85 അല്‍ബുറൂജ്

ആമുഖം
നാമം
പ്രഥമ സൂക്തത്തിലെ البُرُوج എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഇതിന്റെ അവതരണകാലം ഉള്ളടക്കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. വിശുദ്ധ മക്കയില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള അക്രമമര്‍ദനങ്ങള്‍ രൂക്ഷമാവുകയും അവിശ്വാസികള്‍ വിശ്വാസികളെ കഠിനമായി പീഡിപ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണീ സൂറ അവതരിച്ചത്. 
ഉള്ളടക്കം
വിശ്വാസികളുടെ നേരെ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അക്രമമര്‍ദനങ്ങളുടെ അനന്തരഫലത്തെക്കുറിച്ച് അവിശ്വാസികളെ താക്കീതു ചെയ്യുകയും, ഈ അക്രമങ്ങളെയും മര്‍ദനങ്ങളെയും അചഞ്ചലമായി നേരിട്ടുകൊണ്ട് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മഹത്തായ പ്രതിഫലം ലഭിക്കുമെന്നും അക്രമികളോട് അല്ലാഹു പ്രതികാരം ചെയ്യുമെന്നും വിശ്വാസികളെ ആശ്വസിപ്പിക്കുകയുമാണ് ഈ സൂറയുടെ ഉള്ളടക്കം. ഈ വിഷയകമായി, ആദ്യം അസ്ഹാബുല്‍ ഉഖ്ദൂദിന്റെ കഥ കേള്‍പ്പിക്കുന്നു. വിശ്വാസികളെ കിടങ്ങുകളിലെറിഞ്ഞ് ചുട്ടുകരിച്ചവരാണ് അസ്ഹാബുല്‍ ഉഖ്ദൂദ്. ഈ കഥാകഥനരൂപത്തില്‍ വിശ്വാസികളെയും അവിശ്വാസികളെയും ചില സംഗതികള്‍ തെര്യപ്പെടുത്തിയിരിക്കുന്നു. ഒന്ന്: അസ്ഹാബുല്‍ ഉഖ്ദൂദ് ദൈവശാപത്തിനും ശിക്ഷയ്ക്കും അര്‍ഹരായിത്തീര്‍ന്നതെപ്രകാരമാണോ അപ്രകാരം മക്കയിലെ പ്രമാണിമാരും അതിനര്‍ഹരായിത്തീരുന്നതാണ്. രണ്ട്: അന്ന് വിശ്വാസികള്‍ തങ്ങള്‍ തീക്കുണ്ഡങ്ങളിലെറിയപ്പെടുന്നത് തെരഞ്ഞെടുക്കുകയും വിശ്വാസത്തില്‍നിന്ന് പിന്മാറുന്നതിനെ നിരാകരിക്കുകയും ചെയ്തു. ഇന്നും വിശ്വാസികള്‍ ചെയ്യേണ്ടത് അതുതന്നെയാണ്. എത്ര ക്രൂരവും കഠോരവുമായ മര്‍ദനം സഹിക്കേണ്ടിവന്നാലും സത്യവിശ്വാസത്തിന്റെ മാര്‍ഗം കൈവെടിയാതിരിക്കുക. മൂന്ന്: അവിശ്വാസികള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും സത്യവിശ്വാസികള്‍ അടിയുറച്ച് അംഗീകരിക്കുകയും ചെയ്യുന്ന ദൈവമുണ്ടല്ലോ, അവന്‍ അജയ്യനാകുന്നു. ആകാശഭൂമികളുടെ ആധിപത്യത്തിന്നുടമ. സ്വയം സ്തുതീയന്‍, അവന്‍ രണ്ടു കൂട്ടരുടെയും സ്ഥിതിഗതികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സത്യനിഷേധികള്‍ക്ക് അവരുടെ നിഷേധത്തിനു മാത്രമല്ല; ഈ അക്രമമര്‍ദനങ്ങള്‍ക്കുള്ള ശിക്ഷയും അഗ്നിയില്‍ കത്തിക്കരിയുന്ന രൂപത്തില്‍ അനുഭവിക്കേണ്ടി വരുമെന്നുള്ളത് ഉറപ്പാകുന്നു. സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മങ്ങളാചരിച്ചവര്‍ സ്വര്‍ഗസ്ഥരാകുമെന്ന കാര്യവും ഉറപ്പാകുന്നു. അതുതന്നെയാണ് മഹത്തായ വിജയം. അനന്തരം അവിശ്വാസികളെ താക്കീതു ചെയ്യുന്നു: ദൈവത്തിന്റെ പിടിത്തം അതിരൂക്ഷമായിരിക്കും. നിങ്ങള്‍ സ്വന്തം സംഘബലത്തില്‍ ഊറ്റംകൊള്ളുന്നുണ്ടല്ലോ. എന്നാല്‍ നിങ്ങളേക്കാള്‍ സംഘബലമുള്ളവരായിരുന്നു ഫറവോനും സമൂദ് വര്‍ഗവും. അവരുടെ പടകള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നിന്ന് നിങ്ങള്‍ പാഠം പഠിച്ചുകൊള്ളുക. അല്ലാഹുവിന്റെ ശക്തി നിങ്ങളെ സുഭദ്രമായി വലയംചെയ്തു നില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്കൊരിക്കലും അത് ഭേദിച്ചു പുറത്തുകടക്കാനാവില്ല. നിങ്ങള്‍ കൊണ്ടുപിടിച്ച് തള്ളിപ്പറയുന്ന ഖുര്‍ആനുണ്ടല്ലോ, അതിലെ ഓരോ വചനവും സ്ഥായിയാകുന്നു. അത് സുരക്ഷിതഫലകത്തില്‍ സുസ്ഥിരമാക്കപ്പെട്ടതാകുന്നു. സുരക്ഷിതഫലകത്തിലെ രേഖകളില്‍ ആര്‍ക്കും ഒരുവിധ മാറ്റവും വരുത്താനാവില്ല.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി.
2-വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി.
3-സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി.
4-കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചിരിക്കുന്നു.
5-വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍.
6-അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം.
7-സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു.
8-അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ.
9-അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.
10-സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ.
11-എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം!
12-തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ.
13-സൃഷ്ടികര്‍മം ആരംഭിച്ചതും ആവര്‍ത്തിക്കുന്നതും അവനാണ്.
14-അവന്‍ ഏറെ പൊറുക്കുന്നവനാണ്. സ്നേഹിക്കുന്നവനും.
15-സിംഹാസനത്തിനുടമയും മഹാനും.
16-താന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവനും.
17-ആ സൈന്യത്തിന്റെ കഥ നിനക്കറിയാമോ?
18-ഫറോവയുടെയും ഥമൂദിന്റെയും കഥ.
19-എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്.
20-അല്ലാഹു അവരെ പിറകിലൂടെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്.
21-എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്.
22-സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതുള്ളത്.