19 മര്‍യം

ആമുഖം
നാമം
وَاذْكُرْ فِي الْكِتَابِ مَرْيَمَ എന്നു തുടങ്ങുന്ന സൂക്തത്തില്‍നിന്നെടുക്കപ്പെട്ടതാണ്. ഹസ്രത്ത് മര്‍യമിനെ പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നു താല്‍പര്യം.  
അവതരണ കാലം
അബിസീനിയന്‍ ഹിജ്റക്കു മുമ്പാണ് ഇതിന്റെ അവതരണം. മുസ്ലിം മുഹാജിറുകള്‍ നജ്ജാശിയുടെ ദര്‍ബാറില്‍ ഹാജറാക്കപ്പെട്ട സന്ദര്‍ഭത്തില്‍, നിറഞ്ഞ രാജസദസ്സില്‍ ഹസ്രത്ത് ജഅ്ഫര്‍  സൂറ പാരായണംചെയ്തുവെന്ന് പ്രബലമായ നിവേദനങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്.  
ചരിത്ര പശ്ചാത്തലം
ഈ സൂറ അവതരിച്ച കാലത്തെ അവസ്ഥകളെക്കുറിച്ച് കുറച്ചൊക്കെ നാം സൂറ അല്‍കഹ്ഫിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ആ സംക്ഷിപ്ത സൂചന മാത്രം ഈ സൂറയെയും ഈ ഘട്ടത്തിലവതീര്‍ണമായ മറ്റു സൂറകളെയും വേണ്ടവണ്ണം മനസ്സിലാക്കാന്‍ പര്യാപ്തമാവുകയില്ല. അതിനാല്‍ നാം അന്നത്തെ സ്ഥിതിവിശേഷങ്ങളെ കുറേക്കൂടി വിശദീകരിക്കുകയാണ്. പുഛം, പരിഹാസം, ഭീഷണി, പ്രലോഭനം, ആരോപണങ്ങള്‍ എന്നിവ മുഖേന ഇസ്ലാമികപ്രസ്ഥാനത്തെ അമര്‍ച്ചചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പിന്നെ ഖുറൈശി നേതാക്കള്‍ അക്രമം, മര്‍ദനം, ഉപരോധം തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഓരോ ഗോത്രക്കാരും തങ്ങളുടെ ഗോത്രത്തിലെ നവമുസ്ലിംകളെ പിടികൂടി മര്‍ദിക്കുകയും ബന്ധനസ്ഥരാക്കുകയും ചെയ്തു. അന്നവും വെള്ളവും കൊടുക്കാതെ പീഡിപ്പിച്ചു. എത്രത്തോളമെന്നാല്‍ അതികിരാതമായ ശാരീരിക മര്‍ദ്ദനങ്ങള്‍ക്കുപോലും വിധേയരാക്കിക്കൊണ്ട് അവരെ ഇസ്ലാം ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഖുറൈശികളുടെ കീഴിലുള്ള അടിമകള്‍, ഭൃത്യജനങ്ങള്‍, മുന്‍അടിമകള്‍ (മൌലകള്‍), പാവപ്പെട്ടവര്‍ മുതലായ അവശവിഭാഗങ്ങളാണ് ഏറ്റവും ക്രൂരമായ വിധത്തില്‍ പീഡിപ്പിക്കപ്പെട്ടത്. ബിലാല്‍, ആമിറുബ്നു ഫുഹൈറ, ഉമ്മു ഉബൈസ് , സിന്നീറ, അമ്മാറുബ്നു യാസിര്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവര്‍ അക്കൂട്ടത്തില്‍പെടുന്നു. ഈ ആളുകളെല്ലാം ക്രൂരമര്‍ദനങ്ങളാല്‍ അര്‍ധപ്രാണരാക്കപ്പെട്ടിരുന്നു. അവര്‍ക്ക് അന്നവും വെള്ളവും തടയപ്പെട്ടു. മക്കയിലെ ചുട്ടു പഴുത്ത മണലിലൂടെ വലിച്ചിഴക്കപ്പെട്ടു. വെയിലത്തുകിടത്തി നെഞ്ചില്‍ ഭാരിച്ച കല്ലുകള്‍ കയറ്റിവെച്ചു മണിക്കൂറുകളോളം ഞെരിപിരികൊള്ളിച്ചു. തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചിട്ട് കൂലികൊടുക്കാതെ പീഡിപ്പിച്ചു. ബുഖാരിയും മുസ്ലിമും ഖബ്ബാബുബ്നു അറത്തില്‍നിന്ന്  ഉദ്ധരിക്കുന്നു: ഞാന്‍ മക്കയില്‍ ഒരു ഇരുമ്പു പണിക്കാരനായിരുന്നു. ആസ്വിമുബ്നു വാഇല്‍ എന്നെക്കൊണ്ട് പണിയെടുപ്പിച്ചു. എന്നിട്ട് ഞാന്‍ കൂലി വാങ്ങാന്‍ ചെന്നപ്പോള്‍ അയാള്‍ പറയുകയാണ്: നീ മുഹമ്മദിനെ തള്ളിപ്പറഞ്ഞാലല്ലാതെ ഞാന്‍ കൂലി തരില്ല.` കച്ചവടത്തിലേര്‍പ്പെട്ടിരുന്നവരുടെ കച്ചവടങ്ങള്‍ തകര്‍ക്കാനും ഈ രീതിയില്‍ ശ്രമങ്ങള്‍ നടത്തപ്പെട്ടിരുന്നു. സമൂഹത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നവരെ എല്ലാ വിധേനയും നിന്ദിക്കാനും അപഹസിക്കാനും ശ്രമിച്ചു. ഈ കാലത്തെ സ്ഥിതിഗതികളെക്കുറിച്ച് ഹസ്രത്ത് ഖബ്ബാബ്  പറയുന്നു: ഒരിക്കല്‍ നബി(സ) കഅ്ബയുടെ തണലില്‍ ആഗതനായി. ഞാന്‍ അവിടത്തെ സന്നിധിയില്‍ ചെന്നിട്ടുബോധിപ്പിച്ചു. `തിരുദൂതരേ, അക്രമം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുകയാണ്. അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നില്ലേ?` ഇതുകേട്ട് അവിടുത്തെ പരിശുദ്ധ മുഖം ചുവന്നു തുടുത്തു. അവിടുന്നു പറഞ്ഞു: `നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വിശ്വാസികളുടെ നേരെ ഇതിനേക്കാള്‍ കഠിനമായ അക്രമ മര്‍ദനങ്ങളുണ്ടായിട്ടുണ്ട്. അവരുടെ അസ്ഥികളിലൂടെ കമ്പികള്‍ ഓട്ടിയിരുന്നു. അവരുടെ ശിരസ്സുകള്‍ വാളുകൊണ്ട് ഈര്‍ന്നിരുന്നു. എന്നിട്ടും അവര്‍ തങ്ങളുടെ ദീനില്‍നിന്നും പിന്മാറിയില്ല. ഉറപ്പിച്ചുകൊള്ളുക; അല്ലാഹു ഈ ദൌത്യം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. അങ്ങനെ ഒരു കാലം സമാഗതമാകും. അന്ന് ഒരാള്‍ക്ക് സന്‍ആ മുതല്‍ ഹളറമൌത്തുവരെ നിര്‍ഭയം സഞ്ചരിക്കാനാകും. അല്ലാഹുവിനെയല്ലാതെ മറ്റാരെയും അയാള്‍ക്ക് പേടിക്കേണ്ടിവരില്ല. പക്ഷേ, നിങ്ങള്‍ ബദ്ധപ്പാട് കാണിക്കുകയാണ്.` (ബുഖാരി).   സ്ഥിതിവിശേഷം അസഹ്യമായിത്തീര്‍ന്നപ്പോള്‍ ഗജവര്‍ഷം 45 റജബില്‍ (നുബുവ്വത്തിന്റെ അഞ്ചാംവര്‍ഷം) തിരുമേനി തന്റെ ശിഷ്യന്മാരോട് പറഞ്ഞു: (നിങ്ങള്‍ അബിസീനിയാ രാജ്യത്തേക്ക് പോവുകയാണെങ്കില്‍ അതായിരിക്കും നല്ലത്. അവിടെ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെ ഭരണത്തില്‍ ആരും മര്‍ദിക്കപ്പെടുന്നില്ല. അത് സത്യം പുലരുന്ന നാടാണ്. അല്ലാഹു നിങ്ങളുടെ ഇപ്പോഴത്തെ ക്ളേശങ്ങളില്‍നിന്ന് ഒരു മോചനമാര്‍ഗം ഉണ്ടാക്കിത്തരുന്നതുവരെ നിങ്ങള്‍ അവിടെ പാര്‍ത്തുകൊള്ളുക.) ഈനിര്‍ദേശമനുസരിച്ച് ആദ്യമായി പതിനൊന്നു പുരുഷന്മാരും നാലു സ്ത്രീകളുമടങ്ങുന്ന ഒരു സംഘം അബിസീനിയയിലേക്ക് തിരിച്ചു. കടല്‍ത്തീരം വരെ ഖുറൈശികള്‍ അവരെ പിന്തുടരുകയുണ്ടായി. എങ്കിലും ഭാഗ്യവശാല്‍, ശുഐബിയ തുറമുഖത്തുനിന്ന് തക്കസമയത്ത് ഹബ്ശയിലേക്കുള്ള  കപ്പല്‍ കിട്ടിയതിനാല്‍ ആ മുഹാജിറുകള്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടു. തുടര്‍ന്നുള്ള നാളുകളില്‍ കൂടുതല്‍ ആളുകള്‍ പലായനംചെയ്തു. അങ്ങനെ ഏതാനും മാസത്തിനിടക്ക് ഖുറൈശികളില്‍നിന്നുള്ള എണ്‍പത്തിമൂന്നു പുരുഷന്മരും പതിനൊന്നു സ്ത്രീകളും ഏഴു ഖുറൈശികളല്ലാത്ത മുസ്ലിംകളും അബിസീനിയയില്‍ ഒത്തുകൂടി. നാല്‍പത് ആളുകള്‍ മാത്രമേ മക്കയില്‍ നബി(സ)യോടൊപ്പം ശേഷിച്ചിരുന്നുള്ളൂ. ഈ ഹിജ്റ മക്കയിലെ മിക്ക വീടുകളിലും വലിയ ആഘാതമുണ്ടാക്കി. തങ്ങളുടെ കണ്ണും വെളിച്ചവുമായി പരിഗണിക്കപ്പെട്ടിരുന്ന യുവ അംഗങ്ങള്‍ ഈ മുഹാജിറുകളില്‍ ഉള്‍പെട്ടുപോകാത്ത ചെറുതോ വലുതോ ആയ കുടുംബങ്ങളൊന്നുമുണ്ടായിരുന്നില്ല. ചിലര്‍ക്ക് പുത്രന്‍, ചിലര്‍ക്ക് ജാമാതാവ്, ചിലര്‍ക്ക് പുത്രി, ചിലര്‍ക്ക് സഹോദരന്‍, ചിലര്‍ക്ക് സഹോദരി എന്നിങ്ങനെ കുടുംബത്തില്‍ എന്തെങ്കിലുമൊരു നഷ്ടം സംഭവിച്ചിട്ടില്ലാത്ത ആരുമുണ്ടായിരുന്നില്ല. അബൂജഹലിന് നഷ്ടം അയാളുടെ സഹോദരന്‍ സലമതുബ്നു ഹിശാം , പിതൃവ്യപുത്രന്‍ ഹിശാമുബ്നു അബീ ഹുദൈഫയും അയ്യാശുബ്നു അബീറബീഅയും  പിതൃവ്യപുത്രി ഉമ്മുസലമയുമായിരുന്നു. അബൂസുഫ്യാന്  അദ്ദേഹത്തിന്റെ മകള്‍ ഉമ്മു ഹബീബ , ഉത്ബയുടെ മകനും കരള്‍ഭോജിയായ ഹിന്ദിന്റെ  സഹോദരനുമായ അബൂ ഹുദൈഫ , സുഹൈലുബ്നു അംറിന്റെ  മകള്‍ സഹ്ല . ഈ വിധത്തില്‍ മറ്റു ഖുറൈശി പ്രമാണിമാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ ഇസ്ലാമിനുവേണ്ടി വീടുവെടിഞ്ഞു പോയതായി കാണേണ്ടിവന്നു. അതിനാല്‍ ഈ സംഭവം പ്രതിഫലിക്കാത്ത ഒറ്റ കുടുംബവും മക്കയിലുണ്ടായിരുന്നില്ല. ചിലര്‍ ഇതുമൂലം മുമ്പത്തേക്കാള്‍ ഇസ്ലാം വിരോധികളായിത്തീര്‍ന്നു. മറ്റു ചിലരിലാകട്ടെ അതുണ്ടാക്കിയ പ്രതികരണം ഒടുവില്‍ അവരും മുസ്ലിംകളാവുക എന്നതായിരുന്നു. ഹസ്രത്ത് ഉമറിന്റെ  ഇസ്ലാം വിരോധത്തിന് ആദ്യം ആഘാതമേല്‍പിച്ച സംഭവം അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവായിരുന്ന ലൈലാ ബിന്തു അബീ അഥ്മ ഇപ്രകാരം വിവരിക്കുന്നു: ഞാന്‍ ഹിജ്റക്കു വേണ്ടി സാമാനങ്ങള്‍ ഭാണ്ഡമാക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് ആമിറുബ്നു റബീഅ  അപ്പോള്‍ എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഉമര്‍ വന്നു. അദ്ദേഹം എന്റെ തയാറെടുപ്പുകള്‍ നോക്കിക്കൊണ്ട് അങ്ങനെ നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചോദിച്ചു: `ഉമ്മു അബ്ദില്ല പോവുകയാണോ?` ഞാന്‍ പറഞ്ഞു: `അതെ, അല്ലാഹുവാണെ നിങ്ങള്‍ ഞങ്ങളെ വല്ലാതെ ദ്രോഹിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഭൂമി വിശാലമാണ്. ദൈവം ഞങ്ങള്‍ക്ക് സമാധാനമേകുന്ന ഏതെങ്കിലും നാട്ടിലേക്ക് പോവുകയാണ് ഞങ്ങള്‍.` ഇതുകേട്ട ഉമറിന്റെ മുഖത്ത് കനിവൂറുന്നത് കാണായി. ഞാനൊരിക്കലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. `അല്ലാഹു നിങ്ങളെ തുണക്കട്ടെ` എന്നു മാത്രം പറഞ്ഞുകൊണ്ട് അദ്ദേഹം സ്ഥലം വിട്ടു. അബിസീനിയന്‍  ഹിജ്റക്കുശേഷം ഖുറൈശിപ്രമാണിമാര്‍ ഒത്തുകൂടി ഇപ്രകാരം ഒരു തീരുമാനമെടുത്തു. അബ്ദുല്ലാഹിബ്നു അബീ റബീഅയേയും  (അബൂജഹലിന്റെ മാതാവ് ഒത്ത സഹോദരന്‍) അംറുബ്നുല്‍ ആസ്വിനേയും  ധാരാളം വിലപിടിപ്പുള്ള കാഴ്ചകളുമായി അബിസീനിയയിലേക്കയക്കുക. മക്കയില്‍നിന്നുള്ള മുസ്ലിം മുഹാജിറുകളെ തിരിച്ചയക്കുന്നതിന് ഇവര്‍ ഏതുവിധേനയെങ്കിലും നജ്ജാശി  രാജാവിനെ സമ്മതിപ്പിക്കണം. മുഹാജിറുകളിലൊരാളായിരുന്ന ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു സലമ(റ)  ഈ സംഭവം വളരെ വിശദമായി നിവേദനം ചെയ്തിട്ടുണ്ട്. അവര്‍ പറയുന്നു: ഖുറൈശികളുടെ ഈ രണ്ട് നയതന്ത്രപ്രതിനിധികളും ഞങ്ങളുടെ പിറകെ അബിസീനിയയിലെത്തി. അവര്‍ ആദ്യമായി നജ്ജാശി രാജാവിന്റെ പരിവാരങ്ങള്‍ക്കും പ്രഭുക്കള്‍ക്കും നല്ല നല്ല സമ്മാനങ്ങള്‍ നല്‍കി. മുഹാജിറുകളെ തിരിച്ചയക്കാന്‍ നജ്ജാശിയില്‍ ഒറ്റക്കെട്ടായി സമ്മര്‍ദ്ദം ചെലുത്താമെന്ന് അവരെക്കൊണ്ട് സമ്മതിപ്പിച്ചു. അനന്തരം അവര്‍ നജ്ജാശി രാജാവിനെ മുഖം കാണിച്ച് വിലപ്പെട്ട കാഴ്ചകള്‍ സമര്‍പ്പിച്ച ശേഷം ബോധിപ്പിച്ചു: `ഞങ്ങളുടെ പട്ടണത്തില്‍നിന്ന് കുറെ വിഡ്ഢികളായ അടിമകള്‍ ഓടിപ്പോന്ന് അങ്ങയുടെ നാട്ടിലെത്തിയിരിക്കുന്നു. അവരെ തിരിച്ചയച്ചു തരേണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നതിനു വേണ്ടി നാട്ടുമുഖ്യന്മാര്‍ ഞങ്ങളെ അയച്ചിരിക്കയാണ്. ഈ ചെറുപ്പക്കാര്‍ ഞങ്ങളുടെ മതത്തില്‍നിന്ന് പുറത്തുപോയിരിക്കുന്നു. അങ്ങയുടെ മതത്തില്‍ ചേര്‍ന്നിട്ടുമില്ല. അവര്‍ ഒരു പുത്തന്‍ മതം ഉണ്ടാക്കിയിരിക്കയാണ്.` ദൂതന്മാര്‍ ഇതു പറഞ്ഞുതീരേണ്ട താമസം, ദര്‍ബാര്‍വാസികള്‍ നാനാഭാഗത്തുനിന്നും ഒരേ ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി. `ഇത്തരം ആളുകളെ തീര്‍ച്ചയായും തിരിച്ചയച്ചുകൊടുക്കേണ്ടതാണ്. അവരുടെ കുഴപ്പമെന്താണെന്ന് അവരുടെ ജനത്തിനാണല്ലോ ഏറെ അറിയുക. അവരെ ഇവിടെ നിര്‍ത്തുന്നത് നന്നല്ല.` എന്നാല്‍ നജ്ജാശി  അതിനോട് യോജിച്ചില്ല. അദ്ദേഹം പറഞ്ഞു: `ഞാനവരെ അങ്ങനെയങ്ങ് ഏല്‍പിച്ചു കൊടുക്കുകയില്ല. മറ്റു നാടുകള്‍ വെടിഞ്ഞ് എന്റെ നാട്ടില്‍ വിശ്വാസമര്‍പ്പിക്കുകയും ഇവിടെ അഭയസ്ഥാനമായി സ്വീകരിക്കുകയും ചെയ്തുകൊണ്ട് എത്തിയ ആളുകളുടെ വിശ്വാസത്തെ ഞാനൊരിക്കലും വഞ്ചിക്കുകയില്ല. ആദ്യമായി ഞാനവരെ വിളിച്ച് അന്വേഷിക്കട്ടെ, ഈയാളുകള്‍ അവരെക്കുറിച്ച് പറയുന്നതിന്റെ യാഥാര്‍ഥ്യമെന്താണെന്ന്.` തുടര്‍ന്ന് പ്രവാചക ശിഷ്യന്മാരെ ദര്‍ബാറില്‍ ഹാജറാക്കുവാന്‍ ഉത്തരവുണ്ടായി. രാജാവിന്റെ ഉത്തരവ് കിട്ടിയപ്പോള്‍ മുഹാജിറുകള്‍ ഒത്തുകൂടി, രാജസദസ്സില്‍ എന്തുപറയണം എന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. ഒടുല്‍ അവര്‍ ഏകകണ്ഠമായി കൈക്കൊണ്ട തീരുമാനം ഇതായിരുന്നു: `നബി(സ) നമ്മെ പഠിപ്പിച്ചിട്ടുള്ളതെന്താണോ, അത് ഏറ്റക്കുറവില്ലാതെ രാജാവിന്റെ മുമ്പില്‍ അവതരിപ്പിക്കുക, രാജാവ് നമ്മെ ഇവിടെ നില്‍ക്കാനനുവദിച്ചാലും ശരി, പുറംതള്ളിയാലും ശരി.` അവര്‍ ദര്‍ബാറിലെത്തിയ ഉടനെ നജ്ജാശി   ചോദിച്ചു: `നിങ്ങളുടെ നിലപാടെന്താണ്? സ്വജനത്തിന്റെ മതം നിങ്ങളുപേക്ഷിച്ചു. എന്റെ മതത്തില്‍ ചേര്‍ന്നിട്ടുമില്ല. ലോകത്തുള്ള മറ്റേതെങ്കിലുമൊരു മതത്തെ നിങ്ങള്‍ സ്വീകരിച്ചിട്ടില്ല. നിങ്ങളുടെ ഈ പുത്തന്‍ മതം എന്താണ്?` ഇതിനു മറുപടിയായി മുഹാജിറുകളുടെ ഭാഗത്തുനിന്ന് ജഅ്ഫറുബ്നു അബീത്വാലിബ്   സന്ദര്‍ഭോചിതമായ ഒരു പ്രഭാഷണം ചെയ്തു. അതില്‍ ഒന്നാമതായി, ജാഹിലിയ്യാ അറബികളുടെ മതപരവും ധാര്‍മികവും സാംസ്കാരികവുമായ ജീര്‍ണതകള്‍ വിവരിച്ചു. തുടര്‍ന്ന് നബിയുടെ നിയോഗത്തെ പരാമര്‍ശിച്ചുകൊണ്ട് അവിടുത്തെ സന്ദേശങ്ങള്‍ വര്‍ണിച്ചു. അനന്തരം പ്രവാചകനെ പിന്തുടരുന്നവരോട് ഖുറൈശികള്‍ കാണിക്കുന്ന അക്രമ മര്‍ദ്ദനങ്ങള്‍ വിവരിച്ചു. തങ്ങള്‍ മറ്റു നാടുകളിലേക്കൊന്നും പോകാതെ ഇങ്ങോട്ടു പോന്നത്, ഇവിടെ തങ്ങള്‍ക്കെതിരെ അക്രമവും അന്യായവുമുണ്ടാകയില്ല എന്ന പ്രതീക്ഷയിലാണെന്നു പറഞ്ഞുകൊണ്ടാണ് ജഅ്ഫര്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ഈ പ്രഭാഷണം കേട്ട നജ്ജാശി പറഞ്ഞു: `ദൈവത്തിങ്കല്‍നിന്ന് നിങ്ങളുടെ പ്രവാചകന്ന് അവതരിച്ചിരിക്കുന്നു എന്നു പറഞ്ഞ ആ സൂക്തങ്ങള്‍ കുറച്ച് എന്നെ കേള്‍പിക്കുക.` മറുപടിയായി ഹസ്രത്ത് ജഅ്ഫര്‍ സൂറ മര്‍യമിലെ, ഹസ്രത്ത് യഹ്യായേയും ഹസ്രത്ത് ഈസായേയും സംബന്ധിക്കുന്ന ആദ്യ ഭാഗങ്ങള്‍ പാരായണംചെയ്തു. നജ്ജാശി അത് കേട്ടുകൊണ്ടിരിക്കെ കരയുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ താടി നനഞ്ഞുപോയി. ജഅ്ഫര്‍ പാരായണത്തില്‍നിന്ന് വിരമിച്ചപ്പോള്‍ നജ്ജാശി പറഞ്ഞു: `ഈ വചനങ്ങളും യേശു കൊണ്ടുവന്ന വചനങ്ങളും ഒരേ സ്രോതസ്സില്‍നിന്ന് നിര്‍ഗളിക്കുന്നതാകുന്നു. അല്ലാഹുവാണെ` ഞാന്‍ നിങ്ങളെ ഇവര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയില്ല.` പിറ്റെ ദിവസം അംറുബ്നുല്‍ ആസ്വ്   നജ്ജാശിയോട് പറഞ്ഞു: `മേരീ പുത്രന്‍ യേശുവിനെക്കുറിച്ച് അവരുടെ വിശ്വാസമെന്താണെന്ന് അവരെ വിളിച്ചൊന്ന് അന്വേഷിച്ചുനോക്കിയാലും. ഇക്കൂട്ടര്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ഭയങ്കര വാദമാണുന്നയിക്കുന്നത്.` നജ്ജാശി വീണ്ടും മുഹാജിറുകളെ വിളിപ്പിച്ചു. അംറിന്റെ കുതന്ത്രം മുഹാജിറുകള്‍ നേരത്തേ അറിഞ്ഞിരുന്നു. നജ്ജാശി രാജാവ് ഈസാ(അ)യെക്കുറിച്ച് ചോദിച്ചാല്‍ എന്താണ് മറുപടി പറയേണ്ടതെന്ന് അവര്‍ ഒത്തുകൂടി ചര്‍ച്ചചെയ്തു. സന്ദര്‍ഭം വളരെ സങ്കീര്‍ണമായിരുന്നു. എല്ലാവരും പരിഭ്രമിച്ചുപോയിരുന്നു. എങ്കിലും അവര്‍ തീരുമാനിച്ചതിതുതന്നെ: എന്തുവന്നാലും ശരി, അല്ലാഹു അരുളിയതും അവന്റെ ദൂതന്‍ പഠിപ്പിച്ചുതന്നതുമായ കാര്യങ്ങള്‍ തന്നെ പറയുക. അങ്ങനെ അവര്‍ ദര്‍ബാറില്‍ ചെല്ലുകയും നജ്ജാശി, അംറുബ്നുല്‍ ആസ്വിന്റെ   ചോദ്യം ഉന്നയിക്കുകയും ചെയ്തപ്പോള്‍ ജഅ്ഫറുബ്നു അബീത്വാലിബ്   എഴുന്നേറ്റുനിന്നു യാതൊരു സങ്കോചവുമില്ലാതെ പ്രസ്താവിച്ചു: هُوَ عَبْدُ اللهِ وَرَسُوله وَرُوحُه وَكَلِمَته أَلْقَاهَا اِلَى مَرْيَم الْعَذرَاء الْبَتُول അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനും അവങ്കല്‍നിന്ന് കന്യകയായ മര്‍യമില്‍ നിക്ഷേപിച്ച ഒരാത്മാവും ഒരു വചനവുമാകുന്നു. ഇതുകേട്ടപ്പോള്‍ നജ്ജാശി നിലത്തുനിന്ന് ഒരു കച്ചിത്തുരുമ്പെടുത്ത് ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു: `ദൈവത്താണ, യേശുമിശിഹാ നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ ഈ കച്ചിത്തുരുമ്പോളം പോലും അധികമല്ല.` അനന്തരം നജ്ജാശി ഖുറൈശികളയച്ച കാഴ്ചകളെല്ലാം `ഞാന്‍ കൈക്കൂലി വാങ്ങാറില്ല` എന്നു പറഞ്ഞുകൊണ്ട് തിരിച്ചയച്ചു. മുഹാജിറുകളോടദ്ദേഹം പറഞ്ഞു: `നിങ്ങള്‍ സമാധാനമായി പാര്‍ത്തുകൊള്ളുക.`  
പ്രമേയങ്ങളും ചര്‍ച്ചകളും  
ഈ ചരിത്ര പശ്ചാത്തലം മുന്നില്‍വെച്ചുകൊണ്ട് ചിന്തിച്ചാല്‍ പ്രഥമമായും പ്രകടമാകുന്ന ഒരു കാര്യമിതാണ്: മുസ്ലിംകള്‍ മര്‍ദിതരായ അഭയാര്‍ഥികളെന്ന നിലയില്‍ സ്വദേശം വെടിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോയെങ്കിലും ആ സാഹചര്യത്തില്‍പോലും അല്ലാഹു അവരോട് ദീന്‍കാര്യത്തില്‍ അണുഅളവ് നീക്കുപോക്ക് അവലംബിക്കാന്‍ നിര്‍ദേശിച്ചില്ല. എന്നല്ല, പുറപ്പെടുമ്പോള്‍ പാഥേയമായി അവരുടെ കൂടെ ഈ സൂറ ഉണ്ടായിരുന്നു- ക്രിസ്ത്യാനികളുടെ നാട്ടില്‍ ക്രിസ്തുവിനെ ശരിയായ രൂപത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ദൈവപുത്രനാണെന്ന സങ്കല്‍പത്തെ വ്യക്തമായി നിഷേധിക്കാനും. ആദ്യത്തെ രണ്ട് ഖണ്ഡികകളില്‍ ഹസ്രത്ത് യഹ്യായുടേയും ഈസായുടേയും കഥ കേള്‍പിച്ച ശേഷം മൂന്നാം ഖണ്ഡികയില്‍ അന്നത്തെ സന്ദര്‍ഭത്തിനുചിതമായി ഹസ്രത്ത് ഇബ്രാഹീമിന്റെ കഥയവതരിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇതേ വിധമുള്ള സാഹചര്യത്തിലാണ് അദ്ദേഹവും തന്റെ പിതാവിന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും മര്‍ദനം സഹിക്കാനാവാതെ നാടുവിട്ടത്. ഇതുവഴി ഒരുവശത്ത് മക്കാ മുശ്രിക്കുകളെ പഠിപ്പിക്കുകയാണ്: ഇന്ന് ദേശത്യാഗം ചെയ്യുന്ന ഈ മുസ്ലിംകള്‍ ഹസ്രത്ത് ഇബ്രാഹീമിന്റെ സ്ഥാനത്താണ്. നിങ്ങളോ, നിങ്ങളുടെ പിതാവും ആചാര്യനുമായ ഇബ്രാഹീമിനെ (അ) നാട്ടില്‍നിന്ന് ആട്ടിയോടിച്ച ആ മര്‍ദകരുടെ സ്ഥാനത്തും. മറുവശത്ത് മുഹാജിറുകള്‍ക്ക് ഇപ്രകാരം സുവാര്‍ത്ത നല്‍കുകയും ചെയ്യുന്നു: ഇബ്രാഹീം (അ) എപ്രകാരം ദേശത്യാഗംകൊണ്ട് നശിച്ചുപോകാതെ കൂടുതല്‍ ഉന്നതനായിത്തീര്‍ന്നുവോ അതേപ്രകാരമുള്ള മഹത്തായ പരിണതിയാണ് നിങ്ങളെയും കാത്തിരിക്കുന്നത്. അതിനുശേഷം നാലാം ഖണ്ഡികയില്‍ മറ്റു പ്രവാചകന്മാരെ അനുസ്മരിച്ചിരിക്കുന്നു. അതിന്റെ താല്‍പര്യമിതാണ്: മുഹമ്മദ് (സ) കൊണ്ടുവന്ന അതേ ദീന്‍ തന്നെയാണ് എല്ലാ പ്രവാചകന്മാരും കൊണ്ടുവന്നിട്ടുള്ളത്. പക്ഷേ, പ്രവാചകന്മാരുടെ കാലശേഷം അവരുടെ സമുദായങ്ങള്‍ വ്യതിചലിച്ചുകൊണ്ടിരുന്നു. ഇന്നു വ്യത്യസ്ത സമുദായങ്ങളില്‍ കാണപ്പെടുന്ന മാര്‍ഗഭ്രംശങ്ങളെല്ലാം ആ വ്യതിചലനത്തിന്റെ ഫലങ്ങളാണ്. ഒടുവിലത്തെ രണ്ടു ഖണ്ഡികകളില്‍ മക്കാമുശ്രിക്കുകളുടെ മാര്‍ഗഭ്രംശം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരിക്കുന്നു. പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് വിശ്വാസികളെ ഇപ്രകാരം ആശംസിക്കുകയും ചെയ്തിരിക്കുന്നു: `ശത്രുക്കളുടെ പ്രതിലോമ പ്രവര്‍ത്തനങ്ങളെല്ലാം ഉള്ളതോടൊപ്പം തന്നെ ഒടുവില്‍ നിങ്ങള്‍ സൃഷ്ടികള്‍ക്കെല്ലാം പ്രിയപ്പെട്ടവരായിത്തീരുകതന്നെ ചെയ്യും.`  
സൂക്തങ്ങളുടെ ആശയം
കാഫ്-ഹാ-യാ-ഐന്‍-സ്വാദ്.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
2- നിന്റെ നാഥന്‍ തന്റെ ദാസന്‍ സകരിയ്യയോടു കാണിച്ച കാരുണ്യത്തെ സംബന്ധിച്ച വിവരണമാണിത്.
3- അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം.
4- അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല.
5- "എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ!
6- "അവനെന്റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംബത്തിന്റെയും പിന്മുറക്കാരനാകണം. എന്റെ നാഥാ, നീ അവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ."
7- "സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല."
8- അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാണ്. ഞാനോ പ്രായാധിക്യത്താല്‍ പരവശനും."
9- അല്ലാഹു അറിയിച്ചു: അതൊക്കെ ശരിതന്നെ. നിന്റെ നാഥന്‍ അരുള്‍ ചെയ്യുന്നു: എനിക്കത് നന്നെ നിസ്സാരമാണ്. നേരത്തെ നീ ഒന്നുമായിരുന്നില്ല. എന്നിട്ടും ഇതിനുമുമ്പ് നിന്നെ നാം സൃഷ്ടിച്ചല്ലോ.
10- സകരിയ്യാ പറഞ്ഞു: "നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ?" അല്ലാഹു അറിയിച്ചു: "നിനക്കിപ്പോള്‍ വൈകല്യമൊന്നുമില്ല. എന്നാലും നീ മൂന്നുനാള്‍ ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം."
11- അങ്ങനെ അദ്ദേഹം പ്രാര്‍ഥനാ മണ്ഡപത്തില്‍ നിന്നിറങ്ങി തന്റെ ജനത്തിന്റെ അടുത്തേക്ക് പോയി. എന്നിട്ട് അദ്ദേഹം ആംഗ്യത്തിലൂടെ നിര്‍ദേശിച്ചു: "നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുക."
12- "ഓ യഹ്യാ, വേദപുസ്തകം കരുത്തോടെ മുറുകെപ്പിടിക്കുക." കുട്ടിയായിരിക്കെ തന്നെ നാമവന്ന് ജ്ഞാനം നല്‍കി.
13- നമ്മില്‍ നിന്നുള്ള ദയയും വിശുദ്ധിയും സമ്മാനിച്ചു. അദ്ദേഹം തികഞ്ഞ ഭക്തനായിരുന്നു;
14- തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനും. അദ്ദേഹം ക്രൂരനായിരുന്നില്ല. അനുസരണമില്ലാത്തവനുമായിരുന്നില്ല.
15- ജനനനാളിലും മരണദിനത്തിലും, ജീവനോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും അദ്ദേഹത്തിനു സമാധാനം!
16- ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍ നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം.
17- സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി.
18- അവര്‍ പറഞ്ഞു: "ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങളൊരു ഭക്തനെങ്കില്‍?"
19- മലക്ക് പറഞ്ഞു: "നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍."
20- അവര്‍ പറഞ്ഞു: "എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല."
21- മലക്ക് പറഞ്ഞു: "അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാവും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമായ കാര്യമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്."
22- അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.
23- പിന്നെ പേറ്റുനോവുണ്ടായപ്പോള്‍ അവര്‍ ഒരീന്തപ്പനയുടെ അടുത്തേക്കുപോയി. അവര്‍ പറഞ്ഞു: "അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!"
24- അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: "നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.
25- "നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും
26- "അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: "ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല."
27- പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
28- "ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല."
29- അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?"
30- കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
31- "ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു.
32- "അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല.
33- "എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍പ് നാളിലും എനിക്ക് സമാധാനം!"
34- അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്.
35- പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല. അവനെത്ര പരിശുദ്ധന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് "ഉണ്ടാവുക" എന്ന വചനമേ വേണ്ടൂ. അതോടെ അതുണ്ടാവുന്നു.
36- ഈസാ പറഞ്ഞു: "സംശയമില്ല; അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവനു വഴിപ്പെടുക. ഇതാണ് നേര്‍വഴി."
37- എന്നാല്‍ അവര്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി. ആ ഭീകരനാളിനെ കണ്ടുമുട്ടുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക.
38- അവര്‍ നമ്മുടെ അടുത്ത് വരുംദിനം അവര്‍ക്കെന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും? എന്നാലിന്ന് ആ അക്രമികള്‍ പ്രകടമായ വഴികേടിലാണ്.
39- തീരാ ദുഃഖത്തിന്റെ ആ ദുര്‍ ദിനത്തെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധയിലാണ്. അവര്‍ വിശ്വസിക്കുന്നുമില്ല.
40- അവസാനം ഭൂമിയുടെയും അതിലുള്ളവരുടെയും അവകാശിയാകുന്നത് നാം തന്നെയാണ്. എല്ലാവരും തിരിച്ചെത്തുന്നതും നമ്മുടെ അടുത്തേക്കു തന്നെ.
41- ഈ വേദപുസ്തകത്തില്‍ ഇബ്റാഹീമിന്റെ കഥയും നീ വിവരിച്ചു കൊടുക്കുക: സംശയമില്ല; അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
42- അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?
43- "എന്റുപ്പാ, അങ്ങയ്ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്കു വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക. ഞാന്‍ അങ്ങയ്ക്ക് നേര്‍വഴി കാണിച്ചുതരാം.
44- "എന്റുപ്പാ, അങ്ങ് പിശാചിന് വഴിപ്പെടരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനായ അല്ലാഹുവെ ധിക്കരിച്ചവനാണ്.
45- "പ്രിയ പിതാവേ, പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വല്ല ശിക്ഷയും അങ്ങയെ ഉറപ്പായും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ അങ്ങ് പിശാചിന്റെ ഉറ്റമിത്രമായി മാറും."
46- അയാള്‍ ചോദിച്ചു: "ഇബ്റാഹീമേ, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? എങ്കില്‍ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞാട്ടും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം"
47- ഇബ്റാഹീം പറഞ്ഞു: "അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്.
48- "നിങ്ങളെയും അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെയും ഞാനിതാ നിരാകരിക്കുന്നു. ഞാനെന്റെ നാഥനോടു മാത്രം പ്രാര്‍ഥിക്കുന്നു. എന്റെ നാഥനെ പ്രാര്‍ഥിക്കുന്നതു കാരണം ഞാനൊരിക്കലും പരാജിതനാവില്ലെന്ന് ഉറപ്പിക്കാം."
49- അങ്ങനെ ഇബ്റാഹീം അവരെയും അല്ലാഹു അല്ലാത്ത അവരുടെ ആരാധ്യരെയും വെടിഞ്ഞുപോയപ്പോള്‍ അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയെല്ലാം പ്രവാചകന്മാരാക്കുകയും ചെയ്തു.
50- അവരില്‍ നാം നമ്മുടെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അവരുടെ സല്‍ക്കീര്‍ത്തി ഉയര്‍ത്തി.
51- ഈ വേദപുസ്തകത്തില്‍ മൂസയുടെ കഥയും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.
52- ത്വൂര്‍ മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു.
53- നമ്മുടെ അനുഗ്രഹത്താല്‍ നാം അദ്ദേഹത്തിന് തന്റെ സഹോദരനെ- പ്രവാചകനായ ഹാറൂനിനെ- സഹായിയായി നല്‍കി.
54- ഈ വേദപുസ്തകത്തില്‍ ഇസ്മാഈലിന്റെ കാര്യവും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം നന്നായി പാലിക്കുന്നവനായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.
55- അദ്ദേഹം തന്റെ ആള്‍ക്കാരോട് നമസ്കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും കല്‍പിച്ചു. അദ്ദേഹം തന്റെ നാഥന്ന് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
56- ഈ വേദപുസ്തകത്തില്‍ ഇദ്രീസിനെപ്പറ്റിയും പരാമര്‍ശിക്കുക: നിശ്ചയമായും അദ്ദേഹം സത്യസന്ധനും പ്രവാചകനുമായിരുന്നു.
57- നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.
58- ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.
59- പിന്നീട് ഇവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും.
60- പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരോട് ഒട്ടും അനീതിയുണ്ടാവില്ല.
61- അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. പരമകാരുണികനായ അല്ലാഹു തന്റെ ദാസന്മാര്‍ക്ക് അഭൌതികജ്ഞാനത്തിലൂടെ നല്‍കിയ വാഗ്ദാനമാണിത്. അവന്റെ വാഗ്ദാനം നടപ്പാകുക തന്നെ ചെയ്യും.
62- അവരവിടെ ഒരനാവശ്യവും കേള്‍ക്കുകയില്ല; സമാധാനത്തിന്റെ അഭിവാദ്യമല്ലാതെ. തങ്ങളുടെ ആഹാരവിഭവങ്ങള്‍ രാവിലെയും വൈകുന്നേരവും മുടങ്ങാതെ അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.
63- നമ്മുടെ ദാസന്മാരിലെ ഭക്തന്മാര്‍ക്ക് നാം അവകാശമായി നല്‍കുന്ന സ്വര്‍ഗമാണത്.
64- "നിന്റെ നാഥന്റെ കല്‍പനയില്ലാതെ ഞങ്ങള്‍ ഇറങ്ങിവരാറില്ല. നമ്മുടെ മുന്നിലും പിന്നിലും അവയ്ക്കിടയിലുമുള്ളതെല്ലാം അവന്റേതാണ്. നിന്റെ നാഥനൊന്നും മറക്കുന്നവനല്ല."
65- അവന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയ്ക്കിടയിലുള്ളവയുടെയും. അതിനാല്‍ അവന്നു മാത്രം വഴിപ്പെടുക. അവനെ അനുസരിച്ച് കഴിയുന്നതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുക. അവനോട് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?
66- മനുഷ്യന്‍ ചോദിക്കുന്നു: "ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ!"
67- മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനൊന്നോര്‍ത്തുകൂടേ?
68- നിന്റെ നാഥന്‍ തന്നെ സത്യം! തീര്‍ച്ചയായും അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടും. പിന്നെ നാമവരെ മുട്ടിലിഴയുന്നവരായി നരകത്തിനു ചുറ്റും കൊണ്ടുവരും.
69- പിന്നീട് ഓരോ വിഭാഗത്തില്‍നിന്നും പരമകാരുണികനായ അല്ലാഹുവോട് ഏറ്റം കൂടുതല്‍ ധിക്കാരം കാണിച്ചവരെ നാം വേര്‍തിരിച്ചെടുക്കും.
70- അവരില്‍ നരകത്തീയിലെരിയാന്‍ ഏറ്റവും അര്‍ഹര്‍ ആരെന്ന് നമുക്ക് നന്നായറിയാം.
71- നിങ്ങളിലാരും തന്നെ നരകത്തീയിനടുത്ത് എത്താതിരിക്കില്ല. നിന്റെ നാഥന്റെ ഖണ്ഡിതവും നിര്‍ബന്ധപൂര്‍വം നടപ്പാക്കപ്പെടുന്നതുമായ തീരുമാനമാണിത്.
72- പിന്നെ, ഭക്തന്മാരായിരുന്നവരെ നാം രക്ഷപ്പെടുത്തും. അതിക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയും ചെയ്യും.
73- നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ ഈ ജനത്തെ വായിച്ചുകേള്‍പ്പിക്കും. അപ്പോള്‍ സത്യനിഷേധികള്‍ സത്യവിശ്വാസികളോടു ചോദിക്കുന്നു: "അല്ല, പറയൂ: നാം ഇരുകൂട്ടരില്‍ ആരാണ് ഉയര്‍ന്ന പദവിയുള്ളവര്‍? ആരുടെ സംഘമാണ് ഏറെ ഗംഭീരം?"
74- എന്നാല്‍ സാധന സാമഗ്രികളിലും ബാഹ്യപ്രതാപത്തിലും ഇവരേക്കാളേറെ മികച്ച എത്രയെത്ര തലമുറകളെയാണ് നാം ഇവര്‍ക്കു മുമ്പേ നശിപ്പിച്ചിട്ടുള്ളത്!
75- പറയുക: ദുര്‍മാര്‍ഗികളെ പരമകാരുണികനായ അല്ലാഹു അയച്ചുവിടുന്നതാണ്. അങ്ങനെ അവരോട് വാഗ്ദാനം ചെയ്യുന്ന കാര്യം, അഥവാ ഒന്നുകില്‍ ദൈവശിക്ഷ, അല്ലെങ്കില്‍ അന്ത്യദിനം, നേരില്‍ കാണുമ്പോള്‍ അവരറിയുകതന്നെ ചെയ്യും; ആരാണ് മോശമായ അവസ്ഥയിലുള്ളതെന്ന്. ആരുടെ സൈന്യമാണ് ദുര്‍ബലമെന്നും.
76- നേര്‍വഴി സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്‍ഗനിഷ്ഠ വര്‍ധിപ്പിച്ചുകൊടുക്കുന്നു. നശിക്കാതെ ബാക്കിനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെ അടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. മെച്ചപ്പെട്ട പരിണതിയും അവയ്ക്കുതന്നെ.
77- നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും എന്നിട്ട് എനിക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുകയെന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ നീ കണ്ടിട്ടുണ്ടോ?
78- അവന്‍ വല്ല അഭൌതിക കാര്യവും കണ്ടറിഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവില്‍നിന്ന് വല്ല കരാറും അവന്‍ വാങ്ങിയിട്ടുണ്ടോ?
79- ഒരിക്കലുമില്ല. അവന്‍ പറയുന്നതൊക്കെ നാം രേഖപ്പെടുത്തുന്നുണ്ട്. അവന്നു നാം ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കുകതന്നെ ചെയ്യും.
80- അവന്‍ തന്റേതായി എടുത്തുപറയുന്ന സാധനസാമഗ്രികളെല്ലാം നമ്മുടെ വരുതിയിലായിത്തീരും. പിന്നെ അവന്‍ ഏകനായി നമ്മുടെ അടുത്തുവരും.
81- അവര്‍ അല്ലാഹുവെക്കൂടാതെ നിരവധി മൂര്‍ത്തികളെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവ തങ്ങള്‍ക്ക് താങ്ങായിത്തീരുമെന്ന് കരുതിയാണത്.
82- എന്നാല്‍ അവയെല്ലാം ഇക്കൂട്ടരുടെ ആരാധനയെ തള്ളിപ്പറയും. ആ ആരാധ്യര്‍ ഇവരുടെ വിരോധികളായിത്തീരുകയും ചെയ്യും.
83- നാം സത്യനിഷേധികളുടെയിടയിലേക്ക് പിശാചുക്കളെ വിട്ടയച്ചത് നീ കണ്ടിട്ടില്ലേ? പിശാചുക്കള്‍ അവരെ വളരെയേറെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.
84- അതിനാല്‍ അവരുടെ കാര്യത്തില്‍ നീ ധൃതികാണിക്കേണ്ട. നാം അവരുടെ നാളുകളെണ്ണിക്കൊണ്ടിരിക്കുകയാണ്.
85- ഭക്തജനങ്ങളെ പരമകാരുണികനായ അല്ലാഹുവിന്റെ അടുത്ത് ഒരുമിച്ചുകൂട്ടുന്നദിനം.
86- അന്ന് കുറ്റവാളികളെ ദാഹാര്‍ത്തരായി നരകത്തീയിലേക്ക് തെളിച്ചുകൊണ്ടുപോകും.
87- അന്ന് ആര്‍ക്കും ശിപാര്‍ശക്കധികാരമില്ല; പരമ കാരുണികനായ അല്ലാഹുവുമായി കരാറുണ്ടാക്കിയവര്‍ക്കൊഴികെ.
88- പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
89- ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.
90- ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
91- പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ.
92- ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമകാരുണികനായ അല്ലാഹുവിന് ചേര്‍ന്നതല്ല.
93- ആകാശഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണികന്റെ മുന്നില്‍ കേവലം ദാസന്മാരായി വന്നെത്തുന്നവരാണ്.
94- തീര്‍ച്ചയായും അവന്‍ അവരെ തിട്ടപ്പെടുത്തിയിട്ടുണ്ട്. എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.
95- ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് അവന്റെ അടുത്ത് വന്നെത്തും.
96- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുമായി പരമകാരുണികനായ അല്ലാഹു സ്നേഹബന്ധമുണ്ടാക്കും.
97- നാം ഈ വചനങ്ങളെ നിന്റെ ഭാഷയില്‍ വളരെ ലളിതവും സരളവുമാക്കിയിരിക്കുന്നു. നീ ഭക്തജനങ്ങളെ ശുഭവാര്‍ത്ത അറിയിക്കാനാണിത്. താര്‍ക്കികരായ ജനത്തെ താക്കീത് ചെയ്യാനും.
98- ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചു! എന്നിട്ട് അവരിലാരെയെങ്കിലും നീയിപ്പോള്‍ കാണുന്നുണ്ടോ? അല്ലെങ്കില്‍ അവരുടെ നേര്‍ത്ത ശബ്ദമെങ്കിലും കേള്‍ക്കുന്നുണ്ടോ?