111 അല്‍മസദ് - അല്ലഹബ്

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ لَهَب എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഈ സൂറ മക്കയില്‍  അവതരിച്ചതാണെന്ന കാര്യത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍, പ്രവാചകന്റെ മക്കാജീവിതത്തിന്റെ ഏതു ഘട്ടത്തിലാണ് ഇതവതരിച്ചതെന്ന് നിര്‍ണയിക്കുക എളുപ്പവുമല്ല. റസൂല്‍ തിരുമേനിക്കും ഇസ്ലാമിക സന്ദേശത്തിനും എതിരായി അബൂലഹബ് അനുവര്‍ത്തിച്ചിരുന്ന ചെയ്തികള്‍ വീക്ഷിച്ചുകൊണ്ട് ഇങ്ങനെ അനുമാനിക്കാമെന്നു മാത്രം: അയാള്‍ പ്രവാചകനോടുള്ള വിരോധത്തിന്റെ എല്ലാ അതിരുകളും മറികടക്കുകയും അയാളുടെ നിലപാട് ഇസ്ലാമിന്റെ മുന്നോട്ടുള്ള പാതയില്‍ ഒരു വലിയ പ്രതിബന്ധമായിത്തീരുകയും ചെയ്ത അവസരത്തിലാണ് ഈ സൂറ അവതരിച്ചത്. ഖുറൈശികള്‍ പ്രവാചകന്നും കുടുംബത്തിന്നും ഊരുവിലക്ക് കല്‍പിച്ച് അവരെ ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിച്ച കാലത്തായിരിക്കാം ഇതിന്റെ അവതരണം. അന്ന് സ്വന്തം കുടുംബത്തെ തള്ളിപ്പറഞ്ഞ് ശത്രുക്കളെ പിന്തുണച്ചയാളാണ് അബൂലഹബ്. അയാള്‍ തിരുമേനിയുടെ പിതൃവ്യനാണ് എന്നതാണ് നമ്മുടെ അനുമാനത്തിനാസ്പദം. അയാളുടെ അതിരുകവിഞ്ഞ അതിക്രമങ്ങള്‍ ജനസമക്ഷം പരസ്യമായിത്തീരുന്നതുവരെ സഹോദരപുത്രന്റെ നാവിലൂടെ പിതൃവ്യന്‍ ആക്ഷേപിക്കപ്പെടുന്നത് ഉചിതമാകുമായിരുന്നില്ലല്ലോ. അതിനു മുമ്പ് ആദ്യനാളുകളില്‍തന്നെ ഈ സൂറ അവതരിച്ചിരുന്നുവെങ്കില്‍, സഹോദരപുത്രന്‍ പിതൃവ്യനെ ഇവ്വിധം ശകാരിക്കുന്നത് അമാന്യമായി ആളുകള്‍ക്ക് തോന്നാം. 
പശ്ചാത്തലം
വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്നാല്‍, മക്കയിലും ഹിജ്റയ്ക്കുശേഷം മദീനയിലും, പ്രവാചകനോടുള്ള വിരോധത്തില്‍ അബൂലഹബിന്റെ ഒട്ടും പിന്നിലല്ലാത്ത വളരെയാളുകളുണ്ടായിരുന്നു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാചീനകാലത്ത് അറബ്ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരണ്ടിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുംബസ്നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു. പ്രവാചകന്‍ നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന്‍ ഇസ്ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങളും അവരുടെ കാരണവന്മാരും അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്വംശവും (ഹാശിമിന്റെ സഹോദരന്‍ മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. നബിക്ക് അദ്ദേഹത്തിന്റെ രക്തബന്ധുക്കള്‍ നല്‍കിയ ഈ സംരക്ഷണത്തെ അറേബ്യന്‍ സാംസ്കാരിക പാരമ്പര്യത്തിന്ന് തികച്ചും ഇണങ്ങുന്നതായി മറ്റു ഖുറൈശികുടുംബങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. അവര്‍ അവരുടെ ഉറ്റവരെ പിന്തുണയ്ക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായിരുന്നു. ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു. ഇസ്ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബ്ദുല്‍മുത്ത്വലിബിന്റെ മകനായ അബൂലഹബ്  ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, ഇസ്ലാമിനോടുള്ള വിരോധവും കുഫ്റിനോടുള്ള പ്രേമവും മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവല്‍ഗണിച്ചു കളഞ്ഞു. ഇമാം അഹ്മദ്, ബുഖാരി, മുസ്ലിം, തിര്‍മിദി, ഇബ്നുജരീര്‍ തുടങ്ങിയ മുഹദ്ദിസുകള്‍ വിവിധ നിവേദന പരമ്പരകളിലൂടെ ഇബ്നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു:  നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: يَا صَبَاحَاه (ഹാ, ആപത്തിന്റെ പ്രഭാതം). അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?` അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?`` ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.`` തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്.`` ഇതു കേട്ട് ആരെങ്കിലും വല്ലതും പറയുന്നതിനു മുമ്പായി തിരുമേനിയുടെ പിതൃവ്യന്‍ അബൂലഹബ് പറഞ്ഞു: تَبًّالَّكَ ألِهَـذَا جَمَعْتَنَا (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്. ഇബ്നു ജരീര്‍  ഇബ്നു സൈദില്‍നിന്ന് ഉദ്ധരിക്കുന്നു: ഒരു ദിവസം അബൂലഹബ്  റസൂല്‍തിരുമേനിയോടു ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക?` തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതുതന്നെ.` അബൂലഹബ് : എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?` തിരുമേനി: അങ്ങ് എന്താണാഗ്രഹിക്കുന്നത്?` അബൂലഹബ്  പറഞ്ഞു: تَبًّا لِهَـذا الدِّين تَبًّا أنْ أكُونَ وَهَـؤُلاَءِ سَوَاء (ങ്ഹും, ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോട്ടെ!)  മക്കയില്‍ അബൂലഹബും തിരുമേനിയും വളരെ അടുത്ത അയല്‍ക്കാരായിരുന്നു. രണ്ടു വീടുകള്‍ക്കുമിടയില്‍ ഒരു ചുമരേ ഉണ്ടായിരുന്നുള്ളൂ. അബൂലഹബിനു  പുറമെ ഹകമുബ്നുല്‍ ആസ്വ് (മര്‍വാന്റെ പിതാവ്), ഉഖ്ബതുബ്നു അബീമുഐത്ത് അദിയ്യുബ്നു ഹംറാഅ്, ഇബ്നുല്‍ അസ്വ്ദാഇല്‍ ഹുദലി എന്നിവരും തിരുമേനിയുടെ അയല്‍ക്കാരായിരുന്നു. ഈയാളുകള്‍ തിരുമേനിക്ക് വീട്ടില്‍ ഒരു സ്വൈരവും കൊടുത്തിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം നമസ്കരിക്കുമ്പോള്‍ അവര്‍ മതിലിനു മുകളിലൂടെ ഒട്ടകക്കുടലുകള്‍ അദ്ദേഹത്തിനു നേരെ എറിയുമായിരുന്നു. ചിലപ്പോള്‍ മുറ്റത്തു ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രങ്ങളിലേക്ക് വൃത്തികേടുകള്‍ എറിയും. ഒരിക്കല്‍ തിരുമേനി പുറത്തുവന്ന് അവരോട് ചോദിച്ചു: "ഓ അബ്ദുമനാഫ് തറവാട്ടുകാരേ, ഇതെന്ത് അയല്‍പക്കമര്യാദയാണ്?`` അബൂലഹബിന്റെ  ഭാര്യ ഉമ്മുജമീല്‍ (അബൂസുഫ്യാന്റെ സഹോദരി) ആവട്ടെ, രാത്രികാലങ്ങളില്‍ തിരുമേനിയുടെ വാതില്‍ക്കല്‍ മുള്ളുനിറഞ്ഞ ചപ്പുചവറുകള്‍ കൊണ്ടുവന്നിടുക പതിവ് തന്നെയായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. നേരം വെളുത്ത് പുറത്തുവരുമ്പോള്‍തന്നെ റസൂലിന്റെയോ അവിടത്തെ മക്കളുടെയോ കാലില്‍ മുള്ളു തറയ്ക്കട്ടെ എന്നായിരുന്നു അവരുടെ വിചാരം. ഈ നിവേദനം ബൈഹഖി, ഇബ്നു അബീഹാതിം, ഇബ്നുജരീര്‍ , ഇബ്നുഅസാക്കിര്‍ , ഇബ്നു ഹിശാം  എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. പ്രവാചകത്വത്തിനു മുമ്പ് നബി(സ)യുടെ രണ്ടു പെണ്‍മക്കളെ അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതൈബയും വിവാഹം ചെയ്തിരുന്നു. പ്രവാചകത്വ ലബ്ധിക്കുശേഷം നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ അബൂലഹബ് തന്റെ രണ്ടുപുത്രന്മാരെയും വിളിച്ചിട്ടു പറഞ്ഞു:  "നിങ്ങള്‍ രണ്ടുപേരും മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ കണ്ടുമുട്ടുന്നത് എനിക്ക് ഹറാം (നിഷിദ്ധം) ആയിരിക്കുന്നു.`` അങ്ങനെ അവരിരുവരും പ്രവാചകന്റെ മക്കളെ വിവാഹമോചനം ചെയ്തു. ഉതൈബ അവിവേകത്തില്‍ കുറേക്കൂടി മുന്നേറി ഇത്രത്തോളം ചെയ്യുകയുണ്ടായി: ഒരു ദിവസം റസൂലിന്റെ മുന്നില്‍ ചെന്ന് അയാള്‍ പറഞ്ഞു, النَّجْمِ إذَا هَوَى യെയും الذِى دَنَا فَتَدَلَّى യെയും ഞാന്‍ നിഷേധിക്കുന്നു. ഇതും പറഞ്ഞ് അയാള്‍ തിരുമേനിയുടെ നേരെ തുപ്പി. അത് തിരുമേനിയുടെ ദേഹത്തുകൊണ്ടില്ല. തിരുമേനി പറഞ്ഞു: അല്ലാഹുവേ, നിന്റെ പട്ടികളിലൊന്നിന് അവനെ കീഴ്പ്പെടുത്തിക്കൊടുക്കണേ. അതിനു ശേഷം ഉതൈബ തന്റെ പിതാവിനോടൊപ്പം ശാമിലേക്ക് യാത്ര പുറപ്പെട്ടു. യാത്രയ്ക്കിടയില്‍ സംഘം ഒരിടത്ത് താവളമടിച്ചു. അതു വന്യമൃഗങ്ങളുള്ള സ്ഥലമാണെന്ന് തദ്ദേശീയര്‍ പറഞ്ഞു. ഇതു കേട്ട് അബൂലഹബ്  തന്റെ ഖുറൈശി സഹയാത്രികരോട് പറഞ്ഞു: എന്റെ മകന്റെ രക്ഷയ്ക്ക് വേണ്ടത് ചെയ്യണം. എന്തെന്നാല്‍ മുഹമ്മദിന്റെ പ്രാര്‍ഥനയെ ഞാന്‍ പേടിക്കുന്നു.` ഇതനുസരിച്ച് യാത്രാസംഘം ഉതൈബക്ക് ചുറ്റും അവരുടെ ഒട്ടകങ്ങളെ ഇരുത്തിയാണ് കിടന്നുറങ്ങിയത്. രാത്രിയില്‍ ഒരു സിംഹം വന്ന് ഒട്ടകങ്ങളുടെ വലയം മറികടന്ന് ഉതൈബയെ കടിച്ചുകീറി`` (അല്‍ഇസ്തിആബ് ലി ഇബ്നി അബ്ദില്‍ബര്‍റ്, അല്‍ഇസ്വാബ ലിഇബ്നിഹജര്‍, ദലാഇലുന്നുബുവ്വ ലിഅബീനുഐമില്‍ ഇസ്വ്ഫഹാനി, റൌദുല്‍ അന്‍ഫ് ലിസ്സുഹൈലി). നിവേദനങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. വിവാഹമോചനം നടന്നത് പ്രവാചകത്വം പ്രഖ്യാപിച്ചശേഷമാണെന്നാണ് ചിലര്‍ പറയുന്നത്.تَبَّتْ يَدَا أبِى لَهَبٍ എന്ന വാക്യം അവതരിച്ചശേഷമാണെന്നാണ് മറ്റുചിലര്‍ പറയുന്നത്. അബൂലഹബിന്റെ  ഈ പുത്രന്‍ ഉത്ബയായിരുന്നുവോ ഉതൈബയായിരുന്നുവോ എന്നതിലും അഭിപ്രായാന്തരമുണ്ട്. എങ്കിലും ഉത്ബ മക്കാവിമോചനത്തിനുശേഷം ഇസ്ലാം സ്വീകരിച്ച് നബി(സ)ക്ക് ബൈഅത്തു ചെയ്തു എന്നത് ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് ഈ മകന്‍ ഉതൈബയായിരുന്നുവെന്നതുതന്നെയാണ് ശരി. അബൂലഹബിന്റെ  ദുഷ്ടമനസ്സ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം: തിരുമേനിയുടെ സീമന്തപുത്രന്‍ ഖാസിമിന്റെ മരണാനന്തരം രണ്ടാമത്തെ പുത്രന്‍ അബ്ദുല്ലാ കൂടി മരിച്ചപ്പോള്‍ ഇയാള്‍ സഹോദരപുത്രന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതിനു പകരം, ഖുറൈശിപ്രമാണിമാരുടെ അടുത്തേക്ക് ആഹ്ളാദപൂര്‍വം ഓടിച്ചെന്നിട്ട് അവരെ അറിയിച്ചു: "കേട്ടോളൂ, ഇന്നത്തോടെ മുഹമ്മദ് വേരറ്റവനായിരിക്കുന്നു!`` അബൂലഹബിന്റെ  ഈ നടപടി സൂറ അല്‍കൌഥറിന്റെ വ്യാഖ്യാനത്തില്‍ നാം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനുവേണ്ടി റസൂല്‍ തിരുമേനി എങ്ങോട്ടു പോയാലും ഇയാള്‍ തിരുമേനിയുടെ പിന്നാലെ പോയി, ആളുകള്‍ തിരുമൊഴികള്‍ കേള്‍ക്കുന്നത് തടയുക പതിവായിരുന്നു. മുസ്നദ് അഹ്മദും  ബൈഹഖിയും  റബീഅതുബ്നു അബ്ബാദിദൈലമിയില്‍ നിന്ന് നിവേദനം ചെയ്യുന്നു:  "ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ പിതാവിന്റെ കൂടെ ദുല്‍മജാസ് ചന്തയില്‍പോയി. അവിടെ ഞാന്‍ റസൂല്‍ (സ) തിരുമേനിയെ കണ്ടു. അദ്ദേഹം പറയുന്നുണ്ടായിരുന്നു: ജനങ്ങളേ, അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നു പറഞ്ഞ് മോക്ഷം പ്രാപിക്കുവിന്‍.` അദ്ദേഹത്തിന്റെ പിന്നാലെ ഒരാള്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു: ഇവന്‍ വ്യാജനാണ്. പൂര്‍വികരുടെ മതത്തില്‍നിന്ന് വ്യതിചലിച്ചവന്‍.` ഇയാള്‍ ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ജനം പറഞ്ഞു: അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണ് .`` ഇതേ റബീഅഃയില്‍നിന്നുള്ള മറ്റു ചില നിവേദനങ്ങള്‍ ഇങ്ങനെയാണ്: റസൂല്‍ (സ) ഓരോ ഗോത്രത്തിന്റെയും താവളത്തില്‍ ചെന്ന് ഇപ്രകാരം പറയുന്നതായി ഞാന്‍ കണ്ടു: ഇന്ന ഗോത്രമേ, ഞാന്‍ അല്ലാഹുവിങ്കല്‍നിന്ന് നിങ്ങളിലേക്ക് നിയുക്തനായ ദൂതനാകുന്നു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റാരെയും അവന്റെ പങ്കാളികളാക്കരുതെന്നും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങള്‍ എന്നെ വിശ്വസിക്കുകയും അല്ലാഹു എന്നെ ഏല്‍പിച്ച ദൌത്യം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുകയും ചെയ്യുവിന്‍.` അദ്ദേഹത്തിന്റെ പിറകില്‍തന്നെ മറ്റൊരാള്‍ വന്നു പറയുന്നു: `അല്ലയോ ഇന്ന ഗോത്രമേ, ഇവന്‍ നിങ്ങളെ ലാത്തയില്‍നിന്നും ഉസ്സയില്‍നിന്നും പിന്തിരിപ്പിച്ച് താന്‍ കൊണ്ടുവന്ന പുത്തന്‍ പ്രസ്ഥാനത്തിലേക്കും ദുര്‍മാര്‍ഗത്തിലേക്കും നയിക്കാനാണ് ശ്രമിക്കുന്നത്. ഇവന്റെ വാക്കുകള്‍ വിശ്വസിക്കുകയോ ഇവനെ പിന്‍പറ്റുകയോ ചെയ്തുപോകരുത്.` ഞാന്‍ എന്റെ പിതാവിനോടു ചോദിച്ചു: ഇയാളാരാണ്?` അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണെന്ന്  പിതാവ് മറുപടി തന്നു`` (മുസ്നദ് അഹ്മദ്, ത്വബറാനി). ത്വാരിഖുബ്നു അബ്ദില്ലാഹില്‍ മുഹാരിബിയില്‍നിന്ന് തിര്‍മിദി  ഉദ്ധരിച്ച നിവേദനവും ഏതാണ്ടിതുപോലെയാണ്. അദ്ദേഹം പറയുന്നു: "ദുല്‍മജാസ് ചന്തയില്‍ റസൂല്‍ (സ) തിരുമേനി ആളുകളോട് ഇങ്ങനെ പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്: ജനങ്ങളേ, لاَ إلَـهَ إلاَّ الله എന്ന് പറയുക, മോക്ഷം പ്രാപിക്കുക.` അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ട് ഒരാള്‍ പിന്നാലെയും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കാല്‍മടമ്പുകള്‍ നിണം പുരണ്ടു. അയാള്‍ പറയുന്നു: ഇവന്‍ വ്യാജനാണ്. ഇവനെ വിശ്വസിക്കരുത്.` ആരാണതെന്ന് അന്വേഷിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു: അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണ് .`` പ്രവാചകത്വത്തിന്റെ ഏഴാം ആണ്ടില്‍ ഖുറൈശി കുടുംബങ്ങളെല്ലാം ബനൂഹാശിമുമായും ബനുല്‍ മുത്ത്വലിബുമായും ഉള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും, തിരുമേനിയെ സഹായിക്കാനും സംരക്ഷിക്കാനും ഉറച്ചുനിലകൊണ്ട ഈ രണ്ടു കുടുംബങ്ങളും ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിതരാവുകയും ചെയ്തപ്പോള്‍ അബൂലഹബ്  ഒരാള്‍ മാത്രം സ്വന്തം കുടുംബത്തിനെതിരായി ഖുറൈശികാഫിറുകളെ പിന്തുണച്ചു. ഈ ഊരുവിലക്ക് മൂന്നു വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ ഹാശിം കുടുംബവും മുത്ത്വലിബ് കുടുംബവും ക്ഷാമത്തിന്റെ നെല്ലിപ്പടി കണ്ടു. പക്ഷേ, അബൂലഹബിന്റെ  സമ്പ്രദായമിതായിരുന്നു: മക്കയില്‍ ഏതെങ്കിലും കച്ചവടസംഘം എത്തുമ്പോള്‍ ഉപരോധിത നിരയില്‍നിന്നും ആരെങ്കിലും ഭക്ഷണസാധനം വാങ്ങുന്നതിനു വേണ്ടി അവരെ സമീപിച്ചാല്‍ അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര ഭീമമായ വില വാങ്ങണമെന്ന് അയാള്‍ കച്ചവടക്കാരോട് വിളിച്ചുപറയും. അവരുടെ കച്ചവടം മുടങ്ങുന്നതുകൊണ്ടുള്ള നഷ്ടം താന്‍ നികത്തിത്തരുമെന്ന് വാക്കുകൊടുക്കുകയും ചെയ്യും. അങ്ങനെ കച്ചവടക്കാര്‍ ആവശ്യക്കാരോട് താങ്ങാനാവാത്ത വില ചോദിക്കുന്നു. അവര്‍ ഭക്ഷണം വാങ്ങാനാവാതെ വിശന്നുപൊരിയുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് വെറുംകൈയോടെ മടങ്ങുന്നു. അനന്തരം അബൂലഹബ് ആ സാധനങ്ങളൊക്കെ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങുന്നു. (ഇബ്നു സഅ്ദ്, ഇബ്നു ഹിശാം) അയാളുടെ ഇത്തരം ചെയ്തികള്‍ മൂലമാണ് ഈ സൂറയില്‍ അയാള്‍ പേരു വിളിച്ച് ആക്ഷേപിക്കപ്പെട്ടത്. അത് പ്രത്യേകിച്ച് ആവശ്യമായിത്തീര്‍ന്നതിനു കാരണം ഇതായിരുന്നു: മക്കയിലേക്ക് പുറത്തുനിന്ന് തീര്‍ഥാടകര്‍ വന്നെത്തുന്നു. വിവിധ സ്ഥലങ്ങളിലെ ചന്തകളിലും പലയിടത്തുനിന്നും ആളുകള്‍ വന്നുചേരുന്നു. അവിടെയൊക്കെ നബി(സ)യുടെ സ്വന്തം പിതൃവ്യന്‍തന്നെ പിന്നാലെ ചെന്ന് അദ്ദേഹത്തെ എതിര്‍ക്കുകയാണ്. ഒരാള്‍ കാരണമില്ലാതെ സ്വന്തം സഹോദരപുത്രനെ അന്യരുടെ മുന്നില്‍വെച്ച് ശകാരിക്കുകയും കല്ലെറിയുകയും കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുക എന്നത് അറബികളുടെ സുപരിചിതമായ പാരമ്പര്യമനുസരിച്ച് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്. അക്കാരണത്താല്‍ അബൂലഹബിന്റെ സംസാരത്തില്‍ സ്വാധീനിക്കപ്പെട്ട് ആളുകള്‍ നബി(സ)യെക്കുറിച്ച് സംശയത്തിലായി. പക്ഷേ, ഈ സൂറ അവതരിച്ചപ്പോള്‍ കോപാന്ധനായി വെകിളിയെടുത്ത് അബൂലഹബ്  അതുമിതും ജല്‍പിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, റസൂലി(സ)ന്നെതിരില്‍ ഇയാള്‍ പറയുന്നതൊന്നും പരിഗണനീയമല്ലെന്ന്. ഇയാള്‍ക്ക് തന്റെ സഹോദരപുത്രനോടുള്ള വിരോധംകൊണ്ട് ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നവര്‍ക്ക് തോന്നി. അതിനുപുറമേ സ്വന്തം പിതൃവ്യനെ പേരു ചൊല്ലി ആക്ഷേപിച്ചതോടെ, ആരെയെങ്കിലും പരിഗണിച്ച് റസൂല്‍ (സ) ദീനീവിഷയത്തില്‍ വല്ല വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കുമെന്ന ആളുകളുടെ പ്രതീക്ഷക്ക് എന്നെന്നേക്കുമായി അറുതിയാവുകയും ചെയ്തു. റസൂല്‍തിരുമേനി പരസ്യമായി സ്വന്തം പിതൃവ്യനെ ആക്ഷേപിച്ചപ്പോള്‍ ഇവിടെ യാതൊരു പക്ഷപാതിത്വത്തിനും പഴുതില്ലെന്ന് അവര്‍ക്ക് ബോധ്യമായി. വിശ്വാസം കൈക്കൊള്ളുകയാണെങ്കില്‍ അന്യന്‍ അദ്ദേഹത്തിന് സ്വന്തക്കാരനാകും. സത്യനിഷേധമനുവര്‍ത്തിക്കുകയാണെങ്കില്‍ ഉടപ്പിറന്നവന്‍ അന്യനാവുകയും ചെയ്യും. ഇക്കാര്യത്തില്‍ ഇന്നവന്‍, ഇന്നവന്റെ മകന്‍ എന്നതിന് യാതൊരു പ്രസക്തിയുമില്ല.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.
2-അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല.
3-ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും.
4-വിറക് ചുമക്കുന്ന അവന്റെ ഭാര്യയും.
5-അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്.