99 അസ്സല്‍സല

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ زِلْزَالَهَا എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായനാമം. 
അവതണകാലം
ഈ സൂറ മക്കിയോ മദനിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. മക്കിയാണെന്നാണ് ഇബ്നുമസ്ഊദും  ജാബിറും അത്വാഉം  മുജാഹിദും പ്രസ്താവിച്ചിട്ടുളളത്. ഇബ്നു അബ്ബാസും ഒരു പ്രസ്താവനയില്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്. ഖതാദയും മുഖാതിലും പ്രസ്താവിച്ചിട്ടുളളത് ഇതു മദനിയാണെന്നത്രേ. ഇതിനെ പിന്തുണയ്ക്കുന്ന ഒരഭിപ്രായവും ഇബ്നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതു മദനിയാണെന്നതിനു തെളിവായി ഉന്നയിക്കപ്പെടുന്നത് അബൂസഈദില്‍ ഖുദ്രിയില്‍നിന്ന്  അബൂഹാതിം ഉദ്ധരിച്ച  ഈ നിവേദനമാണ്: فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَه എന്ന സൂക്തം അവതരിച്ചപ്പോള്‍ ഞാന്‍ റസൂല്‍(സ)തിരുമേനിയോട് ചോദിച്ചു: "ഞാന്‍ എന്റെ കര്‍മങ്ങള്‍ കാണുമെന്നോ?`` തിരുമേനി: "അതെ.`` ഞാന്‍: "ഈ മഹാപാപങ്ങള്‍?`` തിരുമേനി: "അതെ.`` ഞാന്‍: "ഈ ചെറിയ ചെറിയ കുറ്റങ്ങളും?`` തിരുമേനി: "അതെ.`` ഞാന്‍: "എങ്കില്‍ ഞാന്‍ നശിച്ചതുതന്നെ.`` തിരുമേനി: "സന്തോഷിച്ചുകൊളളുക അബൂസഈദ്, എന്തുകൊണ്ടെന്നാല്‍ ഓരോ നന്മയും അതുപോലുളള പത്തു നന്മകള്‍ക്കു തുല്യമായിരിക്കും.`` ഈ സൂറ മദനിയായിരിക്കുന്നതിന് ഈ ഹദീസ് തെളിവാകുന്നത്, അബൂസഈദ് മദീനാവാസിയായിരുന്നു എന്നതുകൊണ്ടും ഉഹുദ്യുദ്ധത്തിനുശേഷമാണ് അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായത് എന്നതുകൊണ്ടുമാകുന്നു. അതുകൊണ്ട് അബൂസഈദി(റ)ന്റെ പ്രസ്താവനയില്‍നിന്ന് വ്യക്തമാകുന്നതുപോലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഈ സൂറ അവതരിച്ചതെങ്കില്‍ അത് മദനി തന്നെയായിരിക്കണം. പക്ഷേ, സൂറകളുടെയും സൂക്തങ്ങളുടെയും അവതരണപശ്ചാത്തലത്തെസ്സംബന്ധിച്ചിടത്തോളം സഹാബത്തും താബിഉകളും അവലംബിച്ചിരുന്ന രീതിയെസ്സംബന്ധിച്ച് ഇതിനുമുമ്പ് സൂറ അദ്ദഹ്റിന്റെ ആമുഖത്തില്‍ നാം വിശദീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, ഒരു സഹാബി ഇന്ന സൂക്തം ഇന്ന സംഭവത്തില്‍ അവതരിച്ചതാണെന്ന് പറയുന്നത്; ആ സൂക്തം ആ സമയത്തുതന്നെ അവതരിച്ചതാണെന്നതിനുള്ള ഖണ്ഡിതമായ തെളിവാകുന്നില്ല. ഒരുപക്ഷേ, അബൂസഈദിന് തന്റേടമുറച്ച ശേഷം ആദ്യമായി തിരുവായില്‍നിന്ന് ഈ സൂറ കേട്ടപ്പോള്‍ അതിന്റെ അവസാന സൂക്തത്തില്‍ സംഭീതനായി അദ്ദേഹം തിരുമേനിയോട് മേല്‍പറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കുകയും ആ സംഭവത്തെ, ഈ സൂക്തം അവതരിപ്പിച്ചപ്പോള്‍, ഞാന്‍ നബി(സ)യോട് ഇപ്രകാരം ചോദിച്ചു എന്നു പരാമര്‍ശിക്കുകയും ചെയ്തതുമാവാം. ഈ നിവേദനം കാണുന്നില്ലെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിവായിക്കുന്ന ഏതൊരാള്‍ക്കും ഇത് മക്കിയാണെന്നേ തോന്നൂ; മക്കയില്‍തന്നെ, വളരെ സംക്ഷിപ്തവും മനസ്സില്‍ തറഞ്ഞുകയറുന്നതുമായ ശൈലിയില്‍ ഇസ്ലാമിന്റെ അടിസ്ഥാനാദര്‍ശങ്ങള്‍ ജനസമക്ഷം സമര്‍പ്പിച്ചുകൊണ്ടിരുന്ന ആദ്യകാലത്തും. 
ഉള്ളടക്കം
മനുഷ്യന്റെ മരണാനന്തര ജീവിതവും, അതില്‍ അവന്‍ ഭൌതികജീവിതത്തില്‍ അനുഷ്ഠിച്ച കര്‍മങ്ങളാസകലം ഹാജരാക്കപ്പെടുന്നതുമാണ് സൂറയുടെ ഉളളടക്കം. ആദ്യമായി മൂന്നു കൊച്ചു വാക്യങ്ങളിലായി, മരണാനന്തര ജീവിതം എവ്വിധമാണ് നിലവില്‍വരികയെന്നും മനുഷ്യനെ സംബന്ധിച്ചിടത്തോളം അതെന്തുമാത്രം സംഭ്രമകരമായിരിക്കുമെന്നും വര്‍ണിച്ചിരിക്കുന്നു. തുടര്‍ന്ന് രണ്ടു വാക്യങ്ങളിലായി പറയുന്നു: മനുഷ്യന്‍ നിശ്ചിന്തനായി തോന്നുന്നതൊക്കെ പ്രവര്‍ത്തിച്ച ഈ ഭൂമി, എന്നെങ്കിലുമൊരു നാള്‍ തന്റെ കര്‍മങ്ങള്‍ക്കെല്ലാം സാക്ഷിപറയുമെന്ന് അവന്‍ സ്വപ്നേപി വിചാരിച്ചിട്ടില്ലാത്ത ഈ നിര്‍ജീവ വസ്തു അന്നേ ദിവസം അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് സംസാരിച്ചു തുടങ്ങും. ഓരോ മനുഷ്യനെ സംബന്ധിച്ചും അവന്‍ എപ്പോള്‍ എന്തെല്ലാം ചെയ്തുവെന്നും അത് പറയും. അന്ന് ഭൂമിയുടെ മുക്കുമൂലകളില്‍നിന്ന് മനുഷ്യന്‍ സ്വകര്‍മങ്ങള്‍ കാണുന്നതിനുവേണ്ടി കൂട്ടംകൂട്ടമായി തങ്ങളുടെ നിദ്രാസ്ഥാനങ്ങളില്‍നിന്ന് ഉണര്‍ന്നെണീറ്റ് വരുമെന്നാണ് പിന്നെ പറയുന്നത്. കര്‍മങ്ങളുടെ ഈ പ്രദര്‍ശനം സമ്പൂര്‍ണവും വിശദവുമായിരിക്കും. അണുഅളവ് നന്മയോ തിന്മയോ കണ്ണില്‍പെടാതെ പോവില്ല
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഭൂമി അതിശക്തിയായി വിറകൊണ്ടാല്‍.
2-ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍.
3-മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?
4-അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും.
5-നിന്റെ നാഥന്‍ അതിനു ബോധനം നല്‍കിയതിനാലാണിത്.
6-അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍.
7-അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും.
8-അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും.