62 അല്‍ജുമുഅ:

ആമുഖം
നാമം9-
ാം സൂക്തത്തിലെ "ഇദാ നൂദിയ ലിസ്സ്വലാതി മിന്‍ യൌമില്‍ ജുമുഅതി`` എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ നാമം. ഇതില്‍ ജുമുഅയുടെ നിയമങ്ങള്‍ പറയുന്നുണ്ടെങ്കിലും, സൂറയുടെ മൊത്തം ഉള്ളടക്കത്തെ സൂചിപ്പിക്കുന്ന ശീര്‍ഷകം എന്ന നിലക്കല്ല ഈ നാമകരണം; പ്രത്യുത മറ്റധ്യായനാമങ്ങള്‍ പോലെ ഒരടയാളം എന്നനിലക്ക് മാത്രമുള്ളതാണ്. 
അവതരണകാലം
പ്രഥമ റുകൂഇന്റെ അവതരണകാലം ഹി. 7-ാം ആണ്ടാകുന്നു. മിക്കവാറും ഖൈബര്‍  വിമോചനത്തിന്റെ അല്‍പം മുമ്പോ തൊട്ടുടനെയോ ആയിരിക്കണം ഇതവതരിച്ചത്. ബുഖാരിയും  മുസ്ലിമും  തിര്‍മിദിയും  നസാഇയും ഇബ്നു ജരീറും അബൂഹുറയ്റ(റ) യില്‍നിന്ന് ഉദ്ധരിക്കുന്നു: "ഞങ്ങള്‍ പ്രവാചകസന്നിധിയില്‍ ഇരിക്കുമ്പോഴാണ് ഈ സുക്തങ്ങളവതരിച്ചത്. ഹുദൈബിയാസന്ധി ക്കുശേഷം ഖൈബര്‍  വിമോചനത്തിനു മുമ്പായിട്ടാണ് അബൂഹുറയ്റ(റ)ഇസ്ലാം സ്വീകരിച്ചതെന്ന കാര്യം സുവിദിതമാകുന്നു. ഖൈബര്‍  സംഭവമാകട്ടെ, ഹി. ഏഴാം ആണ്ടില്‍, ഇബ്നുഹിശാമിന്റെ അഭിപ്രായമനുസരിച്ച് മുഹര്‍റം മാസത്തിലും ഇബ്നു സഅ്ദിന്റെ അഭിപ്രായമനുസരിച്ച് ജമാദുല്‍ അവ്വലിലുമാണ് നടന്നത്. അതിനാല്‍ ജൂതന്‍മാരുടെ അവസാനത്തെ കോട്ടയും വിമോചിപ്പിക്കുന്നതിനുമുമ്പായി അല്ലാഹു അവരെ സംബോധന ചെയ്തുകൊണ്ട് ഈ സൂക്തങ്ങള്‍ അരുളി എന്ന് അനുമാനിക്കാവുന്നതാണ്. അല്ലെങ്കില്‍ അവയുടെ അവതരണം, ഖൈബറിന്റെ  പരിണതി കണ്ട് ദക്ഷിണ ഹിജാസിലെ എല്ലാ ജൂത ഗോത്രങ്ങളും ഇസ്ലാമിക രാഷ്ട്രത്തിന്റെ വിധേയത്വം അംഗീകരിച്ച ശേഷമായിരിക്കാം. രണ്ടാമത്തെ റുകൂഅ് പ്രവാചകന്റെ ഹിജ്റ നടന്നതിനടുത്തകാലത്ത് അവതരിച്ചതാകുന്നു. എന്തുകൊണ്ടെന്നാല്‍ തിരുമേനി(സ) മദീനയിലെത്തിയ അഞ്ചാം നാള്‍ മുതല്‍ ജുമുഅ നടത്തിപ്പോന്നിരുന്നു. ഈ റുകൂഇലെ അവസാന സൂക്തത്തില്‍ സൂചിപ്പിക്കപ്പെട്ട സംഭവം വ്യക്തമാക്കുന്നതിതാണ്: ജുമുഅ നടത്തുന്ന സമ്പ്രദായം ആരംഭിച്ച ശേഷം, ദീനീ സഭകളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ജനങ്ങള്‍ക്ക് മതിയായ ശിക്ഷണം ലഭിച്ചുകഴിഞ്ഞിട്ടില്ലാത്ത കാലയളവിലാണതവതരിച്ചത്. 
ഉള്ളടക്കം
മുകളില്‍ പറഞ്ഞതുപോലെ ഈ അധ്യായത്തിന് രണ്ടു റുകൂഉകളാണുള്ളത്. രണ്ടും വ്യത്യസ്ത കാലങ്ങളിലവതരിച്ചതാണ്. അതുകൊണ്ട് രണ്ടിന്റേയും വിഷയങ്ങളും വ്യത്യസ്തമാണ്. സംബോധിതരും വ്യത്യസ്തരാണ്-അവയെ ഒരേ സൂറയില്‍ ഒരുമിച്ചുകൂട്ടുന്നതിനെ സാധൂകരിക്കുന്ന ഒരുതരം ബന്ധം അവയ്ക്കിടയിലുണ്ടെങ്കിലും. ഈ ബന്ധം വ്യക്തമാകാന്‍ രണ്ടു വിഷയങ്ങളെയും വെവ്വേറെ മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ ആറാണ്ടുകളായി, ഇസ്ലാമിന്റെ പ്രചാരം തടയാന്‍ ജൂതന്‍മാര്‍ നിരന്തരം നടത്തിക്കൊണ്ടിരുന്ന പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടുകഴിഞ്ഞ സാഹചര്യത്തിലാണ് പ്രഥമ റുകൂഅ് അവതീര്‍ണമാകുന്നത്. ആദ്യം റസൂലി(സ)നെ തോല്‍പിക്കാന്‍, അവരുടെ പ്രബലമായ മൂന്നു ഗോത്രം കഠിനാധ്വാനം ചെയ്തു. ഒരു ഗോത്രം പൂര്‍ണമായി നശിക്കുകയും രണ്ടു ഗോത്രങ്ങള്‍ നാടുകടത്തപ്പെടുകയുമായിരുന്നു അതിന്റെ ഫലം. പിന്നീട് നിരവധി അറേബ്യന്‍ ഗോത്രങ്ങളെ സ്വാധീനിച്ച് മദീനയ്ക്കുനേരെ രൂക്ഷമായ സൈനികാക്രമണം സംഘടിപ്പിച്ചുനോക്കി. പക്ഷേ, അഹ്സാബ് യുദ്ധത്തില്‍ അവരെല്ലാം തോറ്റു പിന്തിരിയുകയാണുണ്ടായത്. അതിനുശേഷം അവരുടെ ഏറ്റവും വലിയ കോട്ടയായി ഖൈബര്‍  അവശേഷിച്ചു. മദീനയില്‍നിന്നു പുറംതള്ളപ്പെട്ട ജൂതന്‍മാരിലും കുറെപ്പേര്‍ അവിടെ ചെന്നു കൂടിയിരുന്നു. ഈ സൂക്തങ്ങള്‍ അവതീര്‍ണമായ കാലത്ത് അസാമാന്യമായ സമ്മര്‍ദമൊന്നുമില്ലാതെത്തന്നെ അതും വിമോചിപ്പിക്കപ്പെട്ടു. ജൂതന്‍മാര്‍ സ്വയം അപേക്ഷിച്ചതുപ്രകാരം അവിടെ മുസ്ലിംകളുടെ കാര്‍ഷിക കുടിയാന്‍മാരായി താമസിക്കാന്‍ അവര്‍ അനുവദിക്കപ്പെട്ടു. ഈ അന്തിമ പരാജയത്തോടെ അറേബ്യയില്‍ ജൂതശക്തി പൂര്‍ണമായി അസ്തമിച്ചു. വാദില്‍ഖുറാ, ഫദക്ക്, തൈമാഅ്, തബൂക്ക്  തുടങ്ങിയവ ഒന്നൊന്നായി ആയുധംവെച്ചു. അങ്ങനെ ഇസ്ലാമിന്റെ നിലനില്‍പ് സഹിക്കുന്നതുപോകട്ടെ, അതിന്റെ പേരു കേള്‍ക്കുന്നതുപോലും അരോചകമായിരുന്ന ജൂതന്‍മാരാസകലം അതേ ഇസ്ലാമിന്റെ പ്രജകളായിത്തീര്‍ന്നു. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഒരിക്കല്‍കൂടി അവരെ അഭിസംബോധന ചെയ്യുന്നത്. ഇതുതന്നെയായിരിക്കണം വിശുദ്ധ ഖുര്‍ആന്‍ അവരെ സംബോധന ചെയ്യുന്ന അവസാനത്തെ സന്ദര്‍ഭവും. ഇതില്‍ മൂന്നു കാര്യങ്ങളാണ് അവരോട് പ്രസ്താവിച്ചിട്ടുള്ളത്: 1. നിങ്ങള്‍ ഈ പ്രവാചകനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തത്, നിങ്ങള്‍ ഉമ്മിയ്യ് (നിരക്ഷരര്‍) എന്നുവിളിച്ച് നിന്ദിക്കുന്ന സമൂഹത്തില്‍നിന്നാണ് അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടാണല്ലോ. ദൈവദൂതന്‍ അനിവാര്യമായും നിങ്ങളുടെ സമുദായത്തില്‍നിന്നു മാത്രമേ ഉണ്ടാകാവൂ എന്നാണ് നിങ്ങളുടെ ദുര്‍വാദം. നിങ്ങളുടെ സമുദായത്തിനു പുറത്ത് ദൈവിക ദൌത്യം അവകാശപ്പെടുന്ന ആരും വ്യാജനാണെന്ന് തീരുമാനിച്ചുവച്ചിരിക്കുകയാണ് നിങ്ങള്‍. കാരണം ആ പദവി സ്വന്തം വംശത്തിന്റെ കുത്തകയാവണമെന്നും ഉമ്മിയ്യ് ഒരിക്കലും ദൈവദൂതനായിക്കൂടെന്നും നിങ്ങള്‍ വിചാരിക്കുന്നു. പക്ഷേ അല്ലാഹു ആ നിരക്ഷരന്‍മാരില്‍നിന്നുതന്നെ, നിങ്ങളുടെ കണ്‍മുമ്പില്‍ വേദം ഓതുന്ന ഒരു ദൂതനെ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. അദ്ദേഹം ആത്മാക്കളെ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മാര്‍ഗഭ്രംശം നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവനിച്ഛിക്കുന്നവര്‍ക്കതരുളുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ തറവാട്ടുസ്വത്തൊന്നുമല്ല- നിങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് നല്‍കാനും നിങ്ങള്‍ തടയാനാഗ്രഹിക്കുന്നവര്‍ക്ക് നിഷേധിക്കാനും. 2. നിങ്ങള്‍ തൌറാത്തിന്റെ വാഹകരായി നിയോഗിക്കപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ നിങ്ങള്‍ അതിന്റെ ഉത്തരവാദിത്വം മനസ്സിലാക്കുകയോ നിര്‍വഹിക്കുകയോ ചെയ്തില്ല. നിങ്ങളുടെ സ്ഥിതി ഗ്രന്ഥക്കെട്ട് ചുമക്കുന്ന കഴുതയുടേതാകുന്നു. താന്‍ ചുമക്കുന്ന വസ്തുവെന്താണെന്ന് പോലും അതറിയുന്നില്ലല്ലോ. എന്നല്ല, നിങ്ങളുടെ സ്ഥിതി കഴുതയെക്കാള്‍ കഷ്ടമാണ്. കാരണം കഴുതക്ക് വിവേചനബുദ്ധിയില്ല. പക്ഷേ നിങ്ങള്‍ക്കതുണ്ട്. എന്നിട്ടും നിങ്ങള്‍ ദൈവിക ഗ്രന്ഥം വഹിച്ചതിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഓടിയകലുക മാത്രമല്ല, മനഃപൂര്‍വ്വം അവന്റെ സൂക്തങ്ങളെ തള്ളിപ്പറയുകകൂടി ചെയ്യുന്നു. നിങ്ങള്‍ അല്ലാഹുവിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും പ്രവാചകത്വം എക്കാലത്തും നിങ്ങളുടെ വംശത്തിനു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നുമാണ് അതെപ്പറ്റി നിങ്ങളുടെ വാദം. നിങ്ങള്‍ ദൈവിക സന്ദേശത്തോടുള്ള ബാധ്യത നിര്‍വഹിക്കട്ടെ, നിര്‍വഹിക്കാതിരിക്കട്ടെ, ഏതു അവസ്ഥയിലും നിങ്ങളെ മാത്രമേ സന്ദേശവാഹകരാക്കാവൂ എന്ന നിയമത്തിന് വിധേയനാണ് അല്ലാഹു എന്നാണിതു കേട്ടാല്‍ തോന്നുക! 3. നിങ്ങള്‍ യഥാര്‍ഥത്തില്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍, ദൈവത്തിങ്കല്‍ നിങ്ങളുടെ പ്രതാപവും പദവിയും സുരക്ഷിതമാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍, നിങ്ങള്‍ ഇത്രത്തോളം മരണഭയമുള്ളവരാവുകയില്ല. നിങ്ങള്‍ ഈ അധമജീവിതത്തെ അള്ളിപ്പിടിക്കുകയും ഒരുനിലക്കും മരിക്കാന്‍ തയ്യാറാവാതിരിക്കുകയുമാണല്ലോ. നിങ്ങള്‍ കുറേ വര്‍ഷങ്ങളായി പരാജയത്തിനുമേല്‍ പരാജയമനുഭവിച്ചുകൊണ്ടിരിക്കുന്നത് ഈ മരണഭയം മൂലംതന്നെയാണ്. നിങ്ങളുടെ ഈ അവസ്ഥതന്നെ നിങ്ങളുടെ ചെയ്തികളെ സംബന്ധിച്ച് നിങ്ങള്‍ക്കറിയാം എന്നതിന്റെ തെളിവാകുന്നു. ഈ ചെയ്തികളുമായി മരിച്ചുചെല്ലുകയാണെങ്കില്‍, ഈ ലോകത്ത് അനുഭവിച്ചതിനേക്കാള്‍ വലിയ നിന്ദ്യതയും നികൃഷ്ടതയുമാണ് അല്ലാഹുവിങ്കല്‍ അനുഭവിക്കേണ്ടിവരിക എന്ന് സ്വന്തം മനഃസാക്ഷിതന്നെ നിങ്ങളോടു പറയുന്നുണ്ട്. ഇതാണ് പ്രഥമ റുകൂഇലെ വിഷയം. അല്ലാഹു ജൂതന്‍മാരുടെ സാബ്ബത്തിനു പകരമായി മുസ്ലിംകള്‍ക്ക് ജുമുഅ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്, ഏതാനും വര്‍ഷം മുമ്പവതരിച്ച രണ്ടാമത്തെ റുകൂഅ് കൊണ്ടുവന്ന് ഇതിനുശേഷമായി ചേര്‍ത്തതിന്റെ ഔചിത്യം. ജൂതന്‍മാര്‍ അവരുടെ സാബ്ബത്തിനോട് അനുവര്‍ത്തിച്ച നയം നിങ്ങള്‍ ജുമുഅയോട് അനുവര്‍ത്തിക്കരുത് എന്ന് അല്ലാഹു മുസ്ലിംകളെ ഉണര്‍ത്തുകയാണ്. ഈ റുകൂഅ് അവതരിച്ച പശ്ചാത്തലം ഇതാണ്: ഒരു വെള്ളിയാഴ്ച ജുമുഅനേരത്തുതന്നെ ഒരു കച്ചവടസംഘം മദീനയിലെത്തിച്ചേര്‍ന്നു. അതിന്റെ പെരുമ്പറ കേട്ടപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന സദസ്യരില്‍ പന്ത്രണ്ടുപേരൊഴിച്ചുള്ളവരെല്ലാം കച്ചവടസംഘത്തിനടുത്തേക്ക് ഓടി. അപ്പോള്‍ നബി(സ) ഖുതുബ നിര്‍വഹിക്കുന്നുണ്ടായിരുന്നു. അതെക്കുറിച്ച് ഇങ്ങനെ വിധിയുണ്ടായി: ജുമുഅ ബാങ്കുവിളിച്ചുകഴിഞ്ഞാല്‍ പിന്നെ എല്ലാ കൊള്ളക്കൊടുക്കകളും മറ്റു ജോലികളും നിഷിദ്ധമാകുന്നു. സകല ജോലികളും വര്‍ജിച്ച് ആ സമയത്ത് പള്ളിയില്‍ ഓടിയെത്തുകയാണ് വിശ്വാസികളുടെ കര്‍ത്തവ്യം. നമസ്കാരം കഴിഞ്ഞാല്‍ സ്വന്തം ജോലികളിലേര്‍പ്പെടുവാന്‍ അവര്‍ക്ക് ഭൂമിയില്‍ വ്യാപരിക്കാന്‍ അവകാശമുണ്ട്. ജുമുഅയുടെ വിധികള്‍ സംബന്ധിച്ച ഈ റുകൂഅ് ഒരു സ്വതന്ത്ര സൂറതന്നെ ആക്കാവുന്നതാണ്. മറ്റേതെങ്കിലും സൂറയുടെ ഭാഗമാക്കുകയുമാവാം. പക്ഷേ, അതൊന്നും ചെയ്യാതെ അല്ലാഹു ഈ സൂക്തങ്ങളെ, ജൂതജനത്തെ അവരുടെ ദുരന്തകാരണങ്ങളെക്കുറിച്ചുണര്‍ത്തിയതിന്റെ പിറകിലായി ചേര്‍ത്തിരിക്കുകയാണ്. നമ്മുടെ ദൃഷ്ടിയില്‍, നാം മുകളില്‍ സൂചിപ്പിച്ചിട്ടുള്ളതുതന്നെയാണ് അതിന്റെ യുക്തി.
സൂക്തങ്ങളുടെ ആശയം
1-ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന്‍ രാജാധിരാജനാണ്. പരമപരിശുദ്ധനാണ്. പ്രതാപിയാണ്. യുക്തിജ്ഞനും.
2-നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നു തന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു.
3-ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കു കൂടി നിയോഗിക്കപ്പെട്ടവനാണ് അദ്ദേഹം. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമല്ലോ.
4-പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനാഗ്രഹിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അതിമഹത്തായ അനുഗ്രഹത്തിനുടമയാണ് അല്ലാഹു.
5-തൌറാത്തിന്റെ വാഹകരാക്കുകയും എന്നിട്ടത് വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമയിതാ: ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന കഴുതയെപ്പോലെയാണവര്‍. അല്ലാഹുവിന്റെ സൂക്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ ഉപമ വളരെ നീചം തന്നെ. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
6-പറയുക: ജൂതന്മാരായവരേ, മറ്റു മനുഷ്യരെയൊക്കെ മാറ്റിനിര്‍ത്തി, നിങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ അടുത്ത ആള്‍ക്കാരെന്ന് വാദിക്കുന്നുവെങ്കില്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാദികളെങ്കില്‍!
7-എന്നാല്‍ അവരൊരിക്കലും അത് കൊതിക്കുന്നില്ല. അവരുടെ കരങ്ങള്‍ നേരത്തെ ചെയ്ത ദുഷ്കൃത്യങ്ങളാണതിനു കാരണം. അല്ലാഹു ഈ അക്രമികളെക്കുറിച്ച് നന്നായറിയുന്നവനാണ്.
8-പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും.
9-വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!
10-പിന്നെ നമസ്കാരത്തില്‍നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.
11-വല്ല വ്യാപാര കാര്യമോ വിനോദവൃത്തിയോ കണ്ടാല്‍ നിന്നെ നിന്ന നില്പില്‍ വിട്ടു അവര്‍ അങ്ങോട്ട് തിരിയുന്നുവല്ലോ. പറയുക: അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തെക്കാളും വ്യാപാരത്തെക്കാളും വിശിഷ്ടമാകുന്നു. വിഭവദാതാക്കളില്‍ അത്യുത്തമന്‍ അല്ലാഹു തന്നെ.