81 അത്തക് വീര്‍

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെكُوِّرَت എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ് ഈ നാമം. ഈ പദം تَكْوِيرന്റെ ഭൂതകാല കര്‍മണിപ്രയോഗമാകുന്നു. ചുരുട്ടപ്പെട്ടു എന്നര്‍ഥം. ചുരുട്ടുക എന്ന പദം പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നാണ് ഈ നാമകരണം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. 
അവതരണകാലം
പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കത്തില്‍നിന്നും ശൈലിയില്‍നിന്നും വ്യക്തമാകുന്നു. 
ഇതില്‍ ആഖിറത്ത്, രിസാലത്ത് (പരലോകം, പ്രവാചകത്വം) എന്നീ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ആദ്യത്തെ ആറു സൂക്തങ്ങളില്‍ അന്ത്യനാളിന്റെ ആദ്യഘട്ടത്തെ വര്‍ണിക്കുകയാണ്: "അപ്പോള്‍ സൂര്യന്‍ അണഞ്ഞുപോകും. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴും. പര്‍വതങ്ങള്‍ ഭൂമിയില്‍നിന്ന് ഇളകി ഉയര്‍ന്നുപോകും. ആളുകള്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളെ വിസ്മരിക്കും. സ്വബോധം നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂടും. സമുദ്രങ്ങള്‍ പ്രക്ഷുബ്ധമായി തീപ്പിടിക്കും. തുടര്‍ന്നുളള ഏഴു സൂക്തങ്ങളില്‍ രണ്ടാം ഘട്ടത്തെ വര്‍ണിക്കുന്നു. അപ്പോള്‍ ആത്മാക്കളെല്ലാം അവയുടെ ശരീരങ്ങളുമായി വീണ്ടും കൂട്ടിയിണക്കപ്പെടുന്നു. കര്‍മപുസ്തകങ്ങള്‍ തുറക്കപ്പെടുന്നു. കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു. വാനലോകത്തിന്റെ തിരശ്ശീലകള്‍ വലിച്ചുമാറ്റപ്പെടുന്നു. സ്വര്‍ഗനരകങ്ങളെല്ലാം നഗ്നദൃഷ്ടികള്‍ക്ക് ഗോചരമായിത്തീരുന്നു. പരലോകത്തിന്റെ ഈ ചിത്രം വരച്ചുകാണിച്ച ശേഷം, അന്ന് ഓരോ മനുഷ്യന്നും താന്‍ എന്തു പ്രവര്‍ത്തിച്ചിട്ടാണ് അവിടെ എത്തിയിട്ടുള്ളതെന്ന് സ്വയം ബോധ്യമാകും എന്നു പറഞ്ഞുകൊണ്ട് മനുഷ്യനെ ചിന്തിക്കാന്‍ വിട്ടിരിക്കുകയാണ്. അനന്തരം പ്രവാചകത്വം എന്ന വിഷയം കൈകാര്യം ചെയ്യുകയാണ്. അതേപ്പറ്റി മക്കാവാസികളോടു പറയുന്നു: മുഹമ്മദ് (സ) നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്ന സന്ദേശം ഏതെങ്കിലും കിറുക്കന്റെ വിടുവായത്തമല്ല, പിശാചിന്റെ ദുര്‍ബോധനവുമല്ല. അത് മഹാനും ഉന്നതസ്ഥാനീയനും വിശ്വസ്തനും ദൈവത്താല്‍ നിയുക്തനും സന്ദേശവാഹകനുമായ ഒരു മലക്കിന്റെ ഭാഷണമാകുന്നു. മുഹമ്മദ് (സ) തുറന്ന അന്തരീക്ഷത്തിന്റെ ചക്രവാളത്തില്‍ ആ മലക്കിനെ നഗ്നദൃഷ്ടി കൊണ്ട് കണ്ടിട്ടുണ്ട്. ഈ ദൈവികാധ്യാപനങ്ങളെ അവഗണിച്ചു തള്ളിയിട്ട് നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-സൂര്യനെ ചുറ്റിപ്പൊതിയുമ്പോള്‍,
2-നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,
3-പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,
4-പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,
5-വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍
6-കടലുകള്‍ കത്തിപ്പടരുമ്പോള്‍,
7-ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,
8-കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.
9-ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.
10-കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.
11-ആകാശത്തിന്റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.
12-നരകത്തീ ആളിക്കത്തുമ്പോള്‍.
13-സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.
14-അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.
15-പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.
16-അവ മുന്നോട്ടു സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.
17-വിടപറയുന്ന രാവ് സാക്ഷി.
18-വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.
19-ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്റെ വചനം തന്നെ.
20-പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.
21-അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.
22-നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.
23-ഉറപ്പായും അദ്ദേഹം ജിബ്രീലിനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്.
24-അദ്ദേഹം അദൃശ്യവാര്‍ത്തകളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനല്ല.
25-ഇത് ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല.
26-എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്.
27-ഇത് ലോകര്‍ക്കാകെയുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല;
28-നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.
29-എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.