68 അല്‍ഖലം

ആമുഖം
നാമം
ഈ സൂറയ്ക്ക് `നൂന്‍` എന്നും `അല്‍ഖലം` എന്നും പേരുണ്ട്. രണ്ടു പദങ്ങളും സൂറയുടെ പ്രാരംഭസൂക്തങ്ങളിലുള്ളതാണ്. 
അവതരണകാലം
പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യനാളുകളിലാണ് സൂറ അവതരിച്ചത്. ഇത് അവതരിക്കുമ്പോള്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ മുഹമ്മദ് നബി(സ)ക്കെതിരെ ഉയര്‍ത്തിയ എതിര്‍പ്പ് രൂക്ഷമായിക്കഴിഞ്ഞിരുന്നുവെന്ന് ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 
ഉള്ളടക്കം
മൂന്നു വിഷയങ്ങളാണ് ഈ സൂറയില്‍ മുഖ്യമായി ചര്‍ച്ച ചെയ്യുന്നത്: ഇസ്ലാമിന്റെ ശത്രുക്കള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി. അവിശ്വാസികള്‍ക്കുള്ള താക്കീതും സദുപദേശവും. ക്ഷമയും സ്ഥൈര്യവും കൈക്കൊള്ളാന്‍ പ്രവാചകനെ പ്രചോദിപ്പിക്കുക. തുടക്കത്തില്‍ നബി(സ)യോട് പറയുന്നു: അവിശ്വാസികള്‍ താങ്കള്‍ ഭ്രാന്തനാണെന്നു പറയുന്നു. എന്നാല്‍, താങ്കള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വേദവും താങ്കള്‍ നേടിയിട്ടുള്ള ധാര്‍മിക നിലവാരവും തന്നെ അവരുടെ ഈ അപവാദത്തെ ഖണ്ഡിക്കാന്‍ ധാരാളം മതിയായ ന്യായമാകുന്നു. ഭ്രാന്ത് ആര്‍ക്കാണെന്നും സ്ഥിരബുദ്ധിയുള്ളവന്‍ ആരാണെന്നും അടുത്തുതന്നെ എല്ലാവരും നേരില്‍ കാണാന്‍ പോകുന്നുണ്ട്. അതുകൊണ്ട് താങ്കള്‍ക്കു നേരെ ഇരമ്പി വരുന്ന എതിര്‍പ്പിന്റെ കൊടുങ്കാറ്റില്‍ ഒട്ടും ഉലഞ്ഞുപോകരുത്. താങ്കള്‍ എങ്ങനെയെങ്കിലും ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനായി ഒരു ഒത്തുതീര്‍പ്പിന് തയ്യാറാവുക എന്നതാണ് ഈ എതിര്‍പ്പുകളുടെയെല്ലാം ലക്ഷ്യം എന്ന് ഓര്‍ത്തിരിക്കുക. തുടര്‍ന്ന് സാധാരണക്കാരുടെ കണ്ണുതുറപ്പിക്കുന്നതിനുവേണ്ടി പേരു വെളിപ്പെടുത്താതെ, നബി(സ)യുടെ ശത്രുക്കളില്‍പെട്ട ഒരു വ്യക്തിയുടെ ചെയ്തികള്‍ ചൂണ്ടിക്കാണിക്കുകയാണ്. അയാളെ മക്കാവാസികള്‍ക്ക് നന്നായറിയാം. നബി(സ)യുടെ വിശുദ്ധ സ്വഭാവങ്ങളും അന്ന് അവരുടെ കണ്‍മുമ്പിലുണ്ടായിരുന്നു. മക്കയില്‍ തിരുമേനി(സ)യോടുള്ള എതിര്‍പ്പിനു മുന്നിട്ടുനിന്ന പ്രമാണിമാരില്‍ ഏതുതരം ചര്യകളും സ്വഭാവങ്ങളും പുലര്‍ത്തുന്നവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് കണ്ണുള്ളവര്‍ക്കൊന്നും കാണാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അനന്തരം 17 മുതല്‍ 33 വരെ  68:17 സൂക്തങ്ങളില്‍ ഒരു തോട്ടത്തിന്റെ ഉടമകളെ ഉദാഹരിക്കുകയാണ്: അവര്‍ അല്ലാഹുവിന്റെ അനുഗ്രഹം നേടിയിട്ട് അവനോട് കൃതഘ്നരായി. കൂട്ടത്തില്‍ ശിഷ്ടനായ മനുഷ്യന്‍ അവരെ ഉപദേശിച്ചുവെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ആ അനുഗ്രഹം അവര്‍ക്ക് വിലക്കപ്പെടുകയായിരുന്നു അതിന്റെ ഫലം. എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞപ്പോഴാണ് അവരുടെ കണ്ണു തുറക്കുന്നത്. ഈ ഉദാഹരണത്തിലൂടെ മക്കാവാസികളെ താക്കീതു ചെയ്യുകയാണ്: മുഹമ്മദ് നബിയുടെ നിയോഗത്തിലൂടെ, ആ തോട്ടക്കാര്‍ അകപ്പെട്ടതുപോലെയുള്ള ഒരു പരീക്ഷണത്തിലകപ്പെട്ടിരിക്കുകയാണ് നിങ്ങള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഈ ലോകത്തു തന്നെ ശിക്ഷയനുഭവിക്കേണ്ടിവരും. പാരത്രിക ശിക്ഷയാകട്ടെ, ഇതിനേക്കാള്‍ വളരെ ഗുരുതരവുമായിരിക്കും. 34 മുതല്‍ 47 വരെ 68:34 സൂക്തങ്ങളില്‍ ചിലപ്പോള്‍ അവിശ്വാസികളെ നേരിട്ട് സംബോധന ചെയ്തുകൊണ്ടും ചിലപ്പോള്‍ പ്രവാചകനെ സംബോധന ചെയ്തുകൊണ്ടും അവരെ ഉദ്ബോധനം ചെയ്യുകയാണ്. അതില്‍ പറയുന്ന കാര്യങ്ങളുടെ ചുരുക്കമിതാണ്: ഇഹലോകത്ത് ദൈവഭക്തിയുടെ ജീവിതം നയിച്ചവര്‍ക്കു മാത്രമാകുന്നു പാരത്രിക നേട്ടം. അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളുടെ പര്യവസാനം ദൈവധിക്കാരികളുടേതുതന്നെ ആയിരിക്കുക എന്നത് തികച്ചും യുക്തിവിരുദ്ധമായ കാര്യമാണ്. അല്ലാഹു തങ്ങളോട് അനുവര്‍ത്തിക്കുക, തങ്ങള്‍ നിര്‍ദേശിക്കുന്നതുപോലെയാണ് എന്ന അവിശ്വാസികളുടെ വിചാരം ഭീമമായ തെറ്റിദ്ധാരണയാണ്. ഇങ്ങനെ വിചാരിക്കാന്‍ അവര്‍ക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലതാനും. അല്ലാഹുവിന്റെ മുമ്പില്‍ തലകുനിക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും എന്നിട്ട് ആ ആഹ്വാനത്തെ നിരസിക്കുകയും ചെയ്തവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്റെ മുമ്പില്‍ പ്രണാമം ചെയ്യണമെന്ന് ആഗ്രഹിച്ചാലും അതിന് സാധിക്കുകയില്ല. അവര്‍ നിന്ദ്യമായ പരിണതിയെ നേരിടേണ്ടിവരികതന്നെചെയ്യും. വിശുദ്ധ ഖുര്‍ആനെ തള്ളിപ്പറഞ്ഞിട്ട് അവര്‍ ദൈവശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല. അവര്‍ക്കു ലഭിക്കുന്ന സാവകാശത്തില്‍ അവര്‍ വഞ്ചിതരായിക്കൊണ്ടിരിക്കുകയാണ്. പ്രവാചകനെ നിഷേധിച്ചിട്ട് തങ്ങള്‍ക്ക് ശിക്ഷയൊന്നും ഇറങ്ങാത്തതുകൊണ്ട്, തങ്ങള്‍ നേര്‍മാര്‍ഗത്തിലാണെന്നാണവര്‍ കരുതുന്നത്. എന്നാലോ, അവര്‍ ബോധശൂന്യരായി വിനാശമാര്‍ഗത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകനെ എതിര്‍ക്കാന്‍ അവര്‍ക്ക് ന്യായമായ ഒരു കാരണവുമില്ല. അദ്ദേഹം നിസ്വാര്‍ഥനായ പ്രബോധകനാണ്. സ്വന്തം കാര്യത്തിനായി യാതൊന്നും അദ്ദേഹം അവരോടാവശ്യപ്പെടുന്നില്ല. അദ്ദേഹം ദൈവദൂതനല്ലെന്നോ അദ്ദേഹത്തിന്റെ സന്ദേശം സത്യമല്ലെന്നോ തങ്ങള്‍ക്ക് അറിവുകിട്ടിയിട്ടുണ്ടെന്ന് അവര്‍ക്ക് വാദവുമില്ല. അവസാനം നബി(സ)യോട് ഉപദേശിക്കുകയാണ്: അല്ലാഹുവിന്റെ തീര്‍പ്പ് ആഗതമാവുന്നതുവരെ ദീനീപ്രബോധന സംരംഭത്തില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ ക്ഷമയോടെ തരണം ചെയ്ത് മുമ്പോട്ടു പോവുക. യൂനുസ് (അ) പരീക്ഷണത്തിലകപ്പെടാന്‍ ഇടയായിത്തീര്‍ന്ന വിധത്തിലുള്ള അക്ഷമയില്‍ നിന്നു മുക്തനായി വര്‍ത്തിക്കുക.
സൂക്തങ്ങളുടെ ആശയം
1-നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി.
2-നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല.
3-നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.
4-നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.
5-വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും.
6-നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്?
7-നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം.
8-അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്.
9-നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.
10-അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്.
11-അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍.
12-നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.
13-ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും.
14-അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും.
15-നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്."
16-അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും.
17-ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം!
18-അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല. 1
19-അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു.
20-അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി.
21-പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു:
22-"നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക."
23-അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു:
24-"ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്." 2
25-അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി.
26-എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: "നാം വഴി തെറ്റിയിരിക്കുന്നു.
27-"അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു."
28-കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: "നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?"
29-അവര്‍ പറഞ്ഞു: "നമ്മുടെ നാഥന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും നാം അക്രമികളായിരിക്കുന്നു."
30-അങ്ങനെ അവരന്യോന്യം പഴിചാരാന്‍ തുടങ്ങി.
31-അവര്‍ വിലപിച്ചു: "നമ്മുടെ നാശം! നിശ്ചയമായും നാം അതിക്രമികളായിരിക്കുന്നു.
32-"നമ്മുടെ നാഥന്‍ ഇതിനെക്കാള്‍ നല്ലത് നമുക്ക് പകരം നല്‍കിയേക്കാം. നിശ്ചയമായും നാം നമ്മുടെ നാഥനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു."
33-ഇവ്വിധമാണ് ഇവിടത്തെ ശിക്ഷ. പരലോക ശിക്ഷയോ കൂടുതല്‍ കഠിനവും. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!
34-ഉറപ്പായും ദൈവ ഭക്തര്‍ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.
35-അപ്പോള്‍ മുസ്ലിംകളോടു നാം കുറ്റവാളികളെപ്പോലെയാണോ പെരുമാറുക?
36-നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നത്.
37-അതല്ല, നിങ്ങളുടെ വശം വല്ല വേദപുസ്തകവുമുണ്ടോ? നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?
38-നിങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ നിങ്ങള്‍ക്ക് അതിലുണ്ടെന്നോ?
39-അതല്ലെങ്കില്‍ നിങ്ങള്‍ തീരുമാനിക്കുന്നതു തന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്നതിന് ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിലനില്‍ക്കുന്ന വല്ല കരാറും നമ്മുടെ പേരില്‍ നിങ്ങള്‍ക്കുണ്ടോ?
40-അവരോട് ചോദിക്കുക: തങ്ങളില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നത്?
41-അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ പങ്കാളികളെ അവരിങ്ങ് കൊണ്ടുവരട്ടെ. അവര്‍ സത്യവാദികളെങ്കില്‍!
42-കണങ്കാല്‍ വെളിവാക്കപ്പെടും 3 നാള്‍; 4 അന്നവര്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിളിക്കപ്പെടും. എന്നാല്‍ അവര്‍ക്കതിനു സാധ്യമാവില്ല.
43-അന്നവരുടെ നോട്ടം കീഴ്പോട്ടായിരിക്കും. അപമാനം അവരെ ആവരണം ചെയ്യും. നേരത്തെ അവര്‍ പ്രണാമമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരുന്നല്ലോ. അന്നവര്‍ സുരക്ഷിതരുമായിരുന്നു. 5
44-അതിനാല്‍ ഈ വചനങ്ങളെ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതരിക. അവരറിയാത്ത വിധം നാമവരെ പടിപടിയായി പിടികൂടും.
45-നാമവര്‍ക്ക് സാവകാശം നല്‍കിയിരിക്കുകയാണ്. എന്റെ തന്ത്രം ഭദ്രം തന്നെ; തീര്‍ച്ച.
46-അല്ല; നീ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അവര്‍ കടബാധ്യതയാല്‍ കഷ്ടപ്പെടുകയാണോ?
47-അതല്ലെങ്കില്‍ അവരുടെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അവര്‍ അത് എഴുതിയെടുക്കുകയാണോ?
48-അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക. നീ ആ മത്സ്യക്കാരനെപ്പോലെ ആകരുത്. 6 അദ്ദേഹം കൊടും ദുഃഖിതനായി പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക.
49-തന്റെ നാഥനില്‍നിന്നുള്ള അനുഗ്രഹം രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍ അദ്ദേഹം ആ പാഴ്മണല്‍ക്കാട്ടില്‍ ആക്ഷേപിതനായി ഉപേക്ഷിക്കപ്പെടുമായിരുന്നു.
50-അവസാനം അദ്ദേഹത്തിന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അങ്ങനെ സജ്ജനങ്ങളിലുള്‍പ്പെടുത്തുകയും ചെയ്തു. 7
51-ഈ ഉദ്ബോധനം കേള്‍ക്കുമ്പോള്‍ സത്യനിഷേധികള്‍ നീ നിന്റെ കാലിടറി വീഴുമാറ് നിന്നെ തുറിച്ചു നോക്കുന്നു. ഇവന്‍ ഒരു മുഴു ഭ്രാന്തന്‍ തന്നെയെന്ന് പുലമ്പുകയും ചെയ്യുന്നു.
52-എന്നാലിത് മുഴുലോകര്‍ക്കുമുള്ള ഒരുദ്ബോധനമല്ലാതൊന്നുമല്ല.