61 അസ്സ്വഫ്ഫ്

ആമുഖം
നാമം
നാലാം സൂക്തത്തിലെ يُقَاتِلُونَ فِى سَبِيلِهِ صَفًّا എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായനാമം. സ്വഫ്ഫ് എന്ന പദമുള്ള സൂറ എന്ന് താല്‍പര്യം. 
അവതരണകാലം
പ്രബലമായ നിവേദനങ്ങളിലൂടെ ഈ സൂറയുടെ അവതരണകാലം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഉള്ളടക്കം പരിശോധിക്കുമ്പോള്‍ മിക്കവാറും ഇത് ഉഹ്ദ് യുദ്ധത്തോടടുത്ത കാലത്തായിട്ടവതരിച്ചതാവാമെന്നു തോന്നുന്നു. കാരണം, ഇതിലെ വരികള്‍ക്കിടയില്‍ തെളിയുന്ന സാഹചര്യം ആ കാലത്താണ് കാണപ്പെട്ടിരുന്നത്. 
ഉള്ളടക്കം
മുസ്ലിംകളെ    വിശ്വാസത്തില്‍ ആത്മാര്‍ഥത കൈവരിക്കാനും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാനും മുസ്ലിംകളെ ഉത്തേജിപ്പിക്കുക എന്നതാണ് ഈ സൂറയിലെ വിഷയം. ദുര്‍ബല വിശ്വാസികളെയും വ്യാജമായി വിശ്വാസം വാദിച്ചുകൊണ്ട് ഇസ്ലാമില്‍ പ്രവേശിച്ചവരെയും നിഷ്കളങ്ക വിശ്വാസികളെയും ഇതില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ചില സൂക്തങ്ങള്‍ ആദ്യം പറഞ്ഞ രണ്ടു കൂട്ടരെയും ഒന്നിച്ച് സംബോധന ചെയ്യുന്നു. ചില സൂക്തങ്ങളുടെ സംബോധിതര്‍ കപടവിശ്വാസികള്‍ മാത്രമാണ്. ചില സൂക്തങ്ങളാവട്ടെ, ആത്മാര്‍ഥതയുള്ള മുസ്ലിംകളോടു മാത്രം സംസാരിക്കുന്നു. ഏതു സൂക്തം ആരെ സംബോധന ചെയ്യുന്നുവെന്ന് വചനശൈലിയില്‍ വ്യക്തമാവും. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറ്റവും വിരോധമുള്ള ആളുകളെന്നും കുമ്മായത്തില്‍ പടുത്തുറപ്പിച്ച ഭദ്രമായ മതില്‍ക്കെട്ടുപോലെ ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാന്‍ ഐക്യത്തോടെ അടിയുറച്ചു നിലകൊള്ളുന്നവരാണ് അല്ലാഹുവിനു പ്രിയപ്പെട്ടവരെന്നും ഉണര്‍ത്തിക്കൊണ്ടാണ് തുടക്കം. തുടര്‍ന്ന്, 5-7 സൂക്തങ്ങളിലായി മുഹമ്മദീയ സമൂഹത്തിലെ അംഗങ്ങളെ താക്കീതു ചെയ്യുന്നു: മൂസാനബി(അ)യോടും ഈസാനബി(അ)യോടും ഇസ്രായീല്യര്‍ അനുവര്‍ത്തിച്ച നയം നിങ്ങളുടെ ദൈവദൂതനോടും ദീനിനോടും നിങ്ങള്‍ അനുവര്‍ത്തിക്കരുത്. ഹ. മൂസാ (അ) ദൈവദൂതനാണെന്നറിഞ്ഞുകൊണ്ടുതന്നെ അവരദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഹ. ഈസായുടെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും അവരദ്ദേഹത്തെ നിഷേധിക്കാന്‍ മടിച്ചില്ല. അവരുടെ സ്വഭാവഘടനതന്നെ വികലമാവുകയും സന്മാര്‍ഗപ്രാപ്തിക്കുള്ള ഉതവി നിഷേധിക്കപ്പെടുകയുമായിരുന്നു അതിന്റെ ഫലം. മറ്റൊരു സമൂഹവും കാംക്ഷിക്കുന്ന, അസൂയാര്‍ഹമായ ഒരവസ്ഥയല്ല അത്. അനന്തരം 8-9 സൂക്തങ്ങളില്‍ തികഞ്ഞ വെല്ലുവിളിയുടെ സ്വരത്തില്‍ പ്രഖ്യാപിക്കുന്നു: ജൂതന്മാരും ക്രിസ്ത്യാനികളും അവരുമായി അവിഹിത ഇടപാടുകളുള്ള കപടവിശ്വാസികളും ഈ ദൈവികവെളിച്ചത്തെ തല്ലിക്കെടുത്താന്‍ എത്രയൊക്കെ പ്രയത്നിച്ചാലും ശരി, അതിന്റെ വെട്ടിത്തിളങ്ങുന്ന പ്രകാശം ലോകമെങ്ങും പരന്നുകൊണ്ടേയിരിക്കും. ബഹുദൈവവിശ്വാസികള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി, ദൈവദൂതന്‍ അവതരിപ്പിക്കുന്ന സത്യമതം മറ്റെല്ലാ മതങ്ങളെയും അതിജയിക്കുകതന്നെ ചെയ്യും. അതിനുശേഷം 10-13 സൂക്തങ്ങളിലായി വിശ്വാസികളോട് പറയുന്നു: ഐഹികവും പാരത്രികവുമായ വിജയമാര്‍ഗം ഒന്നേയുള്ളൂ. അല്ലാഹുവിലും അവന്റെ റസൂലിലും സത്യസന്ധമായി വിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേഹ ധനാദികളാല്‍ സമരം ചെയ്യുകയുമാണത്. ദൈവശിക്ഷയില്‍ നിന്നുള്ള രക്ഷയും പാപങ്ങളില്‍ നിന്നുള്ള മോചനവും ശാശ്വതമായ സ്വര്‍ഗലബ്ധിയുമത്രേ പരലോകത്ത് അതിന്റെ ഫലം. അല്ലാഹുവിന്റെ പിന്തുണയും സഹായവും വിജയവും അതിന്റെ ഐഹികസമ്മാനമാണ്. ഒടുവില്‍, വിശ്വാസികളെ ഉപദേശിക്കുകയാണ്: ഹവാരികള്‍ ഈസാ(അ)യെ പിന്തുണച്ചതുപോലെ നിങ്ങളും അന്‍സാറുല്ലാഹ് (അല്ലാഹുവിന്റെ സഹായികള്‍) ആയിത്തീരണം. അതുവഴി, സത്യനിഷേധികളെ നേരിടുന്നതില്‍ പൂര്‍വികവിശ്വാസികള്‍ ദൈവ സഹായം നേടിയതുപോലെ നിങ്ങളും ദൈവസഹായം നേടണം.
സൂക്തങ്ങളുടെ ആശയം
1-ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിച്ചിരിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനും തന്നെ!
2-വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്?
3-ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്.
4-കരുത്തുറ്റ മതില്‍ക്കെട്ടുപോലെ അണിചേര്‍ന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടരാടുന്നവരെയാണ് അവന്‍ ഏറെ ഇഷ്ടപ്പെടുന്നത്.
5-മൂസ തന്റെ ജനതയോട് പറഞ്ഞത് ഓര്‍ക്കുക: "എന്റെ ജനമേ, നിങ്ങളെന്തിനാണ് എന്നെ പ്രയാസപ്പെടുത്തുന്നത്? നിശ്ചയമായും നിങ്ങള്‍ക്കറിയാം; ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണെന്ന്." അങ്ങനെ അവര്‍ വഴിപിഴച്ചപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ നേര്‍വഴിയില്‍നിന്ന് വ്യതിചലിപ്പിച്ചു. അധര്‍മകാരികളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
6-മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: "ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൌറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്കുശേഷം ആഗതനാകുന്ന അഹ്മദ് എന്നു പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും." അങ്ങനെ അദ്ദേഹം തെളിഞ്ഞ തെളിവുകളുമായി അവരുടെ അടുത്തു വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു വ്യക്തമായും ഒരു മായാജാലം തന്നെ.
7-അല്ലാഹുവിനെക്കുറിച്ച് കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അതും അവന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടുകൊണ്ടിരിക്കെ. അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.
8-തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും!
9-അല്ലാഹുവാണ് തന്റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിതക്രമങ്ങളെക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും.
10-വിശ്വസിച്ചവരേ, നോവേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെ?
11-നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കലാണത്. നിങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യലും. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.
12-എങ്കില്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരും. താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും. സ്ഥിരജീവിതത്തിനായൊരുക്കിയ സ്വര്‍ഗീയാരാമങ്ങളിലെ വിശിഷ്ടമായ വാസസ്ഥലങ്ങളില്‍ അവന്‍ നിങ്ങളെ പ്രവേശിപ്പിക്കും. ഇതത്രെ അതിമഹത്തായ വിജയം.
13-നിങ്ങളഭിലഷിക്കുന്ന മറ്റൊരനുഗ്രഹവും നിങ്ങള്‍ക്ക് അവന്‍ നല്‍കും. അല്ലാഹുവില്‍നിന്നുള്ള സഹായവും ആസന്നവിജയവുമാണത്. ഈ ശുഭവാര്‍ത്ത സത്യവിശ്വാസികളെ അറിയിക്കുക.
14-വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക? മര്‍യമിന്റെ മകന്‍ ഈസാ ഹവാരികളോട് ചോദിച്ചപോലെ: "ദൈവമാര്‍ഗത്തില്‍ എന്നെ സഹായിക്കാനാരുണ്ട്?" ഹവാരിക 1ള്‍ പറഞ്ഞു: "ഞങ്ങളുണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സഹായികളായി." അങ്ങനെ ഇസ്രായേല്‍ മക്കളില്‍ ഒരുവിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. പിന്നെ, വിശ്വസിച്ചവര്‍ക്കു നാം അവരുടെ ശത്രുക്കളെ തുരത്താനുള്ള കരുത്ത് നല്‍കി. അങ്ങനെ അവര്‍ വിജയികളാവുകയും ചെയ്തു.