102 അത്തകാസുര്‍

ആമുഖം
നാമം
പ്രഥമസൂക്തത്തിലുളള التَّكَاثُر എന്ന പദമാണ് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 
അവതരണകാലം
മുഫസ്സിറുകളുടെ ദൃഷ്ടിയില്‍ ഈ സൂറ മക്കിയാണെന്ന് അബൂഹയ്യാനും ശൌക്കാനിയും പ്രസ്താവിച്ചിരിക്കുന്നു. ഇത് മക്കീ സൂറയാണെന്ന അഭിപ്രായംതന്നെയാണ് പ്രചുരമായതെന്ന് ഇമാം സുയൂത്വിയും പ്രസ്താവിക്കുന്നു. എന്നാല്‍ ഇതു മദനിയാണെന്ന് വാദിക്കാനാസ്പദമായ ചില നിവേദനങ്ങളുണ്ട്. അവ ചുവടെ: ഇബ്നു അബീഹാതിം  അബൂബുറൈദയില്‍നിന്ന് ഉദ്ധരിക്കുന്നു: `ബനൂഹാരിഥ, ബനുല്‍ഹര്‍ഥ് എന്നീ രണ്ട് അന്‍സാരീ ഗോത്രങ്ങളെക്കുറിച്ചാണ് ഈ സൂറ അവതരിച്ചത്. ഈ രണ്ടു ഗോത്രങ്ങളും അവരില്‍ ജീവിച്ചിരിക്കുന്നവരുടെ പേരില്‍ പണ്ടുമുതലേ പരസ്പരം ഊറ്റം പറയാറുണ്ട്. കൂടാതെ ശ്മശാനത്തില്‍ പോയി തങ്ങളുടെ മണ്‍മറഞ്ഞ പൂര്‍വികരുടെ പ്രതാപം പാടാറുമുണ്ട്. ഇതേക്കുറിച്ചാണ് 
أَلْهَاكُمُ التَّكَاثُرُ
എന്ന ദൈവികവചനമവതരിച്ചത്.` പക്ഷേ, അവതരണ പശ്ചാത്തലം സംബന്ധിച്ച് സഹാബത്തും താബിഉകളും സ്വീകരിച്ചിരുന്ന സമ്പ്രദായം മുന്നില്‍വെച്ചു പരിശോധിച്ചാല്‍ ഈ സൂറ ഇപ്പറഞ്ഞ സംഭവത്തെക്കുറിച്ചുതന്നെയാണ് അവതരിച്ചതെന്നതിന് ഈ നിവേദനം തെളിവാകുന്നില്ല. പ്രസ്തുത രണ്ടു ഗോത്രങ്ങളുടെ നടപടികള്‍ക്ക് ഈ സൂറ ബാധകമാകുന്നു എന്നേ അതിനര്‍ഥമുളളൂ. ഇമാം ബുഖാരിയും ഇബ്നുജരീറും  ഹ. ഉബയ്യുബ്നു കഅ്ബില്‍നിന്ന് ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: لَو أنَّ لاِبْنِ آدَمَ وَادِيَيْنِ مِنْ مَالٍ لَتَمَنَّى وَادِيًا ثَالِثًا وَلاَ يَمْلأُ جَوْفُ ابْنِ آدمَ إلاَّ التُّرَابَ (മനുഷ്യപുത്രന് സമ്പത്തിന്റെ രണ്ടു താഴ്വരകളുണ്ടായാല്‍ അവന്‍ മൂന്നാമതൊന്നിനു വേണ്ടി കൊതിക്കുന്നു. മണ്ണിനല്ലാതെ മറ്റൊന്നിനും മനുഷ്യപുത്രന്റെ വയര്‍ നിറയ്ക്കാനാവില്ല)  H963 എന്ന തിരുവചനം ഞങ്ങള്‍ ഖുര്‍ആനില്‍ പെട്ടതായി മനസ്സിലാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് 
أَلْهَاكُمُ التَّكَاثُرُ
എന്ന വചനമവതരിച്ചത്.` ഹ. ഉബയ്യ് മദീനയില്‍ വെച്ചാണ് മുസ്ലിമായത് എന്ന അടിസ്ഥാനത്തിലാണ് ഈ നിവേദനം സൂറ അത്താകാസുര്‍ മദീനയിലവതരിച്ചതാണെന്നതിന് തെളിവാകുന്നത്. പക്ഷേ, സഹാബാകിറാം ഏതര്‍ഥത്തിലാണ് പ്രസ്തുത നബിവചനത്തെ ഖുര്‍ആനില്‍പെട്ടതായി മനസ്സിലാക്കിയിരുന്നതെന്ന് ഉബയ്യിന്റെ ഈ പ്രസ്താവനയില്‍നിന്ന് വ്യക്തമാകുന്നില്ല. അതിന്റെ താല്‍പര്യം ആ നബിവചനത്തെ ഖുര്‍ആനിലെ ഒരു സൂക്തമായി കരുതിയിരുന്നുവെന്നാണെങ്കില്‍ അത് സ്വീകാരയോഗ്യമല്ല. കാരണം, സഹാബത്തിലെ ഭൂരിപക്ഷവും ഖുര്‍ആന്‍ അക്ഷരംപ്രതി അറിയുന്നവരായിരുന്നു. അവരെങ്ങനെയാണ് ഈ നബിവചനം ഖുര്‍ആനിലെ ഒരു സൂക്തമാണെന്ന് തെറ്റിദ്ധരിക്കാനിടയാവുക? ഖുര്‍ആനില്‍പ്പെട്ടതാണ് എന്നതുകൊണ്ടുദ്ദേശ്യം, ഖുര്‍ആനായി സ്വീകരിക്കപ്പെട്ടതാണ് എന്നാണെങ്കില്‍ അതിന്റെ താല്‍പര്യം ഇങ്ങനെയാകാം: മദീനയില്‍ വെച്ച് ഇസ്ലാം സ്വീകരിച്ച പ്രവാചകശിഷ്യന്മാര്‍ പ്രവാചക ജിഹ്വയില്‍നിന്ന് ഈ സൂറ ആദ്യമായി കേട്ടപ്പോള്‍ അത് അപ്പോള്‍ അവതരിച്ചതാണെന്ന് കരുതിയിരുന്നു. തുടര്‍ന്ന് ഉപരിസൂചിത നബിവചനത്തെക്കുറിച്ച്, അത് പ്രസ്തുത സൂറയില്‍നിന്ന് എടുക്കപ്പെട്ടതാണെന്നും കരുതി. ഇബ്നു ജരീര്‍, തിര്‍മിദി, ഇബ്നു മുന്‍ദിര്‍ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ ഹ. അലിയില്‍നിന്ന് ഇങ്ങനെ നിവേദനം ചെയ്തിരിക്കുന്നു: 
أَلْهَاكُمُ التَّكَاثُرُ
അവതരിക്കുന്നത് വരെ ഞങ്ങള്‍ ഖബ്ര്‍ശിക്ഷയെക്കുറിച്ച് വലിയ സന്ദേഹത്തിലായിരുന്നു.` ഖബ്ര്‍ശിക്ഷ സംബന്ധിച്ച ചര്‍ച്ച മദീനയില്‍ വെച്ചാണുണ്ടായതെന്നും മക്കയില്‍  അതു സംബന്ധിച്ച സംസാരമൊന്നും ഉണ്ടായിട്ടില്ലെന്നും ഉളള അടിസ്ഥാനത്തിലാണ് ഈ നിവേദനം ഈ സൂറ മദനിയാണെന്നതിനു തെളിവാകുന്നത്. എന്നാല്‍ അതബദ്ധമാണ്. മക്കീ സൂറകളിലും നിരവധി സ്ഥലങ്ങളില്‍ ഖബ്ര്‍ശിക്ഷയെ സംശയത്തിനിടമില്ലാത്ത വിധം ഖണ്ഡിതമായ പദങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സൂറ അല്‍അന്‍ആം 93  6:93, അന്നഹ്ല്‍28  16:28, അല്‍മുഅ്മിനൂന്‍ 99,100  23:99 , അല്‍മുഅ്മിന്‍ 45,46  40:45 സൂക്തങ്ങള്‍ നോക്കുക. അവയെല്ലാം മക്കീ സൂറകളാകുന്നു. അതുകൊണ്ട്, ഹ. അലിയുടെ പ്രസ്താവനയില്‍നിന്ന് വല്ലതും തെളിയുന്നുണ്ടെങ്കില്‍ അത് മേല്‍പറഞ്ഞ സൂറകള്‍ക്ക് മുമ്പുതന്നെ സൂറ അത്തകാസുര്‍ അവതരിച്ചു കഴിഞ്ഞിരുന്നുവെന്നാണ്. അതിന്റെ അവതരണം ഖബ്ര്‍ശിക്ഷയെക്കുറിച്ച് സഹാബത്തിനുണ്ടായിരുന്ന സംശയം ദൂരീകരിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍തന്നെയാണ് മേല്‍പറഞ്ഞ നിവേദനങ്ങളുണ്ടായിട്ടും ഖുര്‍ആന്‍വ്യാഖ്യാതാക്കളില്‍ ബഹുഭൂരിപക്ഷവും ഈ സൂറ മക്കിയാണെന്ന വീക്ഷണത്തില്‍ യോജിച്ചത്. നമ്മുടെ വീക്ഷണത്തില്‍ ഇതു മക്കിയാണെന്നു മാത്രമല്ല; ഇതിന്റെ ഉളളടക്കവും ശൈലിയും ഇത് മക്കയില്‍ പ്രവാചകത്വത്തിന്റെ ആദ്യകാലങ്ങളിലവതരിച്ച സൂറകളില്‍പെട്ടതാണെന്നു തെളിയിക്കുന്നുമുണ്ട്. 
ഉള്ളടക്കം
ഈ സൂറ ഭൌതിക പൂജയുടെ അനന്തരഫലത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ്. ഭൌതികഭ്രമത്താല്‍ അവര്‍ അന്ത്യശ്വാസം വരെ സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും പ്രതാപവും സുഖാനന്ദങ്ങളും വാരിക്കൂട്ടാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവ നേടിയതിന്റെ പേരില്‍ അവര്‍ അഭിമാനമപുളകിതരാകുന്നു. അതിനുപരി മറ്റൊന്നും ശ്രദ്ധിക്കാനുളള പ്രജ്ഞയേ ഇല്ലാത്തവണ്ണം അവര്‍ അതിനെക്കുറിച്ചുളള വിചാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അതിന്റെ പരിണതിയെക്കുറിച്ചുണര്‍ത്തിയ ശേഷം ആളുകളോടു പറയുന്നു: നിങ്ങള്‍ ബോധമില്ലാതെ വാരിക്കൂട്ടുന്ന ഈ അനുഗ്രഹങ്ങളുണ്ടല്ലോ, അവ അനുഗ്രഹങ്ങള്‍ മാത്രമല്ല; നിങ്ങളെ പരീക്ഷിക്കാനുളള ഉപാധികള്‍കൂടിയാണ്. ഈ അനുഗ്രഹങ്ങളിലോരോന്നിനെക്കുറിച്ചും നിങ്ങള്‍ പരലോകത്ത് സമാധാനം ബോധിപ്പിക്കേണ്ടിവരും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു.
2-നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ.
3-സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും.
4-വീണ്ടും സംശയം വേണ്ട; നിങ്ങളതറിയുകതന്നെ ചെയ്യും.
5-നിസ്സംശയം! നിങ്ങള്‍ ദൃഢമായ അറിവ് നേടിയിരുന്നെങ്കില്‍!
6-നരകത്തെ നിങ്ങള്‍ നേരില്‍ കാണുകതന്നെ ചെയ്യും.
7-പിന്നെ നിങ്ങളതിനെ ഉറപ്പായും കണ്ണുകൊണ്ട് കാണുകതന്നെ ചെയ്യും.
8-പിന്നീട് നിങ്ങളനുഭവിച്ച സുഖാനുഗ്രഹങ്ങളെപ്പറ്റി അന്ന് നിങ്ങളെ ചോദ്യം ചെയ്യും.