88 അല്‍ഗാശിയ

ആമുഖം
നാമം
പ്രഥമ സൂക്തത്തില്‍തന്നെയുള്ള الغَاشِيَة എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ആദ്യകാലത്തവതരിച്ച സൂറകളിലൊന്നാണിതും എന്ന് ഇതിന്റെ ഉള്ളടക്കം തെളിയിക്കുന്നുണ്ട്. നബി(സ) പൊതുപ്രചാരണം തുടങ്ങുകയും മക്കാവാസികള്‍ മൊത്തത്തില്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ അവഗണിച്ചുനടക്കുകയും ചെയ്ത കാലമായിരുന്നു അത്. 
ഉള്ളടക്കം
ഇതിലെ ഉള്ളടക്കം ഗ്രഹിക്കുന്നതിന് ഒരു കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ആദ്യകാലത്ത് തൌഹീദ്, ആഖിറത്ത് എന്നീ രണ്ട് ആശയങ്ങള്‍ മാത്രം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രീകൃതമായിരുന്നു നബി(സ)യുടെ പ്രബോധനം. മക്കാവാസികള്‍ ഈ രണ്ടാശയങ്ങളും അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ പശ്ചാത്തലം മനസ്സിലാക്കിയ ശേഷം ഈ സൂറയുടെ വിഷയവും വിവരണരീതിയും പരിശോധിച്ചുനോക്കുക. ആദ്യമായി, പ്രജ്ഞാശൂന്യതയിലാണ്ട ജനങ്ങളെ ഉണര്‍ത്തുന്നതിനുവേണ്ടി അവരുടെ മുന്നിലേക്ക് പെട്ടെന്ന് ഒരു ചോദ്യം എടുത്തെറിഞ്ഞിരിക്കുകയാണ്: മുഴുലോകത്തെയും മൂടുന്ന ഒരു വിപത്തിറങ്ങുന്ന സമയത്തെക്കുറിച്ചു നിങ്ങള്‍ക്ക് വല്ല വിവരവുമുണ്ടോ? അനന്തരം ഉടന്‍തന്നെ അതു വര്‍ണിച്ചുതുടങ്ങുന്നു. അന്നു മര്‍ത്ത്യരാസകലം രണ്ടു വിഭാഗങ്ങളായി, വ്യത്യസ്തമായ രണ്ടു പരിണതികളെ നേരിടേണ്ടിവരും. ഒരു കൂട്ടര്‍ നരകത്തിലേക്ക് പോകും. അവര്‍ക്ക് ഇന്നയിന്ന ദണ്ഡനങ്ങളനുഭവിക്കേണ്ടിവരും. രണ്ടാമത്തെ കൂട്ടര്‍ ഉന്നതസ്ഥാനത്തുള്ള സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാകുന്നു. അവര്‍ ഇന്നയിന്ന സൌഭാഗ്യങ്ങള്‍കൊണ്ടനുഗൃഹീതരായിരിക്കും. ഈ വിധം ജനങ്ങളെ ഉണര്‍ത്തിയ ശേഷം ഒറ്റയടിക്കു ചര്‍ച്ചാവിഷയം മാറുന്നു. എന്നിട്ട് ചോദിക്കുകയാണ്: ഖുര്‍ആന്റെ ഏകദൈവാദര്‍ശവും പരലോക സന്ദേശവും കേട്ട് നെറ്റിചുളിക്കുന്ന ഇക്കൂട്ടര്‍ സദാ സ്വന്തം കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസങ്ങളൊന്നും കാണുന്നില്ലേ? അറബികളുടെ മുഴുജീവിതത്തിന്റെയും അവലംബമായ ഒട്ടകത്തെക്കുറിച്ച് ഒരിക്കലും അവരാലോചിച്ചിട്ടില്ലേ, തങ്ങളുടെ മരുഭൂജീവിതത്തിന്ന് അത്യാവശ്യമായ മൃഗങ്ങളില്‍ ഉണ്ടായിരിക്കേണ്ട പ്രത്യേകതകള്‍ കൃത്യമായി ഒത്തിണങ്ങിയ വിധം അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന്? അവര്‍ തങ്ങളുടെ യാത്രകളിലായിരിക്കുമ്പോള്‍ അവയെ അല്ലെങ്കില്‍ ആകാശത്തെ അല്ലെങ്കില്‍ പര്‍വതങ്ങളെ അല്ലെങ്കില്‍ ഭൂമിയെ-ഈ പ്രതിഭാസങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചുനോക്കട്ടെ. ഈ ആകാശം മീതെ വിതാനിച്ചിരിക്കുന്നതെങ്ങനെയാണ്? എങ്ങനെയാണ് നിങ്ങളുടെ മുമ്പില്‍ ഗംഭീരമായ പര്‍വതങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്നത്? താഴെ ഈ ഭൂമിയുടെ പ്രതലം പരന്നുകിടക്കുന്നതെങ്ങനെയാണ്? ഇതൊക്കെ പരമശക്തനും നിര്‍മാണവല്ലഭനുമായ ഒരു കര്‍ത്താവില്ലാതെ ഉണ്ടായതാണോ? ഇവയൊക്കെ അതിശക്തനും പരമവിജ്ഞനുമായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചതാണെന്നും മറ്റൊരസ്തിത്വത്തിനും അവയുടെ സൃഷ്ടിയില്‍ പങ്കില്ലെന്നും അംഗീകരിക്കുന്നുവെങ്കില്‍ അതേ പരമശക്തനെ, സര്‍വജ്ഞനെത്തന്നെ റബ്ബായും അംഗീകരിക്കാന്‍ ഇവര്‍ വിസമ്മതിക്കുന്നതെന്തുകൊണ്ടാണ്? ഇനി ആ ദൈവം ഇതെല്ലാം സൃഷ്ടിക്കാന്‍ കഴിവുള്ളവനാണെന്ന് അംഗീകരിക്കുന്നുവെങ്കില്‍ അതേ ദൈവത്തിന് അന്ത്യനാള്‍ സമാഗതമാക്കാനും മനുഷ്യരെ പുനരുജ്ജീവിപ്പിക്കാനും സ്വര്‍ഗനരകങ്ങള്‍ യാഥാര്‍ഥ്യമാക്കാനും കൂടി കഴിവുണ്ടെന്ന കാര്യത്തില്‍ സംശയിക്കാന്‍ ബുദ്ധിപരമായ എന്തു തെളിവാണ് ഇവരുടെ കൈവശമുള്ളത്? സംക്ഷിപ്തവും യുക്തിപരവുമായ ഈ തെളിവുകള്‍ ബോധ്യപ്പെടുത്തിയ ശേഷം അവിശ്വാസികളില്‍നിന്ന് തിരിഞ്ഞ് നബി(സ)യെ സംബോധന ചെയ്തുകൊണ്ട് പ്രസ്താവിക്കുന്നു: ഇക്കൂട്ടര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. ബലാല്‍ക്കാരം അവരെ വിശ്വസിപ്പിക്കാന്‍, നാം താങ്കളെ അവരുടെ മേല്‍ സര്‍വാധിപതിയായി വാഴിച്ചിട്ടൊന്നുമില്ല. അവരെ ഉപദേശിക്കുകയാണ് താങ്കളുടെ ദൌത്യം. താങ്കള്‍ ഉപദേശിച്ചുകൊണ്ടിരിക്കുക. ഒടുവില്‍ അവര്‍ വന്നുചേരേണ്ടത് നമ്മുടെ അടുത്തുതന്നെയാണ്. ആ സന്ദര്‍ഭത്തില്‍ നാമവരെ കണിശമായി വിചാരണ ചെയ്യുകയും സത്യത്തെ ധിക്കരിച്ചവര്‍ക്ക് ഭാരിച്ച ശിക്ഷ നല്‍കുകയും ചെയ്യും.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?
2-അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.
3-അധ്വാനിച്ച് തളര്‍ന്നവയും.
4-ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.
5-തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.
6-കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.
7-അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.
8-എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.
9-തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.
10-അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.
11-വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.
12-അവിടെ ഒഴുകുന്ന അരുവിയുണ്ട്.
13-ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.
14-തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.
15-നിരത്തിവെച്ച തലയണകളും.
16-പരത്തിവെച്ച പരവതാനികളും.
17-അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?
18-ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?
19-പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?
20-ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?
21-അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.
22-നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.
23-ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,
24-അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.
25-നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
26-പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്