25 അല്‍ഫുര്‍ഖാന്‍

ആമുഖം
നാമം
تَبَارَكَ الَّذِى نَزَّلَ الْفُرْقَانَ എന്ന പ്രഥമ സൂക്തത്തില്‍ നിന്നെടുക്കപ്പെട്ടതാണ് ഈ പേര്‍. ഖുര്‍ആനിലെ മിക്ക അധ്യായ നാമങ്ങളെയും പോലെ ഒരു അടയാളമെന്ന നിലപാടാണ് ഇതിനുമുള്ളത്; അതല്ലാതെ ഉള്ളടക്കത്തിന്റെ ശീര്‍ഷകമെന്ന നിലപാടല്ല. എങ്കിലും ഈ നാമത്തിന് അധ്യായത്തിലെ പ്രതിപാദ്യവുമായി നല്ല ചേര്‍ച്ചയുണ്ട്. തുടര്‍ന്ന് വായിക്കുമ്പോള്‍ അത് വ്യക്തമാകുന്നതാണ്.   
അവതരണകാലം
വിവരണശൈലിയും ഉള്ളടക്കവും അഭിവീക്ഷിക്കുമ്പോള്‍, സൂറ അല്‍ മുഅ്മിനൂനും മറ്റും അവതരിച്ച അതേ ഘട്ടത്തില്‍ തന്നെയാണ് ഈ സൂറയും അവതരിച്ചതെന്ന് സ്പഷ്ടമായി മനസ്സിലാകുന്നുണ്ട്. നബി(സ)യുടെ മക്കാവാസത്തിന്റെ മധ്യദശയാണത്. ഈ അധ്യായം സൂറ അന്നിസാഇന്ന് എട്ടുവര്‍ഷം മുമ്പവതരിച്ചതാണെന്ന് ളഹ്ഹാകുബ്നുമുസാഹിം, മുഖാതിലുബ്നു സുലൈമാന്‍  എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഇബ്നുജരീറും ഇമാം റാസിയും  ഉദ്ധരിച്ചിട്ടുണ്ട്. ഈ കാലഗണനയും സൂറ അല്‍ഫുര്‍ഖാന്റെ അവതരണം തിരുമേനിയുടെ മക്കാവാസത്തിന്റെ മധ്യഘട്ടത്തിലാണെന്നു തന്നെയാണ് വ്യക്തമാക്കുന്നത് (ഇബ്നുജരീര്‍ വാള്യം: 19: പേജ്: 28-30: തഫ്സീറുല്‍ കബീര്‍ വാള്യം: 6, പേജ്: 358).   
പ്രതിപാദ്യവിഷയം
ഖുര്‍ആന്‍, മുഹമ്മദീയ പ്രവാചകത്വം, അദ്ദേഹം അവതരിപ്പിച്ച അധ്യാപനങ്ങള്‍ എന്നിവയെ സംബന്ധിച്ച് മക്കയിലെ സത്യനിഷേധികള്‍ ഉന്നയിച്ച സംശയങ്ങളും വിമര്‍ശനങ്ങളും ഇതില്‍ വിവരിച്ചിരിക്കുന്നു. അവയില്‍ ഓരോന്നിനും സമുചിതമായി മറുപടി നല്‍കുന്നതോടൊപ്പം സത്യപ്രബോധനത്തില്‍ നിന്ന് മുഖം തിരിക്കുന്നതിന്റെ ദുഷ്പരിണതികള്‍ സുവ്യക്തമായി വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ അധ്യായത്തില്‍ സൂറ അല്‍മുഅ്മിനൂനിലെപ്പോലെ, സത്യവിശ്വാസികളുടെ സാംസ്കാരികോല്‍ക്കര്‍ഷത്തിന്റെ മനോഹരമായ ഒരു ചിത്രം സാധാരണക്കാരുടെ മുമ്പില്‍ വരച്ചുകാണിക്കുന്നുണ്ട്. ആ ഉരക്കല്ലില്‍ ഉരച്ചുനോക്കി മ്ളേച്ഛരാരാണെന്നും വിശുദ്ധരാരാണെന്നും വേര്‍തിരിച്ചറിയുവാന്‍ അവര്‍ക്കു കഴിയേണ്ടതിന്നാണത്. ഒരു വശത്ത് മുഹമ്മദ് നബി(സ)യുടെ ശിക്ഷണങ്ങളിലൂടെ ഇതുവരെ ഈ ചര്യകളുടെയും പ്രവര്‍ത്തനങ്ങളുടെയും ആളുകളായിക്കഴിഞ്ഞവരും ഭാവിയില്‍ ആയിത്തീരുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരും; മറുവശത്ത് ഏതൊരു സംസ്കാരചര്യകളാണോ സാധാരണ അറബികള്‍ക്കു സുപരിചിതമായതും ജാഹിലിയ്യത്തിന്റെ ധ്വജവാഹകര്‍ പരിരക്ഷിക്കുവാന്‍ ഊറ്റത്തോടെ പൊരുതുന്നതും, ആ സംസ്കാരവും. സ്വയം തീരുമാനിക്കുക, ഈ രണ്ടു മാതൃകകളില്‍ ഏതാണഭികാമ്യം? സകല അറബികളുടെയും മുന്നില്‍ വെക്കുന്ന ഒരു നിശ്ശബ്ദ ചോദ്യമാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെറിയൊരു ന്യൂനപക്ഷമൊഴിച്ചുള്ള അറബികള്‍ മുഴുവന്‍ ഈ ചോദ്യത്തിനു നല്‍കിയ മറുപടി എന്തെന്ന് ചരിത്രത്തിന്റെ താളുകള്‍ വ്യക്തമായി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുള്ളതാണ്.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1- തന്റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്. അദ്ദേഹം ലോകര്‍ക്കാകെ മുന്നറിയിപ്പു നല്‍കുന്നവനാകാന്‍ വേണ്ടിയാണിത്.
2- ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.
3- എന്നിട്ടും ഈ ജനം അവനെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുണ്ടാക്കി. എന്നാല്‍ അവര്‍ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. തങ്ങള്‍ക്കുതന്നെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള കഴിവുപോലും അവര്‍ക്കില്ല. മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിര്‍ത്തെഴുന്നേല്‍പിക്കാനോ അവര്‍ക്കാവില്ല.
4- സത്യനിഷേധികള്‍ പറയുന്നു: "ഈ ഖുര്‍ആന്‍ ഇയാള്‍ കെട്ടിച്ചമച്ച കള്ളക്കഥയാണ്. അതിലയാളെ ആരൊക്കെയോ സഹായിച്ചിട്ടുണ്ട്." എന്നാല്‍ അറിയുക: അവരെത്തിപ്പെട്ടത് കടുത്ത അതിക്രമത്തിലാണ്. പറഞ്ഞത് പച്ചക്കള്ളവും.
5- അവര്‍ പറയുന്നു: "ഇത് പൂര്‍വികരുടെ കെട്ടുകഥകളാണ്. ഇയാളിത് പകര്‍ത്തിയെഴുതിയതാണ്. രാവിലെയും വൈകുന്നേരവും ആരോ അതിയാള്‍ക്ക് വായിച്ചുകൊടുക്കുകയാണ്."
6- പറയുക: "ആകാശഭൂമികളിലെ പരമരഹസ്യങ്ങള്‍പോലും അറിയുന്നവനാണ് ഇത് ഇറക്കിത്തന്നത്." തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
7- അവര്‍ പറയുന്നു: "ഇതെന്ത് ദൈവദൂതന്‍? ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?
8- "അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?" ആ അക്രമികള്‍ പറയുന്നു: "മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്."
9- നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായിരിക്കുന്നു. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല.
10- താനുദ്ദേശിക്കുന്നുവെങ്കില്‍ അവരാവശ്യപ്പെട്ടതിനെക്കാളെല്ലാം മെച്ചപ്പെട്ട പലതും അഥവാ, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന അനേകം ആരാമങ്ങളും നിരവധി കൊട്ടാരങ്ങളും നിനക്കു നല്‍കാന്‍ കഴിവുറ്റവനാണ് അല്ലാഹു. അവന്‍ അളവറ്റ അനുഗ്രഹങ്ങളുള്ളവനാണ്.
11- എന്നാല്‍ കാര്യമിതാണ്: അന്ത്യസമയത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. അന്ത്യദിനത്തെ തള്ളിപ്പറയുന്നവര്‍ക്ക് നാം കത്തിക്കാളുന്ന നരകത്തീ ഒരുക്കിവെച്ചിരിക്കുന്നു.
12- ദൂരത്തുനിന്നു അതവരെ കാണുമ്പോള്‍ തന്നെ അതിന്റെ ക്ഷോഭവും ഇരമ്പലും അവര്‍ക്ക് കേള്‍ക്കാനാവും.
13- ചങ്ങലകളില്‍ ബന്ധിതരായി നരകത്തിലെ ഇടുങ്ങിയ ഇടത്തേക്ക് എറിയപ്പെട്ടാല്‍ അവരവിടെവച്ച് നശിച്ചുകിട്ടുന്നതിനായി മുറവിളി കൂട്ടും.
14- അപ്പോള്‍ അവരോടു പറയും: "നിങ്ങളിന്ന് ഒരു നാശത്തെയല്ല അനേകം നാശത്തെ വിളിച്ചു കൊള്ളുക."
15- ചോദിക്കുക: ഇതാണോ നല്ലത്, അതോ ശാശ്വത സ്വര്‍ഗമോ? ഭക്തന്മാര്‍ക്ക് വാഗ്ദാനമായി നല്‍കിയത് അതാണ്. അവര്‍ക്കുള്ള പ്രതിഫലമാണത്. അന്ത്യസങ്കേതവും അതുതന്നെ.
16- അവിടെ അവര്‍ക്ക് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അവരവിടെ നിത്യവാസികളായിരിക്കും. പൂര്‍ത്തീകരണം തന്റെ ബാധ്യതയായി നിശ്ചയിച്ച് നിന്റെ നാഥന്‍ നല്‍കിയ വാഗ്ദാനമാണിത്.
17- അവരെയും അല്ലാഹുവെക്കൂടാതെ അവര്‍ പൂജിച്ചുവരുന്നവയെയും ഒരുമിച്ചുകൂട്ടുന്ന ദിവസം അല്ലാഹു അവരോട് ചോദിക്കും: "നിങ്ങളാണോ എന്റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്. അതല്ല; അവര്‍ സ്വയം പിഴച്ചുപോയതോ?"
18- അവര്‍ പറയും: "നീയെത്ര പരിശുദ്ധന്‍! നിന്നെക്കൂടാതെ ഏതെങ്കിലും രക്ഷാധികാരികളെ സ്വീകരിക്കുകയെന്നത് ഞങ്ങള്‍ക്കു ചേര്‍ന്നതല്ല. എന്നാല്‍ നീ അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ഈ ഉദ്ബോധനം മറന്നുകളഞ്ഞു. അതുവഴി അവരൊരു നശിച്ച ജനതയായി."
19- അല്ലാഹു പറയും: "നിങ്ങള്‍ പറയുന്നതൊക്കെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. ഇനി ശിക്ഷയെ തട്ടിമാറ്റാനോ എന്തെങ്കിലും സഹായം നേടാനോ നിങ്ങള്‍ക്കു സാധ്യമല്ല. അതിനാല്‍ നിങ്ങളില്‍നിന്ന് അക്രമം കാണിച്ചവരെ നാം കഠിനശിക്ഷക്കു വിധേയമാക്കും."
20- ആഹാരംകഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരെയും നിനക്കുമുമ്പും നാം ദൂതന്മാരായി അയച്ചിട്ടില്ല. യഥാര്‍ഥത്തില്‍ നിങ്ങളില്‍ ചിലരെ മറ്റുചിലര്‍ക്കു നാം പരീക്ഷണമാക്കിയിരിക്കുന്നു. നിങ്ങള്‍ ക്ഷമിക്കുമോ എന്നറിയാന്‍. നിന്റെ നാഥന്‍ എല്ലാം കണ്ടറിയുന്നവനാണ്.
21- നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ പറഞ്ഞു: "നമുക്ക് മലക്കുകള്‍ ഇറക്കപ്പെടാത്തതെന്ത്? അല്ലെങ്കില്‍ നമ്മുടെ നാഥനെ നാം നേരില്‍ കാണാത്തതെന്ത്?" അവര്‍ സ്വയം പൊങ്ങച്ചം നടിക്കുകയും കടുത്തധിക്കാരം കാട്ടുകയും ചെയ്തിരിക്കുന്നു.
22- മലക്കുകളെ അവര്‍ കാണുംദിനം. അന്ന് കുറ്റവാളികള്‍ക്ക് ശുഭവാര്‍ത്തയൊന്നുമില്ല. അവരിങ്ങനെ പറയും: "കാക്കണേ; തടുക്കണേ!"
23- അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മങ്ങളുടെ നേരെ നാം തിരിയും. അങ്ങനെ നാമവയെ ചിതറിയ പൊടിപടലങ്ങളാക്കും.
24- സ്വര്‍ഗാവകാശികള്‍ നല്ല വാസസ്ഥലവും ഉത്തമമായ വിശ്രമകേന്ദ്രവും ഉള്ളവരായിരിക്കും.
25- ആകാശം പൊട്ടിപ്പിളര്‍ന്ന് മേഘപടലം പുറത്തുവരികയും മലക്കുകളെ കൂട്ടംകൂട്ടമായി ഇറക്കുകയും ചെയ്യുന്ന ദിവസം.
26- അന്ന് യഥാര്‍ഥ ആധിപത്യം പരമകാരുണികനായ അല്ലാഹുവിനായിരിക്കും. സത്യനിഷേധികള്‍ക്കാണെങ്കില്‍ അത് ഏറെ ക്ളേശകരമായ ദിനമായിരിക്കും.
27- അക്രമിയായ മനുഷ്യന്‍ ഖേദത്താല്‍ കൈ കടിക്കുന്ന ദിനമാണത്. അന്ന് അയാള്‍ പറയും: "ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗമവലംബിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.
28- "എന്റെ നിര്‍ഭാഗ്യം! ഞാന്‍ ഇന്നയാളെ കൂട്ടുകാരനാക്കിയിരുന്നില്ലെങ്കില്‍!
29- "എനിക്ക് ഉദ്ബോധനം വന്നെത്തിയശേഷം അവനെന്നെ അതില്‍നിന്ന് തെറ്റിച്ചുകളഞ്ഞല്ലോ. പിശാച് മനുഷ്യനെ സംബന്ധിച്ചിടത്തോളം കൊടിയ വഞ്ചകന്‍ തന്നെ."
30- ദൈവദൂതന്‍ അന്ന് പറയും: "നാഥാ, എന്റെ ജനം ഈ ഖുര്‍ആനെ തീര്‍ത്തും നിരാകരിച്ചു."
31- അവ്വിധം എല്ലാ പ്രവാചകന്മാര്‍ക്കും കുറ്റവാളികളായ ചില ശത്രുക്കളെ നാം ഉണ്ടാക്കിയിരിക്കുന്നു. വഴികാട്ടിയായും സഹായിയായും നിന്റെ നാഥന്‍ തന്നെ മതി.
32- സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് ഒരേസമയം ഇറക്കിക്കൊടുക്കാത്തതെന്ത്?" എന്നാല്‍ അത് ഇങ്ങനെത്തന്നെയാണ് വേണ്ടത്. നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താനാണിത്. നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഓതിക്കേള്‍പ്പിക്കുന്നു.
33- അവര്‍ ഏതൊരു പ്രശ്നവുമായി നിന്നെ സമീപിക്കുകയാണെങ്കിലും അവയ്ക്കെല്ലാം ശക്തമായ ന്യായവും വ്യക്തമായ വിശദീകരണവും നിനക്കു നാമെത്തിച്ചുതരാതിരിക്കില്ല.
34- മുഖംകുത്തി നരകത്തീയിലേക്കു തള്ളപ്പെടുന്നവരാണ് ഏറ്റം നീചാവസ്ഥയിലുള്ളവര്‍. അങ്ങേയറ്റം പിഴച്ചവരും അവര്‍ തന്നെ.
35- മൂസാക്കു നാം വേദപുസ്തകം നല്‍കി. അദ്ദേഹത്തോടൊപ്പം സഹോദരന്‍ ഹാറൂനെ സഹായിയായി നിശ്ചയിച്ചു.
36- എന്നിട്ടു നാം പറഞ്ഞു: "നിങ്ങളിരുവരും പോകൂ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിന്റെ അടുത്തേക്ക്." അങ്ങനെ നാം അവരെ തകര്‍ത്തുതരിപ്പണമാക്കി.
37- നൂഹിന്റെ ജനതയെയും നാം അതുതന്നെ ചെയ്തു. അവര്‍ ദൈവദൂതന്മാരെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ മുക്കിക്കൊന്നു. അങ്ങനെ നാം അവരെ ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. അക്രമികള്‍ക്കു നാം നോവേറിയശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
38- ആദ്, സമൂദ്, റസ്സുകാര്‍, അതിനിടയിലെ നിരവധി തലമുറകള്‍, എല്ലാവരെയും നാം നശിപ്പിച്ചു.
39- എല്ലാവര്‍ക്കും നാം മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊടുത്തിരുന്നു. അവസാനം അവരെയൊക്കെ നാം തകര്‍ത്ത് തരിപ്പണമാക്കി.
40- വിപത്തിന്റെ മഴ പെയ്തിറങ്ങിയ ആ നാട്ടിലൂടെയും ഇവര്‍ കടന്നുപോയിട്ടുണ്ട്. എന്നിട്ടും ഇവരിതൊന്നും കണ്ടിട്ടില്ലേ? യഥാര്‍ഥത്തിലിവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഒട്ടും പ്രതീക്ഷിക്കാത്തവരായിരുന്നു.
41- നിന്നെ കാണുമ്പോഴെല്ലാം ഇക്കൂട്ടര്‍ നിന്നെ പുച്ഛിക്കുകയാണല്ലോ. അവര്‍ ചോദിക്കുന്നു: "ഇയാളെയാണോ ദൈവം തന്റെ ദൂതനായി അയച്ചത്?
42- "നമ്മുടെ ദൈവങ്ങളിലെ വിശ്വാസത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിരുന്നില്ലെങ്കില്‍ അവയില്‍നിന്ന് ഇവന്‍ നമ്മെ തെറ്റിച്ചുകളയുമായിരുന്നു." എന്നാല്‍ ശിക്ഷ നേരില്‍ കാണുംനേരം അവര്‍ തിരിച്ചറിയും, ഏറ്റം വഴിപിഴച്ചവര്‍ ആരെന്ന്.
43- തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ?
44- അല്ല, നീ കരുതുന്നുണ്ടോ; അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയെക്കാളും പിഴച്ചവരാണ്.
45- നിന്റെ നാഥനെക്കുറിച്ച് നീ ആലോചിച്ചുനോക്കിയിട്ടില്ലേ? എങ്ങനെയാണവന്‍ നിഴലിനെ നീട്ടിയിട്ടുകൊണ്ടിരിക്കുന്നതെന്ന്. അവനിച്ഛിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ ഒരേ സ്ഥലത്തുതന്നെ നിശ്ചലമാക്കുമായിരുന്നു. സൂര്യനെ നാം നിഴലിന് വഴികാട്ടിയാക്കി.
46- പിന്നെ നാം ആ നിഴലിനെ അല്‍പാല്‍പമായി നമ്മുടെ അടുത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു.
47- അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വുവേളയുമാക്കിയതും അവന്‍ തന്നെ.
48- തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി ശുഭസൂചനയോടെ കാറ്റുകളെ അയച്ചവനും അവനാണ്. മാനത്തുനിന്നു നാം ശുദ്ധമായ വെള്ളം വീഴ്ത്തി.
49- അതുവഴി ചത്ത നാടിനെ ചൈതന്യമുള്ളതാക്കാന്‍. നാം സൃഷ്ടിച്ച ഒട്ടുവളരെ കന്നുകാലികളെയും മനുഷ്യരെയും കുടിപ്പിക്കാനും.
50- നാം ആ മഴവെള്ളത്തെ അവര്‍ക്കിടയില്‍ വിതരണം ചെയ്തു. അവര്‍ ചിന്തിച്ചറിയാന്‍. എന്നാല്‍ ജനങ്ങളിലേറെപ്പേരും നന്ദികേടു കാട്ടാനാണ് ഒരുമ്പെട്ടത്.
51- നാം ഇച്ഛിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ നാട്ടിലും നാം ഓരോ താക്കീതുകാരനെ നിയോഗിക്കുമായിരുന്നു.
52- അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. ഈ ഖുര്‍ആനുപയോഗിച്ച് നീ അവരോട് ശക്തമായി സമരം ചെയ്യുക.
53- രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ അവനൊരു മറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും.
54- വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്. അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവുമുള്ളവനാക്കി. നിന്റെ നാഥന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.
55- അല്ലാഹുവെക്കൂടാതെ, തങ്ങള്‍ക്ക് ഗുണമോ ദോഷമോ ചെയ്യാത്ത പലതിനെയും അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. സത്യനിഷേധി തന്റെ നാഥനെതിരെ എല്ലാ ദുശ്ശക്തികളെയും സഹായിക്കുന്നവനാണ്.
56- ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുനല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
57- പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. ആരെങ്കിലും തന്റെ നാഥനിലേക്കുള്ള വഴിയവലംബിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളട്ടെയെന്നുമാത്രം."
58- എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. ഒരിക്കലും മരിക്കാത്തവനും. അവനില്‍ ഭരമേല്‍പിക്കുക. അവന്റെ വിശുദ്ധി വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനായി അവന്‍ തന്നെ മതി.
59- ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ആറുദിനംകൊണ്ട് സൃഷ്ടിച്ചവനാണവന്‍. പിന്നെയവന്‍ സിംഹാസനസ്ഥനായി. പരമകാരുണികനാണവന്‍. അവനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവരോടു ചോദിച്ചുനോക്കൂ.
60- ആ പരമകാരുണികനെ സാഷ്ടാംഗം പ്രണമിക്കൂ എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും: "എന്താണീ പരമകാരുണികനെന്നു പറഞ്ഞാല്‍? നീ പറയുന്നവരെയൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കണമെന്നോ?" അങ്ങനെ സത്യപ്രബോധനം അവരുടെ അകല്‍ച്ചയും വെറുപ്പും വര്‍ധിപ്പിക്കുകയാണുണ്ടായത്.
61- ആകാശത്ത് നക്ഷത്രപഥങ്ങളുണ്ടാക്കിയവന്‍ ഏറെ അനുഗ്രഹമുള്ളവന്‍ തന്നെ. അതിലവന്‍ ജ്വലിക്കുന്ന വിളക്ക് സ്ഥാപിച്ചിരിക്കുന്നു. പ്രകാശിക്കുന്ന ചന്ദ്രനും.
62- രാപകലുകള്‍ മാറിമാറിവരുംവിധമാക്കിയവനും അവന്‍ തന്നെ. ചിന്തിച്ചറിയാനോ നന്ദി കാണിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഇതൊക്കെയും ഒരുക്കിയത്.
63- പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ "നിങ്ങള്‍ക്കു സമാധാനം" എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍;
64- സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും തങ്ങളുടെ നാഥന്റെ മുമ്പില്‍ രാത്രി കഴിച്ചുകൂട്ടുന്നവരും.
65- അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് നീ നരകശിക്ഷയെ തട്ടിനീക്കേണമേ തീര്‍ച്ചയായും അതിന്റെ ശിക്ഷ വിട്ടൊഴിയാത്തതുതന്നെ."
66- അത് ഏറ്റം ചീത്തയായ താവളവും മോശമായ പാര്‍പ്പിടവുമത്രെ.
67- ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല. രണ്ടിനുമിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍.
68- അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും.
69- ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന് ഇരട്ടി ശിക്ഷ കിട്ടും. അവനതില്‍ നിന്ദിതനായി എന്നെന്നും കഴിയേണ്ടിവരും.
70- പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
71- ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവന്‍ അല്ലാഹുവിങ്കലേക്ക് യഥാവിധി മടങ്ങിച്ചെല്ലുകയാണ് ചെയ്യുന്നത്.
72- കള്ളസാക്ഷ്യം പറയാത്തവരാണവര്‍. അനാവശ്യം നടക്കുന്നിടത്തൂടെ പോകേണ്ടിവന്നാല്‍ അതിലിടപെടാതെ മാന്യമായി കടന്നുപോകുന്നവരും
73- തങ്ങളുടെ നാഥന്റെ വചനങ്ങളിലൂടെ ഉദ്ബോധനം നല്‍കിയാല്‍ ബധിരരും അന്ധരുമായി അതിന്മേല്‍ വീഴാത്തവരും.
74- അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: "ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ."
75- അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തിലെ ഉന്നതസ്ഥാനങ്ങള്‍ പ്രതിഫലമായി നല്‍കും. അഭിവാദ്യത്തോടെയും സമാധാനാശംസകളോടെയുമാണ് അവരെയവിടെ സ്വീകരിക്കുക.
76- അവരവിടെ നിത്യവാസികളായിരിക്കും. എത്ര നല്ല താവളം! എത്ര നല്ല വാസസ്ഥലം!
77- പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങള്‍ അവനെ നിഷേധിച്ചുതള്ളിയിരിക്കയാണല്ലോ. അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തുതന്നെ അനിവാര്യമായും ഉണ്ടാകും.