32 അസ്സജദ:

ആമുഖം
നാമം
15-ാം സൂക്തത്തില്‍ പ്രണാമത്തെ (സജദ) പരാമര്‍ശിച്ചിട്ടുള്ളതുകൊണ്ട് ഈ അധ്യായത്തിന് `അസ്സജദ` എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.   
അവതരണകാലം
പ്രവാചകന്റെ (സ) മക്കാ ഘട്ടത്തിന്റെ മധ്യദശയിലാണ് ഈ അധ്യായം അവതരിച്ചതെന്ന് പ്രഭാഷണ ശൈലിയില്‍നിന്ന് വ്യക്തമാകുന്നുണ്ട്. മധ്യദശയുടെ തന്നെ ആരംഭവേളയിലാണെന്നും കരുതേണ്ടിയിരിക്കുന്നു. കാരണം, പില്‍ക്കാലങ്ങളിലവതീര്‍ണമായ അധ്യായങ്ങളില്‍ കാണപ്പെടുന്നപോലെ മര്‍ദനപീഡനങ്ങളുടെ രൂക്ഷത ഈ വചനങ്ങളില്‍ കാണപ്പെടുന്നില്ല.   
പ്രതിപാദ്യ വിഷയം
തൌഹീദ്, ആഖിറത്ത്, രിസാലത്ത് (ഏകദൈവത്വം, പരലോകം, പ്രവാചകത്വം) എന്നീ മൂന്ന് അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കാനുള്ള ഉദ്ബോധനവും അവ സംബന്ധിച്ച് ആളുകള്‍ ഉന്നയിക്കുന്ന സന്ദേഹങ്ങള്‍ക്കുള്ള വിശദീകരണവുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. മക്കയിലെ അവിശ്വാസികള്‍ നബി (സ)യെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ഇയാള്‍ അതിവിചിത്രമായ വാര്‍ത്തകള്‍ ചമച്ച് നമ്മെ കേള്‍പ്പിക്കുന്നു; ചിലപ്പോള്‍ മരണാനന്തര വാര്‍ത്തകള്‍. നമ്മള്‍ മരിച്ചു മണ്ണില്‍ ലയിച്ചുചേര്‍ന്നു കഴിഞ്ഞശേഷം പിന്നെയും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമത്രേ! എന്നിട്ട് വിചാരണ ചെയ്യപ്പെടുമെന്ന് ! നമുക്ക് സ്വര്‍ഗ- നരകങ്ങള്‍ വിധിക്കുമെന്ന്! ചിലപ്പോള്‍ പറയുന്നു: `നാം ആരാധിക്കുന്ന ദേവീദേവന്‍മാരും പുണ്യാത്മാക്കളും യാതൊന്നുമല്ല. ഒരേയൊരു ദൈവമേ ആരാധ്യനായിട്ടുള്ളൂ.` ചിലപ്പോള്‍ പറയുന്നു: `ഞാന്‍ ദൈവദൂതനാണ്, എനിക്ക് ആകാശത്തുനിന്ന് ദിവ്യസന്ദേശം ലഭിക്കുന്നുണ്ട്. ഞാന്‍ നിങ്ങളോട് പറയുന്ന ഈ വചനങ്ങളൊന്നും എന്റെ വകയല്ല. ദൈവിക വചനങ്ങളാണ്.` എന്തൊക്കെ അത്ഭുത കല്‍പിതങ്ങളാണ് ഈ മനുഷ്യന്‍ നമ്മോട് പറയുന്നത്! ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സൂറയുടെ പ്രമേയം. ഈ മറുപടിയില്‍ അവിശ്വാസികളോട് പറയുകയാണ്: ഇത് ദൈവികവചനമാണെന്നതില്‍ യാതൊരു സംശയവുമില്ല. പ്രവാചകത്വാനുഗ്രഹം വിലക്കപ്പെട്ടിരുന്ന ഒരു ജനതയെ പ്രജ്ഞാശൂന്യതയില്‍ നിന്നുണര്‍ത്താനാണിത് അവതീര്‍ണമായത്. അല്ലാഹുവിങ്കല്‍ നിന്നവതരിച്ചതെന്നു വ്യക്തവും സ്പഷ്ടവുമായ ഇതിനെ സ്വയംകൃതമെന്നു പറയാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? അനന്തരം അവരോടു പറയുന്നു: ഖുര്‍ആന്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് യുക്തിപൂര്‍വം ചിന്തിച്ചുനോക്കുക, അതില്‍ വിചിത്രതരമായിട്ടുള്ളതെന്താണ്? ആകാശഭൂമികളുടെ സൃഷ്ടി നോക്കുക. സ്വന്തം അസ്തിത്വത്തെ നോക്കുക. അവയെല്ലാം ഈ പ്രവാചകന്റെ ജിഹ്വയിലൂടെ പുറത്തുവരുന്ന ഖുര്‍ആന്‍ നല്‍കുന്ന അധ്യാപനങ്ങളെ സത്യപ്പെടുത്തുന്നില്ലേ? ഈ പ്രാപഞ്ചികവ്യവസ്ഥ തെളിവാകുന്നത് ശിര്‍ക്കിന്നാണോ അതോ തൌഹീദിന്നോ? ഈ പ്രാപഞ്ചിക വ്യവസ്ഥയഖിലവും സ്വന്തം സൃഷ്ടിപ്പും കണ്ടിട്ട്, നിങ്ങളുടെ ബുദ്ധി സാക്ഷ്യപ്പെടുത്തുന്നത് നിങ്ങളെ ഒരിക്കല്‍ സൃഷ്ടിച്ചവന്ന് വീണ്ടും സൃഷ്ടിക്കാന്‍ കഴിയില്ല എന്നുതന്നെയാണോ? പിന്നീട് പരലോകത്തിന്റെ ഒരു ചിത്രം വരച്ചുകാണിക്കുകയും വിശ്വാസത്തിന്റെയും നിഷേധത്തിന്റെയും അനന്തരഫലങ്ങള്‍ വിവരിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പ്രോല്‍സാഹിപ്പിക്കുന്നു: ജനങ്ങളേ, ദുഷിച്ച പര്യവസാനം വന്നെത്തുന്നതിനു മുമ്പായി നിഷേധം കൈവെടിയുകയും പര്യവസാനം ശുഭകരമാക്കാനുതകുന്ന ഈ ഖുര്‍ആനിക സന്ദേശങ്ങളെ കൈക്കൊള്ളുകയും ചെയ്യുക. തുടര്‍ന്ന് അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു: മനുഷ്യനെ അവന്റെ കുറ്റങ്ങളെ പ്രതി ഉടനടി അന്തിമവും നിര്‍ണായകവുമായ ശിക്ഷകളാല്‍ പിടികൂടുന്നില്ല എന്നത് അല്ലാഹു മനുഷ്യരോട് കാണിക്കുന്ന മഹത്തായ കാരുണ്യമാണ്. അവന്‍ ആദ്യമാദ്യം ചെറിയ ചെറിയ വിഷമങ്ങളും ബുദ്ധിമുട്ടുകളും തുടര്‍ച്ചയായ ലഘുനഷ്ടങ്ങളും അയക്കുന്നു; അവര്‍ ഉണരാനും കണ്ണുതുറക്കാനും വേണ്ടി. മനുഷ്യന്‍ ഈ പ്രാഥമിക പീഡകളാല്‍ ഉണര്‍ന്നു ബോധവാനാവുകയാണെങ്കില്‍ അതുതന്നെ ഏറ്റം നല്ലത്. അനന്തരം പ്രസ്താവിക്കുന്നു: ഒരു മനുഷ്യന് വേദം അവതരിക്കുക എന്നത് ലോകത്ത് ആദ്യമായി ഉണ്ടാകുന്ന ഒരു പുതുമയൊന്നുമല്ല. ഇതിനുമുമ്പ് മൂസാ(അ)ക്ക് വേദമവതരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. നിങ്ങള്‍പോലും ചെവികൂര്‍പ്പിച്ചു കേള്‍ക്കുന്ന ഈ വചനങ്ങള്‍ ദൈവത്തിന്റേതല്ലെങ്കില്‍ പിന്നെ ആരുടേതാണ്? ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് ഉറപ്പിച്ചുകൊള്ളുക. മൂസാ (അ)യുടെ കാലത്ത് സംഭവിച്ചതെന്താണോ, അതു തന്നെയാണ് ഇവിടെയും സംഭവിക്കുകയെന്ന് മനസ്സിലാക്കുകയും ചെയ്യുക. നേതൃത്വവും നായകത്വവും ഈ ദൈവിക ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വിധിക്കപ്പെട്ടതത്രെ. അതിനെ നിഷേധിക്കുന്നവരുടെ വിധി പരാജയവും. അതിനുശേഷം മക്കയിലെ അവിശ്വാസികളെ ഉണര്‍ത്തുന്നു: നിങ്ങള്‍ വ്യാപാര യാത്രകള്‍ ചെയ്യുമ്പോള്‍ കടന്നുപോകാനിടയാകുന്ന നാമാവശേഷമായ പുരാതന ജനവാസകേന്ദ്രങ്ങളുടെ പര്യവസാനത്തെക്കുറിച്ച് ചിന്തിച്ചു നോക്കുക. ഇതേ പര്യവസാനം നിങ്ങള്‍ക്കുമുണ്ടാകുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? പുറംകാഴ്ചയില്‍ വഞ്ചിതരാവാതിരിക്കുക. ഇന്ന് മുഹമ്മദി(സ)ന്റെ സന്ദേശം ഏതാനും കുട്ടികളും അടിമകളും പാവങ്ങളുമല്ലാതെ കേള്‍ക്കുന്നില്ല എന്നു നിങ്ങള്‍ കാണുന്നു. അദ്ദേഹത്തിനു നേരെ നാനാവശങ്ങളില്‍നിന്നും ആക്ഷേപശകാരങ്ങളും ശാപവര്‍ഷവും ഉണ്ടാകുന്നു. അതിനാല്‍, ഈ ആദര്‍ശം വിജയിക്കാന്‍ പോകുന്നില്ല; നാലുനാള്‍ ഒച്ചപ്പാടുണ്ടാക്കി കെട്ടടങ്ങിക്കൊള്ളും എന്നു നിങ്ങള്‍ കരുതുന്നു. പക്ഷേ അത് നിങ്ങളുടെ ദൃഷ്ടി വഞ്ചിതമായിപ്പോയതുകൊണ്ടുള്ള തോന്നലാണ്. നിങ്ങള്‍ അനുദിനം കണ്ടുകൊണ്ടിരിക്കുന്നില്ലേ, ഇന്ന് നിശ്ശേഷം വരണ്ടുകിടക്കുകയും കാഴ്ചയില്‍ അതിനകത്ത് സസ്യങ്ങളുടെ ഒരു ഖജനാവ് ഒളിഞ്ഞിരിപ്പുണ്ടെന്ന് ഊഹിക്കാന്‍പോലും കഴിയാത്തതുമായ ഒരു ഭൂമി. പക്ഷേ, നാളെ ഒരൊറ്റ മഴക്ക് അതില്‍നിന്ന് സസ്യങ്ങള്‍ മുളച്ചുയരുന്നു. അതിന്റെ ഓരോ കോണുകളില്‍ നിന്നും വികാസത്തിന്റെ ശക്തികള്‍ ഉയര്‍ന്നുവരുന്നു. പ്രഭാഷണം സമാപിച്ചുകൊണ്ട് നബി(സ)യെ അഭിസംബോധന ചെയ്ത് അരുളുന്നു: ഈയാളുകള്‍ താങ്കളുടെ വാക്കുകള്‍ കേട്ട് പരിഹസിക്കുകയാണ്; `ഹേ ശ്രീമാന്‍, ഈ വിജയം എപ്പോഴാണ് താങ്കള്‍ക്കു കൈവരിക. അതിന്റെ തീയതിയൊന്നു പറഞ്ഞുതരാമോ?` അവരോട് പറയുക: ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വിധി പറയുന്ന സന്ദര്‍ഭം ആസന്നമായാല്‍ പിന്നെ അന്നേരം വിശ്വസിച്ചതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല. വിശ്വസിക്കുന്നെങ്കില്‍ ഇപ്പോള്‍തന്നെ വിശ്വസിച്ചുകൊള്ളുക. അന്തിമവിധി കാത്തിരിക്കുകയാണെങ്കില്‍ അതും കാത്ത് ഇരുന്നുകൊള്ളുക.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1- അലിഫ്-ലാം-മീം.
2- ഈ വേദപുസ്തകത്തിന്റെ അവതരണം പ്രപഞ്ചനാഥനില്‍ നിന്നാണ്. ഇതിലൊട്ടും സംശയമില്ല.
3- അതല്ല; ഇത് അദ്ദേഹം കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍; ഇതു നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. നിനക്കു മുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. അവര്‍ നേര്‍വഴിയിലായേക്കാമല്ലോ.
4- ആറു നാളുകളിലായി ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നെയവന്‍ സിംഹാസനസ്ഥനായി. അവനെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
5- ആകാശം മുതല്‍ ഭൂമിവരെയുള്ള സകല സംഗതികളെയും അവന്‍ നിയന്ത്രിക്കുന്നു. പിന്നീട് ഒരുനാള്‍ ഇക്കാര്യം അവങ്കലേക്കുയര്‍ന്നുപോകുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം കൊല്ലത്തിന്റെ ദൈര്‍ഘ്യമുണ്ട് ആ നാളിന്.
6- ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും പരമദയാലുവുമാണ്.
7- താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍നിന്നാണ്.
8- പിന്നെ അവന്റെ വംശപരമ്പരയെ നന്നെ നിസ്സാരമായ ഒരു ദ്രാവകസത്തില്‍ നിന്നുണ്ടാക്കി.
9- പിന്നീട് അവനെ വേണ്ടവിധം ശരിപ്പെടുത്തി. എന്നിട്ട് തന്റെ ആത്മാവില്‍ നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.
10- അവര്‍ ചോദിക്കുന്നു: "ഞങ്ങള്‍ മണ്ണില്‍ ലയിച്ചില്ലാതായാല്‍ പോലും പിന്നെയും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?" അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്.
11- പറയുക: "നിങ്ങളുടെ കാര്യം ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളുടെ ജീവനെടുക്കും. പിന്നീട് നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് മടക്കപ്പെടും."
12- കുറ്റവാളികള്‍ തങ്ങളുടെ നാഥന്റെ അടുത്ത് തലതാഴ്ത്തി നില്‍ക്കുന്നത് നീ കണ്ടിരുന്നെങ്കില്‍! അവര്‍ പറയും: "ഞങ്ങളുടെ നാഥാ, ഞങ്ങളിതാ എല്ലാം നേരില്‍ കണ്ടിരിക്കുന്നു. കേട്ടിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളെ ഒന്നു തിരിച്ചയക്കേണമേ. ഞങ്ങള്‍ നല്ലതു ചെയ്തുകൊള്ളാം. ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം നന്നായി ബോധ്യമായിരിക്കുന്നു." 
13- നാം ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാ ഓരോരുത്തര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ നമ്മില്‍ നിന്നുണ്ടായ പ്രഖ്യാപനം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. "ജിന്നുകളാലും മനുഷ്യരാലും ഞാന്‍ നരകത്തെ നിറയ്ക്കുകതന്നെ ചെയ്യു"മെന്ന പ്രഖ്യാപനം.
14- നിങ്ങളുടെ ഈ നാളുമായുള്ള കണ്ടുമുട്ടല്‍ നിങ്ങള്‍ മറന്നുകളഞ്ഞതിനാല്‍ അതിന്റെ ശിക്ഷ ആസ്വദിച്ചുകൊള്ളുക. നിശ്ചയമായും നാം നിങ്ങളെയും മറന്നിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായുള്ള ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക.
15- നമ്മുടെ വചനങ്ങള്‍ വഴി ഉദ്ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരുംമാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല.
16- പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും.
17- ആര്‍ക്കുമറിയില്ല; തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം.
18- അല്ല; സത്യവിശ്വാസിയായ ഒരാള്‍ തെമ്മാടിയെപ്പോലെയാണെന്നോ? അവര്‍ ഒരുപോലെയാവുകയില്ല.
19- സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗത്തോപ്പുകളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വന്നെത്തിയ ആതിഥ്യമാണത്.
20- എന്നാല്‍ തെമ്മാടിത്തം കാണിച്ചവരുടെ താവളം നരകത്തീയാണ്. അവരതില്‍നിന്ന് പുറത്തുകടക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. അവരോടിങ്ങനെ പറയും: "നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചുകൊള്ളുക."
21- ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ ഇഹലോകത്ത് ചില ചെറിയ ശിക്ഷകള്‍ നാമവരെ അനുഭവിപ്പിക്കും. ഒരുവേള അവര്‍ സത്യത്തിലേക്കു തിരിച്ചുവന്നെങ്കിലോ.
22- തന്റെ നാഥന്റെ വചനങ്ങളിലൂടെ ഉദ്ബോധനം ലഭിച്ചശേഷം അവയെ അവഗണിച്ചവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അത്തരം കുറ്റവാളികളോടു നാം പ്രതികാരം ചെയ്യും; തീര്‍ച്ച.
23- സംശയമില്ല; മൂസാക്കു നാം വേദം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരമൊന്ന് ലഭിക്കുന്നതില്‍ നീ ഒട്ടും സംശയിക്കേണ്ടതില്ല. ഇസ്രയേല്‍ മക്കള്‍ക്ക് നാമതിനെ വഴികാട്ടിയാക്കുകയും ചെയ്തു.
24- അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്‍പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി.
25- അവര്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍, ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിന്റെ നാഥന്‍ തീര്‍പ്പുകല്‍പിക്കും.
26- ഇവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവരുടെ പാര്‍പ്പിടങ്ങളിലൂടെയാണ് ഇവര്‍ നടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇവര്‍ക്കത് നേര്‍വഴി കാണിക്കുന്ന ഗുണപാഠമാകുന്നില്ലേ? തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവര്‍ കേട്ടറിയുന്നില്ലേ?
27- ഇവര്‍ കാണുന്നില്ലേ; വരണ്ട ഭൂമിയിലേക്കു നാം വെള്ളമെത്തിക്കുന്നു; അതുവഴി വിളവുല്‍പാദിപ്പിക്കുന്നു; അതില്‍നിന്ന് ഇവരുടെ കാലികള്‍ക്ക് തീറ്റ ലഭിക്കുന്നു. ഇവരും ആഹരിക്കുന്നു. എന്നിട്ടും ഇക്കൂട്ടര്‍ കണ്ടറിയുന്നില്ലേ?
28- ഇവര്‍ ചോദിക്കുന്നു: "ആ തീരുമാനം എപ്പോഴാണുണ്ടാവുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍?"
29- പറയുക: ആ തീരുമാനം നടപ്പില്‍വരുംനാള്‍, നിശ്ചയമായും സത്യനിഷേധികള്‍ക്ക് വിശ്വാസം കൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. അവര്‍ക്ക് ഇനിയൊരവധി നീട്ടിക്കൊടുക്കുകയുമില്ല.
30- അതിനാല്‍ അവരെ നീ അവഗണിക്കുക. അവരുടെ പര്യവസാനത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും അവരും കാത്തിരിക്കുന്നവരാണ്.