94 അശ്ശര്‍ഹ്

ആമുഖം
നാമം
പ്രഥമ വാക്യമായ ألَمْ نَشْرَحْ തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഈ സൂറയും സൂറ അദ്ദുഹായും ഏതാണ്ടൊരേ കാലത്ത് ഒരേ സാഹചര്യത്തില്‍ അവതരിച്ചതാണെന്നു കരുതാവുന്ന വിധം സദൃശമാണ് രണ്ടു സൂറകളുടെയും ഉളളടക്കം. പ്രവാചകന്റെ മക്കാ  ജീവിതത്തില്‍, സൂറ അദ്ദുഹാക്കു ശേഷം അവതരിച്ചതാണീ സൂറയെന്ന് ഹ. അബ്ദുല്ലാഹിബ്നു അബ്ബാസ്  പ്രസ്താവിച്ചിട്ടുണ്ട്. 
ഉള്ളടക്കം
റസൂല്‍(സ)തിരുമേനിയെ സമാശ്വസിപ്പിക്കുകയാണ് ഈ സൂറയുടെയും ആകസാരം. പ്രവാചകത്വലബ്ധിക്കുശേഷം ഇസ്ലാമിക പ്രബോധനമാരംഭിച്ചതോടെ അഭിമുഖീകരിക്കേണ്ടിവന്ന സ്ഥിതിഗതികളൊന്നും തിരുമേനിക്ക് പ്രവാചകത്വലബ്ധിക്കു മുമ്പുളള ജീവിതത്തില്‍ ഒരിക്കലും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടായിരുന്നില്ല. സ്വജീവിതത്തില്‍തന്നെ അതൊരു മഹാ വിപ്ളവമായിരുന്നു. അത്തരമൊരു മാറ്റത്തിന്റെ യാതൊരു സൂചനയും തിരുമേനിയുടെ പ്രവാചകത്വപൂര്‍വ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. നേരത്തേ അദ്ദേഹത്തെ ആദരവോടും സ്നേഹത്തോടും വീക്ഷിച്ചിരുന്ന അതേ സമൂഹം, അദ്ദേഹം ഇസ്ലാമിക പ്രബോധനം തുടങ്ങിയപ്പോള്‍ കാണെക്കാണെ വിരോധികളായി മാറി. നേരത്തേ അദ്ദേഹവുമായി കൈകോര്‍ത്തു നടന്ന ബന്ധുക്കളും കൂട്ടുകാരും ഗോത്രാംഗങ്ങളും നാട്ടുകാരുംതന്നെ ശകാരങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. മക്കയിലാര്‍ക്കും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് സഹ്യമായിരുന്നില്ല. വഴിയിലൂടെ കടന്നുപോകുമ്പോള്‍ അവരദ്ദേഹത്തെ ഭര്‍ത്സിക്കാന്‍ തുടങ്ങി. അടിക്കടി അദ്ദേഹത്തിനുമുമ്പില്‍ പ്രയാസങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചു. ക്രമേണ ഈ പരിതോവസ്ഥ, എന്നല്ല ഇതിനെക്കാള്‍ കഠിനമായ പരിതോവസ്ഥകള്‍ തരണംചെയ്യുന്നത് അദ്ദേഹത്തിന് ശീലമായിത്തീര്‍ന്നു. എങ്കിലും ആദ്യനാളുകളില്‍ തിരുമേനിക്ക് കടുത്ത മനഃക്ളേശമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തിരുമേനിയെ ആശ്വസിപ്പിച്ചു കൊണ്ടാണ് ആദ്യം സൂറ അദ്ദുഹായും പിന്നെ ഈ സൂറയും അവതരിച്ചത്. ഇതില്‍ അല്ലാഹു ആദ്യമായി അദ്ദേഹത്തോടു പറയുന്നു: നാം താങ്കള്‍ക്ക് മൂന്നു മഹാനുഗ്രഹങ്ങള്‍ അരുളിയിരിക്കുന്നു. അതുണ്ടായിരിക്കെ മനഃക്ളേശമനുഭവിക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന്: ഹൃദയവിസ്താരം എന്ന അനുഗ്രഹം. രണ്ട്: പ്രവാചകത്വത്തിനു മുമ്പ് താങ്കളുടെ മുതുകൊടിച്ചുകൊണ്ടിരുന്ന ആ ഭാരത്തില്‍നിന്നു മോചിപ്പിച്ചു എന്ന അനുഗ്രഹം. മൂന്ന്: സല്‍കീര്‍ത്തി. താങ്കളെക്കാളിരിക്കട്ടെ, താങ്കളോളമെങ്കിലും സല്‍കീര്‍ത്തി ഒരു കാലത്തും ഒരു ദൈവദാസന്നും ലഭിച്ചിട്ടില്ല. ഈ മൂന്നനുഗ്രഹങ്ങളുടെ താല്‍പര്യമെന്താണെന്നും അവ എത്രമാത്രം മഹത്തരങ്ങളാണെന്നും വ്യാഖ്യാനക്കുറിപ്പുകളില്‍ നാം വിശദീകരിക്കുന്നുണ്ട്. അനന്തരം, പ്രപഞ്ചനാഥന്‍ ദൈവദാസന്‍മാര്‍ക്കും പ്രവാചകന്നും(സ) ഉറപ്പു നല്‍കുന്നു: താങ്കള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ പീഡനകാലം അത്ര ദീര്‍ഘിച്ചതൊന്നുമല്ല. ഈ പ്രയാസങ്ങളോടൊപ്പംതന്നെ സരളതയുടെയും സൌകര്യത്തിന്റെയും ദശയും വരുന്നുണ്ട്. സൂറ അദ്ദുഹായില്‍, "പില്‍ക്കാലമാകുന്നു മുന്‍കാലത്തെക്കാള്‍ നിനക്ക് വിശിഷ്ടമായിട്ടുളളത്. അടുത്തുതന്നെ നിനക്ക് നല്‍കുന്നുണ്ട്; അപ്പോള്‍ നീ സന്തുഷ്ടനാകും`` എന്നു പ്രസ്താവിച്ചതും ഇക്കാര്യമാകുന്നു. അവസാനം തിരുമേനിയെ ഉപദേശിക്കുന്നു: താങ്കള്‍ക്ക് ഈ പ്രയാസങ്ങള്‍ തരണംചെയ്യാനുളള ശക്തി ലഭിക്കുക ഒരേയൊരു കാര്യത്തില്‍നിന്നാണ്. പ്രവര്‍ത്തനങ്ങളില്‍നിന്ന് വിരമിക്കുമ്പോള്‍ ആരാധനായത്നത്തിലും പരിശീലനത്തിലും ഏര്‍പ്പെടുകയും, മറ്റെല്ലാറ്റിനെയും അവഗണിച്ചുകൊണ്ട് സ്വന്തം നാഥനില്‍മാത്രം ആശയും പ്രതീക്ഷയുമര്‍പ്പിക്കുകയും ചെയ്യുക എന്നതാണത്. ഈ ഉപദേശംതന്നെയാണ് സൂറ അല്‍മുസ്സമ്മിലില്‍ ഒന്നു മുതല്‍ ഒമ്പത് വരെ സൂക്തങ്ങളില്‍ കൂടുതല്‍ വിശദമായി നല്‍കിയിട്ടുളളത്.
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
നിന്റെ ഹൃദയം നിനക്കു നാം വിശാലമാക്കിയില്ലേ?
2-നിന്റെ ഭാരം നിന്നില്‍ നിന്നിറക്കി വെച്ചില്ലേ?
3-നിന്റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം.
4-നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു.
5-അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.
6-നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം.
7-അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക.
8-നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക.