106 ഖുറൈശ്

ആമുഖം
നാമം
പ്രഥമ സൂക്തത്തില്‍തന്നെയുളള قُرَيْش എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ദഹ്ഹാകും  കല്‍ബിയും ഈ സൂറ മദനിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഖുര്‍ആന്‍വ്യാഖ്യാതാക്കളും ഇത് മക്കിയാണെന്ന കാര്യത്തില്‍ യോജിച്ചിരിക്കുന്നു. ഈ സൂറയില്‍തന്നെയുളള `ഈ മന്ദിരത്തിന്റെ നാഥന്‍` എന്ന പ്രയോഗം ഇതു മക്കിയാണെന്നതിന്റെ സ്പഷ്ടമായ തെളിവാകുന്നു. സൂറ മദീനയിലാണവതരിച്ചതെങ്കില്‍ കഅ്ബയെക്കുറിച്ച് `ഈ മന്ദിരം` എന്നു പറയുന്നതെങ്ങനെയാണ് യോജിക്കുക? കൂടാതെ ഇതിന്റെ ഉളളടക്കം സൂറ അല്‍ഫീലിന്റെ ഉളളടക്കത്തോട് അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നു. അതു പരിഗണിച്ചാല്‍ ഈ സൂറ മിക്കവാറും സൂറ അല്‍ഫീലിന്ന് തൊട്ടുടനെയായി അവതരിച്ചതായിരിക്കാനാണ് സാധ്യത. രണ്ടു സൂറകളും തമ്മിലുളള ചേര്‍ച്ചയെ ആധാരമാക്കി ചില പൂര്‍വ സൂരികള്‍ ഇവ രണ്ടും യഥാര്‍ഥത്തില്‍ ഒറ്റ സൂറ തന്നെയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹ. ഉബയ്യുബ്നു കഅ്ബിന്റെ മുസ്വ്ഹഫില്‍ രണ്ടു സൂറകളും ഇടയ്ക്ക് ബിസ്മികൊണ്ട് വേര്‍പെടുത്താതെ ഒന്നിച്ചാണെഴുതിയിരുന്നത് എന്ന നിവേദനം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. അതുപോലെ ഉമര്‍(റ) ഒരിക്കല്‍ ഈ രണ്ടു സൂറയെയും കൂട്ടിച്ചേര്‍ത്തു നമസ്കാരത്തില്‍ പാരായണം ചെയ്തിട്ടുളളതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഉസ്മാന്‍(റ) സകല സഹാബികളുടെയും സഹായത്തോടെ ഔദ്യോഗികമായി എഴുതിച്ച് ഇസ്ലാമികനാടിന്റെ എല്ലാ കേന്ദ്രങ്ങളിലേക്കും കൊടുത്തയച്ച മുസ്വ്ഹഫില്‍ ഇവ രണ്ടിനെയും ബിസ്മികൊണ്ട് വേര്‍തിരിച്ചിട്ടുണ്ടായിരുന്നു എന്ന വസ്തുത ഈ അഭിപ്രായത്തെ അസ്വീകാര്യമാക്കുന്നു. അന്നുമുതല്‍ ഇന്നുവരെ ലോകമെങ്ങും ഈ സൂറകളെ വെവ്വേറെ സൂറകളായിട്ടാണ് എഴുതിവരുന്നത്. അതിനും പുറമേ രണ്ടു സൂറയുടെയും ശൈലി പ്രത്യക്ഷത്തില്‍ രണ്ടും വെവ്വേറെയാണെന്ന് തോന്നുംവണ്ണം വ്യത്യസ്തവുമാണ്. 
ചരിത്ര പശ്ചാത്തലം
ഈ സൂറ നന്നായി ഗ്രഹിക്കുന്നതിന് ഇതിന്റെയും സൂറ അല്‍ഫീലിന്റെയും ഉളളടക്കവുമായി അഗാധബന്ധമുളള ചരിത്രപശ്ചാത്തലം മുന്നിലുണ്ടായിരിക്കേണ്ടതാകുന്നു. നബി(സ)യുടെ കുലപതിയായിരുന്ന ഖുസയ്യുബ്നു കിലാബിന്റെ കാലം വരെ ഖുറൈശീഗോത്രം ഹിജാസിലെങ്ങും ചിതറിക്കിടക്കുകയായിരുന്നു. ആദ്യമായി ഖുസയ്യാണ് അവരെ മക്കയില്‍  ഒരുമിച്ചുകൂട്ടിയത്. കഅ്ബയുടെ പരിചരണം അവരുടെ കൈയില്‍ വന്നു. ഇതിന്റെ ഫലമായി ഖുസയ്യിന്ന് مُجَمِّعْ (സംഘാടകന്‍) എന്ന അപരാഭിധാനം ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അതിസമര്‍ഥമായ ആസൂത്രണപാടവം മക്കയില്‍ ഒരു തലസ്ഥാന നഗരിക്ക് അടിത്തറപാകി. അറേബ്യയുടെ വിദൂരഭാഗങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകക്കൂട്ടങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉചിതമായ സംവിധാനങ്ങളേര്‍പ്പെടുത്തി. തദ്ഫലമായി അറേബ്യയിലെങ്ങുമുളള എല്ലാ ഗോത്രങ്ങളിലും ഖുറൈശികള്‍ വലിയ മതിപ്പും സ്വാധീനവും ആര്‍ജിച്ചു. ഖുസയ്യിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രന്മാരായ അബ്ദുമനാഫും അബ്ദുദ്ദാറും മക്കയിലെ നേതൃപദവി പങ്കിട്ടെടുത്തു. എന്നാല്‍ അബ്ദുമനാഫ് തന്റെ പിതാവിന്റെ കാലത്തുതന്നെ ഏറെ വിഖ്യാതനായിരുന്നു. അറബികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ശ്രേഷ്ഠത സുസമ്മതമായിത്തീര്‍ന്നു. അബ്ദുമനാഫിന് നാലു പുത്രന്മാരുണ്ടായി: ഹാശിം, അബ്ദുശ്ശംസ്, മുത്ത്വലിബ്, നൌഫല്‍. ഇക്കൂട്ടത്തിലെ ഹാശിമാണ് അബ്ദുല്‍മുത്ത്വലിബിന്റെ പിതാവും പ്രവാചകന്റെ പ്രപിതാവും. ഈജിപ്ത്, സിറിയ, പൌരസ്ത്യദേശങ്ങള്‍ എന്നിവയ്ക്കിടയില്‍ അറേബ്യവഴി നടന്നുവന്നിരുന്ന രാഷ്ട്രാന്തരീയ വ്യാപാരത്തില്‍ പങ്കുവഹിക്കുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചത് അബ്ദുമനാഫായിരുന്നു. അതോടൊപ്പം അറബികള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി സഞ്ചാരമാര്‍ഗത്തില്‍ വസിക്കുന്ന ഗോത്രങ്ങള്‍ക്ക് വില്‍ക്കാമെന്നും അത് അറേബ്യയിലെ ആഭ്യന്തരവ്യാപാരികളെ മക്കാ ചന്തയിലേക്ക് നയിക്കാനിടയാകുമെന്നും അദ്ദേഹം കണ്ടെത്തി. ഉത്തരദേശങ്ങളിലൂടെയും പേര്‍ഷ്യന്‍ഗള്‍ഫിലൂടെയും റോമാസാമ്രാജ്യവും പൌരസ്ത്യനാടുകളും തമ്മില്‍ നടന്നുവരുന്ന അന്താരാഷ്ട്ര വ്യാപാരത്തിന്റെ നിയന്ത്രണം ഇറാനിലെ സാസാനി ഭരണകൂടം കൈയടക്കിവെച്ച കാലമായിരുന്നു അത്. ഇക്കാരണത്താല്‍ ദക്ഷിണ അറേബ്യയില്‍നിന്ന് ചെങ്കടല്‍ തീരത്തോടു ചേര്‍ന്ന് ഈജിപ്തിലേക്കും സിറിയയിലേക്കും പോയിരുന്ന വ്യാപാരസരണിയുടെ പ്രവര്‍ത്തനം വളരെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടായിരുന്നു. വഴിമധ്യേയുളള അറബിഗോത്രങ്ങളെല്ലാം, കഅ്ബയുടെ പരിചാരകരെന്ന നിലയില്‍ ഖുറൈശികളെ ആദരിച്ചിരുന്നുവെന്നത് മറ്റ് അറബി ഗോത്രങ്ങളുടെ വ്യാപാരസംഘങ്ങളെ അപേക്ഷിച്ച് ഖുറൈശി സാര്‍ഥവാഹകസംഘങ്ങളുടെ പ്രവര്‍ത്തനം എളുപ്പമാക്കി. ഹജ്ജ് കാലത്ത് ഖുറൈശികള്‍ ഹാജിമാര്‍ക്ക് ഉദാരമായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന്റെ പേരില്‍ എല്ലാവരും അവരോട് കൃതജ്ഞതയുളളവരായിരുന്നു. വഴിക്കുവെച്ച് തങ്ങളുടെ സാര്‍ഥക വാഹനങ്ങള്‍ കൊളളയടിക്കപ്പെടുമെന്ന് ഭയപ്പെടേണ്ട അവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ല. വഴിക്കുളള ഗോത്രങ്ങള്‍ക്ക്, മറ്റു ഗോത്രങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നതു പോലെ ഭാരിച്ച വഴിക്കരം ഖുറൈശികളില്‍നിന്ന് പിരിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. ഇതെല്ലാം കണക്കുകൂട്ടിക്കൊണ്ട് ഹാശിം തന്റെ വ്യാപാര പദ്ധതി തയ്യാറാക്കുകയും മറ്റു മൂന്നു സഹോദരന്മാരെയും അതില്‍ പങ്കാളികളാക്കുകയും ചെയ്തു. സിറിയയിലെ ഗസ്സാന്‍ രാജാവില്‍നിന്ന് ഹാശിമും അബ്സീനിയന്‍ രാജാവില്‍നിന്ന് അബ്ദുശ്ശംസും യമനി നാടുവാഴികളില്‍നിന്നു മുത്ത്വലിബും ഇറാഖ്, ഇറാന്‍ ഭരണകൂടങ്ങളില്‍നിന്ന് നൌഫലും വ്യാപാരസംരക്ഷണം നേടി. അങ്ങനെ അവരുടെ കച്ചവടം അതിവേഗം വളര്‍ന്നുകൊണ്ടിരുന്നു. താമസിയാതെ ഈ നാലു സഹോദരന്മാരും مُتَّجِرِين (വണിക്കുകള്‍) എന്ന പേരില്‍ പ്രസിദ്ധരായി. ചുറ്റുമുളള ഗോത്രങ്ങളുമായും രാജ്യങ്ങളുമായും സ്ഥാപിച്ച സൌഹാര്‍ദ ബന്ധത്തെ ആസ്പദമാക്കി അവര്‍ أَصْحَابُ الإيلاَف എന്നും വിളിക്കപ്പെട്ടിരുന്നു. രജ്ഞിപ്പുണ്ടാക്കുന്നവര്‍ എന്നാണിതിനര്‍ഥം. ഈ വ്യാപാരപ്രവര്‍ത്തനം മൂലം ഖുറൈശികള്‍ക്ക് സിറിയ, ഈജിപ്ത്, യമന്‍ , ഇറാഖ് , ഇറാന്‍, അബ്സീനിയ തുടങ്ങിയ നാടുകളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. വിവിധ നാടുകളിലെ സാംസ്കാരിക നാഗരികതകളുമായി നേരിട്ടിടപെട്ടുകൊണ്ടിരുന്നതിനാല്‍ അവരുടെ വൈജ്ഞാനികവും ധൈഷണികവുമായ നിലവാരം ഏറെ ഉയര്‍ന്നു. അവരോട് കിടപിടിക്കുന്ന മറ്റൊരു ഗോത്രവും അറേബ്യയിലുണ്ടായിരുന്നില്ല. സാമ്പത്തികമായും അവര്‍ മറ്ററബികളെക്കാള്‍ മികച്ചവരായിരുന്നു. മക്കയാകട്ടെ, അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട കച്ചവടകേന്ദ്രമായിത്തീരുകയും ചെയ്തു. ഇക്കൂട്ടര്‍ ഇറാഖില്‍നിന്ന് ലിപികള്‍ കൊണ്ടുവന്നു എന്നതും ഈ രാഷ്ട്രാന്തരീയ ബന്ധത്തിന്റെ വലിയൊരു നേട്ടമാണ്. ഈ ലിപിയാണ് പിന്നീട് ഖുര്‍ആന്‍ എഴുതാന്‍ ഉപയോഗിക്കപ്പെട്ടത്. ഖുറൈശികളിലുളളത്ര അക്ഷരാഭ്യാസികള്‍ മറ്റൊരു ഗോത്രത്തിലും ഉണ്ടായിരുന്നില്ല. ഇക്കാരണങ്ങളാലൊക്കെയാണ് നബി(സ) قُرَيْشُ قَادَةُ النَّاس (ഖുറൈശികള്‍ ജനനായകന്മാരാണ്) എന്നു പ്രസ്താവിച്ചത് (മുസ്നദ് അഹ്മദ്, മര്‍വിയ്യാതു അംരിബ്നില്‍ ആസ്വ്). അലി(റ)യില്‍നിന്ന് ബൈഹഖി  ഉദ്ധരിച്ച ഒരു നിവേദനത്തില്‍ ഇങ്ങനെ കാണാം: كَانَ هَـذَا الاَمْرُ فِى حِمْيَرَ فَنَزَعَهُ اللهُ مِنْهُمْ وَجَعَلَهُ فِى قُرَيْش (മുമ്പ് ഈ നേതൃത്വം ഹിംയരികള്‍ക്കായിരുന്നു. പിന്നെ അല്ലാഹു അവരില്‍നിന്നത് ഊരിയെടുത്ത് ഖുറൈശികള്‍ക്കു നല്‍കി). ഖുറൈശികള്‍ ഈ വിധം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മക്കയില്‍ അബ്റഹത്തിന്റെ ആക്രമണമുണ്ടായത്. അന്ന് അബ്റഹത്ത് വിശുദ്ധ പട്ടണം കീഴടക്കുന്നതിലും കഅ്ബ തകര്‍ക്കുന്നതിലും വിജയിച്ചിരുന്നുവെങ്കില്‍ അറേബ്യയില്‍ ഖുറൈശികളുടെ മാത്രമല്ല, കഅ്ബയുടെതന്നെയും അന്തസ്സും പ്രതാപവും അതോടെ അസ്തമിക്കുമായിരുന്നു. കഅ്ബ ദൈവിക ഗേഹമാണെന്നത് ജാഹിലീ അറബികള്‍ പരമ്പരാഗതമായി കൈമാറിവന്ന വിശ്വാസമണ്. ഈ ഗേഹത്തിന്റെ പരിചാരകര്‍ എന്ന നിലയില്‍ നാടെങ്ങും ഖുറൈശികള്‍ നേടിയ ബഹുമാനവും ഒറ്റയടിക്കവസാനിക്കുമായിരുന്നു. അബ്സീനിയക്കാര്‍ മക്കയിലോളം മുന്നേറിയാല്‍ പിന്നെ മക്കയും  സിറിയയും തമ്മിലുളള വ്യാപാരമാര്‍ഗം കൈവശപ്പെടുത്താന്‍ റോമാസാമ്രാജ്യവും മുന്നോട്ടുവരുമായിരുന്നു. ഖുറൈശികളാകട്ടെ ഖുസയ്യുബ്നു കിലാബിന്റെ കാലത്തിനുമുമ്പ് അകപ്പെട്ടിരുന്നതിനെക്കാള്‍ ശോചനീയമായ അധഃസ്ഥിതിയിലേക്ക് തളളപ്പെടുകയും ചെയ്യും. പക്ഷേ, അല്ലാഹു അവന്റെ ശക്തിപ്രഭാവം കാണിച്ചു. പക്ഷിപ്പട ചരല്‍ക്കല്ലെറിഞ്ഞ് അറുപതിനായിരം ഭടന്മാരുളള അബ്സീനിയന്‍ സൈന്യത്തെ നശിപ്പിച്ചുകളഞ്ഞു. മക്ക  മുതല്‍ യമന്‍  വരെയുളള പാതയില്‍ ഈ തകര്‍ന്ന സൈന്യത്തിലെ പടയാളികള്‍ അങ്ങിങ്ങ് മരിച്ചുവീണു. ഇതോടെ കഅ്ബ അല്ലാഹുവിന്റെ ഗേഹമാണെന്ന അറബികളുടെ വിശ്വാസം പൂര്‍വോപരി ദൃഢമായി. അതോടൊപ്പം ഖുറൈശികളുടെ യശസ്സും പണ്ടത്തെക്കാള്‍ വളര്‍ന്നു. അവര്‍ക്ക് അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹമുണ്ടെന്ന് അറബികള്‍ക്ക് ഉറപ്പായി. അവര്‍ അറേബ്യയിലെങ്ങും നിര്‍ഭയം സഞ്ചരിക്കുകയും എല്ലാ പ്രദേശങ്ങളിലൂടെയും ചരക്കുകളുമായി കടന്നുപോവുകയും ചെയ്തുകൊണ്ടിരുന്നു. അവരെ ശല്യപ്പെടുത്താന്‍ ആരും ധൈര്യപ്പെട്ടില്ല. അവരെ ശല്യപ്പെടുത്തുന്നതു പോകട്ടെ അവര്‍ അഭയം കൊടുത്ത ഖുറൈശികളല്ലാത്തവരെപ്പോലും ആരും ഉപദ്രവിച്ചിരുന്നില്ല. 
വചന ലക്ഷ്യം
നബി(സ)യുടെ നിയോഗകാലത്തെ ഈ സാഹചര്യം ഏവര്‍ക്കും അറിയുന്നതായിരുന്നു. അതിനാല്‍ അതു പരാമര്‍ശിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഈ സൂറയിലെ നാലു കൊച്ചുവാക്യങ്ങളിലൂടെ ഖുറൈശികളോട് ഇത്രമാത്രം പറഞ്ഞുമതിയാക്കിയിരിക്കുന്നു: ഈ ഗേഹം (കഅ്ബ) വിഗ്രഹാലയമല്ല, അല്ലാഹുവിന്റെ ഗേഹമാണ് എന്ന് നിങ്ങള്‍തന്നെ അംഗീകരിക്കുന്നു. ഈ മന്ദിരത്തിന്റെ തണലില്‍ നിങ്ങള്‍ക്കഭയമരുളിയതും, നിങ്ങളുടെ കച്ചവടത്തിന്റെ ഈ അഭിവൃദ്ധി, നിങ്ങളെ ക്ഷാമത്തില്‍നിന്നു രക്ഷിച്ച് ഇവ്വിധം സമൃദ്ധിയേകിയതും എല്ലാം അല്ലാഹുവിന്റെ മാത്രം അനുഗ്രഹമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. ഈ വസ്തുതകളെല്ലാം നിങ്ങളോടാവശ്യപ്പെടുന്നത് നിങ്ങള്‍ ആ അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നാണ്.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ഖുറൈശികളെ ഇണക്കിയതിനാല്‍
2-അഥവാ ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയോടുള്ള അവരുടെ ഇണക്കം.
3-അതിനാല്‍ ഈ കഅ്ബാമന്ദിരത്തിന്റെ നാഥന് അവര്‍ വഴിപ്പെടട്ടെ.
4-അവര്‍ക്ക് വിശപ്പടക്കാന്‍ ആഹാരവും പേടിക്കു പകരം നിര്‍ഭയത്വവും നല്‍കിയവനാണവന്‍.