83 അല്‍മുത്വഫ്ഫിഫീന്‍

ആമുഖം
നാമം
وَيْلٌ لِلْمُطَفِّفينഎന്ന പ്രഥമ സൂക്തത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ നാമം. 
അവതരണകാലം
ഇത് പ്രവാചകന്റെ മക്കാജീവിതത്തിലെ ആദ്യനാളുകളില്‍, മക്കാനിവാസികളുടെ മനസ്സില്‍ പരലോകവിശ്വാസം ഉറപ്പിക്കുന്നതിനുവേണ്ടി തുടര്‍ച്ചയായി അവതരിച്ച സൂറകളിലൊന്നാണെന്ന് പ്രതിപാദനശൈലിയില്‍നിന്നും ഉള്ളടക്കത്തില്‍നിന്നും സ്പഷ്ടമാകുന്നു. മക്കക്കാര്‍ നിരത്തുകളിലും തെരുവുകളിലും സഭകളിലുമെല്ലാം മുസ്ലിംകളെക്കുറിച്ച് സംസാരിക്കാനും അവരെ പരിഹസിക്കാനും നിന്ദിക്കാനും തുടങ്ങിയ കാലത്താണ് ഇതവതരിച്ചത്. എന്നാല്‍, അന്ന് കൈയേറ്റങ്ങളും അക്രമമര്‍ദനങ്ങളും ആരംഭിച്ചുകഴിഞ്ഞിരുന്നില്ല. ചില വ്യാഖ്യാതാക്കള്‍ ഈ സൂറ മദനിയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസില്‍നിന്നുള്ള ഒരു നിവേദനമാണാ തെറ്റിദ്ധാരണയ്ക്കാധാരം. അദ്ദേഹം പ്രസ്താവിച്ചു: നബി(സ) മദീനയില്‍ ചെല്ലുമ്പോള്‍ അവിടെ അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്ന രോഗം മൂര്‍ച്ഛിച്ചിട്ടുണ്ടായിരുന്നു. പിന്നെ അല്ലാഹു وَيْلٌ لِلْمُطَفِّفين അവതരിപ്പിച്ചു. അങ്ങനെ ജനങ്ങള്‍ സത്യസന്ധമായി അളക്കാനും തൂക്കാനും തുടങ്ങി (നസാഇ, ഇബ്നു മാജ, ഇബ്നു മര്‍ദവൈഹി, ഇബ്നു ജരീര്‍, ബൈഹഖി  `ശുഅ്ബുല്‍ ഈമാനില്‍`)  എന്നാല്‍ നാം സൂറ അദ്ദഹ്റിന്റെ ആമുഖത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ഏതെങ്കിലും സംഭവത്തില്‍ പ്രസക്തമാകുന്ന ഒരു ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് അത് ആ സംഭവത്തില്‍ അവതരിച്ചതാണെന്നു പറയുക സഹാബത്തിന്റെയും താബിഉകളുടെയും ഒരു പൊതുരീതിയായിരുന്നു. അതുകൊണ്ട് ഇബ്നു അബ്ബാസിന്റെ നിവേദനത്തില്‍നിന്ന് സ്ഥാപിതമാകുന്നത് ഇത്രമാത്രമാകുന്നു: ഹിജ്റക്കുശേഷം മദീനയില്‍ ഈ അധര്‍മം നടമാടുന്നതു കണ്ട നബി(സ) അവരെ ഈ സൂറ കേള്‍പ്പിക്കുകയും അവരുടെ നടപടി സംസ്കരിക്കുകയും ചെയ്തു. 
ഉള്ലടക്കം
പരലോകമാണ് ഈ സൂറയുടെ പ്രമേയം. ആദ്യത്തെ ആറു സൂക്തങ്ങളില്‍, വ്യാപാരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആളുകളില്‍ ധാരാളമായി നടമാടിയിരുന്ന കാപട്യത്തെ വിമര്‍ശിക്കുകയാണ്. അവര്‍ മറ്റുള്ളവരില്‍നിന്നു സ്വീകരിക്കുമ്പോള്‍ കൃത്യമായി അളന്നും തൂക്കിയും സ്വീകരിക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണെങ്കില്‍ അളവുതൂക്കങ്ങളില്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കമ്മി ചെയ്തേ കൊടുക്കൂ. സമൂഹത്തില്‍ നടമാടിയിരുന്ന അനേകം ജീര്‍ണതകളിലൊന്നാണിത്. അതിന്റെ നികൃഷ്ടത ആര്‍ക്കും നിഷേധിക്കാനാവില്ലായിരുന്നു. ഒരു ഉദാഹരണമെന്ന നിലയില്‍ ഖുര്‍ആന്‍ പറയുകയാണ്: പരലോകബോധമില്ലാത്തതിന്റെ ഫലമാണിത്. ഒരു നാള്‍ ദൈവത്തിന്റെ മുമ്പില്‍ ചെന്നുനില്‍ക്കേണ്ടതുണ്ടെന്നും അവിടെ അണപൈ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള ബോധമില്ലാത്തേടത്തോളം കാലം ആളുകള്‍ക്ക് ഇടപാടുകളില്‍ തികഞ്ഞ സത്യസന്ധതയും നീതിയും കൈക്കൊള്ളാനാവില്ല. ഒരുവന്‍ സത്യസന്ധതയാണ് `നല്ല നയം` എന്ന് കരുതി ചില ചെറിയ ചെറിയ ഇടപാടുകളില്‍ വിശ്വസ്തതയും നീതിയും പാലിച്ചാല്‍തന്നെ, കാപട്യവും വഞ്ചനയുമനുവര്‍ത്തിക്കലാണ് `പ്രയോജനകരമായ നയം` എന്നു തെളിയുന്നേടത്ത് അവന് സത്യസന്ധതയും നീതിയും കൈക്കൊള്ളാനാവില്ല. മനുഷ്യനില്‍ സത്യവും സ്ഥായിയുമായ വിശ്വസ്തതയും നീതിബോധവും ഉളവാകുന്നുവെങ്കില്‍ അത് ദൈവവിശ്വാസത്തില്‍നിന്നും രൂഢമായ പരലോകബോധത്തില്‍ നിന്നും മാത്രമേ ഉളവാകൂ. എന്തുകൊണ്ടെന്നാല്‍ ഈ അവസ്ഥയില്‍ വിശ്വസ്തത അയാള്‍ക്ക് ഒരു `പോളിസി`യല്ല, `കടമ`യാണ്. അയാള്‍ അതില്‍ നിലകൊള്ളുക എന്നത് അത് ഭൌതികജീവിതത്തില്‍ പ്രയോജനപ്രദമാണോ പ്രയോജനരഹിതമാണോ എന്നതിനെ ആശ്രയിച്ചു നില്‍ക്കുന്ന പ്രശ്നമല്ല. ധര്‍മങ്ങളും പരലോകവിശ്വാസവും തമ്മിലുള്ള ബന്ധം ഈ വിധം മനസ്സില്‍ തറയ്ക്കുന്ന രീതിയില്‍ വ്യക്തമാക്കിയ ശേഷം 7 മുതല്‍ 17 വരെ സൂക്തങ്ങളില്‍ പറയുന്നു: ദുര്‍വൃത്തരുടെ കര്‍മാവലി നേരത്തെത്തന്നെ കേഡികളുടെ പട്ടികയില്‍ (Black List) ഉള്‍പ്പെടുത്തുന്നുണ്ട്. പരലോകത്ത് അവര്‍ ഭയങ്കരനാശം നേരിടേണ്ടിവരും. തുടര്‍ന്ന് 18 മുതല്‍ 28 വരെ സൂക്തങ്ങളില്‍ സജ്ജനങ്ങളുടെ ശുഭപരിണതി വിശദീകരിക്കുന്നു. അവരുടെ കര്‍മാവലി വിശിഷ്ട ജനങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കുന്നതെന്നും അതിനുവേണ്ടി ദൈവസാമീപ്യം സിദ്ധിച്ച മലക്കുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചിരിക്കുന്നു. അവസാനമായി, വിശ്വാസികളെ സമാശ്വസിപ്പിക്കുകയാണ്. അതോടൊപ്പം ധിക്കാരികളെ ഇപ്രകാരം താക്കീതു ചെയ്യുകയും ചെയ്തിരിക്കുന്നു: ഇന്നു വിശ്വാസികളെ നിന്ദിച്ചുകൊണ്ടിരിക്കുന്നവര്‍ അന്ത്യനാളില്‍ സ്വന്തം നടപടിയുടെ കടുത്ത ദുഷ്ഫലം അനുഭവിക്കേണ്ടിവരും. അന്ന് ഈ വിശ്വാസികള്‍ ആ പാപികളുടെ ദുരന്തം നേരില്‍ കണ്ട് കണ്‍കുളിര്‍ക്കും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-കള്ളത്താപ്പുകാര്‍ക്ക് നാശം!
2-അവര്‍ ജനങ്ങളില്‍നിന്ന് അളന്നെടുക്കുമ്പോള്‍ തികവു വരുത്തും.
3-ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യും.
4-അവരോര്‍ക്കുന്നില്ലേ; തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്.
5-ഭീകരമായ ഒരു ദിനത്തില്‍.
6-പ്രപഞ്ചനാഥങ്കല്‍ ജനം വന്നു നില്‍ക്കുന്ന ദിനം.
7-സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ.
8-സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം?
9-അതൊരു ലിഖിത രേഖയാണ്.
10-അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്.
11-അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍.
12-അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല.
13-നമ്മുടെ സന്ദേശം ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പൊട്ടക്കഥകളാണ്."
14-അല്ല. അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്.
15-നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും.
16-പിന്നെയവര്‍ കത്തിക്കാളുന്ന നരകത്തീയില്‍ കടന്നെരിയും.
17-പിന്നീട് അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചുകൊണ്ടിരുന്ന ശിക്ഷയാണിത്.
18-സംശയമില്ല; സുകര്‍മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാണ്.
19-ഇല്ലിയ്യീനെ സംബന്ധിച്ച് നിനക്കെന്തറിയാം?
20-അതൊരു ലിഖിത രേഖയാണ്.
21-ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും.
22-സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളിലായിരിക്കും.
23-ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും.
24-അവരുടെ മുഖങ്ങളില്‍ ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കണ്ടറിയാം.
25-അടച്ചു മുദ്രവെച്ച പാത്രങ്ങളിലെ പവിത്ര മദ്യം അവര്‍ കുടിപ്പിക്കപ്പെടും.
26-അതിന്റെ മുദ്ര കസ്തൂരികൊണ്ടായിരിക്കും. മത്സരിക്കുന്നവര്‍ അതിനായി മത്സരിക്കട്ടെ.
27-ആ പാനീയത്തിന്റെ ചേരുവ തസ്നീം ആയിരിക്കും.
28-അതോ, ദിവ്യസാന്നിധ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവയാണത്.
29-കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
30-അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു.
31-അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് രസിച്ചുല്ലസിച്ചാണ് തിരിച്ചു ചെന്നിരുന്നത്.
32-അവര്‍ സത്യവിശ്വാസികളെ കണ്ടാല്‍ പരസ്പരം പറയുമായിരുന്നു: "ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ; തീര്‍ച്ച."
33-സത്യവിശ്വാസികളുടെ മേല്‍നോട്ടക്കാരായി ഇവരെയാരും ചുമതലപ്പെടുത്തിയിട്ടില്ല.
34-എന്നാലന്ന് ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കും.
35-അവര്‍ ചാരുമഞ്ചങ്ങളിലിരുന്ന് ഇവരെ നോക്കിക്കൊണ്ടിരിക്കും;
36-സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലം കിട്ടിക്കഴിഞ്ഞോ എന്ന്.