63 അല്‍മുനാഫിഖൂന്‍

ആമുഖം
നാമം
പ്രഥമസൂക്തത്തിലെ إِذَا جَاءَكَ الْمُنَافِقُونَ എന്ന വാക്യത്തില്‍നിന്നുള്ളതാണ് ഈ അധ്യായ നാമം. അധ്യായനാമവും, ഈ സൂറയില്‍ കപടവിശ്വാസികളുടെ നയനിലപാടുകളെ നിരൂപണം ചെയ്യുന്നതിനാല്‍ ഉള്ളടക്കത്തിന്റെ ശീര്‍ഷകവുമാണിത്. 
അവതരണകാലം
നാം ശേഷം വിശദീകരിക്കുന്നതുപോലെ ബനുല്‍മുസ്തലിഖ് യുദ്ധം കഴിഞ്ഞ് പ്രവാചകന്‍ മടങ്ങാനൊരുങ്ങിയപ്പോഴോ മടക്കയാത്രയ്ക്കിടയിലോ മദീനയില്‍ മടങ്ങിയെത്തിയ ഉടനെയോ ആണ് ഈ സൂറ അവതരിച്ചത്. ബനുല്‍മുസ്തലിഖ് യുദ്ധം നടന്നത് ഹി. 6-ാം ആണ്ട് ശഅ്ബാനിലാണെന്ന് സൂറ അന്നൂറിന്റെ വ്യാഖ്യാനത്തില്‍ നാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെ ഈ സൂറയുടെ അവതരണകാലം നിര്‍ണിതമായിത്തീരുന്നു. 
പശ്ചാത്തലം
ഈ സൂറയുടെ അവതരണനിമിത്തമായ സംഭവം പരാമര്‍ശിക്കുന്നതിനുമുമ്പായി, മദീനയിലെ കപടന്മാരുടെ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കേണ്ടതുണ്ട്. കാരണം, ആ സംഭവം യാദൃച്ഛികമായ ഒന്നായിരുന്നില്ല. അതിനുമുമ്പ് നടന്ന സംഭവപരമ്പരകള്‍ ഒടുവില്‍ എത്തിനിന്ന പരിണതിയായിരുന്നു വാസ്തവത്തിലത്. പ്രവാചകന്‍ മദീനയില്‍ ആഗതനാകുന്നതിനു മുമ്പ്, ഔസ്-ഖസ്റജ്  ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളാല്‍ പൊറുതിമുട്ടിയ ആളുകള്‍ ഒരാളെ തങ്ങളുടെ നായകനായി നിശ്ചയിക്കാനും അംഗീകൃത രാജാവായി കിരീടധാരണം ചെയ്യിക്കാനും ഏറക്കുറേ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിനുവേണ്ടി കിരീടം പോലും നിര്‍മിക്കപ്പെട്ടതാണ്. ഖസ്റജ്  ഗോത്രത്തലവനായ അബ്ദുല്ലാഹിബ്നു ഉബയ്യിബ്നി സുലൂലായിരുന്നു നിര്‍ദിഷ്ട രാജാവ്. ഇബ്നു ഹിശാം  പറയുന്നു: `ഖസ്റജ്  ഗോത്രത്തിന് അദ്ദേഹത്തിന്റെ നേതൃത്വം സര്‍വസമ്മതമായിരുന്നു. അദ്ദേഹത്തിനു മുമ്പ് ഒരിക്കലും ഖസ്റജ്  ഗോത്രം ഒരാളുടെ കീഴില്‍ സംഘടിച്ചിട്ടില്ല` (ഇബ്നുഹിശാം ഭാ. 2, പേ. 234). ഈ സാഹചര്യത്തിലാണ് മദീനയില്‍ ഇസ്ലാം സംസാരവിഷയമായതും രണ്ടു ഗോത്രത്തിലെയും പല പ്രമുഖന്മാരും ഇസ്ലാം സ്വീകരിച്ചു തുടങ്ങിയതും. ഹിജ്റക്കുമുമ്പ് രണ്ടാം അഖബാ ഉടമ്പടി നടന്ന സന്ദര്‍ഭത്തില്‍ പ്രവാചകനെ മദീനയിലേക്ക് ക്ഷണിച്ചപ്പോള്‍ അബ്ബാസുബ്നു ഉബാദതബ്നി നദ്ലതല്‍ അന്‍സാരി, ആ ക്ഷണത്തിലും ഉടമ്പടിയിലും അബ്ദുല്ലാഹിബ്നു ഉബ്ബയിബ്നി സലൂല്‍ കൂടി പങ്കെടുക്കുന്നതിനും അതുവഴി മദീന സര്‍വസമ്മതമായി ഇസ്ലാമിന്റെ കേന്ദ്രമായിത്തീരുന്നതിനും വേണ്ടി കുറച്ചു നീട്ടിവെക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഉടമ്പടിയില്‍ സന്നിഹിതരായ പ്രതിനിധിസംഘം ഈ താല്‍പര്യത്തിന് പ്രാധാന്യമൊന്നും കല്‍പിച്ചില്ല. അവരാവട്ടെ, രണ്ടു ഗോത്രങ്ങളില്‍നിന്നുമായി എഴുപത്തഞ്ചു പേരുണ്ടായിരുന്നു. എന്തുവന്നാലും പ്രവാചകനെ മദീനയിലേക്കു ക്ഷണിക്കുവാന്‍ അവര്‍ തീരുമാനിച്ചു (ഇബ്നുഹിശാം  ഭാ. 2, പേ. 89). ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ സൂറ അന്‍ഫാലിന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചിട്ടുണ്ട്. അനന്തരം പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ അന്‍സാരി കുടുംബങ്ങളില്‍ ഇസ്ലാം വളരെയേറെ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. അത് ഇബ്നുഉബയ്യിന്റെ നില പരുങ്ങലിലാക്കി. തന്റെ നേതൃപദവിയെ രക്ഷിക്കാന്‍ താന്‍ സ്വയം മുസ്ലിമാവുകയല്ലാതെ ഗത്യന്തരമില്ലെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ അയാള്‍ രണ്ടു ഗോത്രങ്ങളിലെയും പ്രമുഖരുള്‍പ്പെട്ട തന്റെ നിരവധി പാര്‍ശ്വവര്‍ത്തികളോടൊപ്പം ഇസ്ലാമില്‍ പ്രവേശിച്ചു. എന്നാല്‍, അവരുടെയെല്ലാം മനസ്സ് എരിയുകയായിരുന്നു. ഇബ്നു ഉബയ്യിന്റെ പക പ്രത്യേകം തീക്ഷ്ണമായിരുന്നു. റസൂല്‍(സ) രാജസിംഹാസനം തട്ടിത്തെറിപ്പിച്ചതായിട്ടാണ് അയാള്‍ കരുതിയത്. അയാളുടെ കപടവിശ്വാസവും കിരീടനഷ്ടത്തിന്റെ ദുഃഖവും വളരെക്കാലം പല വര്‍ണങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. എന്നാല്‍ അയാളുടെ രീതി ഇങ്ങനെയായിരുന്നു: പ്രവാചകന്‍ ജുമുഅ ഖുതുബക്കായി ഉപവിഷ്ടനായാല്‍ അയാള്‍ എഴുന്നേറ്റുനിന്ന് പ്രസ്താവിക്കും: `ഓ മാന്യരേ, ദൈവദൂതനിതാ നിങ്ങള്‍ക്കു മുന്നില്‍ ആഗതനായിരിക്കുന്നു. അദ്ദേഹത്തിലൂടെ അല്ലാഹു നിങ്ങള്‍ക്ക് യശസ്സും പ്രതാപവും അരുളിയിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കുക, അനുസരിക്കുക` (ഇബ്നു ഹിശാം  ഭാ. 3, പേജ്. 111). മറുവശത്ത് അയാളുടെ കാപട്യത്തിന്റെ മൂടുപടം അനുദിനം കീറിപ്പൊളിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അയാളും അയാളുടെ സില്‍ബന്ധികളും ഇസ്ലാമിനോടും റസൂല്‍ (സ) തിരുമേനിയോടും കടുത്ത പകയുള്ളവരാണെന്ന് യഥാര്‍ഥ മുസ്ലിംകളെല്ലാം മനസ്സിലാക്കുകയും ചെയ്തു. ഒരിക്കല്‍ നബി(സ) ഒരു വഴിയിലൂടെ കടന്നുപോകുമ്പോള്‍ ഇബ്നു ഉബയ്യ്  അദ്ദേഹത്തോട് അപമര്യാദയായി പെരുമാറുകയുണ്ടായി. പ്രവാചകന്‍ അതേക്കുറിച്ച് സഅ്ദുബ്നു ഉബാദയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ബോധിപ്പിച്ചു: "തിരുദൂതരേ, അയാളോട് അല്‍പം മയം കാണിച്ചാലും. അങ്ങയുടെ ആഗമനത്തിനു മുമ്പ് ഞങ്ങള്‍ അദ്ദേഹത്തിനുവേണ്ടി രാജകിരീടം ഒരുക്കിയതായിരുന്നു. അങ്ങ് അയാളുടെ കിരീടം തെറിപ്പിച്ചുവെന്നാണ് ഇപ്പോള്‍ അയാളുടെ വിചാരം` (ഇബ്നു ഹിശാം  ഭാ. 2, പേ. 237-238). ബദ്ര്‍ യുദ്ധാനന്തരം ഖൈനുഖാഅ് എന്ന ജൂതഗോത്രം പരസ്യമായി കരാര്‍ ലംഘിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാവുകയും ചെയ്തപ്പോള്‍ നബി(സ) അവര്‍ക്കെതിരെ പടനയിക്കാന്‍ ഒരുങ്ങി. ഈ സന്ദര്‍ഭത്തില്‍ അവരെ രക്ഷിക്കാനായി പുറപ്പെട്ട ഇബ്നു ഉബയ്യ്, നബി(സ)യുടെ പടയങ്കിയില്‍ പിടികൂടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: `ഇതാ, ഏതു ശത്രുവിനെയും നേരിടാന്‍ മതിയായ എഴുന്നൂറു ഭടന്മാര്‍ എന്റെ കൂടെയുണ്ട്. ഇന്ന് ഒരു ദിവസം കൊണ്ട് അങ്ങ് അവരുടെയൊക്കെ കഥകഴിക്കാന്‍ വിചാരിക്കുകയാണോ? എന്നാല്‍ അല്ലാഹുവാണ, എന്റെ സഖ്യഗോത്രത്തിനു മാപ്പുകൊടുക്കാതെ ഞാനങ്ങയെ വിടുകയില്ല.` (ഇബ്നു ഹിശാം  ഭാ. 3, പേ. 51-52) ഉഹുദ് യുദ്ധവേളയില്‍ ഇയാള്‍ വ്യക്തമായ ചതിചെയ്യുകയും നിര്‍ണായക ഘട്ടത്തില്‍ മുന്നൂറോളം വരുന്ന തന്റെ അനുയായികളെയും കൂട്ടി രണാങ്കണത്തില്‍നിന്ന് തിരിച്ചുപോവുകയും ചെയ്തു. മുവ്വായിരം ഖുറൈശി ഭടന്മാര്‍ മദീനയെ ആക്രമിച്ച സന്ദര്‍ഭമായിരുന്നു അതെന്നതുതന്നെ ആ അവസരത്തിന്റെ സന്ദിഗ്ധത മനസ്സിലാക്കാന്‍ മതിയായതാണ്. അവരെ പ്രതിരോധിക്കാന്‍ പുറപ്പെട്ട നബി(സ)യുടെ കൂടെയുണ്ടായിരുന്നത് വെറും ആയിരം പേരായിരുന്നു. ഈ ആയിരത്തില്‍നിന്നാണ് ആ കപടന്‍ മുന്നൂറു പേരെ അടര്‍ത്തിയെടുത്തത്. അങ്ങനെ തിരുമേനി(സ)ക്ക് കേവലം എഴുന്നൂറ് ഭടന്മാരുമായി മൂവായിരം ഭടന്‍മാരെ നേരിടേണ്ടിവന്നു. ഈ സംഭവത്തിനുശേഷം ഇയാള്‍ കപടവിശ്വാസിതന്നെയാണെന്ന് മദീനയിലെ സാധാരണ മുസ്ലിംകള്‍ക്ക് ബോധ്യമായി. കാപട്യത്തില്‍ അയാളുടെ പങ്കാളികളായ കൂട്ടുകാരും തിരിച്ചറിയപ്പെട്ടു. ഈ പരിതഃസ്ഥിതിയില്‍ ഉഹുദ് യുദ്ധത്തിനുശേഷം വന്ന ആദ്യത്തെ ജുമുഅ ദിവസം പ്രവാചകന്റെ ഖുതുബക്കുമുമ്പായി ഈ മനുഷ്യന്‍ തന്റെ പതിവ് പ്രഭാഷണത്തിനായി എഴുന്നേറ്റുനിന്നപ്പോള്‍ ആളുകള്‍ അയാളുടെ വസ്ത്രം പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു: "ഇരിക്കവിടെ. അതൊന്നും പറയാനുള്ള യോഗ്യത നിനക്കില്ല.`` മദീനയില്‍ ഇബ്നു ഉബയ്യ്  പരസ്യമായി നിന്ദിക്കപ്പെട്ട ആദ്യ സന്ദര്‍ഭമായിരുന്നു അത്. ഇതില്‍ വിരണ്ടു വിഷണ്ണനായ അയാള്‍ ആളുകളെ ചാടിക്കടന്ന് പള്ളിയില്‍നിന്ന് ഇറങ്ങിപ്പോയി. പള്ളിയുടെ വാതില്‍ക്കലുണ്ടായിരുന്ന ചില അന്‍സാരികള്‍ അയാളോട് പറഞ്ഞു: "എന്താണിച്ചെയ്യുന്നത്? നിങ്ങള്‍ തിരിച്ചുചെന്ന് റസൂലി (സ)നോട് ക്ഷമാപണം ചെയ്യൂ.`` അയാള്‍ ചൊടിച്ചുകൊണ്ടു പറഞ്ഞു: "എനിക്കയാളോട് ക്ഷമാപണം ചെയ്യാന്‍ മനസ്സില്ല.``(ഇബ്നുഹിശാം  ഭാ. 3, പേ. 111) പിന്നീട് ഹി. 4-ാം ആണ്ടില്‍ ബനുന്നദീര്‍ യുദ്ധം വന്നു. ഈ സന്ദര്‍ഭത്തില്‍ ഇയാളും കൂട്ടുകാരും കൂടുതല്‍ പരസ്യമായിട്ടാണ് ഇസ്ലാമിന്റെ ശത്രുക്കളെ പിന്തുണച്ചത്. ഒരുവശത്ത് നബി(സ)യും ആത്മത്യാഗികളായ ശിഷ്യന്മാരും ശത്രുക്കളെ നേരിടാന്‍ ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു; മറുവശത്താകട്ടെ, ഈ കപടന്‍മാര്‍ ശത്രുക്കളോട് ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രഹസ്യ സന്ദേശങ്ങളയച്ചുകൊണ്ടിരിക്കുകയും. അവര്‍ അറിയിച്ചു: "ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ക്ക് യുദ്ധം ചെയ്യേണ്ടിവന്നാല്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ നിങ്ങളോടൊപ്പം ഞങ്ങളും പുറത്തുപോരും.`` ഈ ഗൂഢാലോചന സൂറ ഹശ്റില്‍ വ്യക്തമാക്കിയപോലെ, അല്ലാഹുതന്നെ പൊളിച്ചുകളഞ്ഞു. ഇബ്നു ഉബയ്യിന്റെയും കൂട്ടുകാരുടെയും മൂടുപടം ഇത്രയൊക്കെ വലിച്ചുകീറപ്പെട്ടിട്ടും റസൂല്‍ തിരുമേനി അയാളോട് വിട്ടുവീഴ്ചാ നിലപാട് കൈക്കൊണ്ടതെന്തുകൊണ്ടാണ്? കാരണമിതാണ്: `കപടന്മാരുടെ വലിയൊരു സംഘം അയാളുടെ കൂടെയുണ്ടായിരുന്നു. ഔസിലെയും ഖസ്റജലെയും ധാരാളം പ്രമാണിമാര്‍ അയാളെ പിന്തുണക്കുകയും ചെയ്തിരുന്നു. ഉഹുദ് യുദ്ധവേളയില്‍ വ്യക്തമായതുപോലെ മദീനയിലെ ജനങ്ങളില്‍ ചുരുങ്ങിയത് മൂന്നിലൊന്നെങ്കിലും അയാളുടെ കൂടെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ബാഹ്യശത്രുക്കളോട് പൊരുതുന്നതോടൊപ്പം ഈ ആഭ്യന്തര ശത്രുക്കളോടും സംഘട്ടനത്തിലേര്‍പ്പെടുക ഒരു നിലയ്ക്കും ഉചിതമായിരുന്നില്ല. അതുകൊണ്ടാണ് അയാളുടെ കാപട്യം നന്നായറിഞ്ഞിട്ടും കുറേ കാലത്തേക്ക് പ്രവാചകന്‍ അയാളുടെ വിശ്വാസവാദം മുഖവിലക്കെടുത്തുകൊണ്ടുതന്നെ അയാളോട് പെരുമാറിയത്. കൂടാതെ, അവരാകട്ടെ പരസ്യമായി സത്യനിഷേധം കൈക്കൊണ്ട് വിശ്വാസികളോട് പോരിനിറങ്ങാനോ യുദ്ധരംഗത്ത് പരസ്യമായി ശത്രുക്കളെ സഹായിക്കാനോ മാത്രം ധീരരോ പ്രബലരോ ആയിരുന്നില്ലതാനും. പ്രത്യക്ഷത്തില്‍ അയാള്‍ക്ക് ഒരു ഭദ്രമായ സംഘമുണ്ടായിരുന്നുവെങ്കിലും അതിന് ആന്തരികമായി, അല്ലാഹു സൂറ ഹശ്റില്‍(12-14  59:12 ) വരച്ചുകാണിച്ച ദൌര്‍ബല്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് മുസ്ലിംകളായി അഭിനയിക്കുന്നതുതന്നെയാണ് തങ്ങള്‍ക്ക് നല്ലതെന്ന് അവര്‍ കരുതി. അവര്‍ പള്ളിയില്‍ വന്നുകൊണ്ടിരുന്നു. നമസ്കാരത്തില്‍ പങ്കെടുത്തു. സകാത്തും കൊടുത്തിരുന്നു. യഥാര്‍ഥ മുസ്ലിംകള്‍ക്ക് പറയേണ്ടിവരാത്ത വലിയ വലിയ വര്‍ത്തമാനങ്ങളാണ് അവര്‍ വിശ്വാസത്തെക്കുറിച്ച് തട്ടിവിട്ടിരുന്നത്. അവരുടെ കപടനീക്കങ്ങള്‍ക്ക് അവരുടെ പക്കല്‍ ഒരായിരം വ്യാജ ന്യായങ്ങളുണ്ടായിരുന്നു. അതുവഴി അവര്‍ സ്വന്തം ഗോത്രജരായ അന്‍സാരികളെ, തങ്ങള്‍ അവരുടെ പക്ഷക്കാരാണെന്ന് ബോധ്യപ്പെടുത്തി പറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സൂത്രത്തിലൂടെ അവര്‍ അന്‍സാരി സാഹോദര്യവൃത്തത്തില്‍നിന്നകന്നുപോയാലുണ്ടാകുന്ന നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടു. നിര്‍ണായകഘട്ടങ്ങളില്‍ ആ സാഹോദര്യവൃത്തത്തില്‍ ഉള്‍പ്പെടുന്നതുവഴി കുഴപ്പങ്ങളുണ്ടാക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ കാരണങ്ങളാലാണ് അബ്ദുല്ലാഹിബ്നു ഉബയ്യിനും അയാളുടെ അനുയായികള്‍ക്കും ബനുല്‍മുസ്തലിഖ് യുദ്ധത്തില്‍ റസൂല്‍ തിരുമേനിയുടെ കൂടെ പോകാന്‍ അവസരം കിട്ടിയത്. അന്നവര്‍ മുസ്ലിംകളുടെ ഐക്യം ശിഥിലമാക്കുന്ന രണ്ടു മഹാ ഉപജാപം ഒരേസമയം നടത്തി. പക്ഷേ, വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനത്തിലൂടെയും റസൂല്‍തിരുമേനിയുടെ ശിഷ്യത്വത്തിലൂടെയും വിശ്വാസികള്‍ നേടിയ ശിക്ഷണം ആ രണ്ടു ഉപജാപത്തെയും തക്കസമയത്തു തകര്‍ത്തുകളയുകയും കപടന്മാരെത്തന്നെ നിന്ദിതരാക്കുകയുമായിരുന്നു. അതിലൊന്ന് സൂറ അന്നൂറില്‍ പരാമര്‍ശിച്ചുകഴിഞ്ഞ സംഭവമാണ്. ഈ സൂറയില്‍ പരാമര്‍ശിക്കുന്നതാണ് രണ്ടാമത്തേത്. ബുഖാരി, മുസ്ലിം, അഹ്മദ്, നസാഇ, തിര്‍മിദി, ബൈഹഖി, ത്വബറാനി, ഇബ്നു മര്‍ദവൈഹി, അബ്ദുര്‍റസാഖ്, ഇബ്നു ജരീര്‍ ത്വബരി, ഇബ്നു മസ്ഊദ്, മുഹമ്മദുബ്നു ഇസ്ഹാഖ് തുടങ്ങിയവര്‍ ആ സംഭവം നിരവധി പരമ്പരകളിലൂടെ ഉദ്ധരിച്ചിട്ടുണ്ട്.  ചില നിവേദനങ്ങളില്‍, അതു നടന്നത് ഏത് സംരംഭത്തിനിടയിലാണെന്ന് പറഞ്ഞിട്ടില്ല. ചിലതില്‍ അത് തബൂക്ക് യുദ്ധത്തിലായിരുന്നുവെന്ന് പ്രസ്താവിക്കുന്നു. പക്ഷേ, ബനുല്‍മുസ്തലിഖ് യുദ്ധത്തിലാണ് ആ സംഭവം നടന്നതെന്ന കാര്യത്തില്‍ യുദ്ധ ചരിത്രപണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നിവേദനങ്ങളെ സമുച്ചയിച്ചാല്‍ സംഭവം ഇപ്രകാരമായിരുന്നുവെന്ന് മനസ്സിലാക്കാം: ബനുല്‍ മുസ്തലിഖിനെ തോല്‍പിച്ച ശേഷം മുസ്ലിം സൈന്യം മുറൈസിഅ് എന്ന കിണറിനടുത്തുള്ള ജനവാസക്രേന്ദത്തില്‍തന്നെ തങ്ങിയതായിരുന്നു. പെട്ടെന്ന് രണ്ടുപേര്‍ തമ്മില്‍ വെള്ളത്തെച്ചൊല്ലി കലഹമുണ്ടായി. അവരിലൊരാള്‍ ഉമറി(റ)ന്റെ കുതിരക്കാരനായ ജഹ്ജാഹിബ്നു മസ്ഊദ് ഗിഫാരിയായിരുന്നു. ഖസ്റജ്  ഗോത്രത്തിന്റെ സഖ്യഗോത്രമായ ജൂഹ്ന്‍ ഗോത്രജനായ സിനാനുബ്നു വബറാ1*(വ്യത്യസ്ത നിവേദനങ്ങളില്‍, ഈ രണ്ടുപേരുടെയും പേരുകള്‍ വ്യത്യസ്തമായിട്ടാണ് കാണുന്നത്. ഇബ്നു ഹിശാമിന്റെ നിവേദനമാണ് നാം ഇവിടെ സ്വീകരിക്കുന്നത്.)*യിരുന്നു അപരന്‍. വാക്കേറ്റം മൂത്ത് കൈയേറ്റത്തിലെത്തി. ജഹ്ജാഹ് സിനാനിനെ കാലുകൊണ്ട് ഒന്നു തട്ടി. തങ്ങളുടെ യമനീപാരമ്പര്യമനുസരിച്ച് അന്‍സാരികള്‍ ഏറ്റവും വലിയ അപമാനമായി ഗണിച്ചിരുന്നതാണിത്. അതിനെത്തുടര്‍ന്ന് സിനാന്‍ അന്‍സാരികളോട് സഹായമര്‍ഥിച്ചുകൊണ്ട് നിലവിളിച്ചു. ജഹ്ജാഹ് മുഹാജിറുകളോടും സഹായം തേടി. ഈ ബഹളം കേട്ട ഉടനെതന്നെ ഇബ്നു ഉബയ്യ്  ഔസുകാരെയും ഖസ്റജുകാരെയും ഉത്തേജിപ്പിച്ചു തുടങ്ങി. `ഓടിവരിന്‍, നിങ്ങളുടെ സഖ്യകക്ഷിയെ സഹായിക്കുവിന്‍` എന്ന് അയാള്‍ മുറവിളികൂട്ടി. മറുഭാഗത്ത് ഏതാനും മുഹാജിറുകളും ഓടിക്കൂടി. കാര്യം ഗുരുതരമായി. ഒരു ശത്രുവിനെ ഏകോപിച്ച് ചെറുത്തുതോല്‍പിച്ചശേഷം അവരുടെ നാട്ടില്‍നിന്ന് പുറപ്പെടുകപോലും ചെയ്തിട്ടില്ലാത്ത ആ സന്ദര്‍ഭത്തില്‍ അവിടെ വെച്ചുതന്നെ അന്‍സാറുകളും മുഹാജിറുകളും തമ്മില്‍ പോരുതുടങ്ങി. പക്ഷേ, ബഹളം കേട്ട് ഇറങ്ങിവന്ന നബി (സ)ചോദിച്ചു: "എന്താണീ ജാഹിലിയ്യാ മുറവിളി? നിങ്ങളും ജാഹിലിയ്യാ മുറവിളികളും തമ്മിലെന്തു ബന്ധം? നിര്‍ത്തുവിന്‍ അത്. അത് വളരെ ദുര്‍ഗന്ധമുള്ളതാണ്.``2*(ഈ സന്ദര്‍ഭത്തില്‍ തിരുമേനി(സ) പ്രസ്താവിച്ച സുപ്രധാനമായ ഒരു കാര്യമാണിത്. ഇസ്ലാമിന്റെ യഥാര്‍ഥ ചൈതന്യം ഗ്രഹിക്കുന്നതിന് ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. കുഴപ്പത്തിനിടയില്‍ ജനങ്ങളോട് സഹായം തേടേണ്ടിവന്നാല്‍, `മുസ്ലിംകളേ, വരുവിന്‍, ഞങ്ങളെ സഹായിക്കുവിന്‍` എന്നു വിളിച്ചുപറയുകയാണ് ഇസ്ലാമിന്റെ രീതി. അല്ലെങ്കില്‍ `ജനങ്ങളേ, വരുവിന്‍, സഹായിക്കുവിന്‍` എന്നു വിളിക്കണം. ഓരോ കക്ഷിയും അവരവരുടെ ഗോത്രത്തെയോ സഖ്യകക്ഷികളെയോ വംശത്തെയോ വര്‍ണത്തെയോ ദേശത്തെയോ പേരുചൊല്ലി വിളിക്കുകയാണെങ്കില്‍ അത് ജാഹിലിയ്യാ വിളിയാണ്. ആ വിളിക്ക് ഉത്തരം നല്‍കാന്‍ വരുന്നവര്‍ മര്‍ദകനാര് മര്‍ദിതനാര് എന്ന് നോക്കി സത്യത്തിനും നീതിക്കും അനുസൃതമായി മര്‍ദിതനെ സഹായിക്കുന്നതിനു പകരം സ്വന്തക്കാരനെ പിന്തുണക്കാനും സംരക്ഷിക്കുവാനും അന്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് ലോകത്ത് കുഴപ്പം പരത്തുന്ന ജാഹിലിയ്യാ ചെയ്തിയാണ്. അതുകൊണ്ടാണ് റസൂല്‍ തിരുമേനി അതിനെ നാറ്റമുള്ളതും കുറ്റകരവുമായ സംഗതിയായി വിശേഷിപ്പിച്ചതും, മുസ്ലിംകളും അതും തമ്മിലെന്തു ബന്ധമെന്ന് ചോദിച്ചതും. നിങ്ങള്‍ ഇസ്ലാമില്‍ അധിഷ്ഠിതമായ ഒറ്റ സമൂഹമായിരിക്കുന്നു. ഇനി നിങ്ങള്‍ ഈ അന്‍സാരികളുടെയും മുഹാജിറുകളുടെയും പേരില്‍ മുറവിളി കൂട്ടുന്നതിനെന്തര്‍ഥം? ഈ മുറവിളി കേട്ട് നിങ്ങളെങ്ങോട്ടാണ് ഓടുന്നത്? അല്ലാമാ സുഹൈല്‍ `റൌസത്തുല്‍അംഫാലില്‍` എഴുതുന്നു: `ഒരു തര്‍ക്കത്തിലോ ശണ്ഠയിലോ ഒരുവന്‍ ജാഹിലിയ്യത്തിന്റെ മുറവിളി ഉയര്‍ത്തുകയാണെങ്കില്‍ അതൊരു ക്രിമിനല്‍ കുറ്റമായിരിക്കുമെന്ന് ഇസ്ലാമിക പണ്ഡിതന്‍മാര്‍ വിധിച്ചിരിക്കുന്നു. ഒരുവിഭാഗം പണ്ഡിതന്‍മാര്‍ അതിന് അമ്പതടി ശിക്ഷ നിശ്ചയിച്ചിട്ടുണ്ട്. മറ്റൊരു വിഭാഗം പത്തടിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതിന് സന്ദര്‍ഭോചിതമായ ശിക്ഷ നല്‍കണമെന്നാണ് മൂന്നാമതൊരു കൂട്ടരുടെ അഭിപ്രായം. ചിലപ്പോള്‍ ശകാരവും താക്കീതും മതിയാകും. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം മുറവിളിയുയര്‍ത്തുന്നവരെ തടവിലിടേണ്ടിവരും. കൂടുതല്‍ ആപല്‍ക്കരമായ സാഹചര്യങ്ങളില്‍ കുറ്റവാളിയെ ചാട്ടവാറിനു വിധേയനാക്കാം.)* ഇതുകേട്ടതോടെ ഇരുപക്ഷത്തുമുള്ള സജ്ജനങ്ങള്‍ മുന്നോട്ടുവന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കി. സിനാന്‍ ജഹ്ജാഹിന് മാപ്പുകൊടുത്തു സന്ധിയായി. അനന്തരം മനസ്സില്‍ കാപട്യമുള്ളവരെല്ലാം അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ ചുറ്റുംകൂടി. അവര്‍ അയാളോടു പറഞ്ഞു: "ഇതുവരെ താങ്കളെക്കുറിച്ച് പ്രതീക്ഷകളുണ്ടായിരുന്നു. താങ്കള്‍ പ്രതിരോധിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ മനസ്സിലായി, താങ്കള്‍ ഞങ്ങള്‍ക്കെതിരില്‍ ഈ എരപ്പാളികളുടെ3*(മദീനയിലെ കപടവിശ്വാസികള്‍, മുസ്ലിംകളായി മദീനയിലെത്തിയവരെ പൊതുവില്‍ വിളിച്ചിരുന്നത്, രോമക്കുപ്പായക്കാര്‍ അല്ലെങ്കില്‍ പരുക്കന്‍ തുണിയുടുക്കുന്നവര്‍ എന്നര്‍ഥമുള്ള `ജലാബീബ്` എന്നാണ്. വിപ്രവാസികളായ മുഹാജിറുകളെ നിന്ദിക്കുകയായിരുന്നു അതിന്റെ താല്‍പര്യം. നമ്മുടെ ഭാഷയിലെ `എരപ്പാളികള്‍` എന്ന പ്രയോഗമായിരിക്കും അതിനോട് ഏറെ സദൃശമായത്.)* സില്‍ബന്തിയായിരിക്കുന്നുവെന്ന്.`` ഇബ്നു ഉബ്ബയ് നേരത്തെത്തന്നെ രോഷാകുലനായിരുന്നു. ഇതുകേട്ട് കൂടുതല്‍ ക്രുദ്ധനായ അയാള്‍ പറഞ്ഞു: "ഇതൊക്കെ നിങ്ങള്‍തന്നെ വരുത്തിവെച്ചതാണ്. നിങ്ങളാണിവര്‍ക്ക് സ്വന്തം നാട്ടില്‍ സ്ഥലംകൊടുത്തത്. സ്വന്തം ധനം അവര്‍ക്ക് വീതിച്ചുകൊടുത്തു. ഇപ്പോഴിവര്‍ തടിച്ചുകൊഴുത്ത് നമുക്കു നേരെത്തന്നെ തിരിഞ്ഞിരിക്കുകയാണ്. നമ്മുടെയും ഈ ഖുറൈശി യാചകരുടെയും കാര്യത്തില്‍ ഈ പഴഞ്ചൊല്ല് പുലര്‍ന്നിരിക്കുന്നു- `നിന്റെ പട്ടിയെ തീറ്റിപ്പോറ്റി തടിപ്പിച്ചാല്‍ അതു നിന്നെത്തന്നെ കടിച്ചുകീറും. നീയതിനുനേരെ കൈവിലക്കിയാല്‍ അത് തെണ്ടിപ്പോകുന്നത് കാണാം.` ദൈവത്താണ, മദീനയില്‍ തിരിച്ചെത്തിയാല്‍ നമ്മില്‍ പ്രതാപികള്‍ മ്ളേച്ഛരെ അവിടെനിന്ന് ആട്ടിപ്പായിക്കുകതന്നെ ചെയ്യും.`` സഭയില്‍ യാദൃച്ഛികമായി സൈദുബ്നു അര്‍ഖമുമുണ്ടായിരുന്നു. അദ്ദേഹം അന്നൊരു ബാലനായിരുന്നു. ഈ വര്‍ത്തമാനങ്ങള്‍ കേട്ട സൈദ് അത് തന്റെ പിതൃവ്യനോട് പറഞ്ഞു. പിതൃവ്യന്‍ അന്‍സാരി തലവന്‍മാരിലൊരാളായിരുന്നു. അദ്ദേഹം ഉടനെ നബി(സ)യുടെ സന്നിധിയില്‍ ചെന്നു സംഗതികളെല്ലാം ബോധിപ്പിച്ചു. തിരുമേനി സൈദിനെ വിളിപ്പിച്ച് നേരിട്ടന്വേഷിച്ചു. അദ്ദേഹം കേട്ടതെല്ലാം ആവര്‍ത്തിച്ചു.4*(ഇതില്‍നിന്ന് കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ ഇങ്ങനെയൊരു നിയമം നിഷ്പാദിച്ചിരിക്കുന്നു. ഒരാളുടെ ദൂഷ്യങ്ങള്‍ മറ്റൊരാളെ അറിയിക്കുന്നതില്‍ മതപരമോ ധാര്‍മികമോ ആയ എന്തെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അത് പരദൂഷണത്തിന്റെ നിര്‍വചനത്തില്‍പ്പെടുന്നില്ല. കുഴപ്പം ഉദ്ദേശിച്ചും ആളുകളെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയും പരദൂഷണം പറയുന്നതാണ് ശരീഅത്ത് നിരോധിച്ചിട്ടുള്ളത്.)* തിരുമേനി പറഞ്ഞു: "ഒരുപക്ഷേ, നിനക്ക് ഇബ്നു ഉബയ്യിനോട് വെറുപ്പുണ്ടായിരിക്കും. കേട്ടത് നീ തെറ്റിദ്ധരിച്ചതാവാനും മതി. ഇബ്നു ഉബയ്യ്  അങ്ങനെ പറഞ്ഞതായി നിനക്ക് തോന്നിയതുമാവാമല്ലോ.`` പക്ഷേ, അയാള്‍ അപ്രകാരംതന്നെ പറയുന്നതായി താന്‍ ഉറപ്പായും കേട്ടിട്ടുണ്ടെന്ന് സൈദ് അല്ലാഹുവില്‍ ആണയിട്ടു പറഞ്ഞു. തുടര്‍ന്ന് തിരുമേനി ഇബ്നു ഉബയ്യിനെ വിളിച്ചുവരുത്തി അന്വേഷിച്ചു. അയാള്‍ നിസ്സങ്കോചം നിഷേധിക്കുകയാണ് ചെയ്തത്. താനൊരിക്കലും അപ്രകാരം പറഞ്ഞിട്ടില്ലെന്ന് അയാള്‍ സത്യംചെയ്തു. അന്‍സാരികള്‍ തിരുമേനിയോടു പറഞ്ഞു: "തിരുദൂതരേ, ഒരു ചെറുക്കന്റെ വര്‍ത്തമാനമാണല്ലോ. ഒരുപക്ഷേ, അവന്‍ ഊഹിച്ചതാകും. ഇദ്ദേഹം ഞങ്ങളുടെ കാരണവരും നേതാവുമാണ്. ഇദ്ദേഹത്തിനെതിരെ അങ്ങ് ഒരു ചെറുക്കന്റെ വര്‍ത്തമാനം കാര്യമാക്കരുത്.`` ഗോത്രത്തിലെ കാര്യബോധമുള്ള മുതിര്‍ന്നവര്‍ സൈദിനെ ആക്ഷേപിക്കുകയും ചെയ്തു. സൈദ് വിഷണ്ണനും ദുഃഖിതനുമായി സ്വസ്ഥാനത്ത് ഇരിപ്പായി. എന്നാല്‍, സൈദിനെയും ഇബ്നു ഉബയ്യിനെയും  നന്നായറിയാമായിരുന്ന റസൂല്‍ തിരുമേനിക്ക് വാസ്തവമെന്തെന്ന് മനസ്സിലായിരുന്നു. ഈ വിവരമറിഞ്ഞ ഉമര്‍(റ) തിരുമേനിയോട് അപേക്ഷിച്ചു: "അയാളെ വധിക്കാന്‍ അങ്ങ് എനിക്കനുവാദം നല്‍കിയാലും. എന്നെ അതിനനുവദിക്കുന്നത് ഉചിതമല്ലെങ്കില്‍ അന്‍സാരികളില്‍പെട്ട മുആദുബ്നു ജബലിനെയോ അബ്ബാദുബ്നു ബിശ്റിനെയോ സഅ്ദുബ്നു മുആദിനെയോ  മുഹമ്മദുബ്നു മസ്ലമയെയോ അയാളെ കൊന്നുകളയാന്‍ ചുമതലപ്പെടുത്തിയാലും.``5*(വിവിധ നിവേദനങ്ങളില്‍, ഉമര്‍(റ) പരാമര്‍ശിച്ച അന്‍സാരി പ്രമുഖരുടെ പേരുകള്‍ വ്യത്യസ്തമായിട്ടാണ് കാണുന്നത്. ഉബയ്യിനെ ഒരു മുഹാജിറായ താന്‍ വധിക്കുന്നത് കുഴപ്പം വളര്‍ത്താന്‍ കാരണമാകുമെന്ന് തോന്നുന്നുവെങ്കില്‍ ഏതെങ്കിലും ഒരന്‍സാരി പ്രമാണിയെത്തന്നെ ചുമതല ഏല്‍പിക്കണം എന്നായിരുന്നു ഉമറിന്റെ നിര്‍ദേശം.)* പക്ഷേ, തിരുമേനി പറഞ്ഞു: "അതുവേണ്ട, മുഹമ്മദ് അയാളുടെ കൂട്ടാളികളെത്തന്നെ കൊല്ലുന്നുവെന്ന് ആളുകള്‍ പറയാനിടയാകും.`` അനന്തരം പ്രവാചകന്‍ ഉടനെ പുറപ്പെടാന്‍ ആജ്ഞാപിച്ചു. പ്രവാചകന്റെ പതിവനുസരിച്ച് അത് യാത്ര പുറപ്പെടുന്ന സമയമായിരുന്നില്ല. ജനം ക്ഷീണിച്ചവശരാകുന്നതുവരെ മുപ്പത് മണിക്കൂര്‍ നിരന്തരം യാത്ര തുടര്‍ന്നു. പിന്നെ ഒരിടത്ത് താവളമടിച്ചു. പരിക്ഷീണരായ ആളുകള്‍ നിലത്തു തല ചായ്ച്ചതും നിദ്രയിലാണ്ടുപോയി. മുറൈസിഇല്‍ നടന്ന കാര്യങ്ങളുടെ സ്വാധീനം ജനമനസ്സുകളില്‍നിന്നു മാഞ്ഞുപോകുന്നതിനു വേണ്ടിയായിരുന്നു നബി(സ) ഇങ്ങനെ ചെയ്തത്. വഴിക്കുവെച്ച് ഒരന്‍സാരി നേതാവായ ഉസൈദുബ്നു ഹുദൈര്‍ പ്രവാചകനെ അഭിമുഖീകരിച്ചുകൊണ്ടു പറഞ്ഞു: "തിരുദൂതരേ, യാത്രയ്ക്ക് ഉചിതമല്ലാത്ത ഒരു സമയത്താണല്ലോ ഇന്ന് അങ്ങ് പുറപ്പെടാന്‍ കല്‍പിച്ചത്. ഇങ്ങനെയുള്ള സമയത്ത് അങ്ങ് യാത്ര തുടങ്ങാറില്ലല്ലോ?`` തിരുമേനി പ്രതിവചിച്ചു: `നിങ്ങളുടെ ആ ചങ്ങാതിയുണ്ടാക്കിയ കുഴപ്പം നിങ്ങളറിഞ്ഞില്ലേ?` 
`ഏത് ചങ്ങാതി?`
`അബ്ദുല്ലാഹിബ്നു ഉബയ്യ്.
`അയാളെന്തു പറഞ്ഞു?`
`മദീനയിലെത്തിയാല്‍ പ്രതാപികള്‍ മ്ളേച്ഛരെ ആട്ടിപ്പുറത്താക്കുമെന്ന്.` `തിരുദൂതരേ, പ്രതാപി അങ്ങുതന്നെയാണ്. മ്ളേച്ഛന്‍ അയാളും. അങ്ങേക്ക് എപ്പോള്‍ വേണമെങ്കിലും അയാളെ ആട്ടിപ്പുറത്താക്കാന്‍ കഴിയും. ക്രമേണ ഈ വാര്‍ത്ത അന്‍സാരികളിലെല്ലാം പ്രചരിച്ചു. അവരില്‍ ഇബ്നു ഉബയ്യിനെതിരെ രോഷമുണര്‍ന്നു. റസൂലിന്റെ സന്നിധിയില്‍ ചെന്ന് ക്ഷമാപണം ചെയ്യാന്‍ ആളുകള്‍ ഇബ്നു ഉബയ്യിനെ ഉപദേശിച്ചു. അയാള്‍ ചൊടിച്ചുകൊണ്ട് അവര്‍ക്കു മറുപടി കൊടുത്തു: "നിങ്ങള്‍ അയാളില്‍ വിശ്വസിക്കണമെന്നു പറഞ്ഞു; ഞാന്‍ വിശ്വസിച്ചു. നിങ്ങള്‍ എന്റെ മുതല്‍ സകാത്തു കൊടുക്കാന്‍ പറഞ്ഞു; ഞാന്‍ സകാത്തും കൊടുത്തു. ഇപ്പോള്‍ ഞാന്‍ മുഹമ്മദിനെ നമസ്കരിക്കണമെന്ന അപമാനവുമായി!`` ഈ സംസാരം വിശ്വാസികളായ അന്‍സാരികളില്‍ അയാളോടുള്ള നീരസം കൂടുതല്‍ വളര്‍ത്തി. എല്ലാവരും അയാളെ ആക്ഷേപിക്കാന്‍ തുടങ്ങി. യാത്രാസംഘം മദീനയില്‍ പ്രവേശിക്കാറായപ്പോള്‍ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ, അബ്ദുല്ലാഹ് എന്നുതന്നെ പേരുള്ള പുത്രന്‍ ഊരിയ വാളുമായി പിതാവിന്റെ മുമ്പില്‍ചെന്നു കൊണ്ട് പറഞ്ഞു: `അങ്ങ് പറഞ്ഞുവല്ലോ, മദീനയില്‍ ചെന്നാല്‍ പ്രതാപികള്‍ നിന്ദിതരെ ആട്ടിപ്പുറത്താക്കുമെന്ന്. പ്രതാപം അങ്ങേയ്ക്കാണോ അതല്ല, അല്ലാഹുവിനും അവന്റെ ദൂതന്നുമാണോ എന്ന് ഇപ്പോഴറിയാം. അല്ലാഹുവാണ, റസൂല്‍(സ) തിരുമേനി അനുവാദമരുളുന്നതുവരെ അങ്ങേക്ക് മദീനയില്‍ പ്രവേശിക്കാനാവില്ല.` ഇതുകേട്ട് ഇബ്നു ഉബയ്യ്  ഇങ്ങനെ വിലപിച്ചു: `ഓ ഖസ്റജ്  ഗോത്രമേ, ഇതൊന്നു നോക്കൂ! എന്റെ മകന്‍തന്നെ ഞാന്‍ മദീനയില്‍ കടക്കുന്നത് വിലക്കുന്നു!` ആളുകള്‍ നബി(സ)യെ വിവരമറിയിച്ചു. തിരുമേനി പറഞ്ഞു: `അബ്ദുല്ലയോട് പറയൂ, അദ്ദേഹത്തിന്റെ പിതാവിനെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍.` അങ്ങനെ അബ്ദുല്ല പറഞ്ഞു: `തിരുമേനി കല്‍പിച്ചതിനാല്‍ ഇനി അങ്ങേക്ക് കടക്കാം.` ഈ സന്ദര്‍ഭത്തില്‍ നബി(സ) ഉമറി(റ)നോട് പറഞ്ഞു: `എങ്ങനെയുണ്ട് ഉമര്‍, ഇപ്പോള്‍ എന്തു തോന്നുന്നു? നിങ്ങള്‍ ആവശ്യപ്പെട്ട സമയത്ത് ഞാനയാളെ വധിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ വമ്പിച്ച കുഴപ്പത്തിനിടയാകുമായിരുന്നു. ഇന്ന് ഞാനയാളെ വധിക്കാന്‍ കല്‍പിച്ചാലും ഒരു കുഴപ്പവുമുണ്ടാവില്ല.` ഉമര്‍(റ) ബോധിപ്പിച്ചു: `അല്ലാഹുവാണ, ദൈവദൂതന്റെ വാക്ക് എന്റെ വാക്കിനെക്കാള്‍ യുക്തിപൂര്‍ണമായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.` *(ഇത് സുപ്രധാനമായ രണ്ടു ശറഈ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഒന്ന്, ഇബ്നു ഉബയ്യ്  സ്വീകരിച്ച നിലപാട്. മുസ്ലിംസമൂഹത്തില്‍ വാണുകൊണ്ട് ഒരാള്‍ ഈ നിലപാട് കൈക്കൊണ്ടാല്‍ അയാള്‍ വധാര്‍ഹനാകുന്നു.. നിയമപരമായി വധാര്‍ഹനായ ഒരാളെ വധിക്കേണ്ടത് നിര്‍ബന്ധമല്ല എന്നതാണ് രണ്ടാമത്തെ സംഗതി. അത് തീരുമാനിക്കുന്നതിനുമുമ്പായി, അയാളെ വധിക്കുന്നത് കൂടുതല്‍ വലിയ കുഴപ്പത്തിനിടയാക്കുമോ എന്ന് പരിശോധിക്കേണ്ടതാണ്. സാഹചര്യങ്ങളുടെ നേരെ കണ്ണടച്ചുകൊണ്ട് അന്ധമായി നിയമം പ്രയോഗിച്ചാല്‍ ചിലപ്പോള്‍ നിയമനടപടികൊണ്ട് ഉദ്ദേശിച്ചതിന് നേരെ വിപരീതമായ ഫലമായിരിക്കും ഉളവാകുക. ഈ നാശകാരിയായ കപടന്റെ കൂടെ കാര്യമായ രാഷ്ട്രീയ ശക്തിയുണ്ടെങ്കില്‍ അയാളെ വധിച്ച് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനേക്കാള്‍ നല്ലത്, അയാള്‍ക്ക് ബലമേകുന്ന ആ രാഷ്ട്രീയ ശക്തിയെ യുക്തിപൂര്‍വമായും ആസൂത്രിതമായും ഉന്‍മൂലനംചെയ്യുകയാണ്. അതുകൊണ്ടാണ് ഇബ്നു ഉബയ്യിനെ ശിക്ഷിക്കാന്‍ കഴിവുണ്ടായിട്ടും നബി(സ) അയാളോട് മയത്തില്‍ വര്‍ത്തിച്ചത്. അതുമൂലം രണ്ടുമൂന്ന് വര്‍ഷംകൊണ്ട് മദീനയില്‍ കപടവിശ്വാസികളുടെ ശക്തി എന്നെന്നേക്കുമായി നിശ്ശേഷം തകര്‍ന്നുപോയി.)* ഇതാണ് ഈ സൂറയുടെ അവതരണപശ്ചാത്തലം. തിരുമേനി മദീനയില്‍ തിരിച്ചെത്തിയ ശേഷമായിരിക്കണം, മിക്കവാറും ഈ സൂറ അവതരിച്ചത്.
സൂക്തങ്ങളുടെ ആശയം
1-കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ അവര്‍ പറയും: "തീര്‍ച്ചയായും അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു." അല്ലാഹുവിന്നറിയാം, നിശ്ചയമായും നീ അവന്റെ ദൂതനാണെന്ന്. കപടവിശ്വാസികള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവും സാക്ഷ്യം വഹിക്കുന്നു.
2-അവര്‍ തങ്ങളുടെ ശപഥങ്ങളെ പരിചയാക്കുകയാണ്. 1 അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ നീചം തന്നെ.
3-അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാവുന്നില്ല.
4-നീ അവരെ കണ്ടാല്‍ അവരുടെ ആകാരം നിന്നെ വിസ്മയഭരിതനാക്കും. അവര്‍ സംസാരിച്ചാലോ അവരുടെ വാക്കുകള്‍ നീ കേട്ടിരുന്നുപോകും. ചാരിവെച്ച മരത്തടികള്‍ പോലെയാണ് അവര്‍. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ കരുതുന്നു. അവര്‍ തന്നെയാണ് ശത്രു. അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ തുലക്കട്ടെ. എവിടേക്കാണവര്‍ വഴിതെറ്റിപ്പോകുന്നത്?
5-"വരിക, ദൈവദൂതന്‍ നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൊള്ളു"മെന്ന് പറഞ്ഞാല്‍ അവര്‍ തങ്ങളുടെ തല തിരിച്ചുകളയും. അഹങ്കാരപൂര്‍വം അവര്‍ വരാന്‍ വിസമ്മതിക്കുന്നതായി നിനക്കു കാണാം.
6-നീ അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കുന്നതും പ്രാര്‍ഥിക്കാതിരിക്കുന്നതും അവരെ സംബന്ധിച്ചേടത്തോളം സമമാണ്. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അധര്‍മികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
7-ദൈവദൂതന്റെ കൂടെയുള്ളവര്‍ക്ക്, അവരദ്ദേഹത്തെ വിട്ടുപിരിയും വരെ, നിങ്ങളൊന്നും ചെലവഴിക്കരുത് എന്ന് പറയുന്നവരാണല്ലോ അവര്‍. എന്നാല്‍ ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിന്റേതാണ്. പക്ഷേ, കപട വിശ്വാസികള്‍ ഇത് മനസ്സിലാക്കുന്നില്ല.
8-അവര്‍ പറയുന്നു: "ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുകതന്നെ ചെയ്യും." എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.
9-വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍.
10-മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴ 2വന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം.
11-അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.