72 അല്‍ജിന്ന്

ആമുഖം
നാമം
ജിന്നു എന്നത് അധ്യായത്തിന്റെ നാമവും ഉള്ളടക്കത്തിന്റെ ശീര്‍ഷകവുമാണ്. ഇതില്‍ ജിന്നുകള്‍ ഖുര്‍ആന്‍ കേള്‍ക്കുകയും തങ്ങളുടെ സമൂഹത്തില്‍ ചെന്ന് ഇസ്ലാമിക പ്രബോധനം നടത്തുകയും ചെയ്ത സംഭവം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 
അവതരണകാലം
ബുഖാരിയും മുസ്ലിമും അബ്ദുല്ലാഹിബ്നു അബ്ബാസില്‍ നിന്ന് നിവേദനം ചെയ്യുന്നു:  `ഒരിക്കല്‍ നബി(സ) ഏതാനും ശിഷ്യന്മാരോടൊപ്പം ഉക്കാള് ചന്തയിലേക്ക് പോവുകയായിരുന്നു. വഴിമധ്യേ നഖ്ല എന്ന സ്ഥലത്തുവെച്ച് തിരുമേനി സുബ്ഹ് നമസ്കരിച്ചു. ആ സന്ദര്‍ഭത്തില്‍ ഒരു സംഘം ജിന്നുകള്‍ അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. തിരുമേനിയുടെ ഖുര്‍ആന്‍ പാരായണം കേട്ട് അവര്‍ അവിടെ തങ്ങി അത് ശ്രദ്ധിച്ചു. ആ സംഭവമാണ് ഈ സൂറഃയില്‍ വിവരിച്ചിട്ടുള്ളത്. അധിക മുഫസ്സിറുകളും ഈ നിവേദനത്തെ ആസ്പദമാക്കി, ഈ സംഭവം തിരുമേനിയുടെ പ്രസിദ്ധമായ ത്വാഇഫ് യാത്രയ്ക്കിടയിലാണുണ്ടായതെന്ന് കരുതുന്നവരാണ്. നുബുവ്വത്തിന്റെ പത്താം വര്‍ഷം (ഹിജ്റയ്ക്കു മൂന്നുവര്‍ഷം മുമ്പ്) ആണ് അതുണ്ടായത്. പക്ഷേ, പല കാരണങ്ങളാലും ഈ നിഗമനം ശരിയല്ല. ത്വാഇഫ് യാത്രയ്ക്കിടയില്‍ ജിന്നുകള്‍ ഖുര്‍ആന്‍ കേട്ട സംഭവം സൂറ അല്‍അഹ്ഖാഫ് 29-32  46:29 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. പ്രസ്തുത സൂക്തങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍തന്നെ മനസ്സിലാകും, ആ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ കേട്ട് സത്യവിശ്വാസം കൈക്കൊണ്ട ജിന്നുകള്‍ നേരത്തേ മൂസാ(അ)യിലും പൂര്‍വവേദങ്ങളിലും വിശ്വസിച്ചിരുന്നവരാണെന്ന്. എന്നാല്‍, ഇവിടെ പരാമര്‍ശിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ കേട്ട ജിന്നുകള്‍ ബഹുദൈവവിശ്വാസികളും പ്രവാചകത്വത്തെയും പരലോകത്തെയും നിഷേധിക്കുന്നവരുമാണെന്ന് 2 മുതല്‍ 7 വരെയുളള 71:27 സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കൂടാതെ ത്വാഇഫിലേക്കുള്ള ആ യാത്രയില്‍ ഹ. സൈദുബ്നു ഹാരിസയല്ലാതെ മറ്റാരും തിരുമേനിയോടൊപ്പമുണ്ടായിരുന്നില്ല എന്ന കാര്യവും ചരിത്രപരമായി സ്ഥിരപ്പെട്ടിട്ടുള്ളതാകുന്നു. ഈ യാത്രയിലാവട്ടെ, തിരുമേനിയോടൊപ്പം ഏതാനും ശിഷ്യന്മാരുണ്ടായിരുന്നുവെന്നാണ് ഇബ്നു അബ്ബാസ്  പ്രസ്താവിക്കുന്നത്. അതിനു പുറമെ, അന്ന് ത്വാഇഫില്‍ നിന്നുള്ള മടക്കയാത്രയില്‍ തിരുമേനി നഖ്ലയില്‍ തങ്ങിയപ്പോഴാണ് ജിന്നുകള്‍ ഖുര്‍ആന്‍ പാരായണം കേട്ടതെന്ന കാര്യത്തിലും തര്‍ക്കമില്ല. ഈ യാത്രയിലാവട്ടെ, ഇബ്നു അബ്ബാസിന്റെ നിവേദനപ്രകാരം ഖുര്‍ആന്‍ ശ്രവണസംഭവം നടക്കുന്നത് നബി (സ) മക്ക യില്‍ നിന്ന് പോകുമ്പോഴാണ്. ഇക്കാരണങ്ങളാല്‍ ഈ സൂറഃയില്‍ പറയുന്ന സംഭവവും സൂറ അല്‍അഹ്ഖാഫില്‍ പറഞ്ഞ സംഭവവും ഒന്നല്ലെന്നും രണ്ടു വ്യത്യസ്ത യാത്രകളിലുണ്ടായ വെവ്വേറെ സംഭവങ്ങളാണെന്നുമാണ് മനസ്സിലാകുന്നത്. സൂറ അല്‍അഹ്ഖാഫില്‍ പറഞ്ഞ സംഭവത്തെ സംബന്ധിച്ചിടത്തോളം അതു നടക്കുന്നത് നുബുവ്വത്തിന്റെ പത്താമാണ്ടില്‍ തിരുമേനി ത്വാഇഫിലേക്കു സഞ്ചരിക്കുമ്പോഴാണെന്ന കാര്യത്തില്‍ നിവേദനങ്ങള്‍ ഏകകണ്ഠമാണ്. അപ്പോള്‍ പിന്നെ ഈ സംഭവം എന്നാണ് നടന്നതെന്ന ചോദ്യമുത്ഭവിക്കുന്നു. ഇബ്നു അബ്ബാസിന്റെ നിവേദനത്തില്‍ നിന്ന് അതിനുത്തരം കിട്ടുന്നില്ല. നബി (സ) എന്നാണ് ഒരു സംഘം സഹാബികളുമായി ഉക്കാള് ചന്തയില്‍ പോയതെന്ന് വ്യക്തമാകുന്ന ചരിത്രനിവേദനങ്ങളുമില്ല. ഈ സൂറഃയിലെ 8-10  71:8 സൂക്തങ്ങളില്‍ നിന്ന് ഇത് നുബുവ്വത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നടന്നിരിക്കാവുന്ന സംഭവമാണെന്നു മാത്രം മനസ്സിലാക്കാം. റസൂലിന്റെ പ്രവാചകത്വത്തിനു മുമ്പ് ആകാശത്തുനിന്ന് ഉപരിലോക വാര്‍ത്തകള്‍ കട്ടുകേള്‍ക്കാനുള്ള ഏതോ ചില സന്ദര്‍ഭങ്ങള്‍ ജിന്നുകള്‍ക്കു ലഭിച്ചിരുന്നുവെന്നും പ്രവാചകത്വത്തിനുശേഷം പെട്ടെന്ന് എല്ലായിടത്തും മലക്കുകളുടെ കാവല്‍ ഏര്‍പ്പെടുത്തിയതായും, രഹസ്യം ചോര്‍ത്തുന്നതിന് എവിടെയും തങ്ങാന്‍ പറ്റാത്ത വിധം ജ്വാലാവര്‍ഷമുണ്ടാകുന്നതായും കണ്ടുവെന്നും അതുവഴി ഇത്ര ഭദ്രമായ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്ന എന്തു സംഭവമാണ് ഭൂമിയില്‍ നടന്നത് അല്ലെങ്കില്‍, നടക്കാന്‍ പോകുന്നത് എന്നറിയാന്‍ അവര്‍ തല്‍പരരായി എന്നും ആ സൂക്തങ്ങളില്‍ പറയുന്നു. മിക്കവാറും ആ സമയത്ത് ജിന്നുകളുടെ നിരവധി കൂട്ടങ്ങള്‍ അതന്വേഷിച്ച് ചുറ്റിനടന്നിട്ടുണ്ടായിരിക്കണം. അതിലൊരു കൂട്ടര്‍ നബി(സ)യുടെ ഖുര്‍ആന്‍ പാരായണം കേട്ട്, ജിന്നുകള്‍ക്കു നേരെ ഉപരിലോക കവാടങ്ങള്‍ അടയ്ക്കപ്പെടാനുണ്ടായ കാരണം ഇതുതന്നെയാണെന്ന നിഗമനത്തിലെത്തുകയും ചെയ്തിരിക്കാം. 
ജിന്നിന്റെ യാഥാര്‍ഥ്യം
ആശയക്കുഴപ്പമുണ്ടാവാതിരിക്കാന്‍, ഈ സൂറ പാരായണം ചെയ്തു തുടങ്ങും മുമ്പ് ജിന്നുകളുടെ യാഥാര്‍ഥ്യമെന്തെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാകുന്നു. ഇക്കാലത്തെ വളരെയാളുകള്‍ക്ക് ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്: `ജിന്ന് എന്നത് ഒരു യഥാര്‍ഥ വസ്തുവിന്റെ പേരല്ല; പൌരാണികമായ അന്ധവിശ്വാസങ്ങളിലും ഐതിഹ്യങ്ങളിലും പെട്ട അടിസ്ഥാനരഹിതമായ ഒരു സങ്കല്‍പം മാത്രമാണത്.` അവര്‍ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളത്രയും അറിഞ്ഞുകഴിഞ്ഞതിന്റെയും `ജിന്ന്` എന്നൊന്ന് എവിടെയുമില്ലെന്ന് ബോധ്യമായതിന്റെയും അടിസ്ഥാനത്തില്‍ രൂപീകരിച്ചതല്ല ഈ അഭിപ്രായം. അങ്ങനെയൊരു ജ്ഞാനം അവര്‍ക്കുതന്നെ അവകാശപ്പെടാനില്ല. പക്ഷേ, അവര്‍ തെളിവൊന്നുമില്ലാതെ കരുതുകയാണ്: തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന വസ്തുക്കളേ പ്രപഞ്ചത്തിലുള്ളൂ. എന്നാലോ, ഈ മഹാപ്രപഞ്ചത്തിന്റെ വൈപുല്യം പരിഗണിക്കുമ്പോള്‍ മനുഷ്യജ്ഞാനത്തിന്റെ പരിധി, മഹാസാഗരങ്ങളിലെ ഒരു ജലകണം പോലെയേ ഉള്ളൂ. ഇന്ദ്രിയഗോചരമായ ഉണ്‍മകള്‍ മാത്രമേ ഇവിടെയുള്ളൂ എന്നും ഉണ്‍മകളെല്ലാം അനിവാര്യമായും മനുഷ്യനേത്രങ്ങള്‍ക്ക് ഗോചരമായിരിക്കണമെന്നും വിചാരിക്കുന്നവന്‍ വാസ്തവത്തില്‍ സ്വന്തം മനസ്സങ്കോചത്തെ മാത്രമാണ് സാക്ഷ്യപ്പെടുത്തുന്നത്. ഈ ചിന്താഗതി സ്വീകരിക്കുകയാണെങ്കില്‍ ജിന്നു മാത്രമെന്തിന്, ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ട് ഗോചരമാകാത്ത യാതൊരു യാഥാര്‍ഥ്യത്തിലും മനുഷ്യനു വിശ്വസിക്കാനാവില്ല. അത്തരക്കാര്‍ക്ക് ദൈവത്തെ വരെ അംഗീകരിക്കാനാവില്ല. പിന്നെയല്ലേ മറ്റു വല്ല അഗോചര യാഥാര്‍ഥ്യവും അംഗീകരിക്കുന്നത്. മുസ്ലിംകളില്‍ ഈ ചിന്താഗതിയാല്‍ സ്വാധീനിക്കപ്പെട്ടവരും എന്നാല്‍ ഖുര്‍ആനെ നിഷേധിക്കാന്‍ കഴിയാത്തവരുമായ ആളുകള്‍ ജിന്ന്, ഇബ്ലീസ്, ശൈത്വാന്‍ തുടങ്ങിയ പ്രതിഭാസങ്ങളെസ്സംബന്ധിച്ച ഖുര്‍ആനിക പ്രസ്താവനകള്‍ക്ക് സങ്കീര്‍ണമായ പലവിധ വ്യാഖ്യാനങ്ങള്‍ ചമച്ചിട്ടുണ്ട്. അവര്‍ പറയുന്നു: `അതുകൊണ്ടുദ്ദേശ്യം സ്വതന്ത്രമായ അസ്തിത്വമുള്ള അദൃശ്യസൃഷ്ടികളല്ല; മറിച്ച്, മനുഷ്യന്റെ തന്നെ, ചെകുത്താന്‍ എന്നു പറയപ്പെടുന്ന മൃഗീയശക്തികളാണ്. അല്ലെങ്കില്‍ പ്രാകൃതരും കാടാരും ഗിരിജനങ്ങളുമാണ്. അല്ലെങ്കില്‍ രഹസ്യമായി ഖുര്‍ആന്‍ ശ്രദ്ധിച്ചിരുന്ന ആളുകളാണ്.` പക്ഷേ, ഇത്തരം വ്യാഖ്യാനക്കസര്‍ത്തുകള്‍ക്കൊന്നും യാതൊരു പഴുതും നല്‍കാത്ത വിധം സ്പഷ്ടവും ഖണ്ഡിതവുമാണ് ഇവ്വിഷയകമായ ഖുര്‍ആന്‍ വാക്യങ്ങള്‍. ഖുര്‍ആനില്‍ ഒരിടത്തല്ല, നിരവധി സ്ഥലങ്ങളില്‍ ജിന്നിനെയും മനുഷ്യനെയും പരാമര്‍ശിച്ചിട്ടുള്ളത് രണ്ടു വ്യത്യസ്ത സൃഷ്ടികള്‍ എന്ന നിലയ്ക്കാണ്. ഉദാഹരണത്തിന് സൂറ അല്‍അഅ്റാഫ് 38  7:38, ഹൂദ് 119  11:119, ഹാമീം അസ്സജദ 25  41:25, 29, അല്‍അഹ്ഖാഫ് 18  46:18, അദ്ദാരിയാത്ത് 56  51:56, അന്നാസ് 6  114:6 എന്നീ സൂക്തങ്ങള്‍ നോക്കുക. സൂറ അര്‍റഹ്മാനാകട്ടെ  55:1 മുഴുവന്‍തന്നെ ജിന്നുകളെ മനുഷ്യരിലെ ഏതെങ്കിലും വിഭാഗമായി കരുതാന്‍ യാതൊരു പഴുതും തരാത്ത വിധത്തിലുള്ള സുവ്യക്തമായ സാക്ഷ്യമാണ് നല്‍കുന്നത്. സൂറ അല്‍അഅ്റാഫ് 12  7:12, അല്‍ഹിജ്ര്‍ 26-27  15:26 , അര്‍റഹ്മാന്‍ 14  55:14, 15  55:15 എന്നീ സുക്തങ്ങളില്‍ മനുഷ്യന്റെ സൃഷ്ടിധാതു മണ്ണാണെന്നും ജിന്നിന്റെ സൃഷ്ടിധാതു അഗ്നിയാണെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രസ്താവിച്ചിരിക്കുന്നു. ജിന്ന് മനുഷ്യനു മുമ്പുതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് സൂറ അല്‍ഹിജ്ര്‍ 27-ാം സൂക്തം പ്രസ്താവിക്കുന്നു. ഖുര്‍ആന്‍ ഏഴിടത്ത് ആവര്‍ത്തിച്ചിട്ടുള്ള ആദം- ഇബ്ലീസ് കഥയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ആ ആവര്‍ത്തനത്തിലോരോന്നും മനുഷ്യന്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇബ്ലീസ് നിലവിലുണ്ടായിരുന്നുവെന്നാണ് തെളിയിക്കുന്നത്. കൂടാതെ സൂറ അല്‍കഹ്ഫ് 50-ാം  18:50 സൂക്തത്തില്‍ ഇബ്ലീസ് ജിന്നുകളില്‍ പെട്ടവനാണെന്നും പ്രസ്താവിച്ചിരിക്കുന്നു. സൂറ അല്‍ അഅ്റാഫ് 27-ാം  7:27 സൂക്തത്തില്‍ ജിന്നുകള്‍ മനുഷ്യരെ കാണുന്നുണ്ടെന്നും എന്നാല്‍ മനുഷ്യര്‍ ജിന്നുകളെ കാണുന്നില്ലെന്നും പറയുന്നു. സൂറ അല്‍ഹിജ്ര്‍ 16  15:16, 17  15:17 സൂറ അസ്സ്വാഫ്ഫാത്ത് 6-10  37:6 സൂറ അല്‍ മുല്‍ക്ക് 5  67:5 എന്നീ സൂക്തങ്ങളില്‍ ജിന്നുകള്‍ക്ക് ഉപരിലോകത്തേക്ക് പറക്കാന്‍ കഴിയുമെങ്കിലും ഒരതിര്‍ത്തിക്കപ്പുറം പോകാനാവില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതിര്‍ത്തി കടന്ന് അത്യുന്നതസഭയിലെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തടയപ്പെടും. കട്ടുകേള്‍ക്കാന്‍ തുനിഞ്ഞാല്‍ തീക്ഷ്ണമായ തീജ്വാലകള്‍ അവരെ ആട്ടിപ്പായിക്കും. അതുവഴി ഖുര്‍ആന്‍, ജിന്നുകള്‍ക്ക് അദൃശ്യജ്ഞാനവും ദൈവിക രഹസ്യങ്ങളുമായി ബന്ധവുമുണ്ടെന്ന അറബികളുടെ ധാരണയെ നിഷേധിക്കുകയാണ്. ഈ തെറ്റിദ്ധാരണയുടെ ഖണ്ഡനം സൂറ സബഅ് 14-ാം  34:14 സൂക്തത്തിലും കാണാം. അല്ലാഹു ഭൂമിയിലെ പ്രാതിനിധ്യം മനുഷ്യനെയാണേല്‍പിച്ചിട്ടുള്ളതെന്നും മനുഷ്യന്‍ ജിന്നിനേക്കാള്‍ വിശിഷ്ടമായ സൃഷ്ടിയാണെന്നും സൂറ അല്‍ബഖറ 30  2:30, 34  2:34, അല്‍കഹ്ഫ് 50  18:50 സൂക്തങ്ങളില്‍ വ്യക്തമാകുന്നു. സൂറ അന്നംല് 7-ാം  27:7 സൂക്തത്തില്‍ കാണുന്നതുപോലെ ജിന്നുകള്‍ക്ക് ചില അസാധാരണ ശക്തികള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതേപോലെ ചില ശക്തികള്‍ മൃഗങ്ങള്‍ക്കും മനുഷ്യനേക്കാളേറെ നല്‍കിയിട്ടുള്ളതായി കാണാം. അത് മൃഗങ്ങള്‍ മനുഷ്യരെക്കാള്‍ വിശിഷ്ടരാണെന്ന് കുറിക്കുന്നില്ലല്ലോ. ജിന്ന് മനുഷ്യനെപ്പോലെ സ്വാതന്ത്യ്രമുള്ള സൃഷ്ടിയാണെന്നും ഖുര്‍ആന്‍ പറയുന്നു. അനുസരിക്കാനും ധിക്കരിക്കാനും വിശ്വസിക്കാനും നിഷേധിക്കാനും മനുഷ്യനുള്ളതുപോലെ സ്വാതന്ത്യ്രം ജിന്നിനുമുണ്ട്. ഇബ്ലീസിന്റെ കഥയും സൂറ അല്‍അഹ്കാഫിലും സൂറ അല്‍ജിന്നിലും പരാമര്‍ശിച്ച കുറെ ജിന്നുകള്‍ സത്യവിശ്വാസം കൈക്കൊണ്ട സംഭവവും അതിന് വ്യക്തമായ തെളിവാകുന്നു. ഖുര്‍ആന്‍ ഇരുപതോളം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യവും വെളിപ്പെടുത്തിയിട്ടുണ്ട്. ആദമിനെ സൃഷ്ടിച്ച സന്ദര്‍ഭത്തില്‍ തന്നെ ഇബ്ലീസ് പ്രതിജ്ഞയെടുത്തിരിക്കുന്നു മനുഷ്യവംശത്തെ വഴിതെറ്റിക്കാന്‍ താന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമെന്ന്. അന്നുമുതല്‍ ചെകുത്താന്‍ജിന്നുകള്‍ മനുഷ്യനെ വഴിപിഴപ്പിക്കുന്ന യത്നത്തിലാണ്. പക്ഷേ, മനുഷ്യനെ കീഴടക്കി ബലാല്‍ക്കാരമായി ഒന്നും ചെയ്യിക്കാനുള്ള ശക്തി അവര്‍ക്കില്ല. അവന്‍ മനുഷ്യമനസ്സില്‍ ശങ്കകള്‍ വിതയ്ക്കുന്നു; വഞ്ചിക്കുന്നു. തിയെയും ദുര്‍മാര്‍ഗത്തെയും അവന്റെ മുമ്പില്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നു. (ഉദാഹരണത്തിന് താഴെപ്പറയുന്ന സൂക്തങ്ങള്‍ വായിക്കുക: അന്നിസാഅ് 117-120  4:117 , അല്‍അഅ്റാഫ് 11-17  7:11 , ഇബ്റാഹീം 22  14:22, അല്‍ഹിജ്ര്‍ 30-42  15:30 , അന്നഹ്ല് 98-100  16:98 , ബനീ ഇസ്റാഈല്‍ 61-65  17:61 ). ജാഹിലിയ്യാ കാലത്ത് അറേബ്യന്‍ മുശ്രിക്കുകള്‍ ജിന്നുകളെ ദൈവത്തിന്റെ പങ്കാളികളായി കരുതിയിരുന്നുവെന്നും ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. അവര്‍ ജിന്നുകളെ ആരാധിച്ചിരുന്നു. ജിന്നുകള്‍ ദൈവവംശജരാണെന്നായിരുന്നു വിശ്വാസം. അല്‍അന്‍ആം 100  6:100, സബഅ് 40-41  34:40 , അസ്സ്വാഫ്ഫാത്ത് 158  37:158 സൂക്തങ്ങള്‍ നോക്കുക. ഈ വിശദാംശങ്ങളില്‍ നിന്നു വ്യക്തമാകുന്നതിങ്ങനെയാണ്: ജിന്നിന് സ്വന്തവും സ്ഥിരവുമായ ഒരസ്തിത്വമുണ്ട്. അത് മനുഷ്യനല്ലാത്ത മറ്റൊരദൃശ്യ സൃഷ്ടിയാണ്. അതിന്റെ ഗുപ്ത സ്വഭാവങ്ങള്‍ മൂലം അജ്ഞരായ ആളുകള്‍ അതിന്റെ അസ്തിത്വത്തെയും കഴിവുകളെയും കുറിച്ച് വളരെ അമിതമായ സങ്കല്‍പങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എത്രത്തോളമെന്നാല്‍, അത് ആരാധിക്കപ്പെടുക പോലും ചെയ്യുന്നു. എന്നാല്‍, ജിന്ന് എന്താണെന്നും എന്തല്ലെന്നും മനസ്സിലാക്കാനുതകും വിധം ഖുര്‍ആന്‍ അതിന്റെ മൌലിക യാഥാര്‍ഥ്യം തുറന്നുവിവരിച്ചിക്കുന്നു. 
ഉള്ളടക്കം
ഈ സൂറയിലെ ഒന്നുമുതല്‍ 15 വരെ സൂക്തങ്ങളില്‍, ഖുര്‍ആന്‍ കേട്ട ഒരുപറ്റം ജിന്നുകളില്‍ അത് സൃഷ്ടിച്ച പ്രതികരണമെന്തായിരുന്നുവെന്നും അവര്‍ സ്വസമൂഹത്തില്‍ ചെന്ന് മറ്റു ജിന്നുകളോട് അതേപ്പറ്റി പറഞ്ഞതെന്തായിരുന്നുവെന്നും വിവരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു അവരുടെ സംഭാഷണങ്ങള്‍ മുഴുവനായി ഉദ്ധരിക്കുന്നില്ല. പ്രസ്താവ്യമായ പ്രത്യേക സംഗതികള്‍ മാത്രമേ പറയുന്നുള്ളൂ. അതുകൊണ്ട് തുടര്‍ച്ചയായ സംഭാഷണം പോലെയല്ല പ്രതിപാദനരീതി; അവര്‍ ഇന്നിന്നതൊക്കെ പറഞ്ഞുവെന്ന് വ്യത്യസ്ത വാക്യങ്ങളായി ഉദ്ധരിച്ചിരിക്കുകയാണ്. ജിന്നുകളുടെ വായില്‍നിന്നുതിര്‍ന്ന ഈ വാക്യങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുന്നവര്‍ക്ക് അവരുടെ സത്യവിശ്വാസസ്വീകരണവും സ്വസമൂഹവുമായി നടത്തിയ സംഭാഷണവും വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചതിന്റെ താല്‍പര്യമെന്താണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. അവരുടെ വാക്കുകള്‍ക്ക് നാം അടിക്കുറിപ്പുകളില്‍ നല്‍കിയിട്ടുള്ള വിശദീകരണം അതിന്റെ ഉദ്ദേശ്യം ഗ്രഹിക്കാന്‍ കൂടുതല്‍ സഹായകമാകുന്നതാണ്. 16 മുതല്‍ 18 വരെ സൂക്തങ്ങളിലായി ജനങ്ങളെ താക്കീതു ചെയ്യുകയാണ്: `ബഹുദൈവത്വത്തില്‍ നിന്നകന്നു നില്‍ക്കുവിന്‍. സന്മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുന്നവരുടെ മേല്‍ അനുഗ്രഹവര്‍ഷമുണ്ടാകും. അല്ലാഹുവിനാല്‍ അയക്കപ്പെട്ട ഉദ്ബോധനം തള്ളിക്കളയുന്നതിന്റെ അനന്തരഫലം അതികഠിനമായ ശിക്ഷയില്‍ പതിക്കുകയായിരിക്കും.` തുടര്‍ന്ന് 19-23 സൂക്തങ്ങളിലായി, ദൈവദൂതന്‍ ദൈവത്തിങ്കലേക്ക് ക്ഷണിക്കുന്നത് കേള്‍ക്കുമ്പോള്‍ അതിനെതിരെ ചാടിവീഴാന്‍ ഒരുമ്പെടുന്ന മക്കാമുശ്രിക്കുകളുടെ നടപടിയെ ആക്ഷേപിക്കുകയാണ്. എന്നാല്‍, ദൈവദൂതന്റെ ദൌത്യം സന്ദേശം എത്തിച്ചുകൊടുക്കുക മാത്രമാകുന്നു. ജനത്തിന് നേട്ടമോ നഷ്ടമോ ഉണ്ടാക്കാന്‍ അധികാരമുള്ളവനാണ് താനെന്ന് അദ്ദേഹം വാദിക്കുന്നില്ല. അനന്തരം 24-25 സൂക്തങ്ങളില്‍ സത്യനിഷേധികളെ ഉണര്‍ത്തുന്നു: `ഇന്ന് നിങ്ങള്‍ റസൂലിനെ ദുര്‍ബലനും നിസ്സഹായനുമായി കണ്ട് അടിച്ചമര്‍ത്താന്‍ നോക്കുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ ദുര്‍ബലരും നിസ്സഹായരും ആയിട്ടുള്ളവരാരെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്ന ഒരു സന്ദര്‍ഭം വരുന്നുണ്ട്. ആ ദിവസം അടുത്താണോ അകലെയാണോ എന്ന് റസൂലിന് അറിയില്ല. പക്ഷേ, അത് അനിവാര്യമായി വന്നെത്തുകതന്നെ ചെയ്യും.` അവസാനമായി ജനങ്ങളോടു പറയുന്നു: `അതിഭൌതിക ജ്ഞാനം അല്ലാഹുവിനു മാത്രമേയുള്ളൂ. അല്ലാഹു നല്‍കാനുദ്ദേശിച്ച ജ്ഞാനം മാത്രമാണ് റസൂലിന് ലഭിക്കുന്നത്. അത് പ്രവാചകത്വത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ജ്ഞാനമാണ്. ബാഹ്യമായ ഇടപെടലുകള്‍ക്കൊന്നും സാധ്യതയില്ലാത്ത സുരക്ഷിതമായ മാര്‍ഗത്തിലൂടെയാണു ജ്ഞാനം നല്‍കപ്പെടുന്നത്.`
സൂക്തങ്ങളുടെ ആശയം
1-പറയുക: ജിന്നുകളില്‍ കുറേ പേര്‍ ഖുര്‍ആന്‍ കേട്ടുവെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു. അങ്ങനെ അവര്‍ പറഞ്ഞു: "വിസ്മയകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
2-"അത് നേര്‍വഴിയിലേക്ക് നയിക്കുന്നു. അതിനാല്‍ ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.
3-"നമ്മുടെ നാഥന്റെ മഹത്വം അത്യുന്നതമത്രെ. അവന്‍ സഖിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.
4-"ഞങ്ങളുടെ കൂട്ടത്തിലെ വിവരം കെട്ടവര്‍ അല്ലാഹുവെക്കുറിച്ച് കള്ളം പറയാറുണ്ടായിരുന്നു.
5-"മനുഷ്യരും ജിന്നുകളും അല്ലാഹുവെക്കുറിച്ച് ഒരിക്കലും കള്ളം പറയില്ലെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.
6-"മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ 1 അഹങ്കാരം വളര്‍ത്തി.
7-"അല്ലാഹു ആരെയും പ്രവാചകനായി നിയോഗിക്കില്ലെന്ന് നിങ്ങള്‍ കരുതിയ പോലെ അവരും കരുതിയിരുന്നു.
8-"ഞങ്ങള്‍ ആകാശത്തെ തൊട്ടുനോക്കി. അപ്പോഴത് കരുത്തരായ കാവല്‍ക്കാരാലും തീജ്വാലകളാലും നിറഞ്ഞുനില്‍ക്കുന്നതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.
9-"ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ മുമ്പ് ഞങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍, തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന തീജ്വാലയെ അവന്ന് നേരിടേണ്ടിവരും.
10-"ഭൂമിയിലുള്ളവര്‍ക്ക് നാശം വരുത്താനാണോ ഉദ്ദേശിച്ചത്, അതല്ല അവരുടെ നാഥന്‍ അവരെ നേര്‍വഴിയിലാക്കാനാണോ ഇച്ഛിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല.
11-"ഞങ്ങളോ, ഞങ്ങളില്‍ സച്ചരിതരുണ്ട്. അല്ലാത്തവരും ഞങ്ങളിലുണ്ട്. ഞങ്ങള്‍ ഭിന്നമാര്‍ഗക്കാരാണ്.
12-"ഭൂമിയില്‍ വെച്ച് അല്ലാഹുവെ പരാജയപ്പെടുത്താനോ, ഓടിപ്പോയി അവനെ തോല്‍പിക്കാനോ സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു.
13-"സന്മാര്‍ഗം കേട്ടപ്പോള്‍തന്നെ ഞങ്ങളതില്‍ വിശ്വസിച്ചു. തന്റെ നാഥനില്‍ വിശ്വസിക്കുന്നവനാരോ, അവന് ഒരുവിധ നഷ്ടമോ പീഡനമോ ഉണ്ടാവുമെന്ന് ഭയപ്പെടേണ്ടതില്ല.
14-"ഞങ്ങളില്‍ വഴിപ്പെട്ട് ജീവിക്കുന്നവരുണ്ട്. വഴിവിട്ട് ജീവിക്കുന്നവരുമുണ്ട്. ആര്‍ കീഴ്പ്പെട്ട് ജീവിക്കുന്നുവോ അവര്‍ നേര്‍വഴി ഉറപ്പാക്കിയിരിക്കുന്നു.
15-"വഴിവിട്ട് ജീവിക്കുന്നവരോ അവര്‍ നരകത്തീയിലെ വിറകായിത്തീരും."
16-അവര്‍ നേര്‍വഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നാം അവര്‍ക്ക് കുടിക്കാന്‍ ധാരാളമായി വെള്ളം നല്‍കും.
17-അതിലൂടെ നാം അവരെ പരീക്ഷിക്കാനാണത്. തന്റെ നാഥന്റെ ഉദ്ബോധനത്തെ നിരാകരിച്ച് ജീവിക്കുന്നവരെ അവന്‍ അതികഠിന ശിക്ഷയിലകപ്പെടുത്തും.
18-പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്.
19-ദൈവദാസന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റു നിന്നപ്പോള്‍ സത്യനിഷേധികള്‍ അയാള്‍ക്കു ചുറ്റും തടിച്ചുകൂടുമാറായി.
20-പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല.
21-പറയുക: നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല.
22-പറയുക: അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. അവനല്ലാതെ ഒരഭയസ്ഥാനവും ഞാന്‍ കാണുന്നില്ല.
23-അല്ലാഹുവില്‍നിന്നുള്ള വിധികളും അവന്റെ സന്ദേശവും എത്തിക്കുകയെന്നതല്ലാതെ ഒരു ദൌത്യവും എനിക്കില്ല. ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ തീര്‍ച്ചയായും അവന്നുള്ളത് നരകത്തീയാണ്. അവരതില്‍ നിത്യവാസികളായിരിക്കും.
24-ഈ ജനത്തിന് മുന്നറിയിപ്പ് നല്‍കിയ കാര്യം നേരില്‍ കാണുമ്പോള്‍ അവര്‍ക്ക് ബോധ്യമാകും: ആരുടെ സഹായിയാണ് ദുര്‍ബലനെന്നും ആരുടെ സംഘമാണ് എണ്ണത്തില്‍ കുറവെന്നും.
25-പറയുക: നിങ്ങള്‍ക്ക് താക്കീതു നല്‍കപ്പെട്ട ശിക്ഷ ആസന്നമാണോ അതല്ല എന്റെ നാഥന്‍ അതിനു നീണ്ട അവധി നിശ്ചയിക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല.
26-അവന്‍ അഭൌതിക കാര്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അഭൌതിക കാര്യങ്ങള്‍ ആര്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല.
27-അവന്‍ തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ. അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു.
28-അവര്‍ തങ്ങളുടെ നാഥന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തിരിക്കുന്നുവെന്ന് അവനറിയാനാണിത്. അവരുടെ വശമുള്ളതിനെപ്പറ്റി അവന്ന് നന്നായറിയാം. എല്ലാ വസ്തുക്കളുടെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.