56 അല്‍വാഖിഅ:

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ `അല്‍വാഖിഅ` എന്ന പദമാണ് ഈ അധ്യായത്തിന്റെ നാമമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 
അവതരണകാലം
ഹ. അബ്ദുല്ലാഹിബ്നു അബ്ബാസ്, സൂറകളുടെ അവതരണക്രമം വിവരിച്ചിട്ടുള്ളതില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ആദ്യം സൂറ ത്വാഹായും അനന്തരം അല്‍വാഖിഅയും അതിനുശേഷം അശ്ശുഅറാഉമാണ് അവതരിച്ചത് (സുയൂത്വി -അല്‍ഇത്ഖാന്‍). ഇതേ ക്രമമാണ് ഇക്രിമയും  ഉദ്ധരിച്ചിട്ടുള്ളത് (ബൈഹഖി-ദലാഇലുന്നുബുവ്വ) ഹ. ഉമറിന്റെ മാനസാന്തരത്തെക്കുറിച്ച് ഇബ്നു ഇസ്ഹാഖില്‍നിന്ന് ഇബ്നുഹിശാം  ഉദ്ധരിക്കുന്ന കഥ ഇതിനെ ബലപ്പെടുത്തുന്നുണ്ട്: ഉമര്‍(റ)  സഹോദരിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ സൂറ ത്വാഹാ പാരായണം ചെയ്യപ്പെട്ടിരുന്നു എന്ന് അതില്‍ പ്രസ്താവമുണ്ട്. അദ്ദേഹത്തിന്റെ കാലൊച്ച കേട്ട് അവര്‍ ഖുര്‍ആന്‍ താളുകള്‍ ഒളിപ്പിച്ചുവെച്ചു. ഉമര്‍ ആദ്യം സ്യാലനെ പിടികൂടി. അദ്ദേഹത്തെ രക്ഷിക്കാനെത്തിയ സഹോദരിയെയും ഭയങ്കരമായി പ്രഹരിച്ചു. അവരുടെ ശിരസ്സില്‍ മുറിവേറ്റു. പെങ്ങളുടെ ശിരസ്സില്‍നിന്നു ചോരയൊലിക്കുന്നതു കണ്ട് ഉമറിന് വലിയ വേദന തോന്നി. അദ്ദേഹം പറഞ്ഞു: "ശരി, നിങ്ങള്‍ ഒളിപ്പിച്ച ആ ഏടൊന്നെനിക്ക് തരൂ. അതിലെന്താണ് എഴുതിയിട്ടുള്ളതെന്ന് ഞാനൊന്ന് കാണട്ടെ.`` സഹോദരി പറഞ്ഞു: "അങ്ങ് അങ്ങയുടെ ബഹുദൈവത്വം മൂലം അശുദ്ധനാണ്. وانه لا يمسها الا الطاهر ശുദ്ധിയുള്ളവര്‍ക്കേ ഇത് സ്പര്‍ശിക്കാനാവൂ.`` ഉമര്‍  ഉടനെ കുളിച്ചു വന്നു. എന്നിട്ട് ആ ഏടുകള്‍ പാരായണം ചെയ്തു. അന്ന് `സൂറ വാഖിഅ` അവതരിച്ചിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. കാരണം, لا يمسه الا المطهرون എന്ന വാക്യം അതിലാണ് വന്നിട്ടുള്ളത്. പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ടില്‍ അബിസീനിയന്‍ ഹിജ്റക്ക് ശേഷമാണ് ഉമറിന്ന് മാനസാന്തരമുണ്ടായതെന്ന് ചരിത്രപരമായി സ്ഥിരപ്പെട്ടിരിക്കുന്നു. 
ഉള്ളടക്കം
പരലോകം, ഏകദൈവത്വം, ഖുര്‍ആന്‍ എന്നിവ സംബന്ധിച്ച് നിഷേധികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന സന്ദേഹങ്ങള്‍ ദൂരീകരിക്കുകയാണ് ഇതിന്റെ ഉള്ളടക്കം. അവര്‍ക്ക് ബോധ്യപ്പെടാത്ത കാര്യം ഇതായിരുന്നു: ഈ ലോകം ഒരു നാള്‍ അവസാനിച്ചുപോകും, ആകാശഭൂമികളുടെ ഈ സംവിധാനമെല്ലാം താറുമാറാവും, എന്നിട്ട്, അന്നുവരെ മരിച്ച സകല മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍ക്കുക, അവര്‍ വിചാരണ ചെയ്യപ്പെടുക, അനന്തരം സജ്ജനം സ്വര്‍ഗീയാരാമങ്ങളില്‍ വസിപ്പിക്കപ്പെടുക, പാപികളായിട്ടുള്ള ജനം നരകത്തില്‍ തള്ളപ്പെടുക-ഇതൊക്കെ യാഥാര്‍ഥ്യലോകത്ത് അസംഭവ്യമായ കേവല ഭാവനകളാണെന്നായിരുന്നു അവരുടെ വാദം. അതിനു മറുപടിയായി അരുളുന്നു: ആ സംഭവം നിലവില്‍വരുന്ന സമയത്ത് ഇതൊന്നും ഉണ്ടായിട്ടില്ല എന്നു നുണ പറയുന്ന ആരെയും കാണില്ല. അതിന്റെ ആഗമനം തടഞ്ഞുനിര്‍ത്താനോ അതിനെ അതല്ലാതാക്കാനോ കരുത്തുള്ളവനായും ആരും ഉണ്ടാവില്ല. അന്ന് മനുഷ്യരാസകലം മൂന്ന് വകുപ്പുകളായി വിഭജിക്കപ്പെടുന്നതായിരിക്കും: ഒന്ന്, സാബിഖീന്‍. നന്‍മയില്‍ മുന്നേറിയവര്‍. രണ്ട്, സാദാ സജ്ജനം. മൂന്ന്, അന്ത്യശ്വാസം വരെ പരലോകത്തെ നിഷേധിക്കുകയും ബഹുദൈവത്വത്തിലും സത്യവിരോധത്തിലും മഹാപാപങ്ങളിലും ആണ്ടു നിലകൊള്ളുകയും ചെയ്തവര്‍. ഈ മൂന്ന് വിഭാഗങ്ങളോടുമുള്ള അല്ലാഹുവിന്റെ സമീപനമാണ് 7 മുതല്‍ 56 വരെ സൂക്തങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. അതിനുശേഷം 57 മുതല്‍ 74 വരെ സൂക്തങ്ങളില്‍, സത്യനിഷേധികള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഇസ്ലാമിന്റെ രണ്ട് മൌലികസിദ്ധാന്തങ്ങളായ പരലോകവും ഏകദൈവത്വവും സത്യമാണെന്ന് തെളിയിക്കുന്ന ദൃഷ്ടാന്തങ്ങള്‍ തുടരെ തുടരെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളില്‍ ആകാശഭൂമികളിലെ മറ്റു ദൃഷ്ടാന്തങ്ങളെയെല്ലാം മാറ്റിനിര്‍ത്തി മനുഷ്യന്റെ ശ്രദ്ധയെ അവന്റെ അസ്തിത്വത്തിലേക്കും അവന്‍ തിന്നുന്ന അന്നത്തിലേക്കും കുടിക്കുന്ന വെള്ളത്തിലേക്കും അന്നം പാകം ചെയ്യാന്‍ അവനുപയോഗിക്കുന്ന അഗ്നിയിലേക്കും പ്രത്യേകം ക്ഷണിച്ചിരിക്കുന്നു. എന്നിട്ട് ഈ പ്രശ്നത്തെക്കുറിച്ച് സ്വയം ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ദൈവം സൃഷ്ടിച്ചതിനാല്‍ ഉണ്ടായിത്തീരുകയും അവന്‍ നല്‍കിയ വിഭവങ്ങളാല്‍ പരിപാലിതരാവുകയും ചെയ്യുന്നവര്‍ക്ക് അവന്നെതിരില്‍ സ്വയം പരമാധികാരികളാവാനോ അവനല്ലാത്ത മറ്റാരുടെയെങ്കിലും അടിമത്തം സ്വീകരിക്കാനോ എന്തവകാശമാണുള്ളത്? ഒരിക്കല്‍ നിങ്ങള്‍ക്ക് ഉണ്‍മയേകിയ ശേഷം അവനു വേണമെന്നുവച്ചാല്‍ രണ്ടാമതൊരിക്കല്‍ക്കൂടി നിങ്ങള്‍ക്ക് ഉണ്‍മ നല്‍കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ അനുമാനിക്കുന്നതെന്തടിസ്ഥാനത്തിലാണ്? അനന്തരം 75 മുതല്‍ 82 വരെ സൂക്തങ്ങളില്‍, ഖുര്‍ആനെക്കുറിച്ച് അവരുന്നയിച്ചുകൊണ്ടിരുന്ന സംശയങ്ങളെ നീക്കുകയാണ്. അവരെ ഉദ്ബോധിപ്പിക്കുന്നു: ഭാഗ്യഹീനരേ, മഹത്തായ ഒരനുഗ്രഹമാണ് നിങ്ങളില്‍ വന്നിട്ടുള്ളത്. നിങ്ങളോ ആ അനുഗ്രഹത്തോടുള്ള സ്വന്തം റോള്‍, അതിനെ തള്ളിപ്പറയുകയും അത് പ്രയോജനപ്പെടുത്തുന്നതിനു പകരം അവഗണിച്ചുകളയുകയും ചെയ്യുക എന്നതാണാക്കിയിരിക്കുന്നത്. ഖുര്‍ആന്റെ യാഥാര്‍ഥ്യത്തിന് രണ്ടു സംക്ഷിപ്ത വചനങ്ങളിലൂടെ നല്‍കിയിട്ടുള്ള നിസ്തുലമായ തെളിവ് ഇതാണ്: അതിനെക്കുറിച്ച് ആലോചിച്ചുനോക്കിയാല്‍, പ്രപഞ്ചത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും എന്തുമാത്രം സുഭദ്രമായി സംവിധാനിക്കപ്പെട്ടിരിക്കുന്നുവോ അതുപോലെ തന്നെ സുഭദ്രമായി സംവിധാനിക്കപ്പെട്ടതാണ് അതെന്ന് ബോധ്യമാകുന്നതാണ്. ഇതുതന്നെ പ്രപഞ്ചസംവിധായകന്‍ തന്നെയാണ് ഈ വേദത്തിന്റെ രചയിതാവും എന്നതിനുള്ള തെളിവാകുന്നു. അനന്തരം സത്യനിഷേധികളോട് പറയുന്നു: അത് സൃഷ്ടികളുടെ കൈകടത്തലിന്നതീതമായ വിധിലിഖിതത്തില്‍ സ്ഥിരപ്പെട്ടതാകുന്നു. മുഹമ്മദ് നബി (സ)ക്ക് ചെകുത്താന്‍മാര്‍ കൊണ്ടുവന്നുകൊടുത്തതാണതെന്ന് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍, ലൌഹുല്‍ മഹ്ഫൂളില്‍ (സുരക്ഷിത ഫലകം) നിന്ന് മുഹമ്മദ് നബി (സ) വരെ അതെത്തിച്ച മാധ്യമത്തില്‍ വിശുദ്ധാത്മാക്കളായ മലക്കുകള്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരണുമണിത്തൂക്കം പ്രവേശനമുണ്ടായിട്ടില്ല. അവസാനമായി മനുഷ്യനോട് പറയുന്നു: നീ എന്തു മാത്രം താന്‍പോരിമയുടെ തലക്കനത്തിലും അധികാരത്തിന്റെ അഹന്തയിലുമകപ്പെട്ടാലും യാഥാര്‍ഥ്യങ്ങളുടെ നേരെ എത്രമാത്രം അന്ധനായിപ്പോയാലും മരണവേള നിന്റെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാകുന്നു. അന്നേരം നീ തികച്ചും നിസ്സഹായനായിത്തീരും. സ്വന്തം മാതാപിതാക്കളെ രക്ഷിക്കാനാവുന്നില്ല. മക്കളെ രക്ഷിക്കാനാവുന്നില്ല. ശിഷ്യന്‍മാരെയും ആചാര്യന്‍മാരെയും പ്രിയപ്പെട്ട നേതാക്കന്‍മാരെയും രക്ഷിക്കാനാവുന്നില്ല. എല്ലാവരും നിന്റെ കണ്‍മുമ്പില്‍, നീ നോക്കിനില്‍ക്കെ മരിച്ചുപോകുന്നു. മീതെ ശാസകനായ ഒരു ശക്തിയൊന്നുമില്ലെങ്കില്‍ ഈ ലോകത്ത് ഞാന്‍ മാത്രമാണെന്നും ദൈവം ഇല്ലെന്നുമുള്ള നിന്റെ വാദം ശരിയാണെങ്കില്‍ ഒരു മരിച്ച മനുഷ്യനെ പുറത്തെടുത്തു ജീവന്‍ തിരിച്ചുകൊടുക്കാത്തതെന്തുകൊണ്ട്? ഇക്കാര്യത്തില്‍ നീ എത്രമാത്രം നിസ്സഹായനാണോ അതുപോലെ നിന്റെ ശക്തിയിലും അധികാരത്തിലും പെട്ടതല്ല ദൈവത്തിന്റെ വിചാരണയെയും രക്ഷാശിക്ഷകളെയും തടയുകയെന്നതും. നീ അംഗീകരിച്ചാലും ഇല്ലെങ്കിലും മരിച്ചുപോയവന്‍ മരണാനന്തരം തന്റെ കര്‍മഫലങ്ങള്‍ കണ്ടെത്തുകതന്നെ ചെയ്യും. മുഖര്‍റബീങ്ങളില്‍ (ദൈവസാമീപ്യം നേടിയവരില്‍) പെട്ടവനാണെങ്കില്‍ മുഖര്‍റബീങ്ങളുടെ പരിണതി. സജ്ജനത്തില്‍ പെട്ടവനാണെങ്കില്‍ സജ്ജനത്തിന്റെ പരിണതി. പ്രവാചകന്മാരെ തള്ളിപ്പറഞ്ഞ ദുര്‍മാര്‍ഗികളില്‍പെട്ടവനാണെങ്കില്‍ പാപികളുടെ പരിണതി.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ആ സംഭവം നടന്നുകഴിഞ്ഞാല്‍.
2-പിന്നെ അങ്ങനെ സംഭവിക്കുമെന്നത് നിഷേധിക്കുന്നവരുണ്ടാവില്ല.
3-അത് ചിലരെ താഴ്ത്തുന്നതും മറ്റു ചിലരെ ഉയര്‍ത്തുന്നതുമാണ്.
4-അപ്പോള്‍ ഭൂമി കിടുകിടാ വിറക്കും.
5-പര്‍വതങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും.
6-അങ്ങനെയത് പാറിപ്പറക്കുന്ന പൊടിപടലമായിത്തീരും.
7-അന്നു നിങ്ങള്‍ മൂന്നു വിഭാഗമായിരിക്കും.
8-വലതു പക്ഷക്കാര്‍! ആഹാ! എന്തായിരിക്കും അന്ന് വലതുപക്ഷക്കാരുടെ അവസ്ഥ!
9-ഇടതുപക്ഷക്കാര്‍! ഹാവൂ! എന്തായിരിക്കും ഇടതുപക്ഷത്തിന്റെ അവസ്ഥ?
10-പിന്നെ മുന്നേറിയവര്‍! അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ!
11-അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.
12-അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.
13-അവരോ മുന്‍ഗാമികളില്‍നിന്ന് കുറേ പേര്‍.
14-പിന്‍ഗാമികളില്‍നിന്ന് കുറച്ചും.
15-അവര്‍ പൊന്നുനൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.
16-അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.
17-നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.
18-ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.
19-അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.
20-ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും.
21-അവരാഗ്രഹിക്കുന്ന പക്ഷിമാംസങ്ങളും.
22-വിശാലാക്ഷികളായ സുന്ദരിമാരും.
23-അവരോ ശ്രദ്ധയോടെ സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍.
24-ഇതൊക്കെയും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് അവര്‍ക്കു ലഭിക്കുക.
25-അവരവിടെ അപശബ്ദങ്ങളോ പാപവാക്കുകളോ കേള്‍ക്കുകയില്ല.
26-സമാധാനം! സമാധാനം! എന്ന അഭിവാദ്യമല്ലാതെ.
27-വലതുപക്ഷം! ആഹാ; എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ?
28-അവര്‍ക്കുള്ളതാണ് മുള്ളില്ലാത്ത ഇലന്തമരത്തോട്ടം.
29-പടലകളുള്ള കുലകളോടു കൂടിയ വാഴ.
30-പടര്‍ന്നു പരന്നു കിടക്കുന്ന നിഴല്‍.
31-അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍.
32-ധാരാളം പഴങ്ങള്‍;
33-അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ.
34-ഉന്നതമായ മെത്തകളും.
35-അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്.
36-അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.
37-ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.
38-ഇതൊക്കെയും വലതുപക്ഷക്കാര്‍ക്കുള്ളതാണ്.
39-അവരോ പൂര്‍വികരില്‍ നിന്ന് ധാരാളമുണ്ട്.
40-പിന്‍മുറക്കാരില്‍നിന്നും ധാരാളമുണ്ട്.
41-ഇടതു പക്ഷക്കാര്‍! എന്താണ് ഇടതുപക്ഷത്തിന്റെ അവസ്ഥ?
42-അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും!
43-കരിമ്പുകയുടെ ഇരുണ്ട നിഴലിലും.
44-അത് തണുപ്പോ സുഖമോ നല്‍കുകയില്ല.
45-കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.
46-കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.
47-അവര്‍ ചോദിക്കാറുണ്ടായിരുന്നു; "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
48-ഞങ്ങളുടെ പൂര്‍വ പിതാക്കളും?"
49-പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.
50-ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.
51-പിന്നെ, അല്ലയോ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
52-നിശ്ചയമായും നിങ്ങള്‍ സഖൂം വൃക്ഷത്തില്‍നിന്നാണ് തിന്നേണ്ടി വരിക.
53-അങ്ങനെ നിങ്ങളതുകൊണ്ട് വയറു നിറയ്ക്കും.
54-അതിനു മേലെ തിളച്ചുമറിയുന്ന വെള്ളം കുടിക്കുകയും ചെയ്യും.
55-ദാഹിച്ചു വലഞ്ഞ ഒട്ടകത്തെപ്പോലെ നിങ്ങളത് മോന്തും.
56-പ്രതിഫല നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരമതായിരിക്കും.
57-നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്?
58-നിങ്ങള്‍ സ്രവിക്കുന്ന ശുക്ളത്തെ സംബന്ധിച്ച് ആലോചിച്ചുവോ?
59-നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്?
60-നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല.
61-നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും.
62-ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?
63-നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ?
64-നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?
65-നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിരാശയോടെ പറയുമായിരുന്നു:
66-"ഞങ്ങള്‍ കടക്കെണിയിലായല്ലോ.
67-"എന്നല്ല; ഞങ്ങള്‍ ഉപജീവനം വിലക്കപ്പെട്ടവരായിപ്പോയല്ലോ."
68-നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ?
69-നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍!
70-നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?
71-നിങ്ങള്‍ കത്തിക്കുന്ന തീയിനെക്കുറിച്ച് ചിന്തിച്ചുവോ?
72-നിങ്ങളാണോ അതിനുള്ള മരമുണ്ടാക്കിയത്? അതോ നാമോ അത് പടച്ചുണ്ടാക്കിയത്?
73-നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് ജീവിത വിഭവവും.
74-അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.
75-അല്ല; ഞാനിതാ നക്ഷത്ര സ്ഥാനങ്ങളെക്കൊണ്ട് സത്യം ചെയ്യുന്നു.
76-ഇത് മഹത്തായ ശപഥം തന്നെ; തീര്‍ച്ച. നിങ്ങള്‍ അറിയുന്നുവെങ്കില്‍!
77-ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ.
78-സുരക്ഷിതമായ ഗ്രന്ഥത്തില്‍.
79-വിശുദ്ധരല്ലാത്ത ആര്‍ക്കും ഇതിനെ സ്പര്‍ശിക്കാനാവില്ല.
80-മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്.
81-എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്.
82-നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ?
83-ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല?
84-മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ.
85-അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല.
86-അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് വിധേയരല്ലെങ്കില്‍.
87-നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!
88-മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍.
89-അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും.
90-അഥവാ, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനെങ്കില്‍.
91-"വലതുപക്ഷക്കാരില്‍ പെട്ട നിനക്കു സമാധാനം" എന്ന് സ്വാഗതം ചെയ്യപ്പെടും.
92-മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ.
93-അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും.
94-നരകത്തിലെ കത്തിയെരിയലും.
95-തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ.
96-അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.