107 അല്‍മാഊന്‍

ആമുഖം
നാമം
ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിട്ടുളളത് അവസാന സൂക്തത്തിലെ അവസാന പദമായ المَاعُون ആകുന്നു. 
അവതരണകാലം
ഹ. ഇബ്നു അബ്ബാസും ഇബ്നുസ്സുബൈറും ഈ സൂറ മക്കിയാണെന്നു പ്രസ്താവിച്ചതായി ഇബ്നുമര്‍ദവൈഹി  ഉദ്ധരിച്ചിരിക്കുന്നു. അത്വാഇനും ജാബിറിനും ഈ അഭിപ്രായം തന്നെയാണുളളത്. പക്ഷേ, ഈ സൂറ മദീനയിലവതരിച്ചതാണെന്ന് ഇബ്നു അബ്ബാസും ഖതാദയും ദഹ്ഹാക്കും  പ്രസ്താവിച്ചിട്ടുളളതായി അബൂഹയ്യാന്‍ `അല്‍ ബഹ്റുല്‍ മുഹീത്വി`ല്‍ ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ വീക്ഷണത്തില്‍ ഈ സൂറ മദനിയാണെന്ന് കുറിക്കുന്ന ഒരാന്തരിക സാക്ഷ്യം ഈ സൂറയില്‍തന്നെയുണ്ട്. ഇതില്‍, അശ്രദ്ധരായും ആളുകളെ കാണിക്കാന്‍വേണ്ടിയും നമസ്കാരം നിര്‍വഹിക്കുന്ന നമസ്കാരക്കാരെ നാശ ഭീഷണി കേള്‍പ്പിച്ചിരിക്കുന്നു എന്നതാണത്. മുസ്ലിംകളില്‍ അത്തരക്കാരും ഉള്‍പ്പെട്ടിരുന്നുവെന്നതാണല്ലോ ഈ താക്കീതിന്റെ സാംഗത്യം. എന്നാല്‍ മക്കയില്‍ ആരെങ്കിലും ആളുകളെ കാണിക്കാന്‍വേണ്ടി നമസ്കരിക്കുന്ന അവസ്ഥ ഒട്ടുമുണ്ടായിട്ടില്ല. അവിടെ വിശ്വാസികള്‍ക്ക് സംഘടിതമായി നമസ്കരിക്കുന്ന ഏര്‍പ്പാടുതന്നെ പ്രയാസകരമായിരുന്നു. രഹസ്യമായിവേണമായിരുന്നു അവര്‍ക്ക് നമസ്കരിക്കാന്‍. വല്ലവരും പരസ്യമായി നമസ്കരിക്കുകയാണെങ്കില്‍ അത് ജീവന്‍ പണയംവെച്ചുളള കളിയാകുമായിരുന്നു. മക്കയില്‍ കാണപ്പെട്ടിരുന്ന കപടവിശ്വാസികള്‍ ലോകമാന്യത്തിനുവേണ്ടി വിശ്വാസം സ്വീകരിക്കുകയോ ആളുകളെ കാണിക്കാന്‍ നമസ്കരിക്കുകയോ ചെയ്യുന്ന കൂട്ടത്തില്‍പെട്ടവരായിരുന്നില്ല. പ്രത്യുത അവരുടെ അവസ്ഥ ഇതായിരുന്നു: പ്രവാചക ദൌത്യം സത്യമാണെന്ന് അവര്‍ അറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവരില്‍ ചിലര്‍ സ്വന്തം സ്ഥാനമാനങ്ങളും നേതൃത്വവും നിലനിര്‍ത്തുന്നതിനുവേണ്ടി ഇസ്ലാം സ്വീകരിക്കുന്നതില്‍നിന്ന് മാറിനിന്നു. മറ്റുചിലരാകട്ടെ, വിശ്വാസത്തിന്റെ വിലനല്‍കാന്‍ തയ്യാറായിരുന്നില്ല. അതായത്, വിശ്വാസികള്‍ മര്‍ദനപീഡനങ്ങള്‍ക്കിരയാവുന്നത് അവര്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കാണുന്നുണ്ട്. ഇസ്ലാം സ്വീകരിച്ചുകൊണ്ട് അത്തരം ആപത്തുകള്‍ വിളിച്ചുവരുത്താനൊന്നും അവരൊരുക്കമല്ല. മക്കയിലെ കപടവിശ്വാസികളുടെ ഈ നിലപാട് സൂറ അല്‍അന്‍കബൂത്ത് 10,11 സൂക്തങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂന്നാം വാള്യം അല്‍അന്‍കബൂത്ത് 13-16  29:10 വ്യാഖ്യാനക്കുറിപ്പുകള്‍ കാണുക.) 
ഉള്ളടക്കം
പരലോക വിശ്വാസം മനുഷ്യനില്‍ ഏതുതരം സ്വഭാവമാണ് വളര്‍ത്തുകയെന്ന് വ്യക്തമാക്കുകയാണ് ഈ സൂറയുടെ ഉളളടക്കം. രണ്ടും മൂന്നും സൂക്തങ്ങളില്‍, പരസ്യമായി പരലോകത്തെ തളളിപ്പറയുന്ന സത്യനിഷേധികളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ മുസ്ലിമും എന്നാല്‍ മനസ്സില്‍ പരലോകത്തെയും അതിലെ രക്ഷാശിക്ഷകളെയും സംബന്ധിച്ച യാതൊരു സങ്കല്‍പവുമില്ലാത്തവനുമായ കപടവിശ്വാസിയുടെ അവസ്ഥയാണ് അവസാനത്തെ നാലു സൂക്തങ്ങളില്‍ വര്‍ണിച്ചിരിക്കുന്നത്. രണ്ടു തരം ആളുകളുടെയും പ്രവര്‍ത്തനരീതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അനുവാചകരെ ഗ്രഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന യാഥാര്‍ഥ്യം ഇതാണ്: പരലോകവിശ്വാസമില്ലാതെ മനുഷ്യനില്‍ അടിയുറച്ച, സുഭദ്രമായ വിശിഷ്ട സ്വഭാവചര്യകള്‍ വളര്‍ത്താന്‍ കഴിയില്ല.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?
2-അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.
3-അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
4-അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!
5-അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്.
6-അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.
7-നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.