06 അല്‍അന്‍ആം


ആമുഖം
നാമം
ഈ അധ്യായത്തിലെ പതിനാറും പതിനേഴും ഖണ്ഡികകളില്‍, ചില കാലികള്‍ ഹറാമായും ചില കാലികള്‍ ഹലാലായും അറബികള്‍ വിശ്വസിച്ചിരുന്നതിന്റെ ഖണ്ഡനം വന്നിട്ടുണ്ട്. അതുകൊണ്ട് സൂറത്തിന് `അല്‍ അന്‍ആം` (കാലികള്‍) എന്ന് നാമകരണം ചെയ്തിരിക്കുന്നു. 
അവതരണകാലം
നബി(സ)യുടെ മക്കാജീവിതത്തില്‍ ഒറ്റത്തവണയായി അവതീര്‍ണ്ണമായതാണീ അധ്യായമെന്ന് ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുആദുബ്നു ജബലിന്റെ പിതൃവ്യനായ യസീദിന്റെ മകള്‍ അസ്മാഅ് പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: "നബി(സ) തിരുമേനി ഒട്ടകപ്പുറത്ത് സവാരിചെയ്യുമ്പോഴായിരുന്നു സൂറത്തുല്‍ അന്‍ആം അവതരിച്ചത്. ഞാനാണ് ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചിരുന്നത്. ഭാരം കൊണ്ട് ഒട്ടകം കുഴങ്ങിപ്പോയി. അതിന്റെ എല്ലുകള്‍ പൊട്ടുമോ എന്നു തോന്നി.``  ഈ അധ്യായം അവതരിച്ച രാത്രി തന്നെ നബി തിരുമേനി അത് എഴുതിവെപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മക്കാജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് ഈ സൂറത്തിറങ്ങിയതെന്ന് ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കിത്തരുന്നു. അതിനുപോല്‍ബലകമാണ് അസ്മാഇന്റെ പ്രസ്തുത റിപ്പോര്‍ട്ട്. അസ്മാഅ് അന്‍സ്വാറുകളില്‍പെട്ട മദീനക്കാരിയായ ഒരു വനിതയാണ്. ഹിജ്റയുടെ ശേഷമാണ് അവര്‍ ഔപചാരികമായി ഇസ്ലാമില്‍ പ്രവേശിച്ചത്. ഇസ്ലാം മത സ്വീകരണത്തിന്റെ മുമ്പു വെറും ഭക്തിവിശ്വാസത്തിന്റെ പേരില്‍ അവര്‍ മക്കയില്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജരായിരിക്കും. ഇതു മക്കാജീവിതത്തിന്റെ അവസാന വര്‍ഷത്തിലാവാനേ തരമുള്ളൂ. അതിനുമുമ്പ് തിരുമേനിയുമായി യസ്രിബുകാര്‍ക്കുള്ള ബന്ധം, അവരില്‍പ്പെട്ട ഒരു സ്ത്രീ തിരുസന്നിധിയില്‍ ഹാജരാവാന്‍ മാത്രം വളര്‍ന്നുകഴിഞ്ഞിരുന്നില്ല. 
പശ്ചാത്തലം
അവതരണകാലം നിജപ്പെട്ടാല്‍ പിന്നെ ഈ പ്രഭാഷണം അവതരിച്ച പശ്ചാത്തലമെന്തെന്നു എളുപ്പത്തില്‍ നമുക്കു ഗ്രഹിക്കാന്‍ കഴിയും. ദൈവദൂതന്‍ ഇസ്ലാമിക പ്രബോധനം തുടങ്ങി പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു. ഖുറൈശികളുടെ പ്രതിരോധവും ക്രൂരതയും മര്‍ദനമുറകളുമൊക്കെ അവയുടെ പാരമ്യം പ്രാപിച്ചു. ഇസ്ലാംമതമവലംബിച്ച വലിയൊരു വിഭാഗം, ഖുറൈശികളുടെ മര്‍ദനം സഹിയാഞ്ഞു ഹബ്ശായില്‍ അഭയാര്‍ഥികളായിച്ചെന്നു താമസിക്കുകയാണ്. ആരംഭം മുതല്‍ തിരുനബി(സ)യെ സഹായിച്ചുപോന്ന ഹ: ഖദീജത്തുല്‍ കുബ്റ (റ)യോ അബൂതാലിബോ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ ഭൌതികമായ എല്ലാ താങ്ങുകളും ആശ്രയങ്ങളും അവിടത്തേക്ക് നഷ്ടപ്പെട്ടു പോയിരുന്നു. വമ്പിച്ച എതിര്‍പ്പുകളേയും പ്രതിബന്ധങ്ങളേയും മല്ലിട്ടുകൊണ്ടാണ് തിരുനബി പ്രബോധന കര്‍ത്തവ്യം നിര്‍വ്വഹിച്ചിരുന്നത്. ആ പ്രചാരണം വഴി മക്കയിലെയും പരിസരങ്ങളിലെയും ഉത്തമ വ്യക്തികള്‍ ഇസ്ലാമിലേക്കു ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരുന്നെങ്കിലും സമുദായം പൊതുവില്‍ നിഷേധത്തിന്റെയും വിരോധത്തിന്റേയും മാര്‍ഗത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. എവിടെയെങ്കിലും വല്ലവര്‍ക്കും ഇസ്ലാമിലേക്കൊരു ചായ്വ് കാണുന്നതോടെ അയാളെ ശകാരം കൊണ്ടും ശാരീരിക പീഡനം കൊണ്ടും സാമ്പത്തികവും സാമൂഹ്യവുമായ ഉപരോധം കൊണ്ടും വീര്‍പ്പുമുട്ടിക്കുകയായി. ഇരുളടഞ്ഞ ഈ അന്തരീക്ഷത്തിലാണ് യസ്രിബിന്റെ ഭാഗത്തു നിന്നു നേരിയൊരു കിരണം പ്രത്യക്ഷീഭവിച്ചത്. ഔസുഗോത്രത്തിലേയും ഖസ്റജ്ഗോത്രത്തിലേയും കൊള്ളാവുന്ന വ്യക്തികള്‍ തിരുമേനിയുടെ കൈക്കു ബൈഅത്ത് ചെയ്തു. ആഭ്യന്തരമായ എതിര്‍പ്പൊന്നും കൂടാതെ അവിടെ ഇസ്ലാം പ്രചരിച്ചു തുടങ്ങി. എന്നാല്‍ ലഘുവായ ഈ പ്രാരംഭത്തിന്റെ ചുരുളില്‍ ഒളിഞ്ഞു കിടന്ന ഭാവി സാധ്യതകള്‍ ഒരു ബാഹ്യദൃക്കിനു കാണാവുന്നതല്ലല്ലോ. ബാഹ്യദൃഷിടിക്കു ഗോചരമാവുക ഇതാണ്: അതിദുര്‍ബലമായ ഒരു പ്രസ്ഥാനമാണ് ഇസ്ലാം. അതിന്റെ പിന്നില്‍ ഒരു ഭൌതികശക്തിയില്ല. അതിന്റെ പ്രബോധകനു സ്വകുടുംബത്തിന്റെ ദുര്‍ബലമായ ഒരു പിന്തുണയല്ലാതെ മറ്റൊരാശ്രയവുമില്ല. ഇസ്ലാമിനെ അംഗീകരിച്ച ഒരു പിടി പാവങ്ങള്‍ സ്വസമുദായത്തിന്റെ മതത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചതു നിമിത്തം സമുദായഭ്രഷ്ടരും, ചിന്നിച്ചിതറിയവരുമായിരിക്കുന്നു; മരത്തില്‍ നിന്നു കൊഴിഞ്ഞു വീണ ഇലകള്‍ പോലെ. ആകയാല്‍ ഇസ്ലാമിനു ഒരു ഭാവിയില്ല. 
പ്രതിപാദ്യങ്ങള്‍
പ്രസ്തുത സാഹചര്യത്തിലാണ് പ്രകൃത പ്രഭാഷണം അവതരിച്ചത്. ഇതിലെ ഉള്ളടക്കത്തെ നമുക്ക് ഏഴു വലിയ തലക്കെട്ടുകളായി ഭാഗിക്കാം: 1. ശിര്‍ക്കിന്റെ ഖണ്ഡനവും തൌഹീദു പ്രബോധനവും; 2. പരലോകവിശ്വാസത്തിന്റെ പ്രചാരണം, ഐഹികജീവിതം മാത്രമാണ് മനുഷ്യജീവിതമെന്ന അബദ്ധധാരണയുടെ ഖണ്ഡനം; 3. അനിസ്ലാമിക കാലത്ത് ജനങ്ങള്‍ അകപ്പെട്ടിരുന്ന അന്ധവിശ്വാസങ്ങളുടെ ഖണ്ഡനം; 4. ഇസ്ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുവാനുള്ള പ്രധാന സദാചാര തത്വങ്ങളെക്കുറിച്ച് ഉദ്ബോധനം; 5. നബി(സ) തിരുമേനിയേയും തന്റെ പ്രബോധനത്തേയും പറ്റി ജനങ്ങളുടെ ആക്ഷേപങ്ങള്‍ക്കു മറുപടി; 6. സുദീര്‍ഘമായ അധ്വാന ശ്രമങ്ങള്‍ നടന്നിട്ടും പ്രബോധനം വേണ്ടത്ര ഫലവത്തായി കാണാതിരുന്നപ്പോള്‍ സ്വാഭാവികമായുണ്ടായ അസ്വസ്ഥതയേയും വേവലാതിയേയും കുറിച്ച് തിരുമേനിയേയും മുസ്ലിംകളേയും സാന്ത്വനപ്പെടുത്തല്‍; 7. നിഷേധികളുടേയും എതിരാളികളുടേയും അശ്രദ്ധയേയും സ്വയം വിനാശത്തിലേക്കുള്ള ബോധശൂന്യമായ പോക്കിനേയും കുറിച്ചുള്ള ഉപദേശവും താക്കീതും ഭീഷണിയും. എന്നാല്‍ ഓരോ വിഷയവും അതത് ശീര്‍ഷകങ്ങളില്‍ സമാഹരിച്ച് പ്രതിപാദിക്കുകയെന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. പ്രത്യുത, പ്രഭാഷണം ഒരു നിര്‍ഝരി പോലെ സരളമായി ഒഴുകുകയാണ്. അതിനിടയില്‍ ഈ ശീര്‍ഷകങ്ങള്‍ ഇടക്കിടെ വിവിധ രീതികളില്‍ പൊങ്ങി വരികയാണ്. ഓരോ തവണയും ഒരു പുതിയ രീതിയില്‍ അവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. 
മക്കാ ജീവിതഘട്ടങ്ങള്‍
വായനക്കാരന്റെ മുന്നില്‍ സവിസ്തരമായ ഒരു മക്കീസൂറത്ത് വരുന്നത് ഇദംപ്രഥമമായാണ്. അതിനാല്‍ മക്കീസൂറത്തുകളുടെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച് ഇവിടെ സമഗ്രമായ ഒരു വിശദീകരണം സന്ദര്‍ഭോചിതമായിരിക്കും. തദ്വാരാ ഇനിവരുന്ന മക്കീസൂറത്തുകളേയും അവയുടെ വ്യാഖ്യാനത്തേയും സംബന്ധിച്ച പ്രതിപാദനങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നതാണ്. മദനീ സൂറത്തുകളെ സംബന്ധിച്ചിടത്തോളം ഓരോന്നിന്റെയും അവതരണഘട്ടം മിക്കവാറും അറിയപ്പെട്ടതാണ്. അഥവാ ചെറിയൊരു ശ്രമം കൊണ്ട് നിര്‍ണയിക്കാന്‍ കഴിയുന്നതാണ്. അത്രയുമല്ല, അവയില്‍ അധിക സൂക്തങ്ങളുടേയും പ്രത്യേകമായ അവതരണപശ്ചാത്തലം പോലും വിശ്വസനീയമായ നിവേദനങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. മക്കീസൂറത്തുകളാവട്ടെ അവയില്‍ അധികത്തേയും സംബന്ധിച്ചറിയാനുള്ള വിശ്വസനീയമായ മാര്‍ഗങ്ങള്‍ നമ്മുടെ പക്കലില്ല. ആരോഗ്യകരമായ നിവേദനങ്ങള്‍ മുഖേന അവതരണ കാലവും സന്ദര്‍ഭവും മനസ്സിലാക്കാവുന്ന ആയത്തുകളും സൂറത്തുകളും തുലോം വിരളമാകുന്നു. മദീനാ ജീവിത ചരിത്രം പോലെ, ശാഖാപരമായ വിശദാംശങ്ങളോടെ ക്രോഡീകരിക്കപ്പെട്ടതല്ല മക്കാജീവിത ചരിത്രം എന്നതാണ് അതിന്റെ കാരണം. അതിനാല്‍ മക്കീസൂറത്തുകളുടെ പശ്ചാത്തല നിര്‍ണയത്തില്‍ നമുക്ക് ചരിത്ര സാക്ഷ്യങ്ങളില്ല, ആന്തരിക സൂചനകളാണ് മിക്കവാറും ആസ്പദം. അതായത്, വിവിധ സൂറത്തുകളുടെ ഉള്ളടക്കങ്ങളിലും പ്രതിപാദ്യങ്ങളിലും പ്രതിപാദനരീതിയിലും അതതിന്റെ പശ്ചാത്തലങ്ങളിലേക്കു പ്രത്യക്ഷമോ പരോക്ഷമോ ആയ സൂചനകള്‍ കാണാവുന്നതാണ്. ഈ ആന്തരീയ സാക്ഷ്യങ്ങളെ ആധാരമാക്കിയാണ് നാം മക്കീസൂറത്തുകള്‍ക്ക് കാലനിര്‍ണയം ചെയ്യുന്നത്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്: ഇത്തരം ആന്തരീയ സാക്ഷ്യങ്ങളുടെ സഹായത്തോടെ, ഇന്ന സൂറത്ത്, അഥവാ ആയത്ത്, ഇന്ന കൊല്ലം, ഇന്ന തിയ്യതിക്ക്, ഇന്ന സന്ദര്‍ഭത്തില്‍ അവതരിച്ചിട്ടുള്ളതാണെന്ന് നമുക്ക് കൃത്യമായി നിര്‍ണയിക്കുക സാധ്യമല്ല. പരമാവധി ശരിയായി ചെയ്യാവുന്നത് ഇത് മാത്രമാണ്: മക്കീ സൂറത്തുകളുടെ ആന്തരീയ സാക്ഷ്യങ്ങളേയും തിരുമേനിയുടെ മക്കാജീവിത ചരിത്രത്തേയും അഭിമുഖമായി വെച്ചുകൊണ്ട് പരസ്പരം തട്ടിച്ചുനോക്കി ഏത് അധ്യായം ഏത് കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന് നിര്‍ണയിക്കുക. ഈ നിരീക്ഷണ രീതി മനസ്സില്‍ വെച്ചു കൊണ്ടു നബി(സ)യുടെ മക്കാജീവിതത്തെ പരിശോധിക്കുമ്പോള്‍ അതു പ്രബോധനദൃഷ്ട്യാ നാലു പ്രധാന ഘട്ടങ്ങളായി കാണാവുന്നതാണ്. ഒന്നാം ഘട്ടം: പ്രവാചകത്വത്തിന്റെ പ്രാരംഭം മുതല്‍ പരസ്യമായ പ്രവാചകത്വപ്രഖ്യാപനം വരെയുള്ള, ഉദേശം മൂന്നു കൊല്ലം. ഈ ഘട്ടത്തില്‍ തിരുമേനി രഹസ്യമായി പ്രത്യേകം പ്രത്യേകം വ്യക്തികളെ തിരഞ്ഞുപിടിച്ചാണ് പ്രബോധനം നടത്തിയിരുന്നത്. മക്കാ നിവാസികള്‍ പൊതുവില്‍ അതറിഞ്ഞിരുന്നില്ല. രണ്ടാം ഘട്ടം: പ്രവാചകത്വപ്രഖ്യാപനം മുതല്‍ പരീക്ഷണത്തിന്റെയും മര്‍ദനപീഡനങ്ങളുടേയും (Persecution) ആരംഭം വരെയുള്ള ഏതാണ്ടു രണ്ടു വര്‍ഷം. ഈ ഘട്ടത്തില്‍ എതിര്‍പ്പിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അങ്ങനെ അതു പ്രതിരോധത്തിന്റെ രൂപം സ്വീകരിച്ചു. അവസാനം പരിഹാസം, അവഹേളനം, ദുരാരോപണം, ശകാരം, കള്ളപ്രചാരണം, ശത്രുതാപരമായ ഗ്രൂപ്പുപിടിത്തം എന്നതു വരെ എത്തി. ഒടുവില്‍ താരതമ്യേന കൂടുതല്‍ പാവങ്ങളും നിരാലംബരും ദുര്‍ബലരുമായ മുസ്ലിംകളുടെ നേര്‍ക്ക് കയ്യേറ്റങ്ങള്‍ തന്നെ ആരംഭിച്ചു. മൂന്നാം ഘട്ടം: മര്‍ദ്ദന ഘട്ടം (നുബുവ്വത്തിന്റെ അഞ്ചാം കൊല്ലം) മുതല്‍ അബൂതാലിബിന്റെയും ഹ: ഖദീജ(റ) യുടെയും വിയോഗം (നുബുവ്വത്തിന്റെ പത്താം വര്‍ഷം) വരെയുള്ള കാലഘട്ടം. ഇതേതാണ്ടു അഞ്ചു വര്‍ഷമായിരുന്നു. ഈ കാലഘട്ടത്തില്‍ എതിര്‍പ്പുകളും ഹിംസകളും കൂടുതല്‍ തീക്ഷ്ണത പ്രാപിച്ചുകൊണ്ടിരുന്നു. മക്കയിലെ  അവിശ്വാസികളുടെ മര്‍ദ്ദനം സഹിയാഞ്ഞു ഒട്ടനേകം മുസ്ലിംകള്‍ നാടുവിട്ട് അബിസീനിയയിലേക്ക് ഹിജ്റപോയി. അവശേഷിച്ച മുസ്ലിംകളോടും പ്രവാചകനോടും കുടുംബത്തോടും ശത്രുക്കള്‍ സാമ്പത്തികോപരോധവും സാമൂഹ്യ നിസ്സഹകരണവും സ്വീകരിച്ചതു നിമിത്തം അവിടന്ന് ബന്ധുമിത്രസമേതം `ശിഅ്ബു അബീതാലിബി`ല്‍ ചെന്നു താമസിക്കേണ്ടി വന്നു. നാലാം ഘട്ടം: നുബുവ്വത്തിന്റെ പത്താം വര്‍ഷം മുതല്‍ പതിമൂന്നാം വര്‍ഷം വരെയുള്ള മൂന്നുകൊല്ലം തിരുമേനിക്കും സഖാക്കള്‍ക്കും ആത്യന്തികമായ ക്രൌര്യവും ഹിംസയും സഹിക്കേണ്ടി വന്നത് ഈ ഘട്ടത്തിലാണ്. തിരുമേനിക്ക് മക്കാജീവിതം ദുര്‍ഭരമായിത്തീര്‍ന്നു. താഇഫില്‍ പോയിനോക്കിയെങ്കിലും അവിടെയും അഭയം കിട്ടിയില്ല. ഹജ്ജുകാലത്ത് അറേബ്യയിലെ ഓരോ ഗോത്രക്കാരെയും സമീപിച്ചു തന്റെ പ്രബോധനം സ്വീകരിപ്പാന്‍ തിരുമേനി അപേക്ഷിച്ചു. എന്നാല്‍ എല്ലാഭാഗത്തുനിന്നും `തിക്തമായ മറുപടി` യാണ് ലഭിച്ചത്. മക്കക്കാരാകട്ടെ, തിരുമേനിയെ വധിക്കുവാന്‍ അഥവാ ബന്ധനസ്ഥനാക്കുവാന്‍, അല്ലെങ്കില്‍ നാടുകടത്തുവാന്‍ അടിക്കടി ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരുന്നു. അവസാനം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അന്‍സ്വാറുകള്‍ ഹൃദയം തുറന്നു. ഇസ്ലാമിനെ ആശ്ളേഷിച്ചു. അവരുടെ ക്ഷണമനുസരിച്ചു തിരുമേനി മദീനയിലേക്ക് പലായനം ചെയ്കയുമുണ്ടായി. ഈ ഓരോ ഘട്ടത്തില്‍ അവതരിച്ചിട്ടുള്ള സൂറത്തുകളുടെ ഉള്ളടക്കങ്ങള്‍ക്കും പ്രതിപാദനരീതിക്കും ഇതര ഘട്ടങ്ങളിലവതരിച്ച സൂറത്തുകളുമായി അന്തരമുണ്ട്. അതതു ഘട്ടങ്ങളില്‍ അവതരിച്ച സൂറത്തുകളില്‍ പശ്ചാത്തല പരിതോവസ്ഥകളിലേക്കും സംഭവഗതികളിലേക്കും വെളിച്ചംവീശുന്ന ധാരാളം സൂചനകളുണ്ട്. ഓരോ ഘട്ടത്തിന്റേയും സവിശേഷതകളുടെ പ്രതിഫലനം ആ ഘട്ടത്തില്‍ അവതരിച്ച വചനങ്ങളില്‍ വളരെയേറെ പ്രകടമായി കാണാവുന്നതാണ്. ഇതേ സൂചനകളെ ആസ്പദമാക്കിക്കൊണ്ടാണ്, ഓരോ മക്കീസൂറത്തിന്റെയും ആമുഖത്തില്‍ അത് ഇന്ന ഘട്ടത്തില്‍ അവതരിച്ചതാണെന്നു നാം വിവരിക്കുവാന്‍ പോവുന്നത്.
സൂക്തങ്ങളുടെ ആശയം
സമസ്ത സ്തുതിയും അല്ലാഹുവിന്. അവനാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കിയവനും. എന്നിട്ടും സത്യനിഷേധികളിതാ തങ്ങളുടെ നാഥന്ന് തുല്യരെ കല്‍പിക്കുന്നു.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
2- അവനാണ് കളിമണ്ണില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് അവന്‍ ഒരവധി നിശ്ചയിച്ചു. അവന്റെ അടുക്കല്‍ നിര്‍ണിതമായ മറ്റൊരവധി കൂടിയുണ്ട്. എന്നിട്ടും നിങ്ങള്‍ സംശയിച്ചുകൊണ്ടിരിക്കുകയാണ്.
3- അവന്‍ തന്നെയാണ് ആകാശ ഭൂമികളിലെ സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും പരസ്യവുമെല്ലാം അവനറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും അവന് നന്നായറിയാം.
4- തങ്ങളുടെ നാഥനില്‍നിന്ന് എന്തു തെളിവ് വന്നെത്തിയാലും അതിനെ അവഗണിക്കുകയാണവര്‍.
5- അങ്ങനെ അവര്‍ക്കിപ്പോള്‍ വന്നെത്തിയ ഈ സത്യത്തെയും അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ ഏതൊന്നിനെയാണോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത് അതിന്റെ യഥാര്‍ഥ വിവരം വഴിയെ അവര്‍ക്ക് വന്നെത്തും; തീര്‍ച്ച.
6- അവരറിഞ്ഞിട്ടില്ലേ? അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. നിങ്ങള്‍ക്കു നാം ചെയ്തുതന്നിട്ടില്ലാത്ത സൌകര്യം ഭൂമിയില്‍ നാമവര്‍ക്ക് ചെയ്തുകൊടുത്തിരുന്നു. അവര്‍ക്കു നാം മാനത്തുനിന്ന് ധാരാളമായി മഴ വര്‍ഷിച്ചു. അവരുടെ താഴ്ഭാഗത്തൂടെ പുഴകളൊഴുക്കുകയും ചെയ്തു. പിന്നെ അവരുടെ പാപങ്ങളുടെ ഫലമായി നാമവരെ നശിപ്പിച്ചു. അവര്‍ക്കുപിറകെ മറ്റു തലമുറകളെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
7- നിനക്കു നാം കടലാസിലെഴുതിയ ഗ്രന്ഥം ഇറക്കിത്തന്നുവെന്ന് വെക്കുക. അങ്ങനെ അവരത് തങ്ങളുടെ കൈകള്‍ കൊണ്ട് തൊട്ടുനോക്കി. എന്നാലും സത്യനിഷേധികള്‍ പറയും: "ഇത് വ്യക്തമായ മായാജാലമല്ലാതൊന്നുമല്ല."
8- അവര്‍ ചോദിക്കുന്നു: "ഈ പ്രവാചകന് ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?" നാം ഒരു മലക്കിനെ ഇറക്കിക്കൊടുത്തിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്കൊട്ടും അവസരം കിട്ടുമായിരുന്നില്ല.
9- നാം മലക്കിനെ നിയോഗിക്കുകയാണെങ്കില്‍ തന്നെ മനുഷ്യരൂപത്തിലാണയക്കുക. അങ്ങനെ അവരിപ്പോഴുള്ള ആശയക്കുഴപ്പം അപ്പോഴും നാമവരിലുണ്ടാക്കുമായിരുന്നു.
10- നിനക്കുമുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ വന്നുഭവിച്ചു.
11- പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക; എന്നിട്ട് സത്യനിഷേധികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.
12- ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണ്? പറയുക: എല്ലാം അല്ലാഹുവിന്റേതുമാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവരത് വിശ്വസിക്കുകയില്ല.
13- രാവിലും പകലിലും നിലനില്‍ക്കുന്നവയെല്ലാം അവന്റേതാണ്.അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
14- ചോദിക്കുക: അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ? അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്. അവന്‍ അന്നം നല്‍കുന്നു. എന്നാല്‍ ആരും അവന്ന് അന്നം നല്‍കുന്നുമില്ല. പറയുക: "അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍ ഒന്നാമനാകാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകാതിരിക്കാനും."
15- പറയുക: ഞാനെന്റെ നാഥനെ ധിക്കരിച്ചാല്‍ ഭയങ്കരമായൊരു നാളിന്റെ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
16- അന്ന് ആ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നവനെ ഉറപ്പായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അതുതന്നെയാണ് വ്യക്തമായ വിജയം.
17- അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
18- അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.
19- ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു ബോധനമായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ? പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല.
20- നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയുംപോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല.
21- അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ തള്ളിപ്പറയുകയോ ചെയ്യുന്നവനെക്കാള്‍ അക്രമിയായി ആരുണ്ട്? അക്രമികള്‍ വിജയിക്കില്ല; ഉറപ്പ്.
22- നാം അവരെയൊക്കെയും ഒരുമിച്ചുകൂട്ടും ദിനം; ബഹുദൈവ വിശ്വാസികളോടു നാം ചോദിക്കും: നിങ്ങളുടെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചിരുന്ന ആ പങ്കാളികള്‍ ഇപ്പോള്‍ എവിടെ?
23- അപ്പോള്‍ അവര്‍ക്കൊരു കുഴപ്പവും ഉണ്ടാക്കാനാവില്ല; "ഞങ്ങളുടെ നാഥനായ അല്ലാഹുവാണ് സത്യം! ഞങ്ങള്‍ ബഹുദൈവ വിശ്വാസികളായിരുന്നില്ല" എന്നു പറയാനല്ലാതെ.
24- നോക്കൂ, അവര്‍ തങ്ങളെക്കുറിച്ചുതന്നെ കള്ളം പറയുന്നതെങ്ങനെയെന്ന്! അവര്‍ കെട്ടിച്ചമച്ചതൊക്കെയും അവരെ വിട്ട് അപ്രത്യക്ഷമായിരിക്കുന്നു.
25- നീ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കുന്നവരും അവരിലുണ്ട്. എങ്കിലും നാം അവരുടെ മനസ്സുകള്‍ക്ക് മറയിട്ടിരിക്കുന്നു. അതിനാല്‍ അവരത് മനസ്സിലാക്കുന്നില്ല. അവരുടെ കാതുകള്‍ക്ക് നാം അടപ്പിട്ടിരിക്കുന്നു. എന്തൊക്കെ തെളിവുകള്‍ കണ്ടാലും അവര്‍ വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്റെയടുത്ത് നിന്നോട് തര്‍ക്കിക്കാന്‍ വന്നാല്‍ അവരിലെ സത്യനിഷേധികള്‍ പറയും: "ഇത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതൊന്നുമല്ല."
26- അവര്‍ വേദവാക്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ തടയുന്നു. സ്വയം അവയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിലവര്‍ തങ്ങള്‍ക്കുതന്നെയാണ് വിപത്തു വരുത്തുന്നത്. അവര്‍ അതേക്കുറിച്ച് ബോധവാന്മാരല്ലെന്നു മാത്രം.
27- അവരെ നരകത്തിനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അപ്പോഴവര്‍ കേണുകൊണ്ടിരിക്കും: "ഞങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുകയും അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ തെളിവുകളെ തള്ളിക്കളയാതെ സത്യവിശ്വാസികളായിത്തീരുകയും ചെയ്തിരുന്നെങ്കില്‍!"
28- എന്നാല്‍, അവര്‍ നേരത്തെ മറച്ചുവെച്ചിരുന്നത് അവര്‍ക്കിപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. അവരെ ഭൂമിയിലേക്കു മടക്കിയയച്ചാലും വിലക്കപ്പെട്ട കാര്യങ്ങളിലേക്കുതന്നെ അവര്‍ തിരിച്ചുചെല്ലും. അവര്‍ കള്ളം പറയുന്നവരാണ്; തീര്‍ച്ച.
29- അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: "നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ വേറൊരു ജീവിതമില്ല. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ല."
30- അവര്‍ തങ്ങളുടെ നാഥന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അപ്പോള്‍ അവന്‍ അവരോടു ചോദിക്കും: "ഇത് യഥാര്‍ഥം തന്നെയല്ലേ?" അവര്‍ പറയും: "അതെ; ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!" അവന്‍ പറയും: "എങ്കില്‍ നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക."
31- അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കിത്തള്ളിയവര്‍ തീര്‍ച്ചയായും തുലഞ്ഞതുതന്നെ. അങ്ങനെ പെട്ടെന്ന് അവര്‍ക്ക് ആ സമയം വന്നെത്തുമ്പോള്‍ അവര്‍ വിലപിക്കും: "കഷ്ടം! ഐഹികജീവിതത്തില്‍ എന്തൊരു വീഴ്ചയാണ് നാം കാണിച്ചത്." അപ്പോഴവര്‍ തങ്ങളുടെ പാപഭാരം സ്വന്തം മുതുകുകളില്‍ വഹിക്കുന്നവരായിരിക്കും. അവര്‍ പേറുന്ന ഭാരം എത്ര ചീത്ത.
32- ഐഹികജീവിതമെന്നത് കളിതമാശയല്ലാതൊന്നുമല്ല. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഉത്തമം പരലോകമാണ്. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ?
33- തീര്‍ച്ചയായും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാമറിയുന്നു. യഥാര്‍ഥത്തില്‍ അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല. മറിച്ച് ആ അക്രമികള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങളെയാണ്.
34- നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു വന്നുകിട്ടിയിട്ടുണ്ടല്ലോ.
35- എന്നിട്ടും ഈ ജനത്തിന്റെ അവഗണന നിനക്ക് അസഹ്യമാകുന്നുവെങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമുണ്ടാക്കിയോ ആകാശത്തേക്ക് കോണിവെച്ചോ അവര്‍ക്ക് എന്തെങ്കിലും ദൃഷ്ടാന്തം എത്തിച്ചുകൊടുക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളുക. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരെയൊക്കെ അവന്‍ സന്മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്.
36- കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അവരെ തന്റെഅരികിലേക്ക് തിരിച്ചുകൊണ്ടുപോകും
37- അവര്‍ ചോദിക്കുന്നു: "ഈ പ്രവാചകന് തന്റെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും അവതരിക്കാത്തതെന്ത്?" പറയുക: ദൃഷ്ടാന്തം ഇറക്കാന്‍ കഴിവുറ്റവന്‍ തന്നെയാണ് അല്ലാഹു; എന്നാല്‍ അവരിലേറെ പേരും അതറിയുന്നില്ല.
38- ഭൂമിയില്‍ ചരിക്കുന്ന ഏത് ജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങളാണ്. മൂലപ്രമാണത്തില്‍ നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല. പിന്നീട് അവരെല്ലാം തങ്ങളുടെ നാഥങ്കല്‍ ഒരുമിച്ചുചേര്‍ക്കപ്പെടും.
39- നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞവര്‍ ഇരുളിലകപ്പെട്ട ബധിരരും മൂകരുമാകുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലുമാക്കുന്നു.
40- പറയുക: അല്ലാഹുവിന്റെ ശിക്ഷ നിങ്ങളെ ബാധിക്കുകയോ അല്ലെങ്കില്‍ അന്ത്യനാള്‍ വന്നെത്തുകയോ ചെയ്താല്‍ അല്ലാഹു അല്ലാത്ത ആരെയെങ്കിലും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുമോ? നിങ്ങള്‍ സത്യസന്ധരെങ്കില്‍ ചിന്തിച്ച് പറയൂ!
41- ഇല്ല. ഉറപ്പായും അപ്പോള്‍ അവനെ മാത്രമേ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അങ്ങനെ അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ കേണുകൊണ്ടിരിക്കുന്നത് ഏതൊരു വിപത്തിന്റെ പേരിലാണോ അതിനെ അവന്‍ തട്ടിമാറ്റിയേക്കും. അന്നേരം അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ മറക്കുകയും ചെയ്യും.
42- നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. പിന്നെ ആ സമുദായങ്ങളെ നാം പീഡനങ്ങളാലും പ്രയാസങ്ങളാലും പിടികൂടി. അവര്‍ വിനീതരാകാന്‍.
43- അങ്ങനെ നമ്മുടെ ദുരിതം അവരെ ബാധിച്ചപ്പോള്‍ അവര്‍ വിനീതരാവാതിരുന്നതെന്ത്? എന്നല്ല, അവരുടെ ഹൃദയങ്ങള്‍ കൂടുതല്‍ കടുത്തുപോവുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണെന്ന് പിശാച് അവരെ തോന്നിപ്പിക്കുകയും ചെയ്തു.
44- അവര്‍ക്കു നാം നല്‍കിയ ഉദ്ബോധനം അവര്‍ മറന്നപ്പോള്‍ സകല സൌഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു.
45- അക്രമികളായ ആ ജനത അങ്ങനെ നിശ്ശേഷം നശിപ്പിക്കപ്പെട്ടു. സര്‍വലോകസംരക്ഷകനായ അല്ലാഹുവിന് സ്തുതി.
46- ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കുകയും ചെയ്താല്‍ അല്ലാഹു അല്ലാതെ ഏതു ദൈവമാണ് നിങ്ങള്‍ക്കവ വീണ്ടെടുത്ത് തരിക? നോക്കൂ, നാം എങ്ങനെയൊക്കെയാണ്അവര്‍ക്ക് തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നതെന്ന്. എന്നിട്ടും അവര്‍ പിന്തിരിഞ്ഞുപോവുകയാണ്!
47- ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്നോ പ്രത്യക്ഷത്തിലോ വല്ല ദൈവശിക്ഷയും നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തായിരിക്കും സ്ഥിതി? അക്രമികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ?
48- ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായല്ലാതെ നാം ദൂതന്മാരെ അയക്കാറില്ല. അതിനാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും കര്‍മങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്യുന്നവര്‍ക്ക് ഒന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
49- എന്നാല്‍ നമ്മുടെ തെളിവുകളെ തള്ളിപ്പറഞ്ഞവരെ, തങ്ങളുടെ ധിക്കാരം കാരണമായി ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
50- പറയുക: എന്റെ വശം അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് അവകാശപ്പെടുന്നില്ല. അഭൌതിക കാര്യങ്ങള്‍ ഞാന്‍ അറിയുന്നുമില്ല. ഞാനൊരു മലക്കാണെന്നും നിങ്ങളോടു പറയുന്നില്ല. എനിക്കു അല്ലാഹുവില്‍ നിന്ന് ബോധനമായി ലഭിക്കുന്നവയല്ലാതൊന്നും ഞാന്‍ പിന്‍പറ്റുന്നില്ല. ചോദിക്കുക: കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
51- തങ്ങളുടെ നാഥന്റെ സന്നിധിയില്‍ ഒരുനാള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇതു വഴി നീ മുന്നറിയിപ്പു നല്‍കുക: അവനെക്കൂടാതെ ഒരു രക്ഷകനും ശിപാര്‍ശകനും അവര്‍ക്കില്ലെന്ന്. അവര്‍ ഭക്തരായേക്കാം.
52- തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്.  അവരുടെ കണക്കില്‍പെട്ട ഒന്നിന്റെയും ബാധ്യത നിനക്കില്ല. നിന്റെ കണക്കിലുള്ള ഒന്നിന്റെയും ബാധ്യത അവര്‍ക്കുമില്ല. എന്നിട്ടും അവരെ ആട്ടിയകറ്റിയാല്‍ നീ അക്രമികളില്‍ പെട്ടുപോകും.
53- അവ്വിധം അവരില്‍ ചിലരെ നാം മറ്റുചിലരാല്‍ പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുന്നു. "ഞങ്ങളുടെ ഇടയില്‍നിന്ന് ഇവരെയാണോ അല്ലാഹു അനുഗ്രഹിച്ചത്" എന്ന് അവര്‍ പറയാനാണിത്. നന്ദിയുള്ളവരെ നന്നായറിയുന്നവന്‍ അല്ലാഹുവല്ലയോ?
54- നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപിച്ചാല്‍ നീ പറയണം: നിങ്ങള്‍ക്കു സമാധാനം. നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങളിലാരെങ്കിലും അറിവില്ലായ്മ കാരണം വല്ല തെറ്റും ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് കര്‍മങ്ങള്‍ നന്നാക്കുകയുമാണെങ്കില്‍, അറിയുക: തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
55- ഇവ്വിധം നാം തെളിവുകള്‍ വിവരിച്ചുതരുന്നു. പാപികളുടെ വഴി വ്യക്തമായി വേര്‍തിരിഞ്ഞു കാണാനാണിത്.
56- പറയുക: "അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ പൂജിക്കുന്നത് എനിക്കു തീര്‍ത്തും വിലക്കപ്പെട്ടിരിക്കുന്നു." പറയുക: "നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്‍പറ്റുകയില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ വഴിപിഴച്ചവനാകും. ഞാനൊരിക്കലും നേര്‍വഴി പ്രാപിച്ചവരില്‍ പെടുകയുമില്ല."
57- പറയുക: "ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നവനാണ്. നിങ്ങളോ അതിനെ തള്ളിപ്പറഞ്ഞവരും. നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം എന്റെ വശമില്ല. വിധിത്തീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിനു മാത്രമാണ്. അവന്‍ സത്യാവസ്ഥ വിവരിച്ചുതരും. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവനത്രെ."
58- പറയുക: നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം എന്റെ വശമുണ്ടായിരുന്നെങ്കില്‍ എനിക്കും നിങ്ങള്‍ക്കുമിടയില്‍ പെട്ടെന്ന് കാര്യം തീരുമാനിക്കപ്പെടുമായിരുന്നു. അക്രമികളെക്കുറിച്ച് നന്നായറിയുന്നവനാണ് അല്ലാഹു.
59- അഭൌതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല.
60- രാത്രിയില്‍ നിങ്ങളുടെ ജീവനെ പിടിച്ചുവെക്കുന്നത് അവനാണ്. പകലില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം അവനറിയുകയും ചെയ്യുന്നു. പിന്നീട് നിശ്ചിത ജീവിതാവധി പൂര്‍ത്തീകരിക്കാനായി അവന്‍ നിങ്ങളെ പകലില്‍ എഴുന്നേല്‍പിക്കുന്നു. അതിനുശേഷം അവങ്കലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചുചെല്ലുന്നത്. അപ്പോള്‍, അവന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ വിവരമറിയിക്കും. 
61- അല്ലാഹു തന്റെ ദാസന്മാരുടെമേല്‍ പൂര്‍ണാധികാരമുള്ളവനാണ്. നിങ്ങളുടെമേല്‍ അവന്‍ കാവല്‍ക്കാരെ നിയോഗിക്കുന്നു. അങ്ങനെ നിങ്ങളിലാര്‍ക്കെങ്കിലും മരണസമയമായാല്‍ നമ്മുടെ ദൂതന്മാര്‍ അയാളുടെ ആയുസ്സവസാനിപ്പിക്കുന്നു. അതിലവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.
62- പിന്നെ അവരെ തങ്ങളുടെ സാക്ഷാല്‍ യജമാനനായ അല്ലാഹുവിന്റെ സന്നിധിയിലേക്ക് മടക്കിയയക്കും. അറിയുക: വിധിത്തീര്‍പ്പിനുള്ള അധികാരം അല്ലാഹുവിനാണ്. അവന്‍ അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.
63- ചോദിക്കുക: "ഈ വിപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരാകു"മെന്ന് നിങ്ങള്‍ വിനയത്തോടും സ്വകാര്യമായും പ്രാര്‍ഥിക്കുമ്പോള്‍ ആരാണ് കരയുടെയും കടലിന്റെയും കൂരിരുളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത്?
64- പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ വിപത്തുകളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവന് പങ്കുകാരെ സങ്കല്‍പിക്കുകയാണല്ലോ.
65- പറയുക: നിങ്ങളുടെ മുകള്‍ഭാഗത്തുനിന്നോ കാല്‍ച്ചുവട്ടില്‍ നിന്നോ നിങ്ങളുടെമേല്‍ ശിക്ഷ വരുത്താന്‍ കഴിവുറ്റവനാണവന്‍. അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികളാക്കി ആശയക്കുഴപ്പത്തിലകപ്പെടുത്തി പരസ്പരം പീഡനമേല്‍പിക്കാനും അവനു കഴിയും. നോക്കൂ, അവര്‍ കാര്യം മനസ്സിലാക്കാനായി എവ്വിധമാണ് നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നത്.
66- നിന്റെ ജനത അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. അതാകട്ടെ സത്യവുമാണ്. പറയുക: "ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല."
67- ഓരോ വാര്‍ത്തക്കും അത് പുലരുന്ന സന്ദര്‍ഭമുണ്ട്. അത് പിന്നീട് നിങ്ങള്‍ അറിയുക തന്നെ ചെയ്യും.
68- നമ്മുടെ വചനങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു നിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ മറ്റു വല്ല സംസാരത്തിലും വ്യാപൃതമാവും വരെ നീ അവരില്‍നിന്ന് അകന്നു നില്‍ക്കുക. വല്ലപ്പോഴും പിശാച് നിന്നെ മറപ്പിച്ചാല്‍ ഓര്‍മ വന്ന ശേഷം നീ ആ അതിക്രമികളോടൊപ്പമിരിക്കരുത്.
69- അവരുടെ വിചാരണയില്‍ വരുന്ന ഒന്നിന്റെയും ബാധ്യത ഭക്തന്മാര്‍ക്കില്ല. എന്നാല്‍ അവരെ ഓര്‍മിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതുവഴി അവര്‍ ഭക്തി പുലര്‍ത്തുന്നവരായേക്കാം.
70- തങ്ങളുടെ മതത്തെ കളിയും തമാശയുമാക്കുകയും ലൌകികജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്തവരെ വിട്ടേക്കുക. അതോടൊപ്പം ഈ ഖുര്‍ആനുപയോഗിച്ച് അവരെ ഉദ്ബോധിപ്പിക്കുക. ആരും തങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ നാശത്തിലകപ്പെടാതിരിക്കാനാണിത്. ആര്‍ക്കും അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. എന്തു തന്നെ പ്രായശ്ചിത്തം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. തങ്ങള്‍ ചെയ്തുകൂട്ടിയതിനാല്‍ നാശത്തിലകപ്പെട്ടവരാണവര്‍. തങ്ങളുടെ സത്യനിഷേധം കാരണമായി, ചുട്ടുപൊള്ളുന്ന കുടിനീരാണ് അവര്‍ക്കുണ്ടാവുക. നോവേറിയ ശിക്ഷയും.
71- ചോദിക്കുക: അല്ലാഹുവെക്കൂടാതെ, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ? അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ? പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ? അവന് ചില കൂട്ടുകാരുണ്ട്. അവര്‍ "ഇങ്ങോട്ടുവരൂ" എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു.
72- നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും അല്ലാഹുവോട് ഭക്തിപുലര്‍ത്താനും ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു. അവന്റെ സന്നിധിയിലാണ് നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക.
73- അവനാണ് ആകാശഭൂമികളെ യാഥാര്‍ഥ്യ നിഷ്ഠമായി സൃഷ്ടിച്ചവന്‍. അവന്‍ "ഉണ്ടാവുക" എന്നു പറയുംനാള്‍ അതു സംഭവിക്കുക തന്നെ ചെയ്യും. അവന്റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതുംനാള്‍ സര്‍വാധിപത്യം അവനുമാത്രമായിരിക്കും. ദൃശ്യവും അദൃശ്യവും നന്നായറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമാണ്.
74- ഓര്‍ക്കുക: ഇബ്റാഹീം തന്റെ പിതാവ് ആസറിനോടു പറഞ്ഞ സന്ദര്‍ഭം: "വിഗ്രഹങ്ങളെയാണോ താങ്കള്‍ ദൈവങ്ങളാക്കിയിരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു."
75- അവ്വിധം തന്നെയാണ് ഇബ്റാഹീമിനു നാം ആകാശഭൂമികളിലെ നമ്മുടെ ആധിപത്യവ്യവസ്ഥ കാണിച്ചുകൊടുത്തത്. അദ്ദേഹം അടിയുറച്ച സത്യവിശ്വാസിയാകാന്‍.
76- അങ്ങനെ രാവ് അദ്ദേഹത്തെ ആവരണം ചെയ്തപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രത്തെ കണ്ടു. അപ്പോള്‍ പറഞ്ഞു: "ഇതാണെന്റെ ദൈവം." പിന്നെ അതസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "അസ്തമിച്ചുപോകുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല."
77- പിന്നീട് ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇതാ; ഇതാണെന്റെ ദൈവം." അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ ദൈവം എനിക്ക് നേര്‍വഴി കാണിച്ചു തരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴി പിഴച്ചവരില്‍ പെട്ടുപോകും."
78- പിന്നീട് സൂര്യന്‍ ഉദിച്ചുവരുന്നതുകണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇതാണെന്റെ ദൈവം! ഇത് മറ്റെല്ലാറ്റിനെക്കാളും വലുതാണ്." അങ്ങനെ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെയും ഞാനിതാ മുക്തനായിരിക്കുന്നു;
79- "തീര്‍ച്ചയായും ഞാന്‍ നേര്‍വഴിയിലുറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശഭൂമികളെ സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാനൊരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല; തീര്‍ച്ച."
80- തന്റെ ജനം അദ്ദേഹത്തോട് തര്‍ക്കത്തിലേര്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങളെന്നോടു തര്‍ക്കിക്കുന്നത്? അവനെന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്ന ഒന്നിനെയും ഞാന്‍ പേടിക്കുന്നില്ല. എന്റെ നാഥന്‍ ഇച്ഛിക്കുന്നതല്ലാതെ ഒന്നും ഇവിടെ സംഭവിക്കുകയില്ല. എന്റെ നാഥന്റെ അറിവ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
81- "നിങ്ങള്‍ അല്ലാഹുവിന് പങ്കാളികളാക്കുന്നവയെ ഞാനെങ്ങനെ പേടിക്കും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്കൊരു തെളിവും തന്നിട്ടില്ലാത്തവയെ അവനില്‍ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ഭയപ്പെടുന്നുമില്ല. നാം ഇരുവിഭാഗങ്ങളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹര്‍? നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടെങ്കില്‍ പറയൂ."
82- വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ വികലധാരണകളാല്‍ വികൃതമാക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഒന്നും പേടിക്കേണ്ടതില്ല. നേര്‍വഴി പ്രാപിച്ചവരും അവര്‍ തന്നെ.
83- ഇബ്റാഹീമിന് തന്റെ ജനതക്കെതിരെ നാം നല്‍കിയ ന്യായം അതായിരുന്നു: നാമിച്ഛിക്കുന്നവര്‍ക്കു നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. നിന്റെ നാഥന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച.
84- അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു.
85- സകരിയ്യാ, യഹ്യാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.
86- അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു.
87- അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
88- അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു.
89- നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍. ഇപ്പോളിവര്‍ അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.
90- അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: "ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല."
91- "അല്ലാഹു ഒരാള്‍ക്കും ഒന്നും ഇറക്കിക്കൊടുത്തിട്ടില്ലെ"ന്ന് അവര്‍ വാദിച്ചത് അല്ലാഹുവിന്റെ മഹത്വം യഥാവിധി വിലയിരുത്തിക്കൊണ്ടല്ല. ചോദിക്കുക: ജനങ്ങള്‍ക്ക് വഴികാട്ടിയും വെളിച്ചവുമായി മൂസാ കൊണ്ടുവന്ന വേദപുസ്തകം ആരാണ് ഇറക്കിത്തന്നത്? നിങ്ങളതിനെ കേവലം കടലാസുതുണ്ടുകളാക്കി. അങ്ങനെ ചിലത് വെളിപ്പെടുത്തുകയും മറ്റു പലതും മറച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും അറിവില്ലാതിരുന്ന പലതും അതിലൂടെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പറയുക: "അല്ലാഹുവാണ് അതിറക്കിത്തന്നത്." എന്നിട്ട് അവരെ തങ്ങളുടെ വിടുവായത്തങ്ങളില്‍ തന്നെ വിഹരിക്കാന്‍ വിട്ടേക്കുക.
92- നാം ഇറക്കിയ അനുഗൃഹീത ഗ്രന്ഥം ഇതാ? ഇതിനു മുമ്പുള്ളവയെ ശരിവെക്കുന്നതാണിത്. മാതൃനഗര ത്തിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളതും. പരലോകത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ വേദത്തിലും വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു.
93- അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുകയോ; ഒരു ദിവ്യസന്ദേശവും ലഭിക്കാതെ, തനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നുവെന്ന് വാദിക്കുകയോ, അല്ലാഹു അവതരിപ്പിച്ചതുപോലുള്ളത് താനും അവതരിപ്പിക്കുമെന്ന് വീമ്പ് പറയുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: "നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു നന്നെ നിന്ദ്യമായ ശിക്ഷയുണ്ട്." ഇതൊക്കെയും നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
94- അവരോട് പറയും: നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റയൊറ്റയായി വന്നെത്തിയിരിക്കുന്നു. നാം നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരുന്നതെല്ലാം പിന്നില്‍ വിട്ടേച്ചുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ പങ്കുകാരെന്ന് നിങ്ങള്‍ അവകാശപ്പെട്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ലല്ലോ. നിങ്ങള്‍ക്കിടയിലെ ബന്ധങ്ങളൊക്കെ അറ്റുപോയിരിക്കുന്നു. നിങ്ങളുടെ അവകാശവാദങ്ങളെല്ലാം നിങ്ങള്‍ക്ക് കൈമോശം വന്നിരിക്കുന്നു.
95- ധാന്യമണികളെയും പഴക്കുരുകളെയും പിളര്‍ക്കുന്നവന്‍ അല്ലാഹുവാണ്. ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെ ഉല്‍പാദിപ്പിക്കുന്നതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറത്തെടുക്കുന്നതും അവനാണ്. ഇതൊക്കെ ചെയ്യുന്നവനാണ് അല്ലാഹു. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
96- പ്രഭാതത്തെ വിടര്‍ത്തുന്നതവനാണ്. രാവിനെ അവന്‍ വിശ്രമവേളയാക്കി; സൂര്യചന്ദ്രന്മാരെ സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിതെല്ലാം.
97- കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്ക് വഴി കാണാന്‍ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവന്‍ തന്നെ. കാര്യമറിയാന്‍ കഴിയുന്നവര്‍ക്ക് നാമിതാ തെളിവുകള്‍ വിശദീകരിച്ചുതരുന്നു.
98- ഒരേയൊരു സത്തയില്‍ നിന്ന് നിങ്ങളെയൊക്കെ സൃഷ്ടിച്ചുണ്ടാക്കിയതും അവനാണ്. പിന്നെ നിങ്ങള്‍ക്കാവശ്യമായ വാസസ്ഥലവും ഏല്‍പിക്കപ്പെടുന്ന ഇടവുമുണ്ട്. ഈ തെളിവുകളൊക്കെയും നാം വിവരിച്ചുതരുന്നത് കാര്യം മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണ്.
99- അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.
100- എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.
101- ആകാശഭൂമികളെ മുന്‍മാതൃകകളില്ലാതെ സൃഷ്ടിച്ചവനാണ് അല്ലാഹു. അവന്നെങ്ങനെ മക്കളുണ്ടാകും? അവന്ന് ഇണപോലും ഇല്ലല്ലോ. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.
102- അവനാണ് അല്ലാഹു; നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവനുമാത്രം വഴിപ്പെടുക. അവന്‍ എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍ത്താവാണ്.
103- കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.
104- നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിതാ ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. ആരെങ്കിലും അത് കണ്ടറിയുന്നുവെങ്കില്‍ അതിന്റെ ഗുണം അവന്നുതന്നെയാണ്. ആരെങ്കിലും അന്ധത നടിച്ചാല്‍ അതിന്റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തവനൊന്നുമല്ല.
105- അവ്വിധം വിവിധ രൂപേണ നാം നമ്മുടെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നീ ആരില്‍ നിന്നൊക്കെയോ പഠിച്ചുവന്നതാണെന്ന് സത്യനിഷേധികളെക്കൊണ്ട് പറയിക്കാനാണിത്. കാര്യം മനസ്സിലാക്കുന്നവര്‍ക്ക് വസ്തുത വ്യക്തമാക്കിക്കൊടുക്കാനും.
106- നിനക്കു നിന്റെ നാഥനില്‍ നിന്ന് ബോധനമായി ലഭിച്ചത് പിന്‍പറ്റുക. അവനല്ലാതെ ദൈവമില്ല. ഈ ബഹുദൈവവിശ്വാസികളെ അവഗണിക്കുക.
107- അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരവന് പങ്കാളികളെ സങ്കല്‍പിക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ രക്ഷാകര്‍ത്തൃത്വം ഏല്‍പിച്ചിട്ടില്ല. നീ അവരുടെ ചുമതലകള്‍ ഏല്‍പിക്കപ്പെട്ടവനുമല്ല.
108- അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും. അവ്വിധം ഓരോ വിഭാഗത്തിനും അവരുടെ ചെയ്തികളെ നാം ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. പിന്നീട് തങ്ങളുടെ നാഥന്റെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന്‍ അവരെ വിവരമറിയിക്കും.
109- അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു തറപ്പിച്ചു പറയുന്നു, തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നെത്തിയാല്‍ അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്. പറയുക: "ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്." ദൃഷ്ടാന്തങ്ങള്‍ വന്നു കിട്ടിയാലും അവര്‍ വിശ്വസിക്കുകയില്ലെന്ന് നിങ്ങളെ എങ്ങനെ ധരിപ്പിക്കാനാണ്?
110- അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും നാം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്; ആദ്യതവണ അവരിതില്‍ വിശ്വസിക്കാതിരുന്നപോലെത്തന്നെ. തങ്ങളുടെ അതിക്രമങ്ങളില്‍ തന്നെ വിഹരിക്കാന്‍ നാമവരെ വിടുകയും ചെയ്യുന്നു.
111- നാം മലക്കുകളെത്തന്നെ അവരിലേക്കിറക്കിയാലും മരിച്ചവര്‍ അവരോടു സംസാരിച്ചാലും സകല വസ്തുക്കളെയും നാം അവരുടെ മുന്നില്‍ ഒരുമിച്ചുകൂട്ടിയാലും അവര്‍ വിശ്വസിക്കുകയില്ല; ദൈവേച്ഛയുണ്ടെങ്കിലല്ലാതെ. എന്നിട്ടും അവരിലേറെപ്പേരും വിവരക്കേട് പറയുകയാണ്.
112- അവ്വിധം നാം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ ശത്രുക്കളാക്കിവെച്ചിട്ടുണ്ട്. അവര്‍ അന്യോന്യം വഞ്ചിക്കുന്ന മോഹനവാക്കുകള്‍ വാരിവിതറുന്നു. നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അതിനാല്‍ നീ അവരെയും അവരുടെ പൊയ്മൊഴികളെയും അവഗണിക്കുക.
113- പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ മനസ്സുകള്‍ ആ വഞ്ചനയിലേക്ക് ചായാനാണിത്. അവരതില്‍ തൃപ്തരാകാനും. അവര്‍ ചെയ്തുകൂട്ടുന്നതൊക്കെ ഇവരും കാട്ടിക്കൂട്ടാന്‍ വേണ്ടിയും.
114- "കാര്യം ഇതായിരിക്കെ ഞാന്‍ അല്ലാഹു അല്ലാത്ത മറ്റൊരു വിധി കര്‍ത്താവിനെ തേടുകയോ? അവനോ, വിശദവിവരങ്ങളടങ്ങിയ വേദപുസ്തകം നിങ്ങള്‍ക്ക് ഇറക്കിത്തന്നവനാണ്." നാം നേരത്തെ വേദം നല്‍കിയവര്‍ക്കറിയാം, ഇത് നിന്റെ നാഥനില്‍ നിന്ന് സത്യവുമായി അവതീര്‍ണമായതാണെന്ന്. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
115- നിന്റെ നാഥന്റെ വചനം സത്യത്താലും നീതിയാലും സമഗ്രമായിരിക്കുന്നു. അവന്റെ വചനങ്ങളില്‍ ഭേദഗതി വരുത്തുന്ന ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
116- ഭൂമുഖത്തുള്ള ഭൂരിപക്ഷംപേരും പറയുന്നത് നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയും. കേവലം ഊഹങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അവര്‍ അനുമാനങ്ങളില്‍ ആടിയുലയുകയാണ്.
117- തന്റെ വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവര്‍ ആരൊക്കെയെന്ന് നിന്റെ നാഥന് നന്നായറിയാം. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും അവന്‍ തന്നെ.
118- അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ അറുത്തവയില്‍ നിന്നും തിന്നുക. നിങ്ങള്‍ അവന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരെങ്കില്‍!
119- ദൈവനാമത്തില്‍ അറുത്തതില്‍ നിന്ന് നിങ്ങളെന്തിനു തിന്നാതിരിക്കണം? നിങ്ങള്‍ക്കു നിഷിദ്ധമാക്കിയത് ഏതൊക്കെയെന്ന് അല്ലാഹു വിവരിച്ചുതന്നിട്ടുണ്ടല്ലോ. നിങ്ങളവ തിന്നാന്‍ നിര്‍ബന്ധിതമാകുമ്പോളൊഴികെ. പലരും ഒരു വിവരവുമില്ലാതെ തോന്നിയപോലെ ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംശയമില്ല; നിന്റെ നാഥന്‍ അതിക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.
120- പരസ്യവും രഹസ്യവുമായ പാപങ്ങള്‍ വര്‍ജിക്കുക. കുറ്റം സമ്പാദിച്ചുവെക്കുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച ശിക്ഷ ലഭിക്കും.
121- അല്ലാഹുവിന്റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അതു അധര്‍മമാണ്; തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്തവരായിത്തീരും.
122- ഒരുവനു നാം ജീവനില്ലാത്ത അവസ്ഥയില്‍ ജീവന്‍ നല്‍കി. വെളിച്ചമേകുകയും ചെയ്തു. അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുന്ന അയാള്‍, പുറത്തു കടക്കാനാവാതെ കൂരിരുട്ടില്‍പെട്ടവനെപ്പോലെയാണോ? അവ്വിധം സത്യനിഷേധികള്‍ക്ക് തങ്ങളുടെ ചെയ്തികള്‍ ചേതോഹരമായിത്തോന്നി.
123- അപ്രകാരം തന്നെ എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ തെമ്മാടികളുടെ തലവന്മാരെ നാം ചുമതലപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല.
124- അവര്‍ക്ക് വല്ല പ്രമാണവും വന്നെത്തിയാല്‍ അവര്‍ പറയും: "ദൈവദൂതന്മാര്‍ക്ക് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുംവരെ ഞങ്ങള്‍ വിശ്വസിക്കുകയില്ല." എന്നാല്‍ അല്ലാഹുവിന് നന്നായറിയാം; തന്റെ സന്ദേശം എവിടെ ഏല്‍പിക്കണമെന്ന്. അധര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ദ്യതയാണുണ്ടാവുക. കഠിനശിക്ഷയും. അവര്‍ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ കാരണമാണത്.
125- അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാളുടെ മനസ്സിനെ അവന്‍ ഇസ്ലാമിനായി തുറന്നുകൊടുക്കുന്നു. ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കാനാണ് അവനുദ്ദേശിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയത്തെ ഇടുങ്ങിയതും സങ്കുചിതവുമാക്കുന്നു. അപ്പോള്‍ താന്‍ ആകാശത്തേക്ക് കയറിപ്പോകുംപോലെ അവനു തോന്നുന്നു. വിശ്വസിക്കാത്തവര്‍ക്ക് അല്ലാഹു ഇവ്വിധം നീചമായ ശിക്ഷ നല്‍കും.
126- ഇതാണ് നിന്റെ നാഥന്റെ നേര്‍വഴി. ആലോചിച്ചറിയുന്ന ജനത്തിന് നാമിതാ തെളിവുകള്‍ വിശദീകരിച്ചിരിക്കുന്നു.
127- അവര്‍ക്ക് അവരുടെ നാഥന്റെ അടുത്ത് ശാന്തിമന്ദിരമുണ്ട്. അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്.
128- അല്ലാഹു അവരെയെല്ലാം ഒരുമിച്ചു ചേര്‍ക്കുംദിനം അവന്‍ പറയും: "ജിന്ന്സമൂഹമേ; മനുഷ്യരില്‍ വളരെ പേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്." അപ്പോള്‍ അവരുടെ ആത്മമിത്രങ്ങളായിരുന്ന മനുഷ്യര്‍ പറയും: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ പരസ്പരം സുഖാസ്വാദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നീ ഞങ്ങള്‍ക്ക് അനുവദിച്ച അവധിയില്‍ ഞങ്ങളെത്തിയിരിക്കുന്നു". അല്ലാഹു അറിയിക്കും: ശരി, ഇനി നരകത്തീയാണ് നിങ്ങളുടെ താമസസ്ഥലം. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹു ഇച്ഛിച്ച സമയമൊഴികെ. നിന്റെ നാഥന്‍ യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ; തീര്‍ച്ച.
129- ഇവ്വിധം ആ അക്രമികളെ നാം അന്യോന്യം കൂട്ടാളികളാക്കും. അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതിന്റെ ഫലമാണത്.
130- "ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരികയും ഈ ദിനത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന, നിങ്ങളില്‍ നിന്നുതന്നെയുള്ള ദൈവദൂതന്മാര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ?" അവര്‍ പറയും: "അതെ; ഞങ്ങളിതാ ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു." ഐഹികജീവിതം അവരെ വഞ്ചനയിലകപ്പെടുത്തി. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അന്നേരം അവര്‍ തങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു.
131- ഒരു പ്രദേശത്തുകാര്‍ സന്മാര്‍ഗത്തെപ്പറ്റി ഒന്നുമറിയാതെ കഴിയുമ്പോള്‍ നിന്റെ നാഥന്‍ അന്യായമായി അവരെ നശിപ്പിക്കുകയില്ലെന്നതിന് തെളിവാണ് ഇവരുടെ ഈ സാക്ഷ്യം.
132- ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പദവിയുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് നിന്റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല.
133- നിന്റെ നാഥന്‍ സ്വയംപര്യാപ്തനാണ്. ഏറെ ദയാപരനും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ നീക്കംചെയ്യുകയും നിങ്ങള്‍ക്കുശേഷം താനിച്ഛിക്കുന്നവരെ പകരം കൊണ്ടുവരികയും ചെയ്യും. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍നിന്ന് നിങ്ങളെ അവന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപോലെ.
134- നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് സംഭവിക്കുക തന്നെ ചെയ്യും; തീര്‍ച്ച. അല്ലാഹുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.
135- പറയുക: എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക; ഞാനും പ്രവര്‍ത്തിക്കാം. ഈ ലോകത്തിന്റെ ഒടുക്കം ആര്‍ക്കനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങളറിയുക തന്നെ ചെയ്യും. ഒന്നു തീര്‍ച്ച; അക്രമികള്‍ വിജയിക്കുകയില്ല.
136- അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: "ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും." അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത!
137- അതുപോലെത്തന്നെ ധാരാളം ബഹുദൈവവിശ്വാസികള്‍ക്ക് തങ്ങളുടെ മക്കളെ കൊല്ലുന്നത് അവരുടെ പങ്കാളികള്‍ ഭൂഷണമായി തോന്നിപ്പിച്ചിരിക്കുന്നു. അവരെ വിപത്തില്‍പെടുത്തലും അവര്‍ക്ക് തങ്ങളുടെ മതം തിരിച്ചറിയാതാകലുമാണ് അതുകൊണ്ടുണ്ടാവുന്നത്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അവരെയും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും അവരുടെ പാട്ടിന് വിട്ടേക്കുക.
138- അവര്‍ പറഞ്ഞു: "ഇവ വിലക്കപ്പെട്ട കാലികളും വിളകളുമാകുന്നു. ഞങ്ങളുദ്ദേശിക്കുന്നവരല്ലാതെ, അവ തിന്നാന്‍ പാടില്ല." അവര്‍ സ്വയം കെട്ടിച്ചമച്ച വാദമാണിത്. അവര്‍ സവാരി ചെയ്യാനും ചരക്കു ചുമക്കാനും പുറം ഉപയോഗിക്കുന്നത് നിഷിദ്ധമാക്കിയ മറ്റു മൃഗങ്ങളുണ്ട്. അവര്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്ത മൃഗങ്ങളുമുണ്ട്. ഇതൊക്കെയും അവര്‍ അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയാണ്. അവര്‍ ഇവ്വിധം കെട്ടിച്ചമച്ചുണ്ടാക്കുന്നതിന് അല്ലാഹു അവര്‍ക്ക് വൈകാതെ മതിയായ പ്രതിഫലം നല്‍കും.
139- അവര്‍ പറയുന്നു: "ഈ കാലികളുടെ വയറുകളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഞങ്ങളുടെ ഭാര്യമാര്‍ക്ക് അത് നിഷിദ്ധമാണ്." എന്നാല്‍ അത് ശവമാണെങ്കില്‍ അവരെല്ലാം അതില്‍ പങ്കാളികളാകും. തീര്‍ച്ചയായും അവരുടെ ഈ കെട്ടിച്ചമക്കലുകള്‍ക്ക് അല്ലാഹു അനുയോജ്യമായ പ്രതിഫലം വൈകാതെ നല്‍കും. സംശയമില്ല; അവന്‍ യുക്തിമാനും എല്ലാം അറിയുന്നവനുമാണ്.
140- ഒരു വിവരവുമില്ലാതെ, തികഞ്ഞ അവിവേകം കാരണം സ്വന്തം മക്കളെ കൊല്ലുന്നവരും അല്ലാഹു അവര്‍ക്കേകിയ അന്നം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ച് സ്വയം നിഷിദ്ധമാക്കുന്നവരും നഷ്ടത്തില്‍പ്പെട്ടതുതന്നെ. സംശയമില്ല അവര്‍ വഴികേടിലായിരിക്കുന്നു. അവര്‍ നേര്‍വഴി പ്രാപിച്ചതുമില്ല.
141- പന്തലില്‍ പടര്‍ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്‍; ഈത്തപ്പനകള്‍; പലതരം കായ്കനികളുള്ള കൃഷികള്‍; പരസ്പരം സമാനത തോന്നുന്നതും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. അവ കായ്ക്കുമ്പോള്‍ പഴങ്ങള്‍ തിന്നുകൊള്ളുക. വിളവെടുപ്പുകാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തുതീര്‍ക്കുക. എന്നാല്‍ അമിതവ്യയം അരുത്. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
142- കന്നുകാലികളില്‍ ഭാരം ചുമക്കുന്നവയെയും അറുത്തുതിന്നാനുള്ളവയെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കേകിയ വിഭവങ്ങളില്‍നിന്ന് ആഹരിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. സംശയംവേണ്ട; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
143- അല്ലാഹു എട്ടു ഇണകളെ സൃഷ്ടിച്ചു. ചെമ്മരിയാടു വര്‍ഗത്തില്‍ നിന്ന് രണ്ടും കോലാടു വര്‍ഗത്തില്‍ നിന്ന് രണ്ടും. ചോദിക്കുക: അല്ലാഹു അവയില്‍ ആണ്‍വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയത്; അതോ പെണ്‍വര്‍ഗത്തെയോ? അതുമല്ലെങ്കില്‍ ഇരുതരം പെണ്ണാടുകളുടെയും ഗര്‍ഭാശയങ്ങളിലുള്ള കുട്ടികളെയോ? അറിവിന്റെ അടിസ്ഥാനത്തില്‍ എനിക്കു പറഞ്ഞുതരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍.
144- ഇവ്വിധം ഒട്ടകവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളും പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളും ഇതാ. ചോദിക്കുക: അല്ലാഹു ഇരുവിഭാഗത്തിലെയും ആണ്‍വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയത്; അതോ പെണ്‍വര്‍ഗത്തെയോ? അതുമല്ലെങ്കില്‍ ഇരുതരം പെണ്‍വര്‍ഗങ്ങളുടെയും ഗര്‍ഭാശയങ്ങളിലുള്ള കുട്ടികളെയോ? അതല്ല; അല്ലാഹു ഇതൊക്കെയും നിങ്ങളെ ഉപദേശിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷികളായി ഉണ്ടായിരുന്നോ? ഒരു വിവരവുമില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ കൊടിയ അതിക്രമി ആരുണ്ട്? അതിക്രമികളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
145- പറയുക: എനിക്കു ബോധനമായി ലഭിച്ചവയില്‍, ഭക്ഷിക്കുന്നവന് തിന്നാന്‍ പാടില്ലാത്തതായി ഒന്നും ഞാന്‍ കാണുന്നില്ല; ശവവും ഒഴുക്കപ്പെട്ട രക്തവും പന്നിമാംസവും ഒഴികെ. അവയൊക്കെ മ്ളേച്ഛ വസ്തുക്കളാണ്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട് അധാര്‍മികമായതും വിലക്കപ്പെട്ടതു തന്നെ. അഥവാ, ആരെങ്കിലും നിര്‍ബന്ധിതമായും ധിക്കാരം ഉദ്ദേശിക്കാതെയും അത്യാവശ്യ പരിധി ലംഘിക്കാതെയുമാണെങ്കില്‍ വിലക്കപ്പെട്ടവ തിന്നുന്നതിനു വിരോധമില്ല. നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.
146- നഖമുള്ളവയെയെല്ലാം ജൂതന്മാര്‍ക്കു നാം നിഷിദ്ധമാക്കി. ആടുമാടുകളുടെ കൊഴുപ്പും നാമവര്‍ക്ക് വിലക്കിയിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന് നാമവര്‍ക്കു നല്‍കിയ ശിക്ഷയാണത്. നാം പറയുന്നത് സത്യം തന്നെ; സംശയമില്ല.
147- അഥവാ അവര്‍ നിന്നെ തള്ളിപ്പറയുകയാണെങ്കില്‍ നീ അവരോടു പറയുക: നിങ്ങളുടെ നാഥന്‍ അതിരുകളില്ലാത്ത കാരുണ്യത്തിനുടമയാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനത്തില്‍നിന്ന് അവന്റെ ശിക്ഷ തട്ടിമാറ്റപ്പെടുന്നതുമല്ല.
148- ആ ബഹുദൈവ വാദികള്‍ പറയും: "അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പൂര്‍വപിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഞങ്ങള്‍ ഒന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല." അപ്രകാരം തന്നെ അവര്‍ക്ക് മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുവോളം സത്യത്തെ തള്ളിപ്പറഞ്ഞു. പറയുക: "നിങ്ങളുടെ വശം ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. നിങ്ങള്‍ കേവലം അനുമാനങ്ങളാവിഷ്കരിക്കുകയാണ്."
149- പറയുക: തികവുറ്റ തെളിവുള്ളത് അല്ലാഹുവിനാണ്. അവനിച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
150- പറയുക: അല്ലാഹു ഈ വസ്തുക്കളൊക്കെ വിലക്കിയിരിക്കുന്നുവെന്ന് നിങ്ങള്‍ക്കായി സാക്ഷ്യം വഹിക്കുന്നവരെയെല്ലാം ഇങ്ങ് കൊണ്ടുവരിക. അഥവാ, അവരങ്ങനെ സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാവരുത്. നമ്മുടെ തെളിവുകളെ കള്ളമാക്കി തള്ളിയവരുടെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും തങ്ങളുടെ നാഥന്ന് തുല്യരെ സങ്കല്‍പിച്ചവരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.
151- പറയുക: വരുവിന്‍; നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെന്തൊക്കെയെന്ന് ഞാന്‍ പറഞ്ഞുതരാം: നിങ്ങള്‍ ഒന്നിനെയും അവനില്‍ പങ്കാളികളാക്കരുത്; മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം; ദാരിദ്യ്രം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. തെളിഞ്ഞതും മറഞ്ഞതുമായ നീചവൃത്തികളോടടുക്കരുത്; അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം.
152- ഏറ്റം ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ അനാഥയുടെ ധനത്തോടടുക്കരുത്; അവനു കാര്യബോധമുണ്ടാകുംവരെ. അളവു- തൂക്കങ്ങളില്‍ നീതിപൂര്‍വം തികവു വരുത്തുക. നാം ആര്‍ക്കും അയാളുടെ കഴിവിന്നതീതമായ ബാധ്യത ചുമത്തുന്നില്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക; അത് അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാലും. അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ കാര്യബോധമുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.
153- സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.
154- നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണത്. എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായാണത്. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍.
155- നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്. അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. ഭക്തരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം.
156- "ഞങ്ങള്‍ക്കു മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമേ വേദപുസ്തകം ലഭിച്ചിരുന്നുള്ളൂ. ഞങ്ങളാകട്ടെ, അവര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നതിനെപ്പറ്റി തീര്‍ത്തും അശ്രദ്ധരുമായിരുന്നു"വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണ് നാമിതവതരിപ്പിച്ചത്.
157- സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.
158- നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണത്. എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായാണത്. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍.
159- നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്. അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. ഭക്തരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം.
160- "ഞങ്ങള്‍ക്കു മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമേ വേദപുസ്തകം ലഭിച്ചിരുന്നുള്ളൂ. ഞങ്ങളാകട്ടെ, അവര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നതിനെപ്പറ്റി തീര്‍ത്തും അശ്രദ്ധരുമായിരുന്നു"വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണ് നാമിതവതരിപ്പിച്ചത്.
161- പറയുക: ഉറപ്പായും എന്റെ നാഥന്‍ എന്നെ നേര്‍വഴിയിലേക്ക് നയിച്ചിരിക്കുന്നു. വളവുതിരിവുകളേതുമില്ലാത്ത മതത്തിലേക്ക്. ഇബ്റാഹീം നിലകൊണ്ട വക്രതയില്ലാത്ത മാര്‍ഗത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.
162- പറയുക: "നിശ്ചയമായും എന്റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.
163- "അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍."
164- ചോദിക്കുക: "ഞാന്‍ അല്ലാഹുവല്ലാത്ത മറ്റൊരു രക്ഷകനെ തേടുകയോ; അവന്‍ എല്ലാറ്റിന്റെയും നാഥനായിരിക്കെ." ഏതൊരാളും ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം അയാള്‍ക്കു മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെയൊക്കെ മടക്കം നിങ്ങളുടെ നാഥങ്കലേക്കു തന്നെയാണ്. നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയ കാര്യങ്ങളുടെ നിജസ്ഥിതി അപ്പോള്‍ അവന്‍അവിടെവെച്ച് നിങ്ങളെ അറിയിക്കും.
165- നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്. സംശയമില്ല; നിന്റെ നാഥന്‍ വേഗം ശിക്ഷാ നടപടി സ്വീകരിക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.