60 അല്‍മുംതഹിന:

ആമുഖം
നാമം
ഈ സൂറയിലെ പത്താം സൂക്തത്തില്‍, ദേശത്യാഗം ചെയ്ത് മദീനയിലെത്തി മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന സ്ത്രീകളെ പരീക്ഷിക്കാന്‍ കല്‍പിക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഈ സൂറ `മുംതഹിന`എന്ന് നാമകരണം ചെയ്യപ്പെട്ടത്. `മുംതഹന` എന്നും ഉച്ചരിക്കാവുന്നതാണ്. `മുതംഹിന` എന്നുച്ചരിക്കുമ്പോള്‍ പരീക്ഷിക്കുന്ന സൂറ എന്നും `മുംതഹന` എന്നാകുമ്പോള്‍ പരീക്ഷിക്കപ്പെടുന്ന സ്ത്രീ എന്നും അര്‍ഥമാകുന്നു. 
അവതരണകാലം
ചരിത്രപരമായി കാലം അറിയപ്പെട്ട രണ്ടു സംഗതികളെ ഈ സൂറ പരാമര്‍ശിക്കുന്നുണ്ട്. ഒന്ന് ഹ. ഹാത്വിബുബ്നു അബീബല്‍തഅ യുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം മക്കാവിമോചനത്തിന് അല്‍പകാലം മുമ്പ്, ഖുറൈശിനേതാക്കള്‍ക്ക്, മുഹമ്മദ് (സ) മക്കയെ  ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചുകൊണ്ട് ഒരു സന്ദേശമയക്കുകയുണ്ടായി. രണ്ടാമത്തെ സംഗതി, ഹുദൈബിയാ സന്ധിക്കുശേഷം മക്കയില്‍നിന്ന് ഹിജ്റ ചെയ്ത് മദീനയിലെത്തിയ മുസ്ലിം വനിതകളെക്കുറിച്ചുള്ളതാണ്. ഇവരുടെ ആഗമനത്തെത്തുടര്‍ന്ന് സന്ധിവ്യവസ്ഥകളനുസരിച്ച് മുസ്ലിം പുരുഷന്‍മാരെപ്പോലെ ഈ വനിതകളെയും ശത്രുക്കള്‍ക്ക് ഏല്‍പിച്ചുകൊടുക്കേണ്ടതുണ്ടോ എന്ന പ്രശ്നം ഉയര്‍ന്നുവന്നു. ഈ സൂറ ഹുദൈബിയാ സന്ധിക്കും മക്കാവിമോചനത്തിനും ഇടയ്ക്കുള്ള കാലയളവില്‍ അവതരിച്ചതാണെന്ന് ഈ രണ്ടു സംഗതികളില്‍നിന്ന് ഖണ്ഡിതമായി സ്പഷ്ടമാകുന്നു. കൂടാതെ, സൂറയുടെ അവസാനഭാഗത്ത് മൂന്നാമതൊരു കാര്യംകൂടി പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകള്‍ ഈമാന്‍ കൈക്കൊണ്ടുകൊണ്ട് പ്രവാചകസന്നിധിയില്‍ ബൈഅത്തിനായി എത്തിയാല്‍ തിരുമേനി ഏതെല്ലാം സംഗതികളാണ് അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കേണ്ടത് എന്നതാണത്. ഈ ഭാഗം പരിഗണിക്കുമ്പോള്‍ അതും മക്കാവിമോചനത്തിനു മുമ്പവതരിച്ചതാണെന്ന് അനുമാനിക്കാവുന്നതാണ്. കാരണം, മക്കാവിമോചനാനന്തരം ഖുറൈശികളായ സ്ത്രീപുരുഷന്‍മാര്‍ ഒരേസമയം വന്‍തോതില്‍ ഇസ്ലാമില്‍ പ്രവേശിച്ചുകൊണ്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ അവരെ കൂട്ടത്തോടെ പ്രതിജ്ഞയെടുപ്പിക്കേണ്ടതനിവാര്യമായിത്തീര്‍ന്നിരുന്നു. 
ഉള്ളടക്കം
പ്രഥമ ഖണ്ഡം സൂറയുടെ ആരംഭം മുതല്‍ 9-ാം സൂക്തം വരെ തുടരുന്നു. സൂറയുടെ അന്ത്യത്തിലുള്ള 13-ാം സൂക്തവും ഇതുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഹാത്വിബുബ്നു അബീബല്‍തഅയുടെച നടപടിയെ രൂക്ഷമായി ആക്ഷേപിക്കുന്നുണ്ട്. അദ്ദേഹം സ്വന്തം കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി റസൂലി(സ)ന്റെ അതിപ്രധാനമായ ഒരു യുദ്ധരഹസ്യം ശത്രുക്കള്‍ക്ക് കൈമാറാന്‍ ശ്രമിക്കുകയായിരുന്നു. അതു തക്കസമയത്ത് വിഫലമാക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ മക്കാവിമോചന  വേളയില്‍ വമ്പിച്ച രക്തച്ചൊരിച്ചില്‍ നടക്കുമായിരുന്നു. മുസ്ലിംപക്ഷത്തുനിന്ന് വിലപ്പെട്ട പല ജീവനുകളും നഷ്ടപ്പെടുമായിരുന്നു. പില്‍ക്കാലത്ത് ഇസ്ലാമിന് മഹത്തായ സേവനങ്ങളര്‍പ്പിച്ച നിരവധി ഖുറൈശി പ്രമുഖരും കൊല്ലപ്പെടുമായിരുന്നു. മക്കയെ  സമാധാനപരമായി മോചിപ്പിച്ചതിലൂടെ ലഭിച്ച നേട്ടങ്ങളൊക്കെ പാഴായിപ്പോവുകയും ചെയ്യുമായിരുന്നു. ഈ മഹാ നഷ്ടങ്ങള്‍ക്കെല്ലാം നിമിത്തമാകുമായിരുന്നത്, മുസ്ലിംകളിലൊരാള്‍ സ്വകുടുംബത്തെ യുദ്ധവിപത്തുകളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതുമാത്രമാണ്. ഈ ഭീമാബദ്ധത്തെക്കുറിച്ചുണര്‍ത്തിക്കൊണ്ട് എല്ലാ വിശ്വാസികളെയും അല്ലാഹു ഉപദേശിക്കുന്നു: യാതൊരു വിശ്വാസിയും ഒരവസ്ഥയിലും ഒരു ലക്ഷ്യത്തിനുവേണ്ടിയും, ഇസ്ലാമിനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സത്യനിഷേധികളായ ശത്രുക്കളോട് മൈത്രിയും സുഹൃദ്ബന്ധവും പുലര്‍ത്തുകയോ, അവരും ഇസ്ലാമും തമ്മിലുള്ള സംഘട്ടനത്തില്‍ അവര്‍ക്ക് പ്രയോജനകരമായിത്തീരുന്ന വല്ല നടപടിയും സ്വീകരിക്കുകയോ ചെയ്തുകൂടാ. എന്നാല്‍, അവിശ്വാസികള്‍ ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുതയിലും വിരോധത്തിലും വര്‍ത്തിക്കാതിരിക്കുമ്പോള്‍ അവരോട് സൌഹൃദപരമായ സമീപനവും നല്ല പെരുമാറ്റവും കൈക്കൊള്ളേണ്ടതാണ്. 10-11 സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രണ്ടാമത്തെ ഖണ്ഡം. അക്കാലത്ത്, വളരെ സങ്കീര്‍ണമായിത്തീര്‍ന്നിരുന്ന ഒരു സാമൂഹികപ്രശ്നത്തില്‍ തീരുമാനം കല്‍പിച്ചിരിക്കുകയാണിതില്‍. മക്കയില്‍ അവിശ്വാസികളായ ഭര്‍ത്താക്കന്‍മാരുടെ ഭാര്യമാരായി ധാരാളം മുസ്ലിം സ്ത്രീകളുണ്ടായിരുന്നു. ഈ സ്ത്രീകള്‍ എങ്ങനെയൊക്കെയോ ഹിജ്റ ചെയ്ത് മദീനയിലെത്തിയിരുന്നു. ഇതുപോലെ അവിശ്വാസിനികളായ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരായി ധാരാളം മുസ്ലിം പുരുഷന്മാര്‍ മദീനയിലുമുണ്ടായിരുന്നു. അവരുടെ സ്ത്രീകള്‍ മക്കയില്‍തന്നെ പാര്‍ത്തുപോന്നു. ഇങ്ങനെയുള്ളവര്‍ തമ്മിലുള്ള ദാമ്പത്യബന്ധം നിലനില്‍ക്കുന്നുണ്ടോ എന്നതായിരുന്നു പ്രശ്നം. അല്ലാഹു അതേപ്പറ്റി ശാശ്വതമായ വിധി നല്‍കി: മുസ്ലിം സ്ത്രീകള്‍ക്ക് അവിശ്വാസിയായ ഭര്‍ത്താവ് അനുവദനീയമല്ല. വിഗ്രഹാരാധകയായ സ്ത്രീയെ ഭാര്യയായി പൊറുപ്പിക്കുന്നത് മുസ്ലിം പുരുഷന്നും അനുവദനീയമല്ല. ഈ വിധിക്ക് വമ്പിച്ച നിയമപരമായ പ്രത്യാഘാതങ്ങളുണ്ട്. വ്യാഖ്യാനക്കുറിപ്പുകളില്‍ നാമതു വിശദീകരിക്കുന്നതാണ്. 12-ാം സൂക്തമാണ് മൂന്നാം ഖണ്ഡം. അതില്‍ റസൂല്‍ തിരുമേനിയോട് നിര്‍ദേശിക്കുന്നു: ഇസ്ലാം സ്വീകരിച്ച സ്ത്രീകളെക്കൊണ്ട് ജാഹിലിയ്യാ അറബിസമൂഹത്തിലെ സ്ത്രീകളില്‍ നടമാടിയിരുന്ന തിന്മകള്‍ വര്‍ജിക്കുമെന്നും ഭാവിയില്‍ അവര്‍ അല്ലാഹുവും പ്രവാചകനും കല്‍പിച്ച നന്മയുടേതായ എല്ലാ മാര്‍ഗങ്ങളും അനുധാവനം ചെയ്യുമെന്നും പ്രതിജ്ഞയെടുപ്പിക്കുക.
സൂക്തങ്ങളുടെ ആശയം
1-വിശ്വസിച്ചവരേ, നിങ്ങള്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളുമായി സ്നേഹബന്ധം സ്ഥാപിച്ച് അവരെ രക്ഷാധികാരികളാക്കരുത്. നിങ്ങള്‍ക്കു വന്നെത്തിയ സത്യത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെയും നാടുകടത്തുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അങ്ങനെ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ അവരുമായി സ്വകാര്യത്തില്‍ സ്നേഹബന്ധം പുലര്‍ത്തുകയാണ്. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ നന്നായി അറിയുന്നുണ്ട്. നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ നിശ്ചയമായും നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു.
2-നിങ്ങള്‍ അവരുടെ പിടിയില്‍ പെട്ടാല്‍ നിങ്ങളോട് കൊടിയ ശത്രുത കാണിക്കുന്നവരാണ് അവര്‍. കയ്യും നാവുമുപയോഗിച്ച് അവര്‍ നിങ്ങളെ ദ്രോഹിക്കും. നിങ്ങള്‍ സത്യനിഷേധികളായിത്തീര്‍ന്നെങ്കില്‍ എന്ന് അവരാഗ്രഹിക്കുന്നു.
3-ഉയിര്‍ത്തെഴുന്നേല്പു നാളില്‍ നിങ്ങളുടെ കുടുംബക്കാരോ മക്കളോ നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അന്ന് അല്ലാഹു നിങ്ങളെ അന്യോന്യം വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതൊക്കെ കണ്ടറിയുന്നവനാണ്.
4-തീര്‍ച്ചയായും ഇബ്റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: "നിങ്ങളുമായോ അല്ലാഹുവെക്കൂടാതെ നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ." ഇതില്‍നിന്ന് വ്യത്യസ്തമായുള്ളത് ഇബ്റാഹീം തന്റെ പിതാവിനോടിങ്ങനെ പറഞ്ഞതു മാത്രമാണ്: "തീര്‍ച്ചയായും ഞാന്‍ താങ്കളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാം. എന്നാല്‍ അല്ലാഹുവില്‍നിന്ന് അങ്ങയ്ക്ക് എന്തെങ്കിലും നേടിത്തരിക എന്നത് എന്റെ കഴിവില്‍ പെട്ടതല്ല." അവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ നിന്നില്‍ മാത്രം ഭരമേല്പിക്കുന്നു. നിന്നിലേക്കു മാത്രം പശ്ചാത്തപിച്ചു മടങ്ങുന്നു. അവസാനം ഞങ്ങള്‍ വന്നെത്തുന്നതും നിന്റെ അടുത്തേക്കുതന്നെ.
5-"ഞങ്ങളുടെ നാഥാ! സത്യനിഷേധികള്‍ക്കുള്ള പരീക്ഷണങ്ങള്‍ക്ക് ഞങ്ങളെ നീ വിധേയരാക്കരുതേ! ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ! നീ അജയ്യനും യുക്തിജ്ഞനുമല്ലോ."
6-നിങ്ങള്‍ക്ക്, അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക്, അവരില്‍ ഉത്തമ മാതൃകയുണ്ട്. ആരെങ്കിലും അതിനെ നിരാകരിക്കുന്നുവെങ്കില്‍ അറിയുക; നിശ്ചയം, അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാകുന്നു.
7-നിങ്ങള്‍ക്കും നിങ്ങള്‍ ശത്രുതപുലര്‍ത്തുന്നവര്‍ക്കുമിടയില്‍ അല്ലാഹു ഒരുവേള സൌഹൃദം സ്ഥാപിച്ചേക്കാം. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
8-മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.
9-മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്. അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍.
10-വിശ്വസിച്ചവരേ, വിശ്വാസിനികള്‍ അഭയം തേടി നിങ്ങളെ സമീപിച്ചാല്‍ അവരെ പരീക്ഷിച്ചു നോക്കുക. അവരുടെ വിശ്വാസവിശുദ്ധിയെ സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നു. അവര്‍ യഥാര്‍ഥ വിശ്വാസിനികളാണെന്ന് ബോധ്യമായാല്‍ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്. ആ വിശ്വാസിനികള്‍ സത്യനിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. ആ സത്യനിഷേധികള്‍ വിശ്വാസിനികള്‍ക്കും അനുവദനീയരല്ല. അവര്‍ വ്യയം ചെയ്തത് നിങ്ങള്‍ അവര്‍ക്ക് മടക്കിക്കൊടുക്കുക. നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതിന് വിലക്കൊന്നുമില്ല- അവര്‍ക്ക് അവരുടെ വിവാഹമൂല്യം നല്‍കുകയാണെങ്കില്‍. സത്യനിഷേധിനികളുമായുള്ള വിവാഹബന്ധം നിങ്ങളും നിലനിര്‍ത്തരുത്. നിങ്ങളവര്‍ക്കു നല്‍കിയത് തിരിച്ചു ചോദിക്കുക. അവര്‍ ചെലവഴിച്ചതെന്തോ അതത്രയും അവരും ആവശ്യപ്പെട്ടുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ്.
11-സത്യനിഷേധികളിലേക്കു പോയ നിങ്ങളുടെ ഭാര്യമാര്‍ക്കു നല്‍കിയ വിവാഹമൂല്യം നിങ്ങള്‍ക്കു തിരിച്ചുകിട്ടാതെ നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്താല്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടത് അവര്‍ നല്‍കിയ വിവാഹമൂല്യത്തിനു തുല്യമായ തുക അവര്‍ക്കു നല്‍കുക. നിങ്ങള്‍ വിശ്വസിച്ചംഗീകരിച്ച അല്ലാഹുവോട് ഭക്തിയുള്ളവരാവുക.
12-പ്രവാചകരേ, അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ല; മോഷ്ടിക്കുകയില്ല; വ്യഭിചരിക്കുകയില്ല; സന്താനഹത്യ നടത്തുകയില്ല; തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ യാതൊരു വ്യാജവും മെനഞ്ഞുണ്ടാക്കുകയില്ല; നല്ല കാര്യത്തിലൊന്നും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ല എന്നിങ്ങനെ പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്നെ സമീപിച്ചാല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
13-സത്യവിശ്വാസികളേ, അല്ലാഹുവിന്റെ കോപത്തിനിരയായ ജനത്തെ നിങ്ങള്‍ രക്ഷാധികാരികളാക്കരുത്. അവര്‍ പരലോകത്തെപ്പറ്റി തീര്‍ത്തും നിരാശരായിരിക്കുന്നു. ശവക്കുഴിയിലുള്ളവരെ സംബന്ധിച്ച് സത്യനിഷേധികള്‍ നിരാശരായപോലെ.