58 അല്‍മുജാദില:

ആമുഖം
നാമം
ഈ സൂറക്ക് മുജാദല എന്നും മുജാദില എന്നും പേരുണ്ട്. പ്രഥമ സൂക്തത്തിലെ `തുജാദിലുക` എന്ന വാക്കില്‍നിന്നാണീ പേരുണ്ടായത്. സ്വഭര്‍ത്താവിനാല്‍ ളിഹാര്‍ ചെയ്യപ്പെട്ട സ്ത്രീയെ പരാമര്‍ശിച്ചുകൊണ്ടാണ് സൂറ ആരംഭിക്കുന്നത്. അവര്‍ തിരുനബി(സ)യുടെ സന്നിധിയില്‍ വന്ന് പ്രശ്നം സമര്‍പ്പിച്ചുകൊണ്ട്, തന്റെയും കുട്ടികളുടെയും ജീവിതം തകര്‍ന്നുപോകാതിരിക്കാന്‍ എന്തെങ്കിലുമൊരു മാര്‍ഗം പറഞ്ഞുതരണമെന്ന് ആവര്‍ത്തിച്ചു നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഈ നിര്‍ബന്ധിക്കലിനെ അല്ലാഹു `മുജാദില` എന്ന വാക്കുകൊണ്ടാണ് പ്രകാശിപ്പിച്ചിരിക്കുന്നത്. അതിനാല്‍ അതുതന്നെ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടു. ഈ പദത്തെ മുജാദല എന്ന് വായിക്കുകയാണെങ്കില്‍ ആവര്‍ത്തിച്ചുള്ള ചര്‍ച്ച (തര്‍ക്കം) എന്നും മുജാദില എന്നു വായിക്കുകയാണെങ്കില്‍ ആവര്‍ത്തിച്ചു തര്‍ക്കിക്കുന്നവള്‍ എന്നുമായിരിക്കും അര്‍ഥം. 
അവതരണകാലം
നിവേദനങ്ങളില്‍നിന്നൊന്നും ഈ തര്‍ക്കസംഭവം എപ്പോഴാണ് ഉണ്ടായതെന്ന് ഖണ്ഡിതമായി വ്യക്തമാകുന്നില്ല. എങ്കിലും ഇതിന്റെ കാലം അഹ്സാബ് യുദ്ധത്തിനു (ഹി. 5-ാമാണ്ട്) ശേഷമാണെന്ന് നിര്‍ണയിക്കാന്‍ ആസ്പദമാക്കാവുന്ന ഒരു സൂചന സൂറയുടെ ഉള്ളടക്കത്തിലുണ്ട്. സൂറ അല്‍അഹ്സാബില്‍ അല്ലാഹു ദത്തുപുത്രന്‍മാര്‍ യഥാര്‍ഥ പുത്രന്‍മാരാകുന്നതിനെ നിഷേധിക്കുന്നതിനിടയില്‍ ഇപ്രകാരം പറയുകയുണ്ടായി: وَمَا جَعَلَ أَزْوَاجَكُمْ اللّئِ تُظَاهِرُونَ مِنْهُنَّ أُمَّهَاتِكُمْ (നിങ്ങളുടെ ഭാര്യമാരില്‍നിന്ന് നിങ്ങള്‍ ളിഹാര്‍ ചെയ്യുന്നവരെ നിങ്ങളുടെ യഥാര്‍ഥ മാതാക്കളാക്കിയിട്ടുമില്ല). പക്ഷേ, ളിഹാര്‍ ഒരു തെറ്റോ കുറ്റമോ ആണെന്ന് അവിടെ പറയുന്നില്ല. അതിന്റെ ശറഈ വിധിയെന്തെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍, ളിഹാര്‍ സംബന്ധിച്ച നിയമങ്ങള്‍ സമ്പൂര്‍ണമായി വിശദീകരിക്കുകയാണ് ഈ സൂറയില്‍ ചെയ്യുന്നത്. ഈ നിയമവിവരണം ആ മൂലതത്ത്വം പ്രസ്താവിച്ചതിനു ശേഷമാണവതരിച്ചതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. 
ഉള്ളടക്കം
മുസ്ലിംകള്‍ അന്നു നേരിട്ടുകൊണ്ടിരുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഈ സൂറയില്‍ മാര്‍ഗദര്‍ശനമരുളിയിരിക്കുന്നു. തുടക്കം മുതല്‍ 6-ാം സൂക്തം വരെ ളിഹാറിന്റെ നിയമങ്ങളാണ് വിവരിക്കുന്നത്. അതോടൊപ്പം മുസ്ലിംകളെ ശക്തിയായി താക്കീതു ചെയ്യുന്നു. ഇസ്ലാമിനു ശേഷം ജാഹിലീ സമ്പ്രദായങ്ങളില്‍തന്നെ നിലകൊള്ളുകയോ അല്ലാഹു നിശ്ചയിച്ച പരിധികള്‍ ലംഘിക്കുകയോ അവന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിക്കുകയോ അതല്ലെങ്കില്‍ അതിനു പകരം തന്നിഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കുകയോ ഒക്കെ ചെയ്യുന്നത് സത്യവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ചെയ്തിയാകുന്നു. ഇഹത്തില്‍തന്നെ അതിനു ലഭിക്കുന്ന ശിക്ഷ നിന്ദ്യവും നികൃഷ്ടവുമായിരിക്കും. പരലോകത്തും അതിന്റെ പേരില്‍ രൂക്ഷമായ വിചാരണയെ നേരിടേണ്ടിവരും. ഏഴാം സൂക്തം മുതല്‍ പത്താം സൂക്തം വരെ കപടവിശ്വാസികളുടെ നിലപാടിനെ അപലപിക്കുകയാണ്. അവര്‍ ധിക്കാരപൂര്‍വം ഗൂഢാലോചനകളിലേര്‍പ്പെടുകയും പലതരം കുഴപ്പങ്ങളുണ്ടാക്കാന്‍ പദ്ധതികളാവിഷ്കരിക്കുകയും ചെയ്യുകയായിരുന്നു. അവര്‍ മനസ്സില്‍ ഒളിപ്പിച്ചുവച്ചത് അത്യന്തം വിഷമയമായ കുനുഷ്ഠാണ്. ജൂതന്‍മാര്‍ നബി(സ)ക്കു സലാം പറഞ്ഞിരുന്നതുപോലെ ആശംസയ്ക്കു പകരം അഭിശംസാവാക്കു കൊണ്ടാണവര്‍ നബി(സ)യെ അഭിവാദ്യം ചെയ്തിരുന്നത്. അതേക്കുറിച്ച് മുസ്ലിംകളെ സമാശ്വസിപ്പിക്കുകയാണ്: കപടവിശ്വാസികളുടെ ഈ ധിക്കാരങ്ങള്‍ക്കൊന്നും നിങ്ങള്‍ക്ക് യാതൊരപായവുമുണ്ടാക്കാനാവില്ല. നിങ്ങള്‍ സര്‍വസ്വവും അല്ലാഹുവില്‍ സമര്‍പ്പിച്ചുകൊണ്ട് സ്വന്തം ദൌത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുക. അതോടൊപ്പം ഈ ധാര്‍മികപാഠം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു: അന്യായവും അതിക്രമങ്ങളും കുറ്റകൃത്യങ്ങളും പ്രവാചകനെ ധിക്കരിക്കുന്നതിനുവേണ്ടി ഗൂഢാലോചന നടത്തലുമൊന്നും യഥാര്‍ഥ സത്യവിശ്വാസികള്‍ക്കു ചേര്‍ന്നതേയല്ല. അവര്‍ ഒഴിഞ്ഞിരുന്നു വല്ലതും ചര്‍ച്ച ചെയ്യുകയാണെങ്കില്‍തന്നെ അത് നന്മയുടെയും ദൈവഭക്തിയുടെയും കാര്യങ്ങളായിരിക്കണം. 11-ാം സൂക്തം മുതല്‍ 13-ാം സൂക്തം വരെ മുസ്ലിംകളെ ചില സഭാമര്യാദകള്‍ പഠിപ്പിക്കുകയും ആളുകളില്‍ പണ്ടും ഇക്കാലത്തും കണ്ടുവരുന്ന ചില പെരുമാറ്റദൂഷ്യങ്ങള്‍ ദൂരീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. കുറെയാളുകളിരിക്കുന്ന ഒരു സദസ്സിലേക്ക് പുറത്തുനിന്ന് കുറച്ചാളുകള്‍കൂടി വന്നാല്‍ നേരത്തെ സ്ഥലംപിടിച്ചവര്‍ അല്‍പമൊന്നൊതുങ്ങിയിരുന്ന് നവാഗതര്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാന്‍ സന്മനസ്സു കാണിക്കുകയില്ല. നവാഗതര്‍ നില്‍ക്കേണ്ടിവരികയോ പുറത്തിരിക്കേണ്ടിവരികയോ അല്ലെങ്കില്‍ തിരിച്ചുപോവുകയോ അതുമല്ലെങ്കില്‍ സദസ്സിലിനിയും ധാരാളം സ്ഥലമുണ്ടെന്നുകണ്ട് സദസ്യരെ തിക്കിത്തിരക്കിയും കവച്ചുകടന്നും സ്ഥലംപിടിക്കേണ്ടിവരികയോ ആണ് അതിന്റെ ഫലം. തിരുമേനി(സ)യുടെ സഭകളില്‍ ഇങ്ങനെയൊക്കെ പലപ്പോഴും സംഭവിക്കാറുണ്ടായിരുന്നു. അതുകൊണ്ട് അല്ലാഹു അവരോട് ഉപദേശിച്ചു: സഭകളില്‍ സ്വാര്‍ഥതയും സങ്കുചിതത്വവും കാണിക്കരുത്. പിറകെ വരുന്നവര്‍ക്ക് തുറന്ന മനസ്സോടെ സ്ഥലമുണ്ടാക്കിക്കൊടുക്കണം. ഇതേപോലെ ആളുകളിലുണ്ടായിരുന്ന മറ്റൊരു ദൂഷ്യമാണ് ഒരാളുടെ അടുത്ത്, വിശേഷിച്ചും ഒരു പ്രമുഖ വ്യക്തിയുടെ അടുത്തുചെന്നാല്‍ അവിടെ ചടഞ്ഞിരുന്നുകളയുക. തങ്ങള്‍ക്ക് അത്യാവശ്യമായതിലധികം അവിടെ സമയം കളയുന്നത് അവര്‍ക്ക് വലിയ ബുദ്ധിമുട്ടാകുമെന്ന് ഇക്കൂട്ടര്‍ തീരെ ആലോചിക്കുകയില്ല. അദ്ദേഹം `ഇനി താങ്കള്‍ക്ക് പോകാം` എന്നെങ്ങാനും പറഞ്ഞാലോ, അതു വലിയ കുറ്റമായി എടുക്കുകയും ചെയ്യും. അദ്ദേഹത്തില്‍ സ്വഭാവദൂഷ്യം ആരോപിച്ചുകൊണ്ടായിരിക്കും അവര്‍ സ്ഥലം വിടുക. മറ്റു ചില അത്യാവശ്യകാര്യങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട് എന്നു സൂചിപ്പിച്ചാല്‍ അവരതൊന്നും കേട്ട ഭാവം നടിക്കില്ല. ആളുകളുടെ ഇത്തരം പെരുമാറ്റങ്ങള്‍ നബി (സ)ക്കുതന്നെ നേരിടേണ്ടിവരാറുണ്ടായിരുന്നു. കൂടുതല്‍ സമയം തിരുമേനിയുടെ സാന്നിധ്യമനുഭവിക്കാനുള്ള ആവേശത്തില്‍ പലരും തങ്ങള്‍ വളരെ വിലപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കുകയാണെന്ന കാര്യം പരിഗണിക്കാറില്ല. ഒടുവില്‍ ഈ ശല്യമേറിയ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുവേണ്ടി അല്ലാഹു കല്‍പിച്ചു: സദസ്സു പിരിഞ്ഞതായി പ്രസ്താവിക്കപ്പെട്ടാല്‍ സദസ്യര്‍ എഴുന്നേറ്റ് പൊയ്ക്കൊള്ളണം. ആളുകള്‍ അനുവര്‍ത്തിച്ചിരുന്ന മറ്റൊരു ദൂഷ്യം ഇതായിരുന്നു: ഓരോരുത്തരും നബി(സ)യോട് സ്വകാര്യമായി സംസാരിക്കാനാഗ്രഹം പ്രകടിപ്പിക്കുക. അല്ലെങ്കില്‍ പൊതുസദസ്സില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തുവന്നിരുന്ന് രഹസ്യം പറയുന്ന മട്ടില്‍ സംസാരിക്കുക. ഇതു തിരുമേനിക്കും മറ്റു സദസ്യര്‍ക്കും വളരെ അരോചകമായിരുന്നു. അതുകൊണ്ട് അല്ലാഹു ഇങ്ങനെ ഒരു ചട്ടം നിശ്ചയിച്ചു: നബി(സ)യോട് തനിയെ സംസാരിക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം വല്ലതും കാഴ്ചവെച്ചിരിക്കണം. ആളുകള്‍ ഈ മോശപ്പെട്ട സമ്പ്രദായത്തെക്കുറിച്ച് ബോധവാന്‍മാരാവുകയും അങ്ങനെ അതുപേക്ഷിക്കുകയും മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനാല്‍, ഈ നിയമം കുറച്ചു കാലം നടപ്പില്‍വരുത്തുകയും ആളുകള്‍ അവരുടെ പെരുമാറ്റരീതി നന്നാക്കിയതോടുകൂടി ദുര്‍ബലപ്പെടുത്തുകയും ചെയ്തു. 14-ാം സൂക്തം മുതല്‍ സൂറയുടെ അവസാനം വരെ സത്യവിശ്വാസികളും കപടവിശ്വാസികളും രണ്ടിനുമിടയ്ക്ക് ആടിക്കളിക്കുന്നവരുമെല്ലാം ഉള്‍പ്പെട്ട മുസ്ലിം സമൂഹത്തിന് ആത്മാര്‍ഥമായ ദീനീബോധത്തിന്റെ മാനദണ്ഡമെന്താണെന്ന് തികച്ചും ഖണ്ഡിതമായ രീതിയില്‍ പറഞ്ഞുകൊടുക്കുകയാണ്. ഒരു വിഭാഗം മുസ്ലിംകള്‍ ഇസ്ലാമിന്റെ ശത്രുക്കളോട് ചങ്ങാത്തം പുലര്‍ത്തിയിരുന്നു. തങ്ങള്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന ദീനിനെ സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി വഞ്ചിക്കാന്‍ അവര്‍ക്കൊരു സങ്കോചവുമുണ്ടായിരുന്നില്ല. ഇസ്ലാമിനെതിരെ പലതരം സംശയങ്ങളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിച്ചുകൊണ്ട് ആളുകള്‍ ദൈവിക ദീനിലേക്ക് വരുന്നത് അവര്‍ തടഞ്ഞുകൊണ്ടിരുന്നു. അത്തരക്കാരും മുസ്ലിംസമൂഹത്തില്‍തന്നെ ഉള്‍പ്പെട്ടവരായിരുന്നു. അതുകൊണ്ട് അവരുടെ വിശ്വാസനാട്യം അവര്‍ക്കൊരു മറയുടെ പ്രയോജനം ചെയ്തു. അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ മറ്റു കാര്യങ്ങള്‍ക്കൊന്നും പരിഗണന നല്‍കാത്തവരായിരുന്നു മറ്റൊരു വിഭാഗം മുസ്ലിംകള്‍. ആ വിഷയത്തില്‍ സ്വന്തം മാതാപിതാക്കളെയും സഹോദരന്‍മാരെയും മക്കളെയും കുടുംബത്തെയും വരെ അവര്‍ കാര്യമാക്കിയില്ല. അല്ലാഹുവിനോടും അവന്റെ ദൂതനോടും ദീനിനോടും ശത്രുത പുലര്‍ത്തുന്നവരോട് തങ്ങള്‍ക്ക് യാതൊരു മമതയുമില്ല എന്നതായിരുന്നു അവരുടെ നിലപാട്. അല്ലാഹു ഈ സൂക്തങ്ങളില്‍ സ്പഷ്ടമായി അരുളുകയാണ്: ആദ്യത്തെ വിഭാഗം-തങ്ങള്‍ മുസ്ലിംകളാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ എത്രയൊക്കെ സത്യം ചെയ്താലും ശരി -യഥാര്‍ഥത്തില്‍ സാത്താന്റെ പാര്‍ട്ടിക്കാരാകുന്നു. അല്ലാഹുവിന്റെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുക എന്ന പുണ്യം രണ്ടാമത്തെ വിഭാഗം മുസ്ലിംകള്‍ മാത്രമേ നേടിയിട്ടുള്ളൂ. അവര്‍ മാത്രമാകുന്നു യഥാര്‍ഥ വിശ്വാസികള്‍. അല്ലാഹു തൃപ്തിപ്പെടുന്നതും അവരെത്തന്നെ. അവര്‍ തന്നെയാണ് വിജയം നേടുന്നവരും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
2-നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.
3-തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കുംമുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.
4-ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തും മുമ്പെ പുരുഷന്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
5-അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.
6-അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം. അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്.
7-ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യ ഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.
8-വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: "ഞങ്ങളിങ്ങനെ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്" എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും. അവരെത്തുന്നിടം എത്ര ചീത്ത!
9-വിശ്വസിച്ചവരേ, നിങ്ങള്‍ രഹസ്യാലോചന നടത്തുകയാണെങ്കില്‍ അത് പാപത്തിനും അതിക്രമത്തിനും പ്രവാചകധിക്കാരത്തിനും വേണ്ടിയാവരുത്. നന്മയുടെയും ഭക്തിയുടെയും കാര്യത്തില്‍ പരസ്പരാലോചന നടത്തുക. നിങ്ങള്‍ ദൈവഭക്തരാവുക. അവസാനം നിങ്ങള്‍ ഒത്തുകൂടുക അവന്റെ സന്നിധിയിലാണല്ലോ.
10-ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
11-സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൌകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യമൊരുക്കിത്തരും. "പിരിഞ്ഞുപോവുക" എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
12-വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവദൂതനുമായി സ്വകാര്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പായി വല്ലതും ദാനമായി നല്‍കുക. അതു നിങ്ങള്‍ക്ക് പുണ്യവും പവിത്രവുമത്രെ. അഥവാ, നിങ്ങള്‍ക്ക് അതിന് കഴിവില്ലെങ്കില്‍, അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.
13-നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കു മുമ്പേ വല്ലതും ദാനം നല്‍കണമെന്നത് നിങ്ങള്‍ക്ക് വിഷമകരമായോ? നിങ്ങള്‍ അങ്ങനെ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തതിനാല്‍ നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
14-ദൈവകോപത്തിന്നിരയായ ജനത യുമായി ഉറ്റബന്ധം സ്ഥാപിച്ച കപടവിശ്വാസികളെ നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരോ ജൂതന്മാരില്‍ പെട്ടവരോ അല്ല. അവര്‍ ബോധപൂര്‍വം കള്ളസത്യം ചെയ്യുകയാണ്.
15-അല്ലാഹു അവര്‍ക്ക് കൊടിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് തീര്‍ത്തും ചീത്ത തന്നെ.
16-തങ്ങളുടെ ശപഥങ്ങളെ അവര്‍ ഒരു മറയായുപയോഗിക്കുകയാണ്. അങ്ങനെ അവര്‍ ജനങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന് തെറ്റിക്കുന്നു. അതിനാലവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.
17-തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവില്‍നിന്ന് രക്ഷ നേടാന്‍ അവര്‍ക്ക് ഒട്ടും ഉപകരിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ സ്ഥിരവാസികളായിരിക്കും.
18-അവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദിവസം അവര്‍ നിങ്ങളോട് ശപഥം ചെയ്യുന്നതുപോലെ അവനോടും ശപഥം ചെയ്യും. അതുകൊണ്ട് തങ്ങള്‍ക്ക് നേട്ടം കിട്ടുമെന്ന് അവര്‍ കരുതുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെ.
19-പിശാച് അവരെ തന്റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്റെ പാര്‍ട്ടി. അറിയുക: നഷ്ടം പറ്റുന്നത് പിശാചിന്റെ പാര്‍ട്ടിക്കാര്‍ക്കുതന്നെയാണ്.
20-അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെക്കുന്നവര്‍ പരമനിന്ദ്യരില്‍ പെട്ടവരത്രെ.
21-ഉറപ്പായും താനും തന്റെ ദൂതന്മാരും തന്നെയാണ് വിജയം വരിക്കുകയെന്ന് അല്ലാഹു വിധി എഴുതിക്കഴിഞ്ഞിരിക്കുന്നു. അല്ലാഹു സര്‍വശക്തനും അജയ്യനുമാണ്; തീര്‍ച്ച.
22-അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ പ്രബലരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിനെ സംബന്ധിച്ച് അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍.