26 അശ്ശുഅറാഅ്

ആമുഖം
നാമം
وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُنَ എന്ന 224-ാം സൂക്തത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ അധ്യായത്തിന്റെ നാമം.    
അവതരണഘട്ടം
പ്രവാചകന്റെ മക്കാജീവിതത്തിന്റെ മധ്യദശയിലവതരിച്ചതാണീ അധ്യായമെന്ന് ഇതിന്റെ ഉള്ളടക്കവും പ്രതിപാദനശൈലിയും സൂചിപ്പിക്കുന്നു. നിവേദനങ്ങള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം സൂറ ത്വാഹായും പിന്നീട് അല്‍വാഖിഅയും അനന്തരം അശ്ശുഅറാഉം അവതരിച്ചുവെന്ന് ഇബ്നു അബ്ബാസ് വിവരിക്കുന്നു: (റൂഹുല്‍ മആനി വാള്യം: 19, പേജ്: 64) സൂറ ത്വാഹാ, ഉമര്‍ (റ) ഇസ്ലാം ആശ്ളേഷിക്കുന്നതിനു മുമ്പ് അവതരിച്ചിട്ടുണ്ടെന്നും അറിയപ്പെട്ടിരിക്കുന്നു. 
ഉള്ളടക്കം
നബി(സ)യുടെ സന്ദേശത്തെയും ഉദ്ബോധനങ്ങളെയും മക്കയിലെ സത്യനിഷേധികള്‍ ഒറ്റക്കെട്ടായി നിഷേധിക്കുകയും അതിനെതിരില്‍ പലതരം വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരമാണ് പ്രഭാഷണ പശ്ചാത്തലം. ചിലപ്പോള്‍ അവര്‍ പ്രവാചകനോട് പറയും: ഞങ്ങള്‍ക്കായി ദൃഷ്ടാന്തങ്ങളൊന്നും പ്രത്യക്ഷപ്പെടുത്താത്തതെന്ത്? പിന്നെയെങ്ങനെയാണ് നീ പ്രവാചകനാണെന്നു ഞങ്ങള്‍ക്ക് ബോധ്യമാവുക!` ചിലപ്പോഴവര്‍ അദ്ദേഹത്തെ കവിയെന്നും ജ്യോല്‍സ്യനെന്നും മുദ്രയടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും അധ്യാപനങ്ങളെയും പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ചിലപ്പോള്‍, അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഏതാനും അജ്ഞരായ യുവാക്കളോ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരോ മാത്രമാണെന്നും ഈ പ്രസ്ഥാനത്തിന് എന്തെങ്കിലും മഹത്വമുണ്ടെങ്കില്‍ സമുദായത്തിലെ പ്രമാണിമാരും ഗുരുജനങ്ങളും അതിനെ അംഗീകരിക്കുമായിരുന്നുവെന്നും വാദിച്ചുകൊണ്ട് പ്രവാചകദൌത്യത്തെ വിലയിടിച്ചുകാണിക്കാന്‍ യത്നിച്ചു. നബി(സ)യാകട്ടെ അവരുടെ വിശ്വാസം തെറ്റാണെന്നും തൌഹീദും ആഖിറത്തും സത്യമാണെന്നും യുക്തിസഹമായ തെളിവുകളിലൂടെ ഗ്രഹിപ്പിക്കുവാന്‍ അഹോരാത്രം അധ്വാനിക്കുകയായിരുന്നു. പക്ഷേ, ധര്‍മനിഷേധത്തിന് നവം നവങ്ങളായ രൂപങ്ങള്‍ സ്വീകരിച്ചുകൊണ്ട് ശത്രുക്കള്‍ ഉറച്ചുനിന്നു. ഇതുമൂലം പ്രവാചകവര്യന്‍ ദുഃഖിക്കുകയും ആ ദുഃഖത്താല്‍ അവിടുന്ന് പരിക്ഷീണനാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃത സൂറ അവതരിക്കുന്നത്. `അവരുടെ പിമ്പേ നടന്ന് താങ്കള്‍ സ്വയം ഹനിച്ചേക്കാം എന്നാണ് വചനാരംഭം. അടയാളം പ്രത്യക്ഷപ്പെടുന്നില്ല എന്നതല്ല അവരുടെ അവിശ്വാസത്തിന്നാധാരം. പിന്നെയോ, ധര്‍മനിഷേധമാണ്. പ്രബോധനത്തിലൂടെ അവര്‍ വിശ്വസിക്കാന്‍ വിചാരിക്കുന്നില്ല. തങ്ങളുടെ കണ്ഠത്തില്‍ ബലമായി പിടികൂടുന്ന ഒരു ദൃഷ്ടാന്തമാണവര്‍ തേടുന്നത്. ദൃഷ്ടാന്തം അതിന്റെ അവസരത്തില്‍ ആഗതമാകുമ്പോള്‍, തങ്ങള്‍ ബോധനം ചെയ്യപ്പെട്ടുകൊണ്ടിരുന്നതത്രയും സത്യമാണെന്ന് അവര്‍ക്ക് സ്വയം ബോധ്യമാകുന്നതാണ്. ഈ ആമുഖത്തിനു ശേഷം പത്താം ഖണ്ഡിക വരെ തുടര്‍ച്ചയായി വിവരിച്ചുകൊണ്ടിരിക്കുന്ന വിഷയം, സത്യാന്വേഷകരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഭൂമിയില്‍ നാനാഭാഗത്തും എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ പരന്നുകിടക്കുന്നുണ്ടെന്നതും അവ നിരീക്ഷിച്ച് അവര്‍ക്ക് സത്യത്തിലെത്തിച്ചേരാവുന്നതാണെന്നതുമാകുന്നു. പക്ഷേ, ധര്‍മനിഷേധികള്‍ ഒരിക്കലും ആ യാഥാര്‍ഥ്യങ്ങള്‍-- അത് ചക്രവാളങ്ങളിലുള്ള അടയാളങ്ങളാവട്ടെ, പ്രവാചകവര്യന്‍മാരുടെ അമാനുഷ ദൃഷ്ടാന്തങ്ങളാവട്ടെ-- കണ്ട് വിശ്വാസം കൈക്കൊള്ളുകയില്ല. അവര്‍ സദാ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ വിഹരിച്ചുകൊണ്ടിരിക്കുകയേയുള്ളൂ. ദൈവികശിക്ഷ വന്നുഭവിക്കുന്നതുവരെ അവരുടെ നിലപാട് അതുതന്നെയായിരിക്കും. ഇതോടനുബന്ധിച്ച് ഏഴു ജനതകളുടെ അവസ്ഥയും ഉദ്ധരിക്കുന്നു. മക്കയിലെ  സത്യനിഷേധികളുടെ അതേ ധര്‍മനിഷേധനിലപാട് അവലംബിച്ചവരായിരുന്നു അവരെല്ലാം. ഈ ചരിത്രകഥനത്തിലൂടെ സുപ്രധാനമായ ഏതാനും സംഗതികള്‍ സ്പഷ്ടമായി മനസ്സിലാക്കിത്തരികയും ചെയ്യുന്നു. ഒന്ന്, ദൃഷ്ടാന്തങ്ങള്‍ രണ്ടുവിധമുണ്ട്. ദൈവത്തിന്റെ ഭൂമിയില്‍ എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതാണൊന്ന്. അവ ദര്‍ശിക്കുന്ന ബുദ്ധിയുള്ള ഏതൊരാള്‍ക്കും പ്രവാചകന്‍ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് സത്യത്തിലേക്കാണോ അല്ലേ എന്ന് സൂക്ഷ്മമായി ഗ്രഹിക്കാന്‍ കഴിയുന്നതാണ്. ഫറവോനും അയാളുടെ ജനവും ദര്‍ശിച്ച ദൃഷ്ടാന്തങ്ങളാകുന്നു രണ്ടാമത്തേത്. നൂഹ്ജനതയും ആദ്- സമൂദും ലൂത്ത് ജനതയും അസ്ഹാബുല്‍ ഐക്കയും കണ്ടത് ഈ ദൃഷ്ടാന്തമാണ്. ഇനി ഇതിലേതുതരം ദൃഷ്ടാന്തം കാണണമെന്ന് തീരുമാനിക്കേണ്ടത് ഈ സത്യനിഷേധികള്‍ തന്നെയാണ്. രണ്ട്, സത്യനിഷേധികളുടെ മനോഭാവം എക്കാലത്തും ഒന്നുതന്നെയായിരുന്നു. അവരുടെ ന്യായങ്ങളും വിമര്‍ശനങ്ങളും ഒരേവിധത്തിലുള്ളതായിരുന്നു. വിശ്വസിക്കാതിരിക്കുന്നതിന് അവര്‍ സ്വീകരിച്ച തന്ത്രങ്ങളും വ്യത്യസ്തമായിരുന്നില്ല. ഒടുവില്‍ എല്ലാവരുടെയും അന്ത്യവും ഒരുപോലെതന്നെയായി. മറുവശത്ത്, എല്ലാ കാലങ്ങളിലെയും പ്രവാചകാധ്യാപനങ്ങളും ഒന്നുതന്നെയായിരുന്നു. അവരുടെ ചര്യാസ്വഭാവങ്ങളുടെ വര്‍ണവും ഒന്നുതന്നെ. പ്രതിയോഗികളുടെ നേരെ അവരുന്നയിച്ച തെളിവുകളും ന്യായങ്ങളും ഒരുപോലെയുള്ളതായിരുന്നു. അവരെല്ലാവരുടെയും നേരെ അല്ലാഹു അനുഗ്രഹം വര്‍ഷിച്ചതും ഒരേ രീതിയില്‍ തന്നെയായിരുന്നു. ചരിത്രത്തിലെ ഉദാഹരണങ്ങളില്‍ ഏതിലാണ് തങ്ങള്‍ പ്രതിബിംബിക്കുന്നതെന്നും മുഹമ്മദ് നബിയുടെ യാഥാര്‍ഥ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതേതിലാണെന്നും സത്യനിഷേധികള്‍ക്ക് സ്വയം കണ്ടെത്താന്‍ കഴിയുന്നതാണ്. മൂന്ന്, ദൈവം മഹോന്നതനും കഴിവുറ്റവനും സര്‍വശക്തനും അതോടൊപ്പം കരുണാവാരിധിയുമാണ് എന്ന വസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്നു. ചരിത്രത്തില്‍ അവന്റെ കഠിനതക്കും കാരുണ്യത്തിനും ഉദാഹരണങ്ങളുണ്ട്. ഇനി തങ്ങളെ സ്വയം അര്‍ഹരാക്കുന്നത് അവന്റെ കാരുണ്യത്തിനോ കാഠിന്യത്തിനോ എന്നു ജനം സ്വയം തീരുമാനിക്കേണ്ടതാണ്. അവസാന ഖണ്ഡികയില്‍ ഈ ചര്‍ച്ച പര്യവസാനിപ്പിച്ചുകൊണ്ട് പറയുന്നു: നിങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ കാണണമെന്നു ആഗ്രഹിക്കുന്നുവെങ്കില്‍, നശിച്ചുപോയ സമുദായങ്ങള്‍ കണ്ട ആ ബീഭല്‍സ ദൃഷ്ടാന്തങ്ങള്‍തന്നെ കാണണമെന്നു ശഠിക്കുന്നതെന്തിന്? നിങ്ങളുടെതന്നെ ഭാഷയിലുള്ള ഈ ഖുര്‍ആന്‍ കാണുക. മുഹമ്മദ് നബി(സ)യെ കാണുക. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെ കാണുക. ഈ വചനങ്ങള്‍ പിശാചിന്റെയോ ജിന്നിന്റെയോ വചനങ്ങളാവുക സാധ്യമാണോ? ഈ വചനങ്ങള്‍ അവതരിപ്പിക്കുന്നവന്‍ മന്ത്രവാദിയാണെന്ന് തോന്നുന്നുണ്ടോ? മുഹമ്മദി(സ)നെയും ശിഷ്യന്മാരെയും കവികളെപ്പോലെ തോന്നുന്നുണ്ടോ? സത്യം തികച്ചും മറ്റൊന്നാണ്. നിങ്ങളുടെ മനസ്സുകള്‍ തന്നെ ചികഞ്ഞുനോക്കുക, അത് സാക്ഷ്യപ്പെടുത്തുന്നതെന്താണെന്ന്. മന്ത്രവാദവുമായോ ജ്യോല്‍സ്യവുമായോ അദ്ദേഹം ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്ന് നിങ്ങള്‍ക്കുതന്നെ അറിയാമെങ്കില്‍, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അക്രമമാണെന്നും അക്രമികള്‍ അവരുടെ ദുഷ്പരിണതി നേരിടേണ്ടിവരുമെന്നും കൂടി അറിഞ്ഞുകൊള്ളുക.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1- ത്വാ-സീന്‍-മീം.
2- ഇത് സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണ്.
3- അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം.
4- നാം ഇച്ഛിക്കുകയാണെങ്കില്‍ അവര്‍ക്കു നാം മാനത്തുനിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കും. അപ്പോള്‍ അവരുടെ പിരടികള്‍ അതിന് വിധേയമായിത്തീരും.
5- പരമകാരുണികനായ അല്ലാഹുവില്‍നിന്ന് പുതുതായി ഏതൊരു ഉദ്ബോധനം വന്നെത്തുമ്പോഴും അവരതിനെ അപ്പാടെ അവഗണിക്കുകയാണ്.
6- ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ പുച്ഛിച്ചുതള്ളിക്കളയുന്നതിന്റെ നിജസ്ഥിതി വൈകാതെ തന്നെ അവര്‍ക്കു വന്നെത്തും.
7- അവര്‍ ഭൂമിയിലേക്കു നോക്കുന്നില്ലേ? എത്രയേറെ വൈവിധ്യപൂര്‍ണമായ നല്ലയിനം സസ്യങ്ങളെയാണ് നാമതില്‍ മുളപ്പിച്ചിരിക്കുന്നത്.
8- തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വാസികളായില്ല.
9- നിന്റെ നാഥന്‍ തന്നെയാണ് പ്രതാപിയും പരമകാരുണികനും.
10- നിന്റെ നാഥന്‍ മൂസായെ വിളിച്ചുപറഞ്ഞ സന്ദര്‍ഭം: "നീ അക്രമികളായ ആ ജനങ്ങളിലേക്കു പോവുക.
11- "ഫറവോന്റെ ജനത്തിലേക്ക്; എന്നിട്ട് ചോദിക്കൂ, അവര്‍ ഭക്തിപുലര്‍ത്തുന്നില്ലേയെന്ന്."
12- മൂസ പറഞ്ഞു: "എന്റെ നാഥാ, അവരെന്നെ തള്ളിപ്പറയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
13- "എന്റെ ഹൃദയം ഞെരുങ്ങിപ്പോകുന്നു. എന്റെ നാവിന് സംസാരവൈഭവമില്ല. അതിനാല്‍ നീ ഹാറൂന്ന് സന്ദേശമയച്ചാലും.
14- "അവര്‍ക്കാണെങ്കില്‍ എന്റെ പേരില്‍ ഒരു കുറ്റാരോപണവുമുണ്ട്. അതിനാലവരെന്നെ കൊന്നുകളയുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു."
15- അല്ലാഹു പറഞ്ഞു: "ഒരിക്കലുമില്ല. അതിനാല്‍ നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോവുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം എല്ലാം കേള്‍ക്കുന്നവനായി നാമുണ്ട്.
16- "അങ്ങനെ നിങ്ങളിരുവരും ഫറവോന്റെ അടുത്തുചെന്ന് പറയുക: "തീര്‍ച്ചയായും ഞങ്ങള്‍ പ്രപഞ്ചനാഥന്റെ ദൂതന്മാരാണ്.
17- "ഇസ്രയേല്‍ മക്കളെ ഞങ്ങളോടൊപ്പമയക്കണമെന്നതാണ് ദൈവശാസന."
18- ഫറവോന്‍ പറഞ്ഞു: "കുട്ടിയായിരിക്കെ ഞങ്ങള്‍ നിന്നെ ഞങ്ങളോടൊപ്പം വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്.
19- "പിന്നെ നീ ചെയ്ത ആ കൃത്യം നീ ചെയ്തിട്ടുമുണ്ട്. നീ തീരേ നന്ദികെട്ടവന്‍ തന്നെ."
20- മൂസ പറഞ്ഞു: "അന്ന് ഞാനതു അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു.
21- "അങ്ങനെ നിങ്ങളെപ്പറ്റി പേടി തോന്നിയപ്പോള്‍ ഞാനിവിടെ നിന്ന് ഒളിച്ചോടി. പിന്നീട് എന്റെ നാഥന്‍ എനിക്ക് തത്ത്വജ്ഞാനം നല്‍കി. അവനെന്നെ തന്റെ ദൂതന്മാരിലൊരുവനാക്കി.
22- "എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രയേല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്."
23- ഫറവോന്‍ ചോദിച്ചു: "എന്താണ് ഈ ലോകരക്ഷിതാവെന്നത്?"
24- മൂസ പറഞ്ഞു: "ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകന്‍ തന്നെ. നിങ്ങള്‍ കാര്യം മനസ്സിലാകുന്നവരാണെങ്കില്‍ ഇതുബോധ്യമാകും."
25- ഫറവോന്‍ തന്റെ ചുറ്റുമുള്ളവരോട് ചോദിച്ചു: "നിങ്ങള്‍ കേള്‍ക്കുന്നില്ലേ?"
26- മൂസ പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവാണത്. നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവ്."
27- ഫറവോന്‍ പറഞ്ഞു: "നിങ്ങളിലേക്ക് അയക്കപ്പെട്ട നിങ്ങളുടെ ഈ ദൈവദൂതന്‍ ഒരു മുഴുഭ്രാന്തന്‍ തന്നെ; സംശയം വേണ്ടാ."
28- മൂസ പറഞ്ഞു: "ഉദയ സ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവാണവന്‍. നിങ്ങള്‍ ചിന്തിച്ചറിയുന്നവരെങ്കില്‍ ഇത് മനസ്സിലാകും."
29- ഫറവോന്‍ പറഞ്ഞു: "ഞാനല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിക്കുകയാണെങ്കില്‍ നിശ്ചയമായും നിന്നെ ഞാന്‍ ജയിലിലടക്കും."
30- മൂസ ചോദിച്ചു: "ഞാന്‍ താങ്കളുടെയടുത്ത് വ്യക്തമായ വല്ല തെളിവും കൊണ്ടുവന്നാലും?"
31- ഫറവോന്‍ പറഞ്ഞു: "എങ്കില്‍ നീ അതിങ്ങുകൊണ്ടുവരിക. നീ സത്യവാനെങ്കില്‍!"
32- അപ്പോള്‍ മൂസ തന്റെ വടി താഴെയിട്ടു. ഉടനെയതാ അത് ശരിക്കുമൊരു പാമ്പായി മാറുന്നു.
33- അദ്ദേഹം തന്റെ കൈ കക്ഷത്തുനിന്ന് പുറത്തെടുത്തു. അപ്പോഴതാ അത് കാണികള്‍ക്കൊക്കെ തിളങ്ങുന്നതായിത്തീരുന്നു.
34- ഫറവോന്‍ തന്റെ ചുറ്റുമുള്ള പ്രമാണിമാരോടു പറഞ്ഞു: "സംശയമില്ല; ഇവനൊരു പഠിച്ച ജാലവിദ്യക്കാരന്‍ തന്നെ.
35- "തന്റെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനാണിവനുദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?"
36- അവര്‍ പറഞ്ഞു: "ഇവന്റെയും ഇവന്റെ സഹോദരന്റെയും കാര്യം ഇത്തിരി നീട്ടിവെക്കുക. എന്നിട്ട് ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് ദൂതന്മാരെ നിയോഗിക്കുക.
37- "സമര്‍ഥരായ സകല ജാലവിദ്യക്കാരെയും അവര്‍ അങ്ങയുടെ അടുത്ത് വിളിച്ചുചേര്‍ക്കട്ടെ."
38- അങ്ങനെ ഒരു നിശ്ചിതദിവസം നിശ്ചിതസമയത്ത് ജാലവിദ്യക്കാരെയൊക്കെ ഒരുമിച്ചുകൂട്ടി.
39- ഫറവോന്‍ ജനങ്ങളോടു പറഞ്ഞു: "നിങ്ങളെല്ലാം ഇവിടെ ഒത്തുകൂടുന്നുണ്ടല്ലോ.
40- "ജാലവിദ്യക്കാരാണ് വിജയിക്കുന്നതെങ്കില്‍ നമുക്കവരോടൊപ്പം ചേരാം."
41- അങ്ങനെ ജാലവിദ്യക്കാര്‍ വന്നു. അവര്‍ ഫറവോനോട് ചോദിച്ചു: "ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ!"
42- ഫറവോന്‍ പറഞ്ഞു: "അതെ. ഉറപ്പായും നിങ്ങളപ്പോള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും."
43- മൂസ അവരോടു പറഞ്ഞു: "നിങ്ങള്‍ക്ക് എറിയാനുള്ളത് എറിഞ്ഞുകൊള്ളുക."
44- അവര്‍ തങ്ങളുടെ കയ്യിലുണ്ടായിരുന്ന കയറുകളും വടികളും നിലത്തിട്ടു. എന്നിട്ടിങ്ങനെ പറഞ്ഞു: "ഫറവോന്റെ പ്രതാപത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍."
45- പിന്നെ മൂസ തന്റെ വടി നിലത്തിട്ടു. ഉടനെയതാ അത് അവരുടെ വ്യാജനിര്‍മിതികളെയൊക്കെ വിഴുങ്ങിക്കളഞ്ഞു.
46- അതോടെ ജാലവിദ്യക്കാരെല്ലാം സാഷ്ടാംഗം പ്രണമിച്ചു നിലത്തുവീണു.
47- അവര്‍ പറഞ്ഞു: "ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.
48- "മൂസായുടെയും ഹാറൂന്റെയും നാഥനില്‍."
49- ഫറവോന്‍ പറഞ്ഞു: "ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവനാണിവന്‍. ഇതിന്റെ ഫലം ഇപ്പോള്‍തന്നെ നിങ്ങളറിയും. ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയും; തീര്‍ച്ച. നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും.
50- അവര്‍ പറഞ്ഞു: "വിരോധമില്ല. ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകുന്നവരാണ്.
51- "ഫറവോന്റെ അനുയായികളില്‍ ആദ്യം വിശ്വസിക്കുന്നവര്‍ ഞങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ നാഥന്‍ ഞങ്ങളുടെ പാപങ്ങളൊക്കെ പൊറുത്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു."
52- മൂസാക്കു നാം ബോധനം നല്‍കി: "എന്റെ ദാസന്മാരെയും കൂട്ടി രാത്രിതന്നെ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അവര്‍ നിങ്ങളെ പിന്തുടരും."
53- അപ്പോള്‍ ഫറവോന്‍ ആളുകളെ ഒരുമിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു.
54- ഫറവോന്‍ പറഞ്ഞു: "തീര്‍ച്ചയായും ഇവര്‍ ഏതാനും പേരുടെ ഒരു ചെറുസംഘമാണ്.
55- "അവര്‍ നമ്മെ വല്ലാതെ കോപാകുലരാക്കിയിരിക്കുന്നു.
56- "തീര്‍ച്ചയായും നാം സംഘടിതരാണ്. ഏറെ ജാഗ്രത പുലര്‍ത്തുന്നവരും."
57- അങ്ങനെ നാമവരെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍ നിന്നും പുറത്തിറക്കി.
58- ഖജനാവുകളില്‍ നിന്നും മാന്യമായ പാര്‍പ്പിടങ്ങളില്‍ നിന്നും.
59- അങ്ങനെയാണ് നാം ചെയ്യുക. അവയൊക്കെ ഇസ്രയേല്‍ മക്കള്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
60- പിന്നീട് പ്രഭാതവേളയില്‍ ആ ജനം ഇവരെ പിന്തുടര്‍ന്നു.
61- ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: "ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്."
62- മൂസ പറഞ്ഞു: "ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും."
63- അപ്പോള്‍ മൂസാക്കു നാം ബോധനം നല്‍കി: "നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക." അതോടെ കടല്‍ പിളര്‍ന്നു. ഇരുപുറവും പടുകൂറ്റന്‍ പര്‍വതംപോലെയായി.
64- ഫറവോനെയും സംഘത്തെയും നാം അതിന്റെ അടുത്തെത്തിച്ചു.
65- മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നാം രക്ഷപ്പെടുത്തി.
66- പിന്നെ മറ്റുള്ളവരെ വെള്ളത്തിലാഴ്ത്തിക്കൊന്നു.
67- തീര്‍ച്ചയായും ഇതില്‍ വലിയ ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.
68- തീര്‍ച്ചയായും നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്.
69- ഇബ്റാഹീമിന്റെ കഥ ഇവരെ വായിച്ചുകേള്‍പ്പിക്കുക:
70- അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?"
71- അവര്‍ പറഞ്ഞു: "ഞങ്ങള്‍ ചില വിഗ്രഹങ്ങളെ പൂജിക്കുന്നു. അവയ്ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു."
72- അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവയത് കേള്‍ക്കുമോ?
73- "അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവ വല്ല ഉപകാരമോ ഉപദ്രവമോ വരുത്തുമോ?"
74- അവര്‍ പറഞ്ഞു: "ഇല്ല. എന്നാല്‍ ഞങ്ങളുടെ പിതാക്കള്‍ അവയെ പൂജിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്."
75- അദ്ദേഹം ചോദിച്ചു: " നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ?
76- "നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും
77- "അറിയുക: അവരൊക്കെയും എന്റെ എതിരാളികളാണ്. പ്രപഞ്ചനാഥനൊഴികെ.
78- "എന്നെ സൃഷ്ടിച്ചവനാണവന്‍. എന്നെ നേര്‍വഴിയിലാക്കുന്നതും അവന്‍തന്നെ.
79- "എനിക്ക് അന്നം നല്‍കുന്നതും കുടിനീര്‍ തരുന്നതും അവനാണ്.
80- "രോഗംബാധിച്ചാല്‍ സുഖപ്പെടുത്തുന്നതും അവന്‍ തന്നെ.
81- "എന്നെ മരിപ്പിക്കുന്നതും പിന്നെ ജീവിപ്പിക്കുന്നതും അവനാണ്.
82- "പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അവനിലാണ്.
83- "എന്റെ നാഥാ, എനിക്കു നീ യുക്തിജ്ഞാനം നല്‍കേണമേ. എന്നെ നീ സജ്ജനങ്ങളില്‍പെടുത്തേണമേ.
84- "പിന്‍മുറക്കാരില്‍ എനിക്കു നീ സല്‍പ്പേരുണ്ടാക്കേണമേ.
85- "എന്നെ നീ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെടുത്തേണമേ.
86- "എന്റെ പിതാവിനു നീ പൊറുത്തുകൊടുക്കേണമേ. സംശയമില്ല; അദ്ദേഹം വഴിപിഴച്ചവന്‍തന്നെ.
87- "ജനം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളില്‍ നീയെന്നെ അപമാനിതനാക്കരുതേ.
88- "സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്.
89- "കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ."
90- അന്ന് ഭക്തന്മാര്‍ക്ക് സ്വര്‍ഗം വളരെ അടുത്തായിരിക്കും.
91- വഴിപിഴച്ചവരുടെ മുന്നില്‍ നരകം വെളിപ്പെടുത്തുകയും ചെയ്യും.
92- അന്ന് അവരോടു ചോദിക്കും: "നിങ്ങള്‍ പൂജിച്ചിരുന്നവയെല്ലാം എവിടെപ്പോയി?
93- അല്ലാഹുവെക്കൂടാതെ; അവ നിങ്ങളെ സഹായിക്കുന്നുണ്ടോ? എന്നല്ല; അവയ്ക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ?"
94- അങ്ങനെ ആ ദുര്‍മാര്‍ഗികളെയും അവരുടെ ആരാധ്യരെയും അതില്‍ മുഖംകുത്തി വീഴ്ത്തും.
95- ഇബ്ലീസിന്റെ മുഴുവന്‍ പടയെയും.
96- അവിടെ അവരന്യോന്യം ശണ്ഠകൂടിക്കൊണ്ടിരിക്കും. അന്നേരം ആ ദുര്‍മാര്‍ഗികള്‍ പറയും:
97- "അല്ലാഹുവാണ് സത്യം? ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
98- "ഞങ്ങള്‍ നിങ്ങളെ പ്രപഞ്ചനാഥന്ന് തുല്യരാക്കിയപ്പോള്‍.
99- "ഞങ്ങളെ വഴിതെറ്റിച്ചത് ആ കുറ്റവാളികളല്ലാതാരുമല്ല.
100- -"ഇപ്പോള്‍ ഞങ്ങള്‍ക്ക് ശിപാര്‍ശകരായി ആരുമില്ല.
101- -"ഉറ്റമിത്രവുമില്ല.
102- "അതിനാല്‍ ഞങ്ങള്‍ക്കൊന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അപ്പോള്‍ ഉറപ്പായും ഞങ്ങള്‍ സത്യവിശ്വാസികളിലുള്‍പ്പെടുമായിരുന്നു!"
103- തീര്‍ച്ചയായും ഇതില്‍ ജനങ്ങള്‍ക്ക് ഗുണപാഠമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.
104- തീര്‍ച്ചയായും നിന്റെ നാഥന്‍ തന്നെയാണ് പ്രതാപിയും പരമ കാരുണികനും. 
105- നൂഹിന്റെ ജനത ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
106- അവരുടെ സഹോദരന്‍ നൂഹ് അവരോടിങ്ങനെ പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ?
107- "സംശയം വേണ്ട; ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
108- "അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.
109- "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്.
110- "അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക."
111- അവര്‍ പറഞ്ഞു: "നിന്നെ പിന്‍പറ്റിയവരൊക്കെ താണവിഭാഗത്തില്‍ പെട്ടവരാണല്ലോ. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിന്നില്‍ വിശ്വസിക്കാനാകും?"
112- അദ്ദേഹം പറഞ്ഞു: "അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം?
113- "അവരുടെ വിചാരണ എന്റെ നാഥന്റെ മാത്രം ചുമതലയത്രെ. നിങ്ങള്‍ ബോധമുള്ളവരെങ്കില്‍ അതോര്‍ക്കുക.
114- "സത്യവിശ്വാസികളെ ഞാനെന്തായാലും ആട്ടിയകറ്റുകയില്ല.
115- "ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്."
116- അവര്‍ പറഞ്ഞു: "നൂഹേ, നീയിതു നിര്‍ത്തുന്നില്ലെങ്കില്‍ നിശ്ചയമായും നിന്നെ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യും."
117- നൂഹ് പറഞ്ഞു: "എന്റെ നാഥാ, തീര്‍ച്ചയായും എന്റെ ജനത എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു.
118- "അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീയൊരു നിര്‍ണായക തീരുമാനമെടുക്കേണമേ. എന്നെയും എന്റെ കൂടെയുള്ള സത്യവിശ്വാസികളെയും രക്ഷപ്പെടുത്തേണമേ."
119- അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും തിങ്ങിനിറഞ്ഞ ഒരു കപ്പലില്‍ നാം രക്ഷപ്പെടുത്തി.
120- പിന്നെ അതിനുശേഷം ബാക്കിയുള്ളവരെയൊക്കെ വെള്ളത്തില്‍ മുക്കിയാഴ്ത്തി.
121- തീര്‍ച്ചയായും അതില്‍ ജനങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.
122- നിശ്ചയം നിന്റെ നാഥന്‍ തന്നെയാണ് പ്രതാപവാനും പരമകാരുണികനും.
123- ആദ് സമുദായം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
124- അവരുടെ സഹോദരന്‍ ഹൂദ് അവരോടു പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ ഭക്തരാവുന്നില്ലേ?
125- "തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
126- "അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിപുലര്‍ത്തുക. എന്നെ അനുസരിക്കുക.
127- "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്.
128- "വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്‍മുകളിലും സ്മാരകസൌധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ?
129- "നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനെന്നപോലെ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുകയാണോ?
130- "നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്.
131- "അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.
132- "അല്ലാഹു നിങ്ങളെ സഹായിച്ചതെങ്ങനെയെല്ലാമെന്ന് നിങ്ങള്‍ക്കു നന്നായറിയാമല്ലോ. അതിനാല്‍ നിങ്ങള്‍ അവനോട് ഭക്തിയുള്ളവരാവുക.
133- "കന്നുകാലികളെയും മക്കളെയും നല്‍കി അവന്‍ നിങ്ങളെ സഹായിച്ചു.
134- "തോട്ടങ്ങളും അരുവികളും തന്നു.
135- "ഭയങ്കരമായ ഒരുനാളിലെ ശിക്ഷ നിങ്ങള്‍ക്കു വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു."
136- അവര്‍ പറഞ്ഞു: "നീ ഉപദേശിക്കുന്നതും ഉപദേശിക്കാതിരിക്കുന്നതും ഞങ്ങള്‍ക്ക് ഒരേപോലെയാണ്.
137- "ഞങ്ങള്‍ ഈ ചെയ്യുന്നതൊക്കെ പൂര്‍വികരുടെ പതിവില്‍ പെട്ടതാണ്.
138- "ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല."
139- അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ നാമവരെ നശിപ്പിച്ചു. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.
140- നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്.
141- സമൂദ് സമുദായം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
142- അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തരാവുന്നില്ലേ?
143- "തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കയക്കപ്പെട്ട വിശ്വസ്തനായ ദൈവദൂതനാണ്.
144- "അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക.
145- "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥനില്‍ നിന്ന് മാത്രമാണ്.
146- "അല്ലാ, ഇവിടെ ഇക്കാണുന്നതിലൊക്കെ നിര്‍ഭയമായി യഥേഷ്ടം വിഹരിക്കാന്‍ നിങ്ങളെ വിട്ടേക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?
147- "അതായത് ഈ തോട്ടങ്ങളിലും അരുവികളിലും?
148- "വയലുകളിലും പാകമായ പഴക്കുലകള്‍ നിറഞ്ഞ ഈന്തപ്പനത്തോപ്പുകളിലും?
149- "നിങ്ങള്‍ ആര്‍ഭാടപ്രിയരായി പര്‍വതങ്ങള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു.
150- "നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക.
151- "അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്.
152- "ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്കരണവും വരുത്താത്തവരും." 
153- അവര്‍ പറഞ്ഞു: "നീ മാരണം ബാധിച്ചവന്‍ തന്നെ.
154- "നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. അതിനാല്‍ നീ എന്തെങ്കിലും അടയാളം കൊണ്ടുവരിക. നീ സത്യവാദിയെങ്കില്‍!"
155- അദ്ദേഹം പറഞ്ഞു: "ഇതാ ഒരൊട്ടകം. നിശ്ചിത ദിവസം അതിനു വെള്ളം കുടിക്കാന്‍ അവസരമുണ്ട്. നിങ്ങള്‍ക്കും ഒരവസരമുണ്ട്.
156- "നിങ്ങള്‍ അതിനെ ഒരു നിലക്കും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ പിടികൂടും."
157- എന്നാല്‍ അവരതിനെ കശാപ്പ് ചെയ്തു. അങ്ങനെ അവര്‍ കടുത്ത ദുഃഖത്തിനിരയായി.
158- അതോടെ മുന്നറിയിപ്പ് നല്‍കപ്പെട്ട ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പ്പേരും വിശ്വാസികളായില്ല.
159- നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്.
160- ലൂത്വിന്റെ ജനത ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
161- അവരുടെ സഹോദരന്‍ ലൂത്വ് അവരോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തരാവുന്നില്ലേ?
162- "തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
163- "അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക.
164- "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശമാണുള്ളത്.
165- "മാലോകരില്‍ കാമശമനത്തിന് വേണ്ടി നിങ്ങള്‍ പുരുഷന്മാരെ സമീപിക്കുകയാണോ?
166- "നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്കായി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ ഉപേക്ഷിക്കുകയും? നിങ്ങള്‍ പരിധിവിട്ട ജനംതന്നെ."
167- അവര്‍ പറഞ്ഞു: "ലൂത്വേ, നീ ഇത് നിര്‍ത്തുന്നില്ലെങ്കില്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ നീയുമുണ്ടാകും."
168- അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങളുടെ ഇത്തരം ചെയ്തികളെ വെറുക്കുന്ന കൂട്ടത്തിലാണ്.
169- "എന്റെ നാഥാ! നീ എന്നെയും എന്റെ കുടുംബത്തെയും ഇവര്‍ ഈ ചെയ്തുകൊണ്ടിരിക്കുന്നതില്‍നിന്ന് രക്ഷിക്കേണമേ."
170- അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം രക്ഷിച്ചു.
171- പിന്തിനിന്ന ഒരു കിഴവിയെ ഒഴികെ.
172- പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്ത് നാമാവശേഷമാക്കി.
173- അവരുടെമേല്‍ നാം ഒരുതരം മഴ വീഴ്ത്തി. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് കിട്ടിയ ആ മഴ എത്ര ഭീകരം!
174- തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.
175- സംശയമില്ല, നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവും തന്നെ.
176- "ഐക്ക" നിവാസികള്‍ ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
177- ശുഐബ് അവരോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ദൈവത്തോടു ഭക്തിപുലര്‍ത്തുന്നില്ലേ?
178- "ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായ വിശ്വസ്തനായ ദൈവദൂതനാണ്.
179- "അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. എന്നെ അനുസരിക്കുക.
180- "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം പ്രപഞ്ചനാഥന്റെ വശം മാത്രമാണ്.
181- "നിങ്ങള്‍ അളവില്‍ തികവുവരുത്തുക. അളവില്‍ കുറവുവരുത്തുന്നവരില്‍ പെട്ടുപോകരുത്.
182- "കൃത്യതയുള്ള തുലാസുകളില്‍ തൂക്കുക.
183- "ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവുവരുത്തരുത്. നാട്ടില്‍ കുഴപ്പക്കാരായി വിഹരിക്കരുത്.
184- "നിങ്ങളെയും മുന്‍തലമുറകളെയും സൃഷ്ടിച്ച അല്ലാഹുവോട് ഭക്തിയുള്ളവരാവുക."
185- അവര്‍ പറഞ്ഞു: "നീ മാരണം ബാധിച്ച ഒരുത്തന്‍ മാത്രമാണ്.
186- "നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. കള്ളം പറയുന്നവനായാണ് നിന്നെ ഞങ്ങള്‍ കരുതുന്നത്.
187- "ആകാശത്തിന്റെ ചില കഷണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ വീഴ്ത്തുക, നീ സത്യവാദിയെങ്കില്‍."
188- അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് എന്റെ നാഥന്‍."
189- അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ കാര്‍മേഘം കുടപിടിച്ച നാളിന്റെ ശിക്ഷ അവരെ പിടികൂടി. ഭയങ്കരമായ ഒരു നാളിന്റെ ശിക്ഷ തന്നെയായിരുന്നു അത്.
190- തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.
191- നിശ്ചയം, നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്.
192- തീര്‍ച്ചയായും ഇത് പ്രപഞ്ചനാഥനില്‍ നിന്ന് അവതരിച്ചുകിട്ടിയതാണ്.
193- വിശ്വസ്തനായ ആത്മാവാണ് അതുമായി ഇറങ്ങിയത്.
194- നിന്റെ ഹൃദയത്തിലാണിതിറക്കിത്തന്നത്. നീ താക്കീതു നല്‍കുന്നവരിലുള്‍പ്പെടാന്‍.
195- തെളിഞ്ഞ അറബിഭാഷയിലാണിത്.
196- പൂര്‍വികരുടെ വേദപുസ്തകങ്ങളിലും ഇതുണ്ട്.
197- ഇസ്രയേല്‍ മക്കളിലെ പണ്ഡിതന്മാര്‍ക്ക് അതറിയാം എന്നതുതന്നെ ഇവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലേ?
198- നാമിത് അനറബികളില്‍ ആര്‍ക്കെങ്കിലുമാണ് ഇറക്കിക്കൊടുത്തതെന്ന് കരുതുക.
199- അങ്ങനെ അയാളത് അവരെ വായിച്ചുകേള്‍പ്പിച്ചുവെന്നും; എന്നാലും അവരിതില്‍ വിശ്വസിക്കുമായിരുന്നില്ല.
200- അവ്വിധം നാമിതിനെ കുറ്റവാളികളുടെ ഹൃദയങ്ങളില്‍ കടത്തിവിട്ടിരിക്കുന്നു.
201- നോവേറിയശിക്ഷ കാണുംവരെ അവരിതില്‍ വിശ്വസിക്കുകയില്ല.
202- അവരറിയാത്ത നേരത്ത് വളരെ പെട്ടെന്നായിരിക്കും അതവരില്‍ വന്നെത്തുക.
203- അപ്പോഴവര്‍ പറയും: "ഞങ്ങള്‍ക്കൊരിത്തിരി അവധി കിട്ടുമോ?"
204- എന്നിട്ടും ഇക്കൂട്ടര്‍ നമ്മുടെ ശിക്ഷ കിട്ടാനാണോ ഇത്ര ധൃതികൂട്ടുന്നത്?
205- നീ ചിന്തിച്ചുനോക്കിയോ: നാം അവര്‍ക്ക് കൊല്ലങ്ങളോളം കഴിയാന്‍ ആവശ്യമായ സുഖസൌകര്യങ്ങള്‍ നല്‍കിയെന്നുവെക്കുക;
206- പിന്നീട് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷ അവരില്‍ വന്നെത്തിയെന്നും.
207- എന്നാലും അവര്‍ക്കു സുഖിച്ചുകഴിയാന്‍ നല്‍കിയ സൌകര്യം അവര്‍ക്കൊട്ടും ഉപകരിക്കുമായിരുന്നില്ല.
208- മുന്നറിയിപ്പുകാരനെ അയച്ചിട്ടല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല.
209- അവരെ ഉദ്ബോധിപ്പിക്കാനാണിത്. നാം ആരോടും ഒട്ടും അതിക്രമം കാണിക്കുന്നവനല്ല.
210- ഈ ഖുര്‍ആന്‍ ഇറക്കിക്കൊണ്ടുവന്നത് പിശാചുക്കളല്ല.
211- അതവര്‍ക്കു ചേര്‍ന്നതല്ല. അവര്‍ക്കതൊട്ടു സാധ്യവുമല്ല.
212- അവരിത് കേള്‍ക്കുന്നതില്‍ നിന്നുപോലും അകറ്റിനിര്‍ത്തപ്പെട്ടവരാണ്.
213- അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചുപ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീയും ശിക്ഷാര്‍ഹരില്‍പെടും.
214- നീ നിന്റെ അടുത്തബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.
215- നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.
216- അഥവാ, അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ പറയുക: "നിങ്ങള്‍ ചെയ്യുന്നതിനൊന്നും ഞാനുത്തരവാദിയല്ല."
217- പ്രതാപിയും ദയാപരനുമായ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.
218- നീ നിന്നു പ്രാര്‍ഥിക്കുംനേരത്ത് നിന്നെ കാണുന്നവനാണവന്‍.
219- സാഷ്ടാംഗം പ്രണമിക്കുന്നവരില്‍ നിന്റെ ചലനങ്ങള്‍ കാണുന്നവനും.
220- തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
221- പിശാചുക്കള്‍ വന്നിറങ്ങുന്നത് ആരിലാണെന്ന് നാം നിങ്ങളെ അറിയിച്ചുതരട്ടെയോ?
222- തനി നുണയന്മാരും കുറ്റവാളികളുമായ എല്ലാവരിലുമാണ് പിശാച് വന്നിറങ്ങുന്നത്.
223- അവര്‍ പിശാചുക്കളുടെ വാക്കുകള്‍ കാതോര്‍ത്ത് കേള്‍ക്കുന്നു. അവരിലേറെപ്പേരും കള്ളംപറയുന്നവരാണ്.
224- വഴിപിഴച്ചവരാണ് കവികളെ പിന്‍പറ്റുന്നത്.
225- നീ കാണുന്നില്ലേ; അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത്;
226- തങ്ങള്‍ ചെയ്യാത്തത് പറയുന്നതും.
227- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവത്തെ ധാരാളമായി സ്മരിക്കുകയും തങ്ങള്‍ അക്രമിക്കപ്പെട്ടശേഷം അതിനെ നേരിടുക മാത്രം ചെയ്തവരുമൊഴികെ. അതിക്രമികള്‍ അടുത്തുതന്നെ അറിയും, തങ്ങള്‍ മാറിമറിഞ്ഞ് ഏതൊരു പരിണതിയിലാണ് എത്തുകയെന്ന്.