80 അബസ്

ആമുഖം
നാമം
പ്രാരംഭപദമായ عَبَسَഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഏകകണ്ഠമായി ഈ സൂറ യുടെ അവതരണനിമിത്തം ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: ഒരിക്കല്‍ നബി(സ)യുടെ സന്നിധിയില്‍ മക്കയിലെ ചില പ്രമാണിമാര്‍ സന്നിഹിതരായിരുന്നു. അവര്‍ക്ക് ഇസ്ലാമിനെ മനസ്സിലാക്കിക്കൊടുക്കാനും അവരെക്കൊണ്ട് അത് സ്വീകരിപ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു തിരുമേനി. ഈ സന്ദര്‍ഭത്തില്‍ ഇബ്നു ഉമ്മിമക്തൂം  എന്നുപേരായ ഒരു അന്ധന്‍ തിരുമേനിയെ സമീപിച്ചു. അദ്ദേഹത്തിന് ഇസ്ലാമിനെക്കുറിച്ച് ചില കാര്യങ്ങള്‍ തിരുമേനിയോട് ചോദിച്ചറിയണമെന്നുണ്ടായിരുന്നു. ഈ ഇടപെടല്‍ അരോചകമായിത്തോന്നിയ തിരുമേനി ആഗതനെ അവഗണിച്ചു. ഈ സംഭവത്തെ സ്പര്‍ശിച്ചാണ് ഈ സൂറ അവതരിച്ചത്. ഉപര്യുക്ത ചരിത്രസംഭവത്തിലൂടെ ഈ സൂറയുടെ അവതരണകാലം അനായാസം നിര്‍ണിതമാകുന്നു. ഒന്നാമതായി, ആദ്യകാലത്തുതന്നെ ഇസ്ലാം സ്വീകരിച്ചവരിലൊരാളാണ് ഇബ്നു ഉമ്മിമക്തൂം എന്ന കാര്യം സ്ഥിരപ്പെട്ടിരിക്കുന്നു. `അദ്ദേഹം മക്കയില്‍ പണ്ടേ ഇസ്ലാം സ്വീകരിച്ചിരുന്നു,` `പണ്ടേ ഇസ്ലാം സ്വീകരിച്ചവരിലൊരാളാണ് അദ്ദേഹം` എന്നിങ്ങനെ ഹാഫിള് ഇബ്നു ഹജറും ഹാഫിള് ഇബ്നു കസീറും അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. രണ്ടാമതായി, സംഭവം നിവേദനം ചെയ്യുന്ന ഹദീസുകളില്‍ ചിലതില്‍ നിന്നു മനസ്സിലാകുന്നത് അതു നടക്കുന്ന കാലത്തുതന്നെ അദ്ദേഹം മുസ്ലിമായിക്കഴിഞ്ഞിരുന്നുവെന്നാണ്. ചിലതില്‍നിന്ന് മനസ്സിലാകുന്നത് അന്നദ്ദേഹത്തിന് ഇസ്ലാമിനോട് അനുഭാവം ഉണ്ടായിരുന്നുവെന്നും സത്യാന്വേഷണാര്‍ഥം തിരുമേനിയെ സമീപിച്ചതാണെന്നുമാണ്. അദ്ദേഹം തിരുമേനിയെ സമീപിച്ച് "അല്ലാഹുവിന്റെ ദൂതരേ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കണം`` എന്നപേക്ഷിച്ചതായി ആഇശ(റ)യില്‍ നിന്ന് തിര്‍മിദിയും ഹാകിമും ഇബ്നു ഹിബ്ബാനും ഇബ്നു ജരീറും അബൂയഅ്ലായും നിവേദനം ചെയ്തിരിക്കുന്നു.  അദ്ദേഹം വന്ന് ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ താല്‍പര്യമാരാഞ്ഞുകൊണ്ട്, "അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു അങ്ങയെ പഠിപ്പിച്ചത് എനിക്ക് പഠിപ്പിച്ചു തരുക`` എന്നഭ്യര്‍ഥിച്ചതായാണ് ഇബ്നു അബ്ബാസില്‍ നിന്ന് ഇബ്നു ജരീറും  ഇബ്നു അബീഹാതിമും ഉദ്ധരിച്ച നിവേദനത്തിലുള്ളത്. സംഭവം നടക്കുന്ന കാലത്ത് അദ്ദേഹം മുഹമ്മദി(സ)നെ അല്ലാഹുവിന്റെ ദൂതനായും ഖുര്‍ആനെ വേദമായും അംഗീകരിച്ചു കഴിഞ്ഞിരുന്നുവെന്നാണല്ലോ ഇതില്‍നിന്നു വ്യക്തമാകുന്നത്. മറുവശത്ത് സൂറയിലെ മൂന്നാം സൂക്തമായ لَعَلَّهُ يَزَّكَّى എന്നതിന് ഇബ്നു സൈദ് لَعَلَّهُ يُسْلِمُ (അദ്ദേഹം ഇസ്ലാം സ്വീകരിച്ചേക്കാം) എന്ന് അര്‍ഥം നല്‍കിയതായി ഇബ്നു ജരീര്‍  ഉദ്ധരിച്ചിരിക്കുന്നു.  തുടര്‍ന്നുള്ള വാക്യങ്ങള്‍ ഈ അര്‍ഥകല്‍പനയെ സാധൂകരിക്കുന്നുമുണ്ട്: "നിനക്കെന്തറിയാം, അയാള്‍ വിശുദ്ധി കൈക്കൊണ്ടേക്കാം. അല്ലെങ്കില്‍ ഉപദേശം ശ്രദ്ധിക്കുകയും അതയാള്‍ക്കു പ്രയോജനപ്പെടുകയും ചെയ്തേക്കാം.`` അന്ന് ഇബ്നു ഉമ്മിമക്തൂമിന്  ഉദാത്തമായ സത്യാന്വേഷണവാഞ്ഛയുണ്ടായിരുന്നുവെന്നാണ് ഈ വാക്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. പ്രവാചകനെത്തന്നെ മാര്‍ഗദര്‍ശന സ്രോതസ്സായി മനസ്സിലാക്കി അദ്ദേഹം തിരുസന്നിധിയിലെത്തിയിരിക്കുകയാണ്. തിരുമേനിയില്‍നിന്നു മാത്രമേ തനിക്ക് ശരിയായ മാര്‍ഗദര്‍ശനം ലഭിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇത്, മാര്‍ഗദര്‍ശനം ലഭിക്കുകയാണെങ്കില്‍ പ്രയോജനപ്പെടുന്ന അവസ്ഥയിലായിരുന്നു അന്ന് ഇബ്നു ഉമ്മിമക്തൂം  എന്നാണ് സൂചിപ്പിക്കുന്നത്. തിരുമേനിയുടെ സദസ്സില്‍ അന്ന് ഉപവിഷ്ടരായിരുന്ന ആളുകളുടെ പേരുകള്‍ വിവിധ നിവേദനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിന്റെ ബദ്ധവൈരികളായിരുന്ന ഉത്ബ, ശൈബ, അബൂജഹ്ല്‍, ഉമയ്യതുബ്നു ഖലഫ്, ഉബയ്യുബ്നു ഖലഫ് തുടങ്ങിയവരെ ആ പട്ടികയില്‍ കാണാം. അതില്‍നിന്നു മനസ്സിലാകുന്നതിങ്ങനെയാണ്: സംഭവം നടക്കുമ്പോള്‍ ഇപ്പറഞ്ഞവരും നബി(സ)യും തമ്മിലുളള പരസ്പരബന്ധവും പെരുമാറ്റവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ തമ്മിലുള്ള സംഘര്‍ഷം, അവര്‍ നബിയെ സന്ദര്‍ശിക്കുന്നതോ കൂടിക്കാഴ്ചകള്‍ നടത്തുന്നതോ അവസാനിക്കാന്‍ മാത്രം വളര്‍ന്നിരുന്നില്ല. ഈ സൂറ വളരെ ആദ്യകാലത്ത് അവതരിച്ച സൂറകളില്‍ പെട്ടതാണെന്നാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്. 
ഉള്ളടക്കം
പ്രഭാഷണാരംഭത്തിന്റെ ശൈലി കാണുമ്പോള്‍ അനുവാചകന് ഇങ്ങനെയാണു തോന്നുക: അന്ധനെ അവഗണിച്ച് ഖുറൈശി പ്രമാണിമാരെ പരിഗണിച്ചതിന്റെ പേരില്‍ അല്ലാഹു പ്രവാചകനെ ആക്ഷേപിച്ചിരിക്കുകയാണീ സൂറയിലൂടെ. പക്ഷേ, സൂറ മൊത്തത്തില്‍ എടുത്തു പഠിച്ചുനോക്കിയാല്‍ ആക്ഷേപം യഥാര്‍ഥത്തില്‍ ഖുറൈശി പ്രമാണിമാരുടെ നേരെയാണെന്ന് മനസ്സിലാകും. അവര്‍ അഹന്തയും ധിക്കാരവും സത്യനിഷേധവും മൂലം പ്രവാചകന്റെ സത്യപ്രബോധനത്തെ നിസ്സാരമാക്കി തള്ളിക്കളയുന്നതിന്റെ പേരില്‍ തിരുമേനിക്ക് സത്യപ്രബോധനത്തിന്റെ ശരിയായ രീതി പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം ദൌത്യനിര്‍വഹണത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹം അവലംബിച്ചിരുന്ന രീതി തെറ്റാണെന്നു ബോധ്യപ്പെടുത്തുന്നുമുണ്ട്. പ്രമാണിമാരെ വിശിഷ്ടരും അന്ധനെ അധമനും ആയി കരുതിയതു കൊണ്ടല്ല തിരുമേനി ഖുറൈശിനേതാക്കളെ പരിഗണിച്ചിരുന്നത്. മആദല്ലാഹ്- അല്ലാഹു ആക്ഷേപിച്ച ഈ നിലപാട് ഒരു വികലമനസ്കനില്‍ മാത്രമേ കാണൂ. കാര്യത്തിന്റെ കാതല്‍ ഇതാണ്: `ഒരു പ്രബോധകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സ്വാഭാവികമായും സമൂഹത്തില്‍ സ്വാധീനശക്തിയുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നു. മേലേക്കിടയിലുള്ളവര്‍ തന്റെ ആശയം സ്വീകരിക്കുകയാണെങ്കില്‍ പിന്നെ ബാക്കി കാര്യം എളുപ്പമാകുമല്ലോ. സ്വാധീനശക്തിയില്ലാത്ത ദുര്‍ബലരും നിരാലംബരുമായ സാധാരണക്കാരില്‍ സന്ദേശം പ്രചരിച്ചതുകൊണ്ട് സമൂഹത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവില്ല`-ഏതാണ്ട് ഈയൊരു നിലപാടാണ് ആദ്യകാലത്ത് പ്രബോധന പ്രവര്‍ത്തനത്തില്‍ നബി(സ)യും അവലംബിച്ചിരുന്നത്. ഇതിന്റെ പ്രചോദനം തികഞ്ഞ ആത്മാര്‍ഥതയും സത്യപ്രബോധന വികാരവുമായിരുന്നു; അല്ലാതെ നേതൃപ്രമാണിമാരൊക്കെ വിശിഷ്ടരും പാവപ്പെട്ടവരൊക്കെ അധമരും ആണെന്ന സങ്കല്‍പം പുലര്‍ത്തിയിരുന്നതുകൊണ്ടല്ല. പക്ഷേ, അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു: ഇതല്ല ശരിയായ പ്രബോധനരീതി. ഈ പ്രബോധനത്തിന്റെ വീക്ഷണത്തില്‍ സത്യാന്വേഷകനായ ഏതു മനുഷ്യനും പ്രാധാന്യമുള്ളവനാകുന്നു. അവന്‍ അവശനാണോ സ്വാധീനമില്ലാത്തവനാണോ ആര്‍ത്തനാണോ എന്നതൊന്നും പ്രസക്തമല്ല. സത്യത്തെ വിലമതിക്കാത്തവരാകട്ടെ, അവര്‍ ആരായാലും അപ്രധാനരാണ്-സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ എത്ര വലുതായാലും ശരി. അതുകൊണ്ട് താങ്കള്‍ ഇസ്ലാമികാദര്‍ശങ്ങള്‍ എല്ലാവരെയും ഉറക്കെ കേള്‍പ്പിക്കുക. എങ്കിലും സത്യം സ്വീകരിക്കാനുള്ള സന്നദ്ധത ആരില്‍ കാണപ്പെടുന്നുവോ, അവരാണ് യഥാര്‍ഥത്തില്‍ താങ്കളുടെ ശ്രദ്ധയര്‍ഹിക്കുന്നവര്‍. സ്വന്തം വമ്പില്‍ നിഗളിച്ചുകൊണ്ട് അവര്‍ക്ക് താങ്കളെയല്ല, പ്രത്യുത, താങ്കള്‍ക്ക് അവരെയാണ് ആവശ്യം എന്നു കരുതുന്ന ആത്മവഞ്ചിതരുടെ മുമ്പില്‍ സന്ദേശം സമര്‍പ്പിക്കരുത്. അത് താങ്കളുടെ പ്രബോധനത്തിന്റെ ഉന്നതമായ നിലവാരത്തിന് ചേര്‍ന്നതല്ല. ഇതാണ് സൂറയുടെ തുടക്കം മുതല്‍ 16-ാം സൂക്തം വരെയുള്ള വചനങ്ങളുടെ പ്രമേയം. അനന്തരം, 17-ാം സൂക്തം മുതല്‍ ആക്ഷേപത്തിന്റെ മുഖം പ്രവാചക സന്ദേശത്തെ തള്ളിക്കളഞ്ഞ സത്യനിഷേധികളിലേക്ക് നേരിട്ട് തിരിയുന്നു. അതില്‍ ആദ്യമായി, സ്രഷ്ടാവും പരിപാലകനും അന്നദാതാവുമായ റബ്ബിനോട് അവര്‍ അനുവര്‍ത്തിക്കുന്ന സമീപനത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഒടുവില്‍ അവര്‍ താക്കീതു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അന്ത്യനാളില്‍ എന്തുമാത്രം ഭയാനകമായ പരിണതിയാണവര്‍ക്കു നേരിടേണ്ടിവരുക എന്നു താക്കീതു ചെയ്തിരിക്കുകയാണ്.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
2-കുരുടന്റെ വരവു കാരണം.
3-നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
4-അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
5-എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
6-അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
7-അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
8-എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
9-അവന്‍ ദൈവഭയമുള്ളവനാണ്.
10-എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
11-അറിയുക: ഇതൊരുദ്ബോധനമാ ണ്.
12-അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
13-ആദരണീയമായ ഏടുകളിലാണിതുള്ളത്.
14-ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
15-ചില സന്ദേശവാഹകരുടെ കൈകളിലാണവ;
16-അവര്‍ മാന്യരും മഹത്തുക്കളുമാണ്.
17-മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
18-ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
19-ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
20-എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
21-പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
22-പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
23-അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
24-മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
25-നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
26-പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
27-അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
28-മുന്തിരിയും പച്ചക്കറികളും.
29-ഒലീവും ഈത്തപ്പനയും.
30-ഇടതൂര്‍ന്ന തോട്ടങ്ങളും.
31-പഴങ്ങളും പുല്‍പടര്‍പ്പുകളും.
32-നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
33-എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
34-അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
35-മാതാവിനെയും പിതാവിനെയും.
36-ഭാര്യയെയും മക്കളെയും.
37-അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
38-അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
39-ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.
40-മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
41-ഇരുള്‍ മുറ്റിയും.
42-അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.