82 അല്‍ഇന്‍ഫിത്വാര്‍

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ إنْفَطَرَتْ എന്ന പദത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ പേര്. പിളരുക എന്ന അര്‍ഥത്തിലുള്ള പദമൂലമാണ് إنْفِطَار . ആകാശം പൊട്ടിപ്പിളരുന്നതിനെക്കുറിച്ചു പറയുന്ന സൂറ എന്നാണ് ഈ നാമകരണത്തിന്റെ താല്‍പര്യം. 
അവതരണകാലം
ഈ സൂറയുടെയും സൂറ അത്തക്വീറിന്റെയും ഉള്ളടക്കങ്ങള്‍ തമ്മില്‍ വളരെ സാദൃശ്യമുണ്ട്. ഇവ രണ്ടും ഏതാണ്ട് ഒരേ കാലത്തുതന്നെ അവതരിച്ചതാണെന്ന് അതില്‍നിന്നു മനസ്സിലാക്കാം. 
ഉള്ളടക്കം
പരലോകമാണിതിലെ പ്രമേയം. റസൂല്‍ (സ) പ്രസ്താവിച്ചതായി അഹ്മദ്, തിര്‍മിദി, ഇബ്നുല്‍ മുന്‍ദിര്‍, ത്വബ്റാനി, ഹാകിം, ഇബ്നു മര്‍ദവൈഹി എന്നിവര്‍ അബ്ദുല്ലാഹിബ്നു ഉമറില്‍നിന്ന് ഉദ്ധരിക്കുന്നു: مَنْ سَرَّهُ أنْ يَنْظُرَ إلَى يَوْم الْقِيَامَةِ كَأنَّهُ رَأْيُ الْعَيْن فَلْيَقْرَأْ إذَا الشَّمْسُ كُوِّرتْ، وَإذَا السَّمَاءُ انفَطَرَتْ، وإذَا السَّمَاء انشَقَّتْ (അന്ത്യനാളിനെ നേരില്‍ കാണുംവണ്ണം കാണാന്‍ സന്തോഷമുള്ളവര്‍ സൂറ അത്തക്വീറും സൂറ അല്‍ഇന്‍ഫിത്വാറും സൂറ അല്‍ഇന്‍ശിഖാഖും പാരായണം ചെയ്തുകൊള്ളട്ടെ).  ഇതില്‍ ആദ്യമായി അന്ത്യനാളിനെ വര്‍ണിച്ചുകൊണ്ട് തെര്യപ്പെടുത്തുന്നു: ആ ദിവസം സമാഗതമാകുമ്പോള്‍ ഓരോ മനുഷ്യന്റെയും മുന്നില്‍ അയാള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെല്ലാം പ്രത്യക്ഷമാകും. അനന്തരം മനുഷ്യന്റെ ചിന്തയെ ഉണര്‍ത്തുകയാണ്: നിങ്ങള്‍ക്ക് അസ്തിത്വമേകിയതാരാണോ, ആരുടെ ഔദാര്യത്തിലാണോ നിങ്ങള്‍ സൃഷ്ടികളില്‍ വെച്ചേറ്റവും വിശിഷ്ടമായ ശരീരവും അവയവങ്ങളുമുള്ളവരായി വിലസുന്നത്, അവന്‍ അനുഗ്രഹദാതാവ് മാത്രമാണ്, നീതിപാലകനല്ല എന്ന വ്യാമോഹം എങ്ങനെയാണ് നിങ്ങളില്‍ കടന്നുകൂടിയത്? അവന്റെ ഉദാരതയ്ക്കര്‍ഥം, അവന്റെ നീതിപാലനത്തെക്കുറിച്ച് നിനക്ക് നിര്‍ഭയനാവാം എന്നല്ലതന്നെ. അനന്തരം മുന്നറിയിപ്പു നല്‍കുന്നു: യാതൊരു തെറ്റിദ്ധാരണയും വേണ്ട. നിന്റെ കര്‍മരേഖ തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്. അതിസമര്‍ഥനായ ഒരു ഉടമസ്ഥന്‍ സദാ നിന്റെ എല്ലാ അനക്കങ്ങളും അടക്കങ്ങളും രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഒടുവില്‍ ശക്തിയായി ഊന്നിപ്പറയുന്നു: വിചാരണനാള്‍ നിലവില്‍വരുകതന്നെ ചെയ്യും. അന്ന് സജ്ജനം സ്വര്‍ഗീയ ജീവിതത്തിനും ദുര്‍ജനം നരകശിക്ഷയ്ക്കും വിധിക്കപ്പെടുകയും ചെയ്യും. അന്ന് ആരും ആര്‍ക്കും അല്‍പവും ഉപകാരപ്പെടുകയില്ല. തീരുമാനാധികാരം സമ്പൂര്‍ണമായും അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലായിരിക്കും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ആകാശം പൊട്ടിപ്പിളരുമ്പോള്‍,
2-നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
3-കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍,
4-കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍,
5-ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റി വെച്ചതും എന്തെന്നറിയും.
6-അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്?
7-അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍.
8-താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍.
9-അല്ല; എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുന്നു.
10-സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്
11-സമാദരണീയരായ ചില എഴുത്തുകാര്‍.
12-നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു.
13-സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച.
14-കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും.
15-വിധിദിനത്തില്‍ അവരതിലെത്തിച്ചേരും.
16-അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല.
17-വിധിദിനം എന്തെന്ന് നിനക്കെന്തറിയാം?
18-വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനക്കെന്തറിയാം?
19-ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും.