95 അത്തീന്‍

ആമുഖം
നാമം
പ്രഥമ പദമായ التِّين തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 
അവതരണകാലം
ഈ സൂറ മദീനയില്‍ അവതരിച്ചതാണെന്ന് ഖതാദഃ  പ്രസ്താവിച്ചിരിക്കുന്നു. ഇബ്നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കപ്പെട്ട രണ്ടു നിവേദനങ്ങളിലൊന്നില്‍ ഇത് മക്കയില്‍ അവതരിച്ചതാണെന്നും മറ്റേതില്‍ മദീനയില്‍ അവതരിച്ചതാണെന്നുമത്രേ പറയുന്നത്. എന്നാല്‍, ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ ഈ സൂറ മക്കിയാണെന്ന വീക്ഷണക്കാരാണ്. ഇതില്‍ മക്കാപട്ടണത്തെ هَـذا البَلَدِ الأَمِين (ഈ നിര്‍ഭയ നഗരം) എന്നു വിളിച്ചിട്ടുളളത് ഇത് മക്കീസൂറയാണെന്നുളളതിന്റെ സ്പഷ്ടമായ അടയാളമാകുന്നു. മദീനയിലാണ് ഇതവതരിച്ചതെങ്കില്‍ `ഈ പട്ടണം` എന്ന വാക്ക് അസ്ഥാനത്താകുമല്ലോ. കൂടാതെ, സൂറയുടെ ഉളളടക്കം പരിശോധിച്ചാല്‍ ഇത് മക്കയില്‍തന്നെ പ്രവാചകന്റെ ആദ്യനാളുകളിലവതരിച്ച സൂറകളില്‍ പെട്ടതാണെന്നും മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍, ഈ സൂറ അവതരിക്കുമ്പോള്‍ ഇസ്ലാമും കുഫ്റും തമ്മില്‍ സംഘട്ടനം തുടങ്ങിക്കഴിഞ്ഞതിന്റെ യാതൊരു ലക്ഷണവും ഇതില്‍ കാണപ്പെടുന്നില്ല. ആദ്യകാല മക്കീ സൂറകളുടെ ശൈലിയും സ്വഭാവവുമാണിതില്‍ കാണപ്പെടുന്നത്. അതായത്, പാരത്രിക രക്ഷാശിക്ഷകള്‍ അനിവാര്യവും തികച്ചും ബുദ്ധിപരവുമാണെന്ന് സംക്ഷിപ്തവും ഉളളില്‍തട്ടുന്നതുമായ ശൈലിയില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക. 
ഉള്ളടക്കം
രക്ഷാശിക്ഷകളുടെ സ്ഥിരീകരണമാണിതിന്റെ പ്രമേയം. അതിനുവേണ്ടി അഭിവന്ദ്യരായ പൂര്‍വ പ്രവാചകന്‍മാരുടെ ആഗമനസ്ഥാനങ്ങള്‍ പിടിച്ചാണയിട്ടു പറയുന്നു: അല്ലാഹു മനുഷ്യനെ വിശിഷ്ടമായ ഘടനയിലാണ് സൃഷ്ടിച്ചിട്ടുളളത്. ഈ യാഥാര്‍ഥ്യം ഖുര്‍ആന്‍ മറ്റിടങ്ങളില്‍ വേറെരീതിയിലും പറഞ്ഞിട്ടുളളതാണ്. ഉദാഹരണമായി, അല്‍ബഖറ 30-34, അല്‍അ്ന്‍ആം 125, അല്‍അഅറാഫ് 11, അല്‍ഹിജ്ര്‍ 27, 29, അന്നംല് 62, സ്വാദ് 71-73 സൂക്തങ്ങളില്‍ പറയുന്നു: ദൈവം മനുഷ്യനെ ഭൂമിയില്‍ അവന്റെ പ്രതിനിധിയായി സൃഷ്ടിച്ചു. മലക്കുകളോട് അവനെ പ്രണമിക്കാന്‍ കല്‍പിച്ചു. അല്‍അഹ്സാബ് 72-ാം സൂക്തത്തില്‍ പ്രസ്താവിക്കുന്നതിങ്ങനെയാണ്: `മനുഷ്യന്‍ ദൈവിക ബാധ്യതയുടെ വാഹകനാകുന്നു.ആ ബാധ്യത വഹിക്കാന്‍ ആകാശഭൂമികള്‍ക്കോ പര്‍വതങ്ങള്‍ക്കോ ത്രാണിയുണ്ടായില്ല. ബനീഇസ്റാഈല്‍ 70-ാം സൂക്തത്തില്‍ പറഞ്ഞു: `നാം മനുഷ്യനെ ആദരിച്ചിരിക്കുന്നു. നമ്മുടെ നിരവധി സൃഷ്ടികളെക്കാള്‍ അവനെ ശ്രേഷ്ഠനാക്കുകയും ചെയ്തു.` എന്നാല്‍, മനുഷ്യനെ വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചുവെന്നാണ് ഇവിടെ പ്രവാചകന്മാരുടെ ആഗമനസ്ഥാനങ്ങള്‍ പിടിച്ചാണയിട്ടുകൊണ്ടരുളുന്നത്. മറ്റു സൃഷ്ടികള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്തത്ര ഉന്നതമായ പ്രവാചകത്വ പദവിപോലുളള മഹാ ദൌത്യങ്ങളുടെ വാഹകരായ ആളുകള്‍ക്ക് ജന്‍മംനല്‍കാന്‍ പര്യാപ്തമായ വിശിഷ്ടമായ ഘടനയിലാണ് മനുഷ്യവര്‍ഗത്തെ നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന അര്‍ഥമാണ് അതുള്‍ക്കൊളളുന്നത്. മനുഷ്യരില്‍ രണ്ടു തരക്കാരുണ്ടെന്നാണ് തുടര്‍ന്നു പറയുന്നത്. ഒന്ന്: ഈ വിശിഷ്ട ഘടനയില്‍ ജന്മംകൊണ്ടശേഷം തിന്‍മയിലാകൃഷ്ടരാകുന്നവര്‍. അങ്ങനെ അവര്‍ അധര്‍മഗര്‍ത്തത്തിന്റെ ആഴത്തില്‍ ചെന്നു പതിക്കുന്നു. അതിനെക്കാളാഴത്തില്‍ മറ്റൊരു സൃഷ്ടിക്കും ചെന്നെത്താനാവില്ല. രണ്ട്: സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മത്തിന്റെയും സരണിയവലംബിച്ച് ആ പതനത്തില്‍നിന്ന് മുക്തരാകുന്നവര്‍. വിശിഷ്ടഘടനയില്‍ ജന്‍മംകൊണ്ടതിന്റെ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കുന്ന ഉന്നതസ്ഥാനത്ത് നിലകൊളളുന്നവരാണവര്‍. മര്‍ത്ത്യവര്‍ഗത്തില്‍ ഈ രണ്ടു തരക്കാരും കാണപ്പെടുന്നുവെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. മനുഷ്യസമൂഹത്തില്‍ ഏതു സ്ഥലത്തും സമയത്തും അത്തരക്കാരെ കണ്ടുവരുന്നു. ഒടുവില്‍, ഈ സംഭവയാഥാര്‍ഥ്യത്തെ ന്യായമായി ഉന്നയിച്ചുകൊണ്ട് ചോദിക്കുകയാണ്: മനുഷ്യരില്‍ തികച്ചും പരസ്പരവിരുദ്ധ സ്വഭാവത്തിലുളള ഈ രണ്ടു തരക്കാര്‍ കാണപ്പെടുന്നുണ്ടെങ്കില്‍ പിന്നെ കര്‍മഫലത്തെ നിഷേധിക്കാന്‍ കഴിയുന്നതെങ്ങനെ? പാപഗര്‍ത്തത്തില്‍ പതിച്ചുപോകുന്നവര്‍ക്ക് ശിക്ഷയും പുണ്യത്തിന്റെ ഉന്നതിയിലേക്കുല്‍ക്രമിക്കുന്നവര്‍ക്ക് രക്ഷയുമില്ലെങ്കില്‍, രണ്ടു കൂട്ടരുടെയും പരിണതി ഒരുപോലയാണെങ്കില്‍ ദൈവിക നടപടികളില്‍ യാതൊരു നീതിയുമില്ല എന്നല്ലേ അതിന്നര്‍ഥം? എന്നാലോ, വിധികര്‍ത്താവാകുന്നവന്‍ നീതിമാനാകണമെന്ന് മാനുഷിക പ്രകൃതിയും മനുഷ്യന്റെ സാമാന്യബുദ്ധിയും താല്‍പര്യപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ വിധികര്‍ത്താക്കളില്‍ ഏറ്റവും വലിയ വിധികര്‍ത്താവായ അല്ലാഹു നീതി ചെയ്യുകയില്ല എന്നു സങ്കല്‍പിക്കാന്‍ കഴിയുന്നതെങ്ങനെയാണ്?
സൂക്തങ്ങളുടെ ആശയം
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1-
അത്തിയും ഒലീവും സാക്ഷി.
2-സീനാമല സാക്ഷി.
3-നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി.
4-തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു.
5-പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി.
6-സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്.
7-എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്?
8-വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ?