74 അല്‍മുദ്ദസിര്‍

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ ഒരു പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇത് പേരു മാത്രമാണ്; ഉള്ളടക്കത്തിന്റെ ശീര്‍ഷകമല്ല. 
അവതരണകാലം
ഇതിലെ ആദ്യത്തെ ഏഴു സൂക്തങ്ങള്‍ പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ അവതരിച്ചിട്ടുള്ളതാകുന്നു. ബുഖാരി, മുസ്ലിം, തിര്‍മിദി, അഹ്മദ് തുടങ്ങിയവര്‍ ജാബിറുബ്നു അബ്ദില്ലയില്‍ നിന്ന് ഉദ്ധരിക്കുന്ന ചില നിവേദനങ്ങളില്‍ പ്രവാചകന് ആദ്യം അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇവയാണെന്നുവരെ പ്രസ്താവിക്കുന്നുണ്ട്. പക്ഷേ, പ്രവാചകന് ലഭിച്ച പ്രഥമ ദിവ്യസന്ദേശം സൂറതുല്‍ അലഖിലെ `ഇഖ്റഅ് ബിസ്മി` മുതല്‍ `മാലം യഅ്ലം` വരെയുള്ള വാക്യങ്ങളാണെന്നു മുസ്ലിം സമുദായം ഏകകണ്ഠമായി സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍, സാധുവായ നിവേദനങ്ങളില്‍നിന്നു വ്യക്തമാകുന്നതിതാണ്: ഈ പ്രഥമ വഹ്യിനു ശേഷം കുറേ കാലത്തേക്ക് പ്രവാചകന് വഹ്യ് ഒന്നും ലഭിച്ചിരുന്നില്ല. ഈ ഇടവേളയ്ക്കു ശേഷം ദിവ്യബോധനം പുനരാരംഭിച്ചപ്പോള്‍ അതിനു തുടക്കം കുറിച്ചത് സൂറ അല്‍മുദ്ദസ്സിറിലെ ഈ സൂക്തങ്ങള്‍കൊണ്ടു തന്നെയായിരുന്നു. ഇമാം സുഹ്രി അത് ഇപ്രകാരം വിശദീകരിക്കുന്നു: കുറച്ചു കാലം നബി(സ)ക്ക് ദിവ്യബോധനം നിലച്ചുപോയി. ആ നാളുകളില്‍ തിരുമേനി വളരെ ദുഃഖപരവശനായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവിടത്തേക്ക് മലയുടെ ഉച്ചിയില്‍ കയറി താഴോട്ട് ചാടാന്‍ വരെ തോന്നിയിരുന്നു. പക്ഷേ, തിരുമേനി ഏതെങ്കിലും കൊടുമുടിയോട് അടുക്കുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ, അദ്ദേഹം പ്രവാചകനാണെന്നു പറഞ്ഞ് സമാശ്വസിപ്പിച്ചിരുന്നു. അതു കേട്ട് അദ്ദേഹം ശാന്തനാവുകയും അസ്വാസ്ഥ്യം അകന്നുപോവുകയും ചെയ്യുമായിരുന്നു (ഇബ്നു ജരീര്‍). അനന്തരം ഇമാം സുഹ്രി തന്നെ ജാബിറുബ്നു അബ്ദില്ലയുടെ ഈ നിവേദനം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. വഹ്യ് നിലച്ചുപോയ നാളുകളെക്കുറിച്ച് നബി (സ) പ്രസ്താവിച്ചു: "ഒരു ദിവസം ഞാന്‍ വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്ന് ശബ്ദം കേട്ട് തലപൊക്കി നോക്കിയപ്പോഴുണ്ട് ഹിറാ ഗുഹയില്‍ പ്രത്യക്ഷനായ അതേ മലക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അത് മണ്ണിനും വിണ്ണിനുമിടയില്‍ ഒരു പീഠത്തിലുപവിഷ്ടനായിരിക്കുകയാണ്. ആ കാഴ്ച കണ്ട് ഞാന്‍ വല്ലാതെ സംഭ്രമിച്ചുപോയി. ഉടനെ വീട്ടിലെത്തിയിട്ട് ഞാന്‍ `എന്നെ പുതപ്പിക്കൂ` എന്നു വിളിച്ചു പറഞ്ഞു. അങ്ങനെ വീട്ടുകാര്‍ എന്നെ പുതപ്പിട്ടു മൂടി. അന്നേരമാണ് അല്ലാഹു `യാ അയ്യുഹല്‍ മുദ്ദസ്സിര്‍....` എന്ന ദിവ്യസന്ദേശമിറക്കിയത്. പിന്നെ തുടര്‍ച്ചയായി വഹ്യ് ലഭിച്ചുകൊണ്ടിരുന്നു (ബുഖാരി, മുസ്ലിം, മുസ്നദ് അഹ്മദ്, ഇബ്നു ജരീര്‍). സൂറയുടെ എട്ടാം സൂക്തം മുതല്‍ അവസാനം വരെയുള്ള ശിഷ്ടഭാഗം അവതരിച്ചത് പ്രവാചകന്‍ മക്കയില്‍ പരസ്യപ്രബോധനം തുടങ്ങിയശേഷം വന്ന ആദ്യത്തെ ഹജ്ജ് സീസണിലാണ്. ഈ സംഭവം സീറത്തു ഇബ്നു ഹിശാമില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് പിന്നീട് നാം ഉദ്ധരിക്കുന്നുണ്ട്. 
ഉള്ളടക്കം
നേരത്തെ സൂചിപ്പിച്ചതു പ്രകാരം പ്രവാചകന് അവതരിച്ച പ്രഥമ ദിവ്യ സന്ദേശമായ സൂറത്തുല്‍ അലഖിലെ അഞ്ചു സൂക്തങ്ങളില്‍ പറഞ്ഞത് ഇത്രമാത്രമായിരുന്നു: "വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍: അവന്‍ സ്രഷ്ടാവാണ്. ഒട്ടിപ്പിടിച്ച പിണ്ഡത്തില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നിന്റെ നാഥന്‍ അത്യുദാരനാകുന്നു. അവന്‍ തൂലികകൊണ്ട് അറിവ് അഭ്യസിപ്പിച്ചവനാകുന്നു. മനുഷ്യന്നറിഞ്ഞുകൂടാത്തത് അവന്‍ മനുഷ്യനെ പഠിപ്പിച്ചു.`` ആകസ്മികമായി നബി(സ) അഭിമുഖീകരിച്ച പ്രഥമ ദിവ്യബോധനാവതരണമായിരുന്നു ഇത്. എന്തു മഹാദൌത്യത്തിനു വേണ്ടിയാണ് അദ്ദേഹം നിയുക്തനായിരിക്കുന്നതെന്നും തുടര്‍ന്ന് അദ്ദേഹം ചെയ്യേണ്ടതെന്താണെന്നും ഈ സന്ദേശത്തില്‍ പറയുന്നില്ല. ഒരു പ്രാഥമിക പരിചയം നല്‍കിക്കൊണ്ട് കുറേ നാളത്തേക്ക് അദ്ദേഹത്തെ വെറുതെ വിട്ടിരിക്കുകയാണ്. ഈ പ്രാഥമികാനുഭവം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തനാകുന്നതിനും വീണ്ടും വഹ്യ് സ്വീകരിക്കാനും പ്രവാചകത്വത്തിന്റെ ബാധ്യതകള്‍ നിറവേറ്റുവാനും മാനസികമായി തയ്യാറാകുന്നതിനും ഇടവേളയ്ക്കുശേഷം വഹ്യ് പരമ്പര പുനരാരംഭിച്ചപ്പോള്‍ ഈ സൂറയിലെ ഏഴു സൂക്തങ്ങള്‍ അവതരിച്ചു. അതില്‍ ആദ്യമായി തിരുമേനിയോട് ഇപ്രകാരം കല്‍പിച്ചിരിക്കുന്നു: `എഴുന്നേല്‍ക്കുക, ദൈവത്തിന്റെ സൃഷ്ടികളെ അവരിപ്പോള്‍ തുടര്‍ന്നുവരുന്ന ചര്യയുടെ ദുഷ്പരിണതിയെ കുറിച്ച് താക്കീത് ചെയ്യുക. മറ്റുള്ളവരുടെ കേമത്തം പാടിപ്പുകഴ്ത്തപ്പെടുന്ന ഈ ലോകത്ത് ദൈവത്തിന്റെ മഹത്ത്വം വിളംബരം ചെയ്യുക.` ഇതോടൊപ്പം തിരുമേനിയോട് ഇപ്രകാരം ഉപദേശിക്കുകയും ചെയ്തു: `താങ്കളുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അങ്ങേയറ്റം പരിശുദ്ധമാക്കി സൂക്ഷിക്കുകയെന്നത് ഇപ്പോള്‍ താങ്കളില്‍ അര്‍പ്പിതമായിട്ടുള്ള ദൌത്യത്തിന്റെ താല്‍പര്യമാകുന്നു. സകലവിധ ഐഹിക സ്വാര്‍ഥങ്ങളെയും അവഗണിച്ച് തികച്ചും നിര്‍മലരായിക്കൊണ്ട് ദൈവദാസന്മാരെ സംസ്കരിക്കുക എന്ന ചുമതല നിര്‍വഹിക്കുക.` തുടര്‍ന്ന് അവസാന വാക്യത്തില്‍ ഇപ്രകാരം ഉണര്‍ത്തിയിരിക്കുന്നു: `ഈ ദൌത്യനിര്‍വഹണത്തിനിടയില്‍ എന്തൊക്കെ ക്ളേശങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വന്നാലും സര്‍വലോകനാഥന്റെ പേരില്‍ അതെല്ലാം ക്ഷമയോടെ, സഹനത്തോടെ തരണം ചെയ്യണം.` ഈ ദൈവിക നിര്‍ദേശം പ്രായോഗികമാക്കിക്കൊണ്ട് തിരുമേനി (സ) ഇസ്ലാമിക പ്രബോധനം ആരംഭിക്കുകയും വിശുദ്ധ ഖുര്‍ആന്റെ തുടര്‍ച്ചയായി അവതരിച്ചുകൊണ്ടിരുന്ന അധ്യായങ്ങള്‍ അദ്ദേഹം ജനങ്ങളെ കേള്‍പ്പിച്ചു തുടങ്ങുകയും ചെയ്തപ്പോള്‍ അത് മക്കയില്‍ കോളിളക്കമുണ്ടാക്കി. എതിര്‍പ്പിന്റെ കൊടുങ്കാറ്റിളകിവന്നു. ഈയവസ്ഥയില്‍ ഏതാനും മാസം പിന്നിട്ടപ്പോള്‍ ഹജ്ജ്കാലം സമാഗതമായി. ഈ സന്ദര്‍ഭത്തില്‍ ഖുറൈശികള്‍ വല്ലാതെ ഉത്കണ്ഠാകുലരായി. ഹജ്ജ് വേളയില്‍ അറേബ്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും തീര്‍ഥാടകര്‍ മക്കയില്‍ എത്തിച്ചേരും. മുഹമ്മദ്(സ) ഈ തീര്‍ഥാടക സംഘങ്ങള്‍ സന്ദര്‍ശിച്ച് അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഹജ്ജിന്റെ സംഗമസ്ഥാനങ്ങളില്‍ അവിടവിടെ നിന്ന് ഖുര്‍ആന്‍ പോലുള്ള അതുല്യവും ഹൃദയാവര്‍ജകവുമായ വചനങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്താല്‍ അറേബ്യയുടെ എല്ലാ മുക്കുമൂലകളിലും മുഹമ്മദീയ സന്ദേശം പ്രചരിക്കുകയായിരിക്കും അതിന്റെ ഫലം. ആരൊക്കെ അതിലാകൃഷ്ടരാവില്ലെന്നാരുകണ്ടു! ഈ അങ്കലാപ്പു മൂലം ഖുറൈശി നേതാക്കള്‍ ഒരു യോഗം ചേര്‍ന്ന് ഇപ്രകാരം തീരുമാനമെടുത്തു. തീര്‍ഥാടകര്‍ മക്കയില്‍ എത്തുന്നതോടെ അവര്‍ക്കിടയില്‍ മുഹമ്മദിനെതിരായി പ്രചാരവേല നടത്തണം. ഈ തീരുമാനം ഏകകണ്ഠമായി പ്രഖ്യാപിച്ചശേഷം വലീദുബ്നു മുഗീറ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു: "നിങ്ങള്‍ മുഹമ്മദിനെക്കുറിച്ച് ആളുകളോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെങ്കില്‍ നാമെല്ലാവരും വിലകെട്ടവരായിപ്പോകും. അതുകൊണ്ട് എല്ലാവരും യോജിച്ച് ഒരേ കാര്യങ്ങള്‍തന്നെ പറയണം.`` സദസ്സില്‍ ചിലര്‍ അഭിപ്രായപ്പെട്ടു: "നമുക്ക് മുഹമ്മദ് ഒരു ജ്യോത്സ്യനാണെന്ന് പ്രചരിപ്പിക്കാം.`` വലീദ് പറഞ്ഞു: "പാടില്ല. ദൈവത്താണ, അയാള്‍ ജ്യോത്സ്യനല്ല. ജ്യോത്സ്യന്മാരെ നാം കണ്ടിട്ടുള്ളതാണല്ലോ. അവര്‍ ഗണിച്ചു പറയുക എത്തരം കാര്യങ്ങളാണെന്നും ഏതുതരം വാക്യങ്ങളാണവര്‍ രചിക്കുകയെന്നും നമുക്കറിയാം. ഖുര്‍ആനിന് അതുമായി വിദൂര ബന്ധംപോലുമില്ല.`` വേറെ ചിലര്‍ അഭിപ്രായപ്പെട്ടു: "അവന്‍ ഭ്രാന്തനാണെന്ന് പറയാം.`` വലീദ്: "അവന്‍ ഭ്രാന്തനുമല്ല. ഭ്രാന്തന്മാരെയും കിറുക്കന്മാരെയുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. ഭ്രാന്താവസ്ഥയില്‍ മനുഷ്യരുടെ പോഴത്ത വര്‍ത്തമാനങ്ങളും അസന്തുലിതമായ ചലനങ്ങളും ആര്‍ക്കും അറിയാത്തതല്ലല്ലോ. മുഹമ്മദ് അവതരിപ്പിക്കുന്ന വചനങ്ങള്‍ ഭ്രാന്തജല്‍പനങ്ങളാണെന്ന്, അല്ലെങ്കില്‍ ഭ്രാന്തുപിടിച്ച മനുഷ്യര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാരെയാണ് കിട്ടുക?`` ആളുകള്‍ ചോദിച്ചു: "ശരി, എന്നാല്‍ നമുക്കയാളൊരു കവിയാണെന്നു പറഞ്ഞാലോ?`` വലീദ്: "അവന്‍ കവിയുമല്ല. കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാം. ഇവന്റെ വചനങ്ങള്‍ കവിതയുടെ ഏതെങ്കിലും വകുപ്പില്‍ പെട്ടതാണെന്നു പറയാനാവില്ല.`` "എങ്കില്‍ അവനൊരാഭിചാരകനാണെന്നു പറയാം`` എന്നായി ജനങ്ങള്‍. വലീദ് അതിനും വഴങ്ങിയില്ല: "അയാള്‍ ആഭിചാരകനൊന്നുമല്ല. ആഭിചാരകരെയും ആഭിചാരപ്രയോഗത്തിന് അവര്‍ സ്വീകരിക്കുന്ന രീതികളെയും നമുക്ക് പരിചയമില്ലേ? അതൊന്നും മുഹമ്മദിന് യോജിക്കുകയില്ല.`` ഒടുവില്‍ വലീദ് പറഞ്ഞു: "നമ്മള്‍ ആളുകളോട് ഇപ്പറഞ്ഞവയില്‍ ഏത് പറഞ്ഞാലും അത് അന്യായമായ ആരോപണമായേ പരിഗണിക്കപ്പെടൂ. ദൈവത്താണ, ഈ വചനങ്ങള്‍ ഏറെ മാധുര്യമാര്‍ന്നതാണ്. അതിന് ആഴത്തിലുള്ള വേരുകളും ഫലസമൃദ്ധമായ ചില്ലകളുമാണുള്ളത്.`` ഈ സന്ദര്‍ഭത്തില്‍ അബൂജഹ്ല്‍ വലീദിനെ കവച്ചു മുന്നോട്ടു വന്നിട്ട് പറഞ്ഞു: "നിങ്ങള്‍ മുഹമ്മദിനെക്കുറിച്ച് എന്തെങ്കിലുമൊന്ന് പറയാതെ നിങ്ങളുടെ ജനം നിങ്ങളില്‍ തൃപ്തരാവില്ല.`` വലീദ് പറഞ്ഞു: "ശരി, ഞാനൊന്ന് ആലോചിച്ചുനോക്കട്ടെ.`` പിന്നെ കുറെ ആലോചിച്ചുകൊണ്ട് പറഞ്ഞു: "ഏറക്കുറെ പറയാവുന്ന കാര്യം ഇതാണ്: നിങ്ങള്‍ ആളുകളോട് ഇങ്ങനെ പറയുക: ഇയാള്‍ ആഭിചാരകനാണ്. ഇയാള്‍ അവതരിപ്പിക്കുന്ന വചനങ്ങള്‍ മനുഷ്യനെ അയാളുടെ പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും എന്നുവേണ്ട, സകല ബന്ധുക്കളില്‍ നിന്നും അകറ്റിക്കളയുന്നു.`` വലീദിന്റെ ഈ അഭിപ്രായം എല്ലാവരും സ്വീകരിച്ചു. തുടര്‍ന്ന് ഒരു പദ്ധതിയനുസരിച്ച് ഹജ്ജ്കാലത്ത് ഖുറൈശീ പ്രതിനിധി സംഘങ്ങള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പ്രചാരവേലക്കിറങ്ങി. അവര്‍ മക്കയിലെത്തിക്കൊണ്ടിരുന്ന ഹാജിമാര്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു. `ഇവിടെ മഹാ മന്ത്രവാദിയായ ഒരാള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. അയാളുടെ ആഭിചാരം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു. അയാളെ കരുതിയിരുന്നോളണം.` പക്ഷേ, ഖുറൈശികള്‍ മുഹമ്മദി(സ)ന്റെ പേര്‍ എല്ലാ അറബികള്‍ക്കിടയിലും പ്രസിദ്ധമാക്കി എന്നതായിരുന്നു അതുകൊണ്ടുണ്ടായ ഫലം (സീറത്തു ഇബ്നി ഹിശാം, വാള്യം 1, പേജ് 288-299). (ഈ കഥയിലെ, അബൂജഹ്ലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി വലീദ് ഇപ്രകാരം പറഞ്ഞുവെന്ന ഭാഗം ഇക്രിമയുടെ നിവേദനത്തിലൂടെ ഇബ്നു ജരീര്‍ തന്റെ തഫ്സീറിലും ഉദ്ധരിച്ചിട്ടുണ്ട്). ഈ സംഭവംതന്നെയാണ് സൂറയുടെ രണ്ടാം ഭാഗം വിശകലനം ചെയ്തിട്ടുള്ളത്. അതിന്റെ ഉള്ളടക്കം ഇപ്രകാരം ക്രോഡീകരിക്കാം: 8 മുതല്‍ 10 വരെയുള്ള സൂക്തങ്ങളില്‍ സത്യനിഷേധികളെ, അവരിന്ന് ചെയ്തുകൊണ്ടിരിക്കുന്ന ചെയ്തികളുടെ ദുഷ്ഫലം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അനുഭവിക്കേണ്ടിവരുമെന്ന് താക്കീതു ചെയ്യുന്നു. 11 മുതല്‍ 26 വരെ സൂക്തങ്ങളില്‍ വലീദുബ്നു മുഗീറയുടെ പേര്‍ പറയാതെ വിശദീകരിച്ചിരിക്കുന്നു. ഈ മനുഷ്യന് അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്കു മറുപടിയായി അയാള്‍ സത്യവിശ്വാസികളെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവ്വിഷയകമായി അയാളുടെ മനസ്സംഘര്‍ഷം പൂര്‍ണരൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒരു വശത്ത് അയാള്‍ മനസ്സുകൊണ്ട് മുഹമ്മദി(സ)ന്റെയും ഖുര്‍ആന്റെയും സത്യം അംഗീകരിച്ചിരിക്കുന്നു. മറുവശത്ത്, സ്വജനത്തില്‍ തനിക്കുള്ള നേതൃത്വവും പ്രമാണിത്തവും അപായപ്പെടുത്തുവാന്‍ അയാള്‍ക്കിഷ്ടമില്ല. അതുകൊണ്ട് അയാള്‍ സത്യവിശ്വാസത്തില്‍ നിന്ന് മാറിനില്‍ക്കുക മാത്രമല്ല ചെയ്തത്; വളരെ നേരം സ്വന്തം മനഃസാക്ഷിയുമായി യുദ്ധം ചെയ്ത ശേഷം ഒടുവില്‍ ദൈവദാസന്മാരെ ഈ വചനങ്ങള്‍ വിശ്വസിക്കുന്നതില്‍ നിന്നകറ്റി നിര്‍ത്തുന്നതിനുവേണ്ടി അതിനെ ആഭിചാരമെന്നാരോപിക്കാന്‍ തയ്യാറാവുകയും ചെയ്തു. അയാളുടെ ഈ ദുഷ്ട മനസ്സിന്റെ മൂടുപടം വലിച്ചു മാറ്റിക്കൊണ്ട് അല്ലാഹു അരുളി: തന്റെ ഈ കൊടും ചെയ്തിക്കു ശേഷവും അയാള്‍ തനിക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കണമെന്നാഗ്രഹിക്കുകയാണ്. എന്നാലോ, ഇപ്പോള്‍ അയാള്‍ അനുഗ്രഹങ്ങള്‍ക്കല്ല, മറിച്ച്, നരക ശിക്ഷയ്ക്ക് അര്‍ഹനായിക്കഴിഞ്ഞിരിക്കുന്നു. അനന്തരം 27 മുതല്‍ 48 വരെ സൂക്തങ്ങളില്‍ നരകത്തിന്റെ ഭീകരതകള്‍ വര്‍ണിച്ചുകൊണ്ട് ഏതുതരം സ്വഭാവചര്യകളനുവര്‍ത്തിക്കുന്നവരാണ് അതിനര്‍ഹരായിത്തീരുക എന്ന് വിശദീകരിക്കുന്നു. തുടര്‍ന്ന് 49 മുതല്‍ 53 വരെ സൂക്തങ്ങളില്‍ സത്യനിഷേധികളുടെ രോഗത്തിന്റെ മൂലകാരണം വിശദീകരിക്കുകയാണ്. അവര്‍ക്ക് പരലോകഭയമില്ല. അവര്‍ ഈ ലോകത്തെത്തന്നെ സര്‍വസ്വമെന്നു ധരിച്ചുവശായിരിക്കുന്നു. അതുകൊണ്ടാണവര്‍ സിംഹത്തെ ഭയന്നോടുന്ന കാട്ടുകഴുതകളെപ്പോലെ ഖുര്‍ആനില്‍ നിന്ന് ഓടിയകലുന്നതും വിശ്വാസം കൈക്കൊള്ളുന്നതിന് അയുക്തികമായ പലവിധ ഉപാധികള്‍ ഉന്നയിക്കുന്നതും. എന്നാല്‍, അതിലേതെങ്കിലും ഉപാധി പൂര്‍ത്തീകരിക്കപ്പെട്ടാലും പരലോക നിഷേധത്തോടൊപ്പം അവര്‍ക്ക് വിശ്വാസത്തിന്റെ വഴിയില്‍ ഒരു ചുവടു പോലും മുന്നോട്ടുവെക്കാനാവില്ല. അവസാനം സ്പഷ്ടമായി പ്രഖ്യാപിച്ചിരിക്കുകയാണ്: അവരുന്നയിക്കുന്ന നിബന്ധനകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ മാത്രം അല്ലാഹുവിന് ആരുടെയും വിശ്വാസം കൊണ്ട് ഒരത്യാവശ്യവുമില്ല. എല്ലാവരുടെയും മുന്നില്‍ അവതരിപ്പിക്കുന്ന പൊതുവായ ഒരു സദുപദേശമാകുന്നു ഖുര്‍ആന്‍. ഇഷ്ടമുള്ളവര്‍ക്ക് അത് സ്വീകരിക്കാം. ദൈവത്തെ ധിക്കരിക്കുന്നത് ഭയപ്പെടാന്‍ ബാധ്യസ്ഥരാകുന്നു മനുഷ്യര്‍. ദൈവ ഭയത്തിന്റെയും ഭക്തിയുടെയും മാര്‍ഗം തിരഞ്ഞെടുക്കുന്ന ഏതൊരാള്‍ക്കും അയാള്‍ നേരത്തെ എന്തൊക്കെ ദൈവധിക്കാരം ചെയ്തുപോയിട്ടുണ്ടെങ്കിലും ശരി, പൊറുത്തുകൊടുക്കുകയാണ് അല്ലാഹുവിന്റെ രീതി.
സൂക്തങ്ങളുടെ ആശയം
1-പുതച്ചു മൂടിയവനേ!
2-എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.
3-നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.
4-നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
5-അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.
6-കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.
7-നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.
8-പിന്നെ കാഹളം ഊതപ്പെട്ടാല്‍.
9-അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.
10-സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!
11-ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.
12-നാമവന് ധാരാളം ധനം നല്‍കി.
13-എന്തിനും പോന്ന മക്കളെയും.
14-അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു.
15-എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.
16-ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.
17-വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.
18-അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു.
19-അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്?
20-വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.
21-പിന്നെ അവനൊന്നു നോക്കി.
22-എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു.
23-പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.
24-എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.
25-ഇത് വെറും മനുഷ്യവചനം മാത്രം.
26-അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും.
27-നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം?
28-അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.
29-അത് തൊലി കരിച്ചുകളയും.
30-അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.
31-നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല.
32-നിസ്സംശയം, ചന്ദ്രനാണ് സത്യം.
33-രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.
34-പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.
35-നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.
36-മനുഷ്യര്‍ക്കൊരു താക്കീതും!
37-നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.
38-ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.
39-വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.
40-അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും,
41-കുറ്റവാളികളോട്:
42-"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?"
43-അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.
44-"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.
45-"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.
46-"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.
47-"മരണം ഞങ്ങളില്‍ വന്നെത്തുംവരെ."
48-അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.
49-എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.
50-51-സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍.
52-അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.
53-ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.
54-അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്.
55-അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ.
56-അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.