57 അല്‍ഹദീദ്

ആമുഖം
നാമം
25-ാം സൂക്തത്തിലെوَأَنزَلْنَا الحَدِيدَ എന്ന വാക്യത്തില്‍ നിന്നുള്ളതാണ് അധ്യായനാമം. 
അവതരണകാലം
ഇത് മദനി സൂറയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിക്കവാറും ഉഹ്ദ് യുദ്ധത്തിനും ഹുദൈബിയാസന്ധിക്കും  ഇടയിലായിരിക്കണം ഇതവതരിച്ചതെന്ന് ഉള്ളടക്കം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നു. മദീനയിലെ കൊച്ചു ഇസ്ലാമികരാഷ്ട്രത്തെ അവിശ്വാസികള്‍ നാനാഭാഗത്തുനിന്നും ആക്രമിച്ചുകൊണ്ടിരിക്കുകയും ഒരുപിടി വിശ്വാസികള്‍ കടുത്ത വിഭവദൌര്‍ലഭ്യത്തിന്റെ സാഹചര്യത്തില്‍ അറേബ്യന്‍ ശക്തികളെയാകമാനം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്ത കാലമായിരുന്നു അത്. ഈ ഘട്ടത്തില്‍ ഇസ്ലാമിന് അതിന്റെ വാഹകരുടെ ആത്മാര്‍പ്പണം മാത്രമല്ല, അവരുടെ ധനത്യാഗവും കൂടി ആവശ്യമായിരുന്നു. ആ ത്യാഗത്തിന് ശക്തിയായി ആവശ്യപ്പെടുകയാണീ സൂറയില്‍. ഈ നിഗമനത്തെ പത്താം സൂക്തം കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. അതില്‍ വിശ്വാസികളുടെ സമാജത്തെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു അരുളുന്നു: "വിജയം കരഗതമായ ശേഷം ധനം ചെലവഴിക്കുകയും ദൈവികമാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവര്‍ ഒരിക്കലും വിജയത്തിനു മുമ്പ് സ്വന്തം ജീവനും ധനവും ബലിയര്‍പ്പിച്ചവര്‍ക്ക് തുല്യരാവുകയില്ല.`` ഹ. അനസില്‍ നിന്ന് ഇബ്നു മര്‍ദവൈഹി ഉദ്ധരിച്ചിട്ടുള്ള ഒരു നിവേദനവും ഇതേ നിഗമനത്തെ ശക്തിപ്പെടുത്തുന്നതാണ്. أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُم لِذِكْرِ الله എന്നു തുടങ്ങുന്ന സൂക്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: "ഖുര്‍ആന്റെ അവതരണം ആരംഭിച്ച് 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിശ്വാസികളെ കിടിലം കൊള്ളിക്കുന്ന ഈ സൂക്തമവതരിച്ചത്.`` ഈ കണക്കില്‍നിന്ന് ഇതിന്റെ അവതരണകാലം ഹി. നാലാം ആണ്ടോ അഞ്ചാം ആണ്ടോ ആണെന്ന് വ്യക്തമാകുന്നു. 
ഉള്ളടക്കം
ദൈവമാര്‍ഗത്തില്‍ ധനവ്യയം ചെയ്യാനുള്ള ഉദ്ബോധനമാണിതിലെ ഉള്ളടക്കം. ഇസ്ലാമിക ചരിത്രത്തിലെ അത്യന്തം സന്ദിഗ്ധമായ ഘട്ടം. ഇസ്ലാമും ജാഹിലിയ്യത്തും തമ്മില്‍ വിധിനിര്‍ണായകമായ സംഘട്ടനം നടന്നുവരുന്ന ആ കാലത്ത് ഈ സൂറ അവതരിപ്പിച്ചതിന്റെ മുഖ്യലക്ഷ്യം, സാമ്പത്തിക ത്യാഗങ്ങളനുഷ്ഠിക്കാന്‍ മുസ്ലിംകളെ സവിശേഷം സന്നദ്ധരാക്കുകയും വിശ്വാസമെന്നാല്‍ കേവലം നാവുകൊണ്ടുള്ള പ്രസ്താവനയുടെയും ഏതാനും ബാഹ്യചടങ്ങുകളുടെയും പേരല്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയുമായിരുന്നു. വിശ്വാസത്തിന്റെ മൌലിക ചൈതന്യവും യാഥാര്‍ഥ്യവും വിശ്വാസി അല്ലാഹുവോടും അവന്റെ ദീനിനോടും നിഷ്കളങ്കമായ കൂറും വിധേയത്വവും ഉള്ളവനാവുക എന്നതാണ്. ഈ ചൈതന്യത്തില്‍ നിന്ന് മുക്തവും ദൈവത്തിനും അവന്റെ ദീനിനുമെതിരെ സ്വന്തം ജീവനും പണത്തിനും താല്‍പര്യങ്ങള്‍ക്കും, പ്രിയവും പ്രാധാന്യവും കല്‍പിക്കുകയും ചെയ്യുന്നവരുടെ വിശ്വാസവാദം പൊള്ളയാകുന്നു. അല്ലാഹുവിങ്കല്‍ അത്തരം വിശ്വാസത്തിന് യാതൊരു വിലയുമുണ്ടായിരിക്കുകയില്ല. ഈ ലക്ഷ്യത്തിനുവേണ്ടി ആദ്യം അല്ലാഹുവിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്നു. എന്തുമാത്രം മഹത്തരമായ സന്നിധാനത്തില്‍നിന്നാണ് തങ്ങള്‍ സംബോധന ചെയ്യപ്പെടുന്നതെന്ന ബോധം അത് ശ്രോതാക്കളില്‍ ഉളവാക്കുന്നു. അനന്തരം താഴെപ്പറയുന്ന വിഷയങ്ങള്‍ ക്രമാനുഗതമായി ചര്‍ച്ച ചെയ്തിരിക്കുകയാണ്: - ദൈവികമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നതില്‍ നിന്നും പിന്‍മാറാതിരിക്കുക എന്നത് ഈമാനിന്റെ അനിവാര്യ താല്‍പര്യമാകുന്നു. അങ്ങനെ ചെയ്യുന്നത് ഈമാന് എതിരാണെന്നതിനു പുറമെ യാഥാര്‍ഥ്യം പരിഗണിക്കുമ്പോഴും അബദ്ധമാകുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ധനം യഥാര്‍ഥത്തില്‍ ദൈവത്തിന്റെ തന്നെ ധനമാകുന്നു. പ്രതിനിധി എന്ന നിലയ്ക്കുള്ള കൈകാര്യാധികാരമാണ് നിങ്ങള്‍ക്കതില്‍ നല്‍കപ്പെട്ടിട്ടുള്ളത്. ഇന്നലെ ഇതേസമയത്ത് മറ്റാരുടെയോ കൈകളിലായിരുന്നു. ഇന്ന് നിങ്ങളുടെ കൈകളിലായി. നാളെയത് മറ്റേതോ കൈകളിലേക്ക് നീങ്ങും. ഒടുവില്‍ അത് സകല പ്രാപഞ്ചിക വസ്തുക്കളുടെയും അന്തിമാവകാശിയായ അല്ലാഹുവിന്റെ അടുത്തുതന്നെ എത്തിച്ചേരുന്നു. ഈ ധനത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനത്തിന് വല്ല പങ്കുമുണ്ടെങ്കില്‍ അത് നിങ്ങളുടെ കൈകാര്യകാലത്ത് അതിനെ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുത്തുക എന്നതു മാത്രമാകുന്നു. - ദൈവമാര്‍ഗത്തില്‍ ജീവധനാദികള്‍ അര്‍പ്പിക്കുക എന്നത് ഏതു സന്ദര്‍ഭത്തിലും മഹത്തായ കാര്യമാകുന്നു, എങ്കിലും ആ സമര്‍പ്പണത്തിന്റെ നിലയും വിലയും സന്ദര്‍ഭത്തിന്റെ ഗൌരവവുമനുസരിച്ചാണ് നിര്‍ണയിക്കപ്പെടുക. ഒരു സന്ദര്‍ഭം ഇങ്ങനെയുള്ളതാണ്: ഒരുവശത്ത് അതിഗംഭീരമായ കുഫ്ര്‍ ശക്തി. അത് ഇസ്ലാമുമായി ഏറ്റുമുട്ടി ജയിച്ചേക്കുമോ എന്ന നിതാന്തമായ ഉല്‍ക്കണ്ഠ മറുവശത്തും. മറ്റൊരു സന്ദര്‍ഭം ഇപ്രകാരമാകാം: ഇസ്ലാമും കുഫ്റും തമ്മിലുള്ള സംഘട്ടനത്തില്‍ ഇസ്ലാമിക ശക്തിയുടെ തട്ട് കനം തൂങ്ങുകയും സത്യവിരോധികള്‍ക്കെതിരെ വിശ്വാസികള്‍ വിജയം കൊയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രണ്ടവസ്ഥകളുടെയും പ്രാധാന്യം ഒരുപോലെയല്ല. അതുകൊണ്ട് ഈ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടത്തപ്പെടുന്ന അര്‍പ്പണങ്ങളുടെ മൂല്യവും തുല്യമായിരിക്കുകയില്ല. ഇസ്ലാം ദുര്‍ബലമായിരുന്ന സന്ദര്‍ഭത്തില്‍ അതിനെ ഉയര്‍ത്താനും വളര്‍ത്താനും ജീവന്‍ മരണപോരാട്ടങ്ങള്‍ നടത്തുകയും സാമ്പത്തിക ത്യാഗങ്ങളനുഭവിക്കുകയും ചെയ്തവരുടെ പദവിയും പുണ്യവും, ഇസ്ലാം വിജയിച്ചുകൊണ്ടിരിക്കെ, ആ വിജയത്തിനു കൂടുതല്‍ മാറ്റുകൂട്ടുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി ജീവനും ധനവും അര്‍പ്പിച്ചവര്‍ക്ക് പ്രാപിക്കാന്‍ കഴിയുകയില്ല. -സത്യത്തിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്ന ധനമേതും അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലുള്ള കടമാകുന്നു. അല്ലാഹു അത് പല മടങ്ങ് വര്‍ധിപ്പിച്ചു തിരിച്ചുതരുന്നതാണ്. അതോടൊപ്പം അവങ്കല്‍ നിന്ന് ധാരാളം പ്രതിഫലമരുളുകയും ചെയ്യും. -ദൈവമാര്‍ഗത്തില്‍ തങ്ങളുടെ സമ്പത്ത് ചെലവഴിച്ച സത്യവിശ്വാസികള്‍ക്കാണ് പരലോകത്ത് അല്ലാഹുവിന്റെ പ്രകാശം ലഭിക്കാന്‍ സൌഭാഗ്യമുണ്ടാവുക. ഈ ലോകത്ത് സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുപോരുകയും സത്യത്തിന്റെയും മിഥ്യയുടെയും ജയാപജയങ്ങള്‍ സാരമാക്കാതിരിക്കുകയും ചെയ്ത കപടവിശ്വാസികള്‍ ഭൌതികജീവിതത്തില്‍ വിശ്വാസികളോടൊപ്പം കൂടിക്കലര്‍ന്ന് കഴിഞ്ഞിരുന്നവരാണെങ്കിലും പരലോകത്തവര്‍ വിശ്വാസികളില്‍ നിന്നകറ്റപ്പെടുന്നതും പ്രകാശത്തില്‍നിന്ന് വിലക്കപ്പെടുന്നതുമാകുന്നു. സത്യനിഷേധികളോടൊപ്പമായിരിക്കും അവര്‍ പരലോകത്ത് ഹാജരാക്കപ്പെടുക. - മുസ്ലിംകള്‍, ആയുസ്സത്രയും ഭൌതികപൂജയില്‍ കഴിച്ചുകൂട്ടുകയും സുദീര്‍ഘമായ അശ്രദ്ധയാല്‍ മനസ്സ് കല്ലിച്ചുപോവുകയും ചെയ്ത വേദവിശ്വാസികളെപ്പോലെ ആയിപ്പോകരുത്. ദൈവസ്മരണയാല്‍ മനസ്സ് ആര്‍ദ്രമാവുകയോ അവര്‍ അവതരിപ്പിച്ച സത്യത്തിനു വഴങ്ങുകയോ ചെയ്യാത്തവര്‍ എന്തുതരം വിശ്വാസികളാണ്? -തങ്ങളുടെ ധനം പ്രസിദ്ധിമോഹമേതുമില്ലാതെ സന്‍മനസ്സോടെ ദൈവികമാര്‍ഗത്തില്‍ ചെലവഴിക്കുന്ന വിശ്വാസികള്‍ മാത്രമാണ് അല്ലാഹുവിന്റെ ദൃഷ്ടിയില്‍ സിദ്ദീഖും ശഹീദും ആകുന്നത്. -ഭൌതികജീവിതം ഏതാനും നാളത്തെ വസന്തവും വഞ്ചനാത്മകമായ വിഭവവുമാകുന്നു. ഇവിടത്തെ കളിയും ചിരിയും, ഇവിടത്തെ അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, ഇവിടത്തെ അലങ്കാരങ്ങള്‍, ആര്‍ഭാടങ്ങള്‍, ഇവിടത്തെ കേമത്തങ്ങളെച്ചൊല്ലിയുള്ള ഊറ്റം, ഇവിടത്തെ ആളുകള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന വിത്തപ്രതാപം-എല്ലാം തന്നെ നശ്വരമാകുന്നു. അതൊരു വിളപോലെയാണ്: രൂപം ശാദ്വലശ്യാമളമാകുന്നു. പിന്നെ വാടിപ്പോകുന്നു. ഒടുവില്‍ ദ്രവിച്ചു വൈക്കോലായിത്തീരുന്നു. ശാശ്വതജീവിതം യഥാര്‍ഥത്തില്‍ പരലോകജീവിതമാണ്. അവിടെയാണ് വലിയ അനന്തരഫലങ്ങള്‍ പ്രത്യക്ഷമാവുക. നിങ്ങള്‍ക്ക് പരസ്പരം മുന്നേറാന്‍ പരിശ്രമിക്കേണ്ടതുണ്ടല്ലോ. ആ പരിശ്രമം സ്വര്‍ഗത്തിലേക്ക് മുന്നേറുന്നതിനായി തിരിച്ചുവിടുക. -ഈ ലോകത്ത് നേരിടുന്ന സുഖദുഃഖങ്ങളേതും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച് വന്നുഭവിക്കുന്നതാണ്. ആപത്തുകളണയുമ്പോള്‍ അധീരനും വിഷണ്ണനുമായി ഇരുന്നുകളയാതിരിക്കുക എന്നതായിരിക്കണം സത്യവിശ്വാസിയുടെ രീതി. സുഖം ഭവിക്കുമ്പോള്‍ നിഗളിക്കുകയുമരുത്. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോള്‍ തന്നത്താന്‍ മറന്ന് ഊറ്റംകൊള്ളുന്നതും ആ അനുഗ്രഹദാതാവായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വൈമുഖ്യം കാണിക്കുന്നതും മറ്റുള്ളവര്‍ക്കുകൂടി ലുബ്ധ് ഉപദേശിക്കുന്നതും കപടവിശ്വാസികളുടെയും സത്യനിഷേധികളുടെയും സ്വഭാവമാകുന്നു. -അല്ലാഹു അവന്റെ ദൂതനെ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി, വേദവുമായി, നീതിയുടെ ത്രാസുമായി അയച്ചിരിക്കുന്നു. ജനം നീതിയില്‍ നിലകൊള്ളാനാണത്. അതോടൊപ്പം ഇരുമ്പും ഇറക്കിയിരിക്കുന്നു. അസത്യത്തെ തോല്‍പിക്കാനും സത്യം നിലനിര്‍ത്താനും ബലം പ്രയോഗിക്കാനാണത്. ഇങ്ങനെ മനുഷ്യരില്‍, തന്റെ ദീനിനെ സഹായിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവരുകയും അതിനു വേണ്ടി ജീവാര്‍പ്പണം നടത്തുകയും ചെയ്യുന്നവരാര് എന്നു കണ്ടറിയുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു ഇത്തരം സന്ദര്‍ഭങ്ങളുണ്ടാക്കിയിട്ടുള്ളത് നിങ്ങളുടെ ഉന്നതിക്കും മഹത്ത്വത്തിനും വേണ്ടിയാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സ്വന്തം കാര്യത്തിന് ആരെയും ആവശ്യമില്ല. -അല്ലാഹുവിങ്കല്‍നിന്ന് മുമ്പേ പ്രവാചകന്‍മാര്‍ വന്നുകൊണ്ടിരുന്നു. അവരുടെ പ്രബോധനഫലമായി കുറച്ചാളുകള്‍ സന്‍മാര്‍ഗസ്ഥരായി. അധികപേരും പാപികളായിരുന്നു. പിന്നീട് ഈസാ(അ) ആഗതനായി. അദ്ദേഹത്തിന്റെ പ്രബോധനം ആളുകളില്‍ വളരെ ധാര്‍മിക ഗുണങ്ങളുളവാക്കി. പക്ഷേ, അദ്ദേഹത്തിന്റെ സമുദായം സന്യാസമെന്ന ബിദ്അത്ത് സ്വീകരിച്ചുകളഞ്ഞു. ഇപ്പോള്‍ അല്ലാഹു മുഹമ്മദി(സ)നെ നിയോഗിച്ചിരിക്കുകയാണ്. ആര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുന്നുവോ അവര്‍ക്ക് അല്ലാഹു അവന്റെ അനുഗ്രഹവിഹിതം ഇരട്ടിപ്പിച്ചുകൊടുക്കും. അവര്‍ക്കവന്‍ പ്രകാശവും നല്‍കും. അതുവഴി അവര്‍ക്ക് ഭൌതികജീവിതത്തിലെ ഓരോ ചുവടും വക്രമാര്‍ഗങ്ങള്‍ക്കിടയിലുള്ള ഋജുമാര്‍ഗം നോക്കിക്കണ്ടുകൊണ്ട് നടക്കാന്‍ കഴിയുന്നു. വേദവാഹകര്‍ വേണമെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ മൊത്തക്കരാറുകാരെന്ന് സ്വയം വിചാരിച്ചുകൊള്ളട്ടെ. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹം അവന്റെ തന്നെ ഹസ്തത്തിലാണുള്ളത്. താനിച്ഛിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹമരുളാന്‍ അവന് സമ്പൂര്‍ണമായ അധികാരമുണ്ട്. ഇതാണ് ഈ സൂറയില്‍ യഥാക്രമം പ്രതിപാദിക്കുന്ന വിഷയങ്ങളുടെ സംഗ്രഹം.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനുമാണ്.
2-ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍.
3-ആദ്യനും അന്ത്യനും പുറവും അകവും അവന്‍ തന്നെ. അവന്‍ സകല സംഗതികളും അറിയുന്നവന്‍.
4-ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെ നിന്ന് പോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്.
5-ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. കാര്യങ്ങളൊക്കെയും മടക്കപ്പെടുന്നതും അവങ്കലേക്കാണ്.
6-അവന്‍ രാവിനെ പകലിലും പകലിനെ രാവിലും ചേര്‍ക്കുന്നു. അവന്‍ ഹൃദയ രഹസ്യങ്ങളെല്ലാം അറിയുന്നവനാണ്.
7-നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കു മഹത്തായ പ്രതിഫലമുണ്ട്.
8-നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളെന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല? നിങ്ങളുടെ നാഥനില്‍ വിശ്വസിക്കാന്‍ ദൈവദൂതന്‍ നിങ്ങളെ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നിട്ടും. അല്ലാഹു, നിങ്ങളില്‍നിന്ന് ഉറപ്പുവാങ്ങിയിട്ടുമുണ്ടല്ലോ. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.
9-തന്റെ ദാസന് സുവ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊടുക്കുന്നത് അവനാണ്. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹു നിങ്ങളോട് ഏറെ ദയാലുവും കരുണയുള്ളവനുമാണ്.
10-അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം? - ആകാശ ഭൂമികളുടെ സമസ്താവകാശവും അവനു മാത്രമായിരുന്നിട്ടും. നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ, അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്. എല്ലാവര്‍ക്കും ഏറ്റവും ഉത്തമമായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
11-അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍തന്നെ.
12-നീ വിശ്വാസികളെയും വിശ്വാസിനികളെയും കാണും ദിനം; അവരുടെ മുന്നിലും വലതുവശത്തും പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അന്നവരോട് പറയും: നിങ്ങള്‍ക്ക് ശുഭാശംസകള്‍! നിങ്ങള്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. അതൊരു മഹാഭാഗ്യം തന്നെ!
13-കപടവിശ്വാസികളും വിശ്വാസിനികളും സത്യവിശ്വാസികളോട് ഇവ്വിധം പറയുന്ന ദിനമാണത്: നിങ്ങള്‍ ഞങ്ങള്‍ക്കായി കാത്തു നില്‍ക്കണേ, നിങ്ങളുടെ വെളിച്ചത്തില്‍ നിന്ന് ഇത്തിരി ഞങ്ങളും അനുഭവിക്കട്ടെ. അപ്പോള്‍ അവരോട് പറയും: "നിങ്ങള്‍ നിങ്ങളുടെ പിറകിലേക്കു തന്നെ തിരിച്ചുപോവുക. എന്നിട്ട് വെളിച്ചം തേടുക." അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഭിത്തി ഉയര്‍ത്തപ്പെടും. അതിനൊരു കവാടമുണ്ടായിരിക്കും. അതിന്റെ അകഭാഗത്ത് കാരുണ്യവും പുറഭാഗത്ത് ശിക്ഷയുമായിരിക്കും.
14-അവര്‍ വിശ്വാസികളെ വിളിച്ച് ചോദിക്കും: "ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ?" സത്യവിശ്വാസികള്‍ പറയും: "അതെ. പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ നാശത്തിലാഴ്ത്തി. അവസരവാദനയം സ്വീകരിച്ചു. സന്ദേഹികളാവുകയും ചെയ്തു. അല്ലാഹുവിന്റെ തീരുമാനം വന്നെത്തുംവരെ വ്യാമോഹം നിങ്ങളെ വഞ്ചിതരാക്കി. അല്ലാഹുവിന്റെ കാര്യത്തില്‍ കൊടുംവഞ്ചകന്‍ നിങ്ങളെ ചതിച്ചു.
15-"അതിനാലിന്ന് നിങ്ങളില്‍നിന്നും സത്യനിഷേധികളില്‍നിന്നും പ്രായശ്ചിത്തം സ്വീകരിക്കുന്നതല്ല. നിങ്ങളുടെ സങ്കേതം നരകമത്രെ. അതു തന്നെയാണ് നിങ്ങളുടെ അഭയസ്ഥാനം. ആ മടക്കസ്ഥലം വളരെ ചീത്ത തന്നെ."
16-സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.
17-അറിയുക: അല്ലാഹു ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം ജീവസ്സുറ്റതാക്കുന്നു. നാം നിങ്ങള്‍ക്ക് ഉറപ്പായും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍.
18-ദാനധര്‍മം നല്‍കിയ സ്ത്രീ പുരുഷന്മാര്‍ക്കും അല്ലാഹുവിന് ഉത്തമമായ കടം കൊടുത്തവര്‍ക്കും അനേകമിരട്ടി തിരിച്ചു കിട്ടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ട്.
19-അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവരാണ് തങ്ങളുടെ നാഥന്റെ സന്നിധിയില്‍ സത്യസന്ധരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലമുണ്ട്; വെളിച്ചവും. എന്നാല്‍ സത്യനിഷേധികളാവുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവരോ; അവര്‍ തന്നെയാണ് നരകാവകാശികള്‍.
20-അറിയുക: ഈ ലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴപോലെയാണ്. അതുവഴിയുണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അതുണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍, പരലോകത്തോ; കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹികജീവിതം ചതിച്ചരക്കല്ലാതൊന്നുമല്ല.
21-നിങ്ങള്‍ മത്സരിച്ചു മുന്നേറുക; നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി തയ്യാറാക്കിയതാണ്. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു അത്യുദാരന്‍ തന്നെ.
22-ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ.
23-നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്നാഹ്ളാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
24-അവരോ, സ്വയം പിശുക്ക് കാണിക്കുന്നവരും പിശുക്കരാകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണ്. ആരെങ്കിലും സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിയുന്നുവെങ്കില്‍ അറിയുക: അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.
25-നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്. അല്ലാഹുവെ നേരില്‍ കാണാതെ തന്നെ അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന് അവന്ന് കണ്ടറിയാനാണിത്. അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച.
26-നിശ്ചയമായും നാം നൂഹിനെയും ഇബ്റാഹീമിനെയും ദൂതന്മാരായി നിയോഗിച്ചു. അവരിരുവരുടെയും സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നല്‍കി. അവരില്‍ നേര്‍വഴി പ്രാപിച്ചവരുണ്ട്. എന്നാല്‍ ഏറെപ്പേരും കുറ്റവാളികളായിരുന്നു.
27-പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍ അവര്‍ സ്വയം സന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ, അവരത് യഥാവിധി പാലിച്ചതുമില്ല. അപ്പോള്‍ അവരില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നാം അര്‍ഹമായ പ്രതിഫലം നല്‍കി. അവരിലേറെ പേരും അധാര്‍മികരാണ്.
28-സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവന്റെ ദൂതനില്‍ വിശ്വസിക്കുക. എങ്കില്‍ തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ക്കവന്‍ രണ്ട് ഓഹരി നല്‍കും. നിങ്ങള്‍ക്ക് നടക്കാനാവശ്യമായ വെളിച്ചം സമ്മാനിക്കും. നിങ്ങള്‍ക്ക് മാപ്പേകും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
29-അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് ഒന്നും തട്ടിയെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അനുഗ്രഹം അല്ലാഹുവിന്റെ കൈയിലാണെന്നും അത് താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുമെന്നും, വേദവാഹകര്‍ അറിയുവാന്‍ വേണ്ടിയാണിത്. അല്ലാഹു അതിമഹത്തായ ഔദാര്യത്തിനുടമയാകുന്നു.