71 നൂഹ്

ആമുഖം
നാമം
'നൂഹ്' ഈ അധ്യായത്തിന്റെ നാമവും ഉള്ളടക്കത്തിന്റെ ശീര്‍ഷകവുമാണ്. കാരണം, ഈ അധ്യായം തുടക്കംമുതല്‍ ഒടുക്കംവരെ നൂഹി(അ)ന്റെ കഥ വിവരിക്കുകയാണ്. 
അവതരണകാലം
ഈ അധ്യായവും നബി(സ)യുടെ മക്കാജീവിതത്തിന്റെ ആദ്യകാലത്താണവതരിച്ചത്. എങ്കിലും, പ്രവാചകന്റെ പ്രബോധനത്തോടുള്ള മക്കാ മുശ്രിക്കുകളുടെ എതിര്‍പ്പ് അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇതവതരിച്ചതെന്ന് ഉള്ളടക്കം ആന്തരികമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. 
ഉള്ളടക്കം
ഇതില്‍ നബി(അ)യുടെ കഥ വിവരിച്ചിട്ടുള്ളത് കേവലം കഥാകഥനം എന്ന നിലയ്ക്കല്ല. പ്രത്യുത, മക്കയിലെ അവിശ്വാസികളെ ഇപ്രകാരം താക്കീതു ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്: നൂഹ്നബി(അ)യോട് അദ്ദേഹത്തിന്റെ ജനം സ്വീകരിച്ച അതേ നിലപാടാണ് നിങ്ങള്‍ മുഹമ്മദ് നബി(സ)യോട് സ്വീകരിച്ചിട്ടുള്ളത്. നിങ്ങള്‍ ഈ നിലപാടില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ ആ ജനത്തിനുണ്ടായ പരിണതി തന്നെ നിങ്ങള്‍ക്കും അനുഭവിക്കേണ്ടിവരും. ഈ സംഗതി സൂറയില്‍ എവിടെയും അക്ഷരാര്‍ഥത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും മക്കാവാസികളെ ഈ കഥ കേള്‍പ്പിച്ച പശ്ചാത്തലവും സ്ഥിതിവിശേഷവും കണക്കിലെടുക്കുമ്പോള്‍ ഈ ആശയം അതില്‍നിന്നു സ്വയം പ്രസരിക്കുന്നതായി കാണാം. ഒന്നാമത്തെ സൂക്തത്തില്‍, അല്ലാഹു നൂഹി(അ)നെ പ്രവാചകനായി നിയോഗിച്ചപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ട സേവനമെന്തായിരുന്നുവെന്ന് പ്രസ്താവിച്ചിരിക്കുന്നു. 2 മുതല്‍ 4 വരെ 71:2 സൂക്തങ്ങളില്‍, അദ്ദേഹം സ്വജനങ്ങളില്‍ പ്രബോധനം തുടങ്ങിയതെങ്ങനെയാണെന്നും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച സന്ദേശമെന്തായിരുന്നുവെന്നും പറഞ്ഞിരിക്കുന്നു. പിന്നെ, വളരെക്കാലം പ്രബോധനയത്നങ്ങളിലേര്‍പ്പെട്ട ശേഷം അദ്ദേഹം തന്റെ നാഥനു സമര്‍പ്പിക്കുന്ന റിപോര്‍ട്ടാണ് 5 മുതല്‍ 20 വരെ 71:5 സൂക്തങ്ങളില്‍ വിവരിക്കുന്നത്. തന്റെ ജനത്തെ നേര്‍വഴിക്കു നടത്താന്‍ താന്‍ എന്തൊക്കെ പ്രയത്നങ്ങള്‍ നടത്തിയെന്നും അതിനുനേരെ അവര്‍ സ്വീകരിച്ച ധിക്കാരവും ശത്രുതയും എത്ര കടുത്തതായിരുന്നുവെന്നും അതിലദ്ദേഹം ബോധിപ്പിച്ചിട്ടുണ്ട്. അനന്തരം, 21-24  71:21 സൂക്തങ്ങള്‍ നൂഹി(അ)ന്റെ അവസാനത്തെ അപേക്ഷയാണ് ഉള്‍ക്കൊള്ളുന്നത്. അതിലദ്ദേഹം അല്ലാഹുവിനോട് ബോധിപ്പിക്കുന്നു: `ഈ ജനത എന്റെ സന്ദേശത്തെ നിശ്ശേഷം തള്ളിക്കളഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇക്കൂട്ടര്‍ തങ്ങളുടെ മൂക്കുകയര്‍ തങ്ങളുടെ പ്രമാണിമാരുടെ കൈകളിലര്‍പ്പിച്ചിരിക്കുകയാണ്. പ്രമാണിമാരാവട്ടെ, അതിസമര്‍ഥമായ കെണി വിരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ജനത്തിന് സന്മാര്‍ഗപ്രാപ്തിക്കുള്ള ഉതവി നിഷേധിക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു.` ഇത് നൂഹി(അ)ന്റെ അക്ഷമയുടെ പ്രകടനമായിരുന്നില്ല. അനേകം നൂറ്റാണ്ടുകള്‍തന്നെ അതുല്യമായ ക്ഷമയോടെ പ്രബോധനദൌത്യം നിര്‍വഹിച്ച ശേഷം സ്വന്തം ജനത്തിന്റെ മാനസാന്തരത്തില്‍ നിരാശനായപ്പോള്‍ അദ്ദേഹത്തിന്, ഇനിയും ഈ ജനം സന്മാര്‍ഗം സ്വീകരിക്കാന്‍ യാതൊരു സാധ്യതയും അവശേഷിക്കുന്നില്ല എന്ന അഭിപ്രായം ഉണ്ടാവുകയായിരുന്നു. ഈ അഭിപ്രായം അല്ലാഹുവിന്റെ തീരുമാനത്തോട് തികച്ചും യോജിച്ചുവന്നു. അതുകൊണ്ട്, ഇതിനെത്തുടര്‍ന്നുള്ള 25-ാം  71:25 സൂക്തത്തില്‍ അരുളി: `ഈ ജനത്തിന്റെ ചെയ്തികള്‍ കാരണമായി അവരുടെ മേല്‍ ദൈവശിക്ഷയിറങ്ങിയിരിക്കുന്നു.` അവസാന സൂക്തങ്ങള്‍, ശിക്ഷയിറങ്ങിയ സന്ദര്‍ഭത്തില്‍ നൂഹ്(അ) തന്റെ നാഥനോട് നടത്തിയ പ്രാര്‍ഥനയാണുള്‍ക്കൊള്ളുന്നത്. അതിലദ്ദേഹം തന്റെയും എല്ലാ വിശ്വാസികളുടെയും പാപമുക്തി അര്‍ഥിച്ചിരിക്കുന്നു. തന്റെ ജനത്തിലെ സത്യനിഷേധികളെക്കുറിച്ച് അല്ലാഹുവിനോട് ബോധിപ്പിക്കുന്നു: `അവരിലാരെയും ജീവനോടെ ഭൂമിയില്‍ വസിക്കാന്‍ വിടരുത്. എന്തുകൊണ്ടെന്നാല്‍, അവരില്‍ യാതൊരു നന്മയും അവശേഷിക്കുന്നില്ല. അവര്‍ക്ക് ജനിക്കുന്ന സന്തതികള്‍ നിഷേധികളും തെമ്മാടികളുമായിട്ടായിരിക്കും ജനിക്കുക.` ഈ സൂറ വായിക്കുമ്പോള്‍ ഇതിനു മുമ്പ് ഖുര്‍ആന്‍ പലയിടത്തായി പരാമര്‍ശിച്ചുപോയിട്ടുള്ള നൂഹ്നബിയുടെ കഥയുടെ വിശദാംശങ്ങള്‍ മുമ്പിലുണ്ടായിരിക്കേണ്ടതാണ്. അതിനായി അല്‍അഅ്റാഫ് 59-64  7:59 , യൂനുസ് 71-73  10:71 , ഹൂദ് 25-49  11:25 , അല്‍മുഅ്മിനൂന്‍ 23-31  23:23 , അശ്ശുഅറാഅ് 105-122  26:105 , അല്‍അന്‍കബൂത്ത് 14  29:14, 15  29:15, അസ്സ്വാഫ്ഫാത്ത് 75-82  37:75 , അല്‍ഖമര്‍ 9-16  54:9 സൂക്തങ്ങള്‍ നോക്കുക.
സൂക്തങ്ങളുടെ ആശയം
1-നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. "നോവേറിയ ശിക്ഷ വന്നെത്തും മുമ്പെ നിന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുക"യെന്ന നിര്‍ദേശത്തോടെ.
2-അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്.
3-"അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
4-"എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല; തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍."
5-നൂഹ് പറഞ്ഞു: "നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചും.
6-"എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്.
7-"നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു.
15-അല്ലാഹു ഒന്നിനുമീതെ മറ്റൊന്നായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കാണുന്നില്ലേ?
16-അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും.
17-അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് മുളപ്പിച്ചു വളര്‍ത്തി.
18-പിന്നെ അവന്‍ നിങ്ങളെ അതിലേക്കുതന്നെ മടക്കുന്നു. വീണ്ടും നിങ്ങളെ പുനരുജ്ജീവിപ്പിച്ച് പുറപ്പെടുവിക്കുന്നതാണ്.
19-അല്ലാഹു നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു.
20-നിങ്ങള്‍ അതിലെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കാന്‍.
21-നൂഹ് പറഞ്ഞു: "എന്റെ നാഥാ! ഇവരെന്നെ ധിക്കരിച്ചു. എന്നിട്ടവര്‍ പിന്‍പറ്റിയതോ തന്റെ സ്വത്തും സന്താനവും വഴി നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കാത്തവനെയും.
22-"അവര്‍ കൊടിയ കുതന്ത്രമാണ് കാണിച്ചത്.
23-"അവര്‍ ജനത്തോടു പറഞ്ഞു: "നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വെടിയരുത്. വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും 1 കൈവിടരുത്."
24-"അവരിങ്ങനെ വളരെപ്പേരെ വഴിപിഴപ്പിച്ചു. ഈ അതിക്രമകാരികള്‍ക്ക് നീ വഴികേടല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ."
25-തങ്ങളുടെ തന്നെ തെറ്റിനാല്‍ അവരെ മുക്കിക്കൊന്നു. പിന്നെ അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവെ കൂടാതെ ഒരു സഹായിയെയും അവര്‍ക്കവിടെ കണ്ടുകിട്ടിയില്ല.
26-നൂഹ് പ്രാര്‍ഥിച്ചു: "നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ!
27-"നീ അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല.
28-"നാഥാ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തില്‍ കടന്നുവരുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ പൊറുത്തു തരേണമേ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!"