31 ലുഖ്മാന്‍

ആമുഖം
നാമം
ഈ സൂറയുടെ രണ്ടാം ഖണ്ഡികയില്‍ ലുഖ്മാനുല്‍ ഹകീം തന്റെ പുത്രന് നല്‍കിയ ഉപദേശങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അത് പ്രമാണിച്ച് ഈ അധ്യായം ലുഖ്മാന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. 
അവതരണകാലം
വിഷയങ്ങള്‍ മുന്നില്‍വെച്ച് പരിശോധിക്കുമ്പോള്‍ ഈ സൂറ അവതരിച്ചത്, ഇസ്ലാമിക പ്രബോധനത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി പ്രതിയോഗികള്‍ ബലപ്രയോഗവും മര്‍ദനമുറകളും ആരംഭിക്കുകയും സകലവിധ ആയുധങ്ങളും പ്രയോഗിച്ചുതുടങ്ങുകയും ചെയ്തതും എന്നാല്‍, ശത്രുതയുടെ കൊടുങ്കാറ്റ് അതിന്റെ പൂര്‍ണശക്തി പ്രാപിച്ചുകഴിഞ്ഞിട്ടില്ലാത്തതുമായ കാലഘട്ടത്തിലാണെന്നു മനസ്സിലാകുന്നു. 14,15 സൂക്തങ്ങള്‍ അതിന്റെ തെളിവാകുന്നു. അവ ഇസ്ലാമിലേക്കു വന്ന യുവജനങ്ങളെ ഉദ്ബോധിപ്പിക്കുകയാണ്: `ദൈവത്തോടുള്ള ബാധ്യതകള്‍ക്കു ശേഷം മാതാപിതാക്കളോടുള്ള ബാധ്യതകള്‍ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍, അവര്‍ നിങ്ങളെ ഇസ്ലാം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുകയോ വിഗ്രഹാരാധനയിലേക്ക് തിരിച്ചുചെല്ലാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ ഒരിക്കലും അനുസരിക്കരുത്.` ഇതേ സംഗതി സൂറ അല്‍ അന്‍കബൂത്തിലും പറഞ്ഞിട്ടുണ്ട്. ഈ രണ്ടു സൂറകളും ഒരേ കാലഘട്ടത്തിലാണവതരിച്ചതെന്ന് അതില്‍നിന്ന് മനസ്സിലാകുന്നു. പക്ഷേ, രണ്ടിന്റെയും മൊത്തം പ്രതിപാദനശൈലിയും പ്രമേയങ്ങളും പരിശോധിക്കുമ്പോള്‍ സൂറ ലുഖ്മാനാണ് ആദ്യം അവതരിച്ചതെന്നത്രെ വ്യക്തമാകുന്നത്. കാരണം, അതിന്റെ സ്വഭാവത്തില്‍ കടുത്ത എതിര്‍പ്പിന്റെ ലക്ഷണം പ്രകടമാകുന്നില്ല. നേരെമറിച്ച് സൂറ അല്‍ അന്‍കബൂത്ത് വായിക്കുമ്പോള്‍, അതിന്റെ അവതരണഘട്ടത്തില്‍ മുസ്ലിംകള്‍ കടുത്ത യാതനകളും മര്‍ദനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ബോധ്യമാകും. 
പ്രതിപാദ്യ വിഷയം
ഈ അധ്യായത്തില്‍ ബഹുദൈവത്വത്തിന്റെ അര്‍ഥശൂന്യതയും അയുക്തികതയും ഏകദൈവത്വത്തിന്റെ സത്യാത്മകതയും യുക്തിപരതയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. പൂര്‍വികരെ അന്ധമായി അനുകരിക്കുന്നതില്‍നിന്ന് വിരമിച്ച്, ലോകനാഥനായ ദൈവത്തിങ്കല്‍ നിന്ന് മുഹമ്മദ് നബി (സ) അവതരിപ്പിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് കലവറയില്ലാതെ ചിന്തിക്കാനും പ്രപഞ്ചത്തിലെങ്ങും സ്വജീവിതത്തില്‍ തന്നെയും അത് സത്യമാണെന്ന് സാക്ഷ്യംവഹിക്കുന്ന എത്രയെത്ര തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ടെന്ന് കണ്ണുതുറന്നു നോക്കാനും അവരെ ആഹ്വാനം ചെയ്യുന്നു. ഇവ്വിഷയകമായി ഇതുകൂടി പറഞ്ഞിരിക്കുന്നു: ലോകത്ത് അല്ലെങ്കില്‍ അറേബ്യയില്‍ തന്നെ പുതുതായി ഉയര്‍ന്നുവന്നതോ ജനങ്ങള്‍ക്ക് തീരേ അപരിചിതമോ ആയ ഒരു നൂതന ശബ്ദമല്ല ഇത്. മുഹമ്മദ് നബി (സ) പറയുന്ന ഈ സംഗതികള്‍ ബുദ്ധിയും ജ്ഞാനവും ധിഷണയുമുള്ള ആളുകള്‍ മുമ്പേ പറഞ്ഞുവന്നിട്ടുള്ളതാണ്. നിങ്ങളുടെ ഈ ദേശത്തുതന്നെ ലുഖ്മാന്‍ എന്ന പേരില്‍ പണ്ടൊരു ജ്ഞാനി കഴിഞ്ഞുപോയിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെയും യോഗ്യതയുടെയും കഥകള്‍ ഇപ്പോഴും നിങ്ങള്‍ക്കിടയില്‍ സുപരിചിതമാണ്. അദ്ദേഹത്തിന്റെ തത്വോക്തികളും ഉപദേശവചനങ്ങളും നിങ്ങള്‍ സംഭാഷണങ്ങളിലും മറ്റും ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളിലെ കവികളും പ്രഭാഷകരും അദ്ദേഹത്തെ നിര്‍ലോഭം അനുസ്മരിക്കാറുമുണ്ട്. ഇനി നിങ്ങള്‍തന്നെ നോക്കുക: എന്തായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം? എങ്ങനെയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ധാര്‍മികാധ്യാപനങ്ങള്‍?
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1- അലിഫ്-ലാം-മീം.
2- യുക്തിപൂര്‍ണമായ വേദപുസ്തകത്തിലെ വചനങ്ങളാണിത്.
3- സച്ചരിതര്‍ക്കിതൊരനുഗ്രഹമാണ്. വഴികാട്ടിയും.
4- അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. സകാത്ത് നല്‍കുന്നവരാണ്. പരലോകത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും.
5- അവര്‍ തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴിയിലാണ്. വിജയികളും അവര്‍ തന്നെ.
6- ജനങ്ങളില്‍ വിടുവാക്കുകള്‍ വിലയ്ക്കു വാങ്ങുന്ന ചിലരുണ്ട്. ഒരു വിവരവുമില്ലാതെ മനുഷ്യരെ ദൈവമാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയാന്‍ വേണ്ടിയാണിത്. ദൈവമാര്‍ഗത്തെ പുച്ഛിച്ചുതള്ളാനും. അത്തരക്കാര്‍ക്കാണ് നന്നെ നിന്ദ്യമായ ശിക്ഷയുള്ളത്.
7- അവരിലൊരുവനെ നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അഹങ്കാരത്തോടെ തിരിഞ്ഞുനടക്കും. അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ലാത്ത വിധം. അവന്റെ ഇരു കാതുകളിലും അടപ്പുള്ളപോലെ. അതിനാലവനെ നോവേറിയ ശിക്ഷയെ സംബന്ധിച്ച "ശുഭവാര്‍ത്ത" അറിയിക്കുക.
8- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഉറപ്പായും അനുഗ്രഹപൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.
9- അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ അലംഘനീയമായ വാഗ്ദാനമാണിത്. അവന്‍ ഏറെ പ്രതാപിയും യുക്തിമാനുമാണ്.
10- നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന തൂണുകളൊന്നുമില്ലാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയില്‍ ഊന്നിയുറച്ച പര്‍വതങ്ങളുണ്ടാക്കി. ഭൂമി നിങ്ങളെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതിലവന്‍ സകലയിനം ജീവജാലങ്ങളെയും വ്യാപിപ്പിച്ചു. മാനത്തുനിന്നു മഴ വീഴ്ത്തി. അതുവഴി ഭൂമിയില്‍ നാം സകലയിനം മികച്ച സസ്യങ്ങളേയും മുളപ്പിച്ചു.
11- ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാണ്. എന്നാല്‍ അവനല്ലാത്തവര്‍ സൃഷ്ടിച്ചത് ഏതെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചുതരൂ. അല്ല; അതിക്രമികള്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ്.
12- ലുഖ്മാന്ന് നാം തത്ത്വജ്ഞാനം നല്‍കി. അദ്ദേഹത്തോട് നാം ആവശ്യപ്പെട്ടു: "നീ അല്ലാഹുവിനോടു നന്ദി കാണിക്കുക." ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
13- ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: "എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച."
14- മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്.
15- നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.
16- "എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും." നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്.
17- "എന്റെ കുഞ്ഞുമോനേ, നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നന്മ കല്‍പിക്കുക. തിന്മ വിലക്കുക. വിപത്തു വന്നാല്‍, ക്ഷമിക്കുക. ഇവയെല്ലാം ഉറപ്പായും ഊന്നിപ്പറയപ്പെട്ട കാര്യങ്ങളാണ്.
18- "നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.
19- "നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ!"
20- നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക്അവന്‍ നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്.
21- "അല്ലാഹു ഇറക്കിത്തന്നതിനെ പിന്‍പറ്റുക"യെന്ന് അവരോട് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "അല്ല, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായാണോ ഞങ്ങള്‍ കണ്ടിട്ടുള്ളത് ആ മാര്‍ഗമാണ് ഞങ്ങള്‍ പിന്‍പറ്റുക." കത്തിക്കാളുന്ന നരകത്തീയിലേക്കാണ് പിശാച് അവരെ നയിക്കുന്നതെങ്കില്‍ അതുമവര്‍ പിന്‍പറ്റുമെന്നോ?
22- ആരെങ്കിലും സച്ചരിതനായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ മുറുകെപ്പിടിച്ചത് ഏറ്റം ഉറപ്പുള്ള പിടിവള്ളിയില്‍ തന്നെയാണ്. കാര്യങ്ങളുടെയൊക്കെ പര്യവസാനം അല്ലാഹുവിന്റെ സന്നിധിയിലാണ്.
23- ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാമവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
24- അല്‍പകാലം നാമവരെ സുഖിപ്പിക്കുന്നു. പിന്നീട് നാമവരെ കൊടുംശിക്ഷയിലേക്ക് തള്ളിവിടും.
25- ആകാശഭൂമികളെ പടച്ചതാരെന്നു ചോദിച്ചാല്‍ അവര്‍ പറയും "അല്ലാഹു"വെന്ന്. പറയുക: "സര്‍വ സ്തുതിയും ആ അല്ലാഹുവിനാണ്." എന്നാല്‍ അവരിലേറെ പേരും അത് മനസ്സിലാക്കുന്നില്ല.
26- ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെതാണ്. തീര്‍ച്ചയായും അല്ലാഹു സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.
27- ഭൂമിയിലുള്ള മരങ്ങളൊക്കെയും പേനയാവുക; സമുദ്രങ്ങളെല്ലാം മഷിയാവുക; വേറെയും ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുക; എന്നാലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീര്‍ക്കാനാവില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.
28- നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യും പോലെത്തന്നെയാണ്. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
29- തീര്‍ച്ചയായും അല്ലാഹു രാവിനെ പകലില്‍ കടത്തിവിടുന്നു; പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. അവന്‍ സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഇതൊന്നും നിങ്ങള്‍ കണ്ടറിയുന്നില്ലേ?
30- അതിനൊക്കെ കാരണമിതാണ്. നിശ്ചയമായും അല്ലാഹു മാത്രമാണ് പരമമായ സത്യം. അവനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നതെല്ലാം മിഥ്യയാണ്. അല്ലാഹുതന്നെയാണ് ഉന്നതനും വലിയവനും.
31- നീ കാണുന്നില്ലേ; കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട്.
32- മലകള്‍ പോലുള്ള തിരമാല അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടുംചതിയന്മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയില്ല.
33- മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരു പിതാവിനും തന്റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകന്നും തന്റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കൊടും ചതിയനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.
34- ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ വീഴ്ത്തുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും.
35- അതല്ല; അവര്‍ അല്ലാഹുവോടു പങ്കുചേര്‍ത്തതിന് അനുകൂലമായി സംസാരിക്കുന്ന വല്ല തെളിവും നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ?
36- മനുഷ്യര്‍ക്കു നാം വല്ല അനുഗ്രഹവും അനുഭവിക്കാന്‍ അവസരം നല്‍കിയാല്‍ അതിലവര്‍ മതിമറക്കുന്നു. തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ ചെയ്തുവെച്ചതു കാരണം വല്ല വിപത്തും ബാധിച്ചാലോ; അതോടെ അവരതാ പറ്റെ നിരാശരായിത്തീരുന്നു.
37- അവര്‍ കാണുന്നില്ലേ; അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ജീവിതവിഭവം വിപുലമാക്കുന്നത്? അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുന്നതും. വിശ്വസിക്കുന്ന ജനത്തിന് തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
38- അതിനാല്‍ അടുത്തബന്ധുക്കള്‍ക്കും അഗതിക്കും വഴിപോക്കന്നും അവരുടെ അവകാശം നല്‍കുക. അല്ലാഹുവിന്റെ പ്രീതി കൊതിക്കുന്നവര്‍ക്ക് അതാണുത്തമം. വിജയം വരിക്കുന്നവരും അവര്‍തന്നെ.
39- ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍.
40- അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് അന്നം തന്നു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. അതിനുശേഷം വീണ്ടും ജീവിപ്പിക്കും. ഇവയിലേതെങ്കിലും ഒരുകാര്യം ചെയ്യുന്ന ആരെങ്കിലും നിങ്ങള്‍ സങ്കല്‍പിച്ചുവെച്ച പങ്കാളികളിലുണ്ടോ? അവര്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനും അത്യുന്നതനുമാണ് അവന്‍.
41- മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?
42- പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് മുമ്പുണ്ടായിരുന്നവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കുക. അവരിലേറെ പേരും ബഹുദൈവാരാധകരായിരുന്നു.
43- അതിനാല്‍ അല്ലാഹുവില്‍ നിന്ന് ആര്‍ക്കും തടുത്തുനിര്‍ത്താനാവാത്ത ഒരുനാള്‍ വന്നെത്തും മുമ്പെ നീ നിന്റെ മുഖത്തെ സത്യമതത്തിന്റെ നേരെ തിരിച്ചുനിര്‍ത്തുക. അന്നാളില്‍ ജനം പലവിഭാഗമായി പിരിയും.
44- ആര്‍ സത്യത്തെ തള്ളിപ്പറയുന്നുവോ ആ സത്യനിഷേധത്തിന്റെ ഫലം അവനുതന്നെയാണുണ്ടാവുക. വല്ലവരും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ തങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് സൌകര്യമൊരുക്കുന്നത്.
45- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് പ്രതിഫലം നല്‍കാന്‍ വേണ്ടിയാണിത്. സംശയമില്ല; അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല.
46- സന്തോഷസൂചകമായി കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അവന്റെ അനുഗ്രഹം നിങ്ങളെ ആസ്വദിപ്പിക്കുക; അവന്റെ ഹിതാനുസൃതം കപ്പല്‍ സഞ്ചരിക്കുക; അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ക്കു അന്നം തേടാനവസരമുണ്ടാവുക; അങ്ങനെ നിങ്ങള്‍ നന്ദിയുള്ളവരായിത്തീരുക; ഇതിനെല്ലാം വേണ്ടിയാണത്.
47- നിനക്കുമുമ്പു നാം നിരവധി ദൂതന്മാരെ അവരുടെ ജനതയിലേക്ക് അയച്ചിട്ടുണ്ട്. അവര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തുചെന്നു. അപ്പോള്‍ പാപം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാരം ചെയ്തു. സത്യവിശ്വാസികളെ സഹായിക്കുകയെന്നത് നമ്മുടെ ബാധ്യതയാണ്.
48- കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അങ്ങനെ ആ കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. അവനിച്ഛിക്കുംപോലെ ആ മേഘത്തെ ആകാശത്തു പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുന്നു. അപ്പോള്‍ അവയ്ക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നതായി നിനക്കുകാണാം. അങ്ങനെ അവന്‍ തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവര്‍ക്ക് ആ മഴയെത്തിച്ചുകൊടുക്കുന്നു. അതോടെ അവര്‍ ആഹ്ളാദഭരിതരാകുന്നു.
49- അതിനുമുമ്പ്, അഥവാ ആ മഴ അവരുടെമേല്‍ പെയ്യും മുമ്പ് അവര്‍ പറ്റെ നിരാശരായിരുന്നു.
50- നോക്കൂ; ദിവ്യാനുഗ്രഹത്തിന്റെ വ്യക്തമായ അടയാളങ്ങള്‍. ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം അവനെങ്ങനെയാണ് ജീവനുള്ളതാക്കുന്നത്. സംശയമില്ല; അതുചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
51- ഇനി നാം മറ്റൊരു കാറ്റിനെ അയക്കുന്നു. അതോടെ വിളകള്‍ വിളര്‍ത്ത് മഞ്ഞച്ചതായി അവര്‍ കാണുന്നു. അതിനുശേഷവും അവര്‍ നന്ദികെട്ടവരായിമാറുന്നു.
52- നിനക്കു മരിച്ചവരെ കേള്‍പ്പിക്കാനാവില്ല; തീര്‍ച്ച. പിന്തിരിഞ്ഞുപോകുന്ന കാതുപൊട്ടന്മാരെ വിളി കേള്‍പിക്കാനും നിനക്കു സാധ്യമല്ല.
53- കണ്ണുപൊട്ടന്മാരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍വഴിയിലേക്കു നയിക്കാനും നിനക്കാവില്ല. നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ അനുസരണമുള്ളവരായിത്തീരുകയും ചെയ്തവരെ മാത്രമേ നിനക്കു കേള്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
54- നന്നെ ദുര്‍ബലാവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. പിന്നീട് ആ ദുര്‍ബലാവസ്ഥക്കുശേഷം അവന്‍ നിങ്ങള്‍ക്ക് കരുത്തേകി. പിന്നെ ആ കരുത്തിനുശേഷം ദൌര്‍ബല്യവും നരയും ഉണ്ടാക്കി. അവന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
55- അന്ത്യനിമിഷം വന്നെത്തുംനാളില്‍ കുറ്റവാളികള്‍ ആണയിട്ടു പറയും: "തങ്ങള്‍ ഒരു നാഴിക നേരമല്ലാതെ ഭൂമിയില്‍ കഴിഞ്ഞിട്ടേയില്ല." ഇവ്വിധം തന്നെയാണ് അവര്‍ നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചിരുന്നത്.
56- വിജ്ഞാനവും വിശ്വാസവും കൈവന്നവര്‍ പറയും: "അല്ലാഹുവിന്റെ രേഖയനുസരിച്ചുള്ള ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിങ്ങളവിടെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഉയിര്‍ത്തെഴുന്നേല്‍പു നാളെത്തിയിരിക്കുന്നു. പക്ഷേ, നിങ്ങള്‍ അതേപ്പറ്റി അറിഞ്ഞിരുന്നില്ല."
57- അന്ന്, അതിക്രമം കാണിച്ചവര്‍ക്ക് തങ്ങളുടെ ഒഴികഴിവ് ഒട്ടും ഉപകരിക്കുകയില്ല. അവരോട് പശ്ചാത്താപത്തിന് ആവശ്യപ്പെടുകയുമില്ല.
58- ജനങ്ങള്‍ക്കായി ഈ ഖുര്‍ആനില്‍ നാം എല്ലാത്തരം ഉപമകളും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നീ എന്തു തെളിവുമായി അവരുടെ അടുത്തുചെന്നാലും സത്യനിഷേധികള്‍ പറയും: "നിങ്ങള്‍ കേവലം അസത്യവാദികളല്ലാതാരുമല്ല."
59- കാര്യം ഗ്രഹിക്കാനൊരുക്കമില്ലാത്തവരുടെ ഹൃദയങ്ങള്‍ അല്ലാഹു ഇവ്വിധം അടച്ചുപൂട്ടി മുദ്രവെക്കുന്നു.
60- അതിനാല്‍ നീ ക്ഷമിക്കൂ. അല്ലാഹുവിന്റെ വാഗ്ദാനം തീര്‍ത്തും സത്യം തന്നെ. ദൃഢവിശ്വാസമില്ലാത്ത ജനം നിനക്കൊട്ടും ചാഞ്ചല്യം വരുത്താതിരിക്കട്ടെ.