18 അല്‍കഹ്ഫ്

ആമുഖം
നാമം
ഈ അധ്യായത്തിന്റെ പേര്‍ ആദ്യ ഖണ്ഡികയിലെ പത്താം സൂക്തത്തില്‍നിന്ന് എടുത്തതാണ്. `കഹ്ഫ്` എന്ന പദം ഉപയോഗിച്ച അധ്യായം എന്നത്രെ ഈ പേര്കൊണ്ടുദ്ദേശിക്കപ്പെടുന്നത്.  
അവതരണകാലം
ഇവിടം മുതല്‍ നബിതിരുമേനിയുടെ മക്കാജീവിതത്തിന്റെ മൂന്നാം ഘട്ടത്തില്‍ അവതരിച്ച അധ്യായങ്ങള്‍ ആരംഭിക്കുന്നു. തിരുമേനിയുടെ മക്കാജീവിതത്തെ നാം വലിയ നാലുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. അതിന്റെ വിശദീകരണം `അല്‍ അന്‍ആമി`ന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ വിഭജനമനുസരിച്ച് മൂന്നാംഘട്ടം ഏറെക്കുറെ, പ്രവാചകത്വലബ്ധിയുടെ അഞ്ചാം വര്‍ഷാരംഭം മുതല്‍ പത്താം വര്‍ഷം വരെയാണ്. ഈ ഘട്ടത്തെ രണ്ടാംഘട്ടത്തില്‍നിന്ന് വേര്‍തിരിക്കുന്ന പ്രത്യകതകള്‍ ഇങ്ങനെ സമാഹരിക്കാം: ദ്വിതീയഘട്ടത്തില്‍ ഖുറൈശികള്‍ നബിതിരുമേനിയെയും അവിടുത്തെ പ്രസ്ഥാനത്തെയും സംഘടനയെയും നശിപ്പിക്കുന്നതിന് വേണ്ടി പ്രധാനമായും അവലംബമാക്കിയത് അവഹേളനം, വിമര്‍ശനങ്ങള്‍, പരിഹാസം, ആരോപണങ്ങള്‍, ഭീഷണി, പ്രലോഭനം, എതിര്‍ പ്രചാരവേലകള്‍ തുടങ്ങിയ മാര്‍ഗങ്ങളായിരുന്നു. എന്നാല്‍ ഈ മൂന്നാംഘട്ടത്തില്‍ അവര്‍ മര്‍ദ്ദനങ്ങളും സാമ്പത്തിക സമ്മര്‍ദ്ദങ്ങളുമായിരുന്നു കൂടുതല്‍ ശക്തിയായി ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധങ്ങള്‍. എത്രത്തോളമെന്നാല്‍ മുസ്ലിംകളില്‍ വലിയൊരു വിഭാഗത്തിന് സ്വന്തം നാടുപേക്ഷിച്ച് ഹബ്ശങ (എത്യോപ്യ)യിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ശേഷിച്ച മുസ്ലിംകളെ, നബി (സ)യെയും കുടുംബത്തെയുംപോലും `ശിഅ്ബു അബീതാലിബി`ല്‍ ഉപരോധിച്ചു. അവരുമായുള്ള സാമ്പത്തികവും സാമൂഹികവുമായ മുഴുവന്‍ ബന്ധങ്ങളും വിഛേദിക്കുകയുണ്ടായി. എന്നാലും ഈ ഘട്ടത്തില്‍ രണ്ട് വ്യക്തിത്വങ്ങളുടെ -അബൂതാലിബിന്റെയും  ഉമ്മുല്‍ മുഅ്മിനീന്‍ ഹസ്രത്ത് ഖദീജ(റ)  യുടെയും-സ്വാധീനഫലമായി ഖുറൈശികളില്‍പ്പെട്ട രണ്ട് വലിയ കുടുംബങ്ങള്‍ നബി(സ)യെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവന്നു. നുബുവ്വത്തിന്റെ പത്താം വര്‍ഷത്തില്‍ ഇരുവരുടേയും കണ്ണടഞ്ഞതോടുകൂടി ഈ ഘട്ടം അവസാനിക്കുകയും നാലാംഘട്ടം ആരംഭിക്കുകയും ചെയ്യുന്നു. അതില്‍ നബി(സ)ക്കും മുഴുവന്‍ മുസ്ലിംകള്‍ക്കും അവസാനം മക്കയില്‍നിന്ന്  പുറത്തു പോകേണ്ടിവന്നു. അത്രമാത്രം ക്ളേശകരമാക്കിത്തീര്‍ത്തു, സത്യനിഷേധികള്‍ മക്കയില്‍ മുസ്ലിംകളുടെ ജീവിതം. `അല്‍ കഹ്ഫ്` അദ്ധ്യായത്തിലെ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് മൂന്നാംഘട്ടത്തിന്റെ ആദ്യത്തില്‍ അവതരിച്ചതാണെന്ന് അനുമാനിക്കാവുന്നതാണ്. അപ്പോഴേക്കും അക്രമമര്‍ദ്ദനങ്ങള്‍ക്ക് കാഠിന്യം വര്‍ദ്ധിച്ചുവന്നിരുന്നുവെങ്കിലും `ഹബ്ശാ പലായനം` സംഭവിച്ചുകഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍, മര്‍ദ്ദനങ്ങളനുഭവിച്ചുകൊണ്ടിരുന്ന മുസ്ലിംകളെ ഗുഹാവാസികളുടെ കഥ കേള്‍പ്പിക്കുകയാണ്-അവരെ നിശ്ചയദാര്‍ഢ്യമുള്ളവരാക്കുന്നതിനുവേണ്ടി; മുമ്പ് വിശ്വാസികള്‍ക്ക് തങ്ങളുടെവിശ്വാസം സംരക്ഷിക്കാന്‍ എന്തെല്ലാം പ്രവര്‍ത്തിക്കേണ്ടിവന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നതിന് വേണ്ടിയും.  
ഉള്ളടക്കവും പ്രതിപാദ്യവും
അദ്ധ്യായം മക്കയിലെ ബഹുദൈവവിശ്വാസികള്‍ നബി തിരുമേനിയെ പരീക്ഷിക്കുന്നതിന്നു വേണ്ടി വേദക്കാരായ ജൂത-ക്രിസ്ത്യാനികളുടെ ഉപദേശമനുസരിച്ച് ഉന്നയിച്ച മൂന്നു ചോദ്യങ്ങളുടെ മറുപടിയായിക്കൊണ്ടാണ് അവതരിച്ചിട്ടുള്ളത്. ഗുഹാ വാസികള്‍ ആരായിരുന്നു? ഖളിറ് കഥയുടെ യാഥാര്‍ത്ഥ്യമെന്ത്? ദുല്‍ഖര്‍നൈനിയുടെ *(ബനീഇസ്രായീല്‍ അധ്യായത്തിലെ പത്താം ഖണ്ഡികയില്‍ മറുപടി നല്‍കപ്പെട്ട റൂഹിനെ സംബന്ധിച്ചായിരുന്നു രണ്ടാമത്തെ ചോദ്യമെന്നു ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. പക്ഷേ, അല്‍ കഹ്ഫ് - ബനീഇസ്രായീല്‍ അധ്യായങ്ങളുടെ അവതരണമധ്യേ വര്‍ഷങ്ങളുടെ വിടവുണ്ടെന്നതാണ് വാസ്തവം. മാത്രമല്ല, അല്‍ കഹ്ഫ് അദ്ധ്യായത്തില്‍ രണ്ടല്ല, മൂന്നു സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിനാല്‍ രണ്ടാമത്തെ ചോദ്യം റൂഹിനെക്കുറിച്ചായിരുന്നില്ല, ഖളിറിനെക്കുറിച്ചായിരുന്നുവെന്നാണ് നാം മനസ്സിലാക്കുന്നത്. നമ്മുടെ ഈ അഭിപ്രായത്തിന്നു ഉപോദ്ബലകമായ ഒരു സൂചന ഖുര്‍ആനില്‍നിന്നുതന്നെ ലഭിക്കുന്നുമുണ്ട്. )* സംഭവങ്ങള്‍ എന്താണ്? എന്നിവയായിരുന്നു ചോദ്യങ്ങള്‍. ഈ മൂന്നു സംഭവങ്ങളും ക്രൈസ്തവ-ജൂത ചരിത്രവുമായി ബന്ധപ്പെട്ടവയായിരുന്നു. ഹിജാസില്‍ അവയെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുഹമ്മദി(സ)ന്റെ കൈവശം അദൃശ്യമായ വല്ല ജ്ഞാനമാര്‍ഗ്ഗവും യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന് തെളിയിക്കുവാനുള്ള പരീക്ഷണത്തിന്ന് അവര്‍ ഈ ചോദ്യങ്ങള്‍ തിരഞ്ഞെടുത്തത്.എന്നാല്‍ അല്ലാഹു തന്റെ ദൂതന്റെ ജിഹ്വയിലൂടെ അവയ്ക്ക് പൂര്‍ണ്ണമായി മറുപടി നല്‍കി. എന്നു മാത്രമല്ല, അന്ന് മക്കയില്‍ മുസ്ലികള്‍ക്കും സത്യനിഷേധികള്‍ക്കുമിടയിലുണ്ടായിരുന്ന അവസ്ഥയോട് പ്രകൃതസംഭവങ്ങളെ അപ്പടി സമീകരിക്കുകകൂടി ചെയ്തിരിക്കയാണ്: 1. ഗുഹാവാസികളെക്കുറിച്ചു പറഞ്ഞു: അവര്‍ ഉയര്‍ത്തിപ്പിടിച്ച തൌഹീദ് ഈ ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന അതേ ഏകദൈവവിശ്വാസമായിരുന്നു. അവരുടെ അവസ്ഥ മക്കയിലെ ഒരുപിടി മര്‍ദ്ദിത മുസ്ലിംകളുടെ അവസ്ഥയില്‍നിന്നും, അവരുടെ ജനതയുടെ സമീപനം സത്യനിഷേധികളായ ഖുറൈശികളുടെ സമീപനത്തില്‍നിന്നും ഒട്ടും ഭിന്നമായിരുന്നില്ല. പിന്നീട് ഇതേ കഥയിലൂടെ സത്യവിശ്വാസികളെ പഠിപ്പിച്ചിരിക്കുകയാണ്, സത്യനിഷേധികളുടെ വിജയം ഒരുവേള അപ്രതിരോധ്യമായിരുന്നാലും, സത്യവിശ്വാസികള്‍ക്ക് മര്‍ദ്ദക സമൂഹത്തില്‍ ശ്വാസം കഴിക്കാന്‍കൂടി അവസരം നിഷേധിക്കപ്പെട്ടാലും അവര്‍ അസത്യത്തിന്റെ മുമ്പില്‍ തലകുനിക്കാവതല്ല. മറിച്ച് അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് സ്വരക്ഷ നോക്കുകയാണ് കരണീയമായിട്ടുള്ളത്. ഇവിടെ ഭംഗ്യന്തരേണ മക്കയിലെ സത്യ നിഷേധികളെ മറ്റൊരു കാര്യംകൂടി അറിയിക്കുന്നുണ്ട്. അതായത് ഗുഹാവാസികളുടെ കഥ പരലോക വിശ്വാസത്തിന്റെ സാധുതക്ക് ഒരു തെളിവു കൂടിയാണ്. അല്ലാഹു ഗുഹാവാസികളെ നീണ്ട കാലം നിദ്രാമരണത്തിന്നു വിധേയമാക്കിയ ശേഷം ഉയര്‍ത്തെഴുന്നേല്‍പിച്ചത് എങ്ങനെയോ അതേപോലെ നിങ്ങളിന്നു നിഷേധിച്ചുകൊണ്ടിരിക്കുന്ന മരണാനന്തരജീവിതവും അവന്റെ ശക്തിവൈഭവത്തെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമല്ല. 2. ഗുഹാവാസികളുടെ കഥ മാധ്യമമാക്കി, മക്കയിലെ നേതാക്കളും സമ്പന്നരും തങ്ങളുടെ നാട്ടിലെ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തോട് അനുവര്‍ത്തിച്ച അക്രമമര്‍ദ്ദനങ്ങളെയും അവഹേളന നിന്ദകളെയും കുറിച്ചു പരാമര്‍ശിക്കുന്നു. ഇതിലൊരു ഭാഗത്ത്, ഈ അക്രമികളുമായി ഒരു സന്ധിയിലും ഏര്‍പെടരുതെന്നും പാവങ്ങളായ തന്റെ കൂട്ടുകാര്‍ക്കെതിരില്‍ ഈ വലിയവന്മാരെ ഒട്ടും വകവെക്കരുതെന്നും നബി തിരുമേനിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുമ്പോള്‍ മറുഭാഗത്ത്, ഏതാനും ദിവസത്തെ സുഖജീവിതത്തില്‍ മതിമറക്കരുതെന്നും ശാശ്വതമായ സൌഖ്യമാണ് കാംക്ഷിക്കേണ്ടതെന്നും ആ നേതാക്കളെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. 3. ഈ വിവരണശൃംഖലയിലെ മൂസാ-ഖളിര്‍ സംഭവങ്ങളില്‍ അവരുടെ ചോദ്യത്തിനുള്ള മറുപടിയോടൊപ്പം സത്യവിശ്വാസികള്‍ക്കുള്ള സാന്ത്വനവും ഉണ്ട്. ഈ കഥയിലൂടെ അടിസ്ഥാനപരമായി പഠിപ്പിക്കുന്ന പാഠമിതാണ്: ദൈവവിധിയാകുന്ന പണിപ്പുര എന്തെന്തു താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു എന്നത് നിങ്ങള്‍ക്ക് അഗോചരമായിരിക്കയാല്‍ ഓരോ കാര്യത്തിലും നിങ്ങള്‍ പരിഭ്രാന്തരാകുന്നു; ഇത് എന്ത്കൊണ്ട് സംഭവിച്ചു? ഇതിനെന്ത് പറ്റി? ഇത് വലിയ അക്രമമായിപ്പോയി എന്നൊക്കെ. വാസ്തവമാകട്ടെ, അദൃശ്യത്തിന്റെ യവനിക ഉയര്‍ത്തപ്പെടുന്നപക്ഷം, ഇവിടെ സംഭവിക്കുന്നതത്രയും ശരിയായ വിധത്തിലാണെന്നും, പ്രത്യക്ഷത്തില്‍ ചീത്തയായി തോന്നുന്നതു പോലും അവസാനം ഒരു നല്ല ഫലത്തിനുവേണ്ടി സംഭവിക്കുന്നതാണെന്നും നിങ്ങള്‍ക്ക് സ്വയം ബോധ്യമാകുന്നതാണ്. 4. അതിനുശേഷം വിവരിക്കുന്ന ദുല്‍ഖര്‍നൈനിയുടെ കഥയിലൂടെ അവര്‍ക്ക് ഇങ്ങനെ ഒരു പാഠം നല്‍കിയിരിക്കുകയാണ്: നിങ്ങള്‍ അതിമാത്രം നിസ്സാരമായ സ്വന്തം സ്ഥാനമാനങ്ങളില്‍ അഹങ്കരിക്കുന്നു. എന്നാല്‍ ദുല്‍ഖര്‍നൈന്‍ അതിഗംഭീരനായ നേതാവും മഹാനായ ലോകജേതാവും കണക്കറ്റ വിഭവങ്ങളുടെ അധിപനുമായിരുന്നിട്ടും തന്റെ യഥാര്‍ത്ഥ നില വിസ്മരിച്ചില്ല. സദാ തന്റെ സ്രഷ്ടാവിന്റെ സവിധത്തില്‍ തലകുനിച്ചു. നിങ്ങളോ അതിമാത്രം നിസ്സാരമായ ഈ ഭവനങ്ങളുടേയും തോട്ടങ്ങളുടെയും വസന്തം അനശ്വരമാണെന്ന് ധരിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും ഉറപ്പുകൂടിയ സുരക്ഷിത മതില്‍ നിര്‍മ്മിച്ചിട്ടുപോലും യഥാര്‍ത്ഥത്തില്‍ അവലംബമാക്കേണ്ടത് ഈ മതിലിനെയല്ല , മറിച്ചു അല്ലാഹുവിനെയാണെന്ന് മനസ്സിലാക്കി. അല്ലാഹുവിന്റെ അഭീഷ്ടം നിലനില്‍ക്കുവോളം ആ മതില്‍ ശത്രുക്കളെ തടഞ്ഞുകൊണ്ടിരിക്കുമെന്നും അവന്റെ ഹിതം മറ്റൊന്നാകുമ്പോള്‍ അത് പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമാകുമെന്നും അദ്ദേഹം ഗ്രഹിച്ചിരുന്നു. ഇങ്ങനെ സത്യനിഷേധികളുടെ പരീക്ഷണചോദ്യങ്ങള്‍ പൂര്‍ണ്ണമായും അവര്‍ക്കെതിരില്‍തന്നെ തിരിച്ചുവിട്ടശേഷം, അവസാനമായി, ഈ വിവരണത്തിന്റെ ആദ്യത്തില്‍ നല്‍കിയ അതേ നിര്‍ദ്ദേശം ആവര്‍ത്തിച്ചിരിക്കുന്നു. അതായത്, ഏകദൈവവിശ്വാസവും പരലോകവിശ്വാസവും ആദ്യന്തം സത്യമാണ്. അവ അംഗീകരിക്കുന്നതിലും അവയ്ക്കനുസൃതമായി സ്വയം സംസ്കരിക്കുന്നതിലും, ദൈവസന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് മനസ്സിലാക്കി ഇഹലോകത്ത് ജീവിക്കുന്നതിലുമാണ് നിങ്ങളുടെ നന്മ. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട ജീവിതം പാഴായിപ്പോകും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളത്രയും നിഷ്ഫലമാവുകയും ചെയ്യും.
സൂക്തങ്ങളുടെ ആശയം
അല്ലാഹുവിന് സ്തുതി. തന്റെ ദാസന്ന് വേദപുസ്തകം ഇറക്കിക്കൊടുത്തവനാണവന്‍. അതിലൊരു വക്രതയും വരുത്താത്തവനും.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
2- തികച്ചും ഋജുവായ വേദമാണിത്. അല്ലാഹുവിന്റെ കൊടിയ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണിത്. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കാനും.
3- ആ പ്രതിഫലം എക്കാലവും അനുഭവിച്ചുകഴിയുന്നവരാണവര്‍.
4- അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീതു ചെയ്യാനുള്ളതുമാണ് ഈ വേദപുസ്തകം.
5- അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അതേക്കുറിച്ച് ഒന്നുമറിയില്ല. അവരുടെ വായില്‍നിന്ന് വരുന്ന വാക്ക് അത്യന്തം ഗുരുതരമാണ്. പച്ചക്കള്ളമാണവര്‍ പറയുന്നത്.
6- ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം
7- ഭൂമുഖത്തുള്ളതൊക്കെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല കര്‍മങ്ങളിലേര്‍പ്പെടുന്നതെന്ന് പരീക്ഷിക്കാനാണിത്.
8- അവസാനം നാം അതിലുള്ളതൊക്കെയും നശിപ്പിച്ച് അതിനെ തരിശായ പ്രദേശമാക്കും; ഉറപ്പ്.
9- അതല്ല; ഗുഹയുടെയും റഖീമിന്റെയും ആള്‍ക്കാര്‍ നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളിലെ വലിയൊരദ്ഭുതമായിരുന്നുവെന്ന് നീ കരുതിയോ?
10- ആ ചെറുപ്പക്കാര്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം. അപ്പോഴവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നീ കനിഞ്ഞേകണമേ. ഞങ്ങള്‍ ചെയ്യേണ്ട കാര്യം നേരാംവിധം നടത്താന്‍ ഞങ്ങള്‍ക്കു നീ സൌകര്യമൊരുക്കിത്തരേണമേ."
11- അങ്ങനെ കുറേയേറെ കൊല്ലം അതേ ഗുഹയില്‍ നാം അവരെ ഉറക്കിക്കിടത്തി.
12- പിന്നീട് നാം അവരെ ഉണര്‍ത്തി. ആ ഇരുകക്ഷികളില്‍ ആരാണ് തങ്ങളുടെ ഗുഹാവാസക്കാലം കൃത്യമായി അറിയുകയെന്ന് മനസ്സിലാക്കാന്‍.
13- അവരുടെ വിവരം നിനക്കു നാം ശരിയാംവിധം വിശദീകരിച്ചു തരാം: തങ്ങളുടെ നാഥനില്‍ വിശ്വസിച്ച ഒരുപറ്റം ചെറുപ്പക്കാരായിരുന്നു അവര്‍. അവര്‍ക്കു നാം നേര്‍വഴിയില്‍ വമ്പിച്ച വളര്‍ച്ച നല്‍കി.
14- "ഞങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ നാഥനാണ്. അവനെക്കൂടാതെ മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും" എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി.
15- അവര്‍ പറഞ്ഞു: നമ്മുടെ ഈ ജനം അല്ലാഹുവെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. എന്നിട്ടും അവരതിന് വ്യക്തമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്? അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്?
16- "നിങ്ങളിപ്പോള്‍ അവരെയും അല്ലാഹുവെക്കൂടാതെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവയെയും കൈവെടിഞ്ഞിരിക്കയാണല്ലോ. അതിനാല്‍ നിങ്ങള്‍ ആ ഗുഹയില്‍ അഭയം തേടിക്കൊള്ളുക. നിങ്ങളുടെ നാഥന്‍ തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സുഗമവും സൌകര്യപ്രദവുമാക്കിത്തരും."
17- സൂര്യന്‍ ഉദയവേളയില്‍ ആ ഗുഹയുടെ വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും അസ്തമയസമയത്ത് അവരെ വിട്ടുകടന്ന് ഇടത്തോട്ടുപോകുന്നതായും നിനക്കു കാണാം. അവരോ, ഗുഹക്കകത്ത് വിശാലമായ ഒരിടത്താകുന്നു. ഇത് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ വഴികേടിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കുന്ന ഒരു രക്ഷകനേയും നിനക്കു കണ്ടെത്താനാവില്ല.
18- അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിനക്കു തോന്നും. യഥാര്‍ഥത്തിലവര്‍ ഉറങ്ങുന്നവരാണ്. നാമവരെ വലത്തോട്ടും ഇടത്തോട്ടും തിരിച്ചുകിടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ നായ മുന്‍കാലുകള്‍ നീട്ടി ഗുഹാമുഖത്ത് ഇരിപ്പുണ്ട്. നീയെങ്ങാനും അവരെ എത്തിനോക്കിയാല്‍ ഉറപ്പായും അവരില്‍ നിന്ന് പുറംതിരിഞ്ഞോടുമായിരുന്നു. അവരെപ്പറ്റി പേടിച്ചരണ്ടവനായിത്തീരുകയും ചെയ്യും.
19- അങ്ങനെ നാം അവരെ ഉണര്‍ത്തിയെഴുന്നേല്‍പിച്ചു. അവര്‍ അന്യോന്യം അന്വേഷിച്ചറിയാന്‍. അവരിലൊരാള്‍ ചോദിച്ചു: "നിങ്ങളെത്ര കാലമിങ്ങനെ കഴിച്ചുകൂട്ടി?" മറ്റുള്ളവര്‍ പറഞ്ഞു: "നാം ഒരു ദിവസം കഴിച്ചുകൂട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ അതില്‍നിന്ന് അല്‍പസമയം." വേറെ ചിലര്‍ പറഞ്ഞു: നിങ്ങളുടെ നാഥനാണ് നിങ്ങള്‍ എത്രകാലമിങ്ങനെ കഴിഞ്ഞുവെന്ന് നന്നായറിയുന്നവന്‍. ഏതായാലും നിങ്ങളിലൊരാളെ നിങ്ങളുടെ ഈ വെള്ളിനാണയങ്ങളുമായി നഗരത്തിലേക്കയക്കുക. അവിടെ എവിടെയാണ് ഏറ്റവും നല്ല ഭക്ഷണമുള്ളതെന്ന് അവന്‍ നോക്കട്ടെ. എന്നിട്ടവിടെ നിന്ന് അവന്‍ നിങ്ങള്‍ക്ക് വല്ല ആഹാരവും വാങ്ങിക്കൊണ്ടുവരട്ടെ. അവന്‍ തികഞ്ഞ ജാഗ്രത പാലിക്കണം. നിങ്ങളെപ്പറ്റി അവന്‍ ആരെയും ഒരു വിവരവും അറിയിക്കരുത്.
20- നിങ്ങളെപ്പറ്റി വല്ല വിവരവും കിട്ടിയാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും. അല്ലെങ്കില്‍ അവരുടെ മതത്തിലേക്ക് തിരിച്ചുപോകാനവര്‍ നിര്‍ബന്ധിക്കും. അങ്ങനെ വന്നാല്‍ പിന്നെ, നിങ്ങളൊരിക്കലും വിജയം വരിക്കുകയില്ല.
21- അങ്ങനെ അവരെ കണ്ടെത്താന്‍ നാം അവസരമൊരുക്കി. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യസമയം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവരറിയാന്‍ വേണ്ടി. അവരന്യോന്യം ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിച്ച സന്ദര്‍ഭം ഓര്‍ക്കുക. ചിലര്‍ പറഞ്ഞു: "നിങ്ങള്‍ അവര്‍ക്കുമീതെ ഒരു കെട്ടിടമുണ്ടാക്കുക. അവരെപ്പറ്റി നന്നായറിയുന്നവന്‍ അവരുടെ നാഥനാണ്." എന്നാല്‍ അവരുടെ കാര്യത്തില്‍ സ്വാധീനമുള്ളവര്‍ പറഞ്ഞു: "നാം അവര്‍ക്കു മീതെ ഒരാരാധനാലയം ഉണ്ടാക്കുകതന്നെ ചെയ്യും."
22- ചിലര്‍ പറയും: "അവര്‍ മൂന്നാളായിരുന്നു. നാലാമത്തേത് അവരുടെ നായയും." വേറെ ചിലര്‍ പറയും: "അവര്‍ അഞ്ചാളുകളാണ്. ആറാമത്തേത് അവരുടെ നായയും." ഇതൊക്കെയും അഭൌതിക കാര്യങ്ങളെ സംബന്ധിച്ച ഊഹം മാത്രമാണ്. ഇനിയും ചിലര്‍ പറയും: "അവര്‍ ഏഴുപേരാണ്. എട്ടാമത്തേത് അവരുടെ നായയും." പറയുക: "എന്റെ നാഥനാണ് അവരുടെ എണ്ണത്തെപ്പറ്റി ഏറ്റം നന്നായറിയുന്നവന്‍." അല്‍പം ചിലര്‍ക്കൊഴികെ ആര്‍ക്കും അവരെപ്പറ്റി അറിയില്ല. അതിനാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ കാര്യത്തില്‍ നീ തര്‍ക്കിക്കരുത്. ജനങ്ങളിലാരോടും നീ അവരുടെ കാര്യത്തില്‍ അഭിപ്രായം ചോദിക്കരുത്.
23- ഒരു കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും "നാളെ ഞാനത് ചെയ്യു"മെന്ന് നീ പറയരുത്;
24- "അല്ലാഹു ഇച്ഛിച്ചെങ്കില്‍" എന്ന് പറഞ്ഞല്ലാതെ. അഥവാ മറന്നുപോയാല്‍ ഉടനെ നീ നിന്റെ നാഥനെ ഓര്‍ക്കുക. എന്നിട്ടിങ്ങനെ പറയുക: "എന്റെ നാഥന്‍ എന്നെ ഇതിനെക്കാള്‍ നേരായ വഴിക്കു നയിച്ചേക്കാം."
25- അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറു കൊല്ലം താമസിച്ചു. ചിലര്‍ അതില്‍ ഒമ്പതു വര്‍ഷം കൂട്ടിപ്പറഞ്ഞു.
26- പറയുക: അവര്‍ താമസിച്ചതിനെ സംബന്ധിച്ച് ഏറ്റം നന്നായറിയുക അല്ലാഹുവിനാണ്. ആകാശഭൂമികളുടെ രഹസ്യങ്ങള്‍ അറിയുന്നത് അവന്ന് മാത്രമാണ്. അവന്‍ എന്തൊരു കാഴ്ചയുള്ളവന്‍! എത്ര നന്നായി കേള്‍ക്കുന്നവന്‍! ആര്‍ക്കും അവനല്ലാതെ ഒരു രക്ഷകനുമില്ല. തന്റെ ആധിപത്യത്തില്‍ അവനാരെയും പങ്കുചേര്‍ക്കുകയില്ല.
27- നിനക്കു ബോധനമായി ലഭിച്ച നിന്റെ നാഥന്റെ വേദപുസ്തകം നീ വായിച്ചുകേള്‍പ്പിക്കുക. അവന്റെ വചനങ്ങളില്‍ ഭേദഗതി വരുത്തുന്ന ആരുമില്ല. അവനല്ലാത്ത ഒരഭയകേന്ദ്രം കണ്ടെത്താനും നിനക്കാവില്ല.
28- തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഇഹലോക ജീവിതത്തിന്റെ മോടി തേടി നിന്റെ കണ്ണുകള്‍ അവരില്‍നിന്നും തെറ്റിപ്പോവാതിരിക്കട്ടെ. നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്.
29- പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് വിശ്വസിക്കാം, ഇഷ്ടമുള്ളവര്‍ക്ക് അവിശ്വസിക്കാം; അക്രമികള്‍ക്കു നാം നരകത്തീ തയ്യാറാക്കിവെച്ചിട്ടുണ്ട്. അതിന്റെ ജ്വാലകള്‍ അവരെ വലയം ചെയ്തുകഴിഞ്ഞു. അവിടെ അവര്‍ വെള്ളത്തിനു കേഴുകയാണെങ്കില്‍ അവര്‍ക്ക് കുടിക്കാന്‍ കിട്ടുക ഉരുകിയ ലോഹം പോലുള്ള പാനീയമായിരിക്കും. അതവരുടെ മുഖങ്ങളെ കരിച്ചുകളയും. അതൊരു നശിച്ച പാനീയം തന്നെ! അവിടം വളരെ ചീത്തയായ താവളമാണ്.
30- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, തീര്‍ച്ചയായും അത്തരം സല്‍പ്രവൃത്തികള്‍ ചെയ്യുന്ന ആരുടെയും പ്രതിഫലം നാം പാഴാക്കുകയില്ല.
31- അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവിടെയവര്‍ സ്വര്‍ണവളകളണിയിക്കപ്പെടും. നേര്‍ത്തതും കനത്തതുമായ പച്ചപ്പട്ടുകളാണ് അവിടെയവര്‍ ധരിക്കുക. കട്ടിലുകളില്‍ ചാരിയിരുന്നാണ് അവര്‍ വിശ്രമിക്കുക. എത്ര മഹത്തായ പ്രതിഫലം! എത്ര നല്ല സങ്കേതം!
32- നീ അവര്‍ക്ക് രണ്ടാളുകളുടെ ഉദാഹരണം പറഞ്ഞുകൊടുക്കുക: അവരിലൊരാള്‍ക്ക് നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയ്ക്കു ചുറ്റും ഈന്തപ്പനകള്‍ വളര്‍ത്തി. അവയ്ക്കിടയില്‍ ധാന്യകൃഷിയിടവും ഉണ്ടാക്കി.
33- രണ്ടു തോട്ടങ്ങളും ധാരാളം വിളവുല്‍പാദിപ്പിച്ചു. അതിലൊരു കുറവും ഉണ്ടായില്ല. അവയ്ക്കിടയിലൂടെ നാം പുഴ ഒഴുക്കുകയും ചെയ്തു.
34- കര്‍ഷകന് നല്ല വരുമാനമുണ്ടായി. അപ്പോള്‍ അയാള്‍ തന്റെ കൂട്ടുകാരനോട് സംസാരിക്കവെ പറഞ്ഞു: "ഞാനാണ് നിന്നെക്കാള്‍ സമ്പത്തും സംഘബലവുമുള്ളവന്‍."
35- അങ്ങനെ തന്നോടുതന്നെ അതിക്രമം ചെയ്തവനായി അയാള്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അയാള്‍ പറഞ്ഞു: "ഇതൊന്നും ഒരിക്കലും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല.
36- "അന്ത്യനാള്‍ വന്നെത്തുമെന്നും ഞാന്‍ കരുതുന്നില്ല. അഥവാ, എനിക്കെന്റെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടി വന്നാല്‍ തന്നെ, അവിടെ ഇതിനെക്കാള്‍ മെച്ചപ്പെട്ട ഇടമെനിക്കു ലഭിക്കും."
37- അവന്റെ കൂട്ടുകാരന്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: "നിന്നെ മണ്ണില്‍നിന്നും പിന്നെ ബീജകണത്തില്‍നിന്നും സൃഷ്ടിക്കുകയും അങ്ങനെ ഒരു പൂര്‍ണമനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത നാഥനെയാണോ നീ തള്ളിപ്പറയുന്നത്?
38- "എന്നാല്‍ അവനാണ്; അഥവാ അല്ലാഹുവാണ് എന്റെ നാഥന്‍. ഞാന്‍ ആരെയും എന്റെ നാഥന്റെ പങ്കാളിയാക്കുകയില്ല.
39- "നീ നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: "ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല." നിന്നെക്കാള്‍ സമ്പത്തും സന്താനങ്ങളും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍;
40- "എന്റെ നാഥന്‍ എനിക്ക് നിന്റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കിയേക്കാം. നിന്റെ തോട്ടത്തിന്റെ നേരെ അവന്‍ മാനത്തുനിന്നു വല്ല വിപത്തുമയച്ചേക്കാം. അങ്ങനെ അത് തരിശായ ചതുപ്പുനിലമായേക്കാം. .
41- "അല്ലെങ്കില്‍ അതിലെ വെള്ളം പിന്നീടൊരിക്കലും നിനക്കു തിരിച്ചുകൊണ്ടുവരാനാവാത്ത വിധം വററിവരണ്ടെന്നും വരാം."
42- അവസാനം അവന്റെ കായ്കനികള്‍ നാശത്തിനിരയായി. തോട്ടം പന്തലോടുകൂടി നിലംപൊത്തി. അതുകണ്ട് അയാള്‍ താനതില്‍ ചെലവഴിച്ചതിന്റെ പേരില്‍ ഖേദത്താല്‍ കൈമലര്‍ത്തി. അയാളിങ്ങനെ വിലപിച്ചു: "ഞാനെന്റെ നാഥനില്‍ ആരെയും പങ്ക് ചേര്‍ത്തില്ലായിരുന്നെങ്കില്‍ എത്ര നന്നായേനേ."
43- അല്ലാഹുവെക്കൂടാതെ അയാളെ സഹായിക്കാന്‍ ആരുമുണ്ടായില്ല. ആ നാശത്തെ നേരിടാന്‍ അവനു കഴിഞ്ഞതുമില്ല.
44- അവിടെ രക്ഷാധികാരം സാക്ഷാല്‍ അല്ലാഹുവിന് മാത്രമാണ്. ഉത്തമമായ പ്രതിഫലം നല്‍കുന്നതവനാണ്. മെച്ചപ്പെട്ട പര്യവസാനത്തിലെത്തിക്കുന്നതും അവന്‍ തന്നെ.
45- ഇഹലോകജീവിതത്തിന്റെ ഉദാഹരണം നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുക: നാം മാനത്തുനിന്ന് മഴ വീഴ്ത്തി. അതുവഴി സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. താമസിയാതെ അതൊക്കെ കാറ്റില്‍ പറക്കുന്ന തുരുമ്പായിമാറി. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
46- സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്. എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെയടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നതും അതുതന്നെ.
47- നാം പര്‍വതങ്ങളെ ചലിപ്പിക്കുന്ന ദിവസത്തെ ഓര്‍ക്കുക. അപ്പോള്‍ ഭൂമി തെളിഞ്ഞ് തരിശായതായി നിനക്കു കാണാം. അന്ന് അവരെയൊക്കെയും നാം ഒരുമിച്ചുകൂട്ടും. അവരിലാരെയും ഒഴിവാക്കുകയില്ല.
48- നിന്റെ നാഥന്റെ മുന്നില്‍ അവരൊക്കെയും അണിയണിയായി നിര്‍ത്തപ്പെടും. അപ്പോഴവന്‍ പറയും: നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭം നിങ്ങള്‍ക്കു നാം ഉണ്ടാക്കുകയേയില്ല എന്നാണല്ലോ നിങ്ങള്‍ വാദിച്ചുകൊണ്ടിരുന്നത്.
49- കര്‍മപുസ്തകം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര്‍ പറയും: "അയ്യോ, ഞങ്ങള്‍ക്കു നാശം! ഇതെന്തൊരു കര്‍മരേഖ! ചെറുതും വലുതുമായ ഒന്നുംതന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ." അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണുന്നു. നിന്റെ നാഥന്‍ ആരോടും അനീതി കാണിക്കുകയില്ല.
50- നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക." അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍പെട്ടവനായിരുന്നു. അവന്‍ തന്റെ നാഥന്റെ കല്‍പന ധിക്കരിച്ചു. എന്നിട്ടും നിങ്ങള്‍ എന്നെ വെടിഞ്ഞ് അവനെയും അവന്റെ സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത്? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. അതിക്രമികള്‍ അല്ലാഹുവിന് പകരം വെച്ചത് വളരെ ചീത്തതന്നെ.
51- ആകാശഭൂമികളുടെ സൃഷ്ടിപ്പിന് ഞാന്‍ അവരെ സാക്ഷികളാക്കിയിട്ടില്ല. അവരെ സൃഷ്ടിച്ചപ്പോഴും ഞാനങ്ങനെ ചെയ്തിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ തുണയായി സ്വീകരിക്കുന്നവനല്ല ഞാന്‍.
52- "എന്റെ പങ്കാളികളായി നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്നവരെ വിളിച്ചുനോക്കൂ" എന്ന് അല്ലാഹു പറയുന്ന ദിനം. അന്ന് ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശക്കുഴിയൊരുക്കിയിരിക്കുന്നു.
53- അന്ന് കുറ്റവാളികള്‍ നരകം നേരില്‍ കാണും. തങ്ങളതില്‍ പതിക്കാന്‍ പോകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍നിന്ന് രക്ഷപ്പെടാനൊരു മാര്‍ഗവും അവര്‍ക്ക് കണ്ടെത്താനാവില്ല.
54- ഈ ഖുര്‍ആനില്‍ നാം നിരവധി ഉദാഹരണങ്ങള്‍ വിവിധ രീതികളില്‍ ജനങ്ങള്‍ക്ക് വിവരിച്ചുതന്നിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അതിരറ്റ തര്‍ക്കപ്രകൃതക്കാരന്‍ തന്നെ.
55- നേര്‍വഴി വന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും തങ്ങളുടെ നാഥനോട് പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്ന് ജനത്തെ തടഞ്ഞത്, പൂര്‍വികരുടെ കാര്യത്തിലുണ്ടായ നടപടി തങ്ങളുടെ കാര്യത്തിലും ഉണ്ടാവണം; അഥവാ, ശിക്ഷ തങ്ങള്‍ നേരില്‍ കാണണം എന്ന അവരുടെ നിലപാടു മാത്രമാണ്.
56- ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീതു നല്‍കുന്നവരുമായല്ലാതെ നാം ദൈവദൂതന്മാരെ അയച്ചിട്ടില്ല. സത്യനിഷേധികള്‍ മിഥ്യാവാദങ്ങളുമായി സത്യത്തെ തകര്‍ക്കാന്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കുന്നു. അവരെന്റെ വചനങ്ങളെയും അവര്‍ക്കു നല്‍കിയ താക്കീതുകളെയും പുച്ഛിച്ചു തള്ളുന്നു.
57- തന്റെ നാഥന്റെ വചനങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ അതിനെ അവഗണിച്ചു തള്ളുകയും തന്റെ കൈകള്‍ നേരത്തെ ചെയ്തുവെച്ചത് മറന്നുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അവര്‍ക്കു കാര്യം ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടികളിട്ടിരിക്കുന്നു. അവരുടെ കാതുകളില്‍ അടപ്പിട്ടിരിക്കുന്നു. നീ അവരെ നേര്‍വഴിയിലേക്ക് എത്രതന്നെ വിളിച്ചാലും അവരൊരിക്കലും സന്മാര്‍ഗം സ്വീകരിക്കുകയില്ല.
58- നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്. അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ അവരെയവന്‍ പിടികൂടുകയാണെങ്കില്‍ അവര്‍ക്കവന്‍ വളരെ പെട്ടെന്നു തന്നെ ശിക്ഷ നല്‍കുമായിരുന്നു. എന്നാല്‍ അവര്‍ക്കൊരു നിശ്ചിത കാലാവധിയുണ്ട്. അതിനെ മറികടക്കാന്‍ ഒരഭയകേന്ദ്രവും കണ്ടെത്താനവര്‍ക്കാവില്ല.
59- ആ നാടുകള്‍ അതിക്രമം കാണിച്ചപ്പോള്‍ നാം അവയെ നശിപ്പിച്ചു. അവയുടെ നാശത്തിനു നാം നിശ്ചിത കാലപരിധി വെച്ചിട്ടുണ്ടായിരുന്നു.
60- മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: "രണ്ടു നദികളുടെ സംഗമസ്ഥാനത്തെത്തുംവരെ ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ അളവറ്റ കാലം ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും."
61- അങ്ങനെ അവര്‍ ആ സംഗമസ്ഥാനത്തെത്തിയപ്പോള്‍ ഇരുവരും തങ്ങളുടെ മത്സ്യത്തെ ക്കുറിച്ചോര്‍ത്തില്ല. മത്സ്യം പുറത്തുകടന്ന് തുരങ്കത്തിലൂടെയെന്നവണ്ണം വെള്ളത്തില്‍ പോയി.
62- അങ്ങനെയവര്‍ അവിടംവിട്ട് മുന്നോട്ട് പോയി. അപ്പോള്‍ മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: "നമ്മുടെ പ്രാതല്‍ കൊണ്ടുവരൂ! ഈ യാത്രകാരണം നാം നന്നെ ക്ഷീണിച്ചിരിക്കുന്നു."
63- അയാള്‍ പറഞ്ഞു: "അങ്ങ് കണ്ടോ? നാം ആ പാറക്കല്ലില്‍ അഭയം തേടിയ നേരത്ത് ഞാന്‍ ആ മത്സ്യത്തെ പറ്റെയങ്ങ് മറന്നുപോയി. അക്കാര്യം പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതാരുമല്ല. മത്സ്യം കടലില്‍ അദ്ഭുതകരമാം വിധം അതിന്റെ വഴി തേടുകയും ചെയ്തു."
64- മൂസ പറഞ്ഞു: "അതു തന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്." അങ്ങനെ അവരിരുവരും തങ്ങളുടെ കാലടിപ്പാടുകള്‍ നോക്കി തിരിച്ചുനടന്നു.
65- അപ്പോള്‍ അവിടെയവര്‍ നമ്മുടെ ദാസന്മാരിലൊരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ കാരുണ്യം നല്‍കിയിരുന്നു. നമ്മുടെ സവിശേഷ ജ്ഞാനം പഠിപ്പിക്കുകയും ചെയ്തിരുന്നു.
66- മൂസ അദ്ദേഹത്തോടു ചോദിച്ചു: "ഞാന്‍ താങ്കളെ പിന്തുടരട്ടെയോ? താങ്കള്‍ക്കു കൈവന്ന സവിശേഷ ജ്ഞാനത്തില്‍നിന്ന് എന്നെയും പഠിപ്പിക്കുമോ?"
67- അദ്ദേഹം പറഞ്ഞു: "താങ്കള്‍ക്ക് എന്നോടൊപ്പം ക്ഷമിച്ചുകഴിയാന്‍ സാധിക്കുകയില്ല.
68- "അകംപൊരുളറിഞ്ഞിട്ടില്ലാത്ത കാര്യത്തില്‍ താങ്കളെങ്ങനെ ക്ഷമിച്ചിരിക്കും"
69- മൂസ പറഞ്ഞു: "അല്ലാഹു ഇച്ഛിച്ചെങ്കില്‍ താങ്കള്‍ക്കെന്നെ എല്ലാം ക്ഷമിക്കുന്നവനായി കണ്ടെത്താം. ഞാന്‍ താങ്കളുടെ കല്‍പനയൊന്നും ധിക്കരിക്കുകയില്ല."
70- അദ്ദേഹം പറഞ്ഞു: "താങ്കള്‍ എന്നെ അനുഗമിക്കുന്നുവെങ്കില്‍ ഒരു കാര്യത്തെക്കുറിച്ചും ഞാനത് വിശദീകരിച്ചുതരുന്നത് വരെ എന്നോട് ചോദിക്കരുത്."
71- അങ്ങനെ അവരിരുവരും യാത്രയായി. അവര്‍ ഒരു കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം ആ കപ്പലിന് ഒരു ദ്വാരമുണ്ടാക്കി. മൂസ ചോദിച്ചു: "താങ്കളെന്തിനാണ് കപ്പലിന് ദ്വാരമുണ്ടാക്കുന്നത്? ഇതിലുള്ളവരെയൊക്കെ മുക്കിക്കൊല്ലാനാണോ? താങ്കള്‍ ഇച്ചെയ്തത് ഗുരുതരമായ കാര്യം തന്നെ."
72- അദ്ദേഹം പറഞ്ഞു: "അപ്പോഴേ ഞാന്‍ പറഞ്ഞിരുന്നില്ലേ; താങ്കള്‍ക്കെന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധ്യമല്ലെന്ന്?"
73- മൂസ പറഞ്ഞു: "ഞാന്‍ മറന്നുപോയതാണ്. ഇതിന്റെ പേരില്‍ താങ്കളെന്നെ പിടികൂടരുത്! എന്റെ കാര്യത്തില്‍ പ്രയാസകരമായ ഒന്നിനും താങ്കള്‍ നിര്‍ബന്ധിക്കരുത്."
74- അവര്‍ യാത്ര തുടര്‍ന്നു. വഴിയില്‍ അവരൊരു ബാലനെ കണ്ടുമുട്ടി. അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസ പറഞ്ഞു: "താങ്കളെന്തിനാണ് ഒരു നിരപരാധിയെ കൊന്നത്? അതും മറ്റൊരാളെ കൊന്നതിന് പകരമായല്ലാതെ. ഉറപ്പായും താങ്കള്‍ ഇച്ചെയ്തത് കടുത്ത ക്രൂരത തന്നെ."
75- അദ്ദേഹം പറഞ്ഞു: "ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ; താങ്കള്‍ക്കെന്റെ കൂടെ ക്ഷമിച്ചു കഴിയാന്‍ സാധ്യമല്ലെന്ന്?"
76- മൂസ പറഞ്ഞു: "ഇനിയും ഞാന്‍ താങ്കളോട് എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അന്നേരം താങ്കളെന്നെ കൂടെ കൂട്ടേണ്ടതില്ല. താങ്കള്‍ക്കതിന് എന്നില്‍നിന്ന് വേണ്ടത്ര കാരണം കിട്ടിക്കഴിഞ്ഞു."
77- പിന്നെയും അവരിരുവരും മുന്നോട്ടുനീങ്ങി. അങ്ങനെ ഒരു നാട്ടിലെത്തിയപ്പോള്‍ ആ നാട്ടുകാരോട് അവര്‍ അന്നം ചോദിച്ചു. എന്നാല്‍ അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ നാട്ടുകാര്‍ സന്നദ്ധരായില്ല. അവിടെ പൊളിഞ്ഞുവീഴാറായ ഒരു മതില്‍ അവര്‍ കണ്ടു. അദ്ദേഹം അതു നേരെയാക്കി. മൂസ പറഞ്ഞു: "താങ്കള്‍ക്കു വേണമെങ്കില്‍ ഇതിന് പ്രതിഫലം വാങ്ങാമായിരുന്നു."
78- അദ്ദേഹം പറഞ്ഞു: "ഇത് ഞാനും താങ്കളും തമ്മില്‍ വേര്‍പിരിയാനുള്ള അവസരമാണ്. ഇനി താങ്കള്‍ക്ക് ക്ഷമിക്കാന്‍ പറ്റാതിരുന്ന കാര്യങ്ങളുടെ പൊരുള്‍ ഞാന്‍ വിശദീകരിച്ചുതരാം:
79- "ആ കപ്പലില്ലേ; അത് കടലില്‍ കഠിനാധ്വാനം ചെയ്തുകഴിയുന്ന ഏതാനും പാവങ്ങളുടേതാണ്. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് കരുതി. കാരണം അവര്‍ക്ക് മുന്നില്‍ എല്ലാ നല്ല കപ്പലും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.
80- "ആ ബാലന്റെ കാര്യമിതാണ്: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ ബാലന്‍ അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിതരാക്കുമെന്ന് നാം ഭയപ്പെട്ടു.
81- "അവരുടെ നാഥന്‍ അവനുപകരം അവനെക്കാള്‍ സദാചാര ശുദ്ധിയുള്ളവനും കുടുംബത്തോടു കൂടുതല്‍ അടുത്ത് ബന്ധപ്പെടുന്നവനുമായ ഒരു മകനെ നല്‍കണമെന്ന് നാം ആഗ്രഹിച്ചു.
82- "പിന്നെ ആ മതിലിന്റെ കാര്യം: അത് ആ പട്ടണത്തിലെ രണ്ട് അനാഥക്കുട്ടികളുടേതാണ്. അതിനടിയില്‍ അവര്‍ക്കായി കരുതിവെച്ച ഒരു നിധിയുണ്ട്. അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു. അതിനാല്‍ അവരിരുവരും പ്രായപൂര്‍ത്തിയെത്തി തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥന്‍ ആഗ്രഹിച്ചു. ഇതൊക്കെയും നിന്റെ നാഥന്റെ അനുഗ്രഹമത്രെ. ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും. താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുളിതാണ്."
83- അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ചു ചോദിക്കുന്നു. പറയുക: "അദ്ദേഹത്തെ സംബന്ധിച്ച വിവരം ഞാന്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാം."
84- നാം അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. സകലവിധ സൌകര്യങ്ങളും ചെയ്തുകൊടുത്തു.
85- പിന്നെ അദ്ദേഹം ഒരു വഴിക്ക് യാത്ര തിരിച്ചു.
86- അങ്ങനെ സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ ചേറു നിറഞ്ഞ ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോകുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. നാം പറഞ്ഞു: ", ദുല്‍ഖര്‍ നൈന്‍! വേണമെങ്കില്‍ നിനക്കിവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ ഇവരില്‍ നന്മ ചൊരിയാം."
87- ദുല്‍ഖര്‍നൈന്‍ പറഞ്ഞു: "അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. പിന്നീട് അവന്‍ തന്റെ നാഥനിലേക്ക് മടക്കപ്പെടും. അപ്പോള്‍ അവന്റെ നാഥന്‍ അവന് കൂടുതല്‍ കടുത്തശിക്ഷ നല്‍കും."
88- എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്ന് അത്യുത്തമമായ പ്രതിഫലമുണ്ട്. അവനു നാം നല്‍കുന്ന കല്‍പന ഏറെ എളുപ്പമുള്ളതായിരിക്കും.
89- പിന്നീട് അദ്ദേഹം മറ്റൊരു പാത പിന്തുടര്‍ന്നു.
90- അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. സൂര്യന്നും അവര്‍ക്കുമിടയില്‍ ഒരു മറയും നാം ഉണ്ടാക്കിയിട്ടില്ല.
91- അപ്രകാരം ദുല്‍ഖര്‍നൈനിയുടെ വശമുള്ളതെന്താണെന്നത് സംബന്ധിച്ച സൂക്ഷ്മമായ അറിവ് നമുക്കുണ്ടായിരുന്നു.
92- പിന്നെ അദ്ദേഹം വേറൊരു വഴിയിലൂടെ സഞ്ചരിച്ചു.
93- അങ്ങനെ രണ്ടു മലനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അദ്ദേഹം അവയ്ക്കടുത്തായി വേറൊരു ജനവിഭാഗത്തെ കണ്ടെത്തി. പറയുന്നതൊന്നും മനസ്സിലാക്കാനാവാത്ത ജനം!
94- അവര്‍ പറഞ്ഞു: "അല്ലയോ ദുല്‍ഖര്‍നൈന്‍; യഅ്ജൂജും മഅ്ജൂജും നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഭിത്തിയുണ്ടാക്കിത്തരണം. ആ വ്യവസ്ഥയില്‍ ഞങ്ങള്‍ അങ്ങയ്ക്ക് നികുതി നിശ്ചയിച്ചു തരട്ടെയോ?"
95- അദ്ദേഹം പറഞ്ഞു: "എന്റെ നാഥന്‍ എനിക്ക് അധീനപ്പെടുത്തിത്തന്നത് അതിനെക്കാളെല്ലാം മെച്ചപ്പെട്ടതാണ്. അതിനാല്‍ നിങ്ങളെന്നെ സഹായിക്കേണ്ടത് ശാരീരികാധ്വാനംകൊണ്ടാണ്. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ഭിത്തി ഉണ്ടാക്കിത്തരാം.
96- "എനിക്കു നിങ്ങള്‍ ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നു തരിക." അങ്ങനെ രണ്ടു മലകള്‍ക്കിടയിലെ വിടവ് നികത്തി നിരത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ കാറ്റ് ഊതുക." അതോടെ ഇരുമ്പുഭിത്തി പഴുത്തു തീപോലെയായി. അപ്പോള്‍ അദ്ദേഹം കല്‍പിച്ചു: "നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പുകൊണ്ടുവന്നു തരൂ! ഞാനത് ഇതിന്മേല്‍ ഒഴിക്കട്ടെ."
97- പിന്നെ യഅ്ജൂജൂ മഅ്ജൂജുകള്‍ക്ക് അത് കയറി മറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിന് തുളയുണ്ടാക്കാനും അവര്‍ക്കായില്ല.
98- ദുല്‍ഖര്‍നൈന്‍ പറഞ്ഞു: "ഇതെന്റെ നാഥന്റെ കാരുണ്യമാണ്. എന്നാല്‍ എന്റെ നാഥന്റെ വാഗ്ദത്തസമയം വന്നെത്തിയാല്‍ അവനതിനെ തകര്‍ത്ത് നിരപ്പാക്കും. എന്റെ നാഥന്റെ വാഗ്ദാനം തീര്‍ത്തും സത്യമാണ്."
99- അന്ന് അവരില്‍ ചിലരെ മറ്റു ചിലര്‍ക്കെതിരെ തിരമാലകള്‍ കണക്കെ ഇരച്ചുവരുന്നവരാക്കും. പിന്നെ കാഹളത്തില്‍ ഊതും. അങ്ങനെ നാം മുഴുവനാളുകളെയും ഒരിടത്തൊരുമിച്ചുകൂട്ടും.
100- അന്ന് സത്യനിഷേധികള്‍ക്ക് നാം നരകത്തെ ശരിയാംവിധം നേര്‍ക്കുനേരെ കാണിച്ചുകൊടുക്കും.
101- അവരുടെ കണ്ണുകള്‍ക്ക് എന്റെ സന്ദേശത്തിന്റെ മുന്നില്‍ മറയുണ്ടായിരുന്നു. അവര്‍ക്കത് കേട്ടുമനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
102- എന്നെ വെടിഞ്ഞ് എന്റെ ദാസന്മാരെ തങ്ങളുടെ രക്ഷകരാക്കാമെന്ന് സത്യനിഷേധികള്‍ കരുതുന്നുണ്ടോ? എന്നാല്‍ സംശയം വേണ്ട; സത്യനിഷേധികളെ സല്‍ക്കരിക്കാന്‍ നാം നരകത്തീ ഒരുക്കിവെച്ചിട്ടുണ്ട്.
103- പറയുക: തങ്ങളുടെ കര്‍മങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവരായി മാറിയവരാരെന്ന് ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ?
104- ഇഹലോകജീവിതത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ പിഴച്ചു പോയവരാണവര്‍. അതോടൊപ്പം തങ്ങള്‍ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് കരുതുന്നവരും.
105- തങ്ങളുടെ നാഥന്റെ വചനങ്ങളെയും അവനുമായി കണ്ടുമുട്ടുമെന്നതിനെയും കള്ളമാക്കി തള്ളിയവരാണവര്‍. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവയ്ക്ക് ഒട്ടും പരിഗണന കല്‍പിക്കുകയില്ല.
106- അതാണ് അവര്‍ക്കുള്ള പ്രതിഫലം, നരകം; സത്യത്തെ നിഷേധിക്കുകയും നമ്മുടെ പ്രമാണങ്ങളെയും പ്രവാചകന്മാരെയും പുച്ഛിക്കുകയും ചെയ്തതിനുള്ള ശിക്ഷ!
107- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാര വിഭവമായി സ്വര്‍ഗീയാരാമങ്ങളാണുണ്ടാവുക.
108- അവരവിടെ സ്ഥിരവാസികളായിരിക്കും. അവിടംവിട്ട് പോകാന്‍ അവരാഗ്രഹിക്കുകയില്ല.
109- പറയുക: സമുദ്രം എന്റെ നാഥന്റെ വചനങ്ങള്‍ കുറിക്കാനുള്ള മഷിയാവുകയാണെങ്കില്‍ എന്റെ നാഥന്റെ വചനങ്ങള്‍ തീരും മുമ്പെ തീര്‍ച്ചയായും അത് തീര്‍ന്നുപോകുമായിരുന്നു. അത്രയും കൂടി സമുദ്രജലം നാം സഹായത്തിനായി വേറെ കൊണ്ടുവന്നാലും ശരി!
110- പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ.