55 അര്‍റഹ് മാന്‍

ആമുഖം
നാമം
`അര്‍റഹ്മാന്‍` എന്ന പ്രാരംഭപദമാണ് അധ്യായനാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അര്‍റഹ്മാന്‍ എന്ന പദംകൊണ്ടാരംഭിക്കുന്ന സൂറ എന്ന് താല്‍പര്യം. അതോടൊപ്പം ഈ പേര്‍ സൂറയുടെ ഉള്ളടക്കത്തോട് ഏറെ യോജിക്കുന്നന്നതുമാണ്. കാരണം, ഈ സൂറയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അല്ലാഹുവിന്റെ `കാരുണ്യം` എന്ന ഗുണത്തിന്റെ പ്രകടനങ്ങളും ഫലങ്ങളുമാണ് വിവരിക്കുന്നത്. 
അവതരണകാലം
ഈ സൂറ മക്കയിലവതരിച്ചതാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവായ നിലപാട്. ഹ. അബ്ദുല്ലാഹിബ്നു അബ്ബാസ്, ഇക്രിമ , ഖതാദ  തുടങ്ങിയ മഹാന്‍മാരില്‍ നിന്നും ചില നിവേദനങ്ങളില്‍ ഈ സൂറ മദനിയാണ് എന്ന പ്രസ്താവന ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് ശരിയാണ്. എങ്കിലും ഒന്നാമതായി, അവരില്‍നിന്നുതന്നെ മറ്റു ചില നിവേദനങ്ങള്‍ അതിനെതിരെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി, ഈ സൂറയിലെ ഉള്ളടക്കത്തിന് മദനി സൂറകളുടെതിനേക്കാള്‍ സാദൃശ്യമുള്ളത് മക്കീ സൂറകളുടേതിനോടാണ്. എന്നല്ല, ഉള്ളടക്കം പരിഗണിക്കുമ്പോള്‍ ഈ സൂറ മക്കയിലെത്തന്നെ ആദ്യനാളുകളില്‍ അവതരിച്ചതാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കൂടാതെ ഈ സൂറ ഹിജ്റക്ക് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍  അവതരിച്ചതാണെന്നതിന് നിരവധി നിവേദനങ്ങളില്‍ നിന്ന് സ്ഥിരീകരണം ലഭിക്കുന്നുമുണ്ട്. ഹ. അസ്മാ ബിന്‍ത് അബീബക്കറില്‍നിന്ന് മുസ്നദ് അഹ്മദില്‍ ഉദ്ധരിക്കപ്പെടുന്നു:  കഅ്ബയുടെ ഹജറുല്‍ അസ്വദ് ഉറപ്പിച്ച കോണിന്നഭിമുഖമായി നമസ്കരിക്കുന്നതായി ഒരിക്കല്‍ നബി(സ)യെ ഞാന്‍ കണ്ടു. അന്ന് فَاصْدَعْ بِمَا تُؤْمَر (താങ്കള്‍ കല്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിലേക്ക് ക്ഷണിക്കുക) എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചിരുന്നില്ല. അക്കാലത്ത് ബഹുദൈവവിശ്വാസികള്‍ തിരുനാവില്‍നിന്ന് ശ്രവിച്ചുകൊണ്ടിരുന്നത് فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ എന്ന വാക്യമായിരുന്നു. സൂറ അല്‍ഹിജ്ര്‍ അവതരിക്കുന്നതിനു മുമ്പവതരിച്ചിട്ടുണ്ട് ഈ സൂറ എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ബസ്സാര്‍, ഇബ്നു ജരീര്‍, ഇബ്നുല്‍ മുന്‍ദിര്‍, ദാറഖുത്നി (അല്‍ അഫ്റാദില്‍), ഇബ്നു മര്‍ദവൈഹി, അല്‍ഖതീബ് (താരീഖില്‍) എന്നിവര്‍ അബ്ദുല്ലാഹിബ്നു ഉമറില്‍നിന്ന് ഉദ്ധരിക്കുന്നു: "ഒരിക്കല്‍ നബി (സ) തന്നെയോ അദ്ദേഹത്തിന്റെ സന്നിധിയില്‍ മറ്റാരോ സൂറ അര്‍റഹ്മാന്‍ ഓതുകയുണ്ടായി. അനന്തരം തിരുമേനി സദസ്യരോട് ചോദിച്ചു: `ജിന്നുകള്‍ അവരുടെ റബ്ബിന് നല്‍കിയ മാതിരിയുള്ള മറുപടി നിങ്ങളിലാരില്‍നിന്നും ഞാന്‍ കേള്‍ക്കാതിരുന്നതെന്തേ?` ആളുകള്‍ ആരാഞ്ഞു: `ആ മറുപടി എന്തായിരുന്നു?` തിരുമേനി പറഞ്ഞു: `ഞാന്‍ فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ എന്ന് ഓതിയപ്പോഴൊക്കെ അവര്‍ മറുപടി നല്‍കിക്കൊണ്ടിരുന്നു. لاَ بشيئ من نعمةِ ربِّنا نُكذِّب (ഞങ്ങള്‍ റബ്ബിന്റെ അനുഗ്രഹങ്ങളിലൊന്നിനെയും തള്ളിപ്പറയുന്നതല്ല).``   ഏതാണ്ടിതുപോലുള്ള ആശയം തിര്‍മിദി, ഹാകിം, ഹാഫിസ് അബൂബക്കര്‍ ബസ്സാര്‍ എന്നിവര്‍ ജാബിറുബ്നു അബ്ദില്ലായില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. അതിലെ പദങ്ങള്‍ ഇങ്ങനെയാണ്:   "സൂറ അര്‍റഹ്മാന്‍ കേട്ട് സദസ്സ് നിശ്ശബ്ദമായി ഇരുന്നപ്പോള്‍ തിരുമേനി ചോദിച്ചു: `ഖുര്‍ആന്‍ കേള്‍ക്കുന്നതിനുവേണ്ടി ജിന്നുകള്‍ സമ്മേളിച്ച രാവില്‍ ഞാനീ സൂറ ജിന്നുകളെ കേള്‍പ്പിക്കുകയുണ്ടായി. അവര്‍ നിങ്ങളെക്കാള്‍ നന്നായി പ്രതികരിക്കുന്നവരായിരുന്നു. ഞാന്‍ فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ എന്നോതിയപ്പോഴൊക്കെ അവര്‍ പറഞ്ഞു: لاَ بشيئ مِن نِعمِكَ ربَّنا نُكذِّب فَلَكَ الْحَمْدُ (നാഥാ, നിന്റെ ഒരനുഗ്രഹവും ഞങ്ങള്‍ തള്ളിപ്പറയുന്നില്ല. നിനക്കു മാത്രമാകുന്നു സ്തുതി).`` ഈ നിവേദനത്തില്‍നിന്നും വ്യക്തമാകുന്നതിതാണ്: തിരുമേനിയുടെ വായില്‍നിന്ന് ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടതായി, സൂറ അഹ്ഖാഫി (29-32  46:29 സൂക്തങ്ങള്‍)ല്‍ വിവരിച്ച സംഭവം നടന്ന സന്ദര്‍ഭത്തിലെ നമസ്കാരത്തില്‍ നബി (സ) പാരായണം ചെയ്തിരുന്നത് സൂറ അര്‍റഹ്മാനായിരുന്നു. പ്രവാചകത്വത്തിന്റെ പത്താമാണ്ടില്‍ തിരുമേനി ത്വാഇഫില്‍നിന്നു തിരിച്ചുവരവെ കുറച്ചുനേരം നഖ്ലയില്‍ തങ്ങിയപ്പോഴാണിതു നടന്നത്. ചില നിവേദനങ്ങളനുസരിച്ച്, ജിന്നുകള്‍ തന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നുവെന്ന് അപ്പോള്‍ തിരുമേനി അറിഞ്ഞിരുന്നില്ലെങ്കിലും അവരത് കേട്ടുകൊണ്ടിരുന്നു എന്ന് പിന്നീട് അല്ലാഹു അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ജിന്നുകളുടെ ഖുര്‍ആന്‍ ശ്രവണം അല്ലാഹു തിരുമേനിയെ അറിയിച്ചതെപ്രകാരമാണോ അപ്രകാരംതന്നെ സൂറ അര്‍റഹ്മാന്‍ കേട്ടപ്പോള്‍ അവരുടെ പ്രതികരണമെന്തായിരുന്നുവെന്നും അറിയിച്ചിരിക്കുമെന്നും അനുമാനിക്കാവുന്നതാണ്. ഈ സൂറ അല്‍ഹിജ്ര്‍, അല്‍അഹ്ഖാഫ് എന്നീ സൂറകള്‍ക്കു മുമ്പവതരിച്ചതാണെന്ന് ഈ നിവേദനങ്ങളില്‍നിന്ന് ഗ്രാഹ്യമാകുന്നു. ഇവയ്ക്കു ശേഷം നമ്മുടെ മുന്നില്‍ വരുന്നത്, ഈ സൂറ മക്കയിലെ   ആദ്യകാലങ്ങളില്‍ അവതരിച്ച സൂറകളില്‍ പെട്ടതാണ് എന്നു കുറിക്കുന്ന ഒരു നിവേദനമാകുന്നു. ഉര്‍വതുബ്നു സുബൈറില്‍നിന്ന് ഇബ്നു ഇസ്ഹാഖ്  ഒരു സംഭവമുദ്ധരിക്കുന്നു: "ഒരു ദിവസം സഹാബികള്‍ തമ്മില്‍ പറഞ്ഞു: `പരസ്യമായി ഉച്ചത്തില്‍ ആരും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഖുറൈശികള്‍ ഒരിക്കലും കേട്ടിട്ടില്ല. ഒരിക്കല്‍ അവരെ വിശുദ്ധവചനങ്ങള്‍ കേള്‍പ്പിക്കാന്‍ നമ്മില്‍ ആരുണ്ട്?` ഹ. അബ്ദുല്ലാഹിബ്നു മസ്ഊദ് പറഞ്ഞു: `ഞാനതു ചെയ്യാം.` സഹാബത്ത് പറഞ്ഞു: `അവര്‍ താങ്കളെ കൈയേറ്റം ചെയ്യുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഏതെങ്കിലും പ്രബലകുടുംബത്തില്‍ പെട്ട ഒരാളാണിത് ചെയ്യേണ്ടതെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഖുറൈശികള്‍ അയാളെ അക്രമിക്കാനൊരുമ്പെട്ടാല്‍ അയാളുടെ കുടുംബം രക്ഷയ്ക്കെത്തുമല്ലോ.` ഹ. അബ്ദുല്ല പറഞ്ഞു: `ഇക്കാര്യം ചെയ്യാന്‍ എന്നെ അനുവദിക്കുക. എന്റെ സംരക്ഷകന്‍ അല്ലാഹുവാണ്.` തുടര്‍ന്നദ്ദേഹം പട്ടാപ്പകല്‍ ഖുറൈശി പ്രമാണിമാര്‍ ഹറമിലെ താന്താങ്ങളുടെ സദസ്സുകളിലിരിക്കുമ്പോള്‍ അവിടെയെത്തി. അദ്ദേഹം ഇബ്റാഹീം മഖാമില്‍ ചെന്ന് സൂറ അര്‍റഹ്മാന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. അബ്ദുല്ല എന്തോ പറയുന്നു എന്നേ ആദ്യം ഖുറൈശികള്‍ക്ക് തോന്നിയുള്ളൂ. മുഹമ്മദ് (സ) ദൈവവചനങ്ങളെന്ന നിലയില്‍ അവതരിപ്പിക്കുന്ന വചനങ്ങളാണതെന്ന് പിന്നീടാണവര്‍ മനസ്സിലാക്കിയത്. ഉടനെ അവരദ്ദേഹത്തിനു നേരെ പാഞ്ഞടുത്തു. അദ്ദേഹത്തിന്റെ മുഖത്ത് അടിക്കാന്‍ തുടങ്ങി. പക്ഷേ, അബ്ദുല്ല അത് കൂസാതെ പാരായണം ചെയ്തുകൊണ്ടേയിരുന്നു. അദ്ദേഹത്തിന് മതിയാകുന്നതുവരെ അത് തുടര്‍ന്നു. ഒടുവില്‍ അദ്ദേഹം വീങ്ങിയ മുഖവുമായി തിരിച്ചുവന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു: `ഇതുതന്നെയായിരുന്നു ഞങ്ങള്‍ ഭയപ്പെട്ടത്.` അദ്ദേഹം പറഞ്ഞു: `ഇതിനു മുമ്പും ഈ ദൈവശത്രുക്കള്‍ എന്നോട് ഒരു സൌമനസ്യവും കാണിച്ചിട്ടില്ലല്ലോ. നിങ്ങള്‍ പറയുകയാണെങ്കില്‍ നാളെയും ഞാനവരെ ഖുര്‍ആന്‍ കേള്‍പ്പിക്കും.` അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: `മതി, ഇതുതന്നെ ധാരാളമായി. അവര്‍ കേള്‍ക്കേണ്ടത് താങ്കളവരെ കേള്‍പ്പിച്ചിരിക്കുന്നു`` (സീറതു ഇബ്നു ഹിശാം, വാള്യം 1, പേജ് 336). 
ഉള്ളടക്കം
വിശുദ്ധ ഖുര്‍ആനില്‍ ഭൂമിയിലെ മനുഷ്യനു പുറമെ ഇച്ഛാസ്വാതന്ത്യ്രമുള്ള സൃഷ്ടിയായ ജിന്നിനെക്കൂടി നേരിട്ട് അഭിസംബോധന ചെയ്യുന്ന ഏക അധ്യായമാണിത്. രണ്ടു കൂട്ടരെയും അല്ലാഹുവിന്റെ ശക്തിസമ്പൂര്‍ണതയും അളവറ്റ നന്മകളും, അതിനെ അപേക്ഷിച്ച് അവരുടെ ബലഹീനതയും നിസ്സഹായതയും അവര്‍ക്ക് അവന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട് എന്ന കാര്യവും ബോധ്യപ്പെടുത്തിക്കൊണ്ട്, അവനെ ധിക്കരിക്കുന്നതിന്റെ ആപല്‍ക്കരമായ ഫലത്തെക്കുറിച്ച് ഭയപ്പെടുത്തുകയും അനുസരിക്കുന്നതിന്റെ വിശിഷ്ടമായ അനന്തരഫലത്തെക്കുറിച്ച് സുവാര്‍ത്ത നല്‍കുകയും ചെയ്യുകയാണിതില്‍. വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും ജിന്നുകള്‍ മനുഷ്യരെപ്പോലെ ഇച്ഛാസ്വാതന്ത്യ്രമുള്ളവരും ഉത്തരം ബോധിപ്പിക്കേണ്ടവരുമാണെന്നും വിശ്വസിക്കാനും നിഷേധിക്കാനും അനുസരിക്കാനും ധിക്കരിക്കാനും കഴിവ് നല്‍കപ്പെട്ടവരാണെന്നും അവരിലും നിഷേധികളിലും വിശ്വാസികളും അനുസരിക്കുന്നവരും ധിക്കരിക്കുന്നവരുമുണ്ടെന്നും ചൂണ്ടിക്കാണിക്കുന്ന ധാരാളം പ്രസ്താവനകളുണ്ട്. ജിന്നുകള്‍ക്കിടയിലും, പ്രവാചകന്‍മാരിലും വേദങ്ങളിലും വിശ്വസിക്കുന്നവരുണ്ടെന്നും അവ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ഈ സൂറയില്‍ മുഹമ്മദ് നബി(സ)യുടെയും വിശുദ്ധ ഖുര്‍ആന്റെയും പ്രബോധനം ജിന്നുകള്‍ക്കും മനുഷ്യര്‍ക്കുമുള്ളതാണെന്നും മുഹമ്മദീയ ദൌത്യം മനുഷ്യരില്‍ പരിമിതമല്ലെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. സൂറാരംഭത്തില്‍ മനുഷ്യരെ മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ. കാരണം, ഭൂമിയിലെ പ്രാതിനിധ്യം അവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന്‍ അവരില്‍നിന്നാണാഗതനായിട്ടുള്ളത്. ദൈവിക ഗ്രന്ഥം അവതരിച്ചിട്ടുള്ളതും അവരുടെ ഭാഷയിലാണ്. എന്നാല്‍, 13-ാം സൂക്തം മുതല്‍ മനുഷ്യരെയും ജിന്നുകളെയും ഒന്നുപോലെ സംബോധന ചെയ്യുന്നു. ഇരുകൂട്ടര്‍ക്കും ഒരേ സന്ദേശം സമര്‍പ്പിക്കുകയും ചെയ്യുന്നു. സൂറയുടെ പ്രമേയം ചെറിയ ചെറിയ വാക്യങ്ങളിലായി ഒരു പ്രത്യേക ക്രമത്തിലാണരുളിയിട്ടുള്ളത്. 1 മുതല്‍ 4 വരെ സൂക്തങ്ങളില്‍ വിവരിക്കുന്നതിതാണ്: ഖുര്‍ആനികാധ്യാപനത്തിലൂടെ മനുഷ്യവര്‍ഗത്തിന് സന്‍മാര്‍ഗോപാധി സംജാതമായിരിക്കുന്നു എന്നത് അവന്റെ കറയറ്റ കാരുണ്യത്തിന്റെ താല്‍പര്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യനെ ബുദ്ധിയും ബോധവുമുള്ള സൃഷ്ടിയായിട്ടാണവന്‍ സൃഷ്ടിച്ചിട്ടുള്ളത്. 5-6 സൂക്തങ്ങളിലായി അരുളുന്നു: പ്രപഞ്ചസംവിധാനമഖിലം അല്ലാഹുവിന് വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആകാശഭൂമികളിലെ സകല വസ്തുക്കളും അവന്റെ ആജ്ഞാനുവര്‍ത്തികളാകുന്നു. സ്വന്തം ദിവ്യത്വം നടപ്പാക്കാന്‍ കഴിയുന്ന മറ്റാരുംതന്നെ ഈ ലോകത്തില്ല. 7-9 സൂക്തങ്ങളില്‍ പ്രകാശിപ്പിച്ചിരിക്കുന്ന മറ്റൊരു പ്രധാന യാഥാര്‍ഥ്യമിതാണ്: അല്ലാഹു ഈ പ്രപഞ്ചവ്യവസ്ഥ സംവിധാനിച്ചിരിക്കുന്നത് തികഞ്ഞ സന്തുലിതത്വത്തിലും നീതിയിലുമാകുന്നു. പ്രപഞ്ചത്തിലെ നിവാസികള്‍ തങ്ങളുടെ സ്വാതന്ത്യ്രത്തിന്റെ പരിധികള്‍ക്കുള്ളിലും നീതിയോടെ നിലകൊള്ളുകയും സന്തുലിതത്വം തകരാറിലാകാതെ സൂക്ഷിക്കുകയും വേണമെന്നാണ് ഈ പ്രകൃതിനിയമം താല്‍പര്യപ്പെടുന്നത്. 10 മുതല്‍ 25 വരെ സൂക്തങ്ങളില്‍ അല്ലാഹുവിന്റെ കഴിവുകളുടെ അദ്ഭുതങ്ങളും തെളിവുകളും വിവരിക്കുകയും അതോടൊപ്പം ജിന്നുകളും മനുഷ്യരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. 26 മുതല്‍ 30 വരെ സൂക്തങ്ങളില്‍, ഈ പ്രപഞ്ചത്തില്‍ ദൈവമൊഴികെ മറ്റൊന്നും അനശ്വരവും അനന്തവുമല്ല എന്ന് ജിന്നുകളെയും മനുഷ്യരെയും ബോധ്യപ്പെടുത്തുകയാണ്. സ്വന്തം അസ്തിത്വത്തിനും അസ്തിത്വത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ദൈവത്തിന്റെ ആശ്രയമില്ലാത്ത ചെറുതോ വലുതോ ആയ യാതൊരുണ്‍മയുമില്ല. ഭൂമിയിലും വാനലോകങ്ങളിലും ദിനേന സംഭവിച്ചുകൊണ്ടിരിക്കുന്നതെന്തും അവന്റെ ആജ്ഞാനുസാരമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 31 മുതല്‍ 36 വരെ സൂക്തങ്ങളില്‍, അടുത്തുതന്നെ നിങ്ങളുടെ വിചാരണാവേള ആസന്നമാകുമെന്ന് ഈ രണ്ടു വര്‍ഗങ്ങളെയും താക്കീതുചെയ്യുന്നു. ആ വിചാരണയില്‍നിന്ന് നിങ്ങള്‍ക്ക് എങ്ങോട്ടും തടിതപ്പാനാവില്ല. ദൈവത്തിന്റെ അധികാരങ്ങള്‍ നാനാവശത്തുനിന്നും നിങ്ങളെ വലയം ചെയ്യുന്നതാണ്. അതിനെ ഭേദിച്ച് ഓടിപ്പോവുക നിങ്ങളുടെ കഴിവില്‍പെട്ടതല്ല. ഓടിപ്പോകാമെന്ന് നിങ്ങള്‍ അഹങ്കരിക്കുന്നുവെങ്കില്‍ ഒന്ന് ഓടിപ്പോയി നോക്കുക. 37-38 സൂക്തങ്ങളില്‍, ഈ വിചാരണ നടക്കുക ഉയിര്‍ത്തെഴുന്നേല്‍പുനാളിലാണെന്നു വ്യക്തമാക്കുന്നു. ഈ ലോകത്ത് അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ച കുറ്റവാളികളായ മനുഷ്യരുടെയും ജിന്നുകളുടെയും ദുഷിച്ച പരിണതിയെക്കുറിച്ചാണ് 39 മുതല്‍ 45 വരെ സൂക്തങ്ങളില്‍ പറയുന്നത്. 46-ാം സൂക്തം മുതല്‍ സൂറയുടെ സമാപനം വരെ വിവരിക്കുന്നത് സുകൃതികള്‍ക്ക് ലഭിക്കുന്ന പാരത്രിക നേട്ടങ്ങളാണ്. ഈ ലോകത്ത് ദൈവഭയത്തോടെ ജീവിതം നയിക്കുകയും ഒരു നാള്‍ തങ്ങളുടെ കര്‍മങ്ങളെല്ലാം അല്ലാഹുവിന്റെ സമക്ഷം ഹാജരാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുമെന്ന വിചാരത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്ത ജിന്നുകളും മനുഷ്യരുമാണ് സുകൃതികള്‍. ഈ പ്രഭാഷണം മുഴുവന്‍ അഭിമുഖഭാഷണത്തിന്റെ ശൈലിയിലാണ്. ആവേശോജ്വലവും സാഹിത്യസമ്പുഷ്ടവുമായ ഒരു പ്രഭാഷണം. അതില്‍ അല്ലാഹുവിന്റെ അദ്ഭുതശക്തികളോരോന്നും അവനരുളിയ ഔദാര്യങ്ങളിലോരോ ഔദാര്യവും അവന്റെ ഭരണത്തിന്റെയും അധികാരത്തിന്റെയും പ്രകടനങ്ങളിലോരോന്നും രക്ഷാശിക്ഷകളുടെ വിശദാംശങ്ങളിലോരോ കാര്യവും വിവരിച്ചുകൊണ്ട് ജിന്നുകളോടും മനുഷ്യരോടും ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിക്കുന്നു: فَبِأيِّ آلآءِ رَبِّكُمَا تُكَذِّبَانِ വിപുലമായ അര്‍ഥതലങ്ങളുള്ള ചോദ്യമാണിത്. ഈ പ്രഭാഷണത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഈ ചോദ്യമുന്നയിച്ചിട്ടുള്ളത് വ്യത്യസ്ത അര്‍ഥങ്ങളിലാണ്. ഓരോ സ്ഥലത്തിന്റെയും പശ്ചാത്തലം പരിഗണിക്കുമ്പോള്‍ ജിന്നുകളോടും മനുഷ്യരോടുമുള്ള ഈ ചോദ്യം ഓരോ സന്ദര്‍ഭത്തിലും സവിശേഷ ആശയമുള്‍ക്കൊള്ളുന്നുണ്ട്. സൂറയുടെ വ്യാഖ്യാനത്തിലേക്ക് കടന്നാല്‍ നാം അത് വിശദീകരിക്കുന്നതാണ്.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-പരമകാരുണികന്‍.
2-അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
3-അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
4-അവനെ സംസാരം അഭ്യസിപ്പിച്ചു.
5-സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്.
6-താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു.
7-അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു.
8-നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.
9-അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്.
10-ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു.
11-അതില്‍ ധാരാളം പഴമുണ്ട്. കൊതുമ്പുള്ള ഈത്തപ്പനകളും.
12-വൈക്കോലോടുകൂടിയ ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്.
13-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക.
14-മണ്‍കുടം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
15-പുകയില്ലാത്ത അഗ്നിജ്ജ്വാലയില്‍നിന്ന് ജിന്നിനെയും സൃഷ്ടിച്ചു.
16-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
17-രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥന്‍ അവനത്രെ.
18-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
19-അവന്‍ രണ്ട് സമുദ്രങ്ങളെ പരസ്പരം സംഗമിക്കാന്‍ സാധിക്കുമാറ് അയച്ചുവിട്ടിരിക്കുന്നു.
20-അവ രണ്ടിനുമിടയില്‍ ഒരു നിരോധപടലമുണ്ട്. അവ പരസ്പരം അതിക്രമിച്ചുകടക്കുകയില്ല.
21-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക.
22-അവ രണ്ടില്‍നിന്നും മുത്തും പവിഴവും കിട്ടുന്നു.
23-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
24-സമുദ്രത്തില്‍ സഞ്ചരിക്കുന്ന, പര്‍വതങ്ങള്‍പോലെ ഉയരമുള്ള കപ്പലുകള്‍ അവന്റേതാണ്.
25-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
26-ഭൂതലത്തിലുള്ളതൊക്കെയും നശിക്കുന്നവയാണ്.
27-മഹാനും ഗംഭീരനുമായ നിന്റെ നാഥന്റെ അസ്തിത്വം മാത്രമാണ് അവശേഷിക്കുക.
28-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
29-ആകാശഭൂമികളിലുള്ളവയൊക്കെയും തങ്ങളുടെ ആവശ്യങ്ങള്‍ അവനോട് ചോദിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അവനെന്നും കാര്യനിര്‍വഹണത്തിലാണ്.
30-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
31-ഭൂമിക്ക് ഭാരമായ ജിന്നുകളേ, മനുഷ്യരേ, നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞു വരുന്നുണ്ട്.
32-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
33-ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ.
34-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
35-നിങ്ങളിരുകൂട്ടരുടെയും നേരെ തീക്ഷ്ണമായ തീജ്ജ്വാലകളും പുകപടലങ്ങളും അയക്കും. നിങ്ങള്‍ക്കവയെ അതിജയിക്കാനാവില്ല.
36-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
37-ആകാശം പൊട്ടിപ്പിളര്‍ന്ന് റോസാപ്പൂ നിറമുള്ളതും കുഴമ്പുപോലുള്ളതും ആയിത്തീരുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും?
38-അപ്പോള്‍ നിങ്ങളിരുവിഭാഗത്തിന്റെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
39-അന്നേ ദിനം മനുഷ്യനോടോ ജിന്നിനോടോ അവരുടെ പാപമെന്തെന്ന് ചോദിച്ചറിയേണ്ടതില്ലാത്തവിധമത് വ്യക്തമായിരിക്കും.
40-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
41-കുറ്റവാളികളെ അവരുടെ ലക്ഷണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയുന്നതാണ്. അവരെ കുടുമയിലും പാദങ്ങളിലും പിടിച്ച് വലിച്ചിഴക്കും.
42-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
43-ഇതാകുന്നു കുറ്റവാളികള്‍ തള്ളിപ്പറയുന്ന നരകം.
44-അതിനും തിളച്ചുമറിയുന്ന ചൂടുവെള്ളത്തിനുമിടയില്‍ അവര്‍ കറങ്ങിക്കൊണ്ടിരിക്കും.
45-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
46-തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്.
47-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
48-അതു രണ്ടും നിരവധി സുഖൈശ്വര്യങ്ങളുള്ളവയാണ്.
49-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
50-അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്.
51-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
52-അവ രണ്ടിലും ഓരോ പഴത്തില്‍നിന്നുമുള്ള ഈരണ്ടു ഇനങ്ങളുണ്ട്.
53-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
54-അവര്‍ ചില മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും. ആ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്നു കിടക്കുന്നവയുമായിരിക്കും.
55-അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
56-അവയില്‍ നോട്ടം നിയന്ത്രിക്കുന്ന തരുണികളുണ്ടായിരിക്കും. ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല.
57-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
58-അവര്‍ മാണിക്യവും പവിഴവും പോലിരിക്കും.
59-അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
60-നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്?
61-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
62-അവ രണ്ടും കൂടാതെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.
63-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
64-പച്ചപ്പുനിറഞ്ഞ രണ്ടു സ്വര്‍ഗീയാരാമങ്ങള്‍.
65-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
66-അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ട് അരുവികളുണ്ട്.
67-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
68-അവ രണ്ടിലും പലയിനം പഴങ്ങളുണ്ട്. ഈത്തപ്പനകളും ഉറുമാന്‍ പഴങ്ങളുമുണ്ട്.
69-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
70-അവയില്‍ സുശീലകളും സുന്ദരികളുമായ തരുണികളുണ്ട്.
71-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
72-അവര്‍ കൂടാരങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന ഹൂറികളാണ്.
73-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
74-ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല.
75-അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
76-അവര്‍ ചാരുതയാര്‍ന്ന പരവതാനികളിലും പച്ചപ്പട്ടിന്റെ തലയണകളിലും ചാരിക്കിടക്കുന്നവരായിരിക്കും.
77-എന്നിട്ടും നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
78-മഹോന്നതനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമം അത്യുല്‍കൃഷ്ടം തന്നെ.