109 അല്‍കാഫിറൂന്‍

ആമുഖം
നാമം
എന്ന പ്രഥമ വാക്യത്തിലെ الكَافِرُون എന്ന പദമാണ് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 
അവതരണകാലം
അബ്ദുല്ലാഹിബ്നു മസ്ഊദ്, ഹസന്‍ ബസ്വരി, ഇക്രിമ (റ)  എന്നിവര്‍ ഈ സൂറ മക്കിയാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. മദനിയാണെന്നാണ് അബ്ദുല്ലാഹിബ്നു സുബൈര്‍ പ്രസ്താവിച്ചിട്ടുള്ളത്. അബ്ദുല്ലാഹിബ്നു അബ്ബാസില്‍നിന്നും ഖതാദയില്‍നിന്നും ഇതു മക്കിയാണെന്നും മദനിയാണെന്നുമുള്ള രണ്ടഭിപ്രായവും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇതു മക്കിയാണെന്ന അഭിപ്രായക്കാരാണ്. ഉള്ളടക്കവും ഈ സൂറ മക്കിയാണെന്നാണ് സൂചിപ്പിക്കുന്നത്. 
ചരിത്രപശ്ചാത്തലം
പ്രവാചകന്റെ മക്കാ  ജീവിതത്തില്‍ ഒരു കാലത്ത് ഇങ്ങനെയൊരവസ്ഥയുണ്ടായിരുന്നു: മുശ്രിക്കുകളായ ഖുറൈശീസമൂഹത്തില്‍ ഇസ്ലാമിക പ്രബോധനത്തിനു നേരെ എതിര്‍പ്പിന്റെ കൊടുങ്കാറ്റടിച്ചുകൊണ്ടിരുന്നു. അതേയവസരത്തില്‍തന്നെ നബി(സ)യെ എങ്ങനെയെങ്കിലും തങ്ങളുമായി ഒരു സന്ധിക്കു സന്നദ്ധനാക്കാന്‍ കഴിഞ്ഞേക്കും എന്ന കാര്യത്തില്‍ ഖുറൈശീ നേതാക്കള്‍ തീരെ നിരാശരായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പലവിധ സന്ധിനിര്‍ദേശങ്ങളുമായി അവര്‍ ഇടയ്ക്കിടെ പ്രവാചകനെ സമീപിച്ചുകൊണ്ടിരുന്നു. അതിലേതെങ്കിലുമൊന്ന് അദ്ദേഹം സ്വീകരിച്ചാല്‍ തങ്ങളും അദ്ദേഹവും തമ്മിലുണ്ടായിട്ടുള്ള സംഘര്‍ഷം അവസാനിപ്പിക്കാമെന്നായിരുന്നു അവരുടെ നിലപാട്. ഇവ്വിഷയകമായി ഹദീസുകളില്‍ ധാരാളം നിവേദനങ്ങളുണ്ട്. ഇബ്നുജരീറും  ഇബ്നു അബീഹാതിമും ത്വബറാനിയും അബ്ദുല്ലാഹിബ്നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു:  ഖുറൈശികള്‍ റസൂല്‍ (സ) തിരുമേനിയോട് പറഞ്ഞു: `നിങ്ങള്‍ മക്കയിലെ ഏറ്റവും വലിയ സമ്പന്നനാവാന്‍ മാത്രമുള്ള സമ്പത്ത് ഞങ്ങള്‍ നിങ്ങള്‍ക്കു തരാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതു യുവതിയെയും കല്യാണം കഴിച്ചു തരാം. ഞങ്ങള്‍ നിങ്ങളെ പിന്തുടരാനും സന്നദ്ധരാണ്. നിങ്ങള്‍ ഞങ്ങളുടെ ഒരുപാധിമാത്രം സ്വീകരിച്ചാല്‍ മതി. ഞങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കരുത്. താങ്കള്‍ക്ക് ഇത് സ്വീകാര്യമല്ലെങ്കില്‍ ഞങ്ങള്‍ക്കും താങ്കള്‍ക്കും ഗുണകരമായ മറ്റൊരു നിര്‍ദേശം ഉന്നയിക്കാം.` നബി (സ) ചോദിച്ചു: `അതെന്താണ്?` അവര്‍ പറഞ്ഞു: `ഒരു കൊല്ലം താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും ആരാധിക്കുക. ഒരു കൊല്ലം ഞങ്ങള്‍ താങ്കളുടെ ദൈവത്തെ ആരാധിക്കാം`. തിരുമേനി പറഞ്ഞു: `ശരി, നിങ്ങള്‍ കാത്തുനില്‍ക്കൂ. എന്റെ നാഥന്‍ എന്തു കല്‍പിക്കുന്നുവെന്ന് നോക്കട്ടെ.` (ഈ നിര്‍ദേശം ഒരളവോളം സ്വീകരിക്കാവുന്നതായി, അല്ലെങ്കില്‍ പരിഗണിക്കാവുന്നതായിട്ടെങ്കിലും റസൂലിന്നു തോന്നി എന്നല്ല ഇതിനര്‍ഥം. മആദല്ലാഹ്-അല്ലാഹുവില്‍നിന്ന് അതിന് അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയോടെയുമല്ല തിരുമേനി ഇങ്ങനെ മറുപടി പറഞ്ഞത്. വാസ്തവത്തില്‍ ഈ സംഗതി ഇപ്രകാരമാകുന്നു: ഒരു കീഴുദ്യോഗസ്ഥന്റെ മുന്നില്‍ ഒരപേക്ഷയുമായി ചിലര്‍ എത്തിയിരിക്കുന്നു. സര്‍ക്കാര്‍ അംഗീകരിക്കുന്ന ആവശ്യമല്ല അവരുന്നയിക്കുന്നതെന്ന് അയാള്‍ക്കറിയാം. പക്ഷേ സ്വന്തംനിലക്ക് അപേക്ഷ തള്ളിക്കളയുന്നതിനു പകരം അയാള്‍ പറയുന്നു: ശരി, ഞാന്‍ നിങ്ങളുടെ അപേക്ഷ മേലോട്ടയയ്ക്കാം. അവിടെനിന്നു മറുപടി കിട്ടിയാല്‍ അറിയിക്കുകയും ചെയ്യാം.` ഇതുമൂലമുണ്ടാകുന്ന വ്യത്യാസമിതാണ്: കീഴുദ്യോഗസ്ഥന്‍ സ്വന്തം നിലയ്ക്ക് അപേക്ഷ തള്ളിയാല്‍ അപേക്ഷകന്‍ അയാളില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കും. മേലാവില്‍നിന്നു നിങ്ങളുടെ അപേക്ഷ തള്ളിയിരിക്കുന്നു എന്നു പറഞ്ഞാല്‍ അവര്‍ നിരാശരായി പിരിഞ്ഞുപൊയ്ക്കൊള്ളും). ഇതേക്കുറിച്ച് ദിവ്യബോധനം അവതരിച്ചു: قُلْ يَا أَيُّهَا الْكَافِرُون... قُلْ أَفغَيْرَاللهِ تَأْمُرونِّى أَعْبُدُ أيُّهَا الْجَاهِلُون (പറയുക: അല്ലയോ സത്യനിഷേധികളേ.... അവരോട് പറയുക: വിഡ്ഢികളേ, അല്ലാഹുവല്ലാത്തവര്‍ക്ക് ഞാന്‍ ഇബാദത്തു ചെയ്യണമെന്നോ? - അസ്സുമര്‍ 64). അബ്ദുബ്നു ഹുമൈദ്  ഇബ്നു അബ്ബാസില്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു നിവേദനം ഇങ്ങനെയാണ്: താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളെ ചുംബിക്കണം. ഞങ്ങള്‍ താങ്കളുടെ ദൈവത്തെ ആരാധിച്ചുകൊള്ളാം.` ഇബ്നുജരീറും ഇബ്നു അബീഹാതിമും അബുല്‍ ബുഖ്തുരിയുടെ വിമുക്ത അടിമയായ സഈദുബ്നുമീനാഇല്‍ നിന്ന് ഒരു സംഭവമുദ്ധരിച്ചിട്ടുണ്ട്. ഇബ്നുഹിശാം  തന്റെ സീറയിലും, ഉദ്ധരിച്ചിട്ടുള്ള പ്രസ്തുത സംഭവം ഇപ്രകാരമാണ്:  വലീദുബ്നു മുഗീറ, ആസുബ്ന വാഇല്‍, അസ്വദുബ്നു മുത്ത്വലിബ് , ഉമയ്യതുബ്നു ഖലഫ് എന്നിവര്‍ റസൂല്‍ (സ) തിരുമേനിയെ സമീപിച്ചിട്ടു പറഞ്ഞു: `ഓ മുഹമ്മദ്, വരൂ. ഞങ്ങള്‍ നിന്റെ ദൈവത്തെ ആരാധിക്കാം. നീ ഞങ്ങളുടെ ദൈവത്തെയും ആരാധിക്കുക. ഞങ്ങള്‍ ഞങ്ങളുടെ സകല കാര്യങ്ങളിലും നിന്നെ പങ്കാളിയാക്കിക്കൊള്ളാം. നീ കൊണ്ടുവരുന്നതിനേക്കാള്‍ വിശിഷ്ടമായതാണ് ഞങ്ങളുടെ പക്കലുള്ളതെങ്കിലും ഞങ്ങളതില്‍ നിന്റെ പങ്കാളികളാകാം. ഞങ്ങളതില്‍നിന്ന് സ്വന്തം വിഹിതമെടുത്തുകൊള്ളാം. ഞങ്ങളുടെ പക്കലുള്ളതിനേക്കാള്‍ വിശിഷ്ടമായതാണ് നീ കൊണ്ടുവരുന്നതെങ്കില്‍ അതിലും ഞങ്ങള്‍ പങ്കാളികളാവുകയും ഞങ്ങളുടെ വിഹിതമെടുക്കുകയും ചെയ്യാം.` ഇതേകുറിച്ചാണ് അല്ലാഹു ഈ ദിവ്യബോധനമവതരിപ്പിച്ചത്. അബ്ദുബ്നു ഹുമൈദും  ഇബ്നു അബീഹാതിമും വഹബുബ്നു മുനബ്ബഹില്‍നിന്ന് ഉദ്ധരിക്കുന്നു: ഖുറൈശികള്‍ റസൂല്‍ (സ) തിരുമേനിയോടു പറഞ്ഞു: നിനക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ ഒരു വര്‍ഷം നിന്റെ മതത്തില്‍ ചേരാം. ഒരു വര്‍ഷം നീ ഞങ്ങളുടെ ദീനിലും ചേരണം.` ഒരിക്കല്‍ ഒരു സദസ്സില്‍ വെച്ചല്ല, പല സന്ദര്‍ഭങ്ങളിലായി പലവട്ടം ഖുറൈശികള്‍ ഇത്തരം നിര്‍ദേശങ്ങളുമായി പ്രവാചകനെ (സ) സമീപിച്ചിരുന്നുവെന്നാണ് ഈ നിവേദനങ്ങളില്‍നിന്നു വ്യക്തമാകുന്നത്. അസന്ദിഗ്ധമായ ഒരു മറുപടി കൊടുത്തുകൊണ്ട്, ദീനിന്റെ കാര്യത്തില്‍ എന്തെങ്കിലും നീക്കുപോക്കു വരുത്തി പ്രവാചകന്‍ തിരുമേനിയുമായി സന്ധി ചെയ്തുകളയാമെന്ന അവരുടെ പ്രതീക്ഷ എന്നെന്നേക്കുമായി നുള്ളിക്കളയേണ്ടത് ആവശ്യമായിട്ടുണ്ടായിരുന്നു. 
ഉള്ളടക്കം
മേല്‍പറഞ്ഞ പശ്ചാത്തലം മുമ്പില്‍വെച്ച് പരിശോധിച്ചാല്‍ ഇന്നു പലരും വിചാരിക്കുന്നതുപോലെ ഈ സൂറയുടെ അവതരണലക്ഷ്യം വിശ്വാസികള്‍ അവിശ്വാസികളുടെ മതത്തില്‍ നിന്നും ദൈവങ്ങളില്‍നിന്നും ആരാധനകളില്‍നിന്നും ഖണ്ഡിതമായ മുക്തിയും ബന്ധവിഛേദനവും പ്രഖ്യാപിക്കുകയാണെന്ന് മനസ്സിലാകും. അവിശ്വാസികളോട് സൂറ പറയുന്നതിതാണ്: ഇസ്ലാമും അവരുടെ മതവും തികച്ചും വ്യത്യസ്തമാണ്. അവ തമ്മില്‍ കൂടിച്ചേരുന്ന പ്രശ്നമേയില്ല. ഇത് ആദ്യം ഖുറൈശികളെ സംബോധന ചെയ്തുകൊണ്ടും അവരുടെ സന്ധി നിര്‍ദേശങ്ങളോടുള്ള പ്രതികരണമായിക്കൊണ്ടും അവതരിച്ചതാണെങ്കിലും അവരില്‍ മാത്രം പരിമിതമല്ല. അതിനെ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അന്ത്യനാള്‍ വരെയുള്ള എല്ലാ മുസ്ലിംകളോടും കല്‍പിച്ചിരിക്കുകയാണ്: സത്യനിഷേധത്തിന്റെ മതം എവിടെ ഏതു രൂപത്തിലായിരുന്നാലും അതിനോട് വാചാകര്‍മണാ വിമുക്തി പ്രകടിപ്പിക്കേണ്ടതാണ്. ദീനീകാര്യത്തില്‍ നിങ്ങള്‍ക്ക് സത്യനിഷേധികളുമായി യാതൊരു തരത്തിലുള്ള സന്ധിയും സാധ്യമല്ല. അതുകൊണ്ടാണ് ഈ സൂറ ആര്‍ക്ക് മറുപടിയായി അവതരിച്ചുവോ അവര്‍ മരിച്ചു മണ്ണടിഞ്ഞുപോയിട്ടും പാരായണം ചെയ്യപ്പെട്ടത്. ഇത് അവതരിച്ച കാലത്ത് കാഫിറുകളും മുശ്രിക്കുകളും ആയിരുന്നവര്‍ മുസ്ലിംകളായിത്തീര്‍ന്നിട്ടും പാരായണം ചെയ്യപ്പെട്ടിരുന്നതും. അവര്‍ കടന്നുപോയി നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷം ഇന്നത്തെ മുസ്ലിംകളും പാരായണം ചെയ്തുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ, കാരണം സത്യനിഷേധത്തില്‍നിന്നും സത്യനിഷേധികളില്‍ നിന്നുമുള്ള വിമുക്തി സത്യവിശ്വാസത്തിന്റെ സ്ഥിരമായ താല്‍പര്യമാകുന്നു. റസൂല്‍ (സ) തിരുമേനിയുടെ ദൃഷ്ടിയില്‍ ഈ സൂറക്ക് എന്തുമാത്രം പ്രാധാന്യമുണ്ടായിരുന്നുവെന്ന്, താഴെ കൊടുക്കുന്ന ഹദീസുകളില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. ചില്ലറ പാഠഭേദങ്ങളോടെ ഇമാം അഹ്മദ് , തിര്‍മിദി, നസാഇ, ഇബ്നുമാജ, ഇബ്നു ഹിബ്ബാന്‍ , ഇബ്നു മര്‍ദവൈഹി  എന്നിവര്‍ അബ്ദുല്ലാഹിബ്നു ഉമറില്‍നിന്ന്  നിവേദനം ചെയ്യുന്നു:  `തിരുനബി (സ) സുബ്ഹ് നമസ്കാരത്തിനുമുമ്പും മഗ്രിബ് നമസ്കാരത്തിനു ശേഷവുമുള്ള രണ്ടു റക്അത്തുകളില്‍ قُلْ يَا أَيُّهَا الْكَافِرُون ഉം قُلْ هُوَ اللهُവും ഓതുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്.` ഹ. ഖബ്ബാബ് പറഞ്ഞതായി ബസ്സാറും  ത്വബറാനിയും ഇബ്നു മര്‍ദവൈഹിയും  ഉദ്ധരിക്കുന്നു:  നബി (സ) എന്നോടുപദേശിച്ചു: നീ ഉറങ്ങാന്‍ മെത്തവിരിച്ചാല്‍ قُلْ يَا أَيُّهَا الْكَافِرُون പാരായണം ചെയ്യുക. ഉറങ്ങാന്‍ മെത്തവിരിച്ചാല്‍ തിരുമേനിക്കും ഈ സൂറ ഓതുന്ന പതിവുണ്ടായിരുന്നു.` ഇബ്നു അബ്ബാസ്  പ്രസ്താവിച്ചതായി അബൂയഅ്ലയും ത്വബറാനിയും ഉദ്ധരിക്കുന്നു:  "നബി (സ) ജനങ്ങളോട് പറഞ്ഞു: നിങ്ങളെ ശിര്‍ക്കില്‍നിന്ന് സുരക്ഷിതരാക്കുന്ന ഒരു വാക്യം പറഞ്ഞുതരട്ടെയോ? ഉറങ്ങാന്‍ നേരത്ത് قُلْ يَا أَيُّهَا الْكَافِرُون ഓതിക്കൊള്ളുക എന്നതാകുന്നു അത്.`` ബൈഹഖി  ശുഅബുല്‍ ഈമാനില്‍ അനസില്‍നിന്ന് നിവേദനം ചെയ്യുന്നു:  "ഉറങ്ങാന്‍ നേരത്ത് قُلْ يَا أَيُّهَا الْكَافِرُون ഓതാന്‍ നബി (സ) മുആദുബ്നു ജബലിനെ ഉപദേശിച്ചു. കാരണം അത് ശിര്‍ക്കില്‍നിന്നുള്ള മോചനമാണ്.`` ഫര്‍വതുബ്നു നൌഫലും അബ്ദുര്‍റഹ്മാനിബ്നു നൌഫലും പ്രസ്താവിച്ചതായി മുസ്നദ് അഹ്മദും  തിര്‍മിദിയും നസാഇയും ഇബ്നു അബീശൈബയും  ഹാകിമും  ഇബ്നു മര്‍ദവൈഹിയും ശുഅബുല്‍ ഈമാനില്‍ ബൈഹഖിയും  ഉദ്ധരിക്കുന്നു:  അവരുടെ പിതാവ് നൌഫലുബ്നു മുആവിയതല്‍ അശ്ജഇ റസൂല്‍ തിരുമേനിയോട് അപേക്ഷിച്ചു: എനിക്കുറങ്ങാന്‍നേരത്തു ചൊല്ലാന്‍ വല്ലതും ഉപദേശിച്ചു തന്നാലും.` തിരുമേനി പറഞ്ഞു: قُلْ يَا أَيُّهَا الْكَافِرُون അവസാനം വരെ ഓതി ഉറങ്ങിക്കൊള്ളുക. അത് ശിര്‍ക്കില്‍നിന്നുള്ള മോചനമാണ്.` സൈദുബ്നു ഹാരിസയുടെ സഹോദരന്‍ ജബലുബ്നു ഹാരിസയും തിരുമേനിയോട് ഇങ്ങനെ അപേക്ഷിച്ചതായും തിരുമേനി അദ്ദേഹത്തിനും ഇതേ മറുപടി നല്‍കിയതായും മുസ്നദ് അഹ്മദും  ത്വബറാനിയും ഉദ്ധരിച്ചിരിക്കുന്നു. 
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-പറയുക: അല്ലയോ സത്യനിഷേധികളേ,
2-നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.
3-ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍.
4-നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍.
5-ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും.
6-നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.