലോ, അവനോട് നിങ്ങള്‍ ഭക്തി പുലര്‍ത്തുക.
89- ഓര്‍ക്കാതെ ചെയ്തുപോകുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടും. അപ്പോള്‍ ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം ഇതാകുന്നു: പത്ത് അഗതികള്‍ക്ക്, നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ തീറ്റിപ്പോറ്റുന്ന സാമാന്യനിലവാരത്തിലുള്ള ആഹാരം നല്‍കുക. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുക. അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുക. ഇതിനൊന്നും സാധിക്കാത്തവര്‍ മൂന്നുദിവസം നോമ്പെടുക്കട്ടെ. ഇതാണ് സത്യം ചെയ്ത ശേഷം അത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം. നിങ്ങളുടെ ശപഥങ്ങള്‍ നിങ്ങള്‍ പാലിക്കുക. അവ്വിധം അല്ലാഹു തന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
90- വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം.
91- മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ആഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ?
92- അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: നമ്മുടെ ദൂതന്റെ കടമ ദിവ്യസന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാത്രമാണ്.
93- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ നേരത്തെ നിഷിദ്ധം ഭക്ഷിച്ചതിന്റെ പേരില്‍ കുറ്റമില്ല. എന്നാല്‍ അവര്‍ ഭക്തി പുലര്‍ത്തുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെയും സൂക്ഷ്മത പാലിക്കുകയും സത്യവിശ്വാസികളാവുകയും വീണ്ടും തെറ്റ് പറ്റാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുകയും നല്ലനിലയില്‍ വര്‍ത്തിക്കുകയും വേണം. തീര്‍ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
94- വിശ്വസിച്ചവരേ, നിങ്ങളുടെ കൈകള്‍ക്കും കുന്തങ്ങള്‍ക്കും വേഗം പിടികൂടാവുന്ന ചില വേട്ട ജന്തുക്കളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. കാണാതെതന്നെ അല്ലാഹുവെ ഭയപ്പെടുന്നവരാരെന്ന് തിരിച്ചറിയാനാണിത്. ആരെങ്കിലും അതിനുശേഷം അതിക്രമം കാണിച്ചാല്‍ അയാള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
95- വിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം. നിങ്ങളിലെ നീതിമാന്മാരായ രണ്ടുപേരാണ് അത് തീരുമാനിക്കേണ്ടത്. ആ ബലിമൃഗത്തെ കഅ്ബയിലെത്തിക്കുകയും വേണം. അതല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം. ഏതാനും അഗതികള്‍ക്ക് അന്നം നല്‍കലാണത്. അല്ലെങ്കില്‍ അതിനു തുല്യമായി നോമ്പനുഷ്ഠിക്കലാണ്. താന്‍ ചെയ്തതിന്റെ ഭവിഷ്യത്ത് സ്വയം തന്നെ അനുഭവിക്കാനാണിത്. നേരത്തെ കഴിഞ്ഞുപോയതെല്ലാം അല്ലാഹു മാപ്പാക്കിയിരിക്കുന്നു. എന്നാല്‍ ഇനി ആരെങ്കിലും അതാവര്‍ത്തിച്ചാല്‍ അല്ലാഹു അവന്റെ മേല്‍ ശിക്ഷാനടപടി സ്വീകരിക്കും. അല്ലാഹു പ്രതാപിയും പകരം ചെയ്യാന്‍ പോന്നവനുമാണ്.
96- കടലിലെ വേട്ടയും അതിലെ ആഹാരവും നിങ്ങള്‍ക്ക് അനുവദനീയമാണ്. അത് നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കുമുള്ള ഭക്ഷണമാണ്. എന്നാല്‍ ഇഹ്റാമിലായിരിക്കെ കരയിലെ വേട്ട നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ആരിലേക്കാണോ ഒരുമിച്ചു കൂട്ടപ്പെടുക, ആ അല്ലാഹുവെ സൂക്ഷിക്കുക.
97- ആദരണീയ മന്ദിരമായ കഅ്ബയെ അല്ലാഹു മനുഷ്യരാശിയുടെ നിലനില്‍പിനുള്ള ആധാരമാക്കിയിരിക്കുന്നു. ആദരണീയ മാസം,ബലിമൃഗം, അവയുടെ കഴുത്തിലെ അടയാളപ്പട്ടകള്‍ എന്നിവയെയും. നിശ്ചയമായും ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുവെന്നും അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ ജ്ഞാനമുള്ളവനാണെന്നും നിങ്ങള്‍ അറിയാനാണിത്.
98- അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അതോടൊപ്പം അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
99- സന്ദേശം എത്തിച്ചുതരുന്ന ബാധ്യത മാത്രമേ ദൈവദൂതന്നുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.
100- പറയുക: നല്ലതും തിയ്യതും തുല്യമല്ല. തിയ്യതിന്റെ ആധിക്യം നിന്നെ എത്രതന്നെ അത്ഭുതപ്പെടുത്തിയാലും ശരി! അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്കു വിജയംവരിക്കാം.
101- വിശ്വസിച്ചവരേ, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കാതിരിക്കുക. അവ വെളിപ്പെടുത്തിത്തരുന്നത് നിങ്ങള്‍ക്ക് പ്രയാസകരമായിരിക്കും. ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള്‍ അവയെ സംബന്ധിച്ച് ചോദിച്ചാല്‍ അവന്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തിത്തരും. കഴിഞ്ഞ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കനിവുറ്റവനുമാണ്.
102- നിങ്ങള്‍ക്കുമുമ്പ് ഒരു വിഭാഗം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. എന്നിട്ടോ, ഉത്തരം കിട്ടിയപ്പോള്‍ അവര്‍ അവയെ നിഷേധിക്കുന്നവരായിത്തീര്‍ന്നു.
103- ബഹീറ, സാഇബ, വസ്വീല, ഹാം എന്നിങ്ങനെയൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. എന്നാല്‍, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയായിരുന്നു. അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.
104- അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ പറയുന്നു: "ഞങ്ങളുടെ പൂര്‍വപിതാക്കള്‍ നടന്നതായി ഞങ്ങള്‍ കാണുന്ന പാതതന്നെ ഞങ്ങള്‍ക്കു മതി." അവരുടെ പിതാക്കന്മാര്‍ ഒന്നുമറിയാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമാണെങ്കിലോ?
105- വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ നേര്‍വഴി പ്രാപിച്ചവരാണെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന്‍ നിങ്ങളെ വിവരമറിയിക്കും.
106- വിശ്വസിച്ചവരേ, നിങ്ങളിലാര്‍ക്കെങ്കിലും മരണമടുക്കുകയും വസിയ്യത്ത് ചെയ്യുകയുമാണെങ്കില്‍ നിങ്ങളില്‍നിന്നുള്ള നീതിമാന്മാരായ രണ്ടാളുകള്‍ അതിനു സാക്ഷ്യം വഹിക്കണം. നിങ്ങള്‍ യാത്രയിലായിരിക്കെയാണ് മരണവിപത്ത് നിങ്ങളെ ബാധിക്കുന്നതെങ്കില്‍ അപ്പോള്‍ അന്യരായ രണ്ടാളുകളെ സാക്ഷികളാക്കാവുന്നതാണ്. പിന്നീട് നിങ്ങള്‍ക്ക് അവരില്‍ സംശയമുണ്ടാവുകയാണെങ്കില്‍ അവരിരുവരെയും നമസ്കാരശേഷം തടഞ്ഞുവെക്കണം. അപ്പോള്‍ അവര്‍ അല്ലാഹുവിന്റെ പേരില്‍ ഇങ്ങനെ സത്യം ചെയ്യട്ടെ: "ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കുതന്നെ എതിരായാല്‍ പോലും ഞങ്ങള്‍ സത്യത്തെ വിറ്റു വില വാങ്ങുകയില്ല. അല്ലാഹുവിനുവേണ്ടിയുള്ള സാക്ഷ്യത്തെ ഒളിപ്പിച്ചുവെക്കുകയുമില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ പാപികളായിത്തീരും."
107- അഥവാ, അവരിരുവരും തങ്ങളെ സ്വയം തെറ്റിലകപ്പെടുത്തിയിരിക്കുന്നുവെന്ന് വ്യക്തമായാല്‍ കുറ്റം ചെയ്തത് ആര്‍ക്കെതിരിലാണോ അയാളോട് ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര്‍ അവരുടെ സ്ഥാനത്ത് സാക്ഷികളായി നില്‍ക്കണം. എന്നിട്ട് അവരിരുവരും അല്ലാഹുവിന്റെ പേരില്‍ ഇങ്ങനെ സത്യം ചെയ്തുപറയണം: "ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ് ഇവരുടെ സാക്ഷ്യത്തെക്കാള്‍ സത്യസന്ധമായിട്ടുള്ളത്. ഞങ്ങള്‍ ഒരനീതിയും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിക്രമികളായിത്തീരും."
108- ജനം യഥാവിധി സാക്ഷ്യം നിര്‍വഹിക്കാന്‍ ഏറ്റം പറ്റിയ മാര്‍ഗം ഇതാണ്. അല്ലെങ്കില്‍ തങ്ങളുടെ സത്യത്തിനുശേഷം മറ്റുള്ളവരുടെ സത്യത്താല്‍ തങ്ങള്‍ ഖണ്ഡിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെടുകയെങ്കിലും ചെയ്യും. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അവന്റെ കല്‍പനകള്‍ കേട്ടനുസരിക്കുക. അധാര്‍മികരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
109- അല്ലാഹു തന്റെ ദൂതന്മാരെ ഒരുമിച്ചുകൂട്ടും. നിങ്ങള്‍ക്ക് എന്ത് ഉത്തരമാണ് കിട്ടിയതെന്ന് അവരോട് ചോദിക്കും. ആ ദിനം അവര്‍ പറയും: "ഞങ്ങള്‍ക്കൊന്നുമറിഞ്ഞുകൂടാ. അദൃശ്യ കാര്യങ്ങളൊക്കെയും നന്നായറിയുന്നവന്‍ നീ മാത്രം."
110- അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിച്ചുതന്നു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, "ഈ തെളിവുകളെല്ലാം തെളിഞ്ഞ ആഭിചാരം മാത്രമാണെ"ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു.
111- എന്നിലും എന്റെ ദൂതനിലും വിശ്വസിക്കണമെന്ന് ഞാന്‍ ഹവാരികള്‍ക്ക് നിര്‍ദേശം നല്‍കി. അവര്‍ പറഞ്ഞു: "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്ന് നീ സാക്ഷ്യം വഹിക്കുക."
112- ഓര്‍ക്കുക: ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: "മര്‍യമിന്റെ മകന്‍ ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്റെ നാഥന് കഴിയുമോ?" അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക."
113- അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അതില്‍നിന്ന് ആഹരിക്കണം. അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകണം. താങ്കള്‍ ഞങ്ങളോടു പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകണം. ഞങ്ങള്‍ ഇതിനെല്ലാം നേരില്‍ സാക്ഷികളാവുകയും വേണം. ഇതിനൊക്കെയാണ് ഞങ്ങളിതാവശ്യപ്പെടുന്നത്."
114- മര്‍യമിന്റെ മകന്‍ ഈസാ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! അതു ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ."
115- അല്ലാഹു അറിയിച്ചു: "ഞാന്‍ നിങ്ങള്‍ക്ക് അതിറക്കിത്തരാം. എന്നാല്‍ അതിനുശേഷം നിങ്ങളിലാരെങ്കിലും സത്യനിഷേധികളായാല്‍ ലോകരിലൊരാള്‍ക്കും നല്‍കാത്ത വിധമുള്ള ശിക്ഷ നാമവന് ബാധകമാക്കും."
116- ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: "മര്‍യമിന്റെ മകന്‍ ഈസാ! "അല്ലാഹുവെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും ആരാധ്യരാക്കുവിന്‍" എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?" അപ്പോള്‍ അദ്ദേഹം പറയും: "നീ എത്ര പരിശുദ്ധന്‍! എനിക്കു പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലും നന്നായറിയുന്നവന്‍.
117- "നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, "എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണ"മെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.
118- "നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും."
119- അല്ലാഹു അറിയിക്കും: സത്യസന്ധന്മാര്‍ക്ക് തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്. അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും സംതൃപ്തരാണ്. അതത്രെ അതിമഹത്തായ വിജയം!
120- ആകാശഭൂമികളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.