75 അല്‍ഖിയാമ

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ 'അല്‍ഖിയാമ' എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇതൊരു വെറും പേരല്ല, ഉള്ളടക്കത്തിന്റെ ശീര്‍ഷകം കൂടിയാണ്. ഈ സൂറയിലെ ചര്‍ച്ചാവിഷയം ഖിയാമത്ത് (ഉയിര്‍ത്തെഴുന്നേല്‍പ്) തന്നെയാണ്. 
അവതരണകാലം
ഈ സൂറയുടെ അവതരണകാലം മനസ്സിലാക്കാവുന്ന നിവേദനങ്ങളൊന്നുമില്ലെങ്കിലും, ആരംഭകാലത്ത് അവതരിച്ച സൂറകളിലൊന്നാണിതെന്ന് അനുമാനിക്കാന്‍ പര്യാപ്തമായ ഒരാന്തരിക സാക്ഷ്യം ഇതിലുണ്ട്. 16-ാം സൂക്തത്തില്‍ വചനശൃംഖല ഭേദിച്ചുകൊണ്ട് നബി(സ)യോട് അരുളുന്നു: `ഈ ദിവ്യബോധനം ധൃതിപ്പെട്ട് ഗ്രഹിക്കാന്‍ നീ നാവിളക്കേണ്ടതില്ല. അത് ഹൃദിസ്ഥമാക്കിത്തരേണ്ടതും ഓതിത്തരേണ്ടതും നമ്മുടെ ചുമതലയാകുന്നു. അതുകൊണ്ട് നാം ഓതിത്തരുമ്പോള്‍ നീ സശ്രദ്ധം കേട്ടുകൊള്ളുക. പിന്നെ അതിന്റെ താല്‍പര്യം മനസ്സിലാക്കിത്തരേണ്ടതും നാമാകുന്നു`. അനന്തരം 20-ാം സൂക്തത്തില്‍, തുടക്കം മുതല്‍ 15-ാം സൂക്തം വരെ പറഞ്ഞുവന്ന വിഷയംതന്നെ തുടരുന്നു. ഈ ഇടവാക്യങ്ങളുടെ സന്ദര്‍ഭ-പശ്ചാത്തലങ്ങളും നിവേദനങ്ങളില്‍ നിന്നുള്ള സൂചനയും പരിഗണിക്കുമ്പോള്‍ പ്രഭാഷണത്തിനിടയ്ക്ക് അവ കടന്നുവന്നതിന്റെ കാരണം ഇതാണ്: ജിബ്രീല്‍ ഈ സൂറ തിരുമേനി(സ)ക്ക് ഓതിക്കൊടുത്തുകൊണ്ടിരുന്നപ്പോള്‍ പിന്നീട് താനതു മറന്നുപോയേക്കുമോ എന്ന ആശങ്കമൂലം തിരുമേനി അത് ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. ഈ സംഭവം നടന്നത് നബി(സ)ക്ക് ദിവ്യബോധനാവതരണത്തിന്റെ പുതിയ പുതിയ അനുഭവങ്ങളുണ്ടായിക്കൊണ്ടിരുന്നതും, എന്നാല്‍, തിരുമേനി അത് സ്വീകരിക്കുന്ന സമ്പ്രദായം നന്നായി ശീലിച്ചു കഴിഞ്ഞിട്ടില്ലാത്തതുമായ കാലത്താണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. വിശുദ്ധ ഖുര്‍ആനില്‍ ഇതിന് വേറെ രണ്ടുദാഹരണങ്ങള്‍കൂടി കാണാം. ഒന്ന്: സൂറഃ ത്വാഹാ 114-ാം സൂക്തത്തില്‍ പറയുന്നു: وَلاَ تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أنْ يُقْضَى إلَيْكَ وَحْيُه ( നീ ഖുര്‍ആന്‍ ഓതുന്നതില്‍, നിന്നിലേക്കുള്ള അതിന്റെ ബോധനം പൂര്‍ത്തിയാകുന്നതിനു മുമ്പ് ബദ്ധപ്പെടേണ്ടതില്ല). രണ്ട്: സൂറ അല്‍അഅ്ലാ 6-ാം സൂക്തത്തില്‍ നബി(സ)യെ സമാധാനിപ്പിക്കുന്നു: سَنُقْرِأُكَ فَلاَ تَنْسَى (നാം അടുത്തുതന്നെ താങ്കള്‍ക്ക് ഓതിത്തരുന്നുണ്ട്. പിന്നെ താങ്കള്‍ വിസ്മരിക്കുകയില്ല). പിന്നീട് ദിവ്യബോധനം കൈപ്പറ്റുന്നതില്‍ നബി(സ)ക്ക് തഴക്കം വന്നപ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലാതായി. അതുകൊണ്ടാണ് ഈ മൂന്നിടങ്ങളിലല്ലാതെ മറ്റെവിടെയും അതിന് ഉദാഹരണങ്ങളില്ലാത്തത്. 
ഉള്ളടക്കം
ഇവിടം മുതല്‍ ദൈവവചനങ്ങളുടെ സമാപനം വരെ കാണപ്പെടുന്ന സൂറകളിലധികവും സൂറ അല്‍മുദ്ദസ്സിറിലെ ഏഴു സൂക്തങ്ങള്‍ അവതരിച്ച ശേഷം ഖുര്‍ആന്‍ പരമ്പര വര്‍ഷപാതം പോലെ അവതരിച്ചുതുടങ്ങിയ കാലത്ത് അവതരിച്ചതാണെന്ന് അവയുടെ ഉള്ളടക്കത്തില്‍ നിന്നും പ്രതിപാദന ശൈലിയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. തുടര്‍ച്ചയായി അവതരിച്ച ഈ സൂറകളില്‍ അത്യന്തം സംക്ഷിപ്തവും അര്‍ഥസമ്പുഷ്ടവുമായ വാക്യങ്ങളിലൂടെ അതിശക്തവും മനസ്സില്‍ തുളഞ്ഞുകയറുന്നതുമായ ശൈലിയില്‍ ഇസ്ലാമിനെയും അതിന്റെ മൌലികാദര്‍ശങ്ങളെയും ധാര്‍മികാധ്യാപനങ്ങളെയും അവതരിപ്പിച്ചിരിക്കുകയാണ്. ഖുറൈശി പ്രമാണിമാര്‍ അന്ധമായി ആശ്ളേഷിച്ചിട്ടുള്ള മാര്‍ഗഭ്രംശത്തെക്കുറിച്ചും നബിതിരുമേനിയെ അടുത്ത ഹജ്ജിനു മുമ്പായിത്തന്നെ ഉന്മൂലനം ചെയ്യുന്നതിന് പദ്ധതികളാസൂത്രണം ചെയ്യാന്‍ നേരത്തെ സൂറ അല്‍മുദ്ദസ്സിറിന്റെ ആമുഖത്തില്‍ നാം ചൂണ്ടിക്കാണിച്ച കോണ്‍ഫറന്‍സ് ചേര്‍ന്നതിനെക്കുറിച്ചും മക്കാവാസികള്‍ക്ക് താക്കീതു നല്‍കുകയും ചെയ്തിരിക്കുന്നു. ഈ സൂറയില്‍ പരലോക നിഷേധികളെ സംബോധന ചെയ്തുകൊണ്ട് അവരുടെ സംശയങ്ങള്‍ ഓരോന്നായി വിശദീകരിക്കുകയും ഓരോ വിമര്‍ശനത്തിനും മറുപടി പറയുകയും ചെയ്യുകയാണ്. ഭദ്രമായ തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെയും പരലോകത്തിന്റെയും സാധ്യതയും അനിവാര്യതയും ബോധ്യപ്പെടുത്തുന്നു. പരലോകനിഷേധികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം അവരുടെ ബുദ്ധി അതിനെ അസംഭവ്യമായിക്കാണുന്നു എന്നതല്ലെന്നും, പ്രത്യുത, അവരുടെ ജഡികേച്ഛകള്‍ക്ക് അതിനെ അംഗീകരിക്കാനിഷ്ടമില്ല എന്നതാണെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുമുണ്ട്. അതോടൊപ്പം ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു: വന്നെത്തുമെന്ന് നിങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ആ സമയം വന്നെത്തുക തന്നെ ചെയ്യും. നിങ്ങളുടെ ചെയ്തികളെല്ലാം നിങ്ങളുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ പുസ്തകം കാണുന്നതിനു മുമ്പു തന്നെ ഭൌതികലോകത്ത് എന്തൊക്കെ പ്രവര്‍ത്തിച്ചിട്ടാണ് പരലോകത്തെത്തിയിട്ടുള്ളതെന്നു നിങ്ങളോരോരുത്തരും മനസ്സിലാക്കിയിരിക്കും. എന്തുകൊണ്ടെന്നാല്‍, ഒരാളും അയാളെക്കുറിച്ച് സ്വയം അജ്ഞനാകുന്നില്ല, ലോകത്തെ പറ്റിക്കുന്നതിനും സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുന്നതിനും വേണ്ടി തന്റെ ചെയ്തികള്‍ക്ക് അയാള്‍ എന്തൊക്കെ ഉപായങ്ങളും ഒഴികഴിവുകളും സൃഷ്ടിച്ചാലും ശരി.
സൂക്തങ്ങളുടെ ആശയം
1-ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.
2-കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെ ക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.
3-മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്?
4-എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്.
5-എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു.
6-ഈ ഉയിര്‍ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു.
7-കണ്ണ് അഞ്ചിപ്പോവുകയും,
8-ചന്ദ്രന്‍ കെട്ടുപോവുകയും,
9-സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.
10-അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.
11-ഇല്ല! ഒരു രക്ഷയുമില്ല.
12-അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും.
13-അന്നാളില്‍ മനുഷ്യന്‍ താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു.
14-എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു.
15-അവന്‍ എന്തൊക്കെ ഒഴികഴിവു സമര്‍പ്പിച്ചാലും ശരി.
16-ഖുര്‍ആന്‍ പെട്ടെന്ന് മനഃപാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല.
17-അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്.
18-അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.
19-തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.
20-എന്നാല്‍ അങ്ങനെയല്ല; നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.
21-പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.
22-അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും.
23-തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും.
24-മറ്റു ചില മുഖങ്ങളന്ന് കറുത്തിരുണ്ടവയായിരിക്കും.
25-തങ്ങളുടെ മേല്‍ വന്‍ വിപത്ത് വന്നു വീഴാന്‍ പോവുകയാണെന്ന് അവ അറിയുന്നു.
26-മാത്രമല്ല; ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും,
27-മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും,
28-ഇത് തന്റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും,
29-കണങ്കാലുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍.
30-അതാണ് നിന്റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം.
31-എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്കരിച്ചതുമില്ല.
32-മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
33-എന്നിട്ട് അഹങ്കാരത്തോടെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.
34-അതുതന്നെയാണ് നിനക്ക് ഏറ്റം പറ്റിയതും ഉചിതവും.
35-അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും.
36-മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്?
37-അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ?
38-പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു.
39-അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി.
40-അതൊക്കെ ചെയ്തവന്‍ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ പോന്നവനല്ലെന്നോ?