100 അല്‍ആദിയാത്ത്

ആമുഖം
നാമം
പ്രഥമ പദമായ العَادِيَات ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഇത് മക്കിയാണെന്നും മദനിയാണെന്നും തര്‍ക്കമുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദ്, ജാബിര്‍, ഇക്രിമ, ഹസന്‍ ബസ്വരി, അത്വാഅ്  തുടങ്ങിയവര്‍ ഇത് മക്കീ സൂറയാണെന്നു പ്രസ്താവിച്ചിരിക്കുന്നു. അനസുബ്നു മാലികും ഖതാദയും പറയുന്നത് മദനിയാണെന്നത്രേ. ഇബ്നു അബ്ബാസില്‍ നിന്നാവട്ടെ രണ്ടഭിപ്രായവും ഉദ്ധരിക്കപ്പെടുന്നുണ്ട്; മക്കിയാണെന്നും മദനിയാണെന്നും. എന്നാല്‍, സൂറയുടെ പ്രതിപാദന ശൈലിയില്‍നിന്നും വ്യക്തമാകുന്നത് ഇത് മക്കിയാണെന്ന് മാത്രമല്ല, മക്കയില്‍തന്നെ പ്രവാചകന്റെ ആദ്യനാളുകളിലവതരിച്ചതാണെന്നാകുന്നു. 
ഉള്ളടക്കം
പരലോകത്തെ നിഷേധിക്കുകയോ അശ്രദ്ധമായി അവഗണിക്കുകയോ ചെയ്യുന്നതുകൊണ്ട് മനുഷ്യന്‍ ധാര്‍മികമായി എന്തുമാത്രം അധഃപതിച്ചുപോകുന്നു എന്ന് മനസ്സിലാക്കിത്തരികയാണ് ഈ സൂറയുടെ ലക്ഷ്യം. അതോടൊപ്പം, പരലോകത്ത് അവരുടെ കര്‍മങ്ങള്‍ മാത്രമല്ല, മനസ്സിലൊളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍പോലും കണിശമായി വിചാരണ ചെയ്യപ്പെടുമെന്ന് ജനങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു. അറേബ്യയില്‍ വ്യാപകമായിവരുന്ന അരക്ഷിതാവസ്ഥയെ ഇവ്വിഷയത്തില്‍ ഒരു തെളിവായി ഉന്നയിച്ചിരിക്കുകയാണ്. നാനാഭാഗത്തും നടമാടിയിരുന്ന സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രയുദ്ധങ്ങളും മൂലം ആ പ്രദേശമാകെ എരിപൊരികൊളളുകയായിരുന്നുവല്ലോ. പ്രഭാതത്തില്‍ ഏതെങ്കിലും ശത്രുക്കള്‍ തങ്ങളുടെ ദേശത്തിന്‍മേല്‍ ചാടിവീണേക്കുമോ എന്ന ഉല്‍ക്കണ്ഠ കൂടാതെ ഒരാള്‍ക്കും സമാധാനത്തോടെ രാപാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അറബികള്‍ക്കെല്ലാം അറിയാമായിരുന്നതാണ് ഈ അവസ്ഥ. അതിന്റെ നികൃഷ്ടത അവര്‍ക്കനുഭവപ്പെടുകയും ചെയ്തിരുന്നു. കൊള്ളയടിക്കപ്പെടുന്നവര്‍ അതില്‍ വിലപിക്കുകയും കൊള്ളയടിക്കുന്നവര്‍ ആഹ്ളാദിക്കുകയും ചെയ്തു. എന്നാല്‍, വല്ലപ്പോഴും ദൌര്‍ഭാഗ്യം കൊളളയടിക്കുന്നവരെ പിടികൂടിയാല്‍, തങ്ങളകപ്പെട്ടിട്ടുളള പരിതോവസ്ഥ എന്തുമാത്രം നികൃഷ്ടമാണെന്ന് അവര്‍ക്കും മനസ്സിലായിരുന്നു. ഈ സ്ഥിതിവിശേഷം സൂചിപ്പിച്ചുകൊണ്ട് പറയുന്നു: മരണാനന്തര ജീവിതത്തെയും അതില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ സമാധാനം ബോധിപ്പിക്കേണ്ടതിനെയും സംബന്ധിച്ച അജ്ഞതയാല്‍ മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ദൈവദത്തമായ കഴിവുകളെ അക്രമമര്‍ദനങ്ങളിലും കൊളളകളിലുമാണുപയോഗിക്കുന്നത്. സമ്പത്തിലും സ്ഥാനങ്ങളിലുമുളള ആര്‍ത്തിയാല്‍ അന്ധനായി സകല മാര്‍ഗങ്ങളിലൂടെയും അത് വാരിക്കൂട്ടുവാന്‍ പാടുപെടുകയാണവന്‍. വൃത്തികെട്ടതും പാപപങ്കിലവുമായ ഏതു മാര്‍ഗവും അവലംബിക്കുന്നതില്‍ അവന് ഒരു സങ്കോചവുമില്ല. അവന്റെ ഈ നിലപാടുതന്നെ അവന്‍ തന്റെ രക്ഷിതാവിനാല്‍ നല്‍കപ്പെട്ട കഴിവുകളെ തെറ്റായി ഉപയോഗിച്ച് അവനോട് കൃതഘ്നത കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരിക്കല്‍ താന്‍ ശ്മശാനങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും, തങ്ങളെ ഈ ലോകത്ത് സകലവിധ ധര്‍മകൃത്യങ്ങള്‍ക്കും പ്രേരിപ്പിച്ചിരുന്ന ആഗ്രഹാഭിലാഷങ്ങള്‍ പോലും അന്നു മനസ്സുകളില്‍നിന്നും പുറത്തെടുത്ത് മുന്നില്‍ വെക്കപ്പെടുമെന്നും അറിയുകയാണെങ്കില്‍ അവരൊരിക്കലും ഈ നിലപാട് അനുവര്‍ത്തിക്കുകയില്ല. അന്ന് ആര്‍ എന്തു പ്രവര്‍ത്തിച്ചിട്ടാണ് വന്നുചേര്‍ന്നിട്ടുളളതെന്നും, ആരോട് എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മനുഷ്യരുടെ നാഥന് നന്നായറിയാം.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-കിതച്ചോടുന്നവ സാക്ഷി.
2-അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി.
3-പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി.
4-അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി.
5-ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി.
6-തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്
7-ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്;
8-ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ;
9-അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും.
10-ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍.
11-സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.