101 അല്‍ഖാരിഅ:

ആമുഖം
നാമം
പ്രഥമപദമായ القَارِعَة ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇത് വെറും പേരു മാത്രമല്ല; ഉളളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാണ്. ഈ സൂറയില്‍ പറയുന്നതത്രയും അന്ത്യനാളിനെക്കുറിച്ചുതന്നെയാണ്. 
അവതണകാലം
ഈ സൂറ മക്കയിലവതരിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മക്കയില്‍ പ്രവാചകത്വത്തിന്റെ ആദ്യ നാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. 
ഉള്ളടക്കം
ഉയിര്‍ത്തെഴുന്നേല്‍പും പരലോകവുമാണീ സൂറയുടെ പ്രമേയം. ആദ്യമായി `ഘോരസംഭവം`, `എന്താണ് ഘോരസംഭവം`, `ആ ഘോരസംഭവം എന്തെന്നു നിനക്കെന്തറിയാം` എന്നു പറഞ്ഞുകൊണ്ട് അനുവാചകരില്‍ ജിജ്ഞാസയുണര്‍ത്തുന്നു. ഇങ്ങനെ അനുവാചകരെ ഏതോ ഭീകരസംഭവം നടക്കാന്‍ പോകുന്നതിന്റെ വാര്‍ത്ത കേള്‍ക്കാന്‍ ഉത്സുകരാക്കിയശേഷം രണ്ടു വചനങ്ങളിലായി അവരുടെ മുന്നില്‍ അന്ത്യനാളിന്റെ ചിത്രം വരച്ചുകാട്ടുകയാണ്. അന്ന് ആളുകള്‍ വെപ്രാളപ്പെട്ട് വെളിച്ചത്തിനു ചുറ്റും പാറിനടക്കുന്ന പാറ്റകളെന്നോണം ചിതറിപ്പായുന്നതാണ്. പര്‍വതങ്ങള്‍ അവയുടെ സ്ഥാനങ്ങളില്‍നിന്ന് ഇളകിയുയര്‍ന്നു പോകും. അവയുടെ ബന്ധനങ്ങള്‍ അഴിഞ്ഞുപോകും. അവ കടഞ്ഞെടുത്ത കമ്പിളി പോലെയായിത്തീരുന്നതാണ്. തുടര്‍ന്ന് പറയുന്നു: പരലോകത്ത് മനുഷ്യരെ വിചാരണ ചെയ്യാന്‍ സ്ഥാപിതമാകുന്ന ദൈവിക കോടതിയില്‍ വിധിത്തീര്‍പ്പുണ്ടാവുക, ഒരുവന്റെ സല്‍ക്കര്‍മങ്ങള്‍ അവന്റെ ദുഷ്കര്‍മങ്ങളെക്കാള്‍ കൂടുതലാണോ അതല്ല, അവന്റെ ദുഷ്കര്‍മമാണോ സല്‍ക്കര്‍മത്തെക്കാള്‍ കൂടുതല്‍ എന്നതിനെ മാത്രം ആധാരമാക്കിയിട്ടായിരിക്കും. ഒന്നാമത്തെ വിഭാഗത്തില്‍പെട്ട മനുഷ്യര്‍ക്ക് ആനന്ദകരമായ ജീവിതത്തിന് സൌഭാഗ്യം സിദ്ധിക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍പെട്ടവര്‍ ആളിക്കത്തുന്ന നരകത്തിന്റെ അഗാധതയിലേക്ക് എറിയപ്പെടുകയും ചെയ്യുന്നു.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഭയങ്കര സംഭവം!
2-എന്താണാ ഭയങ്കര സംഭവം?
3-ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം?
4-അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും.
5-പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.
6-അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ,
7-അവന് സംതൃപ്തമായ ജീവിതമുണ്ട്.
8-ആരുടെ തുലാസിന്‍ തട്ട് കനം കുറയുന്നുവോ,
9-അവന്റെ സങ്കേതം ഹാവിയ ആയിരിക്കും.
10-ഹാവിയ ഏതെന്ന് നിനക്കെന്തറിയാം?
11-അത് കൊടും ചൂടുള്ള നരകത്തീ തന്നെ.